1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
08
Saturday

അതീതങ്ങൾ

February 29, 2020 | 05:44 PM IST | Permalinkഅതീതങ്ങൾ

ഷാജി ജേക്കബ്‌

''പുലയനുണ്ടോ ആത്മാവുള്ളൂ?', എന്ന ഒരു സവർണ ക്രിസ്ത്യൻ ജന്മിയുടെ ചരിത്രപരമെന്നതു പോലെ നികൃഷ്ടവുമായ ചോദ്യത്തിലാണ് മലയാളനോവലിന്റെ ആരംഭം. 1855 ലെ അടിമവിളംബരത്തിന്റെ പശ്ചാത്തലത്തിൽ വിദേശിയും ക്രൈസ്തവ മിഷനറിയുമായിരുന്ന ഒരു സ്ത്രീ സങ്കൽപ്പിച്ച മനുഷ്യാവകാശ പ്രഖ്യാപനമെന്ന നിലയിൽ കൂടി കാണാവുന്ന ഘാതകവധത്തിന്റെ ആംഗലമൂലപാഠത്തിലാണ് ഈ ചോദ്യം ഉന്നയിക്കപ്പെട്ടത്. 1859 ൽ ഭാവന ചെയ്യപ്പെട്ട മിസിസ് കൊളിൻസിന്റെ രചന കേരളീയ സമൂഹത്തെയും മലയാളിജീവിതത്തെയും ചരിത്രവൽക്കരിക്കുകയും രാഷ്ട്രീയവൽക്കരിക്കുകയും ചെയ്തുകൊണ്ട് നോവൽ എന്ന സാഹിത്യഗണത്തിന്റെ ആദ്യമാതൃക മുന്നോട്ടുവയ്ക്കുക കൂടിയായിരുന്നു. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന അതിതീക്ഷ്ണമായ ഒരു മാനുഷിക പ്രതിസന്ധിയെന്ന നിലയിൽ ജാത്യടിമത്തത്തിന് ഭരണപരവും മൂല്യപരവുമായ വഴിത്തിരിവു സൃഷ്ടിച്ച നിയമനിർമ്മാണത്തിന്റെ ചരിത്രമുഹൂർത്തത്തെയാണ് ഘാതകവധം നോവൽവൽക്കരിച്ചത്. ഭാവന, ചരിത്രാത്മകമാണെന്ന എക്കാലത്തെയും നോവൽ രസതന്ത്രത്തെ മലയാളിക്കു പരിചയപ്പെടുത്തിയ രചനയെന്ന നിലയിൽ ഘാതകവധം പൊതുവിൽ അടിമജാതികളുടെയും വിശേഷിച്ച് പുലയരുടെയും ആത്മാഭിമാനത്തിനു വിലപറയുകകൂടിയായിരുന്നു. തൊട്ടടുത്ത വർഷം, 1860 ൽ, ജ്ഞാനനിക്ഷേപം മാസികയിൽ തുടർനോവലായി പ്രസിദ്ധീകരണമാരംഭിച്ച ആർച്ച് ഡീക്കൻ കോശിയുടെ പുല്ലേലിക്കുഞ്ചുവിന്റെയും ചരിത്രസന്ദർഭവും സാമൂഹ്യരാഷ്ട്രീയവും മറ്റൊന്നായിരുന്നില്ല. ജാതിഭേദം: ഒരു സംഭാഷണം എന്നായിരുന്നു ഈ രചനയ്ക്ക് ജ്ഞാനനിക്ഷേപത്തിലുണ്ടായിരുന്ന ശീർഷകം. 1882 ൽ പുസ്തകരൂപത്തിലിറങ്ങിയപ്പോൾ ശീർഷകം പുല്ലേലിക്കുഞ്ചുവെന്ന് മാറി. ഘാതകവധത്തെക്കാൾ മതപ്രചാരണപരമായിരുന്നു പുല്ലേലിക്കുഞ്ചുവെങ്കിലും ജാത്യടിമത്തത്തിന്റെ നരനിന്ദ്യത വെളിപ്പെടുത്തുന്നതിൽ ഈ കൃതിക്കുള്ള ആഘാതശേഷി മറ്റൊരു മലയാളരചനയ്ക്കുമില്ല എന്നു കാണാം. കൃതിയിലെ നായകകഥാപാത്രമായ കുഞ്ചുപിള്ള തന്റെ സുഹൃത്തുക്കൾക്കൊപ്പം തിരുവനന്തപുരത്തേക്കു പോകുമ്പോഴുണ്ടായ ഒരനുഭവം വിവരിക്കുന്ന രംഗം നോക്കുക: 'ഞാനും തെലഞ്ഞേലി കൃഷ്ണശ്ശാരും അമ്പാട്ടുഗോവിന്ദപ്പിള്ളയും അടിയോട്ടിൽ പപ്പു മുതലായിട്ടു വേറെ എട്ടുപത്തു വാല്യക്കാരുമായി കൊച്ചു ഭട്ടേരിയോടുകൂടെ ഒരിക്കൽ തിരുവനന്തപുരത്തു പോകുമ്പോൾ കാരുവെള്ളി മില്ലക്കാരന്റെ പടികഴിഞ്ഞു രണ്ടുമൂന്നു നാഴിക തെക്കു ഒരു മുക്കവലയും ചുമടുതാങ്ങിയും ഉള്ളേടത്തു വന്നിറങ്ങി. കന്നിതുലാമാസം കാലമായിരുന്നു. അപ്പോൾ കിഴക്കുനിന്നു മലങ്കൊയിത്തു കഴിഞ്ഞു പുട്ടിലിലും പൊല്ലങ്ങളിലും നെല്ലുകെട്ടി എടുത്തുകൊണ്ടു കുറെ പുലയർ ചുമടുതാങ്ങിയിങ്കൽ ഇളെപ്പാനായിട്ട് അമളിച്ചു ഓടിവരുന്നുണ്ട്. കിടാങ്ങൾ അടക്കം അവർ മുപ്പതു നാൽപ്പതു എണ്ണം ഉണ്ടായിരുന്നു. വഴിക്കു ഇരുപുറവും ഉയർന്ന കാടാകകൊണ്ട് അവരും ഞങ്ങളും തമ്മിൽ കാണാൻ ഇടവരാതെ അവർ വന്നു നന്നാ അടുത്തുപോയി. ഞങ്ങളെ കണ്ട ഉടനെ കടുവായെ കണ്ട പശുക്കളെപ്പോലെ എല്ലാം കൂടെ വിരണ്ടും നിലവിളിച്ചും കൊണ്ടു തിരിച്ചു ഓടി. പിടിച്ചോളിൻ എന്നു ഭട്ടേരി കൽപ്പിച്ചു. പപ്പു മുതൽ പേരു പിറകേ എത്തി. ആ പുലയരിൽ എട്ടൊൻപതുമാസം ഗർഭമുള്ള ഒരു പുലയി ഉണ്ടായിരുന്നു. അവളും ചില കിടാങ്ങളും പിറകായിപ്പോയി. അടിയോട്ടിൽ പപ്പു ഓടിച്ചെന്ന ചെലവിൽ ഒരു പുലക്കിടാവിനെ തൂക്കിയെടുത്തു ആ പുലയിയുടെ പുറത്തു അടിച്ചു. അതിനോടെ അവൾ വയറും തല്ലി വീണു. ഉടനെ പ്രസവവും കഴിഞ്ഞു. .....ശേഷം പുലയരിൽ കയ്യിൽ കിട്ടിയതിനെ ഒക്കെ അവർ നുറുങ്ങെ തല്ലി. നാലഞ്ചുകിടാങ്ങളെ എടുത്തു കാട്ടിലേക്ക് എറിഞ്ഞു. ചുമടും ഇട്ടും കളഞ്ഞു ഓടിപ്പോയവരെ മാത്രം പിടികിട്ടിയില്ല. അവരുടെ നെല്ലെല്ലാം പപ്പുവും കൂട്ടരും തട്ടിത്തൊഴിച്ചു കാട്ടിൽ ചിന്തിക്കളഞ്ഞു'.

ഇന്നു വായിക്കുമ്പോഴും നട്ടെല്ലുവെറുങ്ങലിപ്പിക്കുന്ന കേരളീയചരിത്രത്തിലെ ഇത്തരം വിപര്യയങ്ങളും മനുഷ്യാനുഭവങ്ങളും തന്നെയാണ് 1892ൽ പോത്തേരി കുഞ്ഞമ്പു പ്രസിദ്ധീകരിച്ച സരസ്വതീവിജയത്തിനും പശ്ചാത്തലം. 'മദിരാശിയിലും മറ്റുമുള്ള പറയരെക്കാൾ കഷ്ടസ്ഥിതിയിൽ ഇരിക്കുന്ന മലയാളത്തിലെ പുലയരുടെ സങ്കടാവസ്ഥ ഓർത്ത് എഴുതിയ കൃതി'യെന്നാണ് കുഞ്ഞമ്പു തന്റെ നോവലിനെ വിശേഷിപ്പിച്ചത്. നോവലിലൊരിടത്ത് പുലയക്കുട്ടിയെ ചവിട്ടിക്കൊന്ന കുറ്റത്തിന് സവർണനായ ദാരൂട്ടിയെ പുതിയ നിയമവ്യവസ്ഥയിൽ കോടതി വിചാരണ ചെയ്തു ശിക്ഷിക്കുമ്പോൾ അയാളുടെ ഭാര്യയും അമ്മയും ഇങ്ങനെ വിലപിക്കുന്നു. 'പണ്ടെത്ര പുലയരെ ജീവനോടെ കിളങ്കാലിൽ കിടത്തി കിളച്ചിട്ടുണ്ട്. എത്ര എണ്ണത്തിനെ ചെളിയിൽ ചവിട്ടി മുക്കീട്ടുണ്ട്. അതിനൊന്നും കുറ്റമുണ്ടായിരുന്നില്ലല്ലോ'. മാറിയ കാലത്തിന്റെയും നിയമങ്ങളുടെയും ചരിത്രപരമായ മൂല്യവും മനുഷ്യാവകാശങ്ങളുടെ മഹത്വവും സൃഷ്ടിക്കുന്ന സാമൂഹ്യസന്ദർഭങ്ങളുടെ രേഖപ്പെടുത്തലുകളെന്ന നിലയിൽ കേരളത്തിലെ ഏറ്റവും വലിയ അടിമജാതിയായിരുന്ന പുലയരുടെ ജീവിതം നോവൽവൽക്കരിക്കുകയായിരുന്നു ഘാതകവധവും പുല്ലേലിക്കുഞ്ചുവും സരസ്വതീവിജയവുമൊക്കെ. നോവലിന്റെ ലക്ഷണയുക്തതകൾ തേടിപ്പോയ മലയാളസാഹിത്യവിമർശനവും ചരിത്രങ്ങളും പിൽക്കാല കൃതികളിൽ ആലങ്കാരികമായാവിഷ്‌ക്കരിക്കപ്പെട്ട സവർണരുടെ സൗന്ദര്യപ്പിണക്കങ്ങൾക്കും സ്വത്തുതർക്കങ്ങൾക്കും കൽപ്പിച്ചു കൊടുത്ത സാഹിത്യമൂല്യം പുലയരുടെ കൊടിയ ദുരിതങ്ങൾക്കും അടിമജീവിതങ്ങൾക്കും കൽപ്പിച്ചുകൊടുത്തില്ല എന്നതുകൊണ്ടു മാത്രമാണ് മേൽപ്പറഞ്ഞ രചനകൾക്കൊന്നും തന്നെ മലയാളനോവലിന്റെ ദന്തഗോപുരത്തിലോ അന്തഃപുരത്തിലോ ഇടം കിട്ടാതെ പോയത്. ആഖ്യാനത്തിന്റെ പ്രത്യയശാസ്ത്രവും ഭാവനയുടെ രാഷ്ട്രീയവും സാഹിത്യരചനയ്ക്ക് നിർണയിച്ചുനൽകുന്ന ചരിത്രസ്ഥാനത്തിന്റെ മാതൃകാപാഠങ്ങളായി മാറുന്നു. അതുവഴി ഈ രചനകൾ.

2019ൽ എഴുതപ്പെട്ട പി.എഫ്. മാത്യൂസിന്റെ 'അടിയാളപ്രേതം' പലതലങ്ങളിൽ പിന്തുടരുന്നതും കൃത്യം 160 വർഷം മുൻപ് മലയാളഭാവനയും നോവലും നടാടെ പ്രശ്‌നവൽക്കരിച്ച അടിമകളുടെ മാനുഷികവൽക്കരണം തന്നെയാണ്. മൗലികങ്ങളും ശ്രദ്ധേയങ്ങളുമായ ചില വ്യത്യാസങ്ങളുണ്ടെന്നുമാത്രം. അവ ഇങ്ങനെ സംഗ്രഹിക്കാം. ഒന്ന്, പുലയരുടെ സാംസ്‌കാരിക-രാഷ്ട്രീയ ജീവിതമാണ് മലയാളത്തിലെഴുതപ്പെട്ട ബഹുഭൂരിപക്ഷം ദലിത്-കീഴാള നോവൽ/കഥാപാഠങ്ങളും പ്രമേയവൽക്കരിക്കുന്നത്. മാത്യൂസ് ഈ പതിവ് മറികടക്കുന്നു. പറയരുടെ ഭാവജീവിതമാണ് 'അടിയാളപ്രേത'ത്തിൽ നോവൽവൽക്കരിക്കപ്പെടുന്നത്. തകഴി മുതൽ അരുന്ധതിറോയി വരെ, കീഴാള ജീവിതത്തെ വരമ്പിൽ നിന്നു നോക്കിക്കണ്ടവരും ടി.കെ.സി. വടുതല മുതൽ രാജു കെ. വാസു വരെ, അടിമജീവിതങ്ങളെ ചെളിയിലിറങ്ങിനിന്നാവിഷ്‌ക്കരിച്ചവരും ഒരുപോലെ ഏറ്റെടുത്തത് പുലയാനുഭവങ്ങളെയാണ്. പ്രദീപൻ പാമ്പിരികുന്നിന്റെ 'എരി' പോലുള്ള ചുരുക്കം ചില രചനകളേയുള്ളു പറയരുടെ ചരിത്രവും ജീവിതവും നോവലിനു വിഷയമാക്കിയവ.

രണ്ട്, പത്തൊൻപത് - ഇരുപത് നൂറ്റാണ്ടുകളിലെ ആസന്ന ഭൂതകാലത്തിന്റെ സാമൂഹ്യ ചരിത്രപാഠങ്ങളെന്ന നിലയിലാണ് മിക്ക ദലിത് രചനകളും ഭാവന ചെയ്യപ്പെട്ടതെങ്കിൽ മാത്യൂസിന്റെ നോവൽ 17-ാം നൂറ്റാണ്ടിന്റെ ചരിത്രസന്ദർഭത്തിൽ നിന്നാരംഭിച്ച് ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കു സഞ്ചരിച്ചെത്തുന്നു. കൊളോണിയൽ ജാത്യടിമത്തം മുതൽ സമകാല ജാതിരാഷ്ട്രീയം വരെയുള്ളവയുടെ ചരിത്രവൽക്കരണത്തിലും നോവൽവൽക്കരണത്തിലുമാണ് 'അടിയാളപ്രേത'ത്തിന്റെ ഊന്നൽ. ഓർമകളുടെ ചരിത്രപരതയും കഥകളുടെ ഭാവപരതയും ഒന്നായിണങ്ങുന്ന ആഖ്യാനത്തിന്റെ ശ്ലഥകാകളിയാകുന്നു, 'അടിയാളപ്രേതം'.

മൂന്ന്, ജാതീയവും തൊഴിൽപരവും ഭൂകേന്ദ്രിതവുമായ നിത്യജീവിതാനുഭവങ്ങളുടെ സാമൂഹികതയിലാണ് മലയാളത്തിലെഴുതപ്പെട്ട ദലിത്-കീഴാള നോവലുകൾ പൊതുവെ ഊന്നിയതെങ്കിൽ മാത്യൂസിന്റെ ഊന്നൽ അടിമത്തത്തിനുള്ളിലും മാന്ത്രികാനുഭവങ്ങൾ നിർമ്മിക്കുന്ന ആത്മീയചരിതത്തിന്റെ സമാന്തരാനുഭൂതിമണ്ഡലത്തിലാണ്. ചരിത്രത്തെയും മിത്തുകളെയും കീഴാളജീവിതത്തിന്റെ രാസത്വരകം കൊണ്ട് കൂട്ടിയുരുക്കിയുണ്ടാക്കിയ ഭാഷാമിശ്രിതമെന്ന നിലയിൽ സി. അയ്യപ്പനെപ്പോലെ ചുരുക്കം ചിലർ മാത്രം ആഖ്യാനത്തിൽ സൃഷ്ടിച്ചതുപോലുള്ള അതീതകല്പനകളാണ് പുതിയൊരർഥത്തിൽ 'അടിയാളപ്രേത'ത്തിന്റെയും ഭാവരാഷ്ട്രീയത്തെ നിർണയിക്കുന്നത്.

നാല്, കുറ്റാന്വേഷണത്തിന്റെയും ഭൂത-പ്രേതഭാവനയുടെയും ഇരട്ടപെറ്റ കഥാത്വത്തെ നോവലിൽ ഏറ്റെടുക്കുന്ന മലയാളത്തിലെ ആദ്യ ദലിത് രചനയും ഭാവനയുമായി മാത്യൂസിന്റെ കൃതി മാറുന്നു. ആ അർഥത്തിൽ, യുക്തിയുടെയും അയുക്തിയുടെയും; ചരിത്രത്തിന്റെയും മിത്തിന്റെയും; ജീവിതത്തിന്റെയും കഥയുടെയും ഇരട്ടക്കാളകളെ കെട്ടിയ ഭാവനയുടെ വില്ലുവണ്ടിയാണ് 'അടിയാളപ്രേതം' എന്നുതന്നെ പറയാം.

അഞ്ച്, സാങ്കേതികമായി, 'ഇരുട്ടിൽ ഒരു പുണ്യാളൻ' എന്ന മാത്യൂസിന്റെ മുൻനോവലിൽ പറയാതെവിട്ട ചില കഥാസൂചനകളിൽ നിന്നുള്ള മുന്നോട്ടുപോക്കാണ് 'അടിയാളപ്രേതം'. നോവലെന്നാൽ കഥയെഴുത്താണ് എന്ന സങ്കല്പം മാത്യൂസിനില്ല. മിലാൻ കുന്ദേര പറഞ്ഞതുപോലെ, 'നോവലിസ്റ്റ് ചരിത്രകാരനോ പ്രവാചകനോ അല്ല, അസ്തിത്വത്തിന്റെ പര്യവേക്ഷകനാണ്' എന്നുതന്നെയാണ് മാത്യൂസും വിശ്വസിക്കുന്നത്. 'അടിയാളപ്രേതം' അടിസ്ഥാനപരമായി നോവലിന്റെ കലയിൽ നടത്തുന്ന ഇടപെടലും ഇത്തരമൊരു അസ്തിത്വാന്വേഷണം തന്നെയാണ്. 'പുണ്യാള'നിൽ നിന്ന് 'പ്രേത'ത്തിലെത്തുമ്പോൾ ഈ അന്തർപാഠപരതയും അതികഥാത്വവും പോലെതന്നെ പ്രധാനമാണ് സിനിമാറ്റിക് എന്നുതന്നെ വിളിക്കാവുന്ന കഥനകലയുടെ സാധ്യതകളും. എക്സ്‌പ്രഷനിസ്റ്റ് സിനിമകളിലേതുപോലുള്ള അതിയാഥാർഥ്യങ്ങലുടെയും മനോനിഷ്ഠാനുഭൂതികളുടെയും കലർപ്പായിരുന്നു 'പുണ്യാള'നെങ്കിൽ കുറെക്കൂടി യഥാതഥവും ദൃശ്യാത്മകവും ബിംബസമൃദ്ധവുമായ വിവരണകല 'പ്രേത'ത്തിനുണ്ട്. അതിനുകാരണം, 'പ്രേതം' ഏറ്റെടുക്കുന്ന പ്രമേയത്തിന്റെ ചരിത്രനിഷ്ഠതയാണ്. കൊളോണിയൽ അടിമപുരാണത്തിൽനിന്ന് ആധുനിക-ദേശീയ ജാതിരാഷ്ട്രീയത്തിലേക്ക് 360 ഡിഗ്രി തിരിഞ്ഞു സഞ്ചരിച്ചെത്തുന്നു, 'പ്രേത'ത്തിന്റെ ചരിത്രാനുഭവം.

മൂർത്തവും അമൂർത്തവുമായ അനുഭവരാശികളെ ഒരേ തന്തുവിൽ കോർത്തിണക്കുന്ന മായികഭാവനയുടെ വക്താവാണല്ലോ എക്കാലത്തും പി.എഫ്. മാത്യൂസ്. 'ചാവുനിലം' മുതൽ 'അടിയാളപ്രേതം' വരെയുള്ള മൂന്നു നോവലുകളും നിരവധിയായ ചെറുകഥകളും നോക്കൂ. ഇതു തെളിഞ്ഞു കിട്ടും.

ഭൂതവും വർത്തമാനവും; ജീവിതവും കഥയും; ദൈവവും ചെകുത്താനും; ജാതിയും മതവും; വർഗവും വംശവും; ലിംഗവും വർണവും കുഴമറിയുന്ന പശ്ചിമകൊച്ചിയുടെ ഐതിഹ്യമാലയാണ് മാത്യൂസിന്റെ രചനാലോകമെങ്കിൽ കൊളോണിയലിസം ഓർമകളും ഭയങ്ങളുമായി പുനർജനിക്കുന്ന കീഴാള സാമൂഹ്യാബോധത്തിന്റെ മൈത്തിക ഭാവനയാണ് 'അടിയാളപ്രേതം'. കാമം, ധനം, ശരീരം എന്നിവയെ മനുഷ്യാസ്തിത്വത്തിന്റെ ചോരപ്പശയാക്കി മാറ്റുന്ന രചന. കൊളോണിയലിസത്തിന്റെ അധോചരിത്രങ്ങളും ആധുനികതയുടെ മിത്തിക്കൽ ഭൂതങ്ങളും ഒന്നായി മാറുന്ന സാഹിതീയ ഭാവുകത്ത്വത്തിന്റെ അതീതലോകം.

1663 ജനുവരി ഏഴ്. ഒന്നര നൂറ്റാണ്ടു നീണ്ട പോർച്ചുഗീസ് ആധിപത്യമവസാനിപ്പിച്ച് ഡച്ചുകാർ കൊച്ചിക്കോട്ട പിടിച്ച ദിവസം. അന്നാണ് പറങ്കികളുടെ എഴുത്താളനായിരുന്ന സാന്തിയാഗോ അൽമേഡ സായ്‌വ്, ഭാര്യയ്ക്കും മക്കൾക്കുമൊപ്പം നാടുവിടും മുൻപ്, താൻ ചോരകുടിച്ചു വറ്റിച്ചുണ്ടാക്കിയ സ്വത്തെല്ലാം ബംഗ്ലാവിന്റെ നിലവറയിൽ നിക്ഷേപിച്ച്, അതിനു കാവലാകാൻ തന്റെ അടിമയായിരുന്ന കാപ്പിരിയെ കൊന്നു കുഴിച്ചുമൂടിയത്. അങ്ങനെ ജനിച്ച കാപ്പിരിമുത്തപ്പന്റെ പ്രേതപുരാണമാണ് പശ്ചിമകൊച്ചിയുടെ ഏറ്റവും വിഖ്യാതമായ കൊളോണിയൽ മിത്തുകളിലൊന്ന്. പോഞ്ഞിക്കര റാഫി മുതൽ ജോണി മിറാൻഡ വരെയുള്ളവർ ഏറ്റുപാടിയ കാപ്പിരിമുത്തപ്പന്റെ മിത്തിൽ നിന്ന് കൊച്ചിയുടെ അടിമപുരാണങ്ങളിലൊന്നിന്റെ ജാതിചരിത്രം വേറിട്ടെഴുതുകയാണ് പി.എഫ്. മാത്യൂസ്.

അൽമേഡസായ്‌വിന്റെ തകർന്ന വീടും പറമ്പും മൂന്നു നൂറ്റാണ്ടിനിപ്പുറം സ്വന്തമാക്കിയത് പാണ്ട്യാലക്കൽ സന്തമ്മാറുവെന്ന ധനികനായിരുന്നു. ആ സ്ഥലത്ത് പുതിയ വീടുപണിയാൻ മണ്ണുകുഴിച്ചപ്പോൾ കിട്ടിയ ആറടിയിലേറെ ഉയരമുള്ള മനുഷ്യന്റെ അസ്ഥികൂടമാണ് സന്തമ്മാറുവിന്റെ മകൻ അച്ചമ്പിയെ, ഭൂതഭാവികൾ അച്ചട്ടായി പറഞ്ഞിരുന്ന ചട്ടുകാലനും പറയരുടെ ആത്മീയ പുരോഹിതനുമായിരുന്ന കുഞ്ഞുമാക്കോതയുടെ കൂട്ടുകാരനാക്കിയത്. ജാതിയും മതവും സൃഷ്ടിച്ച അകലങ്ങളൊക്കെ മറന്ന് മാക്കോതയുടെ മരണം വരെ തുടർന്ന അസാധാരണമായ ഒരു ബന്ധമായിരുന്നു അവരുടേത്.

'കുഞ്ഞുമാക്കോത പൊട്ടിച്ചിരിച്ചു. അച്ചമ്പി മാപ്ലയ്ക്ക് ചിരി വന്നില്ല. വട്ടപ്പാത്രത്തിലെ വെള്ളത്തിൽ നിന്നുയരുന്ന ആവി നോക്കി അയാൾ നിന്നു. കുട്ടിക്കാലത്തെ കടലാസു വഞ്ചി പോലെ അതിലോടി നടക്കുന്ന ആര്യവേപ്പിലകൾ. കുഞ്ഞുമാക്കോതയുടെ മുന്നിൽ ഉടുതുണിയില്ലാതെ നിൽക്കുമ്പോൾ അയാൾക്കു നാണം തോന്നിയില്ല. മഞ്ഞൾക്കുഴമ്പു തേച്ചുപിടിപ്പിച്ച ശരീരം മറ്റാരുടേതോ പോലെ. ആരുടേതാണ്. വെറുതെ കാടുകേറി. പെട്ടെന്നു തീർച്ചപ്പെട്ടുകിട്ടി. പള്ളിയിലെ രൂപക്കൂട്ടിനുള്ളിൽ പുരാതനകാലം മുതലേ മുഖം വീർപ്പിച്ചു നിൽക്കുന്ന രൂപം. മുഖത്തു ചിരിപൊട്ടിയത് തിരിച്ചറിഞ്ഞത് കുഞ്ഞുമാക്കോതയുടെ നോട്ടോ നില്പും കണ്ടപ്പോഴാണ്.

'എന്താണ് ചിരിക്കണത് കിക്കിളിയാകണുണ്ടാ'.

ആര്യവേപ്പില കൊണ്ടു അച്ചമ്പിയുടെ മേലു തേച്ചുരയ്ക്കുന്നതിനിടെയിൽ കുഞ്ഞുമാക്കോത ചോദിച്ചു.

'ഈ സൂക്കേട് മനിഷ്യമ്മാര മണ്ടമ്മാരാക്ക്വന്നാ സംശ്യം'.

'അതെന്താണ് മാപ്ലേട തലേല ബുത്തിയക്ക കാലിയായാ...?'

മറുപടി ഒരു നെടുവീർപ്പായിരുന്നു. ഇളം ചൂടുവെള്ളം വീണപ്പോൾ കുളിർന്നുകേറി.

പണ്ടെത്തെ ഒരു മഞ്ഞുകാലം വെള്ളത്തുള്ളി വീണപ്പോൾ കുളിർന്നുകേറിയ കൈത്തണ്ട. അഴുകിയ ചട്ടയും മേക്കാമോതിരവുമണിഞ്ഞ നരച്ച തലമുടിയുള്ള ചങ്കു കീറുന്ന നൊമ്പരം. ക്രിസ്തുമസ് തലേന്നത്തെ രാത്രിയാകാശത്തു നിറയെ നക്ഷത്രങ്ങൾ.

'അച്ചമ്പീ....'

'എന്താണമ്മേ'.

'മ്വാന്റപ്പന്റെ പേരെന്താണെന്നറിയാമാ നെനക്ക്?'

'സന്തമ്മാറൂന്നല്ലേ'.

'അല്ല... സുപ്രമണ്യൻ'.

'അതേതു വകേല്.... അപ്പനല്ലേ ഈ കണ്ട പറമ്പും ചോറുമക്ക ഒണ്ടാക്കിത്തരണത്'.

'അല്ല.... സുപ്രമണ്യന്റെ പറമ്പും സ്വത്തും സന്തമ്മാറു തട്ടിച്ചെടുത്തതാണ്..... എന്നട്ട് എന്ന ചവിട്ടി മെതിച്ച് കൊല്ലാറാക്കി.... ദുഷ്ടൻ.....'

ജാരസന്തതിയാകുന്നത് അത്ര മോശപ്പെട്ട കാര്യമൊന്നുമല്ലെന്ന് പറഞ്ഞുറപ്പിച്ചിട്ടാണമ്മ പോയത്. എന്നിട്ടും അയാളമ്മയെ വെറുത്തു. അപ്പന്റെ ക്രൂരതയ്ക്ക് പകരം ചോദിക്കാൻ മറ്റൊരാളുടെ കൂടെ കിടന്ന കുറ്റം മകൻ ഒരിക്കലും പൊറുത്തില്ല. തള്ളയെ കൊല്ലാൻ കഴിയാത്തതായിരുന്നു അയാളുടെ ദുഃഖം. ലോകത്തിനേയും തള്ളയേയും പെണ്ണായി കണ്ട് പക വീട്ടാൻ തുടങ്ങിയത് അന്നുമുതലാണ്.

കുഞ്ഞുമാക്കോട തല തുവർത്താൻ തുടങ്ങി. തൊലിയിലെ ഈർപ്പം വലിഞ്ഞപ്പോൾ ക്ഷീണം. കിടക്കവരെ കഷ്ടി നടന്നെത്തിയത് അച്ചമ്പിക്ക് ഓർമ്മയുണ്ട്. കുഞ്ഞുമാക്കോതയെ മറന്നേ പോയി.

ഉണരുമ്പോൾ ലോകത്തിന് കറുപ്പു കലർന്ന ചോപ്പുനിറമായിരുന്നു. സന്ധ്യാനേരത്തെ പുലർകാലമായാണ് അച്ചമ്പി കണ്ടത്. ചതഞ്ഞുപെയ്യുന്ന മഴയും നോക്കി മനംമടുപ്പോടെ ഇരിക്കുമ്പോൾ ലോകം ഇരുണ്ടു കറുത്തു. നേരം തിരിച്ചറിയാനാകുന്നില്ല. പഴയ ഏഴെട്ടു നാഴികമണികളുണ്ടെങ്കിലും എല്ലാം ചത്തുമലച്ചിരിക്കുകയാണ്. ശവങ്ങളുടെ കല്ലറയാണിവിടം. വികാരിയച്ചനെപ്പോലെ, കുഞ്ഞുമാക്കോതയേപ്പോലെ പുണ്യരൂപങ്ങളുടെ കാവൽക്കാരനാണ് താനുമെന്ന് അയാൾക്കു തോന്നി. ആത്മാക്കൾക്കു മോക്ഷം കൊടുക്കാനുള്ള വേലയെടുക്കുന്ന പാതിരിക്കും കുഞ്ഞുമാക്കോതയ്ക്കും ആരായിരിക്കും ബലിയർപ്പിക്കുക? ഇരുട്ടിലേക്കു നോക്കിയിരിക്കെ അയാൾ ആലോചിച്ചു.

നെടുവീർപ്പുപോലൊരു കാറ്റ് ആ ഗ്രാമത്തിലൂടെ കടന്നുപോയി. കുരിശുമണി മുഴങ്ങുകയാണ്. മേടയിൽ ഇരുട്ടുനോക്കിയിരിക്കുന്ന പുരോഹിതന്റെ ഏകാന്തമായ നെടുവീർപ്പു കാറ്റിലലിഞ്ഞ് ചുറ്റുപാടും പടരുകയാണ്. ചാരായഷാപ്പിന്റെ തിണ്ണയിൽ ആർക്കും വേണ്ടാത്തവനായി ഇരുട്ടിലേക്കു നോക്കി നിശ്വസിക്കുകയാണ് കുഞ്ഞുമാക്കോതയും. അവരുടെ ഉള്ളിൽ നിന്നും ഇറങ്ങിയ ഇരുട്ട് പുറത്തെ കറുപ്പിലേക്ക് അലിഞ്ഞു.

അവർ മൂവർക്കും വേണ്ടി പേടിയോടെ വികാരിയച്ചൻ ചൊല്ലി:

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതിയായിരിക്കട്ടെ'.

ഈ അച്ചമ്പിയുടെ മക്കളുടെയും കൊച്ചുമക്കളുടെയും ജീവിതത്തിൽ കാപ്പിരിമുത്തപ്പൻ സൃഷ്ടിച്ച അത്ഭുതങ്ങളുടെയും അച്ചമ്പിയുടെ പ്രേതപൂജ ആ തറവാട്ടിലെ രണ്ടാം തലമുറയിൽ ചെകുത്താന് ജന്മം കൊടുത്തതിന്റെയും കഥകളാണ് 'ഇരുട്ടിൽ ഒരു പുണ്യാളൻ' എന്ന നോവലിൽ മാത്യൂസ് അവതരിപ്പിച്ചതെങ്കിൽ, അച്ചമ്പിയും മാക്കോതയും തമ്മിലുടലെടുത്ത ആത്മബന്ധത്തിന്റെയും ആ ബന്ധം കാലത്തിൽ മുന്നോട്ടും പിന്നോട്ടും നടത്തിയ ചരിത്രസഞ്ചാരങ്ങളുടെയും കഥകളാണ് 'അടിയാളപ്രേത'ത്തിന്റെ ഇതിവൃത്തം. അൽമേഡയും കാപ്പിരിയും തമ്മിലുണ്ടായിരുന്ന ബന്ധത്തിന് മൂന്നു നൂറ്റാണ്ടിപ്പറത്തുണ്ടായ പുനർജന്മമായിരുന്നു, അച്ചമ്പിയും മാക്കോതയും തമ്മിലുണ്ടായത്. കൊളോണിയൽ വംശീയത, ദേശീയ ജാതീയതക്കു വഴിമാറിയപ്പോഴും മനുഷ്യന്റെ ധനാർത്തിക്കും ദൈവവിരുദ്ധതക്കും വഴിയൊന്നും മാറിയിട്ടില്ല. രക്തം രക്തത്തിനെതിരെ തിരിഞ്ഞപ്പോൾ സാത്താൻ ആത്മാക്കളെ വിലയ്ക്കെടുത്തു ഭരണം തുടങ്ങി.

പുണ്യാളനിലെ കേന്ദ്രപ്രമേയം, അച്ചമ്പിയുടെ മകൻ സേവ്യർ, തന്റെ മകനായ ഇമ്മാനുവലിന്റെ ജഡം പള്ളിസെമിത്തേരിയിൽനിന്നു മോഷ്ടിച്ച് ഒരു തുകൽപെട്ടിയിലാക്കി നാടുവിടുന്നതും അതെത്തുടർന്നുണ്ടായ ചില ദുർമരണങ്ങളുമായിരുന്നു. ഇമ്മാനുവൽ ചെകുത്താന്റെ വിത്തായിരുന്നു. അവന്റെ ജനനം തൊട്ടുതന്നെ നാട്ടിലും വീട്ടിലും ദുർലക്ഷണങ്ങൾ കണ്ടുതുടങ്ങി. പ്ലമേനയുടെയും അന്നംകുട്ടിയുടെയും പടുമരണങ്ങൾ ഒന്നിനു പിന്നാലെ ഒന്നായി സംഭവിച്ചു. ഒടുവിൽ ഇമ്മാനുവൽ തന്നെയും. മരിച്ച ഇമ്മാനുവൽ ജീവിച്ചിരുന്ന ഇമ്മാനുവലിനെക്കാൾ കരുത്തനായിരുന്നതിനാൽ ഭ്രാന്തിന്റെയും ദുർമരണങ്ങളുടെയും പട്ടിക നീണ്ടു.

'അടിയാളപ്രേതം' മറ്റൊരു ഭൂമികയിലാണ് രൂപംകൊള്ളുന്നത്. മകന്റെ ജഡവുമായുള്ള സേവ്യറിന്റെ പലായനത്തിനിടെ സംഭവിക്കുന്ന ഒരു മരണത്തിന്റെയും കുഞ്ഞുമാക്കോതയുടെയും കുടുംബത്തിന്റെയും തിരോധാനത്തിന്റെയും കഥയറിഞ്ഞെത്തുന്ന സബ് ഇൻസ്‌പെക്ടർ ഉണ്ണിച്ചെക്കന്റെ കേസന്വേഷണവും അഴിക്കുംതോറും മുറുകുന്ന കുരുക്കുകൾപോലെ അത് സൃഷ്ടിക്കുന്ന ദുരൂഹതകളും സമാന്തരമായി ചുരുളഴിയുന്ന കുഞ്ഞുമാക്കോതയുടെ ബലിപുരാണവുമാണ് 'പ്രേത'ത്തിന്റെ സന്ദർഭം. കാപ്പിരിമുത്തപ്പനിൽ തുടങ്ങി ഉണ്ണിച്ചെക്കനിലെത്തുന്ന കറുത്ത മനുഷ്യരുടെ വംശഗാഥ കൂടിയാണത്. കറുപ്പൻ എന്ന പറയരുടെ ചരിത്രകാരൻ ഓർത്തെടുക്കുന്ന അടിമകളുടെ ഐതിഹ്യമാല.

അടിയാളപ്രേതത്തിന്റെ കഥാഘടന അഞ്ചു താവഴികളിലാണ് മുന്നേറുന്നത്. അൽമേഡയിൽ നിന്ന് സന്തമ്മാറുവിലേക്കും മകൻ അച്ചമ്പിയിലേക്കും അയാളുടെ കൂട്ടുകാരായ പൊലീസ് ഇൻപെക്ടർ കുഞ്ഞവറാച്ചനിലേക്കും ജന്മിയായ കുഞ്ഞിരാമമേനോനിലേക്കും അയാളുടെ അനുജൻ കുഞ്ഞുണ്ണിയിലേക്കും നീളുന്നതാണ് ഒന്ന്. കൊളോണിയൽ, ഫ്യൂഡൽ മാടമ്പിത്തരങ്ങളുടെ സകല ദുർമുഖങ്ങളും വെളിപ്പെടുത്തി ഇവർ ചരിത്രം തങ്ങളുടേതാക്കി മാറ്റി. പാപത്തിന്റെ ശമ്പളം മരണമാണെന്ന ദൈവകല്പന, നരകിച്ചുതീർക്കേണ്ടിവരുന്ന ജീവിതം തന്നെയാണെന്നു തിരുത്തി, നാനാ രീതികളിൽ ഇവർ അനുഭവിച്ചു ചത്തു. ചരിത്രം, വംശാധിപത്യങ്ങളുടെയും ഭരണകൂടങ്ങളുടെയും ആൺകോയ്മകളുടെയും ഉടമ്പടിപ്പുസ്തകമാണെന്ന് അടിവരയിട്ടു തെളിയിക്കുന്നു, ഈ കഥാപാത്രങ്ങൾ. കുടിയേറ്റങ്ങൾ, അതെവിടെയായാലും അടിമകളുടെ ചോരകൊണ്ടാണ് മണ്ണുകുഴയ്ക്കുന്നതെന്ന് വിശദീകരിക്കുകയാണ് പി.എഫ്. മാത്യൂസ്.

കാപ്പിരിയിൽ നിന്ന് കുഞ്ഞുമാക്കോതയിലേക്കും കറുപ്പനിലേക്കും ഉണ്ണിച്ചെക്കനിലേക്കും നീളുന്ന അടിമകളുടെ അധോചരിത്രത്തിന്റേതാണ് രണ്ടാമത്തെ താവഴി. കുഞ്ഞുമാക്കോത ആദ്യം പറയരുടെ ആത്മീയ പുരോഹിതനായിരുന്നു. പിന്നീടാണയാൾ അച്ചമ്പിയുടെ ദുർമന്ത്രവാദിയായി മാറുന്നതും കാപ്പിരിപൂജയിലൂടെ നിധിവേട്ടക്കിറങ്ങുന്നതും. അൽമേഡ കാപ്പിരിയെ കൊന്നതിനു സമാനമായി അച്ചമ്പി മാക്കോതയെ കൊന്നു. അയാളുടെ തലയില്ലാത്ത അസ്ഥികൂടം മാന്തിയെടുത്താണ് ഉണ്ണിച്ചെക്കൻ 'അടിയാളപ്രേത'ത്തിന്റെ ആഖ്യാതാവായി മാറുന്നത്. ഉണ്ണിച്ചെക്കൻ തന്നെയും നിഗൂഢമായൊരു വ്യക്തിത്വത്തിനുടമയാണ്. മാക്കോതയുടെ കൊല്ലപ്പെട്ട മകന്റെ പുനർജന്മമാണയാൾ. പൊലീസ് സേനയിൽ ഇങ്ങനെയൊരുദ്യോഗസ്ഥനില്ല എന്ന് സിഐ. ബഞ്ചമിനും എഎസ്ഐ. ഒറ്റക്കൊമ്പനും മനസിലാക്കുന്നത് സേവ്യറിന്റെയും കുഞ്ഞുമാക്കോതയുടെയും മറ്റും കേസുകൾക്ക് വിസ്മയകരമാംവിധം തുമ്പുകളുണ്ടാക്കി അയാൾ തിരോധാനം ചെയ്തതിനു ശേഷം മാത്രമാണ്. അച്ചമ്പി കുഞ്ഞുമാക്കോതയെ കൊന്ന രാത്രിയിൽതന്നെ, മാക്കോതയുടെ ഭാര്യയെയും മക്കളെയും കാഞ്ഞിരപ്പള്ളിയിൽ കൊണ്ടുപോയി കൊന്നു കുഴിച്ചുമൂടിയത് കുഞ്ഞവറാച്ചനും കുഞ്ഞുരാമമേനോനും കുഞ്ഞുണ്ണിയും കൂടിയാണെന്ന് ഉണ്ണിച്ചെക്കൻ തെളിയിക്കുന്നു. ആത്മാക്കളുടെ കുറ്റാന്വേഷകനാണയാൾ. ഇരുട്ടിൽ നിന്നെത്തുന്ന മറ്റൊരു പുണ്യാളൻ. വന്നതുപോലെ തന്നെ അയാൾ തന്റെ 500 സിസി ബുള്ളറ്റിൽ കയറി മാഞ്ഞുപോകുന്നു. കറുപ്പനാണ് 'അടിയാളപ്രേത'ത്തിലെ മറ്റൊരു ആഖ്യാനകർതൃത്വം. കൊച്ചിയിലെ പറയരുടെ ചരിത്രകാരനാണയാൾ. നവോത്ഥാനാധുനികത രൂപം കൊടുത്ത കീഴാളസ്വത്വനിർമ്മിതിയുടെ ജൈവബിംബം. മിത്തുകളെയും ചരിത്രത്തെയും കൂട്ടിയിണക്കുന്ന സംസ്‌കൃതിയുടെ കഥാകാരൻ. ജീവിതത്തിലുടനീളവും മരണമടുത്ത ദിനങ്ങളിലും കറുപ്പൻ തന്റെ ഓർമയിലും കഥകളിലും സ്വപ്നങ്ങളിലും ഒരുപോലെ വാർത്തെടുക്കുന്നത് അടിയാളരുടെ സഹനഗാഥകളാണ്. 'യുദ്ധം' എന്ന അധ്യായം തന്നെ കൊച്ചിയുടെ ജാതിപുരാണത്തെക്കുറിച്ച് കറുപ്പൻ കാണുന്ന പേക്കിനാവുകളാണ്.

'രാത്രി ഉണ്ണിച്ചെക്കനെ കാണാൻ, തീരദേശത്തെ പുസ്തകം വായിക്കാൻ പഠിപ്പിച്ച കറുപ്പൻ വന്നു. കൊച്ചിയെ മെതിച്ചും മെരുക്കിയും കടന്നുപോയ മൂന്നു സാമ്രാജ്യങ്ങളുടെ കഥകൾ ആ ലോഡ്ജുമുറിയിൽ തളം കെട്ടി. പിന്നിട്ട നൂറ്റാണ്ടുകളിലൂടെ കറുപ്പന്റെ കൈ പിടിച്ച് ഉണ്ണിച്ചെക്കൻ നടന്നു. മൂന്നു പെഗ് ഓസിയാറിൽ പുസ്തകങ്ങളിലെ ചരിത്രം അവസാനിച്ചിരുന്നു. ഇനിയുള്ളതു കഥകളാണ്. ആയിരത്തി അറുനൂറ്റി അറുപത്തിമൂന്ന് ജനുവരി ഏഴിന് സാന്ത്യാഗോ അൽമേഡ എന്ന പോർച്ചുഗീസു പറങ്കി തന്റെ അടിമയായ കാപ്പിരിയെ കൊന്നു നിലവറയിൽ തള്ളിയതും അയാളുടെ ആത്മാവിനെ തന്റെ സമ്പത്തിനു കാവലാക്കി മാറ്റിയതും പിന്നെ മദാമ്മയേയും മക്കളേയും കൊണ്ട് കപ്പലു കേറിയതും. ആ നിമിഷം തന്റെ പ്രഭാത സ്വപ്നത്തിലെ പൊരുളിലേക്ക് അയാൾ ഉണർന്നു. ഉണ്ണിച്ചെക്കന് പഴയ കഥകൾ ഇനിയും കേൾക്കേണ്ടതുണ്ടായിരുന്നതിനാൽ കറുപ്പൻ തുടർന്നു. കാലങ്ങളൊരുപാടു കടന്നുപോയി ആയിരത്തിതൊള്ളായിരത്തി അൻപതു കാലത്ത് പറങ്കികളുടെ കോളനീലെ പഴയ അൽമേഡ സായുവിന്റെ നിലംപറ്റിയ കെട്ടിടത്തിന്റെ തറ പൊളിച്ചപ്പോൾ അസ്ഥികൂടം കിട്ടിയതും അച്ചമ്പി എന്നു പേരുള്ള കാശുകാരന്റെ നസ്രാണി അവിടെ തറവാടു വീടു കെട്ടിയ കഥയും പറഞ്ഞു. അച്ചമ്പീടെ കഥയിലാണ് കുഞ്ഞുമാക്കോത ജീവിക്കുന്നത്.

ഷാപ്പിലിരുന്നു കള്ളുകുടിക്കുമ്പോഴാണ് അച്ചമ്പിമാപ്ലയ്ക്ക് പുതിയ ആശയങ്ങളുണ്ടാകുന്നത്. കുഞ്ഞുമാക്കോത കൂടെയുണ്ടെങ്കിൽ പിന്നെ പറയാനുമില്ല. രണ്ടു കുപ്പിയാണ് അവരുടെ കണക്ക്. അതു വേറുകൂറില്ലാതെ പപ്പാതിയായിട്ടങ്ങു കുടിച്ചു പാട്ടും പാടി പോകുകയും ചെയ്യും. ഇത്തവണ കുപ്പി മൂന്നു വന്നുപോയിട്ടും അച്ചമ്പിമാപ്ല ഇരുന്നേടത്ത് നിന്നനങ്ങിയില്ല. കുഞ്ഞുമാക്കോത പുറത്തേക്കിറങ്ങുമ്പോ പാടാറുള്ള പാട്ട് അകത്തിരുന്നുതന്നെ തുടങ്ങുകയും ചെയ്തു. പാട്ട് അതിന്റെ പതിഞ്ഞ തുടക്കത്തിൽ നിന്നു കുന്നുകയറാൻ തുടങ്ങിയപ്പോൾ അച്ചമ്പി കൈ ഉയർത്തി നിർത്താൻ ഉത്തരവിറക്കി. ആ ചിഹ്നം കണ്ടപാടെ പാട്ടു നിന്നു. കാലങ്ങളായിട്ട് സേവിച്ചിട്ടും നിധി വിട്ടുതരാത്ത കാപ്പിരിമുത്തപ്പനോടുള്ള കലിപ്പിലായിരുന്നു അച്ചമ്പി. കുഞ്ഞുമാക്കോതയ്ക്കു പേരിയായി. കള്ളും ചുരുട്ടും കറിയും കൊടുത്തു കാപ്പിരിയെ സേവിച്ചു കാത്തിരിക്കാൻ മാത്രമാണ് ഭക്തന്റെ വിധി. നിധി വിട്ടുതരുന്നത് മുത്തപ്പന് ബോധിക്കുമ്പോൾ മാത്രമാണ്. അതിനുവേണ്ടി തിരക്കുപിടിച്ചാൽ ചിലപ്പോൾ തിരിച്ചടി കിട്ടും.

അച്ചമ്പി ഷാപ്പിൽ നിന്ന് കുഞ്ഞുമാക്കോതയെ പിടിച്ചിറക്കിക്കൊണ്ടു പോകുന്നത് കറുപ്പനിലൂടെ ഉണ്ണിച്ചെക്കൻ കേട്ടു.

പറഞ്ഞ കഥകൾ തന്നെ വീണ്ടും പറയുന്നതിനെക്കുറിച്ചാണ് ഉണ്ണിച്ചെക്കൻ ആലോചിച്ചത്. പറഞ്ഞ കഥകളിൽ പറയാതെ വിട്ടതെത്രയാണെന്ന് ആരെങ്കിലും അറിയുന്നുണ്ടോ? പറയാതെ വിട്ട കഥകളുടെ ഇടുങ്ങിയ മൂലകളിലെ ഇരുട്ടിലായിരുന്നു അവയുടെ മർമ്മം. പുതിയ കഥകളുടെ പിന്നാലെ പോകുമ്പോൾ അതൊക്കെ അറിയാതെയും പോകും. കഥ പറഞ്ഞും കള്ളുകുടിച്ചും പാതിരാവായപ്പോൾ കറുപ്പൻ വീട്ടിലേക്കു പോയി. നാളെ രാത്രി വന്നോളാമെന്ന് ഉറപ്പു പറഞ്ഞിട്ടാണ് പോയത്. രാവിലെ സിഐ. ബെഞ്ചമിനോട് ചരിത്രം കുറച്ചു പറയേണ്ടിവന്നു. മണ്ണടിഞ്ഞവരുടെ കഥകൾ കേട്ടതുകൊണ്ട എന്തു ഗുണമെന്നാണ് അയാളും ചോദിച്ചത്'.

അന്നംകുട്ടിത്താത്തി, ചീരു, കോത, കാർമലി തുടങ്ങിയ സ്ത്രീകളുടേതാണ് മൂന്നാം താവഴി. പരമദുഷ്ടന്മാരും ദുർമൂർത്തികളും ദൈവശത്രുക്കളുമായ പുരുഷന്മാരെയോർത്ത് കണ്ണീരൊഴുക്കി ജീവിതം കഴിഞ്ഞുപോയവർ. അസാധാരണമായ ആത്മബോധത്തോടെ സ്വന്തം കാമനകളെ മേയാൻ വിടുമ്പോഴും തങ്ങളുടെ ആണുങ്ങളെ മനുഷ്യരാക്കാൻ കഴിയാത്തതോർത്ത് താത്തിയും ചീരുവും കാർമലിയും പരസ്പരം കരഞ്ഞു കാത്തു. പിശാചുക്കളും പുരുഷന്മാരും അവരെ വേട്ടയാടിത്തീർക്കുകയും ചെയ്തു.

അങ്കമാലിക്കാരൻ മന്ത്രവാദി വള്ളോൻ, വില്യമച്ചൻ, കുഞ്ഞിട്ടി, ബാവക്കുട്ടിസ്രാങ്ക്, സേവ്യർ എന്നിങ്ങനെ പ്രജ്ഞക്കും പേക്കുമിടയിൽ ഭ്രാന്തിനും പലായനത്തിനുമിടയിൽ ചരിത്രങ്ങളും മിത്തുകളും ഭൂതവും വർത്തമാനവും കൂട്ടിയിണക്കുന്നവരുടേതാണ് നാലാം താവഴി. മൂകമായ ചരിത്രദൃക്‌സാക്ഷിത്വമാണ് ഇവരുടെ നിയോഗം. കുഞ്ഞുമാക്കോത ഈ ചരിത്രത്തിന്റെ നായകനും അച്ചമ്പി വില്ലനുമാകുമ്പോൾ കറുപ്പൻ ഈ ചരിത്രത്തിന്റെ കഥാകാരനാകുന്നു. ഉണ്ണിച്ചെക്കനാകട്ടെ ഈ ചരിത്രത്തിനു കൈവരുന്ന നോവൽരൂപത്തിന്റെ ആഖ്യാതാവായും മാറുന്നു. ഇവർ നാലാളുമാണ് അടിയാളപ്രേതത്തിലെ ചരിത്രപുരുഷന്മാർ. യാഥാർഥ്യത്തിനും ഭാവനയ്ക്കുമിടയിൽ ഒരുപോലെ തെന്നിമാറുന്നവർ. ചരിത്രത്തിന്റെയെന്നപോലെ അസ്തിത്വത്തിന്റെയും പര്യവേക്ഷകർ.

'പണ്ട് സായിപ്പു നമ്മള അടിമകളാക്കിയപ്പ നമ്മളവരോട് ആവശ്യപ്പെട്ടതെന്താണെന്ന് അറിയ്യോ.... നിങ്ങ ഞങ്ങള അടക്കി ഭരിച്ചോ. പക്ഷേങ്കില് ഞങ്ങട മതത്തേയും ജാതിയേയും ദൈവങ്ങളേയും പാരമ്പര്യത്തേയും തൊട്ടുപോകരുതെന്നാണ്... കാരണമെന്താണെന്നറിയോ. അതു മൊത്തം നാറിയ ജാതിവ്യവസ്ഥയിൽ കെട്ടുപിണഞ്ഞു കിടക്കുകയായിരുന്നില്ലേ... എന്നാലല്ലേ മേലാളന്റേം മുന്തിയ ജാതിക്കാര്‌ടേയും തീട്ടം വാരാനും അടിയാളപ്പണി ചെയ്യാനും ആളെ കിട്ടൂ.... സായ്‌പ്പന്മാരിക്കും അതു ബോധിച്ചു.... അങ്ങനെ ആ പാരമ്പര്യത്തേല് അവര് തൊട്ടില്ല.... യുക്തീം വേണ്ട ശാസ്‌ത്രോം വേണ്ട, ഭാവന മതി.... ജാതി പ്രമാണമാക്കിയ പുരാണം മതി. അറിവ് താഴേക്ക് ഒഴുകാനേ പാടില്ല. അതായിരുന്നു ഏർപ്പാട്. അതോണ്ട് ഉണ്ണിച്ചെക്കൻ സാറേ ഇതു നിർത്ത്... നിങ്ങളീ ചീളുകേസു തെളീക്കാനായിട്ട് മിത്തുകളേം പുരാണങ്ങളേക്കെ കൂട്ടുപിടിക്കണതന്നെ ശരിയല്ലന്നാ എന്റ ഒരിത്'.

 

'മിത്തുകൾ നുണയാണെന്നാണോ പറയുന്നത്? പണ്ട് ജീവിച്ച മനുഷ്യന്റെ ജീവിതം തന്നേണത്. ഇച്ചിരി അലങ്കാരത്തില് പറയണൂന്നു മാത്രം. ഇതൊക്കെ ഇല്ലാണ്ടായാൽ പിന്നെ തീർന്നില്ലേ ജീവിതം..... നമ്മട ജീവിതത്തിന്റ പാതീം ഭാവനേല്ലേ കറുപ്പൻ മാഷേ.... കഥയില്ലേൽ പിന്നെ മനുഷ്യനുണ്ടോ....?'

കറുപ്പൻ പിണങ്ങി ഇറങ്ങിപ്പോയി. കറുപ്പന്റെ യുക്തിപ്രസരമേറ്റ് ക്ഷീണിതരായ ബാവക്കുട്ടി സ്രാങ്കും ഉണ്ണിച്ചെക്കനും ശേഷിച്ച കുപ്പികൾ ഉരിയാട്ടമില്ലാതെ കാലിയാക്കി. രാത്രി ഉറക്കത്തിനിടയിൽ ഉണ്ണിച്ചെക്കന്റെ മുറിയിലേക്ക് അന്നംകുട്ടിത്താത്തി സംസാരിച്ചുകൊണ്ട് കയറിവന്നു. അവർ അച്ചമ്പിയുടെ വീടിന്റെ അടുക്കളയിലാണെന്നതുപോലെ പെരുമാറിക്കൊണ്ടേയിരുന്നു.

'സേവീനോട് പലവട്ടം കാലുപിടിച്ച് താണുവീണപേക്ഷിച്ചതാണ് എന്നട്ടും അവൻ കേട്ടില്ല... സെമിനാരീന്ന് വായുവലിച്ചു കെടക്കണ അപ്പന കാണാൻ വന്ന നേരത്ത് അവനാ കാർമ്മലീന കെട്ടി. അവടേണ് കൊഴപ്പമെല്ലാമൊണ്ടായത്.... പിറ്റേക്കൊല്ലം കാർമ്മലി ആ ചൈത്താനെ പെറ്റ്...'.

'അങ്ങനെയൊന്നും പറയാതെ അന്നംകുട്ടിത്താത്തി, ആ കുഞ്ഞ് നിങ്ങട പേരക്കുട്ടിയല്ലേ?'

'പേരക്ടാവ് പിശാശായിരുന്നു.... അവന്റ തലേല് മാമോദീസാ വെള്ളം വീണട്ടില്ല.... ആ ദെവസോണ് അവൻ പ്ലമേനടേം പിന്ന എന്റേം പ്രാണനെടുത്തത്.... എന്നട്ട് അവന് വല്ല ഈടുമൊണ്ടായാ... പള്ളീ വെച്ചു തന്നെ പണി തീർന്നില്ലേ'.

അടുത്തനിമിഷം തലയിൽ ഭാരമേറിയൊരു വസ്തു വന്നു പതിച്ചതുപോലെ അന്നംകുട്ടിത്താത്തി ഉരുണ്ടു പിടഞ്ഞു താഴേക്കു വീണ് ഇല്ലന്നായി.

കാഴ്ചകളാവസാനിച്ചിട്ടും അതിക്രൂരമായ ശിക്ഷപോലെ ഉറക്കമില്ലാതെ ഉണ്ണിച്ചെക്കൻ വലഞ്ഞു. രാത്രിയുടെ കടുംകറുപ്പിനുള്ളിലൂടെ കാലപ്രവാഹത്തിന്റെ സൂക്ഷ്മമായ അടരുകൾ ചവിട്ടിപ്പിന്നിലാക്കി അയാൾ അന്നംകുട്ടിത്താത്തിയുടെ പിന്നാലെ നടന്നു. കറുത്ത തോടുകൾ പൊട്ടിത്തുറന്നപ്പോൾ അതിനുള്ളിൽ മറഞ്ഞിരുന്ന നിഗൂഢമായ പ്രപഞ്ചങ്ങൾ വെളിപ്പെടാൻ തുടങ്ങി. അതിന്റെ ഏതോ ഒരു സന്ധിയിൽ കുഞ്ഞുമാക്കോതയുടെ തല തെറിച്ചു മണ്ണിൽ പതിക്കുന്നതും തലയറ്റ ഉടലേറെ ദൂരം ഓടി മണ്ണിലേക്കമരുന്നതും കണ്ടു. ബാധയേറ്റതുപോലെ അതാവർത്തിക്കാൻ തുടങ്ങിയപ്പോൾ അയാൾ പിന്നേയും ഉറക്കത്തിൽ നിന്നുണരാനായി കഠിനമായ പരിശ്രമം തന്നെ നടത്തി. ഇനിയൊരിക്കലും ഉണരാനാകില്ലെന്ന ഭീതിയോടെ കിതയ്ക്കുകയും വിയർക്കുകയും സ്വരമില്ലാത്ത തൊണ്ടകൊണ്ട് അലറുകയുമൊക്കെ ചെയ്യുമ്പോൾ അയാളുടെ മുറി വാതിൽ ആരോ ഇടിച്ചു പൊളിക്കുന്ന സ്വരം വളരെ അകലെ നിന്നെന്നതുപോലെ കേട്ടു. കാറ്റിലാടുന്ന ജാഗരത്തിന്റെ പടുതകൾ കടന്ന് അയാൾ കൈകൾ കുത്തി പതുക്കെ ആയാസപ്പെട്ട് തളർവാതരോഗിയുടെ അവസാനത്തെ ശ്രമം പോലെ എണീറ്റു. വാതിൽ തുറന്നു. പുറത്ത് ബാവക്കുട്ടി സ്രാങ്ക് നിൽക്കുന്നുണ്ടായിരുന്നു. പിന്നിൽ നിഴൽ പോലുമല്ലാതെ മറ്റൊരാൾ. കുഞ്ഞിട്ടി.

ഒന്നിനു പിറകെ ഒന്നായി മൂന്നു കട്ടൻ ചായ കുടിച്ചപ്പോൾ അയാൾക്ക് ചുറ്റുപാടുകൾ തിരിച്ചറിയാവുന്ന നിലയിലായി. പതുക്കെ അയാൾ പൊലീസുമായി.

'സെമിത്തേരിയിൽ കിടന്നുറങ്ങിയ രാത്രി കുഞ്ഞിട്ടി എന്താണ് കണ്ടത്...'.

'പാണ്ട്യാലയ്ക്കലെ കൊച്ചിന്റ ചവം കട്ടോണ്ടു പോയി... അതപകടോണ്. നാടു മുടിഞ്ഞു പണ്ടാറടങ്ങും'.

'ആര്.... ആരാണു കുട്ടിയുടെ ശവം മാന്തിക്കൊണ്ടു പോയത്?'.

പേടിയോടെ കുഞ്ഞിട്ടി തലയാട്ടി. അയാൾ ചുറ്റും നോക്കി. വയസ്സൻ നായയുടെ ചലനങ്ങളോടെ നാൽക്കാലിൽ നടന്നു മുറിക്കു പുറത്തിറങ്ങി. എല്ലായിടവും മണത്തു. ദിവസങ്ങൾക്കു മുമ്പ് അപരിചിതൻ വന്നു താമസിച്ച മുറിയുടെ മുന്നിലെത്തിയതും പെട്ടെന്ന് വാവിട്ട് കരഞ്ഞുകൊണ്ട് കുഞ്ഞിട്ടി പുറത്തേക്കിറങ്ങി ഓടി. പേടികൊണ്ട് വിറങ്ങലിച്ചിരുന്നു ആ മുഖം. ബാവക്കുട്ടി സ്രാങ്കും ഉണ്ണിച്ചെക്കനും പിന്നാലെ പാഞ്ഞു. അവരു നോക്കിനിൽക്കെ ഗുദാമിൽ നിന്ന് പിന്നോട്ടെടുത്ത ചെറു ലോറിയിടിച്ച് കുഞ്ഞിട്ടി വീണു. അയാൾക്ക് അനക്കമുണ്ടായിരുന്നില്ല.

ഒന്നരമണിക്കൂർ കഴിഞ്ഞ് സർക്കാരാശുപത്രിയിലെ പൊതു വാർഡിൽ വെച്ച് കണ്ണുതുറന്ന കുഞ്ഞിട്ടി ബാവക്കുട്ടിയേയും ഉണ്ണിച്ചെക്കനേയും പകപ്പോടെ നോക്കി. ഉണ്ണിച്ചെക്കനെ കണ്ടതും അയാൾ പേടിച്ചു കരയാൻ തുടങ്ങി. സ്വരം കേട്ട് വന്ന ഡോക്ടർ ഇരുവരേയും നിർബന്ധിച്ച് പറഞ്ഞുവിട്ടു. പിറ്റേന്നു രാവിലെ വന്നപ്പോൾ അവർ പേടിച്ചതുപോലെ കട്ടിലിൽ കുഞ്ഞിട്ടിയുണ്ടായിരുന്നില്ല. പഴയപടി അങ്ങനെയൊരാൾ ജനിച്ചിട്ടേയില്ല എന്ന മട്ടിൽ അയാൾ മാഞ്ഞുപോയി.

'അതാണ് കുഞ്ഞിട്ടി'. ബാവക്കുട്ടി സ്രാങ്ക് പറഞ്ഞു. 'പക്ഷേങ്കില് എനിക്കിപ്പഴൊരു സംശയമെണ്ട് ഉണ്ണിച്ചെക്കൻ സാറിന കണ്ടപ്പ അയാളെന്തിനാണ് പേടിച്ചു കരഞ്ഞത്?'.

അഞ്ചാം താവഴി 'അടിയാളപ്രേത'ത്തിന്റെ കുറ്റാന്വേഷണപാഠത്തിന്റേതാണ്. സിഐ. ബഞ്ചമിനും എഎസ്ഐ. ഒറ്റക്കൊമ്പനുമാണ് ഈ പാഠത്തിന്റെ സ്രഷ്ടാക്കളെങ്കിലും ഉണ്ണിച്ചെക്കൻ സൃഷ്ടിക്കുന്ന അധിപാഠമാണ് ഈ താവഴിയെ ആഖ്യാനത്തിന്റെ നട്ടെല്ലാക്കി മാറ്റുന്നത്. ഉണ്ണിച്ചെക്കൻ തുറന്നിട്ട വാതിലുകളിലും വരഞ്ഞിട്ട തെളിവുകളിലും കൂടി കയറിയിറങ്ങുകയേ ബഞ്ചമിനു വേണ്ടിവന്നുള്ളു.

ഒറ്റനോവലായോ പല കഥകളായോ വായിക്കാം 'അടിയാളപ്രേത'ത്തെ. 'പുണ്യാള'ന്റെ തുടർച്ചയല്ല, പൂരിപ്പിക്കലാണ് 'പ്രേതം'. ഒരു ഭൂതതന്തുവിൽ നിന്നും പെരുക്കിയെടുക്കുന്ന കഥനത്തിന്റെ ചാക്രിക ഘടനയാണ് ഇതിനുള്ളത്. ജീവിച്ചിരിക്കുന്നവരും മരിച്ചവരും; സ്ഥിരബുദ്ധിയുള്ളവരും ഭ്രാന്തരും; ഉടമകളും അടിമകളുമായ മനുഷ്യരുടെ മിത്തിക്കൽചരിത്രമാകുന്നു 'അടിയാളപ്രേതം'. അടിമത്തത്തിന്റെ വംശപുരാണങ്ങൾ. ജാതിവെറിയുടെ കൊലനിലങ്ങൾ. കീഴാളരുടെ കുരുതിക്കളങ്ങൾ. നരബലിയുടെ ചോരപ്പാടുകൾ. മിത്തുകളുടെ ചാവുനിലങ്ങൾ. ദുർമന്ത്രവാദത്തിന്റെ കിരാതങ്ങൾ. നിധിവേട്ടയുടെ പാതിരാസേവകൾ. കഥകളുടെ പാതാളക്കുളങ്ങൾ. ഫ്യൂഡലിസത്തിന്റെ നരകാർഥങ്ങൾ... ചരിത്രം, അധികാരത്തുടർച്ചകളുടെയും അടിമച്ചങ്ങലകളുടെയും മരമണിമുഴക്കമാണെന്നു തെളിയിക്കുന്നു, 'അടിയാളപ്രേതം'.

വിദേശികളും സ്വദേശികളുമായ ഭരണകൂടവർഗങ്ങൾ അനീതികൾ തിരപോലെ പൊക്കി മുക്കിക്കളഞ്ഞ കൊച്ചിയിലെ കീഴാള മനുഷ്യരുടെ നിശ്വാസചരിതങ്ങളാണ് 'അടിയാളപ്രേത'മെന്നു തിരിച്ചറിയുന്ന ഗംഭീരമായൊരു പഠനം എസ്. ഹരീഷ് ഈ നോവലിന് ആമുഖമായി എഴുതിയിട്ടുണ്ട്. മാത്യൂസിന്റെ നോവലിനെ ജാതികേരളത്തിന്റെ പ്രേതപുരാണമാക്കി മാറ്റുന്നു, ഹരീഷ്. നവോത്ഥാനത്തെ ശീർഷാസനത്തിൽ നിർത്തുന്ന മലയാളിയുടെ ബൗദ്ധിക കാപട്യത്തിന്റെ കറുത്ത കാവ്യമായി ഈ നോവലിനെ കണ്ട് ഹരീഷ് എഴുതുന്നു:

'കേരളത്തിലുണ്ടായതായി പറയുന്ന നവോത്ഥാനം പാശ്ചാത്യ അധിനിവേശത്തിന്റേയും മിഷനറി പ്രവർത്തനങ്ങളുടേയും ഫലമാണ്. എൽ.എം. എസുകാരും പോർച്ചുഗീസുകാരും തീരദേശത്ത് നടത്തിയ വ്യാപക മതപരിവർത്തനങ്ങളാണ് ഇന്നാട്ടിലെ അധഃകൃതരെ ഉണർത്തിയത്. എന്നാൽ അതിനിടയാക്കിയവരുടെ നൈതികതയെ ഈ നോവൽ ചോദ്യം ചെയ്യുന്നു. സായിപ്പിന്റെ അടിമയായ കാപ്പിരിയും ബ്രാഹ്മണ്യത്തിന്റെ അടിമയായ പറയനും തമ്മിൽ കാര്യമായ വ്യത്യാസങ്ങളില്ല. ഈ കഥയിലെ അദൃശ്യസാന്നിദ്ധ്യമെന്ന് പറയാവുന്ന കാപ്പിരി അവസാനം പ്രത്യക്ഷപ്പെടുന്നത് പറയന്റെ ഒടിരൂപമായ വെള്ളക്കാളയോടൊപ്പമാണെന്നത് ശ്രദ്ധിക്കാം. പാശ്ചാത്യർ കൊണ്ടുവന്ന ആധുനികത അല്ലെങ്കിൽ നവോത്ഥാനം ജാതിയെ അല്ലെങ്കിൽ അടിമത്തത്തെ അല്പം അദൃശ്യമാക്കിയെന്നേയുള്ളൂ. തോളിൽ കൈയിട്ടും ഭക്ഷണം കഴിച്ചും അതിപ്പോഴും നമ്മളോടൊപ്പമുണ്ട്.

കാപ്പിരി എന്ന കാപ്പിരി മുത്തപ്പൻ കൊച്ചിയിലെ പിന്നാക്കക്കാരുടെ ദൈവമായത് വെറുതെയല്ല. ശ്രീനാരായണ ഗുരു എടുത്തുകളഞ്ഞ പ്രാകൃത ദൈവങ്ങളുടെ അതേ പൂജാക്രമമാണ് കാപ്പിരി ദൈവത്തിനും. കള്ളും ഇറച്ചിയുമാണ് നിവേദ്യം. ദൈവങ്ങളുടെ ബ്രാഹ്മണീകരണമാണ് ഇന്നാട്ടിൽ ജാതിയെ കൂടുതൽ ആഴത്തിലാക്കിയത്. ശുദ്ധാശുദ്ധസങ്കല്പവും ശ്രേണീകൃതമായ അസന്തുലിതാവസ്ഥയും ഭക്ഷണത്തിലൂടെയാണ് ഉറപ്പിച്ചതും. കാപ്പിരിക്ക് ഇന്നാട്ടിലെ അടിയാള ദൈവമായ മുത്തപ്പന്റെ പേര് വന്നതും അതേ പൂജാദ്രവ്യങ്ങൾ വന്നതും യാദൃച്ഛികമല്ല. ബ്രാഹ്മണദൈവങ്ങളെപ്പോലെ തെളിച്ചമുള്ള പെരുവഴിയേയല്ല, ഇരുട്ട് പറ്റിയ ഓരങ്ങളിലൂടെയാണ് ചാത്തന്റേയും മാടന്റേയും മുത്തപ്പന്റേയും കാപ്പിരിയുടേയും നടപ്പ്. അവരെ ആരാധിക്കുന്നവരെപ്പോലെ അവരും അധഃകൃതത്ത്വം പേറുന്നവരാണ്. പാശ്ചാത്യ ക്രൈസ്തവികതയും ബ്രാഹ്മണ്യവും ഒന്നുതന്നെയാണെന്ന് ഈ നോവൽ പലവട്ടം ഉറപ്പിക്കുന്നുണ്ട്. കറുപ്പൻ അവസാനം കാണുന്ന അന്തിമയുദ്ധത്തിൽ വെള്ളക്കാർക്കൊപ്പം നില്ക്കുന്ന കോണാനുടുത്ത നായരെ കാണാം. മറ്റൊരു നായർ മതംമാറി നെറ്റിയിൽ അന്തോണിയോ ഡി. ചെയിലി എന്ന പേരൊട്ടിച്ചിരിക്കുന്നു'.

യാഥാർഥ്യങ്ങളെയും യഥാതഥത്വത്തെയും മറികടക്കുന്നതിൽ പ്രകടമാകുന്ന ഭാവസങ്കേതങ്ങളാണ് അടിയാളപ്രേതത്തിന്റെ മൗലികമായ നോവൽകലയായി വികസിക്കുന്നത്. ചരിത്രത്തെ മിത്തുകൾ കൊണ്ടും ശരീരത്തെ കാമനകൾ കൊണ്ടും ജീവിതത്തെ കഥകൾ കൊണ്ടും പൂർത്തീകരിക്കുകയോ പകരംവയ്ക്കുകയോ ചെയ്യുകയാണ് മാത്യൂസ്. ഇതിനായി മൂന്നു ഭാവസങ്കേതങ്ങളാണ് 'പ്രേതം' ഇടതടവില്ലാതെ സ്വീകരിക്കുന്നത്. ഇരുട്ട്, ഭ്രാന്ത്, മരണം എന്നിവയെ. അതീതാനുഭൂതികളുടെ നിർമ്മിതിക്കായി നോവൽ മാറിമാറി പുണരുന്ന ഈ രൂപകങ്ങൾ യഥാക്രമം അടിമത്തം, ജാതി, കൊളോണിയലിസം എന്നീ ചരിത്രാനുഭവങ്ങളുമായി ചേർന്നു സൃഷ്ടിക്കുന്ന ഭാവസംയുക്തങ്ങൾ മാത്യൂസിന്റെ ഭാവനയെ ചിന്താപരവും രാഷ്ട്രീയബദ്ധവുമായ ജീവിതസന്ദർഭങ്ങളുടെ ഒരു ഗൂഢപ്രബന്ധമാക്കി മാറ്റുന്നു. അതിലൂടെ, ദൈവകേന്ദ്രിതവും ആണധികാരപരവുമായ മത-ജാതി രാഷ്ട്രീയമൂല്യങ്ങളെയും വ്യവസ്ഥകളെയും സ്ഥാപനങ്ങളെയും വിചാരണ ചെയ്യുന്ന കീഴാളപ്രതിരോധത്തിന്റെ ഭാവനാഭൂപടം പശ്ചിമകൊച്ചിയുടെ സാംസ്‌കാരിക ഭൂമിശാസ്ത്രത്തിൽ നെയ്തുചേർക്കുകയാണ് 'അടിയാളപ്രേതം'.

നോവലിൽനിന്ന്:-

'നാടുനീളെ അലഞ്ഞുതിരിഞ്ഞും ജാതിക്കാർക്ക് ക്രിയകൾ ചെയ്തും തോന്നിയപാട് തിന്നും കുടിച്ചും കണ്ടിടത്തൊക്കെ കിടന്നും കാലത്തെ ചവിട്ടിപ്പിന്നിലാക്കുക മാത്രമാണ് കുഞ്ഞുമാക്കോതയ്ക്ക് ജീവിതം. അന്തിക്കള്ളു മോന്താൻ അയാളുടെ ജാതിക്കാര് ഷാപ്പിനു മുമ്പിൽ തലയും കുമ്പിട്ട് കുന്തിച്ചിരുന്നപ്പോൾ കുഞ്ഞുമാക്കോത മാത്രം അവരുടെ മുന്നിലൂടെ നെഞ്ചും വിരിച്ച് അച്ചമ്പിയോടൊപ്പം നടന്നുപോയി തൊട്ടുതൊട്ടിരുന്നു. മാക്കോതയ്ക്ക് എന്തോ കാര്യമായ ഗതികേടു വരാനിരിക്കുന്നുണ്ടെന്ന തോന്നൽ അവർക്കെല്ലാമുണ്ടായിരുന്നു. ചീര മാത്രമാണങ്ങനെ ചിന്തിക്കാതിരുന്ന ഒരേയൊരു ജാതിക്കാരി. അച്ചമ്പിയേപ്പോലൊരു രക്ഷകനില്ലാഞ്ഞിട്ടുപോലും അവൾ നട്ടെല്ലു നിവർത്തിയാണ് നടന്നിരുന്നത്. അവളോടു മുട്ടാൻ നാട്ടിലെ ഇടിമുട്ടന്മാർക്കു പോലും പേടിയായിരുന്നു. ഒരാൺകൂട്ടു വേണമെന്നു ഉടലു പറഞ്ഞപ്പോൾ കൂട്ടത്തിൽ മീച്ചമുള്ള അറിവാളനെ കൊച്ചുന്നാളു തൊട്ടേ കൊതിച്ചു പോയ ചീരയ്ക്കു കൂടുതലൊന്നും ആലോചിക്കേണ്ടിവന്നില്ല. കുത്തിപ്പിടിച്ച് നടന്ന് കടപ്പുറത്തെ ബാസ്റ്റിൻ സായൂന്റെ ബംഗ്ലാവിനടുത്തുള്ള കിഴവൻ മരത്തിന്റെ തണലിൽ ബീഡിയും വലിച്ച് ചാഞ്ഞുകിടന്നിരുന്ന കുഞ്ഞുമാക്കോതയുടെ മുന്നിലേക്കു ചെന്ന് ഇത്തിരി നേരം അയാളെയും നോക്കിയങ്ങനെ നിന്നു. എന്തു പണ്ടാരത്തിനാണീ ഭദ്രകാളി വന്നിരിക്കുന്നതെന്ന് ഉള്ളിൽ പറഞ്ഞ്, അവളെ വെറുതെ നോക്കിയ നേരത്ത് അവൾക്കു ചുറ്റുമുള്ള പുല്ലാനിപ്പൊന്തയ്ക്കും ചവിട്ടി നിൽക്കുന്ന കറുകയ്ക്കും പച്ചപ്പ് ഇരട്ടിച്ചല്ലോ എന്നാലോചിച്ച് പതുക്കെ എണീറ്റ് മരത്തിന്റെ വേരിൽ ചാരിയിരുന്ന അയാളുടെ കണ്ണുകളിലേക്കു നോക്കിയിട്ട് അവൾ പറഞ്ഞു:

'എനിക്ക് കുഞ്ഞുമാക്കോതന ഇഷ്ടോണ്...'.

അയാൾ മിണ്ടുന്നില്ലെന്നു കണ്ടിട്ടും നല്ല തീർച്ചയോടെ തുടർന്നു.

'കെട്ടാനൊള്ള ഇഷ്ടോണ്... നിങ്ങക്കെന്തു തോന്നണ്....?'

കുഞ്ഞുമാക്കോതയ്ക്ക് ഒന്നും പറയാനില്ലായിരുന്നു. ചെറുപ്പം തൊട്ടു കാണുന്ന പെണ്ണാണവൾ. തീവെട്ടം കണ്ടാലാളിപ്പിടിക്കുന്ന വെടിമരുന്നുപോലുള്ള ചെറുപ്പമായിട്ടുപോലും കുഞ്ഞുമാക്കോത നാലുപാടും ഒന്നു നോക്കി അർത്ഥമില്ലാത്തൊരു ചിര ചിരിച്ചു. ആ ചിരി തീരെ പിടിച്ചില്ലെങ്കിലും ഒരു വാചകം കൂടി പറഞ്ഞിട്ടാണ് ചീര പോയത്.

'ഞാമ്പറയാനെള്ളത് പറഞ്ഞ്.... ഇനി നിങ്ങ ആലോചിക്ക്, എന്നട്ട് പറ...'.

അപ്പോഴും കുഞ്ഞുമാക്കോത മിണ്ടിയില്ല, ചിരിച്ചുമില്ല. നസറേത്തിലെ അതിശയമാതാവിന്റെ പള്ളിക്കു മുമ്പിലെ ഇറച്ചിമുട്ടിക്കു ചുറ്റുമായി രൂപപ്പെട്ട ഞായറങ്ങാടിയിൽ അച്ചമ്പിയും കുഞ്ഞുമാക്കോതയും കൂടി പോർക്കിറച്ചി മേടിക്കാൻ നിൽക്കുമ്പോഴാണ് ചീരയുടെ രണ്ടാമത്തെ വരന്. അവളെ കണ്ടതും കുഞ്ഞുമാക്കോതയുടെ ചിരി മാഞ്ഞു. അവളുടെ ഉടലിനോടുള്ള കൊതി അടക്കാനാകാഞ്ഞിട്ടു പോലും അവന്റെ ചട്ടുകാൽ എത്രയും പെട്ടെന്ന് അവിടന്നു കുതിക്കാനായിട്ട് തുടിച്ചു. ചീര തല ഉയർത്തി നെഞ്ചും വിരിച്ചു മുന്നിലു വന്നു നിന്നപ്പോ അച്ചമ്പിയും തെല്ലു കൗതുകത്തോടെ അവളെ നോക്കി. എന്നാൽ അവളതു കണ്ടില്ലെന്നുവെച്ച് കുഞ്ഞുമാക്കോതയുടെ കണ്ണിലേക്കു തറപ്പിച്ചൊന്നു നോക്കി.

'പറ...'.

കുഞ്ഞുമാക്കോത അച്ചമ്പി എന്തുവിചാരിക്കും എന്ന മട്ടിൽ തിരിഞ്ഞ് അയാളെ നോക്കി. അയാൾ ഒന്നും കണ്ടിട്ടും കേട്ടിട്ടുമില്ലെന്ന ഭാവം വരുത്തി മുഖം പിന്നിലേക്കു തിരിച്ച് മൂളിപ്പാട്ടും പാടി മീൻകച്ചോടം നടത്തിയിരുന്ന അരേത്തിമാരെ നോക്കി നിന്നു.

'ഇപ്പത്തന്ന വേണാ...'.

'വേണം'.

'എന്നാ ശരി...'.

'എന്തു ശരീന്ന്..... തൊറന്നു പറ'.

ചീര അങ്ങനെ എടുത്തു ചോദിക്കുമെന്നു കുഞ്ഞുമാക്കോത വിചാരിച്ചിരുന്നില്ല.

'ഇഷ്ടോണ്...'.

'കല്ല്യാണം കഴിക്ക്വോ'.

'ഉം..'.

പിന്നെ കടുകിട നേരമവിടെ നിന്നില്ല. ചീര വന്നതിലും വേഗത്തിലൊറ്റപ്പോക്കാണ്. അച്ചമ്പി മാപ്ലയുടെ പൊട്ടിച്ചിരിയിലേക്കാണ് കുഞ്ഞുമാക്കോത നാണിച്ചത്. ചേമ്പിലയിൽ പൊതിഞ്ഞ പോർക്കിറച്ചി കൈനീട്ടി മേടിച്ച് അയാൾ നാലഞ്ചു ചുവട് ഇടറിയിടറി നടന്നു.

കുഞ്ഞുമാക്കോതയുടെ അനിയത്തിപ്പെണ്ണ് കോതയ്ക്ക് പള്ളിക്കൂടത്തീ പോയതിന്റെ ഹുങ്കുമായി നടക്കുന്ന ചീരയെ കണ്ണെടുത്താൽ കണ്ടുകൂടായിരുന്നു. കൗമാരം വിട്ടൊഴിഞ് കാലത്തുകൊച്ചീലെ ഐസുകമ്പിനീല് ചെമ്മീൻ കിള്ളാൻ പോയ രണ്ടു പെണ്ണുങ്ങളും കൂടി ഒന്നും രണ്ടും പറഞ്ഞു വഴക്കിട്ടുവെന്നു മാത്രമല്ല മുഖത്തു നോക്കി പച്ചത്തെറി വിളിച്ച കോതയെ ചീര കൊരക്കിനു പിടിച്ച് തലയ്ക്ക് രണ്ടു മേടും കൊടുത്താണ് വിട്ടത്. പതിവിൻപടി പാട്ടും പാടി പാതിരാവിൽ കുടീലേക്കു കയറിവന്ന ചേട്ടായിയോടു കോത അവസാന വാക്കു പറഞ്ഞു.

'ചീരേമായൊള്ള എടപാട് ഇന്നത്തോടെ തീർത്തില്ലേൽ മുറ്റത്തെ വരിക്കപ്ലാവുമ്മേ ഞാൻ തൂങ്ങും'.

അനിയത്തിപ്പെണ്ണ് പ്ലാവിൽ ചക്കയായി തൂങ്ങിനിൽക്കുന്ന കാഴ്ചയോർത്തു കുഞ്ഞുമാക്കോത കുറെ ചിരിച്ചു. ആ ചിരി കണ്ടപ്പോൾ ആ പത്രാസുകാരി ചീരയോടുള്ള ശത്രുത കൊണ്ടു തൂങ്ങിച്ചത്താൽ നഷ്ടം തനിക്കുമാത്രമായിരിക്കുമെന്ന് കോത തിരിച്ചറിഞ്ഞു. എങ്കിൽപ്പിന്നെ ചീരയെ കൊന്നുകളയാമെന്ന് അവൾ തീരുമാനിച്ചു. അന്നുമുതൽ അവൾ ചീരയുമായി കൂട്ടുകൂടാൻ തുടങ്ങി. ചീരയ്ക്കിഷ്ടമുള്ള പുളിയിട്ടു വറ്റിച്ച കൂരിക്കറിയും തേങ്ങ വറുത്തരച്ചു വെച്ച ഞണ്ടുകൂട്ടാനുമൊക്കെയുണ്ടാക്കി കൊടുത്തു. ആദ്യമൊക്കെ അവളതു നിരസിച്ചുവെങ്കിലും പിന്നെപ്പിന്നെ കൊതികൊണ്ട്, അതു മേടിക്കാനും തിന്നാനും തുടങ്ങി. ഒരിക്കെ കുടലുകറി വെച്ചപ്പോളവൾ ചാറു നന്നേ കുറുക്കി അതിൽ ഒതളങ്ങ അരച്ചുചേർത്തു കൊടുത്തു. കറികൂട്ടിത്തുടങ്ങിയപ്പോൾ അരുചി തോന്നിയ ചീര ശങ്കയോടെ തീറ്റി നിർത്തി, അതു ചേമ്പിലയിൽ പൊതിഞ്ഞൊടുത്ത് ആരും കാണാതെ ഐസു കമ്പിനിപ്പടിയിൽ മോങ്ങിക്കൊണ്ടിരുന്ന എലുമ്പൻ പൂച്ചയ്ക്കിട്ടു കൊടുത്തു. പതിവില്ലാതെ ആറേഴു വട്ടം വെളിക്കിരുന്ന് അവശയായി വന്ന ചീരയ്ക്ക് എലുമ്പൻ പൂച്ച ചത്തു കിടക്കുന്ന കാഴ്ചയും കൂടി കണ്ടപ്പോ കാര്യങ്ങളെല്ലാം ബോധ്യപ്പെട്ടുവെങ്കിലും ആരോഗ്യം അനുവദിക്കാഞ്ഞതോണ്ട് അവൾ നേരെ കൂരയിലേക്കു മടങ്ങി. തുടർന്നുവന്ന മൂന്നു പകലും ഐസുകമ്പനിയിൽ ചീരയെ കാണാതായപ്പോൾ കോതയ്ക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാകില്ല. നാലാം നാൾ കമ്പനിയിലേക്കുള്ള വഴിയിൽ എതിരെ വന്ന ചീരയെ കണ്ടപ്പോൾ കോതയുടെ സന്തോഷം കെട്ടുപോയി. ചീരയാകട്ടെ ഒന്നും ഉരിയാടാതെ മുഖത്ത് ഭാവമൊന്നും കാണിക്കാതെ കോതയുടെ അരികിലേക്കു വന്നു. കോത കുശലം പറയാനൊരു ശ്രമം നടത്തിനോക്കി.

'കൊടലു വലിച്ചുവാരിത്തിന്നാ തൂറ്റു പിടിക്കുമെന്നു ഞാൻ പറഞ്ഞില്ലേ പെണ്ണേ'.

ചീര ഒന്നും മിണ്ടാതെ മടിത്തെറുപ്പിൽ നിന്ന് പേനാക്കത്തിയെടുത്ത് കോതയുടെ തലമുടിയിൽ കുത്തിപ്പിടിച്ച് ഇടതൂർന്നു വളർന്നിരുന്ന തലമുടി പറ്റെ അറുത്തു മടിത്തെറുപ്പിലു വെച്ചിട്ട് ഒറ്റനടത്തയായിരുന്നു. വാവിട്ട് നിലവിളിച്ച് കൂരയിലേക്കു കുതിച്ച കോതയെ തിരിഞ്ഞുപോലും നോക്കാതെ ചീര നേരെ കടപ്പുറത്തേക്കു വെച്ചുപിടിച്ചു. അച്ചമ്പിയോടൊപ്പം കടപ്പുറത്തിരുന്നിരുന്ന കുഞ്ഞുമാക്കോതയുടെ മടിയിലേക്കു മുറിച്ചെടുത്ത മുടിയിട്ടുകൊടുത്തിട്ടു പറഞ്ഞു.

'ഇപ്പ മുടി... ഇഞ്ഞി വെളഞ്ഞാ തലയെടുക്ക്വോന്നാ പുന്നാരിച്ചിയാട് ചേട്ടായി തന്നെ പറഞ്ഞേക്ക്'.

അടിയാളപ്രേതം
പി.എഫ്. മാത്യൂസ്
ഗ്രീൻ ബുക്‌സ് 2019
180 രൂപ

ഷാജി ജേക്കബ്‌    
കേരള സര്‍വകലാശാലയില്‍ ഗവേഷകവിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് കലാകൗമുദി വാരികയില്‍ തുടര്‍ച്ചയായി ലേഖനങ്ങളും ഫീച്ചറുകളും എഴുതിത്തുടങ്ങി. ആനുകാലികങ്ങളിലും, പുസ്തകങ്ങളിലും, പത്രങ്ങളിലും രാഷ്ട്രീയസാംസ്‌കാരിക വിഷയങ്ങളെ സംബന്ധിച്ച നിരവധി ലേഖനങ്ങളും പഠനങ്ങളും എഴുതിയിട്ടുണ്ട്. അക്കാദമിക നിരൂപണരംഗത്തും മാദ്ധ്യമവിമര്‍ശനരംഗത്തും സജീവമായ വിവിധ വിഷയങ്ങളില്‍ ഷാജി ജേക്കബിന്റെ നൂറുകണക്കിനു രചനകള്‍ പുറത്തുവന്നിട്ടുണ്ട്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ കൂടെയുള്ളവരുടെ ജീവനുകൾ കാത്ത ക്യാപ്റ്റന് സല്യൂട്ട്! ഗിയർ ബോക്‌സിലെ തകരാർ തിരിച്ചറിഞ്ഞതോടെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം പരമാവധി ഒഴിവാക്കി; സാങ്കേതിക തകരാർ തിരിച്ചറിഞ്ഞ് നിലത്തിറക്കൽ; മഴയിൽ തെന്നിമാറിയപ്പോഴും പറന്നുയരാത്തത് ജനവാസ കേന്ദ്രം മുന്നിലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്; കരിപ്പൂരിൽ വൻ ദുരന്തം ഒഴിവാക്കിയത് യുദ്ധവിമാനങ്ങളെ അടക്കം നിയന്ത്രിച്ച ക്യാപ്ടൻ ഡിവി സാഥെ; വലിയ ദുരന്തം ഒഴിവാക്കിയത് ഈ മനക്കരുത്ത്
എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം ലാൻഡ് ചെയ്യാൻ ശ്രമിച്ചത് രണ്ടുതവണ; ഡാറ്റ പുറത്തുവിട്ട് ഗ്ലോബൽ ഫ്‌ളൈറ്റ് ട്രാക്കർ വെബ്‌സൈറ്റ്; പറന്നിറങ്ങും മുമ്പ് വിമാനം പലവട്ടം മുകളിലേക്കും താഴേക്കും പോയതായി രക്ഷപ്പെട്ട യാത്രക്കാർ; കനത്ത മഴയും ടേബിൾ ടോപ് റൺവേയുടെ പരിമിതിയും പൈലറ്റിന് വെല്ലുവിളിയായി; പരിചയസമ്പന്നനെങ്കിലും ക്യാപ്റ്റൻ ഡി.വി.സാഠേയ്ക്ക് ഒരുനിമിഷം പിഴച്ചു; പ്രത്യേക വിമാനത്തിൽ സിവിൽ വ്യോമയാന വിദഗ്ദ്ധർ പുലർച്ചെ കോഴിക്കോട്ടെത്തും; കേന്ദ്ര മന്ത്രി വി.മുരളീധരനും കോഴിക്കോട്ടേക്ക്
ഏഴുവർഷം മുമ്പ് നേമത്ത് ചെറിയകട നടത്തിയ ഇവരുടെ സാമ്പത്തികവളർച്ച പെട്ടെന്ന്; മലയിൻകീഴിൽ കോടികൾ മുടക്കി പുതിയ വീടിന്റെ നിർമ്മാണം; ബ്യൂട്ടീഷ്യനായി മുൻപരിചയമില്ലാത്ത യുവതി ലക്ഷങ്ങൾ മുടക്കി സ്ഥാപനമാരംഭിച്ചതു സ്വർണക്കടത്ത് ലോബിയുടെ സഹായത്തോടെ; സ്വപ്നയെ ശിവശങ്കർ പരിചയപ്പെട്ടത് ഈ ബ്യൂട്ടി പാർലറിലൂടെ; തലസ്ഥാനത്തെ ആഡംബര ബ്യൂട്ടിപാർലർ ഉടമ ഒളിവിലെന്ന് മംഗളം; സ്വർണ്ണ കടത്തിൽ വീണ്ടും 'മാഡം' !
ധാരണാപത്രം ഒപ്പിടുന്നതിനു മുന്നോടിയായി ദുബായ് സന്ദർശിച്ച് യുഎഇ. ഭരണാധികാരികളുമായി ചർച്ച നടത്തി മുഖ്യമന്ത്രി; പിണറായിയുടെ യാത്രക്ക് 4 ദിവസം മുൻപു ശിവശങ്കറും സ്വപ്നയും ഒരേ വിമാനത്തിൽ ദുബായിലേക്ക് പറന്നു; ലൈഫ് മിഷനിൽ സ്വകാര്യ ഏജൻസി എത്തിയപ്പോൾ സ്വപ്‌നയ്ക്ക് കിട്ടിയത് ഒരു കോടി കമ്മീഷൻ; യുഎപിഎ കേസിൽ നിന്ന് രക്ഷപ്പെടാനുള്ള സ്വർണ്ണ കടത്ത് ആസൂത്രകയുടെ വെളിപ്പെടുത്തൽ വെട്ടിലാക്കുന്നത് സർക്കാരിനെ; ശിവശങ്കര കരുക്കിൽ പിണറായിക്ക് നേരെ സ്വപ്‌നയുടെ അഴിമതി ശരവും
ശ്രീകണ്ഠൻ നായരുടെ വിദേശയാത്രകൾക്ക് ഹൈക്കോടതിയുടെ വിലക്ക്; വ്യാജ വാർത്താ കേസിൽ അറസ്റ്റ് ചെയ്താൽ 50,000 രൂപ ബോണ്ടിൽ വിട്ടയയ്ക്കണം; ഇനി വ്യാജ വാർത്തകൾ സംപ്രക്ഷേണം ചെയ്താൽ ജാമ്യം റദ്ദാക്കും; മറ്റുള്ളവർക്ക് വഴികാട്ടേണ്ട ശ്രീകണ്ഠൻ നായർ കേട്ടുകേൾവി വാർത്തയാക്കരുതെന്ന് ഓർമ്മിപ്പിച്ച് 24 ചാനൽ മേധാവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി; ശ്രീകണ്ഠൻ നായർ ഷോയിലെ കോവിഡിനെ കുറിച്ചുള്ള വ്യാജ വാർത്തയിലെ വിധിയിൽ നിറയുന്നത് വിമർശനങ്ങൾ മാത്രം
റൺവേക്കിടയിലൂടെ റെയിൽപ്പാതയും തിരക്കേറിയ റോഡുമുള്ള എയർപോർട്ടുകൾ! വിമാനം വരുമ്പോൾ മാത്രം ഗതാഗതം തടയും; വെറും 525 മീറ്റർ തൊട്ട് 1200 മീറ്റർവരെ റൺവേയുള്ളവ; പലയിടത്തും റൺവേ അവസാനിക്കുന്നത് കുത്തനെയുള്ള പാറക്കെട്ടുകൾക്കിടയിലും, സമുദ്രത്തിലും; ഓക്സിജൻ കുറവുള്ള മേഖലകളും ഒട്ടേറെ; ഐസ് മൂടിക്കിടക്കുന്ന വെളിച്ചം കാണാത്ത ആന്റാട്ടിക്കയും വെല്ലുവിളി; കരിപ്പൂരിലെ ടേബിൾ ടോപ്പ് ഇവർക്കുമുന്നിൽ ഒന്നുമല്ല; ലോകത്തിലെ ഏറ്റവും അപകടം പിടിച്ച വിമാനത്താവളങ്ങളുടെ കഥ
അപകടത്തിൽ മരിച്ച ഷറഫുദ്ദീൻ നാട്ടിൽ വന്ന് പോയത് ഒന്നരവർഷം മുൻപ്; വിമാനത്തിലുണ്ടായിരുന്നത് ഭാര്യയും കുട്ടിയും; ഭാര്യയെ പ്രവേശിപ്പിച്ചിരിക്കുന്നത് മെട്രോ ഹോസ്പിറ്റലിൽ; കുട്ടി എവിടെന്ന് അറിയാതെ അലമുറയിട്ട് ബന്ധുക്കൾ; അപകടത്തിന് മുൻപ് വരെ എയർപോർട്ടിൽ ഉറ്റവരെ കാത്ത് നിന്ന ബന്ധുക്കൾ വിവരം അറിഞ്ഞത് നടുക്കത്തോടെ; കരിപ്പൂർ വിമാനത്താവളം സാക്ഷ്യം വഹിച്ചത് മഴ ചതിച്ച അപകട കെണി  
എല്ലാം മറന്ന് മാസ്‌ക് ധരിച്ച് ഓടി എത്തിയത് ജീവനുകളുടെ വില തിരിച്ചറിഞ്ഞ്; രണ്ടായി പിളർന്ന വിമാനത്തിൽ നിന്നുയരുന്ന പുകയും ഇന്ധന ചോർച്ചയിലെ ആശങ്കയും കാര്യമാക്കിയില്ല; വാട്‌സാപ്പ് സന്ദേശങ്ങളിലൂടെ സന്നദ്ധ സേനയെ അതിവേഗം ഒരുക്കിയത് കൺമുന്നിൽ പിടയുന്ന മനുഷ്യരുടെ വേദനയ്ക്ക് ആശ്വാസം നൽകാൻ; കാറുമായി വന്നവരെല്ലാം പരിക്കേറ്റവരുമായി ആശുപത്രിയിലേക്ക് പോയി; കരിപ്പൂരിലേത് കോവിഡിലെ സാമൂഹിക അകലം മറന്നുള്ള രക്ഷാപ്രവർത്തനം; കൊണ്ടോട്ടിക്കാർ കാട്ടിയത് അസാമാന്യ ധൈര്യം
പതുങ്ങിയിരുന്ന് പുലിമുരുകനിലെ പോലെ ചാടി വീണു; തലയിൽ ആഞ്ഞു കടിച്ചെങ്കിലും പല്ലുകൾ ഉടക്കിയത് ഹെൽമറ്റിൽ; വീണു പോയ റെയിഞ്ചോഫീസറെ വലിച്ചിഴച്ചു കൊണ്ടു പോകുന്നത് കണ്ട വാച്ചർ ബഹളം വച്ചു; കലിപൂണ്ട് മാനുവലിന് നേരെ പാഞ്ഞടുത്തു; കാലിൽ കടിച്ചപ്പോൾ കിട്ടിയ ഷൂസുമായി മടക്കം; ശശികുമാരനും വാച്ചറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; കടുവയിൽ നിന്ന് രക്ഷപ്പെട്ട കഥ വനപാലകൻ മറുനാടനോട് പറയുമ്പോൾ
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
ലോറി ഡ്രൈവർമാർക്ക് 'ചരക്കുകളെ' എത്തിച്ചു കൊടുക്കുന്ന ലോട്ടറി കച്ചവടം; പൂനയിൽ നിന്ന് ലോറി എടുക്കുമ്പോൾ ഷാഫി ഓർഡർ ചെയ്തത് പ്രായം കുറഞ്ഞ ഇരയെ; ലക്ഷ്യമിട്ട പെൺകുട്ടി കൈയിൽ നിന്നും വഴുതിയപ്പോൾ റൂമിലേക്ക് ഉന്തിതള്ളി വിട്ടത് വൃദ്ധയെ; കാമഭ്രാന്തനെ പ്രതിരോധിച്ചപ്പോൾ ബ്ലൈഡു കൊണ്ടും ക്രൂരത; കണ്ടു വന്ന മകന് ഹാലിളകിയപ്പോൾ ലോറി ഡ്രൈവർക്കും അമ്മയ്ക്കും കിട്ടിയത് പൊതിരെ തല്ല്; എല്ലാം അനുഭവിച്ചത് 75-കാരി; കോലഞ്ചേരിയിലെ പീഡനത്തിൽ നിറയുന്നത് ഓമനയുടെ വാണിഭ കച്ചവടം
'എന്റെ വ്യക്തിപരമായ ജീവിതത്തിൽ നഴ്‌സുമാർ ചില പ്രശ്‌നമൊക്കെ ഉണ്ടാക്കിയിട്ടുണ്ട്..അവരെ ഉദ്ദേശിച്ച് പറഞ്ഞതാണ്; പറഞ്ഞപ്പോ..അങ്ങനെ ആയി പോയി; അതല്ലാതെ ലോകത്തുള്ള എല്ലാ നഴ്‌സുമാരെയും കുറിച്ചല്ല പറഞ്ഞത്..എനിക്ക് ഒരുപാട് വിഷമമുണ്ട്..നഴ്‌സുമാരുടെ ജോലിയുടെ മഹത്വം എന്തെന്ന് അറിയില്ലായിരുന്നു..മാപ്പ്': പൊട്ടിക്കരഞ്ഞുകൊണ്ട് ക്ഷമാപണവുമായി സോഷ്യൽ മീഡിയയിൽ നഴ്‌സുമാരെ അധിക്ഷേപിച്ച കണ്ണൻ.സി.അമേരിക്ക
നേഴ്സുമാർ ഡോക്ടരുടെ കുറിപ്പടി നോക്കി മരുന്ന് എടുത്ത് നൽകുന്ന ഹെൽപ്പർമാർ; അവർ ശാസ്ത്രത്തിന്റെ അങ്ങേയറ്റം വരെ പഠിച്ച തമ്പുരാട്ടിമാരോ തമ്പുരാന്മാരോ അല്ല; ലാബ് ടെക്നീഷ്യന്റെ വിചാരം ജനിതക ശാസ്ത്രജ്ഞന്മാരെന്നും; ചർദ്ദിൽ വാരുന്ന അറ്റൻഡർമാരുടെ ഭാവം ഐഎഎസുകാരെന്നും; പാവാട വിസ മോഹിച്ച് നേഴ്സുമാരെ കെട്ടുന്ന ഭർത്താക്കന്മാരും; ആരോഗ്യ പ്രവർത്തകരേയും കുടുംബത്തേയും അപമാനിച്ച് വീഡിയോ; നേഴ്‌സുമാരെ അപമാനിച്ച് ലൈവിട്ട യുവാവിനെതിരെ പരാതി പ്രവാഹവും പൊങ്കാലയും
സംശയ നിഴലിലുള്ളത് കേരള അഡ്‌മിനീസ്‌ട്രെറ്റീവ് ട്രിബ്യുണൽ ചെയർമാനാക്കാൻ പിണറായി സർക്കാർ മുന്തിയ പരിഗണന കൊടുത്ത ജഡ്ജി; വ്യവസായ പ്രമുഖന്റെ ശുപാർശയിൽ നിയമന നടപടികൾ പുരോഗമിക്കുന്നതിനിടെ സ്വപ്‌നാ സുരേഷിന്റെ സ്വർണ്ണ കടത്തിൽ സംശയ നിഴലിൽ; നെടുമ്പാശേരിയിലെ 2000 കിലോയുടെ സ്വർണ്ണ കടത്ത് പരിഗണിക്കുന്നതിൽ നിന്ന് മറ്റൊരു ജഡ്ജിയുടെ പിന്മാറ്റത്തിന് കാരണവും പരിശോധനകളിൽ; 100 കോടി പിഴ വാങ്ങി 2000 കിലോ സ്വർണം വിട്ടതും സംശയകരം; എൻഐഎ കണ്ണ് എല്ലായിടത്തേക്കും
ജഡ്ജിയും നേതാവുമായി അടുത്ത ബന്ധം; ഖുറാൻ വാഹനമെത്തി സിആപ്റ്റിലും ബന്ധുവിന്റെ സാന്നിധ്യം; എൻഐഎ നിരീക്ഷണത്തിലൂള്ളത് സ്വപ്നയുടെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുത്ത ഏക നേതാവ്; സർക്കാരിൽ ഉന്നത സ്വാധീനമുള്ള നേതാവിനെ ചോദ്യം ചെയ്യുന്നത് എല്ലാ തെളിവുകളും സൂക്ഷ്മമായി വിലയിരുത്തിയ ശേഷം മാത്രം; സ്വപ്‌നയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ കിട്ടിയാൽ ഉടൻ നേതാവിന് നോട്ടീസ് നൽകും; സ്വർണ്ണ കടത്തിൽ വിഐപി മൂന്നാമാനിലേക്ക് അന്വേഷണം
രാഷ്ട്രീയമില്ല, കുട്ടികളുടെ പരിപാടിയാണ് എന്നുപറഞ്ഞാണ് എന്നെ ക്ഷണിച്ചത്; കോൺഗ്രസിലെ ഒരു നേതാവിന് മാത്രമാണ് എതിർപ്പുണ്ടായിരുന്നത്; രാഹുൽ ഗാന്ധിയെ എതിർക്കുന്ന ആളെ വേണ്ടെന്നത് ആ നേതാവിന്റെ നിർബന്ധബുദ്ധിയായിരുന്നു; ചെന്നിത്തല എന്നോട് സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു; ചെന്നിത്തലയെ സംഘിയാക്കിയ നാട്ടിൽ എന്നെ സംഘിയാക്കുന്നതിൽ അത്ഭുതമില്ല; വിവാദത്തിൽ മറുനാടനോട് പ്രതികരിച്ച് ശ്രീജിത്ത് പണിക്കർ
മദ്യത്തിന് അടിമയായതിനൊപ്പം ലൈംഗിക വൈകൃതവും; പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിനടക്കം നിർബന്ധിക്കുക പതിവ്; എതിര് പറഞ്ഞാൽ ക്രൂരമർദ്ദനവും; പീഡനത്തിൽ സഹികെട്ട ഭാര്യ എൻജിനീയറായ ഭർത്താവിനെ ഒഴിവാക്കിയതുകൊലപ്പെടുത്തി; സ്വകാര്യഭാഗങ്ങളിൽ മർദ്ദിച്ചു; അദ്ധ്യാപികയായ ഭാര്യ അറസ്റ്റിലായത് യുവാവിന്റെ സ്വകാര്യഭാഗങ്ങളിൽ അടക്കം പരിക്കുകൾ കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ
ഏഷ്യാനെറ്റ് ന്യൂസിന്റെ 'പണി കിട്ടിയവർ' പരമ്പര ഏറ്റുതുടങ്ങി! സർക്കാർ വകുപ്പുകളിൽ പിൻവാതിൽ നിയമനങ്ങൾ കൊഴുക്കുമ്പോൾ പിഎസ്.സി റാങ്ക് ലിസ്റ്റുകാരുടെ രോഷം സിപിഎമ്മിനെ വിറപ്പിക്കുന്നു; സിപിഎം കേരളയുടെ ഒഫീഷ്യൽ യുട്യൂബ് പേജിൽ പിഎസ് സി നിയമന വിവാദം വിശദീകരിക്കാൻ എത്തിയ എം ബി രാജേഷിന് പൊങ്കാലയുമായി റാങ്ക് ഹോൾഡേഴ്‌സ്; ന്യായീകരണ വീഡിയോയിൽ ലൈക്കിനേക്കാൾ കൂടുതൽ ഡിസ് ലൈക്കുകൾ; പോരാളി ഷാജിമാർ പോലും പാർട്ടിക്കെതിരെ തിരിയുന്ന അപൂർവ്വ പ്രതിസന്ധി
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി