Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

ആത്മയുദ്ധങ്ങൾ: പടനായകരും പലായികളും

ആത്മയുദ്ധങ്ങൾ: പടനായകരും പലായികളും

ഷാജി ജേക്കബ്‌

ധിഭൗതികവും അമൂർത്തവും വൈയക്തികവും മിത്തിക്കലും ഭാഷാനിഷ്ഠവുമായ പാരമ്പര്യംപോലെതന്നെ ഭൗതികവും മൂർത്തവും സാമൂഹികവും ചരിത്രപരവും ഭാഷണനിഷ്ഠവുമായ പാരമ്പര്യവും സാഹിത്യത്തിനുണ്ട്. പൊതുവെ യൂറോപ്യൻഭാവന തുടക്കം മുതൽ പുലർത്തിപ്പോരുന്നത് ഈ രണ്ടാം പാരമ്പര്യമാണെങ്കിൽ ആധുനികതവരെയും ഇന്ത്യൻഭാവനയിൽ മേൽക്കോയ്മ പുലർത്തിയത് ആദ്യപാരമ്പര്യമായിരുന്നു. പിന്നീടുള്ള കാലത്ത് ഇരുപാരമ്പര്യങ്ങളും ഒരുമിച്ച് മുന്നോട്ടൊഴുകിത്തുടങ്ങി. ഒരളവോളം ഒന്നാംപാരമ്പര്യത്തിൽനിന്നുള്ള വിച്ഛേദം തന്നെയായിരുന്നു ആധുനികത എന്നറിയപ്പെട്ടതുതന്നെ. പലപ്പോഴും ഇവ തമ്മിലുള്ള സയുക്തികമായ കലർപ്പും കൊടുക്കൽവാങ്ങലുകളും സംഭവിക്കുകയും ചെയ്യുന്നു.

സൗന്ദര്യകല എന്ന നിലയിൽ സാഹിത്യത്തെ സമീപിക്കുന്ന നിരൂപണത്തിന്റെ ചരിത്രവും സമാനമാണ്. ആധുനികതയിൽ മാത്രം നിരൂപണം രൂപംകൊണ്ട മലയാളം പോലുള്ള ഭാഷകളിൽ കഥ മറ്റൊന്നാണ്. സാഹിത്യത്തെ ഒരു സൗന്ദര്യവസ്തു എന്ന നിലയിൽകണ്ട് വിമർശനാത്മകമായി വിലയിരുത്തുന്ന ആദ്യ മലയാളരചന (ഒ. ചന്തുമേനോൻ ഇന്ദുലേഖക്കെഴുതിയ ആമുഖം-അവതാരിക) തന്നെ അതിന്റെ ലാവണ്യകലയെ സമീപിച്ചത് ചരിത്രാത്മകവും സാമൂഹികവും ഭൗതികവും മൂർത്തവുമായാണ്. തുടർന്നിങ്ങോട്ട് ചുരുക്കം ചില സന്ദർഭങ്ങളിൽ മാത്രമാണ് മലയാളനിരൂപണം സാഹിത്യത്തെ ഒരമൂർത്ത കലയായി കണ്ടു വിശകകലനം ചെയ്യുന്നത്. സി.പി. അച്യുതമേനോനും കേസരിയും മുണ്ടശ്ശേരിയും മാരാരും പോളും കുറ്റിപ്പുഴയും ഉൾപ്പെടുന്ന ഘട്ടങ്ങൾ നോക്കുക. മേല്പറഞ്ഞ ഇരുപാരമ്പര്യങ്ങളുടെയും സയുക്തികമായ കൂടിക്കലരൽ കാണാം. ഇക്കാലത്തു രൂപംകൊണ്ട യാന്ത്രിക ഭൗതികവാദികളായ ആദ്യകാല കമ്യൂണിസ്റ്റ് നിരൂപകരെയും എഴുത്തുകാരെയും വിട്ടുകളയുക. ഒറ്റക്കണ്ണൻ കാഴ്ചകൾക്ക് എക്കാലത്തും അത്രയേ കഴിയൂ. ഒരുപക്ഷെ ഭൗതിക-അധിഭൗതിക ഭാവലോകങ്ങളുടെ കൂടി സംഘർഷഭൂമിയായി മാറിയ ആധുനികതാവാദ കാലത്താണ് കുറെയെങ്കിലും ഊർജ്ജം ഒന്നാം പാരമ്പര്യത്തിനു മാത്രമായി മലയാളനിരൂപകർ ചെലവഴിച്ചത്. ഉത്തരാധുനികതയിലും ആ സ്ഥിതി തുടരുകയാണ്. ഏറ്റവുമൊടുവിൽ തസ്രാക്കിലെ വിജയൻ വിവാദം വെളിപ്പെടുത്തുന്നതും വാദഗതികളിൽ ദുർബ്ബലമെങ്കിലും എണ്ണത്തിൽ ആധുനികതാവാദകാലം മുതൽ ഒന്നാം പാരമ്പര്യക്കാർ അത്ര കുറവല്ല എന്ന വസ്തുതയാണ്. പക്ഷെ കൗതുകമെന്തെന്നുവച്ചാൽ സക്കറിയയെപ്പോലുള്ള ലിബറൽ ഭൗതികവാദികളെ എതിർക്കുന്നത് ആത്മീയവാദികൾ മാത്രമല്ല, കമ്യൂണിസ്റ്റ് ഭൗതികവാദികൾ മുതൽ കമ്യൂണിസ്റ്റ് വിരുദ്ധ മാനവികതാവാദികൾ വരെയാണ് എന്നതാണ്. ഹിന്ദുത്വവാദത്തിന്റെ പേരിൽ വിജയനെ വിമർശിച്ച സക്കറിയയെ ഇസ്ലാമിക പ്രീണനത്തിന്റെ പേരിൽ അവരിൽ ചിലർ പ്രതിക്കൂട്ടിൽ കയറ്റുന്നു. ഈവിധം സാഹിത്യമണ്ഡലത്തെ നിർണായകമായി സ്വാധീനിക്കുന്ന ആത്മ-അപരവാദങ്ങളുടെയും ബോധങ്ങളുടെയും സംഘർഷഭൂമിയിൽ നിന്ന് ബെന്നി ഡൊമനിക്കിന്റെ 'ആത്മശൈലങ്ങളിലെ യാത്രികർ' വായിച്ചുനോക്കൂ. സാഹിത്യം എഴുത്തല്ല, വായനയാണ് എന്ന് വളരെവേഗം ബോധ്യപ്പെടും.

രണ്ടുഭാഗങ്ങളിലായി പതിനെട്ടു പഠനലേഖനങ്ങൾ. ആറെണ്ണം വിശ്വസാഹിത്യത്തെക്കുറിച്ച്. നിക്കോസ് കസാൻദ് സാക്കീസ് മുതൽ സബാഹാറ്റിൻ ആലി(തുർക്കി)വരെയുള്ള എഴുത്തുകാരെക്കുറിച്ച്; ആഖ്യാനങ്ങളിലെ ക്രിസ്തു മുതൽ ആത്മയുദ്ധങ്ങളിലെ പടനായകർ വരെയുള്ളവരുടെ ഭാവലോകങ്ങളെക്കുറിച്ച്; നോവലിലെ ദേശഭാവന മുതൽ വിശ്വകവിതയിലെ രാഷ്ട്രീയമാനവികത വരെയുള്ള അനുഭവമണ്ഡലങ്ങളെക്കുറിച്ച്-ഈ ലേഖനങ്ങൾ ചർച്ചചെയ്യുന്നു.

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ എഴുത്തുകാരിലൊരാളായി ലോകം അംഗീകരിക്കുന്ന കസാൻദ് സാക്കീസിന്റെ രചനകളിലൂടെയുള്ള ഒരു ലാവണ്യസഞ്ചാരമാണ് ആദ്യലേഖനം. ദസ്തയവ്‌സ്‌കിക്കുശേഷം ദൈവാഭിമുഖമായി മനുഷ്യൻ നടത്തിയ ആത്മസഞ്ചാരങ്ങളുടെ ഇതിഹാസങ്ങൾ രചിച്ച കസാൻദ് സാക്കീസിന്റെ കാവ്യകലയുടെ വിശകലനം. ഗ്രീസിന്റെ ചരിത്രവും രാഷ്ട്രീയവും മുതൽ മർത്യാസ്തിത്വത്തിന്റെ നിത്യപ്രയാണങ്ങൾ വരെ; മിസ്റ്റിസിസത്തിന്റെ മൂടൽമഞ്ഞു മുതൽ ജീവിതാനന്ദത്തിന്റെ സൂര്യവെളിച്ചം വരെ; ഹിംസകളുടെ മരക്കുരിശു മുതൽ ആത്മബോധത്തിന്റെ ഉയിർത്തെഴുന്നേല്പുകൾ വരെ-കസാൻദ് സാക്കീസ് ദൈവത്തെയും രാഷ്ട്രത്തെയും ചരിത്രത്തെയും ഭാവനയെയും കുറിച്ചെഴുതിയവയെല്ലാം മനുഷ്യനെക്കുറിച്ചെഴുതിയതായിരുന്നു. പീഡിതരായ ജനതകൾ (രാഷ്ട്രീയം), പലായിയായ മനുഷ്യൻ (വ്യക്തി), പോരാളിയായ ക്രിസ്തു (ദൈവം) എന്നീ നിലകളിൽ തന്റെ കാലത്തെയും കല്പനയെയും കൂട്ടിയിണക്കിയ കസാൻദ് സാക്കീസിന്റെ മിക്ക കൃതികളെയും സ്പർശിച്ചുപോകുന്നു, ബെന്നി. ദസ്തയവ്‌സ്‌കി, കസാൻദ് സാക്കീസ്, സറമാഗു എന്നീ എഴുത്തുകാർ തമ്മിലുള്ള ഒരു സൂക്ഷ്മതാരതമ്യത്തിനും ഈ ലേഖനത്തിൽ ബെന്നി ശ്രമിക്കുന്നുണ്ട്.

രണ്ടാം ലേഖനത്തെ ഇതിന്റെ തുടർച്ചയായി കാണാം. ആഖ്യാനങ്ങളിൽ ക്രിസ്തു എങ്ങനെ മാംസവും രക്തവുമുള്ള മർത്യാനുഭവങ്ങളിൽ പുനർജ്ജനിക്കുന്നു എന്ന അന്വേഷണമാണിതിലുള്ളത്. പ്രത്യക്ഷവും പരോക്ഷവും പ്രതീകാത്മകവുമായ ക്രിസ്ത്വാനുകരണങ്ങളുടെ ഭാവലോകങ്ങൾ തേടുന്നു, ബെന്നി. ഹെമിങ്‌വേയുടെ കിഴവനിലും ബ്ലേക്കിന്റെ കടുവയിലും സാക്കീസിന്റെ ഫാദർ യാനറോസിലും സക്കറിയയുടെ പട്ടാളക്കാരനിലും വേശ്യയിലും സറമാഗോവിന്റെ യേശുവിലും കൂടി വളർന്നുപന്തലിക്കുന്ന മതേതരനും മാനവികനുമായ ഒരു ക്രിസ്തുവിനെക്കുറിച്ചുള്ള ചിന്തകളായി ഇതു മാറുന്നു.

ആത്മാന്വേഷണങ്ങളിൽ ഒഡിസിയൂസിനെപ്പോലെ ഐതിഹാസികമായി പങ്കുചേരുന്ന എത്രയെങ്കിലും കഥാപാത്രങ്ങളെക്കുറിച്ചാണ് മൂന്നാം ലേഖനം. ആത്മയുദ്ധങ്ങളിലെ പടനായകരാണവർ; പലായികളും. ഒരുപക്ഷെ ബെന്നിയുടെ സാഹിത്യനിരൂപണപദ്ധതിയുടെ താക്കോൽസ്ഥാനത്തുള്ളതും ഈയൊരു രൂപകമാണ്. വെർജിനിയവുൾഫിന്റെ 'മോഡേൺ ഫിക്ഷൻ' എന്ന പ്രബന്ധത്തിൽ റഷ്യൻ എഴുത്തുകാരുടെ ആത്മീയാന്വേഷണങ്ങളെക്കുറിച്ചു നടത്തുന്ന നിരീക്ഷണങ്ങൾ പിൻപറ്റിയുള്ള ഒരു സാഹിതീയവിചാരമാണ് ഈ ലേഖനം. ടോൾസ്റ്റോയിയുടെ 'ഇവാൻ ഇലിയിച്ചിന്റെ മരണം', ദസ്തയവ്‌സ്‌കിയുടെ 'കരമസോവ് സഹോദരന്മാർ', മിഖായേൽ ഷൊളൊഖൊവിന്റെ 'ഡോൺ' നോവലുകൾ, ബോറിസ് പാസ്തർനാക്കിന്റെ 'ഡോക്ടർ ഷിവാഗോ' തുടങ്ങിയ രചനകളാണ് ഇവിടെ വിശകലനം ചെയ്യപ്പെടുന്നത്. പ്രപഞ്ചത്തോടും ദൈവത്തോടും ലോകത്തോടുമെന്നല്ല, താനല്ലാത്ത എല്ലാത്തിനോടും യുദ്ധം ചെയ്യേണ്ടിവരുന്ന, ആയുധങ്ങളൊക്കെയും ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ആത്മായുധങ്ങൾ കൂടിയായി മാറുന്ന മനുഷ്യന്റെ ആത്യന്തികമായ വിധിയെക്കുറിച്ചാണ് ഈ കൃതികളോരോന്നും സംസാരിക്കുന്നത്.

ലോകനോവലിലെ വിഖ്യാതങ്ങളായ ചില ദേശകല്പനകളെക്കുറിച്ചാണ് അടുത്തലേഖനം. ഭാവനാഭൂപടങ്ങൾ എന്ന നിലയിൽ എഴുത്തിലും വായനയിലും നോവൽ സൃഷ്ടിച്ച ഭാവുകത്വവിപ്ലവങ്ങളിലൊന്നായിരുന്നല്ലോ സ്ഥലത്തിന്റെ ഈ സാംസ്‌കാരികനിർമ്മിതി. എഴുത്തുകാർ പുനർജനിക്കുന്ന ഇടമായി ബെന്നി ഭാവനയിലെ ഈ സ്ഥലഭൂമികകളെ വിലയിരുത്തുന്നു. 'ആഖ്യായികാകാരൻ ദേശത്തെ പകർത്തുന്നവനല്ല; ദേശത്തെക്കുറിച്ചുള്ള സങ്കല്പത്തെ സൃഷ്ടിക്കുന്നവനാണ്. അയാളുടെ ദേശം ഒരു 'ടെറിട്ടറി' മാത്രമല്ല. ഫിക്ഷനിൽ ദേശം വളരുകയാണ്. സത്യസന്ധമായ ചിത്രീകരണം എന്നൊക്കെ പറയുന്നത് ഭാവനാശൂന്യതയ്ക്ക് കൈയൊപ്പു ചാർത്താൻ വേണ്ടിയാവരുത്. എഴുത്തുകാരന്റെ ദേശത്തെക്കുറിച്ച് പറയുമ്പോൾ വിശാലമായ അർത്ഥത്തിൽ അയാൾ ജീവിച്ച, സഞ്ചരിച്ച, വായിച്ചറിഞ്ഞ, സ്വപ്നം കണ്ട, കലഹിച്ച, സ്‌നേഹിച്ച ഇടങ്ങളെല്ലാം അയാളുടെ ദേശമാണ്. മഹത്തായ നോവലുകളിൽ ഈ ദേശത്തിന്റെ അതിരുകൾ മങ്ങിമായുകയും പുതിയ വിതാനങ്ങളിലേക്ക് വളരുകയും ചെയ്യുന്നതു കാണാൻ കഴിയും. തന്റെ ദേശത്തോടുള്ള സ്‌നേഹത്തോടൊപ്പം വിദ്വേഷവും അയാളിൽ പുതിയൊരു ദേശസങ്കല്പത്തെ വിരിയിച്ചെടുക്കുവാൻ പ്രേരിപ്പിക്കുന്നുണ്ടാവും. എന്നിരിക്കിലും ചവുട്ടിനിൽക്കാൻ സ്വന്തം മണ്ണ് ഇല്ലാത്തിടത്തോളം ഈ കലഹം പോലും അസാധ്യമാണ് എന്ന തിരിച്ചറിവാണ് ആസാമിലേക്ക് പോയ 'പരിഷകളെ'പ്പോലെ എഴുത്തുകാരനെ തന്റെ പിതൃഭൂമിയിലേക്ക് തിരികെയെത്തിക്കുന്നത്. അയാൾ ഏതേതു ലോകങ്ങളിൽ സഞ്ചരിച്ചാലും ഇടപഴകിയാലും സ്വന്തം നാടിന്റെ പൈതൃകമോ പൈതൃകനിരാസമോ ഒരു പ്രബലഘടകമായി അയാളുടെ എഴുത്തിൽ തെളിഞ്ഞുവരാനാണ് സാധ്യത. പിതൃദേശവുമായി അയാളുടെ കലഹവും തീവ്രപ്രതികരണങ്ങളും ദേശസങ്കല്പത്തെ മാറ്റിവരയ്ക്കാൻ അയാളെ പ്രേരിപ്പിക്കുന്നുണ്ടെങ്കിലും എല്ലാ നല്ല എഴുത്തും സ്‌നേഹത്തിന്റെ പാരിജാത മലരുകൾ വിടർന്നുനിൽക്കുന്ന ഇടങ്ങളാണ്. ദേശം എഴുത്തുകാരനെ രൂപപ്പെടുത്തുകയും എഴുത്തുകാരൻ ദേശത്തെ മാറ്റിവരയ്ക്കുകയും ചെയ്യുന്നു. എഴുത്തിന്റെ രാസപ്രവർത്തനം ഇങ്ങനെയാണ് സംഭവിക്കുന്നത്. എല്ലാ മികച്ച എഴുത്തുകാരും ദേശത്തിന്റെ ഒരു മൂന്നാംതലം സൃഷ്ടിക്കുന്നവരാണ്'.

വിജയനിലും തകഴിയിലും ചിനു അച്ചേബയിലും നിന്നു തുടങ്ങുന്ന ഈ ദേശവിചാരം മാർക്കേസിന്റെ മക്കൊണ്ടൊ, ഹാർഡിയുടെ വെസക്‌സ്, ഫോക്‌നറുടെ യോക്‌നാപട്ടാഫാ, തോമസ്മന്നിന്റെ ദാവോസ്, ഗുമോറാ റോസയുടെ സെർതാവോ, ഇവാ ആൻഡ്രിച്ചിന്റെ ഡ്രീനാ എന്നീ സ്ഥലഭൂപടങ്ങളെ നോവലുകളിൽ നിന്നു വിടർത്തിയഴിച്ചെടുക്കുന്നു. (ജന)സംസ്‌കൃതിയുടെയും (ദേശ)ചരിത്രത്തിന്റെയും ഉഭയരാഷ്ട്രീയം സന്നിവേശിപ്പിച്ചുകൊണ്ടാണ് ഈ നോവലുകളോരോന്നും സ്ഥലഭാവനകളെ മനുഷ്യാനുഭവങ്ങളുടെ മഹാഗാഥകളാക്കി മാറ്റുന്നത്. ബെന്നി എഴുതുന്നു: 'ചരിത്രത്തിന്റെ നീരൊഴുക്കു വറ്റിയ വരണ്ട ഭൂപടങ്ങളല്ല എഴുത്തുകാരന്റെ വാക്കുകളിൽ വന്നു നിറയുന്നത്. ചരിത്രത്തിൽ ആരാലും തിരിച്ചറിയപ്പെടാതെ അമർന്നുകിടന്നിരുന്ന ഫോസിലുകളെ പൊക്കിയെടുത്തു/ഒപ്പിയെടുത്തു ജീവൻ കൊടുക്കുന്ന സ്പീൽബർഗിയൻ ദൗത്യമാണ് എഴുത്തുകാരന് നിർവഹിക്കാനുള്ളത്'.

'ലോകകവിതയുടെ ഛായാപടങ്ങൾ' എന്ന ലേഖനം കവിത നിർവഹിക്കുന്ന രാഷ്ട്രീയദൗത്യങ്ങളെക്കുറിച്ചുള്ള ഒരന്വേഷണമാണ്. പാബ്ലോനെരൂദയും ഗാർസിയാ ലോർക്കയും അഡോണിസും തങ്ങളുടെ കവിതകളിൽ പൊരുതുന്ന, തോറ്റ, വിലപിക്കുന്ന മനുഷ്യർക്കുവേണ്ടി ഉയർത്തിയ മാനവികതയുടെ താരസ്വരങ്ങളെക്കുറിച്ചുള്ള വിശകലനമാണീ ലേഖനം. വാൾട്ട് വിറ്റ്മാൻ മുതൽ മഹ്മൂദ് ദർവീഷും ഡെറക് വാൽക്കോട്ടും വരെയുള്ളവരുടെ കാവ്യകല്പനകളുടെ സൂചനകളും. നെരൂദയുടെ കവിതകളെക്കുറിച്ചുള്ള ചർച്ചയാണ് വിശ്വസാഹിത്യത്തെക്കുറിച്ച് ബെന്നി എഴുതിയ ആറു ലേഖനങ്ങളിൽ ഏറ്റവും മികച്ചത്. ചരിത്രത്തെയും ഭാവനയെയും അധികാരത്തെയും മാനവികതയെയും പ്രണയത്തെയും രാഷ്ട്രീയത്തെയും ഇത്രമേൽ കൂട്ടിയിണക്കിയ കാവ്യഭാവന മറ്റൊന്നില്ല എന്നു തീർപ്പുകല്പിക്കുന്നു, ബെന്നി.

ഒന്നാം ഭാഗത്തെ ഒടുവിലത്തെ ലേഖനം തുർക്കി നോവലിസ്റ്റായ സബാ ഹാറ്റിൻ ആലിയുടെ 'മഡോണ ഇൻ എ ഫർകോട്ട്' എന്ന നോവലിനെക്കുറിച്ചാണ്. ഓർഹൻ പാമുക്കിനെക്കാൾ വലിയ എഴുത്തുകാരനായിട്ടും പാമുക്കിന്റെ താരപ്രഭയിൽ മങ്ങിപ്പോയ ആലിയെ ലോകം തിരിച്ചറിയുന്ന കാലമാണിതെന്നു സൂചിപ്പിക്കുന്നു, നിരൂപകൻ.

രണ്ടാം ഭാഗത്തുള്ളത് മലയാളസാഹിത്യവിചാരങ്ങളാണ്. ഒ.വി. വിജയന്റെ 'എണ്ണ', മലയാളഭാവനയിൽ 'കാഴ്ച'ക്കു കൈവന്ന രാഷ്ട്രീയം, പി. സുരേന്ദ്രന്റെ കഥകൾ, എം. കൃഷ്ണനായരുടെ സാഹിത്യവിമർശനം, മലയാളനോവലിലെ കീഴാള-ബദൽജീവിതങ്ങൾ, മരണത്തിന്റെ ഭാവനാപാഠങ്ങൾ, ഒരു തുഞ്ചൻസാഹിത്യോത്സവം, ഗാന്ധിയുടെ ഒരു ജീവചരിത്രം, ഇ. സന്തോഷ്‌കുമാറിന്റെ ചിദംബരരഹസ്യം, ഇടശ്ശേരിക്കവിത, വൈലോപ്പിള്ളിക്കവിത, സുന്ദരികളും സുന്ദരന്മാരും എന്നിവയെക്കുറിച്ചുള്ള വിശകലനങ്ങളാണ് ഉള്ളടക്കം.

 ലൈംഗികതയുടെ പ്രതീകാത്മക രചനയായി കെ.പി. അപ്പനും അധികാരത്തിന്റെ പാഠരൂപമായി ആഷാമേനോനും വായിച്ച 'എണ്ണ'യെന്ന കഥയുടെ അർഥബഹുലതകളിലേക്കു കടന്നുപോകുന്നു, ബെന്നി. കമ്പോളനാഗരികതയുടെയും ഉപഭോഗസംസ്‌കാരത്തിന്റെയും ആസുരഭാവങ്ങൾ പകർന്നാടുന്ന രചനയായും കാലത്തിന്റെ ജീർണതയെ, ജീർണിച്ച ബിംബകല്പനകൾ കൊണ്ടുതന്നെ റദ്ദുചെയ്യുന്ന ഭാഷയുടെ രസവിദ്യയായും ആഗോളവൽക്കരണത്തിന്റെ പ്രവചനരൂപമായും 'എണ്ണ' വായിച്ചെടുക്കുകയാണ് ഈ ലേഖനം.

സാങ്കേതികവിപ്ലവം സഷ്ടിച്ചിരിക്കുന്ന കാഴ്ചയുടെ ആറാമിന്ദ്രിയത്തെക്കുറിച്ചാണ് അടുത്ത ലേഖനം. സറമാഗുവിന്റെ 'അന്ധത'യിൽ തുടങ്ങി ഫ്രെഡറിക് ജയിംസൺന്റെ കാഴ്ചയെക്കുറിച്ചുള്ള പ്രബന്ധത്തിലൂടെ സഞ്ചരിച്ച് ഓർഹൻ പാമുക്കിന്റെ 'മ്യൂസിയം ഓഫ് ഇന്നസെൻസി'ലൂടെ മുന്നേറി ഹോമറിന്റെയും മിൽട്ടൺന്റെയും ബോർഹെസിന്റെയും ആന്ധ്യങ്ങളുടെ കഥപറഞ്ഞ് മലയാളകവിതയിലേക്കു വരുന്നു, ബെന്നി. കടമ്മനിട്ട, ശങ്കരപ്പിള്ള, അയ്യപ്പപ്പണിക്കർ... കൊമാലയും ആരാച്ചാരും മുൻനിർത്തി കാമറയുടെ കലയും കാഴ്ചയുമായി മാറുന്ന കഥയുടെ കാലവും സാധ്യതകളും ലേഖനം തിരയുന്നു. ദറിദയുടെ പ്രസിദ്ധമായ 'Memories of the Blind' വിട്ടുപോകുകയും ചെയ്തിരിക്കുന്നു, ബെന്നി.

പി. സുരേന്ദ്രന്റെ കഥാലോകത്തെ അതിശയോക്തികൾ കൊണ്ടഭിഷേകം ചെയ്യുന്ന രചനയാണ് അടുത്തത്. ഇങ്ങനെയുമുണ്ട് ചില നിരൂപകർ. ഒരുശ്വാസത്തിൽ ദസ്തയവ്‌സ്‌കി മുതൽ സറമാഗു വരെയുള്ളവരെക്കുറിച്ചെഴുതും. അടുത്തശ്വാസത്തിൽ മലയാളത്തിലെ ഏതെങ്കിലും അതിസാധാരണ കഥാകൃത്തുക്കളെക്കുറിച്ചുമെഴുതും. ഒരേ സ്വരം. ഒരേ നിറം. ബെന്നി തെന്നിവീണത് സുരേന്ദ്രനിലാണ്. ഒന്നല്ല, രണ്ടു ലേഖനങ്ങളിൽ. എം. കൃഷ്ണൻനായരുടെ സാഹിത്യവിചാരങ്ങളെ മുൻനിർത്തി അദ്ദേഹത്തിന്റെ സർഗപ്രതിഭയെ സമഗ്രമായടയാളപ്പെടുത്തുന്നു, അടുത്ത ലേഖനം. മലയാളിസാഹിത്യവായനക്കാരുടെ അഭിരുചി സംസ്‌കരണത്തിൽ ഇത്രമേൽ സ്വാധീനം ചെലുത്തിയ മറ്റൊരാളില്ല. സാഹിത്യപത്രപ്രവർത്തനം എന്ന വ്യതിരിക്തമായ ഒരു ശാഖയിൽ ചരിത്രം സൃഷ്ടിച്ച അസാമാന്യനായ വായനക്കാരനായിരുന്നു കൃഷ്ണൻനായർ.

സാമൂഹ്യവ്യവസ്ഥിതികളിൽനിന്ന് സ്വയം കലഹിച്ചു പുറത്തുപോയി ബദൽജീവിതങ്ങൾ കെട്ടിപ്പടുക്കുന്ന കഥാപാത്രങ്ങളെ മലയാളനോവലിൽനിന്നു കണ്ടെടുക്കുന്നു, ഇനിയൊരു ലേഖനം. സംസ്‌കൃതിയിൽനിന്നു പ്രകൃതിയിലേക്കു വഴിമാറി നടക്കുന്നു, ഖസാക്കിലെ രവി. അരികുകളിൽ തമസ്‌കരിക്കപ്പെടാതെ, സമാന്തരമായി ജീവിതം കുഴച്ചുണ്ടാക്കുന്ന മൂന്നു കഥാപാത്രങ്ങളാണ് 'കേറ്റങ്ങളുടെ മുന്നു ദശാബ്ദങ്ങ'ളിലുള്ളത്. അധഃസ്ഥിതർ വീണ്ടെടുക്കുന്ന ആത്മബോധത്തിന്റെ സ്വരങ്ങളാണ് 'കരിക്കോട്ടക്കരി'യിൽ മുഴങ്ങുന്നത്. തങ്ങളുടെ ഗോത്ര, വംശ സ്വത്വങ്ങളെ ആധുനികതയോടുള്ള കലഹങ്ങളാക്കി മാറ്റുന്നു, 'കൊച്ചരേത്തി'യിലെ ആദിവാസിജനത. ഭാഷയിലും ചരിത്രത്തിലും പ്രതിരോധമാക്കി വളർത്തുന്ന ഈ സ്വത്വബോധം തന്നെയാണ് 'മാവേലിമന്റ'ത്തിന്റെയും രാഷ്ട്രീയം.

എൻ. ശശിധരൻ നിർവഹിച്ചുനശിപ്പിച്ച സ്മാരക പ്രഭാഷണത്തിൽ തുടങ്ങിയ ഒരു തുഞ്ചൻ ഉത്സവത്തിന്റെ സാംഗത്യമേതുമില്ലാത്ത റിപ്പോർട്ടാണ് വേറൊരു രചന.

ഗാന്ധി ആധുനികതയോടു വിയോജിച്ചുനിന്നതിന്റെ മാനങ്ങളന്വേഷിക്കുന്നു, ഇനിയൊരു ലേഖനം. മർത്യബന്ധങ്ങളിലെ ഗൂഢനാടകങ്ങളെക്കുറിച്ചുള്ള ദീർഘോപന്യാസങ്ങളായി രചിക്കപ്പെട്ട 'ചിദംബരരഹസ്യം', 'കുന്നുകൾ, നക്ഷത്രങ്ങൾ' എന്നിവയുടെ നിരൂപണമാണ് അടുത്തത്. നിരവധി വിഖ്യാതരചനകളുമായി തുലനം ചെയ്തുകൊണ്ട് ആധുനികാനന്തര മലയാള കഥാസാഹിത്യത്തിലെ ഏറ്റവും മികച്ച എഴുത്തുകാരിലൊരാളായ സന്തോഷ്‌കുമാറിന്റെ രചനകൾ ബെന്നി സൂക്ഷ്മമായവലോകനം ചെയ്യുന്നു. ദാമ്പത്യത്തിന്റെ ആത്മയുദ്ധങ്ങളാണ് ഇരുകൃതികളുടെയും രംഗഭൂമിക. 'ആ ഭ്രാന്തൻ തിരകൾ കരയിറങ്ങുമ്പോൾ പഴയപടി ഞങ്ങൾ പെരുമാറി. പക്ഷേ, യഥാർത്ഥത്തിൽ മനുഷ്യർ തമ്മിലുള്ള ബന്ധത്തിന് വലിയ അടരുകളുണ്ടെന്നും, ഉടുപ്പുകൾ പോലെ നാം ധരിക്കുന്ന ചിരിക്കും വാക്കുകൾക്കുമപ്പുറത്ത്, ഉടയാടകളഴിഞ്ഞുപോയ ശരീരത്തിന്റെ മണവും മടുപ്പും ബാക്കിനിൽക്കുന്നുവെന്ന കണ്ടെത്തൽ.... എല്ലാം പഴയതുപോൽ തന്നെയെന്ന് അഭിനയിക്കുമ്പോഴും ഉള്ളിലെവിടെയോ ദഹിക്കാതെ കിടന്ന വെറുപ്പും കാലുഷ്യവും.... അരനൂറ്റാണ്ടിലേറെ ഒപ്പം പൊറുത്തിരുന്ന, സഹിച്ചിരുന്ന രണ്ടു വലിയ ഏകാന്തതകൾ... വലിയ രണ്ടു നിശ്ശബദതകൾ'.

ഇടശ്ശേരിയുടെ കാവ്യപ്രതിഭ മലയാളത്തിൽ വേണ്ടത്ര പരിഗണിക്കപ്പെട്ടില്ല എന്ന നിരീക്ഷണം മുന്നോട്ടുവച്ചുകൊണ്ട് 'പള്ളിക്കൂടത്തിലേക്ക്', 'പൂതപ്പാട്ട്', 'കുറ്റിപ്പുറംപാലം' തുടങ്ങിയ കവിതകൾ പുനർവായിക്കപ്പെടേണ്ടതിന്റെ ആവശ്യം ബെന്നി ചൂണ്ടിക്കാണിക്കുന്നു.

മലയാളകാവ്യഭാഷയുടെ ഏറ്റവും പ്രഫുല്ലമായ കാലത്തിന്റെ പ്രതിനിധികളായി ഇടശ്ശേരിയെയും വൈലോപ്പിള്ളിയെയും കണ്ടുകൊണ്ട് വൈലോപ്പിള്ളിക്കവിതക്കു ചുറ്റും നടത്തുന്ന ഒരു 'പ്രദക്ഷിണ നമസ്‌കാര'മാണ് 'എന്തുകൊണ്ട് വൈലോപ്പിള്ളി?'. ധൂസരമായ സംസ്‌കാരത്തിന്റെയും കാലത്തിന്റെയും കാവ്യവിമർശനങ്ങളെന്ന നിലയിൽ പാരമ്പര്യങ്ങളും ആധുനികതയും തമ്മിലുള്ള സംഘർഷത്തിന്റെ ഡോക്യുമെന്ററികളായി വൈലോപ്പിള്ളിക്കവിതകളെ വിലയിരുത്തുന്നു, ലേഖനം. 'മലയാളിയുടെ സ്വത്വം, സംസ്‌കാരം, ഗ്രാമീണജീവിതം, വൈവിധ്യമാർന്ന ലോകാവബോധം-ഇവയുടെ കറയറ്റ അവതാരപൂർണ്ണിമയായിരുന്നു വൈലോപ്പിള്ളി. സരളവും ജീവസ്സുറ്റതുമായ ജീവിത മുഹൂർത്തങ്ങളുടെ സുന്ദരവനികയായി ആ കവിത പരിലസിച്ചു. കേരളീയ ജീവിതത്തിന്റെ സമസ്ത സത്യ സൗന്ദര്യങ്ങളെയും നിസർഗ്ഗ സുന്ദരമായ കാവ്യ മഹിമയോടെ നെറ്റിപ്പട്ടം കെട്ടി എഴുന്നള്ളത്തിന് നിറുത്തി. സരളവും സമ്മോഹനവുമായ ഒരു ജീവിതവീക്ഷണത്തിന്റെ നിറങ്ങൾ ഒരു മഹാചിത്രകാരനെപ്പോലെ കടുപ്പിക്കാത്ത വർണ്ണങ്ങളിൽ ചാലിച്ച് വരച്ചുചേർത്തു ഈ 'വരകവി': വിഷയ സ്വീകരണത്തിലും പരിചരണത്തിലും അത്ഭുതകരമായ വൈവിധ്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് മരണം ഭരിക്കുന്ന മന്ദിരത്തിലും ജഗന്മംഗല വസന്തത്തെക്കുറിച്ച് പാടുന്ന ഒരു കാവ്യഭാഷ അങ്ങനെ രൂപപ്പെട്ടു. അകമേ പരിണാമം വരുത്തി, മനുഷ്യന് സ്വാസ്ഥ്യം നൽകുന്ന ശുശ്രൂഷികയാണ് എല്ലാ അർത്ഥത്തിലും വൈലോപ്പിള്ളിക്കവിതയെന്നത് ഇനിയും പറയേണ്ടതില്ലല്ലോ'.

ഉറൂബിന്റെ 'സുന്ദരികളും സുന്ദരന്മാരും' എന്ന നോവലിനെക്കുറിച്ചാണ് അവസാന ലേഖനം. ജീവിതത്തിന്റെ അർഥമന്വേഷിച്ചുള്ള യാത്രകളാണ് നോവലിലെ കഥാപാത്രങ്ങളുടേത്. ഓഷ്‌വിറ്റ്‌സിന്റെ ഇരയായിരുന്ന വിക്ടർ ഇ. ഫ്രാങ്ക്ൽന്റെ ''Man's search for Meaning', ബിമൽമിത്രയുടെ 'ഘടിദിയെ കിൻലാം' തുടങ്ങിയ രചനകളുടെ വായനയുമായി 'സുന്ദരി'കളുടെ വായനയെ ഈ ലേഖനം താരതമ്യം ചെയ്യുന്നു. ബെന്നി എഴുതുന്നു: 'ഈ നോവലിൽ അടിക്കടി കടന്നുവരുന്ന നൃത്തരംഗങ്ങൾക്ക് അതിന്റെ സാധാരണ അർത്ഥത്തെ അതിവർത്തിക്കുന്ന മറ്റൊരു അർത്ഥതലം കൂടിയുണ്ടെന്ന് തോന്നിപ്പോയിട്ടുണ്ട്. ശരീരം അതിന്റെ വിലക്കുകളെ അഴിച്ച് കളഞ്ഞ് പുതിയൊരു സാധ്യതയിലേക്ക് വിടർന്ന് വിരിയലാണല്ലോ നൃത്തമെന്നത്. കോസ്മിക് റിഥത്തോട് (പ്രപഞ്ചതാളം) സമരസപ്പെടാനുള്ള വെമ്പലാണോ അത്? പ്രണയനഷ്ടത്തെ അതിജീവിക്കാനുള്ള ഒരു മാർഗ്ഗവുമാവാം അത്. എന്തായാലും ഈ നൃത്തത്തെ സവിശേഷമായി ശ്രദ്ധിക്കേണ്ടതുണ്ട് എന്നുമാത്രം പറയട്ടെ. നൃത്തരംഗങ്ങളെ വർണ്ണിക്കുമ്പോൾ ഉറൂബിന്റെ ഭാഷയും നൃത്തമാടുകയാണെന്നു തോന്നും. ആ 'പാറിവീഴുന്ന സ്‌നിഗ്ദ്ധപക്ഷ്മളങ്ങളായ കണ്ണുകളും, ഇണപ്രാവുകളെപ്പോൽ ചലിക്കുന്ന കാലടികളും, ഇളകിയാടുന്ന മനുഷ്യാത്മാവിൽ നിന്ന് ചിതറുന്ന വർണ്ണോജ്ജ്വലങ്ങളായ പരാഗങ്ങളും' ഒക്കെക്കൂടി അതാണുദാഹരിക്കുന്നത്.

ജീവിതം ഏതു വഴിക്കും പൊയ്‌ക്കൊള്ളട്ടെ, അതിന് ഒരു അർത്ഥം കല്പിച്ചുനൽകാൻ വിധിക്കപ്പെട്ട മനുഷ്യരാണ് തങ്ങൾ എന്നൊരു ബോധം ഇവരിൽ അന്തർലീനമായിരിക്കുന്നു. ഈയൊരു മനോഭാവമാണ് ഇവരെ സുന്ദരികളും സുന്ദരന്മാരുമാക്കിത്തീർക്കുന്നത്.

ഉറൂബിന്റെ നോവലിനെ ചരിത്രനോവൽ എന്നു മാത്രം വിശേഷിപ്പിക്കുന്നത് ഉചിതമല്ല. ചരിത്രത്തിന്റെയും ദേശത്തിന്റെയും വിപുലമായ ക്യാൻവാസിനുള്ളിൽ നിന്നുകൊണ്ട് മറ്റൊരു ചരിത്രസൃഷ്ടി നടത്തുകയായിരുന്നു ഉറൂബ് എന്നു വേണമെങ്കിൽ പറയാം.

ചരിത്രത്തെ ഭാവനാപരമായി പുനഃസൃഷ്ടിക്കുവാനും ചരിത്രത്തെയും ജനതയെയും സംബന്ധിച്ചൊരു പുതിയ ഉൾക്കാഴ്ച മുന്നോട്ടുവയ്ക്കാനും ഉറൂബിനു കഴിഞ്ഞു. അത് ചരിത്രത്തിന്റെ മൂന്നാം തലമാണ് (Third Dimension). ചരിത്രമല്ല. ഇങ്ങനെ ചരിത്രത്തിന്റെ മൂന്നാം തലം സൃഷ്ടിച്ചവരായിരുന്നു ഫോക്‌നറും ടോൾസ്റ്റോയിയും മാരിയോ വർഗസ്സ് യോസയും മറ്റും. ചരിത്രം എന്താണ് എന്നുള്ളതിനെക്കാൾ എന്തായിരിക്കണം എന്ന വിഭാവനം കൂടി അവരുടെ രചനയെ സ്വാധീനിച്ചിട്ടുണ്ട്. എന്തായാലും സുന്ദരികളും സുന്ദരന്മാരും എന്ന നോവൽ ചരിത്രത്തിന്റെ പാവകളിയല്ല. ചരിത്രത്തിന്റെ അസ്ഥിപഞ്ജരം നമ്മെ നോക്കി ഭീതിദമാം വണ്ണം ചിരിക്കുന്നില്ല ഈ നോവലിൽ'.

പരന്ന വായനയും സാഹിത്യത്തോടുള്ള അദമ്യമായ പ്രണയവും വഴി ആധുനികതയുടെ സാംസ്‌കാരിക ഭാവുകത്വത്തിന്റെ മികച്ച വക്താവായി മാറാൻ ബെന്നിക്കു കഴിയുന്നുണ്ട്. ഒറ്റയൊറ്റ കൃതികളെയും എഴുത്തുകാരെയും കുറിച്ചുള്ള നിരൂപണങ്ങളെക്കാൾ ഈ പുസ്തകത്തിൽ ശ്രദ്ധേയമാകുന്നത് ചില സവിശേഷ പ്രമേയങ്ങളെയും സമീപനങ്ങളെയും നിരവധി കൃതികളിലേക്കും എഴുത്തുകാരിലേക്കും സംക്രമിപ്പിക്കുന്ന വിമർശനപഠനങ്ങളാണ്. ക്രിസ്ത്വാനുകരണം മുതൽ മരണരതി വരെ; മാനവികത മുതൽ ആത്മയുദ്ധങ്ങൾ വരെ; ദേശഭാവനകൾ മുതൽ ബദൽജീവിതങ്ങൾ വരെ; പുനർവായനകൾ മുതൽ ഭാഷാരാഷ്ട്രീയങ്ങൾ വരെ.

എങ്കിലും ആത്മരതിയുടെ തോത് കുറച്ചും അല്പഭാവനകൾക്കു നൽകുന്ന അമിതപ്രശംസ ഒഴിവാക്കിയും അർഥശൂന്യമായ സാഹിത്യസംഭവവിവരണങ്ങൾ വേണ്ടെന്നുവച്ചും എഡിറ്റുചെയ്തിരുന്നുവെങ്കിൽ നിശ്ചയമായും കുറെക്കൂടി മികച്ച ഒരു സാഹിത്യവിമർശനഗ്രന്ഥമാകുമായിരുന്നു, 'ആത്മശൈലങ്ങളിലെ യാത്രികർ'.

പുസ്തകത്തിൽ നിന്ന്:-

'ഫെദറികൊ ഗാർസിയ ലോർകയെ ഫാഷിസ്റ്റ് ഭരണകൂടം വധിക്കുമ്പോൾ പാബ് ലൊ നെരൂദ പ്രകോപിതനായി മാറി. അതുവരെ ഒരു റൊമാന്റിക് അനാർക്കിസ്റ്റായിരുന്ന നെരൂദ കമ്മ്യൂണിസ്റ്റ് അനുഭാവിയായി മാറുന്നു. 'എനിക്ക് കലഹിക്കുകയും പോരാടുകയും ചെയ്യേണ്ടിയിരുന്നു. സ്‌നേഹിക്കുകയും പാടുകയും ചെയ്യേണ്ടിയിരുന്നു. ലോകത്തിന്റെ തകർച്ചയും വിജയവും പരാജയവും ഞാൻ കണ്ടു. അപ്പവും രക്തവും രുചിച്ചു ഞാൻ. ഒരു കവിക്ക് ഇതിൽ കൂടുതൽ എന്താണ് വേണ്ടത്?' നെരൂദ ചോദിക്കുന്നു. നെരൂദ സ്‌പെയിനിലെ അക്കാലത്തെ രാഷ്ട്രീയ സംഭവങ്ങളോട് വളരെ കൃത്യമായി പ്രതികരിച്ചു. ദരിദ്രവും എന്നാൽ സമാധാനപൂർണ്ണവുമായിരുന്ന സ്‌പെയിനിനെക്കുറിച്ച് കവി എഴുതി. സ്‌പെയിനിന് ചരിത്രപരമായ സമൃദ്ധിയും മഹത്തായ ഒരു ഭൂതകാലവുമുണ്ടായിരുന്നു. ചരിത്രഗ്രന്ഥങ്ങളോട് നെരൂദയ്ക്ക് അഗാധമായ അഭിനിവേശമുണ്ടായിരുന്നു. ചിലിയുടെ ചരിത്രം ആഴത്തിൽ അറിയാനുള്ള ശ്രമങ്ങൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി.

നെരൂദയുടെ ഹൃദയവും ധിഷണയും ചരിത്രത്തിന്റെ നാൾവഴികളിൽ മുങ്ങിനിവർന്നു. മനുഷ്യചരിത്രത്തിലെ ഏറ്റവും നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തിന്റെ-ആരക്കാനിയന്മാരും സ്പാനിഷ് അധിനിവേശകരും തമ്മിലുള്ള നൂറ്റാണ്ടുകൾ നീണ്ടുനിന്ന സംഘർഷം-നെരൂദയ്ക്ക് അജ്ഞാതമായിരുന്നില്ല. ഈ ചരിത്രബോധം നെരൂദയിലെ കവിയെ രൂപപ്പെടുത്തുന്നതിൽ കുറഞ്ഞൊന്നുമല്ലാ സഹായകരമായിട്ടുള്ളത്. നെരൂദയിൽ കവിത ഒരു കവിയുടെ ജീവചരിത്രവും അതേസമയം ഒരു രാജ്യത്തിന്റെ ചുവരെഴുത്തുമായി മാറുന്നത് അങ്ങനെയാണ്. 'I am large, I contain multitudes' എന്ന് വാൾട്ട് വിറ്റ്മാൻ എഴുതുമ്പോൾ അത് നെരൂഗയുടെ കവിതയ്ക്കും ചേർത്തുവെയ്ക്കാവുന്ന മുഖവാക്യമായിത്തീരുന്നു. നെരൂദയുടെ കവിതയ്ക്കുള്ള ചരിത്രസ്വഭാവം (ഹിസ്റ്റോറിസിറ്റി) എടുത്തുപറയേണ്ടതാണ്. ചരിത്രം കുഴിച്ചു ചെല്ലുമ്പോൾ നൂറ്റാണ്ടുകളായി ജനതകൾ അനുഭവിച്ചിരുന്ന ദുരിതപർവ്വങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയേക്കാം. കാന്റോ ജനറലിലും മറ്റും ഈ ചരിത്രത്തിന്റെ മായാത്ത കാൽപ്പാടുകൾ കാണാം. 'Poetry mtsu be born out of suÅering' കാലാകാലങ്ങളായി മനുഷ്യർ അനുഭവിക്കുന്ന യാതനകൾ കവിതകളായി പരിണമിക്കും. നെരൂദ അങ്ങനെ വിശ്വസിച്ച ആളാണ്.

ഫാഷിസ്റ്റ് ഭരണകൂടം അഴിച്ചുവിടുന്ന ക്രൂരമർദ്ദനങ്ങളോ വേട്ടായാടലുകളോ ഒരു യഥാർത്ഥ വിപ്ലവകാരിയെ തളർത്തുന്നില്ല. എതിർക്കുന്നവരെ ഇല്ലായ്മചെയ്യുകയോ അവസാനമില്ലാത്ത പീഡനങ്ങൾക്കിരയാക്കുകയോ ചെയ്യുന്നു. അത്തരം ഭരണകൂടങ്ങളാൽ ഫെദറികൊ ഗാർസിയ ലോർകയും മിഗുവെൽ ഹെർണാണ്ടസ്സും ഒക്കെ വേട്ടയാടപ്പെട്ടു. ഗാർസിയ ലോർകയുടെ മരണത്തേക്കുറിച്ചുള്ള ഗവൺമെന്റിന്റെ ഭാഷ്യം തെറ്റായിരുന്നു എന്നു പറഞ്ഞതിനാണ് മിഗ്വെൽ ഹെർണാണ്ടസ്സിനെ ചിലിയൻ ഗവൺമെന്റ് കൊന്നത്. നെരൂദയ്ക്കും കടുത്ത അനുഭവങ്ങളുണ്ടാകാതിരുന്നില്ല 'എന്റെ വീട് അവർ ചുട്ടെരിച്ചു. എന്നെ അവർ പീഡനങ്ങൾക്കിരയാക്കി ഒന്നിലധികം തവണ എന്നെ അവർ തടങ്കലിൽ വെച്ചു. എന്നെ നാടുകടത്തി. ആയിരക്കണക്കിന് പൊലീസ് അന്വേഷിക്കുന്ന നോട്ടപ്പുള്ളിയായി ഞാൻ' നെരൂദ ഒരിക്കൽ പറഞ്ഞു. ഇതൊക്കെയായിട്ടും കവിയുടെ മനസ്സ് തളരുന്നില്ല. ഒരിക്കൽ, ചിലിയുടെ പ്രസിഡണ്ടായി നിങ്ങൾ തിരെഞ്ഞെടുക്കപ്പെടുകയാണെങ്കിൽ എഴുത്തു തുടരുമോ എന്ന ചോദ്യത്തിന് എഴുത്ത് എനിക്കെന്റെ ജീവവായു ആണ് എന്ന് നെരൂദ മറുപടി നൽകുന്നുണ്ട് (പാരീസ്‌റിവ്യൂ).

അതുപോലെ ജന്മനാ കവിയായിട്ടുള്ളവന് കവിത വന്നു വിളിക്കുമ്പോൾ ഇറങ്ങിപ്പോകാതിരിക്കാനാവില്ല. ആരക്കാനിയൻ മലനിരകളിൽ നിന്നോ മാക്കു പീക്കുവിന്റെ ഉയരങ്ങളിൽ നിന്നോ, ഭൂമിയുടെ അത്യഗാധതകളിൽ നിന്നോ ഖനിത്തൊഴിലാളികളുടെ വേദനാപൂർണ്ണമായ നിശ്വാസങ്ങളിൽ നിന്നോ ഫാഷിസത്തിന്റെ തെരുവുകളിൽ നിന്നോ ആയിരിക്കാം കവിത കവിയെതേടിയെത്തുന്നത്.

'And it was at that age.... Poetry arriv-ed
it came in search of me, I don't know, I don't know where
It came from, from winter or a riv-er
I don't know how or when
no, they were not voices, they were nto
words, nor silence,
but from ats reet I was summoned,
from rhe branches og nigth
abruptly from the othser
among violent firse
or returning alone
there I was without a face
and it otuched me' (La Poesia)

കവിത കവിയെ തേടി വരികയാണ്. കവി കണ്ടെത്തുന്നതല്ല. അതുകൊണ്ടാണ് നെരൂദയുടെ കവിതകളിൽ കടലിന്റെയും മത്സ്യത്തിന്റെയും പക്ഷികളുടെയും രൂപത്തിൽ ആവർത്തിച്ചുവരുന്ന ബിംബങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ബിംബങ്ങളിൽ ഞാൻ വിശ്വസിക്കുന്നില്ല എന്ന് കവി പറയുന്നത് (റീത്താ ഗിബർട്ടുമായുള്ള അഭിമുഖം) കോളനീകരിക്കപ്പെട്ട ഒരു ജനതയുടെ ചരിത്രമാണ് 'കാന്റോ ജനറൽ' പറയുന്നത്. അമേരിക്കൻ ജനതയുടെ ചരിത്രപരവും സാമൂഹികവുമായ യാഥാർത്ഥ്യം ഇതിൽ അവതരിപ്പിക്കുന്നു. ലാറ്റിനമേരിക്കയുടെ ദുരിതങ്ങളും പ്രതീക്ഷകളും കവിയിലൂടെ ശബ്ദം കൈവരിക്കുന്നു. മാക്കു പീക്കുവിന്റെ ഉയരങ്ങളിൽ മരിച്ചവരുടെ പ്രാമാണികനായ വക്താവായി മാറുന്നു നെരൂദ. കാന്റോ ജനറൽ നെരൂദയുടെ ഏറ്റവും മികച്ച കവിതയാണെന്നു പറയാം. ചരിത്രത്തെ ഭാവഗീതത്തിലേക്ക് മൊഴിമാറ്റം ചെയ്യാനുള്ള ആദമ്യമായ ആഗ്രഹമാണ് കാന്റോ ജനറൽ എന്നു പറയാറുണ്ട്. കവിത ഇവിടെ പ്രാകൃതികശക്തികളുടെ പ്രവാഹോർജ്ജം സംഭരിച്ച് ഒരു ഭൂഖണ്ഡത്തിന്റെ ഭാഗധേയത്തെയും സ്വപ്നങ്ങളെയും ജീവത്താക്കി മാറ്റുന്ന രാസപ്രക്രിയയ്ക്ക് വിധേയമാക്കുന്നു. ചിലിയുടെ സ്വപ്നങ്ങളെ, യാഥാർത്ഥ്യങ്ങളെ അതിന്റെ സസ്യജന്തുജാലങ്ങളെ കവി ആവാഹിച്ചു വരുത്തുന്നു. ഇതിൽ ചിലിയുടെ വേരുകൾ ഭൂമിയുടെ ആഴങ്ങളിലേക്ക് ആണ്ടിറങ്ങുന്നു. അവിടെ നിന്നത് മറ്റ് ഇടങ്ങളിലേക്ക് വ്യാപിക്കുന്നു.

പൂർവ്വകൊളംബിയ അമേരിക്ക മനുഷ്യരും മൃഗങ്ങളും തമ്മിൽ വലിയൊരു മൈത്രിയിൽ, ഒരു തരം നിഷ്‌കളങ്കാവസ്ഥയിൽ നിലനിന്നിരുന്നുവെന്നും പിൽക്കാലത്ത്, കൊളോണിയൽ കാലത്ത് സ്പാനിഷ് അധിനിവേശകരുടെ മുതലാളിത്ത ആധിപത്യം ആ പഴയ നിഷ്‌ക്കളങ്കതയെ തകർത്ത് മുന്നേറുന്നതായും നെരൂദ മനസ്സിലാക്കുന്നു. അതോടെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യമാർന്ന ഒരു ജീവനം അപകടത്തിലാവുന്നു. ചരിത്രത്തിൽ എല്ലാക്കാലത്തും ഇത്തരം വിപരീതസന്ധികളുണ്ടാവാറുണ്ട്. ഡിക്കൻസിന്റെ കാലത്ത് വ്യവസായ വിപ്ലവം മനുഷ്യബന്ധങ്ങളിലെ ആത്മീയതയെ ചവുട്ടി മെതിക്കുന്നതുപോലെ ആഗോളവത്ക്കരണത്തിന്റെ ഈ നാളുകളിൽ കോർപറേറ്റുകൾ വരുത്തിത്തീർത്ത് സാമൂഹ്യസാംസ്‌കാരിക ഭീഷണിയുടെ മറ്റൊരു പതിപ്പായിരുന്നു നെരൂദ ഉൾക്കിടിലത്തോടെ തിരിച്ചറിഞ്ഞത്.

സ്‌പെയിനിന്റെയോ ചിലിയുടെയോ ഗാഥകളല്ല വാസ്തവത്തിൽ നെരൂദ പാടുന്നത്. വിശാലമായ അർത്ഥത്തിൽ അവയെല്ലാം ഭൂമിയുടെ ആത്മാവിനെ തൊട്ടറിയുന്നവയാണ്. ലോകത്തിന്റെ ഹൃൽസ്പന്ദനങ്ങൾ കേൾക്കാൻ കവിക്ക് തന്റെ ജന്മദേശത്തിന്റെ അതിരുകൾക്കപ്പുറത്തേയ്ക്ക് പോകണം. അവർ എന്നോട് വെനസ്വേലയെക്കുറിച്ചു സംസാരിച്ചു. ചിലിയെക്കുറിച്ച്, പരാഗ്വയെക്കുറിച്ച് സംസാരിച്ചു. അവരെന്താണ് പറയുന്നതെന്ന് എനിക്ക് മനസ്സിലായില്ല.

'I know only the skin of earth
and I know it is without a name'

നെരൂദയുടെ പ്രണയകവിതകളിൽ വൈയക്തികമായ അനുഭവത്തെ അതിവർത്തിച്ച് വളരെ വലിയൊരു ക്യാൻവാസിലേക്ക് പ്രണയത്തിന്റെ വിവക്ഷകൾ വ്യാപിക്കുന്നു. കാമുകിയുടെ ശരീരവർണ്ണനയിലൂടെ ജന്മദേശത്തിന്റെ ഭൂപ്രകൃതികളെ പ്രത്യാനയിക്കുന്നു. പ്രണയം ഇവിടെ ജന്മദേശത്തോളം വിപുലമാവുന്ന കാഴ്ച, പ്രണയം ഭൂമിശാസ്ത്രവും രാഷ്ട്രീയവുമായ അർത്ഥതലങ്ങളോളം വികസിതമാവുന്ന കാഴ്ച നമ്മെ അത്ഭുതാധീനരാക്കും.

'Body of a woman, white hills, white thighs
You looks like a world, lying in surrender
My rough Peasant's body digs in you
and makes the son leap from the depth of the earth'

"Naked you are as thin as bare wheat
Naked, you are blue like a cuban night"

എന്നും ഉള്ള വരികളിൽ വ്യക്തിയിൽ നിന്നും രാഷ്ട്രത്തോളം എത്തുന്ന പ്രവാഹസന്നദ്ധമായി നിൽക്കുന്ന പ്രണയോർജ്ജത്തെ കാണാതിരിക്കാനാവില്ല.
ഈ ജനുസ്സിൽപ്പെട്ട മറ്റൊരു കവിത നോക്കൂ:
ഹാ! സരളദ്രുമങ്ങളുടെ അപരിമിതത്വം
തീരത്തു വന്നു വീഴുന്ന തിരമാലകളുടെ മർമ്മരം
പ്രകാശങ്ങളുടെ മന്ദഗതിയിലുള്ള പ്രസരം
ഏകാന്തമായമണിനാദം, നിന്റെ കണ്ണുകളിൽ
നിന്നു വീഴുന്ന സാന്ധ്യപ്രകാശം
വിവ: എം. കൃഷ്ണൻനായർ
(അഗ്നിശിഖയാർന്ന സ്വർണം)
ഫ്രാങ്കോയുടെ അതിനിന്ദ്യമായ ക്രൂരതകളോട് നെരൂദ പ്രതികരിച്ചത് അശുദ്ധ കവിതകൾ (Impure Poetry) രചിച്ചുകൊണ്ടാണ്. സ്‌പെയിനിലെ ആഭ്യന്തരയുദ്ധത്തെ തുടർന്ന് റൊമാന്റിക് കവിതകളുടെ ഭവനത്തിൽനിന്നും ഇറങ്ങി നടന്ന കവി അശുദ്ധകവിതയുടെ തീരത്ത് ചെന്നെത്തി. വിയർപ്പും പുകയും നിറഞ്ഞ, ലില്ലിപ്പൂവും മൂത്രവും മണക്കുന്ന.... പഴന്തുണി പോലെ അശുദ്ധമായ കവിതയുടെ ലോകത്തേക്ക് കവി പ്രവേശിക്കുന്നു. മാനുഷികതയ്‌ക്കെതിരായ ക്രൂരമായ ആക്രമണങ്ങൾ കവിയെ തെരുവിലേക്ക് ഇറങ്ങി നടക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. ചരിത്രത്തിന്റെ ജനകീയ രൂപം കവി അവതരിപ്പിക്കുകയായിരുന്നു'.

ആത്മശൈലങ്ങളിലെ യാത്രികർ
ബെന്നി ഡൊമിനിക്
ലോഗോസ് ബുക്‌സ്, പാലക്കാട്
വില: 180 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP