Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു മനുഷ്യന്റെ വിധി

ഒരു മനുഷ്യന്റെ വിധി

ഷാജി ജേക്കബ്‌

റോമൻ കത്തോലിക്കാ സഭയുടെ കോതമംഗലം രൂപതക്കു കീഴിലുള്ള മൂന്നു കോളേജുകളിലെ മലയാളം അദ്ധ്യാപകതസ്തികയിലേക്കു നടന്ന നിയമന ഇന്റർവ്യൂവിൽ, ഉദ്യോഗാർഥിയായിരുന്ന തെങ്ങനാക്കുന്നേൽ ജോസഫ് ജോസഫിനോട്, കുമാരനാശാന്റെ ഏതെങ്കിലും ഒരു ശ്ലോകം ചൊല്ലി വ്യാഖ്യാനിക്കാൻ വിഷയവിദഗ്ദ്ധനായെത്തിയ അദ്ധ്യാപകൻ ആവശ്യപ്പെട്ടു. ജോസഫ് ചൊല്ലിയത് 'ലീല'യിലെ, '....അതിനിന്ദ്യമീ നരത്വം' എന്നവസാനിക്കുന്ന ശ്ലോകമായിരുന്നു. കാൽനൂറ്റാണ്ടു നീണ്ട ജോസഫിന്റെ അദ്ധ്യാപകജീവിതം നീണ്ട ഒരറംപറ്റലായിരുന്നോ? കാലം അങ്ങനെയാണ് നമ്മോടു പറയുന്നത്. കാരണം, അത്രമേൽ കിരാതവും ക്രൂരവുമായിരുന്നു തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകനായിരിക്കെ ജോസഫിനു നേരെ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ആക്രമണവും അതിനെക്കാൾ നികൃഷ്ടമായി കത്തോലിക്കാ സഭ അദ്ദേഹത്തോടു ചെയ്ത അനീതിയും. കേരളീയാധുനികതയെ ശീർഷാസനത്തിൽ നിർത്തിയ രക്തസ്‌നാതമായ അധ്യായങ്ങളിലൊന്ന്.

ചെയ്യാത്ത തെറ്റിന്റെ പേരിൽ സ്വന്തം ശരീരത്തിനും ആത്മാവിനും മേൽ ഇത്രയധികം പീഡനമേറ്റുവാങ്ങിയ മറ്റൊരു മനുഷ്യൻ നമ്മുടെ കാലത്തുണ്ടാവാനിടയില്ല. സ്വകാര്യ ദുഃഖവും സാമൂഹികാഘാതവും കൂടിക്കലർന്ന ഒരസാധാരണ വിധിയായിരുന്നല്ലോ ജോസഫ് മാഷിന്റേത്. ദൈവം, ഒരു നരജന്മത്തെയും അയാളുടെ കുടുംബത്തെയും ഒരായിരം നരകാനുഭവങ്ങളിലൂടെ കടത്തിവിട്ടതിന്റെ സമാനതകളില്ലാത്ത കഷ്ടചരിതമാണ് ജോസഫ് എഴുതിയ 'അറ്റുപോകാത്ത ഓർമകൾ'. സങ്കടങ്ങളുടെ വൻകടൽ വറ്റിച്ചെഴുതിയ വാക്കുകളുടെ ലാവണ്യം. ഒപ്പം തന്നെ കണ്ണീരിനിടയിലൂടെ പടർന്നുപരക്കുന്ന നർമത്തിന്റെ മഴവിൽക്കാവടി. ഈ പുസ്തകം വായിക്കൂ - നിങ്ങളുടെ നട്ടെല്ലിലൂടെ ഇടിമിന്നലുകൾ പായും. സ്ഥിതമെന്നു നിങ്ങളഹങ്കരിക്കുന്ന പ്രജ്ഞ പലവട്ടം നെടുകെ പിളരും. പ്രാണൻ നനവുപകരുന്ന തൊണ്ട വരളും. കണ്ണുനീർഗ്രന്ഥികൾ നിങ്ങൾക്കുണ്ടെങ്കിൽ അക്ഷരങ്ങൾ മായും. ജോസഫ് മാഷിന്റെ കാലത്ത് മനുഷ്യരായി നടിച്ചു ജീവിക്കേണ്ടിവന്നതിൽ നിങ്ങൾ ആത്മനിന്ദകൊണ്ടു പുളയും. കാരണം ഈ പുസ്തകവും ഈ മനുഷ്യനും നമ്മുടെ കാലത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ ചോദ്യമാണ് നമ്മോടുന്നയിക്കുന്നത് - മനുഷ്യരായി ജീവിക്കാൻ നമുക്കുള്ള അർഹതയെന്താണ് എന്ന ചോദ്യം.

കെ.വി. സുധീഷ്, കെ.ടി. ജയകൃഷ്ണൻ, ചേകന്നൂർ മൗലവി, സിസ്റ്റർ അഭയ, ടി.പി. ചന്ദ്രശേഖരൻ തുടങ്ങിയവരുടെ വധങ്ങൾപോലെയോ അതിലധികമോ കേരളീയ മനഃസാക്ഷിയെ സമൂലം തളർത്തിക്കളഞ്ഞ ക്രൂരതകളിലൊന്നാണ് ജോസഫിനുനേരെ നടന്ന ആക്രമണം. മുൻവൈരാഗ്യങ്ങളുടെയോ രാഷ്ട്രീയവെറിയുടെയോ വ്യവസ്ഥകളെ ചോദ്യം ചെയ്തതിന്റെയോ പേരിൽ നടന്ന അതിക്രൂരങ്ങളായ നരഹത്യകളായിരുന്നു ഇവയോരോന്നും. ഒരു കൊലപാതകത്തിൽ അവസാനിച്ചില്ല അവയൊന്നും. ജോസഫ് മാഷിന്റേതും സമാനമായ ഒരു ദുരന്തമാണ്. അക്രമികൾ പകുതി കൊന്ന ഒരു മനുഷ്യനെ നാലുവർഷം വിടാതെ പിന്തുടർന്ന് ഭരണകൂടവും സഹപ്രവർത്തകരും സ്വന്തം മതത്തിലെ പുരോഹിതരും കൊല്ലാക്കൊല ചെയ്തതിന്റെ പേക്കഥയാണ് ജോസഫ് മാഷിന്റെ ജീവിതം ബാക്കിവയ്ക്കുന്നത്. പൂർവമാതൃകകളില്ലാത്ത ക്ഷുദ്രതകളിലേക്ക് സ്വയം താണുചെന്ന് മലയാളിസമൂഹം ജോസഫിനെ വേട്ടയാടി. മരണം മുന്നിൽക്കണ്ടു കിടക്കുമ്പോൾ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിൽനിന്ന് മനോരമ ന്യൂസിനു നൽകിയ ഒരഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു: 'ഞാൻ ഒരു ചോദ്യമാണ്'. ഉത്തരം പറയാൻ മലയാളിക്ക് ഇന്നോളം കഴിയാത്ത ചോദ്യം. സംശയം വേണ്ട, 'അറ്റുപോകാത്ത ഓർമകൾ' വായിച്ചാൽ മലയാളി, മനുഷ്യർ എന്ന നിലയിലുള്ള തങ്ങളുടെ അസ്തിത്വത്തിന്റെ അർഥഭാണ്ഡങ്ങൾ എത്ര കനം കുറഞ്ഞതാണെന്നോർത്ത് തലകുനിക്കും.

രണ്ടു ഭാഗമുണ്ട് ഈ പുസ്തകത്തിന്. ഒന്നാം ഭാഗം നാലുവർഷം നീണ്ടുനിന്ന (2010 മാർച്ച് 19 മുതൽ 2014 മാർച്ച് 19 വരെ) സംഭവപരമ്പര സൃഷ്ടിച്ചുനൽകിയ കഷ്ടാനുഭവങ്ങളുടെ പൊള്ളിക്കുന്ന ആവിഷ്‌ക്കാരമാണ്. രണ്ടാം ഭാഗം അതിനുമുൻപും പിൻപുമുള്ള കാലത്ത് ജീവിതം തനിക്കെന്തായിരുന്നുവെന്നതിന്റെ അതീവ ഹൃദ്യമായ ചില ആഖ്യാനങ്ങളും.

ടി.ജെ. ജോസഫിന്റെ കഥ മലയാളിക്കു പരിചയപ്പെടുത്തേണ്ടതില്ല. അറിഞ്ഞോ അറിയാതെയോ യാതൊരു തെറ്റും ചെയ്യാത്ത ഒരു മനുഷ്യൻ ഇസ്ലാമിക, ക്രിസ്ത്യൻ മതതീവ്രവാദികളുടെയും ഭരണകൂടത്തിന്റെയും മാധ്യമങ്ങളുടെയും കൂട്ടവേട്ടക്കിരയായ, അവിശ്വസനീയമായ ഒരു അസംബന്ധനാടകത്തിന്റെ രംഗപാഠത്തിനാണ് നാലുവർഷക്കാലം കേരളം നിർലജ്ജം സാക്ഷ്യം വഹിച്ചത്. നരകാനുഭവങ്ങളുടെ ആ നാലുവർഷങ്ങളെ പിന്നെയും ആറുവർഷങ്ങൾക്കുശേഷം ജോസഫ് തന്റെ അറ്റുപോയ ജീവിതത്തിന്റെ കബന്ധംപോലെ മലയാളിക്കുമുന്നിൽ വാക്കുകളിൽ പകർത്തിവയ്ക്കുന്നു. ചോരയിറ്റുന്ന ഓർമകൾ. കണ്ണീരുറഞ്ഞ കഥകൾ. കരുണക്കുവേണ്ടി പിടഞ്ഞ സന്ദർഭങ്ങൾ. പ്രാണഭയം പേപ്പട്ടിയെപ്പോലെ പലായനം ചെയ്യിച്ച നാളുകൾ. അനുഭവിച്ചതിനെക്കാൾ വലിയ ദുരിതങ്ങളും ആകുലതകളും വരാനിരിക്കുന്നതേയുള്ളു എന്നു തിരിച്ചറിയുന്ന മനുഷ്യന്റെ തീക്കനൽപാച്ചിലുകൾ. കയ്യാഫാസിന്റെ കാട്ടുനീതി ജോസഫിന്റെ അറ്റുപോയ കൈപ്പത്തിയും പ്രിയ പത്‌നി സലോമിയുടെ തൂങ്ങിയാടുന്ന ജഡവും കേരളീയ മാനവികതക്കുമേൽ എക്കാലത്തേക്കുമായി ചാർത്തിയിട്ടതിന്റെ നാൾവഴി ചരിത്രം.

2010 മാർച്ച് മാസത്തിലായിരുന്നു തൊടുപുഴ ന്യൂമാൻ കോളേജിലെ രണ്ടാം സെമസ്റ്റർ ബി.കോം വിദ്യാർത്ഥികളുടെ ഇന്റേണൽ പരീക്ഷക്ക്, ജോസഫും സഹപ്രവർത്തകനും ചേർന്നു തയ്യാറാക്കിയ ചോദ്യപേപ്പറിൽ, സർവകലാശാല നിർദ്ദേശിച്ചിട്ടുള്ള പുസ്തകത്തിൽ നിന്നൊരു ഭാഗം മുൻനിർത്തിയുണ്ടാക്കിയ ഒരു ചോദ്യം 'പ്രവാചകനെ' നിന്ദിക്കുന്നതാണെന്നു ചിത്രീകരിക്കപ്പെട്ടതും വിവാദമായതും. മതഭീകരവാദികളുടെ കൊലവിളി കേരളത്തെ വെറുങ്ങലിപ്പിച്ചു. ലോകമെങ്ങും വളർന്നുകൊണ്ടിരുന്ന ഇസ്ലാമോഫോബിയയുടെ പശ്ചാത്തലത്തിൽ ഏറ്റവും പ്രകോപനപരവും സ്‌ഫോടനാത്മകവുമായ വർഗീയസംഘർഷത്തിനു രൂപം കൊടുക്കാൻ കഴിയുന്നതായിരുന്നു, 'പ്രവാചകനിന്ദ' എന്ന പ്രയോഗം. പക്വതയോ വിവേകമോ അക്കാദമികമായ ആത്മവിശ്വാസമോ സാമാന്യബുദ്ധിപോലുമോ ഇല്ലാതെ പ്രശ്‌നം കൈകാര്യം ചെയ്ത് വഷളാക്കിയ കോളേജ് മാനേജ്‌മെന്റ് തീവ്രവാദികളുടെ അജണ്ടയിൽ എണ്ണപകർന്നു. ഭരണകൂടം തരംപോലെ മതമൗലികവാദികൾക്കു കുട പിടിച്ചു. ഒറ്റദിവസംകൊണ്ടുതന്നെ സംഭവങ്ങൾ കൈവിട്ടുപോയി. പൊലീസിന്റെ അറസ്റ്റും മതാന്ധരുടെ ആക്രമണവും ഭയന്ന് ജോസഫ് നാടുവിട്ടു. ഭയത്തിന്റെ നിഴലിലും പലായനങ്ങളുടെ നിസ്സഹായതയിലും അസാധാരണമായ ആത്മസ്ഥൈര്യമുണ്ടായിരുന്നു, ജോസഫിന്. ഈ ഭാഗം വായിക്കുക:

'ടി.വി.യിൽ വാർത്തകൾ തുടർന്നുകൊണ്ടിരിക്കുന്നു. എന്നാൽ ഇപ്പോഴുള്ളത് എനിക്ക് അപ്രധാനവാർത്ത ആയിരുന്നില്ല. എന്റെ ഫോട്ടോ സ്‌ക്രീനിൽ നിറഞ്ഞുനിൽക്കുന്നു.

ചോദ്യപേപ്പർ വിവാദവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ തൊടുപുഴ ന്യൂമാൻ കോളേജ് മലയാളം വകുപ്പുമേധാവി പ്രൊഫസർ ടി.ജെ. ജോസഫിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

ആ വാർത്ത എന്നെ അക്ഷരാർത്ഥത്തിൽ നടുക്കി. എന്റെ ഫോട്ടോ ഒരിക്കലും മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. മതമൗലികവാദികൾ എന്നെ തിരിച്ചറിഞ്ഞാൽ അത് എന്റെ ജീവനുതന്നെ അപകടമാണെന്ന് മറ്റാരേക്കാൾ കൂടുതലായി പൊലീസ് ഡിപ്പാർട്ട്‌മെന്റിന് അറിവുള്ളതാണ്. എന്നിട്ടും അവരെന്തേ ഇങ്ങനെ ചെയ്തു? കൊച്ചി പൊലീസ് കമ്മീഷണർ മനോജ് എബ്രഹാമിന്റെ പേരിലാണ് ലുക്കൗട്ട് നോട്ടീസ്. ഐ.പി.എസ്. കിട്ടിയിട്ടുള്ള ആളല്ലേ അദ്ദേഹം. കോമൺസെൻസ് എന്തേ ഇല്ലാതെപോയത്?

പെട്ടെന്നുതന്നെ എനിക്കു കാര്യങ്ങളുടെ പൊരുൾ വെളിപ്പെട്ടു കിട്ടി. സത്യമറിയാതെ എനിക്കെതിരെ നിൽക്കുന്ന, എന്റെ രക്തത്തിനുവേണ്ടി മുറവിളികൂട്ടുന്ന ഒരു ജനക്കൂട്ടമുണ്ട്. അപരിഷ്‌കൃതമായ ഒരു ജനാധിപത്യവ്യവസ്ഥിയിൽ ജനക്കൂട്ടത്തിന്റെ താത്പര്യത്തിനാണ് മറ്റെന്തിനെക്കാൾ മുൻതൂക്കം. ആ താത്പര്യം അജ്ഞാനജന്യവും സത്യവിരുദ്ധവും അധാർമികവും ആണെങ്കിൽപോലും. കാരണം, ജനക്കൂട്ടങ്ങൾ വോട്ടുബാങ്കുകളാണ്. അവയാണ് അധികാരക്കസേരയുടെ മൂടുതാങ്ങികൾ.

ഒരു ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്താൻ ഒരു നിരപരാധിയെ കൊലയ്ക്കുകൊടുക്കുന്നത് നല്ലതാണെന്നുപറഞ്ഞ ബൈബിളിലെ പ്രധാന പുരോഹിതൻ കയ്യാഫാസിനെ ഞാൻ ഓർത്തു. ആ കാട്ടുനീതിതന്നെയാണ് എന്റെ കാര്യത്തിൽ ഭരണാധികാരികളും അവരുടെ ചൊൽപ്പടിക്കാരായ പൊലീസ് ഉദ്യോഗസ്ഥരും സ്വീകരിച്ചിരിക്കുന്നത്. അവർക്ക് എന്നെ ജീവനോടെ കിട്ടണമെന്ന് യാതൊരു നിർബന്ധവുമില്ല. ശവമായിട്ടാണെങ്കിൽ വളരെ നല്ലത്. അതോടെ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമാകും.

എന്റെ മരണവാർത്ത ഞാൻ സങ്കല്പനം ചെയ്തു. എവിടെയോ കിടക്കുന്ന ജഡം കണ്ട് ആരോ പൊലീസിൽ അറിയിക്കുന്നു. 'ഹാവൂ...' ആളെ കിട്ടി. പൊലീസ് ഡിപ്പാർട്ട്‌മെന്റിന് സമാധാനമായി. അവർ ഉടനെ വാർത്ത കൊടുക്കുന്നു. പത്രക്കാർക്കും ചാനലുകാർക്കും അതൊരു ചാകരയാണ്. 'ആത്മഹത്യയോ കൊലപാതകമോ?' ചർച്ചകൾ പൊടിപൊടിക്കുന്നു. അനുമാനങ്ങളുടെയും അസത്യങ്ങളുടെയും ഒരു അണക്കെട്ട് പൊട്ടിയൊഴുകുകയായി.

മറ്റൊരു സീൻ.

അലമുറയിടുന്ന ഭാര്യ. കരച്ചിലടക്കാൻ കഴിയാത്ത മക്കൾ. വിങ്ങിപ്പൊട്ടുന്ന ബന്ധുമിത്രാദികൾ. സങ്കടപ്പെടുന്ന ശിഷ്യർ. നിസ്സംഗത ബാധിച്ച ബഹുഭൂരിപക്ഷം. ഉള്ളാലെ സന്തോഷിക്കുന്നവർ. സന്തോഷം പങ്കുവെക്കുന്നവർ.

പിന്നീടെല്ലാം ശാന്തമാകും.

ദിവസങ്ങൾ കഴിയുമ്പോൾ ഭാര്യയും മക്കളും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരും. ലോകസ്വഭാവം അതാണ്.

അവരെങ്ങനെ ജീവിക്കും? ഏകവരുമാനമാർഗ്ഗം എന്റെ ശമ്പളമായിരുന്നില്ലേ?

അതോർത്തു വിഷമിക്കേണ്ട. ഞാൻ മരിച്ചാൽ അവർക്ക് ഫാമിലി പെൻഷൻ കിട്ടും. സസ്‌പെൻഷനിലാണെന്നതൊന്നും ഫാമിലി പെൻഷന് ബാധകമല്ല. കെ.എസ്.ആർ. ഞാനും വായിച്ചിട്ടുണ്ട്. സസ്‌പെൻഷനിലിരിക്കെ മരണപ്പെട്ടാൽ സസ്‌പെൻഷൻകാലം ഡ്യൂട്ടിയായി പരിഗണിക്കണമെന്നാണ് ചട്ടം. ഞാൻ മരിക്കുന്നതുതന്നെയല്ലേ ഭാര്യയ്ക്കും മക്കൾക്കും നല്ലത്?

ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച സ്ഥിതിക്ക് വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷൻ തുടങ്ങിയ പൊതുസ്ഥലങ്ങളിലൊക്കെ എന്റെ ഫോട്ടോ പതിക്കും. അതിനാൽ ഒളിജീവിതം ഇനി എളുപ്പമല്ല. ഏതുസമയത്തും മതഭ്രാന്തരാൽ ഞാൻ കൊല്ലപ്പെടാം. അങ്ങനെ സംഭവിച്ചാൽ എല്ലാം ശുഭം.

മതഭ്രാന്തരേക്കാൾ മുമ്പ് പൊലീസെത്തിയാലോ? അറസ്റ്റ്, ലോക്കപ്പ്, തെളിവെടുപ്പ്, കോടതി, ജയിൽ ഇതൊന്നും എനിക്ക് പ്രശ്‌നമല്ല. എന്തിനെയും നേരിടാനുള്ള ധൈര്യമെനിക്കുണ്ട്. ഇല്ലെങ്കിൽ ഉണ്ടായിക്കൊള്ളും. മനുഷ്യനന്മയ്ക്കായി യത്‌നിച്ച നല്ല മനുഷ്യർ ഏറ്റിട്ടുള്ള കൊടും യാതനകളുടെ എത്രയോ കഥകൾ എനിക്കറിവുള്ളതാണ്.

പക്ഷേ, പീഡാനുഭവങ്ങൾക്കൊടുവിൽ കോടതി എന്നെ ശിക്ഷിച്ചാലോ? ജോലി പോകും. പെൻഷനും ഉണ്ടാവില്ല.

അപ്പോൾ എന്റെ മരണമല്ലേ കുടുംബത്തിന്റെ സുരക്ഷ.

മരിച്ചാലോ? അതല്ലേ ബുദ്ധി?

തലയ്ക്കുമീതെ കറങ്ങുന്ന ഫാനിലേക്ക് ഞാൻ നോക്കി.

ഞാൻ മരിച്ചാൽ എന്റെ ഉദ്ദേശ്യശുദ്ധി എന്റെ ഭാര്യ മനസ്സിലാക്കുമോ?

മക്കൾ മനസ്സിലാക്കുമോ?

അച്ഛാ.... അച്ഛനെ ഞങ്ങൾ ഇങ്ങനെയല്ല കരുതിയിരുന്നത്. എന്തൊരു ഭീരുത്വം? നാണക്കേട്!

ജീവിതകാലം മുഴുവൻ ആ സങ്കടം അവരെ വിട്ടൊഴിയുമോ? ഫാമിലി പെൻഷനോ മറ്റ് ആനുകൂല്യങ്ങൾക്കോ ആ കളങ്കത്തെ തുടച്ചുനീക്കാനാവുമോ?

താൻ പഠിപ്പിച്ച ആയിരക്കണക്കിനു വിദ്യാർത്ഥികൾ എന്നെക്കുറിച്ച് എന്തു വിചാരിക്കും?

ജീവിതമെന്ന കളിക്കളത്തിൽ എതിരാളികളുടെ മുമ്പിൽ പതറാതെ ഒരു സ്പോർട്സ്മാൻ സ്പിരിറ്റോടെ മുന്നേറാനാണ് പ്രത്യക്ഷമായും പരോക്ഷമായും ഞാൻ അവർക്ക് പറഞ്ഞുകൊടുത്തിട്ടുള്ളത്.

ആ ഞാൻ.... ഛെ! ലജ്ജാകരം.

അല്ലെങ്കിൽ പിന്തിരിഞ്ഞോടാൻ മാത്രം എന്തു തെറ്റാണ് താൻ ചെയ്തത്?

ബുദ്ധിയുടെ അപാരതകളിലേക്ക് വളരാതെ വിശ്വാസത്തിന്റെ ഇരുളിലേക്ക് ചുരുങ്ങിപ്പോയ കുറെ മന്ദബുദ്ധികൾ ഒത്തുകൂടി ബഹളംവെച്ചു. മലയാളം അറിഞ്ഞുകൂടാത്ത ഇതരസംസ്ഥാനക്കാരനായ ജില്ലാകലക്ടർ എനിക്കെതിരെ കേസെടുക്കാൻ ഉടനെ കല്പിച്ചു. വിവേചനാധികാരവും വിവേകവുമില്ലാത്ത പൊലീസ് ഉദ്യോഗസ്ഥർ എനിക്കെതിരെ കേസെടുത്തു. എന്നെ കൊലയ്ക്കുകൊടുക്കാൻ ഇപ്പോൾ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരിക്കുന്നു.

ജനാധിപത്യരീതി വികാസം പ്രാപിച്ച ഏതെങ്കിലും ഒരു രാജ്യത്ത് ഇങ്ങനെ വല്ലതും നടക്കുമോ?

ഇരുപത്തിയഞ്ചു വർഷം അദ്ധ്യാപനപരിചയമുള്ള വകുപ്പുമേധാവിയായ ഞാൻ എന്റെ കുട്ടികൾക്കു നല്കിയ ഒരു ചോദ്യത്തിൽ പിശകുവന്നിട്ടുണ്ടോ എന്ന് ഭാഷയും സാഹിത്യവും കൈകാര്യം ചെയ്യുന്ന എന്നേക്കാൾ പണ്ഡിതനായ ഒരാളുടെ അഭിപ്രായം ഔദ്യോഗികമായി തേടിയതിനുശേഷം വേണ്ടായിരുന്നോ എന്നെപ്പോലെയുള്ള ഒരു പ്രൊഫസറുടെ മേൽ നിയമനടപടികളെടുക്കാൻ?

എന്തൊരു നീതിന്യായ വ്യവസ്ഥ?

എന്തൊരു നടത്തിപ്പ്?

തിന്മയുടെ ശക്തികളും അവർക്ക് ഒത്താശ പാടുന്ന വിഡ്ഢികളും എന്റെ വഴിയിൽ ദുരിതങ്ങളുടെ മുള്ളുകൾ എത്രയെങ്കിലും വിതറട്ടെ. അവയെല്ലാം ഞാൻ ചവിട്ടിക്കടന്നുപോകും; അതെത്ര വേദനാജനകമാണെങ്കിലും'.

പലയിടങ്ങളിലായി ഒളിവിൽ കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് അദ്ദേഹത്തിന്റെ കൗമാരക്കാരനായ മകനെ ക്രൂരമർദ്ദനത്തിനിരയാക്കി. പൊലീസും മാധ്യമങ്ങളും മതതീവ്രവാദികളും മൂന്നുവഴിക്കു വേട്ടക്കിറങ്ങിയതോടെ ജീവിതം തലകീഴ് മറിഞ്ഞ ജോസഫ് പൊലീസിനു കീഴടങ്ങി ജയിലിലായി. മാനേജ്‌മെന്റ് ജോസഫിനെ മുൻപുതന്നെ ജോലിയിൽനിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.

വിവാദവും പൊലീസ്‌നായാട്ടും ജയിൽവാസവും കഴിഞ്ഞ് പുറത്തുവന്ന ജോസഫിനെ കാത്തിരുന്നത് പോപ്പുലർ ഫ്രണ്ടിന്റെ വധഭീഷണിയായിരുന്നു. നാലുതവണ വീട്ടിലെത്തിയ അക്രമിസംഘത്തിൽ നിന്ന് തലനാരിഴക്കു രക്ഷപ്പെട്ടുവെങ്കിലും ജൂലൈ നാല് ഞായറാഴ്ച അവർ ജോസഫിനുമേൽ തങ്ങളുടെ വിധി നടപ്പാക്കി. ദേഹമാസകലം വെട്ടിപ്പരിക്കേല്പിച്ചശേഷം അവർ മഴുകൊണ്ട് അദ്ദേഹത്തിന്റെ വലതുകൈപ്പത്തി വെട്ടിമാറ്റി. രാഷ്ട്രീയ അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും നിഷ്ഠൂരത മതഭീകരവാദികൾ ഏറ്റെടുത്തതിന്റെ കരാളതകണ്ട് കേരളം നടുങ്ങി. ഒന്നരമാസത്തോളം മരണവുമായി മല്ലടിച്ച് ജീവിതത്തിലേക്കു തിരിച്ചുവന്ന ജോസഫിനെ കത്തോലിക്കാസഭ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. വെള്ളയടിച്ച കുഴിമാടങ്ങളിൽനിന്ന് കല്ലറ പൊളിച്ചു പുറത്തുവന്ന പുരോഹിതന്മാർ ജോസഫിന്റെ ശിഥിലമായ ഉടലിനും വ്രണിതമായ ആത്മാവിനും മേൽ കിരാതനൃത്തം ചവിട്ടി. ക്രിസ്തുവിന്റെ രക്തം കുടിച്ചു ചീർത്ത പരീശന്മാർ നുണക്കഥകളെഴുതി 'ഇടയലേഖന'ങ്ങളെന്നു പേരിട്ട് പള്ളികളിൽ വായിച്ചു.

അക്കാലം വരെയുള്ള തന്റെ ജീവിതകഥ വിവരിച്ചുകൊണ്ട് അറ്റുപോകാത്ത ഓർമകളിൽ ജോസഫ് ഇങ്ങനെയെഴുതുന്നു:

'ഞാൻ റോമൻ കത്തോലിക്കസഭാംഗവും കോതമംഗലം രൂപതയിൽപ്പെട്ട ആളുമാണ്. ഞാൻ ജോലി ചെയ്തിരുന്ന ന്യൂമാൻ കോളേജിന്റെ മാനേജ്‌മെന്റ് കോതമംഗലം രൂപതയാണ്. രൂപതാംഗമായ ഞാനും മാനേജ്‌മെന്റിന്റെ ഭാഗമാണ്. അതിനാൽത്തന്നെ ഞാൻ ജോലി ചെയ്യുന്ന ന്യൂമാൻ കോളജ് എന്റേതുകൂടിയാണ്. കോളജിനോ കോളജ് മാനേജ്‌മെന്റിനോ എതിരായി എന്തെങ്കിലും ചെയ്യുക എന്നത് എനിക്കെതിരായി പ്രവർത്തിക്കുന്നതിന് തുല്യമാണെന്ന് വിശ്വസിച്ചുപോരുന്ന ആളാണു ഞാൻ. എന്നിരിക്കേ കുറ്റാരോപണത്താൽ നിന്ദിതനും ഭീകരാക്രമണത്താൽ അംഗപരിമിതനുമായ എന്നോട് സഭാധികാരികൾ യുദ്ധസമാനം പൊരുതുന്നത് എന്തിനാണ്? ആരെ തൃപ്തിപ്പെടുത്താനാണ്? എന്നോട് ഞാനും മറ്റുപലരും പലവട്ടം ചോദിച്ചിട്ടുള്ള ചോദ്യമാണിത്. അതിനുള്ള ഉത്തരം അക്കാലത്ത് കേരളാ പൊലീസിന്റെ നേതൃത്വനിരയിലെ രണ്ടാമനും രഹസ്യാന്വേഷണ വിഭാഗം തലവനുമായിരുന്ന എഡിജിപി ഡോ. സിബി മാത്യൂസ് ഐ.പി.എസ്. തന്റെ ആത്മകഥയിൽ കുറിച്ചുവെച്ചിട്ടുണ്ട്. ചോദ്യപേപ്പർ വിവാദവും അനന്തര സംഭവങ്ങളും രഹസ്യാന്വേഷണ വിഭാഗം തലവൻ എന്ന നിലയിൽ അദ്ദേഹം സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കിയിരുന്നു. ഡോ. സിബി മാത്യൂസ് തികഞ്ഞ ക്രൈസ്തവ വിശ്വാസിയും മതനേതൃത്വവുമായി നല്ല ബന്ധമുണ്ടായിരുന്ന ആളുമായിരുന്നുവെന്നത് പ്രത്യേകം പ്രസ്താവ്യമാണ്. 'നിർഭയം' എന്നു പേരിട്ടിരിക്കുന്ന ആത്മകഥയിൽ അദ്ദേഹത്തിന്റെ വെളിപ്പെടുത്തലിന്റെ പ്രസക്തഭാഗം ഇങ്ങനെയാണ്.

'ന്യൂമാൻ കോളജ് ഇതിന്റെ പേരിൽ അദ്ദേഹത്തിന് ആദ്യം സസ്‌പെൻഷനും പിന്നീട് പിരിച്ചുവിടൽ നോട്ടീസും നല്കി. മുസ്ലിം സമുദായത്തെ പ്രീണിപ്പിക്കാൻ കോതമംഗലം ബിഷപ്പ് അടക്കം കോളജ് മാനേജ്‌മെന്റ് പ്രതികാരബുദ്ധിയോടെയാണ് നടപടികൾ സ്വീകരിച്ചത്. റോമൻ കത്തോലിക്ക സഭയിലെ അംഗവും ഒരു കന്യാസ്ത്രീയുടെ സഹോദരനുമായ പ്രൊഫസർ ജോസഫിനോട് അത്രയേറെ കഠിനമായ ശിക്ഷാനടപടികൾ വേണ്ടിയിരുന്നില്ല. ക്രൈസ്തവസമൂഹവും ഒറ്റപ്പെടുത്തുകയാണെന്ന് മനസ്സിലാക്കിയ തീവ്രമതചിന്തയുള്ള ചില ചെറുപ്പക്കാർ ഇസ്ലാമിക മതനിയമം അനുശാസിക്കുന്ന രീതിയിൽ വലതുകൈ വെട്ടിമാറ്റി'.

നിർഭയമുള്ള ആ സാക്ഷ്യപ്പെടുത്തലിന്റെ പൊരുൾ ചെറുതായൊന്ന് വിശദീകരിക്കാൻ മാത്രമാണ് ഞാൻ ശ്രമിക്കുന്നത്.

2010 മാർച്ച് 26-ന് തൊടുപുഴയിൽ വർഗ്ഗീയവാദികൾ കലാപമുണ്ടാക്കുമ്പോഴാണ് എന്നെ തള്ളിപ്പറയാൻ സഭാധികാരികളും കോളജ് അധികൃതരും തീരുമാനമെടുത്തത്. അന്നുതൊട്ട് എന്നെ കുറ്റപ്പെടുത്തിക്കൊണ്ടല്ലാതെ അവരിലാരും സംസാരിച്ചിട്ടില്ല.

എന്നെ ആക്രമിച്ചവർ അതിനുള്ള ഗൂഢാലോചന 2010 മാർച്ച് 28-ന് ആരംഭിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ഒരുക്കങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കെ അവർ കോതമംഗലം അരമനയിലേക്ക് ഇടയ്ക്കിടെ വിളിച്ചുകൊണ്ടിരുന്നു. സഭാധികാരികൾക്ക് എന്നോടുള്ള നിലപാട് കൃത്യമായി മനസ്സിലാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. നിങ്ങൾ എന്തു ചെയ്യും എന്ന ചോദ്യത്തിനുള്ള മറുപടി മാത്രമല്ല; ഞങ്ങളെന്തെങ്കിലും ചെയ്താൽ നിങ്ങളുടെ നിലപാടെന്തായിരിക്കും എന്ന ചോദ്യത്തിനും അവർ ഉത്തരം തേടി.

അത്തരം ഫോൺ സംഭാഷണങ്ങളെക്കുറിച്ച് 05-05-2010-ൽ മെമോയുടെ മറുപടിയുമായി അരമനയിൽ ചെന്ന എന്നോട് മാനേജർ മോൺതോമസ് മലേക്കുടി പറഞ്ഞിട്ടുള്ളതാണ്.

മതാന്ധരാണെങ്കിലും തീവ്രവാദക്കാർക്കും ബുദ്ധിയുണ്ടല്ലോ. അവർ സൂത്രത്തിൽ സഭയുടെയും മാനേജ്‌മെന്റിന്റെയും എന്നോടുള്ള നിഷേധനിലപാട് മനസ്സിലാക്കി. എന്നെ തള്ളിപ്പറയാതെ സഭാംഗമെന്ന നിലയിൽ സംരക്ഷിക്കുമെന്ന് അധികാരികൾ പറഞ്ഞിരുന്നുവെങ്കിൽ എന്നെ ആക്രമിക്കുവാൻ അവർ ഒരിക്കലും ധൈര്യപ്പെടില്ലായിരുന്നു. എന്നെ ആക്രമിക്കുന്നതിനുള്ള മൗനാനുവാദം സഭാധികാരികളിൽനിന്ന് കിട്ടിയതിനു ശേഷമാണ് ആക്രമണകാരികൾ തങ്ങളുടെ പദ്ധതി ഊർജ്ജസ്വലമാക്കിയത്.

ആ നാളുകളിൽ അരമനയിൽ ചെല്ലുന്ന എന്നോട് ബിഷപ്പും മാനേജരകും സൗഹൃദം ഭാവിച്ചതുകൊല്ലപ്പെടാൻ പോകുന്നവനോടുള്ള പരിഗണന വച്ചായിരുന്നുവെന്ന പരമാർത്ഥം വൈകിയാണെങ്കിലും ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു.

എന്നെ സസ്‌പെന്റ് ചെയ്തത് 2010 മാർച്ച് 26-നാണ്. മൂന്നുമാസത്തിനുള്ളിൽ നടപടികൾ പൂർത്തീകരിച്ച് തീർപ്പാക്കണമെന്നാണ് സർവ്വകലാശാലാനിയമം. അതിൻപടിയാണ് ജൂൺ 15-നു മുമ്പ് റിപ്പോർട്ട് സമർപ്പിക്കണമെന്ന നിർദ്ദേശത്തോടെ മാനേജർ എൻക്വയറി ഓഫീസറെ നിയമിച്ചത്. എൻക്വയറി ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും മാനേജർ നടപടിയെടുക്കാൻ അമാന്തിച്ചു. കാരണം, എന്റെ നേരേയുണ്ടാകാൻ പോകുന്ന ആക്രമണം അവർ ഉറപ്പിച്ചിരുന്നു. ജൂലൈ 1-ന് ഇടവകവികാരി എന്നെ കാണാൻ വന്നത് എന്റെ നേരേ 'ഫത്‌വ' ഉണ്ടെന്ന് അറിവുകിട്ടിയതുകൊണ്ടാണല്ലോ. ഇന്നല്ലെങ്കിൽ നാളെ കൊല്ലപ്പെടാൻ പോകുന്നവനെ ജോലിയിൽനിന്ന് പിരിച്ചുവിട്ട് വെറുതെ പഴി കേൾക്കുന്നത് എന്തിനാണ്? അച്ചടക്കനടപടികളിൽ മൂന്നുമാസത്തിനകം തീർപ്പുകല്പിക്കണം എന്ന യൂണിവേഴ്‌സിറ്റി ചട്ടത്തെ മറികടന്ന് അവർ കാത്തിരുന്നു.

ആക്രമണം വൈകി മാനേജരും മറ്റും അക്ഷമരായിട്ടിരിക്കുമ്പോഴാണ് ജൂലൈ 4-ന് ആ 'സദ്‌വാർത്ത' അവരുടെ കാതിലെത്തുന്നത്. 'അവർ പണി പറ്റിച്ചു' എന്നു വിചാരിച്ച് ഉടൻതന്നെ മാനേജർ മോൺ. തോമസ് മലേക്കുടി, മോൺ. ഫാൻസിസ് ആലപ്പാട്ട്, ഫാ. ജോസഫ് കോയിത്താനത്ത്, ഫാ. കുര്യാക്കോസ് കൊടകല്ലിൽ എന്നിവർ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പൊലീസ് മേധാവികളുമായി ചർച്ച നടത്തി. വീട്ടിലെത്തി എന്റെ അമ്മയെയും കുടുംബങ്ങളെയും ആശ്വസിപ്പിച്ചു.

അധികം വൈകാതെ ബിഷപ് മാർ ജോർജ്ജ് പുന്നക്കോട്ടിൽ ഭവനസന്ദർശനം നടത്തുമെന്ന് ഇടവകവികാരി ഫാ. ജോർജ്ജ് പൊട്ടയ്ക്കൽ എന്റെ കുടുംബാംഗങ്ങളെ അറിയിച്ചു.

ഞാൻ മരിച്ചിട്ടില്ലെന്നു സൂചന കിട്ടിയതിനാലാവാം ബിഷപ് തന്റെ ഉദ്യമം പിന്നീട് വേണ്ടെന്നുവെച്ചു.

ആക്രമണത്തെ മുസ്ലിം സംഘടനകൾപോലും അപലപിച്ചു. എന്നാൽ സഭാധികാരികൾ മൗനം ഭജിച്ചു. തൊട്ടടുത്ത ദിവസം മൂവാറ്റുപുഴ നിർമ്മല കോളജിൽ നടന്ന പൂർവ്വവിദ്യാർത്ഥി സംഘടനാ ഭാരവാഹികളുടെ കമ്മറ്റിയോഗത്തിൽ ആക്രമണത്തിൽ പ്രതിഷേധിക്കേണ്ടതിന്റെ ആവശ്യകത ചിലർ ചൂണ്ടിക്കാണിച്ചപ്പോൾ അവിടെ സന്നിഹിതനായിരുന്ന മാനേജർ മോൺ. തോമസ് മലേക്കുടി വളരെ ഉദാസീനമായിട്ടാണ് അതിനോട് പ്രതികരിച്ചത്. 'മരിച്ചുപോയെങ്കിൽ കുഴപ്പമില്ലായിരുന്നു' എന്ന് അദ്ദേഹം തന്റെ മനോഗതം അപ്പോൾ വെളിപ്പെടുത്തുകയും ചെയ്തു.

സഭാംഗങ്ങളിൽനിന്നും വൈദികരിൽനിന്നും ഭക്തസംഘടനാ നേതാക്കളിൽനിന്നും സമ്മർദ്ദമേറി വന്നപ്പോൾ ആക്രമണത്തെ അപലപിക്കാൻ സഭാധികാരികൾ നിർബന്ധിതരായി. ബിഷപ് ഇടയലേഖനമെഴുതി. പ്രതിഷേധങ്ങൾ ആത്മസംയമനത്തോടെ വേണമെന്ന് ഇടയലേഖനം വിശ്വാസികളെ പ്രത്യേകമായി ഓർമ്മിപ്പിച്ചു. അതിൻപ്രകാരം തൊടുപുഴയിലും മൂവാറ്റുപുഴയിലും കോതമംഗലത്തും മൗനജാഥകൾ നടന്നു.

ബിഷപ് മാർ ജോർജ്ജ് പുന്നക്കോട്ടിൽ, മോൺസിഞ്ഞോർ തോമസ് മലേക്കുടി, മോൺസിഞ്ഞോർ ഫ്രാൻസീസ് ആലപ്പാട്ട് എന്നിവർ അരമനവാസികളായ മറ്റു ചില വൈദികർക്കൊപ്പം മൂവാറ്റുപുഴയിലെ ഏതോ ഒരു ഹാളിൽ സമ്മേളിച്ച് തങ്ങളുടെ ഇടയിൽ കുറച്ചു മൗലവിമാരെയും ഹാജിമാരെയും തിരുകിയിരുത്തി മതമൈത്രീസമ്മേളനം നടത്തിയതിന്റെ വാർത്ത വിശാലമായ പനോരമ സൈസ് ഫോട്ടോയോടൊപ്പം പത്രങ്ങൾക്കെല്ലാം നല്കി.

പ്രഹസനങ്ങൾക്കൊടുവിൽ അവർ എന്നെ എന്റെ ലാവണത്തിൽ നിന്ന് നീക്കം ചെയ്തു.

മുസ്ലിം സമുദായം ആവശ്യപ്പെട്ടാൽ തിരിച്ചെടുക്കാമെന്നു പറഞ്ഞ് വാർത്താസമ്മേളനം നടത്തി. നൈതികതയുടെ താക്കോൽ കൈവശമില്ലെങ്കിൽ പിന്നെ എന്തുചെയ്യാനാണ്?

എന്റെ നേരേ നടന്ന ആക്രമണം പ്രതീക്ഷിച്ചത്ര ഫലിക്കാതെ പോയതാണ് സഭാധികാരികളെ കൂടുതലായി വലച്ചത്. അതുകൊണ്ടല്ലേ എന്നെ പിരിച്ചുവിട്ടിട്ട് മാലോകരുടെ പഴി കേൾക്കേണ്ടിവന്നത്. സഭാധികാരികളുടെ ആ അസന്തുഷ്ടിയാണ് അന്ന് ന്യൂമാൻ കോളജിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥി ആയിരുന്ന ഫാ. നോബിൾ പാറയ്ക്കൽ മംഗളം ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ മറയില്ലാതെ പ്രതിഫലിച്ചത്. അന്ന് ബ്രദർ മാത്രമായിരുന്ന നോബിൾ കോതമംഗലം ബിഷപ് മാർ ജോർജ്ജ് പുന്നക്കോട്ടിലിന്റെ നിർദ്ദേശപ്രകാരം എഴുതിയ ആ ലേഖനത്തിന്റെ ശീർഷകം ഇതായിരുന്നു വിവേകമില്ലാത്ത തലകൾ മുറിച്ചുനീക്കപ്പെടട്ടെ!'.

ജോസഫിന്റെയും കുടുംബത്തിന്റെയും കഥ അതിന്റെ മൂന്നാമത്തെ കഷ്ടകാണ്ഡത്തിലേക്കു കടക്കുകയാണ്. അദ്ദേഹവും കുടുംബവും സാമ്പത്തികമായി തകർന്നു. ജോലിയിൽനിന്നു പിരിച്ചുവിടപ്പെട്ടതോടെ പെൻഷൻപോലും കിട്ടാതെ ഭാവി ഇരുളിലാണ്ടുകഴിഞ്ഞു എന്നറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ സലോമി വിഷാദരോഗത്തിനടിമയായി. ഇതിനിടെയാണ് ജോസഫിനെ കുറ്റവിമുക്തനാക്കിയ കോടതിവിധിക്കെതിരെ പ്രിൻസിപ്പൽ അപ്പീൽ പോകുന്നത്! ജോസഫ് മാഷിന്റെ ജീവിതം വഴിതിരിച്ചുവിട്ട ചോദ്യപേപ്പർ അദ്ദേഹം തയ്യാറാക്കിയത് 2010 മാർച്ച് 19നായിരുന്നു. 2014 മാർച്ച് 19ന് സലോമി ആത്മഹത്യ ചെയ്തു. തങ്ങളുടെ ളോഹയിൽ പുരണ്ട ചോരയും കണ്ണീരും ഉളുപ്പേതുമില്ലാതെ പിഴിഞ്ഞുടുത്ത പുരോഹിതന്മാർ ഒരാഴ്ചക്കുള്ളിൽ ജോസഫിനെ തിരിച്ചെടുത്തു. തൊട്ടടുത്ത പ്രവൃത്തിദിവസം അദ്ദേഹം റിട്ടയർ ചെയ്യുകയും ചെയ്തു.

ആറുവർഷം കഴിഞ്ഞിരിക്കുന്നു സലോമി ജോസഫ് മാഷിനെയും മക്കളെയും വിട്ടുപോയിട്ട്. താൻ അവിശ്വസിക്കപ്പെടുകയും ആട്ടിയോടിക്കപ്പെടുകയും വേട്ടയാടപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്ത നാളുകളിൽ തന്നെ വിശ്വസിച്ചും ആശ്വസിപ്പിച്ചും തോളിൽ ചേർത്തും കൂടെ നിന്നവളുടെ ആത്മഹത്യ ജോസഫ് മാഷിനെ തളർത്തി. ആ ദിവസത്തെക്കുറിച്ച് ശീർഷകമില്ലാതെ മുപ്പത്തിനാലാമധ്യായത്തിൽ ജോസഫ് മാഷ് എഴുതുന്നു:

'പിന്നീട് അല്പമൊന്ന് കിടക്കാനായി ഞാനും സലോമി കിടക്കുന്ന മുറിയിലേക്ക് ചെന്നു. സലോമിയെ കട്ടിലിൽ കാണാനില്ല. ഞാൻ ബാത്‌റൂമിലേക്ക് നോക്കി. വാതിൽ കാൽഭാഗം തുറന്നു കിടക്കുകയാണ്. അതിനാൽ ബാത്‌റൂമിൽ പോയതല്ലെന്നു വിചാരിച്ച് മറ്റു മുറികളിൽ പോയി നോക്കി. എവിടെയും കാണാഞ്ഞ് പരിഭ്രാന്തിയോടെ ബാത്‌റൂമിന്റെ അടുത്ത് വീണ്ടും ചെന്നു. കതകു മുഴുവനും തുറന്നു നോക്കി.

ബാത്‌റൂമിന്റെ ഭിത്തിയിലുള്ള ടവ്വൽറാഡിൽ കുളിക്കാൻ ഉപയോഗിക്കുന്ന തോർത്തിന്റെ ഒരറ്റം കെട്ടിയിട്ട് മറ്റേയറ്റം കഴുത്തിലും ബന്ധിച്ച് ഭിത്തിയോടു ചാരി സലോമി നില്ക്കുകയാണ്. കാലിന്റെ മുട്ടുരണ്ടും മടങ്ങിപ്പോയതിനാൽ കഴുത്തിലെ കുരുക്ക് മുറുകിപ്പോയി. കണ്ടനിമിഷം ആർത്തനായി മേരിച്ചേച്ചിയെ വിളിക്കുകയും ഒപ്പം കക്ഷത്തിലൂടെ കൈകളിട്ട് സലോമിയെ ഞാൻ ഉയർത്തിപ്പിടിക്കുകയും ചെയ്തു. എന്റെ നിലവിളി കേട്ട് ഓടിയെത്തിയ മേരിച്ചേച്ചി ഒരു കത്തി എടുത്തുകൊണ്ടുവന്ന് തോർത്തുമുറിച്ചു. കഴുത്തിലെ കുരുക്കും അഴിച്ചെടുത്തു. സലോമിക്ക് അപ്പോൾ ബോധം ഉണ്ടായിരുന്നില്ല. തറയിൽ കിടത്തിയ അവളുടെ വായിലേക്ക് ഞാൻ ജീവവായു ഊതിക്കയറ്റി. ഇരുകൈകളും ചേർത്തുപിടിച്ച് നെഞ്ചി അമർത്തിക്കൊടുത്തു. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ മേരിച്ചേച്ചി വിളിച്ചുകൊണ്ടുവന്നു. അവരും നെഞ്ചിലമർത്തി ശ്വാസഗതി നേരേയാക്കാൻ ശ്രമിച്ചു. ഇടയ്‌ക്കൊന്ന് ശ്വാസമെടുത്തപോലെ തോന്നി. ഉടൻതന്നെ അവർ സലോമിയെ എഠുത്ത് പുറത്തേക്ക് കൊണ്ടുവന്നു. അവരിൽ ഒരാൾ എന്റെ കാർ സ്റ്റാർട്ടുചെയ്തു. മറ്റു രണ്ടുപേർ അവളെ വണ്ടിയിൽ കയറ്റി. കാർ മൂവാറ്റുപുഴ നിർമ്മല ഹോസ്പിറ്റലിലേക്ക് പാഞ്ഞു.

എന്റെ മടിയിൽ തലവെച്ചിരുന്ന അവളുടെ നെഞ്ചിൽ ഒരു കൈയാൽ ഞാൻ അമർത്തിക്കൊണ്ടിരുന്നു. അങ്ങനെതന്നെ ചെയ്തുകൊള്ളാനും ഇപ്പോൾ ശ്വാസമെടുക്കുന്നുണ്ടെന്നും മുൻസീറ്റിലിരുന്ന പൊലീസുകാരൻ തിരിഞ്ഞുനോക്കിക്കൊണ്ട് എന്നോട് പറഞ്ഞു.

കാറിൽനിന്ന് പുറത്തിറക്കി സ്‌ട്രെച്ചറിൽ കാഷ്വാലിറ്റിയിലേക്ക് കൊണ്ടുപോകാൻ ആശുപത്രിജീവനക്കാരെ പൊലീസുകാരും സഹായിച്ചു.

സലോമിയെ പരിശോധിച്ച കാഷ്വാലിറ്റിയിലെ ഡോക്ടർ തിടുക്കത്തിലൊന്നും ചെയ്യുന്നതായി കാണാഞ്ഞ് ഞാൻ അലറിപ്പറഞ്ഞി:

'കൃത്രിമശ്വാസം കൊടുക്കാനുള്ള ഏർപ്പാട് വേഗത്തിൽ ചെയ്യ്...'.

ഡോക്ടർ നിർവ്വികാരമായി പറഞ്ഞു.

'മരിച്ച ആൾക്ക് അങ്ങനെ ശ്വാസം കൊടുത്തിട്ടു കാര്യമില്ല'.

എനിക്ക് ഭാരം ഇല്ലാതാകുന്നതുപോലെ തോന്നി. ആരോ പിടിച്ച് എന്നെ ഒരു കസേരയിൽ ഇരുത്തി.

അല്പം കഴിഞ്ഞ് മറ്റൊരു ഡോക്ടർ വന്ന് എന്റെ കരം ഗ്രഹിച്ചു. അദ്ദേഹം അവിടുത്തെ ഡോക്ടറാണെന്ന് എനിക്കപ്പോൾ മനസ്സിലായില്ല. എന്നെ അറിയുന്ന ആരോ ആണെന്നേ കരുതിയുള്ളൂ. അത്യധികമായ ദീനതയോടെ ഞാൻ പറഞ്ഞു:

'എന്റെ ഭാര്യ മരിച്ചുപോയി. ഇതേ.... ഇപ്പോൾ'.

അതുപറയുമ്പോൾ എന്താണാവോ ഞാൻ പ്രതീക്ഷിച്ചത്? കാരുണ്യമോ സഹതാപമോ?

പിന്നീടാരും എന്റെ അടുത്തേക്കു വന്നില്ല. അപ്പാടെ തോല്പിക്കപ്പെട്ടവനായി ഞാൻ അവിടെയിരുന്നു.

പിന്നീടെപ്പോഴോ ഒരു നേഴ്‌സ് എന്റയരികിൽ വന്ന് ഒരു കടലാസുപൊതി എന്നെ ഏല്പിച്ചു. സലോമിയുടെ ശരീരത്തിൽനിന്ന് ഊരിയെടുത്ത താലിമാല, കമ്മൽ, കല്യാണമോതിരം, മിഞ്ചി എന്നിവയായിരുന്നു അതിനുള്ളിൽ.

സന്ധ്യയോടെ സുഹൃത്തുക്കൾ എന്നെ വീട്ടിലേക്കു കൊണ്ടുവന്നു.

നാലുമാസത്തെ ഇടവേളയ്ക്കുശേഷം വാനമിരുണ്ട് മഴ പെയ്തു.

രാത്രിയോടെ തിരുവനന്തപുരത്തായിരുന്ന മിഥുൻ എത്തി. എനിക്ക് ചില വിമ്മിട്ടങ്ങൾ ഉണ്ടായതിനെത്തുടർന്ന് മിഥുൻ എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. സെഡേഷനിലൂടെ അവർ എന്നെ മയക്കിക്കടത്തി. രാവിലെയാണ് വീട്ടിലേക്ക് പോന്നത്.

പോണ്ടിച്ചേരിയിൽനിന്ന് സിസ്റ്റർ മാരിസ്റ്റെല്ല രാവിലെതന്നെ എത്തി. പതിനൊന്നു മണിയോടെ ആമി ഡൽഹിയിൽനിന്ന് വിമാനമാർഗ്ഗം വന്നു. ബന്ധുക്കളും സുഹൃത്തുക്കളും എത്തി. എന്നാൽ ആരോരുമില്ലാത്തവനെപ്പോലെ ഒരു മുറിയിൽ ഞാൻ ശൂന്യനായി ഇരുന്നു.

ആലപ്പുഴ മെഡിക്കൽ കോളജിലായിരുന്നു പോസ്റ്റ്‌മോർട്ടം. അവളുടെ കണ്ണുകൾ ദാനം ചെയ്യാനുള്ള സമ്മതപത്രത്തിൽ തലേന്നുതന്നെ ഞാൻ ഒപ്പിട്ടുകൊടുത്തിരുന്നു. അജ്ഞാതരായ രണ്ടുപേർക്ക് അവളുടെ കാഴ്ച പകുത്തുനല്കിയിട്ട് ഇരുപത്തിയെട്ടുകൊല്ലം മുമ്പ് ഞാൻ അണിയിച്ച മന്ത്രകോടി പുതച്ചുകൊണ്ട് ഏകദേശം അഞ്ചുമണിയോടെ അവൾ വീണ്ടും വീട്ടിലെത്തി.

വീടിനുള്ളിൽ ആളുകൾ തിങ്ങിനിറഞ്ഞിരുന്നതിനാൽ ഒരു ബാത്‌റൂമിൽ കൊണ്ടുപോയി എന്റെ കൗമാരകാല സുഹൃത്തായിരുന്ന പതിപ്പള്ളിൽ റ്റോമി, പള്ളിയിൽ പോകാനുള്ള വസ്ത്രം എന്നെ ധരിപ്പിച്ചു. പണ്ട് എന്റെ വിവാഹവസ്ത്രം വാളിപ്ലാക്കൽ റെജി എന്ന അയൽക്കാരൻ ഉടുപ്പിച്ചത് ഞാനപ്പോൾ ഓർത്തു.

ആകാശത്ത് കരിമേഘങ്ങൾ വന്ന് കിടുകിടുത്തെങ്കിലും മഴ പൊടിഞ്ഞില്ല.

അന്ത്യചുംബനം നൽകി ഞാനും മക്കളും അവളെ യാത്രയാക്കി. ആയിരക്കണക്കിനാളുകൾ അതിനു സാക്ഷികളായി.

പള്ളിയിൽ വെച്ച് കൈപിടിച്ച് കൂടെക്കൂട്ടിയ അവളെ പള്ളിസെമിത്തേരിയിലെ കല്ലറയിൽ അടക്കം ചെയ്തു മടങ്ങുമ്പോൾ എന്റെ മനസ്സെന്നപോലെ വാനവും ഘനപ്പെട്ടുനിന്നു'.

ഇസ്ലാമിക തീവ്രവാദികളുടെ ക്രൂരതയെക്കാൾ ജോസഫിനെയും കേരളീയ പൊതുസമൂഹത്തെയും അമ്പരപ്പിച്ചത് കത്തോലിക്കാ സഭയുടെയും കോളേജ് മാനേജ്‌മെന്റിന്റെയും നടപടികളായിരുന്നു. കോളേജ് പ്രിൻസിപ്പൽ ടി.എം. ജോസഫ്, മാനേജർ തോമസ് മലേക്കുടി, ബിഷപ്പ് ജോർജ് പുന്നക്കോട്ടിൽ, മലയാളവിഭാഗം അദ്ധ്യാപകനും ജോസഫിന്റെ ശിഷ്യനുമായിരുന്ന രാജു ജേക്കബ് പിച്ചലക്കാട്ട് എന്നിവരാണ് ജോസഫിന്റെ ജീവിതം മരണതുല്യമാക്കിയത്. താൻകൂടി അംഗമായ സഭയിലെ പുരോഹിതന്മാർ, സഹപ്രവർത്തകരും ശിഷ്യരുമായ അദ്ധ്യാപകർ-ജോസഫിനെ അദ്ദേഹം വിശ്വസിച്ച ദൈവവും ഉൾപ്പെട്ട മതവും ഒന്നിച്ചു ജീവിച്ച സഹപ്രവർത്തകരും പ്രാണനെപ്പോലെ സ്‌നേഹിച്ച ശിഷ്യരും കൃപയേതുമില്ലാതെ കൊലയ്ക്കുകൊടുക്കുകയായിരുന്നു. കോടതി കുറ്റവിമുക്തനാക്കിയ ജോസഫിനുമേൽ സ്വന്തം നരകവിധി നടപ്പാക്കാൻ കത്തോലിക്കാസഭ പിശാചിനെ കൂട്ടുവിളിച്ചു. പ്രിൻസിപ്പൽ ടി.എം. ജോസഫായിരുന്നു തന്റെ സഹോദരന്റെ രക്തത്തിനുവേണ്ടി നേരിട്ടു ദാഹിച്ച കായേൻ. വായിക്കൂ:

'കോടതി കുറ്റക്കാരനല്ലെന്നു കണ്ടെത്തിയ എന്നെ സർവ്വീസിൽ തിരിച്ചെടുക്കണമെന്ന് ന്യൂമാൻ കോളജിലെയും നിർമ്മല കോളജിലെയും ഭൂരിപക്ഷം അദ്ധ്യാപകരും ഒപ്പിട്ട നിവേദനം കോളജുകളുടെ രക്ഷാധികാരിയായ ബിഷപ്പിനു സമർപ്പിച്ചെങ്കിലും നിവേദനവുമായി ചെന്ന പ്രൊഫസർമാരെ അദ്ദേഹം ശകാരത്തോടെയാണ് സ്വീകരിച്ചത്.

അടുത്തദിവസം എറണാകുളത്തു ചെന്ന് അഡ്വ. വിജയകുമാറിനെ കണ്ട് മാനേജ്‌മെന്റ് എന്നെ തിരിച്ചെടുക്കില്ലെന്ന് അറിയിച്ചു. കുറ്റവിമുക്തമാക്കിയ ഉത്തരവ് ഞാൻ അദ്ദേഹത്തിന് കൊടുത്തിരുന്നുവെങ്കിലും അത് അദ്ദേഹം ട്രിബ്യൂണലിൽ സമർപ്പിച്ചിരുന്നില്ല. മാനേജ്‌മെന്റ് എന്നെ ജോലിയിൽ സ്വമേധയാ തിരിച്ചെടുക്കാൻ പോകുവല്ലേ; പിന്നെന്തിന് അതൊക്കെ ട്രിബ്യൂണലിൽ ഫയൽ ചെയ്യണം? ശുദ്ധഹൃദയനായ എന്റെ വക്കീൽ ചിന്തിച്ചതതാണ്.

അതുതന്നെയായിരുന്നു മാനേജ്‌മെന്റിന്റെ ഉദ്ദേശ്യം. 2013 നവംബർ 13-നു വന്ന കുറ്റവിമുക്തമാക്കൽ വിധി ട്രിബ്യൂണലിൽ സമർപ്പിച്ച് അനുകൂലവിധി സമ്പാദിച്ച് ഞാൻ ഒരിക്കലും കോളജിൽ പ്രവേശിക്കാതിരിക്കാൻ അവർ സ്വീകരിച്ച ഒരു കപടതന്ത്രമായിരുന്നു ആ തിരിച്ചെടുക്കൽ വാഗ്ദാനം. അതിൽ അവർ പൂർണ്ണമായി വിജയിക്കുകയും ചെയ്തു.

എത്രയും പെട്ടെന്ന് എന്നെ കുറ്റവിമുക്തനാക്കിയ സി.ജെ.എം. കോടതിയുടെ ഉത്തരവ് ട്രിബ്യൂണലിൽ ഫയൽ ചെയ്യാൻ ഞാൻ അഡ്വ. വിജയകുമാറിനോട് ആവശ്യപ്പെട്ടു. എന്നാൽ അതിനെതിരേ തൊടുപുഴ ന്യൂമാൻ കോളജ് പ്രിൻസിപ്പൽ ഡോ. റ്റി. എം. ജോസഫ് സ്റ്റേ വാങ്ങി. എന്നെ കുറ്റവിമുക്തനാക്കിയ വിധിയുടെ പ്രസക്തഭാഗങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഇൃ/ങ.ഇ. ചീ 1591/2014 കേസിലായിരുന്നു ആ സ്റ്റേ ഉത്തരവ്.

അദ്ദേഹം കൊടുത്ത ഹർജിയുടെ സംക്ഷിപ്തം ഇതാണ്:

കേസിലെ പരാതിക്കാരൻ തൊടുപുഴ ന്യൂമാൻ കോളജിലെ പ്രിൻസിപ്പലാണ്. ഒന്നാം എതിർകക്ഷി ടി.ജെ. ജോസഫ് ആ കോളജിലെതന്നെ മലയാളവിഭാഗം അദ്ധ്യാപകനായിരുന്നു. അയാളുടെ പേരിൽ കജഇ 153 അ; 295 അ; 505 (2) എന്നീ വകുപ്പുകൾ ഉൾപ്പെടുത്തി ഇടുക്കി ഡിവൈഎസ്‌പി ഒരു കേസെടുത്തിരുന്നു. ആ കേസിനാസ്പദമായ കാര്യങ്ങളുടെ പേരിൽ അയാൾക്കെതിരെ കോളജ് മാനേജർ അച്ചടക്കനടപടികൾ എടുക്കുകയും നിയമപരമായ നടപടികൾ പൂർത്തീകരിച്ച് അയാളെ സർവ്വീസിൽനിന്ന് പിരിച്ചുവിട്ടിരിക്കുകയുമാണ്. പിരിച്ചുവിടലിനെതിരേ അയാൾ യൂണിവേഴ്‌സിറ്റി അപ്പലെറ്റ് ട്രിബ്യൂണലിൽ നൽകിയിട്ടുള്ള അപ്പീലിന്മേൽ വാദം കേൾക്കാനിരിക്കുകയുമാണ്. ഇവിടെ പ്രസക്തമായ ഒരു കാര്യം പിരിച്ചുവിടൽ നടപടിക്കു കാരണമായ കുറ്റവും ഇടുക്കി ഡിവൈഎസ്‌പി രജിസ്റ്റർ ചെയ്ത കേസിലെ കുറ്റകൃത്യവും അടിസ്ഥാനപരമായി ഒന്നും ഒരുപോലെയുള്ളതും ആണെന്നുള്ളതാണ്.

അന്വേഷണം പൂർത്തീകരിച്ചതിനുശേഷം മേല്പടി കേസിലുള്ള കുറ്റപത്രം തൊടുപുഴ സി.ജെ.എം. കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിക്കുകയും സമൻസ് കിട്ടിയ പ്രതി സി.ജെ.എം. കോടതിയിൽ ഹാജരായി ജാമ്യം എടുക്കുകയും ചെയ്തു. പിന്നീട് അയാൾ തന്നെ കുറ്റവിമുക്താക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് ഇ.ങ.ജ.ചീ 5158/2013 നമ്പരായി ഒരു ഡിസ്ചാർജ് പെറ്റീഷൻ നല്കി. കുറ്റപത്രത്തിൽ ചേർക്കപ്പെട്ടിരിക്കുന്ന സാക്ഷിമൊഴികളെല്ലാം പ്രതി കുറ്റക്കാരനാണെന്ന് ഒരേസ്വരത്തിൽ വെളിപ്പെടുത്തുന്നവയാണ്. എന്നിരിക്കെ, പ്രതിയായ ടി.ജെ. ജോസഫിന്റെ ഡിസ്ചാർജ് പെറ്റീഷൻ പരിഗണിച്ച കോടതിക്ക് മൊത്തത്തിൽ തെറ്റുപറ്റുകയും 2013 നവംബർ 13-ലെ ഉത്തരവുപ്രകാരം ടി.ജെ. ജോസഫ് കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തിരിക്കുന്നു. അയാൾ ആ കോടതി ഉത്തരവിന്റെ ഒരു സർട്ടിഫൈഡ് കോപ്പി ഇതിനോടകം ലഭ്യമാക്കുകയും തന്നെ പിരിച്ചുവിടാൻ ഇടയാക്കിയ എൻക്ലയറി റിപ്പോർട്ടിനെ ഖണ്ഡിക്കാൻ ആ ഉത്തരവ് യൂണിവേഴ്‌സിറ്റി അപ്പലറ്റ് ട്രിബ്യൂണലിൽ സമർപ്പിക്കാനുള്ള ഉത്സാഹത്തിലുമാണ്. അതിനാൽ അയാളെ കുറ്റവിമുക്തനാക്കിയ കോടതി ഉത്തരവിന്റെ പ്രസക്തഭാഗങ്ങൾ റദ്ദുചെയ്യേണ്ടത് പരാതിക്കാരന് ഒഴിവാക്കാനാവാത്ത കാര്യമാണ്. മാത്രമല്ല; കീഴ്‌ക്കോടതിയുടെ കണ്ടെത്തലുകൾ കുറ്റപത്രത്തിലുള്ള സാക്ഷിമൊഴികൾക്കും വസ്തുതകൾക്കും കടകവിരുദ്ധവുമാണ്.

പ്രിൻസിപ്പൽ ഡോ. റ്റി.എം. ജോസഫ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചോദ്യപേപ്പർ കേസിലെ 7 മുതൽ 11 വരെ സാക്ഷികളുടെ ഒരേ സ്വരത്തിലുള്ള മൊഴികൾ എന്നെ കുറ്റവിമുക്തനാക്കാൻ പര്യാപ്തമാണെന്ന് കുറ്റപത്രത്തിന്റെ കോപ്പി സമർപ്പിച്ചുകൊണ്ട് ബോധിപ്പിക്കുകയാണ്.

7-ാം സാക്ഷി മലയാളം അദ്ധ്യാപകനും കോളജ് ബർസാറുമായ ഫാ. രാജു ജേക്കബ് (മാനുവൽ പിച്ചലക്കാട്ട്) ആണ്. കൃത്യചോദ്യം തയ്യാറാക്കിയത് ഈ കേസിലെ പ്രതിതന്നെയാണെന്നും ആയതിന്റെ പൂർണ്ണ ഉത്തരവാദിത്വം പ്രതിക്കുതന്നെ ആണെന്നും കൃത്യചോദ്യം മുസ്ലിം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും ചോദ്യം ഒഴിവാക്കേണ്ടതായിരുന്നെന്നും പ്രതി തയ്യാറാക്കിയ ചോദ്യപേപ്പറിലെ കൈയക്ഷരം പ്രതിയുടേതുതന്നെ ആണെന്നുമൊക്കെയാണ് പ്രതിയുടെ സഹപ്രവർത്തകനും ശിഷ്യനുമായിരുന്ന ആ സാക്ഷി, മൊഴി കൊടുത്തിരിക്കുന്നത്.

8-ാം സാക്ഷി പ്രിൻസിപ്പൽ ടി.എം. ജോസഫ്തന്നെയാണ്. അദ്ദേഹം ഫാ. രാജു ജേക്കബ് പറഞ്ഞതുതന്നെ ആവർത്തിക്കുകയാണ്.

10-ാം സാക്ഷിയും 11-ാം സാക്ഷിയും പ്രിൻസിപ്പലിന്റെ ചൊല്പടിക്കാരായ അദ്ധ്യാപകരാണ്. അവരും അതുതന്നെയാണ് ഏറ്റുപറയുന്നത്.

9-ാം സാക്ഷി കോളജ് മാനേജർ ഫാ. തോമസ് മലേക്കുടി ആണ്. പ്രതി മാനേജ്‌മെന്റുമായി നീരസത്തിലാണെന്നും അതിനാൽ ചോദ്യപേപ്പർ വിവാദം മനഃപൂർവ്വമായി ഉണ്ടാക്കിയിട്ടുള്ളതാണെന്നുമാണ് അദ്ദേഹത്തിന്റെ സാക്ഷ്യപ്പെടുത്തൽ.

തങ്ങളൊക്കെ ഒറ്റക്കെട്ടായി മൊഴിപറഞ്ഞിട്ടും പ്രതിയെ കുറ്റവിമുക്തനാക്കിയത് വലിയ പ്രമാദമായിപ്പോയെന്നാണ് പ്രിൻസിപ്പൽ ടി.എം. ജോസഫിന്റെ വാദം.

മതനിന്ദ നടത്തിയെന്നാരോപിച്ച് എനിക്കെതിരെ എടുത്ത കേസിൽ പരാതിക്കാരില്ലായിരുന്നു. പൊലീസ് സ്വമേധയാ എടുത്ത കേസാണത്. എഫ്.ഐ.ആറിൽ പരാതിക്കാരന്റെ പേരെഴുതേണ്ട കോളത്തിൽ തൊടുപുഴ എസ്‌ഐ., ഷിന്റോ പി. കുര്യന്റെ പേരാണുള്ളത്. ക്രിമിനൽ കേസായതിനാൽ വാദി സർക്കാർ ആണ്. കീഴ്‌ക്കോടതി വിധിയിന്മേൽ അപ്പീൽ കൊടുക്കാനുള്ള അവകാശം സർക്കാരിനുണ്ട്. കേസിൽ ആരോപിക്കപ്പെട്ടമാതിരി മുസ്ലിം സമുദായത്തിൽപ്പെട്ടവരുടെ വികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്കും അപ്പീൽ കൊടുക്കാമായിരിക്കും. ചോദ്യപേപ്പർ വിവാദത്തിന്റെ നിജസ്ഥിതി ബോധ്യപ്പെട്ടതിനാൽ എന്നെ കുറ്റവിമുക്തനാക്കിയ വിധി റദ്ദാക്കാൻ അഴരാരും അപ്പീൽ നല്കിയില്ല. ആ സാഹചര്യത്തിലാണ് വിധി റദ്ദുചെയ്യാനുള്ള അപേക്ഷയുമായി പ്രിൻസിപ്പൽ ഡോ. ടി.എം. ജോസഫ് ഹൈക്കോടതിയെ സമീപിക്കുന്നത്.

കീഴ്‌ക്കോടതി വിധി റദ്ദുചെയ്യാനുള്ള പരാതിക്കാരന്റെ അപേക്ഷയിന്മേൽ ഹൈക്കോടതി തീർപ്പുകല്പിക്കുംവരെ കീഴ്‌ക്കോടതി വിധി സ്റ്റേ ചെയ്യണം. അല്ലെങ്കിൽ ആയത് ഒന്നാം എതിർകക്ഷിയായ ടി.ജെ. ജോസഫ്, താൻ അപ്പീൽ നല്കിയ യൂണിവേഴ്‌സിറ്റി ട്രിബ്യൂണലിൽ ഹാജരാക്കുകയും അതുവഴി അപരിഹാര്യമായ കഷ്ടനഷ്ടങ്ങൾ കോളജ് മാനേജ്‌മെന്റിന് ഉണ്ടാക്കുകയും ചെയ്യുമത്രേ. അതിനാൽ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി ഉത്തരവ് ടി.ജെ. ജോസഫ് യൂണിവേഴ്‌സിറ്റി അപ്പലറ്റ് ട്രിബ്യൂണലിലോ മറ്റേതെങ്കിലും അധികാരസ്ഥാനത്തോ സമർപ്പിക്കുന്നതിനെ വിലക്കണമെന്നായിരുന്നു പ്രിൻസിപ്പൽ ടി.എം. ജോസഫിന്റെ ഹർജിയിലെ വിനീതമായ അപേക്ഷ.

ഏതായാലും ആ ഹർജിയിൽ, ചോദ്യപേപ്പർ വിവാദം ഒരു ക്രിമിനൽക്കേസാക്കിത്തീർത്തതിൽ അദ്ദേഹത്തിനുണ്ടായിരുന്ന ഉത്സാഹവും അതേത്തുടർന്ന് എന്നെ പിരിച്ചുവിട്ട മാനേജ്‌മെന്റ് നടപടിയിൽ അദ്ദേഹത്തിനുണ്ടായിരുന്ന പങ്കാളിത്തവും മറനീങ്ങി വെളിപ്പെടുന്നുണ്ട്'.

സലോമിയുടെ മരണം പോലെതന്നെ ജോസഫിനെ വേട്ടയാടുന്ന ഒരനുഭവം മകൻ മിഥുൻ തനിക്കുവേണ്ടിയനുഭവിച്ച യാതനകളാണ്. മകന്റെ രക്തം തന്റെ കണ്ണീരായിറ്റുവീണ ഒരു പിൽക്കാലാനുഭവം ഈ പുസ്തകത്തിന്റെ രണ്ടാം ഭാഗത്ത് ജോസഫ് വിവരിക്കുന്നുണ്ട്.

'മകൾ ആമിയുമൊത്ത് ഒരിക്കൽ തൊടുപുഴ പൊലീസ് സ്റ്റേഷനിൽ ഞാൻ പോയി. അവളുടെ പാസ്‌പോർട്ട് അപേക്ഷയിന്മേലുള്ള പൊലീസ് വെരിഫിക്കേഷൻ നടപടിയുടെ ഭാഗമായിട്ടായിരുന്നു അത്. തൊടുപുഴ പൊലീസ് സ്റ്റേഷന്റെ അധികാരപരിധിയിൽ വരുന്ന മുതലക്കോടം എന്ന സ്ഥലത്തുള്ള നേഴ്‌സിങ് കോളജിൽ പഠിക്കുകയായിരുന്നു അവളപ്പോൾ.

വെരിഫിക്കേഷൻ നടത്തുന്നതിന് അധികാരപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതനുസരിച്ച് രാത്രി എട്ടുമണിയോടെയാണ് മകളെയും കൂട്ടി ഞാൻ പൊലീസ് സ്റ്റേഷനിൽ എത്തിയത്. തൊട്ടടുത്ത ദിവസങ്ങളിൽ ആ പൊലീസ് ഉദ്യോഗസ്ഥന് അസൗകര്യങ്ങൾ ഉള്ളതിനാൽ കാലതാമസം ഒഴിവാക്കാൻ വേണ്ടിയാണ് വൈകിയാണെങ്കിലും അന്നുതന്നെ എത്താൻ അദ്ദേഹം നിർദ്ദേശിച്ചത്.

മുമ്പ് ഒരിക്കൽ മാത്രമേ തൊടുപുഴ പൊലീസ് സ്റ്റേഷനിൽ ഞാൻ പോയിട്ടുള്ളു. പോയി എന്നു പറയുന്നത് അത്ര ശരിയല്ല. ഇടുക്കിയിൽ വെച്ച് കീഴടങ്ങിയ എന്നെ വിലങ്ങൊക്കെ അണിയിച്ച് പൊലീസ് ബഹുമതികളോടെ അവിടേക്ക് കൊണ്ടുവരികയായിരുന്നു. കൊണ്ടുവന്നതും കൊണ്ടുപോയതും വലിയ ആഘോഷമായിരുന്നതിനാൽ പൊലീസ് സ്റ്റേഷനിലേക്കുള്ള വഴിയൊന്നും നോക്കിവെക്കാൻ അന്നെനിക്ക് തരപ്പെട്ടില്ല. ഇപ്പോൾ സെക്യൂരിറ്റി ഗാർഡായി എന്നോടൊപ്പമുള്ള പൊലീസുകാരന് അറിയാമായിരുന്നതുകൊണ്ട് തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്കുള്ള വഴി മറ്റാരോടും ചോദിക്കേണ്ടിവന്നില്ല.

ഞങ്ങൾ കാണേണ്ടിയിരുന്ന ഉദ്യോഗസ്ഥൻ കാത്തിരിക്കുന്നുണ്ടായിരുന്നു. വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിച്ചതിനുശേഷം അദ്ദേഹത്തിന്റെ അനുമതിയോടെ പൊലീസ് സ്റ്റേഷൻ സെറ്റപ്പുകളൊക്കെ ഞാൻ ആമിക്ക് കാണിച്ചു കൊടുത്തു. സാധാരണ സ്ത്രീകളും പെൺകുട്ടികളും സിനിമയിലൊക്കെയല്ലേ പൊലീസ് സ്റ്റേഷൻ കണ്ടു പരിചയിച്ചിട്ടുള്ളൂ.

എന്താണ് ഒരു പൊലീസ് സ്റ്റേഷനിൽ സവിശേഷമായി ഉള്ളത്. ലോക്കപ്പ്. അതാണല്ലോ രാജ്യസമാധാനപാലനകേന്ദ്ര(പൊലീസ് സ്റ്റേഷൻ)ത്തിന്റെ അവിഭാജ്യ ഘടകം.

ഒരു ഒറിജിനൽ ലോക്കപ്പ് ആമി ആദ്യമായി കാണുകയാണ്. അതും അവളുടെ അച്ഛൻ കിടന്നിട്ടുള്ള ലോക്കപ്പ്. അക്കാര്യം ഞാൻ അവളെ ഓർമ്മിപ്പിച്ചു. കൗതുകമല്ലാതെ അവളുടെ മുഖത്ത് ഭാവമാറ്റമൊന്നും ഞാൻ കണ്ടില്ല.

ഞാൻ ലോക്കപ്പിന്റെ ഉള്ളിലേക്ക് നോക്കി. അടുത്ത കാലത്തൊന്നും അവിടെ ആർക്കും അഡ്‌മിഷൻ കിട്ടിയ ലക്ഷണമില്ല. പൊടി വീണും മാറാല പിടിച്ചും ആകപ്പാടെ വൃത്തിഹീനമായിരിക്കുന്നു. എനിക്ക് സങ്കടം വന്നു. അവിടം വൃത്തിയായി കാണപ്പെടാൻ ഞാൻ ആഗ്രഹിച്ചു. കാരണം, ആ ലോക്കപ്പ്മുറി എനിക്കു സ്മാരകഗൃഹമാണല്ലോ.

പൊലീസുകാർ ഭക്ഷണം കഴിക്കാനും സൊറ പറഞ്ഞിരിക്കാനും ഉപയോഗിക്കുന്ന വലിയ മേശ ലോക്കപ്പ്മുറിയുടെ മുന്നിലായി ഇപ്പോഴുമുണ്ട്. സന്ധ്യാസമയമായതിനാലാവാം അവിടം ഇപ്പോൾ ശൂന്യമാണ്.

ചെറിയൊരു ഗൃഹാതുരതയോടെ മകളോടൊപ്പം അവിടെ ചുറ്റിനടക്കേ, പെട്ടെന്ന് എന്റെയുള്ളിൽ ഒരു കറുത്ത കൊള്ളിയാൻ മിന്നി. ഈ ലോക്കപ്പ് മുറിയുടെ ഇരുമ്പഴികളിൽ ചാരി തളർന്നു നില്ക്കുന്ന മകൻ മിഥുന്റെ രൂപം അതോടെ മനസ്സിൽ തെളിഞ്ഞു.

തന്തയെ കിട്ടാത്തതിനാൽ മകനെ പിടിച്ചുകൊണ്ടുവന്നിരിക്കയാണ്. ഒന്ന് ഇരിക്കാൻപോലും സമ്മതിക്കാതെ സമാധാനപാലകർ അവനെ ചോദ്യം ചെയ്യുന്നു; ഭേദ്യം ചെയ്യുന്നു.

ഓർമ്മകൾക്കൊപ്പം എന്റെ ശ്വാസഗതിയും വേഗത്തിലായി.

ലോക്കപ്പ് മുറിയുടെ മുന്നിലെ സ്റ്റൂളിൽ ഇരുന്ന് അവന്റെ കണ്ണിൽ രാത്രികൾ വിളറിവെളുത്തത് ഇവിടെവച്ചാണ്.

മുകൾനിലയിലുള്ള ഡിവൈഎസ്‌പി ഓഫീസിന്റെ കോണിപ്പടികളിലൂടെ സമാധാനപാലകരാൽ പലതവണ അവൻ വലിച്ചിഴയ്ക്കപ്പെട്ടത് ഇവിടെവച്ചാണ്.

അവന്റെ ഉടുവസ്ത്രങ്ങൾ അഴിച്ചുമാറ്റപ്പെട്ടത് ഇവിടെവച്ചാണ്...

ആജാനുബാഹുവായ ഒരു സമാധാനപാലകൻ തന്റെ ബലിഷ്ഠകരങ്ങൾ അവന്റെ കഴുത്തിൽ മുറുക്കി മേല്‌പോട്ടുയർത്തിയപ്പോൾ കാലുകൾ തറയിൽനിന്നു പതിഞ്ഞ് ശ്വാസം കിട്ടാതെ അവൻ പിടഞ്ഞത് ഇവിടെവച്ചാണ്...

തറയിൽ കാലുകൾ നീട്ടി ഇരുത്തപ്പെട്ട അവന്റെ ഉള്ളംകാലിൽ ചൂരൽകൊണ്ട് പല ആവൃത്തി അടിയേറ്റത് ഇവിടെവച്ചാണ്...

ആസനസ്ഥനായ ഒരു സമാധാനപാലകൻ തന്റെ മുമ്പിൽ അവനെ മുട്ടിന്മേൽ നിർത്തി, അവന്റെ തല അയാളുടെ കാൽമുട്ടുകൾക്കിടയിൽ അമർത്തിവെച്ച്, അയാളുടെ കൈമുട്ടുകൊണ്ടുള്ള ഇടി അവന്റെ നട്ടെല്ലിനേറ്റതും ഇവിടെവച്ചാണ്....

കണ്ണിൽ ഊറിക്കൂടിയ രക്തത്തുള്ളികൾ അടർന്നുപതിക്കും മുമ്പേ മകളെയും കൂട്ടി ഞാൻ ആ സമാധാനപാലനകേന്ദ്രത്തിന്റെ പടികളിറങ്ങി'.

സാഹിത്യത്തെ ജീവിതംതന്നെയായി കണ്ട ജോസഫ് മാഷ് എഴുതിയ പിതാപുത്രബന്ധത്തിന്റെ ഈ പൊള്ളുന്ന ഓർമ വായിക്കുമ്പോൾ മിഖായേൽ ഷൊളഖോവിന്റെ 'ഒരു മനുഷ്യന്റെ വിധി' എന്ന കഥ നിങ്ങളെ തേടി വരാതിരിക്കില്ല. ഒപ്പം 'ബൈസിക്ക്ൾ തീവ്‌സും' 'കടൽത്തീരത്തും'.

നിർഭയവും നിരന്തരവുമായി വിധി അദ്ദേഹത്തെ കുതികാൽ വെട്ടിവീഴ്‌ത്തിക്കൊണ്ടേയിരുന്നു. എങ്കിലും പേന പിടിച്ചു വിടർന്ന കൈ മാത്രമേ മതതീവ്രവാദികൾക്കു വെട്ടിമാറ്റാൻ കഴിഞ്ഞുള്ളൂ. തൂമ്പ പിടിച്ചു തഴമ്പിച്ച കൈ തളർത്താൻ തീവ്രവാദികൾക്കോ പുരോഹിതർക്കോ വിധിക്കുപോലുമോ കഴിഞ്ഞില്ല. അതായിരുന്നു ജോസഫിന്റെ ആത്മവിശ്വാസത്തിന്റെ കൈ. 'അറ്റുപോകാത്ത ഓർമകൾ' ആ കൈ എഴുതിയതാണ്. രക്തം വിയർക്കുന്ന നാളുകളിൽപോലും ഈ മനുഷ്യൻ താൻ കടന്നുപോന്ന നരകാഗ്നിക്കു നടുവിൽ തന്റെ ചോരയിൽ പിറന്ന മക്കളുടെയും തന്റെതന്നെ ചോരയായ സഹോദരി സിസ്റ്റർ മാരിസ്റ്റെല്ലയുൾപ്പെടെയുള്ളവരുടെയും കൈപിടിച്ച് നട്ടെല്ലുയർത്തി നടന്നുപോകുന്നു.

അപ്പോഴും ഒരു യാഥാർഥ്യം ബാക്കിനിൽക്കുകയാണ്.

തന്റെ ആത്മകഥയുടെ ഒന്നാംഭാഗം ജോസഫ് ആരംഭിക്കുന്നത് ശിഷ്യനും പിന്നീട് സഹപ്രവർത്തകനുമായ ഒരു പുരോഹിതനിൽ നിന്നാണ്. അവസാനിപ്പിക്കുന്നത് ജയിൽവാർഡനായിത്തീരുന്ന മറ്റൊരു ശിഷ്യനിലും. രണ്ടാം ഭാഗത്തെ ഏറ്റവും ഹൃദയസ്പർശിയായ ആഖ്യാനങ്ങൾ പലതും പ്രിയപ്പെട്ട ശിഷ്യരെക്കുറിച്ചുള്ള അത്യധികം മാനുഷികമായ ഓർമകളുമാണ്. പലപ്പോഴും ഞാൻ ഓർത്തിട്ടുള്ളതും ഒന്നുരണ്ടു തവണ ജോസഫ് മാഷിനോട് നേരിട്ടു ചോദിച്ചിട്ടുള്ളതുമായ ഒരു കാര്യമുണ്ട്. ചോദ്യപേപ്പർ പുറത്തുകൊണ്ടുപോയി മതതീവ്രവാദികൾക്കു നൽകി പ്രവാചകനിന്ദ അതിലുണ്ട് എന്നുവരുത്തി ഇക്കാണായ ദുരന്തങ്ങൾക്കെല്ലാം നിമിത്തമായതും ദുരിതകാലങ്ങളിൽ അദ്ദേഹത്തെ നിഷ്‌ക്കരുണം തള്ളിപ്പറഞ്ഞതും ഏതെങ്കിലും ശിഷ്യർ തന്നെയായിരിക്കുമല്ലോ (അവരിലൊരാൾ അദ്ദേഹത്തിന്റെ സഹപ്രവർത്തകനുമായിരുന്നു). ഈ പുസ്തകത്തിന്റെയും ജോസഫ് മാഷിന്റെ ജീവിതത്തിന്റെ തന്നെയും ഏറ്റവും വലിയ വിപര്യയവും ഇതാണ്. താൻ ഏറ്റവും കൂടുതൽ സ്‌നേഹിക്കുകയും വിശ്വസിക്കുകയും സഹായിക്കുകയും ചെയ്തവരുടെ ചതി. ഉറ്റവർ എന്നു നാം കരുതുന്നവർ യഥാർഥത്തിൽ ഒറ്റുകാരായിരുന്നു എന്നു പിന്നീട് തിരിച്ചറിയുന്നതിലും വലിയ പരാജയം മനുഷ്യജീവിതത്തിൽ മറ്റെന്തുണ്ട്? ആ അർഥത്തിൽ നമ്മുടെ കുടിലകാലത്തോട് യുദ്ധം ചെയ്തു തോറ്റുപോയ ഒരു മനുഷ്യനുമാകുന്നു, ജോസഫ്. മുജ്ജന്മശത്രുക്കൾ മക്കളായിപ്പിറക്കുന്നുവെന്നത് പഴയ കല്പനയാണ്. മറ്റുപലരുടെയുമെന്നപോലെ ഈ അദ്ധ്യാപകന്റെയും കാര്യത്തിൽ, അവർ ശിഷ്യരും സഹപ്രവർത്തകരുമായിപ്പിറന്നു എന്നതാണ് 'അറ്റുപോയ ഓർമകൾ' നമ്മെ പഠിപ്പിക്കുന്ന ഏറ്റവും വലിയ ജീവിതപാഠം.

പുസ്തകത്തിൽ നിന്ന്:-

'മരിച്ചവരുടെ കരുത്ത്

2014 മാർച്ച് 20-ലെ വർത്തമാനപത്രങ്ങളുടെ ഒരു മുൻപുറ വാർത്ത കണ്ട് ഞെട്ടാത്തവർ ചുരുക്കമാണ്. ഏറ്റവും അധികം ആത്മഹത്യകൾ നടക്കുന്ന സംസ്ഥാനമാണ് കേരളമെങ്കിൽപോലും മിക്കവരുടെയും നെഞ്ചകം നൊന്തു. പ്രൊഫ. ടി.ജെ. ജോസഫിന്റെ സലോമി സ്വയം ജീവനൊടുക്കിയ സംഭവമായിരുന്നു വാർത്തയായത്. അയൽവക്കത്തു നടന്ന ഒരു ദുരന്തമെന്ന നിലയിൽ ഇതിനോടു പ്രതികരിക്കേണ്ട കടപ്പാട് ഡയോസിസൻ ബുള്ളറ്റിൻ തിരിച്ചറിയുന്നു.

സംഭവപശ്ചാത്തലം എല്ലാവർക്കുമറിയാം. തൊടുപുഴ ന്യൂമാൻ കോളജിലെ മലയാളം പ്രൊഫസറായിരുന്ന ടി.ജെ. ജോസഫ്, ബി.കോം രണ്ടാം സെമസ്റ്റർ വിദ്യാർത്ഥികളുടെ ഇന്റേണൽ പരീക്ഷയ്ക്കായി തയ്യാറാക്കിയ ചോദ്യക്കടലാസിൽ ചിഹ്നം ചെയ്യാൻ ഒരു ചോദ്യമുണ്ടായിരുന്നു. അതിന് നല്കിയ ഗദ്യഭാഗത്ത് മുഹമ്മദ് എന്ന പേര് അദ്ദേഹം സ്വന്തമായി കൂട്ടിച്ചേർത്തു. അത് പ്രവാചകനായ മുഹമ്മദ് നബിയെ അവഹേളിക്കുന്നതിനുവേണ്ടി മനഃപൂർവ്വം തിരുകി കയറ്റിയതാണെന്ന് മുസ്ലിം മത തീവ്രവാദികൾ വ്യാഖ്യാനിച്ചു. അവർ പ്രൊഫ. ജോസഫിനും കോളജ് അധികൃതർക്കുമെതിരെ ഭീഷണിമുഴക്കി പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. കുറെ കഴിഞ്ഞ് 2010 ജൂലൈ നാലിന്, അദ്ദേഹം കുടുംബസമേതം പള്ളിയിൽ പോയി മൂവാറ്റുപുഴ ഹോസ്റ്റൽപടിയിലുള്ള ഭവനത്തിൽ മടങ്ങിയെത്തുമ്പോൾ വീട്ടുപടിക്കൽ തടഞ്ഞുനിറുത്തി കുറേപ്പേർ അദ്ദേഹത്തെ വലിച്ചു പുറത്തിട്ട് ഭാര്യയും വൃദ്ധമാതാവും സഹോദരിയുമെല്ലാം നിസ്സഹായരായി നോക്കിനിൽക്കേ വലതുകൈപ്പത്തി വെട്ടിമാറ്റി അടുത്ത പുരയിടത്തിലേക്ക് എറിഞ്ഞശേഷം സ്ഥലം വിട്ടു. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട അദ്ദേഹത്തിന്റെ ഛേദിക്കപ്പെട്ട കൈപ്പത്തി തുന്നിച്ചേർക്കപ്പെട്ടെങ്കിലും ഇന്നും അത് ഉപയോഗയോഗ്യമായിത്തീർന്നിട്ടില്ല. കഷ്ടമെന്നു പറയട്ടെ, മതതീവ്രവാദികളെ പ്രീതിപ്പെടുത്താനെന്നമട്ടിൽ മാനേജ്‌മെന്റ് പ്രൊഫ. ജോസഫിനെ ജോലിയിൽനിന്നും പിരിച്ചുവിടുകയും ചെയ്തു. ചികിത്സ, ആശുപത്രിവാസം, വിമർശനം, അവഹേളനം, എവിടെയെത്തിയാലും വ്യത്യസ്ത ഭാവങ്ങളോടെയുള്ള ജനത്തിന്റെ തുറിച്ചുനോട്ടം, നൊമ്പരപ്പെടുത്തുന്ന അനുകമ്പാപ്രകടനങ്ങൾ, പൊലീസ് പ്രൊട്ടക്ഷൻ എന്ന ഒഴിയാബാധ എന്നിവയെല്ലാം കൊണ്ട് ആ കുടുംബം നരകയാതനയിലായി. ശമ്പളം നിലച്ചതോടെ പ്രൊഫ. ജോസഫും കുടുംബവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമായി. ഏതു ഭീഷണിക്കുമെതിരെ ഭർത്താവിനൊപ്പംനിന്ന സലോമി തൊഴിലുറപ്പുപദ്ധതിപ്രകാരമുള്ള ജോലിക്കു പോകാൻപോലും അവസരം തേടി. ഇതെല്ലാം അറിയുന്ന സ്ഥലത്തെ ചില സാമൂഹ്യപ്രവർത്തകർ പ്രൊഫസറെ ജോലിയിൽ തിരിച്ചെടുക്കാൻ നടത്തിയ ശ്രമങ്ങൾ കോളജ് മാനേജ്‌മെന്റിന്റെ കടുത്ത നിലപാടുമൂലം പരാജയപ്പെടുകയാണുണ്ടായത്. ഇതിനോടകം പ്രൊഫ. ജോസഫിന്റെ പുനർനിയമനപ്രശ്‌നം കേരളസമൂഹത്തിന്റെ മതനിരപേക്ഷതാമൂല്യത്തോടുള്ള പ്രതിബദ്ധതയുടെയും അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തിന്റെയും ഒരു പരിശോധനാകാര്യം (ലേേെ രമലെ) ആയിക്കഴിഞ്ഞിരുന്നു. 2013 നവംബർ 13-ന് തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പ്രൊഫ. ജോസഫിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് വിധി പ്രഖ്യാപിച്ചു. എന്നിട്ടും മാനേജ്‌മെന്റിന്റെ നിലപാടിൽ ഒട്ടും അയവുണ്ടായില്ല. 2014 മാർച്ച് 31-ന് ജോലിയിൽനിന്ന് വിരമിക്കേണ്ടിയിരുന്ന അദ്ദേഹത്തെ അതിനോടടുത്ത ദിവസമെങ്കിലും തിരികെ എടുത്ത് സർക്കാരിൽനിന്നു ലഭിക്കേണ്ട പെൻഷൻ ആനുകൂല്യങ്ങൾ സ്വീകരിക്കുന്നതിന് സാഹചര്യമൊരുക്കുമെന്നുള്ള പ്രത്യാശ പ്രൊഫ. ജോസഫിനും കുടുംബത്തിനുമുണ്ടായിരുന്നു. എന്നാൽ കാലം അതിക്രമിച്ചിട്ടും അതിനുള്ള ഒരു നീക്കവും മാനേജ്‌മെന്റ് ഭാഗത്തുനിന്നും ഉണ്ടായില്ല. ഇത് അവരെ ദുരിതത്തിന്റെ പടുകുഴിയിലാക്കി. നിരാശയും വിഘ്‌നങ്ങളും സലോമിയെ ഒരു വിഷാദരോഗിയാക്കി മാറ്റി. 2014 മാർച്ച് 19-ന് ജോസഫ് ദമ്പതികൾ ഡോക്ടറെ കണ്ട് മരുന്നുമായി വീട്ടിൽ മടങ്ങിയെത്തി നിമിഷങ്ങൾക്കകമാണ് സലോമി കുളിമുറിയിൽ തൂങ്ങിമരിച്ചത്.

കഷ്ടം! ഒരു ചെറുപരീക്ഷയുടെ ചോദ്യക്കടലാസിൽ ചേർത്ത ഒരു പേരിനെച്ചൊല്ലിയുള്ള വിവാദമാണ് ചോദ്യകർത്താവിന്റെ വലതുഹസ്തം വെട്ടിമാറ്റുന്നതിനും ജോലി നഷ്ടപ്പെടുന്നതിനും ഒടുവിൽ ജീവിതപങ്കാളിയുടെ പ്രാണത്യാഗത്തിനും ഇടയാക്കിയത്. തന്റെ പ്രിയന് ജോലിയിൽ തിരികെ പ്രവേശിക്കുന്നതിനും പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുമുള്ള സാധ്യത അവസാനിക്കുന്നു എന്ന തോന്നലാണ് സലോമിയെ ഈ ദുരന്തത്തിനു പ്രേരിപ്പിച്ചത്. പ്രൊഫ. ജോസഫിനെതിരെ മതനിന്ദയും മതസൗഹാർദ്ദ ധ്വംസനശ്രമവും ആരോപിച്ച് അദ്ദേഹത്തിന്റെ വലതുകരം വെട്ടിയെറിഞ്ഞ മുസ്ലിം തീവ്രവാദികളുടെ കിരാതത്വവും അദ്ദേഹത്തെ ജോലിയിൽ പുനഃപ്രവേശിപ്പിക്കുവാൻ ദയ കാണിക്കാത്ത കോളജ് മാനേജ്‌മെന്റിന്റെ കടുംപിടുത്തവും സലോമിയുടെ സ്വയംഹത്യയിൽ തുല്യ പങ്കുവഹിച്ചിട്ടുണ്ട്. പ്രൊഫ. ജോസഫ് മാർച്ച് 31-ന് ജോലിയിൽനിന്നു വിരമിക്കേണ്ടതാണ് എന്നറിഞ്ഞിരുന്നിട്ടും അദ്ദേഹത്തിന്റെ പുനർനിയമനപ്രശ്‌നത്തിൽ അടിയന്തര തീരുമാനമെടുക്കാൻ ഉത്സാഹിക്കാത്ത മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി അപ്പലറ്റ് ട്രിബ്യൂണലിനും അതിനുവേണ്ട സത്വരനിർദ്ദേശം നല്കാത്ത കേരള സർക്കാരിനും ഈ ദുരന്തത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനും സാധ്യമല്ല. സലോമിയുടെ പ്രാണത്യാഗത്തിൽ ഈ നാലു കൂട്ടരുടെയും പങ്ക്, ഒരു സമഗ്രമായ അന്വേഷണംവഴി നിർണ്ണയിക്കുവാൻ കോടതി ഉത്തരവിടേണ്ടതാണ്.

പുനർനിയമനത്തിന് തടസ്സമായത് കേസ് അപ്പലറ്റ് ട്രിബ്യൂണലിന്റെ പരിഗണനയിലിരുന്നതാണ് എന്ന മാനേജർ ഫാ. ഫ്രാൻസിസ് ആലപ്പാട്ടിന്റെ വിശദീകരണത്തിന് ഒട്ടുമേ വിശ്വാസ്യതയില്ല. കാരണം, ഒടുവിൽ മാർച്ച് 28-ന് പ്രൊഫ. ജോസഫിന്റെ പുനർനിയമനം അദ്ദേഹം നടത്തിയത് ട്രിബ്യൂണൽ തീരുമാനത്തിന് ശേഷമായിരുന്നില്ല. ഏതായാലും പത്തുദിവസം മുമ്പ് ഈ തീരുമാനം മാനേജ്‌മെന്റ് എടുത്തിരുന്നുവെങ്കിൽ സലോമിയുടെ വിലപ്പെട്ട ജീവൻ പൊലിയുകയില്ലായിരുന്നു.

ഒരു കാര്യം സലോമിയുടെ പ്രാണത്യാഗമാണ് ഭർത്താവിനെ ജോലിയിൽ പ്രവേശിപ്പിക്കുവാൻ പ്രേരകമായത്. ആ ദുരന്തം മാനേജ്‌മെന്റിന്റെ മനഃസാക്ഷിയിൽ ഏല്പിച്ച മുറിവോ അതിന്റെ പ്രത്യാഘാതമായുണ്ടാകാവുന്ന ജനരോഷം സംബന്ധിച്ച ഭയമോ അതോ അവ രണ്ടും ചേർന്നതോ എന്താണ് മാനേജ്‌മെന്റിന്റെ മനംമാറ്റത്തിന് യഥാർത്ഥ കാരണമെന്ന് അവർക്കേ പറയാനാവൂ. ഒന്നു തീർച്ച, മരിച്ച സലോമി ജീവിച്ചിരുന്ന സലോമിയെക്കാൾ ശക്തയാണ്. കാരണം ജീവിച്ചിരുന്നപ്പോൾ സാധിക്കാത്തത് മരണശേഷം അവൾക്ക് സാധിച്ചു, മാനേജ്‌മെന്റിന്റെ മനസ്സുമാറ്റാൻ.

ജോലിയിൽ പുനഃപ്രവേശിച്ചശേഷം വിരമിക്കുവാൻ സാധിച്ചതിൽ ജോസഫ് മാസ്റ്റർക്ക് അഭിനന്ദനങ്ങൾ. നിർഭാഗ്യകരമാംവിധം അതു വൈകിയതിന് അനുശോചനങ്ങൾ! സ്വന്തം ജീവൻ കൊടുത്ത് പുനഃപ്രവേശനം നേടിക്കൊടുത്ത സലോമിക്ക് ആദരാഞ്ജലികൾ. പ്രിയ ജോസഫ് മാസ്റ്റർ, ഏഷ്യാനെറ്റിന് നല്കിയ അഭിമുഖത്തിലെ താങ്കളുടെ വാക്കുകൾ ഞങ്ങളുടെ മനസ്സിൽ മാറ്റൊലികൊള്ളുന്നു. 'യുദ്ധം ജയിച്ചു. പക്ഷേ, രാജ്യം നഷ്ടപ്പെട്ടു'. നഷ്ടപ്പെടുത്തിയവർ അതു തിരിച്ചറിഞ്ഞെങ്കിൽ എന്നാശിക്കുന്നു. മതഭ്രാന്തന്മാരുടെ മനംമാറ്റത്തിനായി പ്രാർത്ഥിക്കുന്നു. ആരോടും പകയില്ലാത്ത മാസ്റ്ററുടെ നല്ല മനസ്സിനു മുമ്പിൽ ഞങ്ങൾ തലകുനിക്കുന്നു. താങ്കളെപ്പോലെയുള്ളവരിലാണ് ഞങ്ങൾ ക്രിസ്തുസാന്നിധ്യം കാണുന്നത്'.

അറ്റുപോകാത്ത ഓർമകൾ
ടി.ജെ. ജോസഫ്
ഡി.സി. ബുക്‌സ് 2019
വില 450 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP