Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

ഉടലരങ്ങുകളും അരങ്ങുടലുകളും

ഉടലരങ്ങുകളും അരങ്ങുടലുകളും

ഷാജി ജേക്കബ്‌

രങ്ങും സ്ത്രീയും തമ്മിലുള്ള ബന്ധംപോലെ ഇത്രമേൽ പ്രശ്‌നഭരിതമായ മറ്റൊരു സാംസ്‌കാരികമണ്ഡലം മലയാളത്തിൽ മറ്റൊന്നില്ല എന്നുതന്നെ പറയാം. ക്ലാസിക്കൽ കലകൾ അരങ്ങിൽനിന്ന് സ്ത്രീയെ സമ്പൂർണമായും ഒഴിവാക്കിനിർത്തിയെങ്കിലും ഫോക്‌വേദികൾ സ്ത്രീയെ അത്രമേൽ തമസ്‌കരിച്ചില്ല. പക്ഷെ അവ കലയെന്നതിനെക്കാൾ ജീവിതത്തിന്റെ ദൈനംദിനാവസ്ഥകളുടെ ആവിഷ്‌ക്കാരങ്ങളായിരുന്നു എന്നു മറക്കരുത്. ജനപ്രിയകലകളാകട്ടെ, സ്ത്രീയെ കാഴ്ചയുടെ കാമനകളിൽ വസ്തുവൽക്കരിക്കുകയോ പ്രരൂപവൽക്കരിക്കുകയോ മാത്രം ചെയ്തു. ആധുനിക നാടകവേദി, സിനിമാതീയറ്ററുകൾ പോലെയില്ലെങ്കിലും ഏറെക്കുറെ സന്തുലിതമായി ആധുനിക കേരളീയ കലാ(പൊതു)മണ്ഡലത്തിനു രൂപം കൊടുത്തപ്പോഴും സ്ത്രീ നിരവധിയായ പ്രശ്‌നഭൂമികകളിൽ തന്നെ തളഞ്ഞുകിടന്നു. നാടകവേദികളിൽ സ്ത്രീവേഷത്തിൽ സ്ത്രീകളായിരുന്നില്ല തുടക്കത്തിൽ സന്നിഹിതരായിരുന്നത്. പിന്നീടാണ് അഭിനേതാക്കളായി ധാരാളം സ്ത്രീകൾ നാടകരംഗത്തെത്തിയതും വിപണിയുടെയും സിനിമയുടെയും പിൻബലത്തിൽ സ്ത്രീയുടെ രംഗസാന്നിധ്യം ഒട്ടൊക്കെ പ്രശ്‌നരഹിതമായിത്തീർന്നതും. അപ്പോഴും നാടകത്തിന്റെയും അരങ്ങിന്റെയും കർതൃത്വം സ്ത്രീക്കു കൈവന്നിരുന്നില്ല. സംശയരഹിതമായി പറയാം, സ്ത്രീകൾ രചിച്ച നാടകങ്ങളാണ് ഇന്നും മലയാളത്തിലെ ഏറ്റവും ശുഷ്‌കമായ സാഹിത്യശാഖ-നാടകശാഖയും. കഴിഞ്ഞ കാൽനൂറ്റാണ്ടുകാലത്തു രൂപംകൊണ്ട സ്ത്രീനാടകവേദി, എഴുത്തുകാർ, അഭിനേതാക്കൾ, സംവിധായകർ, സാങ്കേതികപ്രവർത്തകർ, നിരൂപകർ എന്നീ നിലകളിലെല്ലാം സ്ത്രീയുടെ കർതൃശേഷി കുറെയൊക്കെ പ്രയോജനപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്നും മലയാളത്തിലെ ഏറ്റവും പ്രശ്‌നഭരിതമായ സാംസ്‌കാരിക മേഖലകളിലൊന്നാണ് 'സ്ത്രീനാടക'വും 'നാടകസ്ത്രീ'യും.

കെ. സരസ്വതിയമ്മ, ലളിതാംബിക അന്തർജനം, മാധവിക്കുട്ടി എന്നിവരെഴുതിയ ചില സാഹിതീയ നാടകങ്ങൾ മാറ്റിനിർത്തിയാൽ മലയാളത്തിൽ അരങ്ങുമായി ബന്ധപ്പെട്ട് സ്ത്രീയുടെ ഇടപെടൽ യാഥാർഥ്യമാക്കുംവിധം ഭാവനചെയ്യപ്പെട്ട ഒരേയൊരു നാടകരചന മാത്രമേ പുസ്തകരൂപത്തിൽ പ്രസിദ്ധീകൃതമായിട്ടുള്ളു. കെ. വി. ശ്രീജയുടെ ഓരോരോ കാലത്തിലും. അവിശ്വസനീയമായിത്തോന്നാമെങ്കിലും ഇതാണ് വസ്തുത. രണ്ടാമതൊരു നാടകഗ്രന്ഥം പ്രസിദ്ധീകൃതമാകുന്നത് ഇതാ, ഇപ്പോഴാണ്. സജിത മഠത്തിൽ എഴുതിയ 'അരങ്ങിലെ മത്സ്യഗന്ധികൾ'.

Stories you may Like

നാലുനാടകപാഠങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ഹ്രസ്വവും ദീർഘവുമായവ. എല്ലാം ഏകാങ്കനാടകങ്ങൾ. ഒരെണ്ണം ഏകാംഗനാടകവും. കഴിഞ്ഞ ഒന്നരപതിറ്റാണ്ടിലെഴുതിയവ. 2002-ൽ ദക്ഷിണാഫ്രിക്കയിലെ ആഗോള ഉച്ചകോടിയിൽ പങ്കെടുത്തെഴുതിയ 'മത്സ്യഗന്ധികൾ', ടെലിവിഷന്മാധ്യമത്തിൽ സജീവമായിരുന്ന 2008-ലെഴുതിയ 'ചക്കീ-ചങ്കരൻ', 2010-ലെഴുതിയ 'മദേഴ്‌സ്‌ഡേ', പെരുമ്പാവൂരിലെ ജിഷവധത്തിന്റെ പശ്ചാത്തലത്തിലെഴുതിയ 'കാളിനാടകം' എന്നിവ. ഓരോന്നും രാഷ്ട്രീയതീവ്രമായവ. ആത്മഭാഷണം മുതൽ ഉഭയഭാഷണം വരെയും സറ്റയർ മുതൽ പാരഡിവരെയും റിപ്പോർട്ടാഷ് മുതൽ പാസ്റ്റിഷ് വരെയും കോമഡി മുതൽ ട്രാജഡിവരെയും ക്ലാസിക്കൽകല്പനകൾ മുതൽ ഫോക്‌രൂപകങ്ങൾ വരെയും കാവരങ്ങു മുതൽ ഡിജിറ്റൽ സ്‌ക്രീൻ വരെയും നാടൻപാട്ട് മുതൽ എപ്പിക് പാഠാന്തരത വരെയും... അരങ്ങിലെ മത്സ്യഗന്ധികൾ എഴുത്തിന്റെയും രംഗാവതരണത്തിന്റെയും കലയിൽ സ്വാംശീകരിക്കുന്ന ആഖ്യാനഭാവുകത്വങ്ങൾ നിരവധിയാണ്.

നാടകരചനയെ (സാഹിത്യത്തെ) നാടകമായി നിരൂപണം ചെയ്യുന്നതിൽ സാംഗത്യമുണ്ടോ? നിശ്ചയമായും പരിമിതികളുണ്ട്. തിരക്കഥയെ സിനിമയായി നിരൂപണം ചെയ്യുംപോലെ വ്യർഥമല്ലേ അത്? അരങ്ങിൽ കിട്ടുന്ന പ്രയോഗപാഠമാണ് നാടകമെന്ന കലയെ മൗലികമാക്കുന്നത്; അതിന്റെ ഗ്രന്ഥപാഠത്തെക്കാൾ. അവതരണത്തിനുള്ള രൂപരേഖമാത്രമാണ് നാടകസാഹിത്യം. അതുകൊണ്ട് തിരക്കഥാരചനക്കെന്നപോലെ നാടകരചനയ്ക്കും 'സാഹിത്യം' എന്ന പദവിയാണ് കൂടുതൽ യോജിക്കുക. സിനിമയിൽനിന്നു വേറിട്ട് തിരക്കഥയെ കാണാനാവാത്തതുപോലെ നാടകകലയിൽ നിന്നു വേറിട്ട് നാടകകൃതിയെയും കാണുക വയ്യ. സിനിമ കാണാതെ തിരക്കഥാനിരൂപണം ചെയ്യുംപോലെയാണ് നാടകം കാണാതെ നാടകസാഹിത്യം നിരൂപണം ചെയ്യുന്നതും. എങ്കിലും സാഹിത്യം, രംഗകല എന്നീ രണ്ടു മണ്ഡലങ്ങളെയും കൂട്ടിയിണക്കുന്ന സാംസ്‌കാരികപാഠം എന്ന നിലയിൽ ഈ നാടകഗ്രന്ഥത്തെ സമീപിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

'മത്സ്യഗന്ധികൾ' നോക്കൂ. തിരുവനന്തപുരത്തെ ഒരു മത്സ്യത്തൊഴിലാളിസ്ത്രീയുടെ അണപൊട്ടിയൊഴുകുന്ന സങ്കടങ്ങളുടെ ആത്മഭാഷണമാണ് ഈ നാടകം. കടലോരത്തിന്റെയും കടലോരമനുഷ്യരുടെയും ആസന്ന മരണങ്ങളുടെ ചരിത്രഭാഷണവും. കടൽക്കരയാണ് രംഗം. അവിടെനിന്ന് മീൻ വാങ്ങി ചരുവത്തിലിട്ട് ബസ്‌സ്റ്റോപ്പിലെത്തിയെങ്കിലും മീൻ നാറുന്നുവെന്നു കുറ്റപ്പെടുത്തി അവരെ ബസിൽ കയറ്റുന്നില്ല. നാറുന്നതു തന്നെയല്ല, കടൽ കയ്യേറുന്ന ഭരണകൂടത്തെയും അതിനു ഹാലേലുയ്യ പാടുന്ന സമൂഹത്തെയും തന്നെയാണെന്നു സ്ഥാപിക്കുന്നു, അവൾ.

വള്ളത്തിൽ കടലിൽ പോയപ്പോൾ ട്രോളിങ് ബോട്ട് ഇടിച്ചുകൊന്നതാണ് അവളുടെ ഭർത്താവിനെ. കരയിൽ പതിവ്രതയായി കാവലിരുന്നിട്ടും കടൽ അവളുടെ കണവനെ കാത്തില്ല. വീട്ടിൽ പ്രായം തികഞ്ഞ മകളും ഇളയതുങ്ങളുമുണ്ട്. കടൽത്തീരത്ത് ടൂറിസം തഴച്ചുവളരുകയാണ്. കടലെടുക്കുന്ന ജീവിതത്തെ വാരിവിഴുങ്ങാനെന്നോണം കടപ്പുറത്ത് തുറമുഖവും വരുന്നുവെന്ന് അവളറിയുന്നു. കടലിന്റെ മക്കളെ നാടുകടത്തി കടപ്പുറം ഭരണകൂടവും ടൂറിസം വിപണിയും ഹാർബറും കയ്യടക്കുന്നു. മിത്തും ചരിത്രവും ഭൂതവും വർത്തമാനവും മാത്രമല്ല ഭാവിയും രാഷ്ട്രീയവൽക്കരിക്കപ്പെടുന്നു, 'മത്സ്യഗന്ധിയിൽ'.

ഭിന്നങ്ങളായ രംഗപശ്ചാത്തലങ്ങളുടെ ഏകീഭാവം കൊണ്ടും ആത്മഭാഷണപരമായ കഥനം കൊണ്ടും ഏകാംഗാഭിനയത്തിന്റെ കലകൊണ്ടും ശരീരത്തിനു കൈവരുത്തുന്ന രൂപകാത്മകതകൊണ്ടും മത്സ്യഗന്ധി കൈവരിക്കുന്ന നാടകീയതയുടെ അവതരണത്തികവാണ് ഈ രചനയുടെ സർഗസാധ്യതകളെ പൂരിപ്പിക്കുന്നത്. ഉടലിനെ അരങ്ങായും അരങ്ങിനെ ഉടലായും മാറ്റുന്ന മാന്ത്രികകല 'കാളിനാടക'ത്തെയെന്നപോലെ മത്സ്യഗന്ധികളെയും മലയാളത്തിലെ സ്ത്രീനാടകപ്രസ്ഥാനത്തിലെ ക്ലാസിക്കാക്കിത്തീർക്കുന്നു.

മീൻവലയിൽ കുരുങ്ങിക്കിടക്കുന്ന നടിയിൽ തുടങ്ങുന്ന നാടകം, അധിനിവേശത്തിന്റെ ഇരമ്പലുകളും മുരളലുകളും പ്രേക്ഷകരുടെ ആത്മാവിലേക്കു പടർത്തിവിട്ടുകൊണ്ട് പഞ്ചേന്ദ്രിയങ്ങളുടെയും അനുഭവാവിഷ്‌ക്കാരം ലക്ഷ്യമിട്ടു മുന്നേറുന്നു. കാഴ്ചയും കേൾവിയും സ്പർശവും ഗന്ധവും രുചിയും മത്സരിച്ചാർക്കുന്ന മുഹൂർത്തങ്ങളിലൂടെ ജീവിതത്തിന്റെയും സമൂഹത്തിന്റെയും ചരിത്രത്തിന്റെയും വിചാരണ സാധ്യമാക്കുന്നു. കിടന്നും ഇരുന്നും നടന്നും നിന്നും ചിരിച്ചും കരഞ്ഞും ക്ഷോഭിച്ചും മുടിയഴിച്ചിട്ടലഞ്ഞും ഭ്രാന്തുപിടിച്ചും മത്സ്യഗന്ധിയിലേക്കു പരകായപ്രവേശം നടത്തുന്ന അവൾ പ്രേക്ഷകരോടും കടലിനോടും മാത്രമല്ല സ്ഥലത്തോടും കാലത്തോടും ഒരേസമയം സംവദിക്കുന്നു.

'ട്രോളർ ബോട്ടുകൾ ഇടിച്ചു തെറിപ്പിച്ച ചുണ്ടൻ വള്ളത്തിലെ എന്റെ മുക്കുവനെ തിരിച്ചു കൊണ്ടുവരാൻ നിങ്ങൾക്കു പറ്റുമോ? ട്രോളർ വലകൾ കൊന്നുനശിപ്പിക്കുന്ന കുഞ്ഞുമീനുകളെ ജീവൻവെപ്പിച്ചു വലുതാക്കി എന്റെ കൊട്ടയിലെത്തിക്കാൻ നിങ്ങൾക്കാവുമോ? കസ്തൂരിഗന്ധിയായി നിങ്ങളെന്നെ സ്വീകരിക്കേണ്ട. മുക്കുവത്തി മുടി അഴിച്ചിട്ടുനിന്നാൽ കടലമ്മ കോപിക്കും പോലും. എങ്കിലിനി മുടി അഴിഞ്ഞുതന്നെ കിടക്കട്ടെ. കടലമ്മ കോപിക്കട്ടെ! ട്രോളർ ബോട്ടുകളെ, വിദേശക്കപ്പലുകളെ എല്ലാം മറിച്ചിടട്ടെ, അവന്റെ മീൻ നാറ്റം! അവർ പ്രേക്ഷകരുടെ അടുത്തേക്ക്, കൈയിൽ വിളക്കും മീൻ വിൽക്കുന്ന വലിയ പാത്രവുമായി.

ഈ നാറ്റം എന്റെ കൊട്ടയിൽനിന്നല്ല. കടലു ചീഞ്ഞതിന്റെ നാറ്റമാണ്. ട്രോളർ വലകൾ കൊന്നു നശിപ്പിക്കുന്ന കുഞ്ഞുമീനുകളുടെ നാറ്റമാണ്. മത്സ്യഗന്ധികളുടെ സ്വപ്നം ചീഞ്ഞളിഞ്ഞ നാറ്റമാണ്... ചീഞ്ഞളിഞ്ഞ നാറ്റമാണ്...'.

'ചക്കീ-ചങ്കരൻ', 'ഫാമിലിറിയാലിറ്റിഷോ' എന്ന രീതിയിൽ ഒരു ടെലിവിഷൻ സ്റ്റുഡിയോയിൽ അരങ്ങേറുന്ന ദീർഘമായ 'ടെലിഡ്രാമ'യാകുന്നു. 'മത്സ്യഗന്ധികളി'ൽ വർഗനിഷ്ഠവും കാമാതുരവും ഭോഗസ്സക്തവുമായ കണ്ണുകൾ നേരിട്ടാണ് നാടകം കാണുന്നതെങ്കിൽ 'ചക്കീ-ചങ്കരനി'ൽ കാമറയും കണ്ണുകളും മാറിമാറിയാണ് കാഴ്ചയെ നിർണയിക്കുന്നത്. റിയാലിറ്റിഷോ ചിത്രീകരിക്കുന്ന സ്റ്റുഡിയോ ഫ്‌ളോറിൽ നടക്കുന്ന സംഭവങ്ങളും ഫ്‌ളോറിലെ വലിയ സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്ന ദൃശ്യങ്ങളും റിയാലിറ്റിഷോയുടെ ഭാഗങ്ങളും മാറിമാറി വരുന്നു, നാടകത്തിൽ. നാടകത്തിനുള്ളിലെ നാടകം, സിനിമ എന്നിവപോലെ ടെലിവിഷനാണ് ഇവിടെ ആഖ്യാനസങ്കേതം. ടെലിവിഷനിൽ തന്നെയും ആ മാധ്യമത്തിനു പുറത്തും അകത്തും നിന്നുള്ള കാഴ്ചകളായും മാറുന്നു. ഡിജിറ്റൽ നാടകവേദിയിലേക്കുള്ള പരിണാമമായും കാണാം ഈ രംഗകലാപരീക്ഷണത്തെ.

റിയാലിറ്റിഷോയുടെ അവതാരകയും അവളുടെ സഹായിയുമാണ് നാടകത്തിലുടനീളമുള്ള കഥാപാത്രങ്ങൾ. ബാക്കിയുള്ളവരെല്ലാം ഇവർക്കു മുന്നിൽ പ്രത്യക്ഷരായി തങ്ങളുടെ ജീവിതത്തെ ദൃശ്യസംവാദ(മേഹസവെീം)ങ്ങളാക്കി മാറ്റി പിന്മാറുന്നു. മാറിമാറി ആറു രംഗങ്ങളിലായി സ്ത്രീജീവിതത്തിന്റെ ആറു ഭിന്ന സന്ദർഭങ്ങളുടെ സംവാദാത്മകാവിഷ്‌കാരമാണ് നാടകം ലക്ഷ്യമിടുന്നത്. പരീക്ഷണം നടക്കുന്നത് അരങ്ങിലും ആഖ്യാനത്തിലുമാണ്.

റിയാലിറ്റി ടെലിവിഷന്റെ ആഖ്യാനകലയെ സമർഥമായി നാടകവൽക്കരിക്കുന്നു, സജിത. ഒട്ടൊക്കെ സങ്കീർണവും കാഴ്ചയിൽ അതിസൂക്ഷ്മതയാവശ്യപ്പെടുന്നതുമാണ് ചക്കീ-ചങ്കരന്റെ ഘടന. നാടകവേദിയെ, അതിന്റെ സാമ്പ്രദായികമായ പരിമിതികളെ, കാഴ്ചയുടെ സാധ്യതകളെ, വീഡിയോ/ഡിജിറ്റൽ സംപ്രേഷണം കൊണ്ടു പൂരിപ്പിക്കുകയോ മറികടക്കുകയോ ആണ് നാടകം. ക്ലോസപ്പ് ദൃശ്യങ്ങളും സ്ഥലചലനങ്ങളും സംഗീതവും മറ്റും മറ്റുമായി മുന്നേറുന്ന ടെലിനാടകം.

സമൂഹം - ജീവിതം - നാടകം - വീഡിയോ - ടെലിവിഷൻഷോ എന്നിവയോരോന്നും കോർത്തിണക്കി മുന്നേറുന്ന രംഗങ്ങൾ. ചക്കീ-ചങ്കരന്റെ പ്രമേയവും രാഷ്ട്രീയവും അവതാരക ഇങ്ങനെ പ്രഖ്യാപിക്കുന്നുണ്ട്.

'ഒട്ടനവധി സംഘർഷഭരിതമായ സന്ദർഭങ്ങളിലൂടെയാണ് ഈ തലമുറയിലെ ചിന്തിക്കുന്ന സ്ത്രീകൾ കടന്നുപോകുന്നത്. കുടുംബബന്ധത്തിലെ പരമ്പരാഗതസമവാക്യങ്ങളെ അവർ മാറ്റിമറിക്കുന്നു. ഓരോ ബന്ധങ്ങൾക്കകത്തും തങ്ങളുടെ ഇടം കണ്ടെത്താൻ ശ്രമിക്കുന്നു. സാമൂഹ്യബന്ധങ്ങളിലെ സ്വാതന്ത്ര്യം അവർ നെഞ്ചോട് ചേർക്കുന്നു. വിലങ്ങുകളില്ലാത്ത കുടുംബങ്ങൾ ഓരോ സ്ത്രീയുടെയും സ്വപ്നമാണ്. എന്നാൽ സ്വാതന്ത്ര്യം നൽകുന്ന അസ്വാതന്ത്ര്യങ്ങളും ഇവയുടെ ഭാഗമാണ്'.

അവതാരകയെ വ്യക്തിപരമായി അമ്പരപ്പിച്ചുകൊണ്ട് അരങ്ങിലെത്തുന്ന ഒരു സ്ത്രീയുടെ അപ്രതീക്ഷിത സാന്നിധ്യമാണ് ആദ്യം. 'റിയാലിറ്റിഷോ' ആയിട്ടുപോലും, ആ പരിപാടിക്കു പുറത്തുനിൽക്കുന്ന കഥാപാത്രം.

രണ്ടാം രംഗം ഒരമ്മയും മകളും തമ്മിലുള്ള സംഭാഷണമാണ്. ദാമ്പത്യത്തിന്റെ ആന്തരസംഘർഷങ്ങളാണ് സന്ദർഭം. ഒരു പുരുഷ-മദ്യപാനസദസ്സാണ് അടുത്തത്. മൂന്നുപേർ. കുടുംബങ്ങളുടെ പോസ്റ്റ് മോർട്ടമാണ് ഇവിടെ വിഷയം. രണ്ടു നടിമാർ, ആന്റിമാരായി വന്നു നടത്തുന്ന ഭാഷണമാണടുത്തത്. ജീവിതത്തിന്റെ, ആയുസ്സിന്റെ രണ്ടാം പകുതിയിലെ ആത്മവിമർശനങ്ങൾ.

രണ്ടുജോടി കാമുകീകാമുകന്മാരുടെ അവതരണമാണിനി. കുടുംബത്തിലും ദാമ്പത്യത്തിലും മാത്രമല്ല, പ്രണയത്തിലും ലൈംഗികതയിലും നിലനിൽക്കുന്ന ആണധികാരത്തിന്റെയും ആണഹന്തകളുടെയും മറനീക്കിക്കാണിക്കലാണിവിടെ. പെണ്ണിനു കാമനകളുണ്ടെന്നു സമ്മതിക്കാൻ മടിക്കുന്ന പുരുഷസദാചാരത്തെയാണ് സജിത നേരിട്ടാക്രമിക്കുന്നത്. പെണ്ണിന്റെ ഉണരുന്ന ഉടലിനും കാമനകൾക്കും മുന്നിൽ ആണിനു സംഭവിക്കുന്ന വൈചാരികവും വൈകാരികവുമായ ധ്വജഭംഗങ്ങളുടെ ആവിഷ്‌ക്കാരം.

അവസാനരംഗം ഒരു വരേണ്യവർഗ ഗവേഷകയുടെ കേരളീയ സ്ത്രീസമൂഹ വിശകലനമാണ്. സാമ്പത്തികസ്വാതന്ത്ര്യം, കിടപ്പറയ്ക്കുള്ളിലെ അതിർത്തിയുദ്ധങ്ങൾ, ബലാൽക്കാരങ്ങൾ, സാമൂഹ്യമാധ്യമങ്ങളിലെ സ്വാതന്ത്ര്യസമരങ്ങൾ - സ്ത്രീകളുടെ ഡയറിക്കുറിപ്പുകളിൽനിന്ന് അവരുടെ ജീവിതം പഠിക്കാൻ ശ്രമിക്കുന്ന ഗവേഷകയുടെ പ്രഭാഷണങ്ങളും അവയ്ക്കനുബന്ധമായി സ്‌ക്രീനിൽ നിറയുന്ന ദൃശ്യങ്ങളുമാണ് ഈ രംഗത്തുള്ളത്.

മത്സ്യഗന്ധിയിലെന്നപോലെ പ്രേക്ഷകരാണ് ചക്കീ-ചങ്കരനിലും നിർണായകമായ ഒരു ഘടകം. സ്റ്റുഡിയോയിൽ റിയാലിറ്റിഷോചിത്രീകരണത്തിനെത്തുന്ന പ്രേക്ഷകർ നാടകത്തിന്റെ ആന്തരപ്രേക്ഷകരോ നടീനടന്മാർ തന്നെയോ ആയി ഒരു ഭാഗത്ത്. നാടകം കാണാനെത്തുന്നവർ വേറൊരു ഭാഗത്ത്. അരങ്ങും സദസ്സും തമ്മിലുള്ള ഈയൊരു കൂടിക്കുഴയലിലൂടെയല്ലാതെ നാടകം അസാധ്യമാണെന്നും സ്ത്രീയുടെ ഭിന്ന ജീവിതാവസ്ഥകളെ ഏതു മാധ്യമവും സങ്കേതവും മുൻനിർത്തിയാവിഷ്‌ക്കരിക്കുമ്പോഴും സമൂഹത്തിന്റെ പരിച്ഛേദമായ പ്രേക്ഷകർ അതിനു സാക്ഷ്യം വഹിക്കുന്നുവെന്നും സ്ഥാപിക്കുകയാണ് സജിത. സ്ത്രീനാടകങ്ങളും നാടകസ്ത്രീത്വങ്ങളും എങ്ങനെ ജൈവസമൂഹത്തിന്റെ ഭാഗമായിത്തീരുന്നുവെന്നു തെളിയിക്കുന്ന ഈ ലാവണ്യകല തന്നെയാണ് സജിതയുടെ നാടകങ്ങളുടെ രാഷ്ട്രീയകലയും.

'മദേഴ്‌സ്‌ഡേ' എന്ന നാടകവും ടെലിവിഷൻഷോ എന്ന നിലയിലാണ് സങ്കല്പിക്കപ്പെടുന്നത്. 'അമ്മനടിായി പ്രസിദ്ധി നേടിയ ശ്യാമളാമ്മയെ മാതൃദിനത്തിൽ സ്റ്റുഡിയോയിൽ അതിഥിയായെത്തിച്ച് തയ്യാറാക്കുന്ന പരിപാടിയും അതിന്റെ അവതാരകരുമാണ് നാടകത്തിന്റെ കേന്ദ്രത്തിലുള്ളത്. അമ്മനടി തന്റെ അഭിനയജീവിതത്തിന്റെ ഓർമകൾ പങ്കുവയ്ക്കുന്നു. ഇടയ്ക്ക് പരിപാടി സമൂഹത്തിലെ പല വിഭാഗങ്ങളിൽ നിന്നുള്ളവരുടെ 'അമ്മ' അനുഭവങ്ങൾ റെക്കോർഡ് ചെയ്തും തത്സമയവും അമ്മനടിക്കും അവതാരകർക്കും പിന്നിലുള്ള സ്‌ക്രീനിൽ സംപ്രേഷണം ചെയ്യുന്നു. തന്റെ കൂട്ടുകാരി അമ്മിണി പ്രസ്ഥാനത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചുവെങ്കിലും അനാഥയെപ്പോലെ കൊല്ലപ്പെട്ട കഥ പറഞ്ഞുകൊണ്ട്, ഒറ്റയായിപ്പോകുന്ന സ്ത്രീകളുടെ ആത്മവേദനകൾ ശ്യാമളാമ്മ പങ്കുവയ്ക്കുന്നു. വാർധക്യത്തിൽ ഒരനാഥാലയത്തിൽ കണ്ടുമുട്ടുന്ന പഴയ കമിതാക്കളുടെ കല്യാണം ശ്യാമളാമ്മയെ ഫോൺചെയ്തറിയിക്കുന്ന പ്രേക്ഷകരിലാണ് നാടകം അവസാനിക്കുന്നത്.

'കാളിനാടക'മായിരിക്കും ഒരുപക്ഷെ ഈ പുസ്തകത്തിലെ ഏറ്റവും പ്രസിദ്ധമായ രചന. അവതരണത്തിന്റെ ദൃശ്യപ്പൊലിമയും അരങ്ങിന്റെ രാഷ്ട്രീയ തീക്ഷ്ണതയും ആഖ്യാനത്തിന്റെ പാഠാന്തര സാധ്യതയും ഒരേസമയം കാളിനാടകത്തെ മറ്റു മൂന്നു നാടകങ്ങളിലും നിന്നു ഭിന്നമാക്കുന്നു. മത്സ്യഗന്ധികളിൽ, തെരുവുനാടകത്തിന്റെ വിദൂരമായ രൂപസാങ്കേതികത കാണാമെങ്കിൽ ചക്കീ-ചങ്കരനും മദേഴ്‌സ്‌ഡേയും തികച്ചും വ്യത്യസ്തമായ ടെലി-സ്റ്റുഡിയോ-ഡിജിറ്റൽ നാടകങ്ങളാണ്. ഭിന്നമാധ്യമങ്ങളും നാടകത്തിന്റേതല്ലാത്ത സാങ്കേതിക രീതികളും ഇടകലരുന്ന മിശ്രപാഠങ്ങൾ. കാളിനാടകമാകട്ടെ, തനതുനാടകം മുതൽ സിനിമാറ്റിക് രംഗകല വരെയുള്ളവയെ സമീകരിക്കുന്നു. ടെലിവിഷൻ കാമറ, ഈ നാടകത്തിലും, നാടകത്തിനുള്ളിലെ കാഴ്ചയെ പ്രേക്ഷകരുമായി പങ്കിടുന്നുണ്ട്. അരങ്ങിന്റെ കാമറക്കണ്ണുകൾ നാടകകലയെ രൂപപരമായി പരിവർത്തിപ്പിക്കുന്നതിന്റെ മികച്ച പരീക്ഷണങ്ങൾ കൂടിയാണ് സജിതയുടെ നാടകങ്ങൾ.

വലിയന്നൂർ കാവിന്റെ ചുറ്റുമതിലിനു പുറത്താണ് രംഗവേദി. അമ്പലക്കമ്മറ്റി പ്രസിഡന്റ് വിവരിക്കുന്നു: 'കൃത്യം അൻപത്തിയൊന്നു വർഷങ്ങൾക്കുശേഷം ഭദ്രകാളിപ്രീതിക്കായി കാളിനാടകം ഇവിടെ അരങ്ങേറുകയാണല്ലോ! ഭക്തജനങ്ങളുടെ പ്രാർത്ഥനയും സഹകരണവും കൊണ്ടു മാത്രമാണ് ഇത് സാദ്ധ്യമായത്. ഇനി ഒരിക്കലും വലിയന്നൂർ കാവിന്റെ മുറ്റത്ത് കാളി നാടകം സംഭവിക്കില്ല എന്നായിരുന്നു നമ്മൾ കരുതിയത്. എന്നാൽ രാമപുരം മഠത്തിലെ നിലകണ്ഠശാസ്ത്രികൾ പ്രശ്‌നം വെച്ച് പറഞ്ഞത്, ഈ വലിയന്നൂർ കാവിൽ നടന്നുകൊണ്ടിരിക്കുന്ന എല്ലാ ദുർഘടങ്ങൾക്കും കാരണം കാളിപ്രീതി ഇല്ലാത്തതാണെന്നാണ്. കാളി... മഹാകാളി.... അങ്ങനെ ദുഷ്ടനിഗ്രഹത്തിനും ശിഷ്ടപരിപാലനത്തിനുമായി സാക്ഷാൽ സംഹാരമൂർത്തിയുടെ തൃക്കണ്ണിൽനിന്നും അവതരിച്ച മഹാകാളിയെ തൃപ്തിപ്പെടുത്താനായി വീണ്ടും കാളിനാടകം അനുഷ്ഠിക്കുകയാണ്'. അൻപതുവർഷം മുൻപ് കാളിനാടകം അരങ്ങേറിയപ്പോൾ കാളി-ദാരികനായി വേഷമിട്ട കോമക്കുറുപ്പിനെ ശരിക്കും കൊന്ന കഥ പ്രസിഡന്റ് ഓർമ്മിപ്പിക്കുന്നു. കോമക്കുറുപ്പിനുവേണ്ടി തറകെട്ടിയിട്ടും ദുർനിമിത്തങ്ങളാവർത്തിക്കുന്നു. ഇക്കുറി ദാരികവേഷം കെട്ടുന്നത് പൗരപ്രമുഖനും കേളികേട്ട കുടുംബത്തിലെ അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ രാമക്കുറുപ്പാണ്. കോളനിയിൽ താമസിക്കുന്ന പറയൻ ചാത്തന്റെ മകൾ കാളിയാണ് കാളിദേവിയായി വേഷം കെട്ടുന്നത്. ഉഗ്രതക്കും കലിക്കും ഒട്ടും പിന്നിലാവാതെ പെൺകാളി ദാരികനിഗ്രഹം നടത്തും എന്ന പ്രതീക്ഷയിൽ ഭക്തരും അമ്പലക്കമ്മറ്റിക്കാരും പ്രേക്ഷകരും പൊലീസുകാരും ചാനൽ കാമറാമാനും കാത്തിരിക്കുമ്പോൾ പഴയ സംഭവം ആവർത്തിച്ചുകൊണ്ട് കാളിവേഷം കെട്ടിയ കാളി-ദാരികവേഷം കെട്ടിയ രാമക്കുറുപ്പിനെ വെട്ടിക്കൊല്ലുന്നു.

പൊലീസ് സ്ഥലത്തെത്തിയെങ്കിലും കാവിനുള്ളിൽ കയറാൻ കമ്മറ്റിക്കാർ സമ്മതിക്കുന്നില്ല. രാമക്കുറുപ്പിന്റെ വധം, ദാരികവധമായിത്തന്നെ കാണാനാണ് അവർ ശ്രമിക്കുന്നത്. ഭക്തിയും യാഥാർഥ്യവും തമ്മിലുള്ള ഇടച്ചിലിൽ മതം കടന്നുകയറുന്നു. ഭക്തർക്ക് ഇത് കാളിദേവിയുടെ ദാരികനിഗ്രഹമാണെങ്കിൽ ദലിതയായ കാളിക്ക് ചൂഷകനായ സവർണപുരുഷനെ നിഗ്രഹിക്കാനുള്ള ഏക മാർഗമാണ്. ലക്ഷംവീട് കോളനിയിലെ പറച്ചിപ്പെണ്ണാണ് നാട്ടുപ്രമാണിയെ കൊന്നിരിക്കുന്നത്. എന്താവാം കാരണം? പൊലീസ് ഇൻസ്‌പെക്ടറുടെ ചോദ്യം ചെയ്യലിലൂടെയാണ് നാടകം കാളിയുടെ യഥാർഥ നാടകം പുറത്തുകൊണ്ടുവരുന്നത്. റയിൽവേ പുറമ്പോക്കിലെ നീലിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിൽ, കോടതി വെറുതെവിട്ട പ്രതിയായിരുന്നു, രാമക്കുറുപ്പ്.

'എസ്‌ഐ. : രാമക്കുറുപ്പിനെ എങ്ങനെയാണ് പരിചയം?

കാളി : (മിണ്ടുന്നില്ല. വിറയ്ക്കുന്നു. ഭക്തർ വീശുന്നു)

പ്രസിഡന്റ് : കലി ബാധിച്ച ദേവിയാ... ഓർത്താൽ എല്ലാവർക്കും കൊള്ളാം. (അദ്ദേഹത്തിനെ ആശ്വസിപ്പിക്കുന്നവർ)

എസ്‌ഐ. : നിങ്ങളെല്ലാവരും ഒന്നു മാറിനിൽക്കൂ. ആവശ്യമുള്ളപ്പോൾ വിളിക്കാം. കാളിയോടായി) ദാരികനെ അറിയില്ലേ എന്നാണ് ചോദിച്ചത്.....

കാളി : ഭാനുമതിയുടെ പുത്രൻ ദാരികൻ അസുരലോകം മുഴുവൻ ഭരിച്ചവൻ. പന്തീരാമായിരം ആനകളുടെ ബലമുള്ളവൻ. അറിയാം കാളിക്കറിയാം.... അറിയാം....

പൊലീസ് കോൺസ്റ്റബിൾ: ദാരികവേശം കെട്ടിയ രാമക്കുറുപ്പിനെ അമ്മയ്ക്ക് എങ്ങനെ അറിയാം എന്നാണ് സാറ് ചോദിക്കുന്നത്...

കാളി : (കാളി വെറുതെ തുറിച്ചു നോക്കിയിരിക്കുന്നു)

എസ്‌ഐ. : അപ്പോൾ ദാരികനെ അറിയാം. ദാരികവേഷം കെട്ടിയ, നിങ്ങൾ കൊന്ന രാമക്കുറുപ്പിനെ അറിയില്ല. അപ്പോൾ നീലിയെ അറിയുമോ?

കാളി : (ഒന്നു പൊലീസിന്റെ നേരെ നോക്കുന്നു)

പ്രസിഡന്റ് : ദേവിയോട് ചോദിക്കേണ്ട ചോദ്യങ്ങളാണോ ഇത്? ശാസ്ത്രികളെന്താ വരാൻ വൈകുന്നത്?

എസ്‌ഐ. : വലിയന്നൂർ ചെറുവേ പടിയിൽ റെയിൽവേ ട്രാക്കിനു സമീപത്തെ പുറംപോക്കിൽ താമസിക്കുന്ന വല്ലിയുടെയും കണാരന്റെയും മൂത്ത മകൾ നീലി ബലാത്സംഗം ചെയ്തുകൊല്ലപ്പെട്ട കേസിൽ ഇപ്പോൾ വധിക്കപ്പെട്ട രാമൻകുറുപ്പിന്റെ പേര് പറഞ്ഞുകേൾക്കുകയും പിന്നീട് അദ്ദേഹം നിരപരാധിയാണെന്ന് തെളിയിക്കുകയും ചെയ്തു. ഈ കൊലചെയ്യപ്പെട്ട പെൺകുട്ടിയെ നിങ്ങൾക്കും പരിചയമുണ്ടോ എന്നാണ് ചോദിച്ചത്.

കാളി : നീലി

നെറികെട്ടളെന്നു വിധിച്ചവൾ

തലവെട്ടി വിധി നടപ്പാക്കിയില്ലേ!

എസ്‌ഐ. : അവളെ അറിയുമോ എന്നാണ് ചോദിച്ചത്. അവളുടെ മരണത്തെത്തു ടർന്നുണ്ടായ സമരത്തിൽ നിങ്ങൾക്കു പങ്കുണ്ടായിരുന്നില്ലേ? ആ നീലി യുമായി നിങ്ങൾക്കെന്താ ബന്ധം?

കാളി (പാട്ടുരൂപത്തിൽ) : തമ്പ്രാന്റെ ആശയ്ക്കവൾ നിന്നില്ല വെട്ടി രണ്ടാക്കാൻ ആജ്ഞ പോയി ചൂലുമായി നിന്നവൾ അലറി ആരും കേട്ടില്ല. ചെവി പൊട്ടന്മാർ ചുറ്റും.... നെറികെട്ടവളെന്നു വിധിച്ചു പിന്നെ ബലിക്കല്ലിൽ തലചേർത്തു വച്ചു.... വാളുയർന്നു പൊന്തി അതിനിടയിൽ അവൾ കണ്ണുയർത്തി ഒന്നു തമ്പ്രാനെ നോക്കി.... ഭസ്മമാക്കുന്ന നോട്ടം...നോട്ടം പിൻവലിക്കുന്ന തിനുമുമ്പ് എല്ലാം കഴിഞ്ഞു പ്രകൃതിയാകെ മാറി നീലിയുടെ ശരീരം മേലോട്ടുയർന്നു പിന്നെ അമ്മമാർ പെറ്റത് ചാപിള്ളകൾ മാത്രം നീലി യുടെ കലി അടക്കാൻ തറകെട്ടി നീലി ഭഗവതിയായി ഇന്നവൾ നാടു കാക്കുന്നവളായി.

എസ്‌ഐ. : പുതിയ കഥയുമായി വരുന്നോ. കള്ളം പറയരുത്. നിങ്ങൾ ആ സമ രത്തിന്റെ മുന്നിൽത്തന്നെ ഉണ്ടായിരുന്നില്ലേ?

കാളി : (ഒന്നും മിണ്ടുന്നില്ല)::::::::::::::::::::::::;;'.

മിത്തിലും ഫോക്‌ലോറിലും ഏറെ വിഖ്യാതമായ ഒരു കഥയാണ് കാളിയുടെ ദാരികവധം. നന്മ, തിന്മയ്ക്കുമേൽ നേടുന്ന വിജയത്തിന്റെ സാമൂഹ്യാന്തരനാടകമാണ് കാളിനാടകം. ജനകലകൾ പലതിലും പതിവാണ് കാളി-ദാരിക യുദ്ധം. അരവിന്ദന്റെ ഒരിടത്ത് എന്ന സിനിമയിൽ ദലിതനായ ശ്രീനിവാസൻ ചൂഷകനും ബലാത്സംഗിയുമായ നെടുമുടിവേണുവിനെ വധിക്കുന്നത് കാളിവേഷം നാടകത്തിൽ കെട്ടിയാണ്.

കാളിനാടകം അരങ്ങേറുന്ന കാവുകളുടെ ഘടനയും സ്വഭാവവും പുനഃസൃഷ്ടിച്ചും നിരവധി കലാരൂപങ്ങളിലും അനുഷ്ഠാനങ്ങളിലും നിന്നുള്ള പാട്ടുകളും ഭാഷണങ്ങളും പുനരാവിഷ്‌ക്കരിച്ചും അതേ ശൈലിയിൽ സ്വന്തം ഭാഷണങ്ങൾ സൃഷ്ടിച്ചും സജിത മലയാളത്തിലെ ഫോക്-തനത്-ദലിത്-സ്ത്രീ-നാടകവേദിയിൽ അതുല്യമായ ഒരിടപെടൽ തന്നെ നടത്തുകയാണ് കാളിനാടകത്തിൽ. ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു സമീപകാല ദലിത് സ്ത്രീ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ നടത്തുന്ന സാംസ്‌കാരിക ജനകീയവിചാരണയാണ് ഈ നാടകം. അരങ്ങും സദസ്സും തമ്മിലുള്ള, നാടകവും പ്രേക്ഷകരും തമ്മിലുള്ള, ആചാരവും യാഥാർഥ്യവും തമ്മിലുള്ള, മതവും സമൂഹവും തമ്മിലുള്ള, ഭക്തിയും നിയമവും തമ്മിലുള്ള അതിർവരമ്പുകൾ ഒരേസമയംതന്നെ മായ്ചുകളഞ്ഞും ഉയർത്തിക്കെട്ടിയും സൃഷ്ടിക്കുന്ന അതിസൂക്ഷ്മമായൊരു നാടകാവിഷ്‌ക്കാരകല കാളിനാടകത്തെ അടിമുടി രാഷ്ട്രീയമാക്കുന്നു. ദാരികവധത്തിന് കാളിനാടകം മാത്രമാണ് പ്രതിവിധിയെന്ന വിശ്വാസപാഠത്തെ രാഷ്ട്രീയമായി പുനഃസൃഷ്ടിക്കുന്നു, സജിത. അസാമാന്യമായ അഭിനയമികവോടെ, സജിതതന്നെ ഈ നാടകം എത്രയെങ്കിലും വേദികളിൽ ലോകധർമ്മിയുടെ ആഭിമുഖ്യത്തിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

പ്രേക്ഷകർ, ഈ നാടകത്തിലും വെറും കാണികളല്ല, മൂർത്ത കഥാപാത്രങ്ങൾ തന്നെയാണ്. നാടകത്തിനു കൈവരുന്ന ഈ പ്രേക്ഷകപങ്കാളിത്തം, നാടകകലയുടെ അതിജീവനത്തിനെന്നപോലെ തന്നെ നാടകത്തിന്റെ രാഷ്ട്രീയവൽക്കരണത്തിനുമുള്ള ഏറ്റവും മികച്ച ഉപാധിയാണെന്നു തെളിയിക്കുന്നു, സജിത. 

'അരങ്ങിലെ മത്സ്യഗന്ധികൾ', മലയാളത്തിലെ സ്ത്രീനാടകവേദിയെയും നാടക സ്ത്രീചരിത്രത്തെയും കാലബദ്ധവും രാഷ്ട്രീയ സൂക്ഷ്മവും കലാനിഷ്ഠവുമായി നവീകരിക്കുന്നത് മുഖ്യമായും അഞ്ചുതലങ്ങളിലാണ്.

സ്ത്രീനാടകത്തിന്റെ രചനാപരവും രംഗപരവുമായ പാഠപ്രയോഗങ്ങളുടെ സമർഥവും സാർഥകവുമായ വിനിയോഗമാണ് ഒന്നാമത്തേത്. പ്രമേയത്തിന്റെ രാഷ്ട്രീയമെന്നതുപോലെ പ്രയോഗത്തിന്റെ പ്രത്യേകതയുമാണ് സ്ത്രീനാടകത്തെ മൗലികവും വേറിട്ടതുമാക്കുന്നത്. പെണ്ണരങ്ങിന്റെ സർഗസാധ്യതകളിലുള്ള നിതാന്ത ജാഗ്രത ഈ നാടകങ്ങളെ വഴിമാറ്റി നടത്തുന്നു.

സമകാലിക സാമൂഹ്യവിഷയങ്ങളിലും ജീവിതപ്രശ്‌നങ്ങളിലും നടത്തുന്ന സചേതനവും സക്രിയവും സമൂർത്തവുമായ ഇടപെടലുകളുടെ സാംഗത്യമാണ് രണ്ടാമത്തേത്. ഭരണകൂടങ്ങളെയും അധീശപ്രത്യയശാസ്ത്രങ്ങളെയും ജൈവമാനവികതയിലൂന്നി വിചാരണ ചെയ്യുന്നു, സജിത. ജാതി-ലിംഗ നീതികളുടെ കരവാളെടുക്കലുകളാണ് സജിതയുടെ നാടകകലയെ ക്ഷുബ്ധവും നിശിതവുമാക്കുന്നത്.

ടെലിവിഷൻ കാലത്തെ സാങ്കേതിക രീതികളെയും കാഴ്ചശീലങ്ങളെയും ദൃശ്യഭാവുകത്വത്തെയും നാടകത്തിന്റെ രംഗ-പ്രേക്ഷക വിതാനങ്ങളിൽ അതിവിദഗ്ദ്ധമായി ലയിപ്പിച്ചുചേർത്തു സൃഷ്ടിക്കുന്ന അവതരണകലയുടെ സംവാദാത്മകതയാണ് മൂന്നാമത്തേത്. കണ്ണിന്റെയെന്നതിനെക്കാൾ കാമറയുടെ കലാപ്രയോഗങ്ങളാണ് ഈ നാടകങ്ങൾ മിക്കവയും.

അരങ്ങും പ്രേക്ഷകരും തമ്മിലുടലെടുക്കുന്ന ആത്മബന്ധത്തിലൂടെയും ഉണ്ടാക്കുന്ന കൊടുക്കൽവാങ്ങളുകളിലൂടെയും മാത്രം പൂർത്തീകരിക്കപ്പെടുന്നതാണ് നാടകമെന്ന നിലപാടും കാഴ്ചപ്പാടും രീതിശാസ്ത്രവുമാണ് നാലാമത്തേത്. എപ്പിക് തീയറ്റർ മുതൽ മോക് തീയറ്റർ വരെയുള്ളവയെ 'ജൈവനാടകവേദി'കൊണ്ടു മാറ്റിപ്രതിഷ്ഠിക്കുന്നു, സജിത.

നാടകത്തെ ശരീരത്തിന്റെ ലാവണ്യകലയും പെണ്ണുടലിന്റെ രാഷ്ട്രീയകലയുമാക്കി ചരിത്രവൽക്കരിച്ചും പ്രത്യയശാസ്ത്രവൽക്കരിച്ചും നടത്തുന്ന സൂക്ഷ്മരാഷ്ട്രീയത്തിന്റെ പ്രതിജ്ഞാബദ്ധതയാണ് അഞ്ചാമത്തേത്. പെണ്ണുടൽ നാടകത്തിന്റെ/നടനത്തിന്റെ അരങ്ങായും അരങ്ങ് പെണ്ണുടലായും നേടുന്ന പരകായപ്രവേശങ്ങളുടെ ദൃശ്യവാങ്മയമാകുന്നു, ഈ നാടകങ്ങൾ നാലും.

സജിതമഠത്തിൽ തന്നെ, ഒരു ദശകം മുൻപെഴുതിയ 'മലയാള നാടക സ്ത്രീചരിത്ര'ത്തിൽ ചൂണ്ടിക്കാണിച്ച, കേരളീയ സ്ത്രീയുടെ സാംസ്‌കാരിക ജീവചരിത്രത്തിന്റെ രാഷ്ട്രീയരൂപാന്തരങ്ങളായി മാറുന്നു, അതുവഴി ഈ നാടകങ്ങൾ.

നാടകത്തിൽ നിന്ന്:-

രംഗം മൂന്ന്

(ദാരികൻ രംഗവേദിയിൽ നിന്ന് നിഷ്‌ക്രമിച്ചതിനുശേഷം) ക്രോധാകുലയായ കാളി തളർന്നിരിക്കുന്നു. കൂളി വെള്ളവുമായി കടന്നുവരുന്നു

കൂളി : തളർന്നിരിക്കാതമ്മേ.... ഈ കോപത്തോടെ കൊന്നില്ലെങ്കിൽ എപ്പോഴാണ് കൊല്ലുക?

കാളി : അനേകായിരം വരമുണ്ട് അവന്റെ കയ്യിൽ

കൂളി : ആയുധങ്ങളൊന്നും വേണ്ടമ്മേ. അമ്മയുടെ നഖങ്ങൾ മാത്രം മതി അവനെ കൊല്ലാൻ. ആണും ആയുധവും ഒന്നും വേണ്ട!

കാളി : ആകാശത്തിലും ഭൂമിയിലും അവനെ കൊല്ലരുതാത്ത വരമുണ്ട്.

കൂളി : അമ്മയുടെ തുടയിൽ വെച്ച് മരിക്കാനാണ് ഭാഗ്യമെങ്കിൽ അങ്ങനെ സംഭവിക്കട്ടെ?

കാളി : രാവും പകലും കൊല്ലരുതാത്ത വരമുണ്ട്.

കൂളി : ഇത് ത്രിസന്ധ്യ! രാവും പകലുമെന്തിന്?

കാളി : അകത്തും പുറത്തും കൊല്ലരുതാത്ത വരമുണ്ട്.

കൂളി : ഇട ഉമ്മറത്തുവെച്ചു കൊല്ലമ്മേ...

കാളി : (ദുഃഖിതയായി ഇരിക്കുന്നു) പ്രതികാരം പരിഹാമല്ല...

കൂളി : കാരുണ്യപിശാചിനെ പുറത്തെറിയുക. സ്ത്രീകളെ അവൻ ദോഷപ്പെടുത്തി യത് അമ്മ കാണുന്നില്ലേ? നമ്മുടെ ആറു മാതൃക്കൾ, തല കുനിച്ച് പലായനം ചെയ്തത് എന്തിനായിരുന്നു? ദേവിയെത്തന്നെ എത്രമാത്രം പീഡിപ്പിച്ചു? വെറുതെ വിട്ടാൽ കുറച്ചു സമയത്തിനകം അവൻ പതിന്മടങ്ങു ശക്തിയോടെ തിരിച്ചുവരും തീർച്ച!

കാളി : ദാരികന് മായ വശമുണ്ട്. കണ്ടുകണ്ടിരിക്കെ അവൻ മറഞ്ഞുകളയും.

കൂളി : ദാരികപ്പുരയിലേക്ക് അമ്മയെ വഴികാട്ടിയവൾ കൂളി. എന്തിന്? ദാരികന്റെ നാല്പ ത്തിരുമാറു നീളമുള്ള കുടൽ വലിച്ചു മലായിട്ടു തരാമെന്ന് അമ്മ പറഞ്ഞില്ലേ? തിന്മയ്‌ക്കെതിരെ നന്മ ജയിക്കുമെന്ന് പറഞ്ഞില്ലേ? പോകൂ. ദാരികന്റെ നിഴലു പോലും മരണത്തിന്റെ ഇരുട്ടിലേക്ക് നീങ്ങാന്ട തുടങ്ങി.

(പതുക്കെ ക്ഷീണമകറ്റി വീണ്ടും യുദ്ധാവേശത്തിലേക്ക്)

കാളി : ദാരികനെ കൊല്ലാൻ ഒരു പെണ്ണുതന്നെ വേണം. ഇടയുമ്മറത്ത് അവളുടെ തുടയിൽ കിടന്ന് നഖങ്ങൾകൊണ്ടു അവന്റെ ജീവൻ അവൾ പറിച്ചെടുക്കും (അലറുന്നു, അകത്തേക്ക്)

(കാളിയുടെ മുന്നേറ്റം)

പാട്ടുകൂട്ടം : തട്ടാൻ തട്ടെ പടക്കൂട്ടത്തിൽ ചാടീട്ടമ്മയും വീഴുന്നല്ലോ ഉള്ളവും പുറവുമമ്മ വെട്ടുന്നല്ലോ നടത്തിയുമിരുത്തിയും വെട്ടുന്നല്ലോ അകവാളാലമ്മ വീശുന്നല്ലോ പുറവാളാലമ്മ നീക്കുന്നല്ലോ മുലയ്ക്കും മീതമ്മ വെട്ടുന്നല്ലോ മതിൽക്കും മീതമ്മ എടുത്തെറിയുന്നു ദാരികനെ കൊന്നു മുടിക്കുന്നമ്മ!

(യുദ്ധം നോക്കി നിൽക്കുന്ന പാട്ടുസംഘവും കൂളിയും)

കൂളി : ദാരികന്റെ തലയറുത്തെറിഞ്ഞ് കുടൽമാല വലിച്ചുമാലയിട്ട് ചൊകരകൊണ്ട് കൊപ്പിളിച്ച് എന്റെ അമ്മ ഇപ്പോൾ വരും!'

അരങ്ങിലെ മത്സ്യഗന്ധികൾ
സജിതാ മഠത്തിൽ
ഗ്രീൻ ബുക്സ്
വില : 130.00 രൂപ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Loading...
Go to TOP