Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓർമ, കാമന, ജീവിതം

ഓർമ, കാമന, ജീവിതം

ഷാജി ജേക്കബ്‌

'തിരണ്ടുകല്യാണം സാഹിത്യത്തിനു വിഷയമാകാം, മാർക്കക്കല്യാണം വിഷയമായിക്കൂടാ' എന്ന പ്രതീകാത്മക സാംസ്‌കാരിക ഫത്‌വ അകത്തുനിന്നും പുറത്തുനിന്നും ലംഘിച്ചുകൊണ്ടുകൂടിയാണ് മലയാളനോവൽ ആധുനികതയിലേക്കു ചുവടുവയ്ക്കുന്നത്. കേസരി സ്‌കൂൾ തുറന്നിട്ട കേരളീയാധുനികതാവാദത്തിന്റെ മുഖ്യ പുരോഹിതന്മാരിലൊരാളായിരുന്ന എംപി. പോൾ, അതേ സ്‌കൂളിലെ ഏറ്റവും പ്രതിഭാധനനായിരുന്ന ബഷീറിന്റെ 'ബാല്യകാലസഖി' അവതരിപ്പിച്ചുകൊണ്ടുവച്ച ഈ ആദ്യചുവട് ഒരേസമയം മലയാളസാഹിത്യം നിലനിർത്തിപ്പോന്നിരുന്ന ബ്രാഹ്മണ്യത്തിന്റെ സവർണസാംസ്‌കാരികതയെയും അക്കാലത്തു രൂപംകൊണ്ടു തുടങ്ങിയിരുന്ന കമ്യൂണിസ്റ്റുകളുടെ യാന്ത്രികസൗന്ദര്യവിചാരത്തെയും സാകൂതം മറികടന്നു. ദേശം, ഭാഷ, സമൂഹം, കുടുംബജീവിതം, വ്യക്തിബന്ധങ്ങൾ, ചരിത്രം, മൂല്യബോധങ്ങൾ.... എന്നിങ്ങനെ ഓരോ വിതാനത്തിലും മലയാളഭാവന കൈവരിച്ച ലിബറൽ ഹ്യൂമനിസ്റ്റ് രൂപ-ഭാവമണ്ഡലങ്ങളുടെ ആഖ്യാനലോകങ്ങൾ മേല്പറഞ്ഞ രണ്ടു യാഥാസ്ഥിതിക ഭാവുകത്വധാരകളെയും നിഷ്പ്രഭമാക്കിക്കൊണ്ട് ബഷീറിൽനിന്ന് ഉറൂബിലേക്കും പൊറ്റക്കാടിലേക്കും തകഴിയിലേക്കും ദേവിലേക്കും ഉറൂബിലേക്കും എം ടിയിലേക്കുമെന്നല്ല മലയാളത്തിൽ മൗലികത തെളിയിച്ച മിക്ക എഴുത്തുകാരിലേക്കും സഞ്ചരിച്ചു.

കഥാസാഹിത്യവും കവിതയും നാടകവും ഒരുപോലെ അൻപതുകളിലാർജ്ജിച്ച മാനവിക ലാവണ്യബോധം എം. ഗോവിന്ദൻ തുറന്നിട്ട വഴികളിലൂടെ ആധുനികതാവാദത്തിന്റെ രണ്ടാം ഘട്ടത്തിലേക്കു കടന്നപ്പോഴേക്കും 'മാർക്കക്കല്യാണ'ത്തിന്റെ ഭാവധാര മലയാളഭാവനയിൽ ഊർജ്ജസ്വലമായിക്കഴിഞ്ഞിരുന്നു. കെ.ടി. മുഹമ്മദ്, എൻ.പി. മുഹമ്മദ്, മൊയ്തു പടിയത്ത്, വി.പി. മുഹമ്മദ്, യു.എ. ഖാദർ, പി.എ. മുഹമ്മദ്‌കോയ, പുനത്തിൽ കുഞ്ഞബ്ദുള്ള, പി.എം. താജ്, ഇബ്രാഹിം വേങ്ങര, അക്‌ബർ കക്കട്ടിൽ, ടി.വി. കൊച്ചുബാവ, എൻ.പി. ഹാഫിസ് മുഹമ്മദ്, എം.എ. റഹ്മാൻ, ശിഹാബുദ്ദീൻ, സി. അഷ്‌റഫ്, ഖദീജാമുംതാസ്, സഹീറാതങ്ങൾ തുടങ്ങിയവരിലൂടെ അതു മുന്നോട്ടൊഴുകി. മറ്റൊരുവഴിയിൽ ഉറൂബും പൊറ്റക്കാടും എം ടിയും വിജയനും ആനന്ദും വത്സലയും രാമനുണ്ണിയും സാറാജോസഫും അംബികാസുതനും സന്തോഷ് ഏച്ചിക്കാനവും ടി.കെ. അനിൽകുമാറും ഇന്ദുമേനോനും വിനോയ് തോമസും ഉൾപ്പെടെയുള്ളവർ ഈ ഭാവുകത്വധാരയിൽ പങ്കുചേർന്നു. മലയാള കഥാസാഹിത്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിൽ എൻ.വി. മുഹമ്മദ് റാഫിയുടെ 'ഒരു ദേശം ഓനെ വരയ്ക്കുന്നു' എന്ന നോവൽ പങ്കുചേരുന്നത് ഈ ഇരട്ടവഴികളുടെ നാട്ടുകവലയിലാണ്. മലയാളനോവലിന്റെ ആഖ്യാനപാരമ്പര്യത്തിലോ?

ആത്മനിഷ്ഠവും വസ്തുനിഷ്ഠവും; യഥാതഥവും കാല്പനികവും; മിത്തിക്കലും ചരിത്രാത്മകവും; രേഖീയവും ചാക്രികവും; കഥാത്മകവും രേഖാബദ്ധവും; ഭ്രമാത്മകവും മായികവും; ഏകാത്മകവും ബഹുസ്വരാത്മകവും; സ്‌ത്രൈണവും പൗരുഷവും; ഗ്രാമീണവും നാഗരികവും; പ്രാദേശികവും ദേശീയവും; ജനകീയവും വരേണ്യവും; മതാത്മകവും മതേതരവും; വൈയക്തികവും സാമൂഹികവും; സൗന്ദര്യാത്മകവും രാഷ്ട്രീയവും; സ്ഥലനിരപേക്ഷവും സ്ഥലകേന്ദ്രിതവും; ഏകകാലികവും ബഹുകാലികവും; ഒറ്റത്തടിയും ബഹുശാഖിയും; ശിഥിലവും ഭദ്രവും; ഭൂതകാലികവും സമകാലികവും മറ്റും മറ്റുമായ കഥാഖ്യാനപദ്ധതികളുടെ വൈവിധ്യമാർന്നൊരു പാരമ്പര്യം മലയാളനോവൽഭാവനയിലുണ്ട്. റാഫിയുടെ പൈതൃകം ഇതിൽ പലതിന്റെയും കലർപ്പുള്ള കഥപറച്ചിലിന്റെ സാമൂഹികതയെയും ഓർമകളുടെ വൈയക്തികതയെയും കൂട്ടിയിണക്കുന്നു. പെണ്മയുടെ ഉണർച്ചകളും ആണ്മയുടെ തളർച്ചകളും അക്ഷാംശവും രേഖാംശവും പാകുന്ന കാമനാഭൂപടമാണ് ഈ നോവലിന്റെ അബോധഘടന നിർമ്മിക്കുന്നത്. നോവലിൽ ബഷീറും പൊറ്റക്കാടും ഉറൂബും വിജയനും കോവിലനും എൻ.പി.യും പറഞ്ഞ കുറുങ്കഥകളുടെ വാർപ്പുമാതൃക നിശ്ചയമായും റാഫിക്കു മുന്നിലുണ്ട്. പക്ഷെ ഓർമകളുടെ കുണ്ടനിടവഴികളിൽ റാഫി കൂട്ടിമുട്ടിക്കുന്ന കഥാപാത്രങ്ങളുടേത് തീർത്തും മൗലികമായ ജീവിതാനുഭവങ്ങളും ദേശഭാവനകളുമാണ്. ഭൂതകാലം ഒരു കഥക്കിണർപോലെ കഥാനായകനെ തന്നിലേക്കു വലിച്ചടുപ്പിക്കുന്നു. തന്നെയും മറ്റുള്ളവരെയും കുറിച്ച് അയാൾ നിർമ്മിക്കുന്ന സ്മൃതിചിത്രങ്ങൾ ദേശകാലങ്ങളിൽ മൂർത്തവും അമൂർത്തവുമായ നിഴൽസഞ്ചാരം നടത്തുന്നു. കലണ്ടർകാലത്തിന്റെ സൂചകങ്ങൾ സമൃദ്ധമായണിനിരക്കുമ്പോൾതന്നെ മിത്തുകളുടെ ഒരു സമാന്തരഭൂപടവും നോവലിൽ വരയ്ക്കപ്പെടുന്നു. ഭൂതം വർത്തമാനത്തിലും വർത്തമാനം ഭൂതത്തിലും കലങ്ങിച്ചേർന്ന് കാലം നോവലിലുടനീളം കുഴമറിയുന്നു. ആരാണ് താൻ എന്ന ചോദ്യം ആദ്യന്തം സ്വയമുന്നയിച്ചും അപരത്താൽ നിർണയിക്കപ്പെടുന്നതാണ് ആത്മം എന്നു തിരിച്ചറിഞ്ഞും പേരില്ലാത്ത കഥാനായകൻ നോവലിന്റെ ആഖ്യാനം തിരശ്ശീലക്കു മുന്നിലും പിന്നിലും മാറി മാറിനിന്ന് നിർവഹിക്കുന്നു.

മിലൻ കുന്ദേര, Testaments Betrayed എന്ന സൗന്ദര്യശാസ്ത്രഗ്രന്ഥത്തിൽ നോവലിന്റെ അടിസ്ഥാനസ്വഭാവങ്ങളിലൊന്നായി നിരീക്ഷിക്കുന്ന ഒരു കാര്യമുണ്ട്. 'എന്താണൊരു വ്യക്തി? എവിടെയാണ് അയാളുടെ സ്വത്വം കുടികൊള്ളുന്നത്? എല്ലാ നോവലുകളും ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുന്നു'.

തുടർന്നദ്ദേഹം ദസ്തയവ്‌സ്‌കിയുടെയും ടോൾസ്റ്റോയിയുടെയും ചില ലാവണ്യപ്രതിസന്ധികൾ വിവരിച്ച് തോമസ് മന്നിലെത്തുന്നു. എന്നിട്ട് മൻ അവതരിപ്പിച്ച ഭൂതത്തിന്റെ കിണർ (the well of the past) എന്ന രൂപകം ചൂണ്ടിക്കാണിച്ച് ഒരു നോവൽതത്വം രൂപപ്പെടുത്തുന്നു. ഒരു മനുഷ്യന്റെ സ്വത്വം, വ്യക്തിത്വം, കുടികൊള്ളുന്നത് അയാളിലല്ല. പിന്നെയോ? കുന്ദേര എഴുതുന്നു: ".........for the individual cannot do otherwise than imitate what has already happened, sincere as he may be, he is only a reincarnation; truthful as he may be, he is only a sum of the suggestions and requirements that emanate from the well of the past" (p. 12-13).

റാഫി തന്റെ നോവലിലെ നായകനെ ഇത്തരമൊരു ഭൂതകാലക്കിണറിൽ നിന്ന് സ്മൃതികളുടെയും സ്മൃതിനാശങ്ങളുടെയും ഇരട്ടക്കയർ പിരിച്ചെടുത്തു കോരി കരയ്‌ക്കെത്തിക്കുകയാണ്. സ്വന്തം പേരുപോലും മറച്ചുവച്ച് അയാളെ ഇതര മനുഷ്യരോടും മനുഷ്യരോടെന്നതിലുപരി ഒരു ദേശത്തോടും ചേർത്തിണക്കി വിവരിക്കുന്നു, നോവൽ. ഓനെ വരയ്ക്കുന്നത് ഓനല്ല, മറ്റു മനുഷ്യരും മനുഷ്യപദവിയാർജ്ജിച്ച ദേശവും ചേർന്നാണെന്ന് നോവൽ തെളിയിക്കുകയും ചെയ്യുന്നു. 'ഒരുദേശം ഓനെ വരയ്ക്കുന്നു', ഒരേസമയം ഓർമകളുടെ നാട്ടുപുരാണവും സ്മൃതികളുടെ വ്യക്തിചരിത്രവുമായിത്തീരുന്നതങ്ങനെയാണ്.

'ഒരു ദേശത്തിന്റെ കഥ', ഒരു മലയാളനോവലിന്റെ മാത്രം പേരല്ല, ആഖ്യാനകലയെ ഒറ്റത്തടി മരത്തിൽനിന്നു ഭിന്നമായി ഒരു ബഹുശാഖിയായി വളർത്തിയെടുക്കുന്ന നോവൽഭാവുകത്വത്തിന്റെ കൂടി പേരാണ്. പൊറ്റക്കാടിന്റെ അതേ പേരുള്ള നോവലിൽ തുടങ്ങി 'തെരുവിന്റെ കഥ'യിലും 'ഖസാക്കി'ലും 'ആൾക്കൂട്ടത്തി'ലും 'മയ്യഴി'യിലും 'സ്മാരകശിലകളി'ലും 'എണ്ണപ്പാട'ത്തിലും 'തട്ടക'ത്തിലും 'ആലാഹ'യിലും 'മീശ'യിലും 'കല്യാണി'യിലും 'പുറ്റി'ലും വരെ നിലനിൽക്കുന്ന കഥനത്തിന്റെ കുടംപുളിമരഘടനയുടെ പേര്. റാഫിയും സാമാന്യമായെങ്കിലും ഈ കലയുടെ പക്ഷത്താണ്.

ഒരു കുറുമ്പ്രനാടൻ ഗ്രാമത്തിൽ ജനിച്ചുവളർന്ന അയൽവാസികളും സമപ്രായക്കാരുമായ മൂന്നു സുഹൃത്തുക്കളാണ് നോവലിലെ മുഖ്യ കഥാപാത്രങ്ങൾ. ഉമ്മാച്ചുവിലേതും മറ്റുംപോലെ രണ്ടാണും ഒരു പെണ്ണും. കഥാനായകൻ, കുഞ്ഞിറായി, സമീറ. രണ്ടു പെണ്ണും ഒരാണും എന്ന നിലയിൽ, സമീറയും ഷാഹിദയും കഥാനായകനും ഉൾപ്പെടുന്ന മറ്റൊരു ത്രികോണവും നോവലിൽ പിന്നീട് രൂപംകൊള്ളുന്നുണ്ട്. കേരളീയ ആധുനികതയുടെ സാംസ്‌കാരിക ചിഹ്നവ്യവസ്ഥയിൽ വളർന്നുവന്ന മനുഷ്യരാണിവർ. സിനിമയും പുസ്തകങ്ങളും മാസികകളും വായനശാലയും റേഡിയോയും സർക്കസും സൈക്കിളും സ്‌കൂളും കോളേജും വോളിബോളും വൈദ്യശാസ്ത്രവും പ്രണയവും വിഷാദരോഗവും ഒരു വശത്ത്. മാർക്കവും കുത്ത്‌റാത്തീബും മാലഓത്തും വയളും ഒപ്പനയും പയറ്റും മന്ത്രവും നേർച്ചയും ജിന്നുകളും തെറയും മറുവശത്ത്.

കുറെ കളിക്കൂട്ടുകാരുമുണ്ടിവർക്ക്. സിനിമാക്കഥ കേൾക്കാനും സൈക്കിൾ ചവിട്ട് പടിക്കാനും സ്‌കൂളിൽ നാടകം കളിക്കാനും നാട്ടിടവഴികളിൽ ചുറ്റിനടക്കാനും വോളിബോൾ കളിക്കാനുമൊക്കെ. ലത്തീഫും മുനീറും ബാബുവും സിയാദും സലാമും വിനോദനും ആരിഫും ഗണേശനും രവിയും വാസുവും സജീവനും.... ഒപ്പം നായകന്റെയും സമീറയുടെയും കുടുംബത്തിലെ ചില മനുഷ്യരും ഐതിഹ്യകഥാപാത്രങ്ങൾ പോലുള്ള ചില ഗ്രാമീണരും... എങ്കിലും നോവലിൽ കാലത്തിനൊപ്പം വളരുന്നത് ഈ മൂന്നു കഥാപാത്രങ്ങൾ തന്നെയാണ്.

മൂന്നു പ്രതലങ്ങളിലാണ് 'ദേശം ഓനെ വരയ്ക്കുന്നത്'. കാൻവാസ് നാടുതന്നെയാണ്. ഭാവനാസ്ഥലങ്ങളല്ല ഒന്നും; ഭൂപടസ്ഥലങ്ങൾതന്നെ. ചെറുവണ്ണൂരും പേരാമ്പ്രയും കൂട്ടാലയും ഉള്ള്യേരിയും മേപ്പങ്ങോടും.... ഭാഷ, ഓർമ, കാമന എന്നിവയാണ് ആലേഖനത്തിന്റെ പ്രതലങ്ങൾ. ഒന്നിനുപുറത്ത് മറ്റൊന്ന് എന്നതിനു പകരം ഒന്നിനോടൊന്നു ചേർത്ത് വരച്ചുണ്ടാക്കുന്ന മഴവിൽ രൂപമായി മാറുന്നു, നോവൽ. രേഖീയത, സാമാന്യാർഥത്തിൽ നോവലിന്റെ ആഖ്യാനത്തിനുണ്ടെങ്കിലും, പലകുറി കഥാനായകൻ ഓർത്തെടുക്കുന്നതുപോലെ ഓർമയുടെ കലക്കങ്ങളിൽ പെട്ട് അത് മുന്നോട്ടും പിന്നോട്ടും വശങ്ങളിലേക്കുതന്നെയും സഞ്ചരിക്കുന്നുണ്ട്. നീണ്ട ഒരൊറ്റ ഓർമ്മയുടെ ഭാഷണവ്യവസ്ഥയ്ക്കപ്പുറം ചിതറിയ സ്മൃതികളുടെ കാലിഡോസ്‌കോപ്പാണ് നോവൽ. നിരവധി സന്ദർഭങ്ങളിൽ നോവലിൽ തന്നെ സൂചിതമാകുന്നുണ്ട്, കാലചിത്രശാല എന്ന രൂപകം.

കർതൃസ്വരം മാത്രം വരമൊഴിയിൽ (മാനക മലയാളത്തിൽ) രേഖപ്പെടുത്തുകയും കഥാപാത്രങ്ങളുടെ പറച്ചിൽ മാത്രമല്ല ചിന്തയും ഓർമയും പോലും താന്താങ്ങളുടെ ഭാഷണശൈലിയിൽ രേഖപ്പെടുത്തുകയും ചെയ്യുന്നുവെന്നതാണ് ഈ നോവലിലെ ഏറ്റവും കൗതുകകരമായ ഭാഷാവ്യവസ്ഥ. ആത്മഭാഷണത്തോടടുക്കുന്ന വാമൊഴിതന്നെ ഓർമയുടെയും ചിന്തയുടെയും ഭാഷയായി മാറുന്ന കലാതന്ത്രം അത്ര സാധാരണമല്ലല്ലോ നമ്മുടെ നോവലിൽ. ഒരുദാഹരണം നോക്കുക.

'അന്ന് സുനി ഗണേശനോടൊപ്പം കേരിവീട്ടിലെ പുളിമരത്തിന്റെ ചോട്ടിൽ വന്നു. മുറ്റത്ത് പൊടിയും കൊയ്ത്ത്ക്കറ്റക്കാരും അതിന്റെ കച്ചറയുമെല്ലാമായതിനാൽ കണ്ടത്തിൽ കളിച്ചോളാൻ അന്ത്രുക്കാക്ക പറഞ്ഞു. ഒറ്റപ്പുിയും താഴെ ഇല്ല. ഒന്നു കിട്ടാനുള്ള കൊതി വന്നപ്പോൾ ഒരു വടിയെടുത്ത് എറിഞ്ഞു. രണ്ട് ഇളംപുളിയാണ് വീണത്. ഒടുക്കത്തെ പുളി. മധുരള്ളത് തായോട്ട് നോക്കി ചിരിക്കുന്നു. അപ്പോഴാണ് ഗണേശൻ പറഞ്ഞത്.

'മോൾള് കേറിയാല് നല്ലത് കിട്ടും'.

ഗണേശന്റെ ഒപ്പം ഒരു വെള്ളാരങ്കണ്ണുള്ള പെൺകുട്ടിയുണ്ട്. ഓന്റെ പെങ്ങളാണ്. ഓൾക്കും വേണം മദ്‌രള്ള പുളി. ഓള് സുനീനോട് പറഞ്ഞപ്പോൾ ഓനതിന്റെ മുകളിൽ ഒറ്റ വലിഞ്ഞ് കയറ്റം. അത് നോക്കി ചിരിച്ച് ഓനെന്താ ഉണ്ട കയറ്ന്നതുപോലെ ഉരുണ്ടുരുണ്ട് കയറ്ന്നത് എന്ന് ഗണേശനോട് ചോദിച്ചു. മിണ്ടാതിരിക്ക്. ഉണ്ട് ന്നത് ഓന്റെ എരട്ടപ്പേരാ... അത് കേട്ടാ നിന്നെ ഓൻ പുളി വടി എഡുത്തെറിയും. സുനി നല്ല മുഴുത്ത മധുരമുള്ള കുറെ പുളി താഴേക്കിട്ടു. താഴെ ഇറങ്ങി നാലാളും ഓതിവെച്ചു. രണ്ടെണ്ണം കൂടുതൽ സുനിക്ക് കൊടുത്ത പങ്ക് ഓൻ ഗണേശന്റെ വെള്ളാരങ്കണ്ണുള്ള പെങ്ങൾക്ക് നല്കി. അവൾക്ക് സന്തോഷമായപ്പോൾ ഓൻ അവിടത്തന്നെയുള്ള കുറുക്കന്മാവിന്റെ മോളിലും ഉരുണ്ട് കേറി. മാങ്ങയും തള്ളിയിട്ടു. അതും ഓതി വെച്ച് പോകാന്നേരം ഗണേശൻ ഓന്റെ പൊരന്റെ മുറ്റത്തേക്ക് വരുന്നോന്ന് ചോദിച്ചു. അവിടെ പന്ത്കളിയുണ്ട്. താഴെപ്പോയി അന്ത്രുക്കാനോട് ചോദിച്ച് ഗണേശന്റെയും സുനിയുടെയും കൂടെ പോയി. ചൂടി മെടഞ്ഞ നല്ല നെറ്റൊക്കെ കെട്ടിയാണ് കളി. ഓലപ്പന്തല്ല. കടലാസ്സും തുണിക്കഷണോം പൊതിഞ്ഞ് അതിന്റെ മോളില് പ്ലാസ്റ്റിക് കവറ് വരിഞ്ഞുമുറുക്കി ചാക്കിന്റെ നൂലുകൊണ്ട് കെട്ടിയുണ്ടാക്കിയ നല്ല ഒന്നാം തരം പന്ത്! കളിക്കാനാണേൽ ഇഷ്ടംപോലെ ആൾക്കാരും. വോളിബോൾ കളിയാണ്. ആദ്യം ഒന്ന് രണ്ടു തവണ റഫറി നില്ക്കാൻ പറഞ്ഞു. പന്തടിച്ച് വരമേൽ വീണാൽ കോർട്ടിലാണോ ഔട്ടിലാണോ വീണത് എന്ന തർക്കത്തിന് മധ്യസ്ഥം പറയലും വിസില് വിളിക്കലും സ്‌കോറെണ്ണലുമാണ് റഫറിയുടെ പണി. കേരിവീട്ടിലെ കുട്ടി ആയതിനാൽ ആരും വേളേൽ പിടിക്കയും ഉന്തുകയും ചെയ്യില്ല എന്ന ധൈര്യത്തിലാണ് ഗണേശൻ റഫറി നിൽക്കാൻ പറഞ്ഞത്. തർക്കം വന്നപ്പോൾ രണ്ട് കൂട്ടരും വന്ന് സത്യം ചോദിച്ചു. ഒന്നും മിണ്ടാതെ കുന്തം മിണ്ങ്ങി നിൽക്കുന്ന എന്നെ ഇനി റെഫറി ആക്കണ്ടാന്ന് കൂട്ടത്തിൽ വല്യ ആളുകളിലൊരാൾ, വാസു തീർപ്പുകല്പിച്ചു. അങ്ങനെ എന്നെ കളിക്കിറക്കി. ഫ്രന്റ് കളിക്കാൻ ചാൻസ് കിട്ടിയപ്പോൾ പന്ത് നന്നായി ഫിനിഷ് ചെയ്തു. സർവീസ് ബോള് മിസ് ആക്കിയപ്പോൾ ബാക് കളിപ്പിച്ച് അതും മിസ് ആക്യപ്പളാണ് മുന്നിൽ കളിക്കാൻ പറഞ്ഞത്. കളി കഴിഞ്ഞ് എല്ലാവരും കൂടി നരമ്പന കൊളത്തിൽ കുളിക്കാൻ പോയി. അപ്പോൾ ഗണേശൻ പറഞ്ഞു. അനക്ക് നല്ല ഹൈറ്റ് ഉള്ളതുകൊണ്ട് പന്ത് കുയിച്ചടിക്കാമ്പറ്റും. ഇഞി ഞാളെ ടീമിൽ കളിക്കുന്നോ? അടുത്ത ആയ്ച ടൂർണമെന്റുണ്ട്. രണ്ടേസം കളി ണ്ടാകും'.

നോവലിലായാലും ചരിത്രത്തിലായാലും ഭൂതകാലത്തെ അനുഭവനിഷ്ഠമായും ആത്മനിഷ്ഠമായും പാഠവൽക്കരിക്കുകയാണ് ഓർമകൾ ചെയ്യുന്നത്. പോഞ്ഞിക്കര റാഫി മുതൽ എൻ.വി. മുഹമ്മദ് റാഫി വരെയുള്ളവർ നോവലിലാവിഷ്‌ക്കരിക്കുന്ന കലാതന്ത്രവുമതാണ്. നോവലിന്റെ രൂപകലയിൽ മലയാളം കൈവരിച്ച എക്കാലത്തെയും മികച്ച ആഖ്യാനപദ്ധതികളിലൊന്ന്. 'തന്റെ കാലത്തിന്റെ ആത്മീയഭൂപടത്തിൽ സ്വയം വരഞ്ഞിടുകയാണ് നോവലിസ്റ്റിന്റെ ധർമം' എന്ന് കുന്ദേര പറഞ്ഞതോർക്കുക. കാമനകളുടെ ഛായാമുഖങ്ങൾ ഓർമകളായടയാളപ്പെടുത്തുന്ന ജീവിതത്തിന്റെ രേഖാചിത്രണമാണ് നോവലെന്ന് തെളിയിക്കുന്നു, മുഹമ്മദ് റാഫി. ആദ്യന്തം ഓർമകളാണ് 'ഒരു ദേശം ഓനെ വരയ്ക്കുന്നു'വെന്ന നോവൽ. കുഴമറിഞ്ഞും ക്രമം തെറ്റിയും കാലം മാറിയും ദേശമിടഞ്ഞും ഭ്രമണപഥത്തിൽ നിന്നു തെന്നിത്തെറിച്ചുപോയ ഗ്രഹങ്ങൾ പോലെ ചിന്നിയും ചിതറിയും നിറയുന്ന സ്മൃതികളുടെ നിഴൽനാടകം. സ്ഥലങ്ങൾ, സംഭവങ്ങൾ, വ്യക്തികൾ അനുഭവങ്ങൾ, ഭാവനകൾ, സ്വപ്നങ്ങൾ, ഭയങ്ങൾ, മുറിവുകൾ.... കാലം മൂർത്തവും അമൂർത്തവുമായ ഭാവസന്ധികളിലൂടെ ജീവിതമാക്കി രൂപപ്പെടുത്തുന്ന അനുഭൂതികളെ തിരിച്ചുപിടിക്കുന്ന കഥനകല. മസ്തിഷ്‌കാഘാതങ്ങളായി പുനർജനിക്കുന്ന സ്മൃതികളുടെ കാലാന്തര പ്രതീതികളെക്കുറിച്ച് നിരവധി തവണ ചിന്തിക്കുന്നുണ്ട് കഥാനായകൻ.

'അനുഭവങ്ങൾ പല രൂപത്തിലും ഉടലാർജിക്കും! കാലം കടന്നുപോയാലും നമ്മൾ അതിൽനിന്നു വേർപെടും വരെ അതിന്റെ ഓർമകൾ നിലനില്ക്കും. മറ്റൊരു രീതിയിൽ പറഞ്ഞാൽ അനുഭവങ്ങളിൽനിന്നും നമ്മൾ വേർപെടുകയല്ല, ഓർമകൾ നമ്മളെ അതിൽനിന്നും വേർപെടുത്തി വലിച്ചെറിയുകയാണ്. ഉണ്മയുടെയും ഇല്ലായ്മയുടെയും നേർ മധ്യരേഖയിൽ കൂടി സഞ്ചരിക്കുന്ന അതിന്റെ സങ്കീർണമായ ന്യൂറോണുകളാണ് അടുക്കും ചിട്ടയുമില്ലാതെ ഛായാപടങ്ങളായി ഓർമകളെ നമ്മൾക്കുള്ളിൽ ജീവിപ്പിക്കുന്നത്. മരണം ഒരുതരം ഓർമനഷ്ടം കൂടിയാണ്. പക്ഷേ മരണം മാത്രമല്ല അനുഭവങ്ങളെ നമ്മളിൽനിന്നും വേർപെടുത്തിയെടുക്കുന്ന വസ്തുത. പലവിധത്തിൽ ശിഥിലമായി അടുക്കും ചിട്ടയുമില്ലാതെ ന്യൂറോണുകളിൽ രേഖപ്പെടുത്തപ്പെട്ട അതിന്റെ ഓർമകൾ ചിലപ്പോൾ പൂർണമായോ മറ്റു ചിലപ്പോൾ ഭാഗികമായോ നഷ്ടപ്പെടാം. ജീവിതത്തിന്റെ മറ്റൊരു അവസ്ഥാവകഭേദം മാത്രമായി അതിനെ കണ്ടാൽ മതി. അനുഭവിച്ച കാലത്തിന്റെ കറുപ്പും വെളുപ്പും ഛായാപടങ്ങളാണ് മട്ടലൂഞ്ഞാലും കുറുക്കന്മാവും കുളവും എന്നു വേണ്ട കേരിവീട്ടിലെ കണ്ടങ്ങളും കിണറും പത്തായവും ഭൂമിയും ആകാശവുമെല്ലാം. ആ ഛായാപടങ്ങൾ വർണങ്ങളുടെ കാലത്തിനു മുൻപുള്ള അനുഭവങ്ങളാണ്. വർണങ്ങൾ കണ്ടുപിടിക്കപ്പെട്ട കാലത്തെ അനുഭവങ്ങളായിരുന്നു ആ ഛായാപടങ്ങൾ എങ്കിലും അവിടെ അത് അക്കാലത്ത് വന്ന് എത്തിനോക്കിയിരുന്നില്ല. വർണങ്ങളും കറുപ്പും വെളുപ്പും സ്‌നാപ്പുകൾ മാത്രമല്ല അനുഭവങ്ങളുടെ ഛായാപടങ്ങൾ. അത് പലതരം ഒച്ചകളുടെ ഞരമ്പുകൾ കൂടിയാണ്! ഇപ്പോൾ അധികം കേൾക്കാത്ത തരം ഒച്ചകളില്ലേ? കണ്ണു കെട്ടി കളിക്കിടയിൽ കുറെ സമയം പിന്നിട്ട്, ഇനി കണ്ണുതുറന്നോ ന്ന് ആരോ വിളിച്ചുപറഞ്ഞപ്പോൾ കാണാണ്ടായിപ്പോയ മണ്ണട്ടകളുടെ ഒച്ചകൾ!' (പുറം 36).

'എത്രയൊക്കെ ആട്ടിയകറ്റിയാലും ഉള്ളിലേക്ക് വീണ്ടും വീണ്ടും പാറി വീണ് ആരോ ഊതിയൂതി എരിക്കുന്ന കനലുപോലെ എരിഞ്ഞും കരിഞ്ഞും അവിടെത്തന്നെ ഉണ്ടാവും. അനുഭവങ്ങളുടെ നൂലറ്റത്ത് പിടിപ്പിച്ച ഒരു പട്ടമാണ് ഓർമകൾ! ചിലർ അതിന്റെ ചതുപ്പിൽ കഴുത്തറ്റം മുങ്ങി മറ്റൊരു കാലത്തും സ്ഥലത്തും ജീവിച്ചുകൊണ്ടുതന്നെ ഈ സ്ഥലത്തു കൂടി ബൊഹീമിയൻ സഞ്ചാരം നടത്തും. അവർക്ക് അവരെ അത് അനുഭവിച്ച കാലത്തുനിന്നും സ്വയം മോചിപ്പിച്ചെടുത്ത് അവരെ സ്‌നേഹിക്കാൻ സാധിച്ചു എന്നു വരില്ല. ചില അനുഭവങ്ങൾ ചിലരെ സംബന്ധിച്ച് അത്ര തീവ്രതരമാണ്. മറ്റുള്ളവരുടെ ലോകങ്ങൾ നമുക്ക് ചിലപ്പോൾ പരിഹസിക്കാനും കളിയാക്കാനും തോന്നും. എന്നാൽ അവരുടെ അനുഭവങ്ങൾ അവരുടേത് മാത്രമാണ്. നമ്മൾ അനുഭവിച്ച ചില കാലവും സ്ഥലവും ആകാശങ്ങളും നക്ഷത്രങ്ങളും കാറ്റും നിലാവും മഴയും മഞ്ഞും വെയിലും നമ്മുടേത് മാത്രമാണ് എന്ന് തോന്നി പോവാറില്ലേ.... ചില ഓർമകളും അങ്ങനെയാണ്, ചിലർക്ക്! അത് അവരുടേത് മാത്രമായിരിക്കും!' (പുറം 54).

'ഒരു മരണത്തിനു പകരം നിരാശയുടെയും പ്രതീക്ഷയുടെയും കുഞ്ഞുകുഞ്ഞു മരണങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ആന്തരിക അധോതലജീവിതത്തിലെ അടിയൊഴുക്കുകളും ക്ഷോഭങ്ങളും ഓർമകളെ എങ്ങനെ ബാധിക്കും? അടുത്ത നിമിഷം താൻ വെടിയേറ്റ് മരണപ്പെടും എന്ന് ഉറപ്പുള്ള ആ സമയം മനുഷ്യന്റെ ഓർമകളുടെ സംഭരണിയായ തലച്ചോർ കിടിലംകൊണ്ട് കുലുങ്ങുമോ? ഓർമകളുടെ വാഹകനായ ഞരമ്പുകൾ ഉരുകിച്ചുരുങ്ങി ഒരിടത്ത് അനങ്ങാതിരിക്കുമോ? അത് ചിലപ്പോൾ ആ നിമിഷം മരണപ്പെടും. അടുത്ത നിമിഷം തലച്ചോറ് പുനരുജ്ജീവിക്കപ്പെട്ടാലും ഓർമയുടെ ഞരമ്പുകൾ പഴയതുപോലെ വീണ്ടെടുക്കപ്പെടാനായി എന്നു വരില്ല. അധോതലത്തിന്റെ കിടിലത്തിൽ അകപ്പെട്ട് ഉന്മാദിനികളായി മാറിയ പുതിയ ഞരമ്പുകളായിരിക്കും ഒരുപക്ഷേ, പിന്നെ പൊട്ടിമുളയ്ക്കുന്നത്. ഓരോ മരണങ്ങളും,മരണത്തിന്റെ സുനിശ്ചിതത്വങ്ങൾപോലും ഓർമകളുടെ മരണങ്ങൾ കൂടിയാണ്. പുനർജനിക്കപ്പെട്ട ഓർമ പഴയ ഓർമയല്ല. തലച്ചോറിന്റെ താഴ്‌വരയിൽ പുതുതായി നാമ്പിട്ട ഈണവും ഛായാപടങ്ങളും ഒച്ചകളും കലർന്ന ചിത്രശാലയിൽനിന്ന് ന്യൂറോണുകൾ ശേഖരിച്ച പുതിയ അനുഭവങ്ങളാണ്. ഒറ്റക്കിടിലത്തിൽ കുഴഞ്ഞുമറിഞ്ഞ് പൂർണമായോ ഭാഗികമായോ ഇല്ലാതായിപ്പോയ അനുഭവങ്ങളുടെ രശ്മികളിൽനിന്നായിരിക്കും ചിലപ്പോൾ പുതിയ ഓർമകൾ ജനിക്കുന്നത്. പുതിയ പാത്രത്തിൽനിന്ന് പുതിയ വീഞ്ഞ് കുടിക്കുന്നപോലെ പുതിയ അനുഭവങ്ങൾ നിറച്ച യാനപാത്രത്തിൽനിന്ന് പുതിയ ഓർമകൾ പുതിയ വീഞ്ഞു കുടിക്കുന്നു. ഓരോ ഉൾക്കിടിലങ്ങളും ഓരോരോ ചെറിയ മരണങ്ങൾ കൂടിയാണ്. അങ്ങിനെ വരുമ്പോൾ ചില മനുഷ്യർ ഒറ്റജീവിതത്തിൽത്തന്നെ ഒന്നിലധികം തവണ ചെറിയ ചെറിയ മരണങ്ങൾ അനുഭവിക്കുന്നു എന്നു വരുന്നു. അനുഭവങ്ങളെ ഒന്നിച്ചു രേഖപ്പെടുത്താൻ എല്ലാവരുടെയും മസ്തിഷ്‌കങ്ങൾ സജ്ജമായി എന്നു വരില്ല. ഓർമകളെ നഷ്ടപ്പെടുന്നതിനു മുൻപ് അതിനെ ഇടയ്ക്ക് വീണ്ടെടുക്കേണ്ടി വരും' (പുറം 67).

ഒറ്റയൊറ്റ മാത്രകളായും നേരിട്ടറിഞ്ഞ അനുഭവമായും കേട്ട കഥകളായും കണ്ട കാഴ്ചകളായും കൊണ്ട നോവുകളായും ഓർമകൾ അയാളിൽ ഉണർന്നു. അവയിൽ ഒളിഞ്ഞും തെളിഞ്ഞും ചിറകടിക്കുന്ന കാമനകൾ ജീവിതത്തെ ഭൂതകാലത്തിന്റെ ഇരുൾക്കിണറ്റിൽ നിന്നു നരിച്ചീറുകളെന്നപോലെ തിരിച്ചുപിടിക്കുന്നു.

ഓർമകളുടെ ഈ ബോധധാര മാത്രമല്ല നോവലിന്റെ കാലഭൂപടം പൂർത്തിയാക്കുന്നത്. കുഞ്ഞാമിത്താത്ത പറയുന്ന കഥകൾ തൊട്ട് ദേശത്തെ ചില വിചിത്രജീവിതങ്ങൾ വരെ; മാനുഷികതയിലേക്കു പരകായപ്രവേശം നേടുന്ന ചരാചരങ്ങൾ (സ്‌കൂൾ, മൈതാനം, മാവ്, തോട്, ചെമ്പകം...) മുതൽ മിക്ക അധ്യായങ്ങളും സമാരംഭിക്കുന്ന മിത്തുകൾ വരെ - ഓർമകൾക്കു പൂരകമായി നോവലിൽ നിറയുന്ന കഥാഖ്യാനങ്ങളുടെ ചില സമാന്തരപരമ്പരകൾ വേറെയുമുണ്ട്. വായിക്കൂ:

'അന്നാട്ടിൽ ഒരു സ്‌കൂള് ഉണ്ടായിരുന്നു. സ്‌കൂള് എപ്പളും തറപറ തറപറ ചറപറ ചെലയ്ക്കും. കുട്ടികളെ എടുത്ത് ഊഞ്ഞാലാടും. എന്റക്കം പൊന്നക്കം കളിക്കാൻ കൂടും. കുട്ട്യേക്ക് പയ്ക്കുമ്പം റവ കൊഡ്ക്കും. മീങ്കാരൻ റോഡ്മ്മന്ന് കൂക്കുമ്പോൾ മിണ്ടാണ്ടിരിക്കഡ, കുട്ട്യേക്ക് പടിക്കണം ന്ന് പറയും. കൊറെ കയിഞ്ഞപ്പ സ്‌കൂളിന് വയസ്സായി. കൊറച്ച് നരച്ചു. പവറ് പോയിത്തൊടങ്ങി. കുട്ടികളുടെ വരവ് കുറഞ്ഞു. കൊല്ലങ്ങൾ കൂടി കഴിഞ്ഞപ്പോൾ ആരും വരാണ്ടായി. ദുക്കിച്ചിര്ന്ന് ദുക്കിച്ചിര്ന്ന് ഒരു ദിവസം സ്‌കൂള് മരിച്ചു പോയി. മരിച്ചപ്പോൾ അത് ഇറ്ക്കിപ്പിടിച്ചിരുന്ന ആണി ഇളകി ചരിഞ്ഞ ഗാന്ധീനേം, കൂറ തിന്ന് ഓട്ട വന്ന ഇന്ത്യന്റെ മേപ്പിനേം തൊക്കില് വെച്ച്, കീക്കോട്ട് കഡോത്തെ പള്ളിപ്പറമ്പിലേക്ക് മയ്യത്തായി കെടക്കാൻ പറന്നുപോയി. പോകുന്ന വഴിയിൽ പുതിയ ഒര് സ്‌കൂളിൽനിന്ന് എബിസിഡി കെപിസിപി എന്ന ഒച്ച കേട്ട് അവിടെ പോയിനോക്കി. അവിടെയുള്ള ഹെഡ്‌മാസ്റ്റർ വഡിയെഡ്ത്ത് എന്താ വന്നത് എന്ന് കനത്തിൽ ചോദിച്ചു. ഇത് ഊഡ തരാനാന്ന് പറഞ്ഞ് നരച്ച ഗാന്ധീനേം ഇന്ത്യന്റെ മേപ്പിനേം ആ സ്‌കൂളിന് കൊടുത്തു. ഇതൊന്നും ഇവിടെ എടുക്കുകയില്ല. ഇവിടെ പുതിയതുണ്ട്. വർക്കിങ്‌ടൈമിൽ ഇവിടെ ഇനി മേലിൽ വരാമ്പാടില്ല എന്ന് ഹേഡ്മാസ്റ്റർ പറഞ്ഞു. സ്‌കൂളിന് പിന്നെയും സങ്കടം വന്നു. അതിന്റെ കണ്ണ്ന്ന് മഴപെയ്ത് ഇടിവെട്ടി മിന്നലേറ്റ് അത് ഏഴാനാകാശത്തേക്ക് പാറ്റയായി മാറി മാഞ്ഞുപോയി'.

'ഒരു നാട്ടിൽ ഒരു മൈതാനമുണ്ടായിരുന്നു. മൈതാനത്തിന് ഇടയ്ക്ക് പൊള്ളും. ഏഴാനാകാശം അത് കാണുമ്പോ സങ്കടം വന്ന് രണ്ട് മേഘപ്പാറകളോട് പോയി കളിക്കാൻ പറയും. അവർ കള്ളനും പൊലീസും കളിക്കുമ്പം ഇടയ്ക്ക് കൂട്ടിമുട്ടും. അപ്പം മൈതാനത്തിന് മഴ കിട്ടും. മൈതാനം ആ വെള്ളമൊക്കെ കുടിച്ച് ദാഹമടക്കും. കൊറച്ച് കയ്യുമ്പം ഏയാനാകാശം മേഘപ്പാറയുടെ കുട്ടികളോട് പോയി ആണും പെണ്ണും കളിക്കാൻ പറയും. അപ്പം ആണും പെണ്ണും ആയിക്കളിക്കുന്ന മേഘപ്പാറകൾ എടയ്ക്ക് ഏയാനാകാശം കാണാതെ ഉമ്മവെച്ച് കളിക്കും. അപ്പം മൈതാനത്തിന് മഞ്ഞ് കിട്ടും. മൈതാനം അതുകൊണ്ട് കുളിരും. ഉച്ച കഴിയുമ്പോൾ മൈതാനത്തിന്റടുത്ത് കുറെ ആളുകൾ പന്തുമായി വന്ന് വോളിബോളും ഫുട്‌ബോളും കളിക്കും. രണ്ട് കൂട്ടരുടെയും പന്തുകൾ അങ്ങോട്ടും ഇങ്ങോട്ടും പോയി കച്ചറ ഉണ്ടായപ്പോൾ മൈതാനം നടുക്ക് ഒരു മരം മുളപ്പിച്ചു. മരം രണ്ട് കൂട്ടരുടെയും പന്തുകൾ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് കാത്തു. കുറെക്കാലം കഴിഞ്ഞപ്പോൾ കളിക്കാര് വരുന്നത് കുറഞ്ഞു. മരം മുറിച്ചു മൈതാനത്തിന്റെ മുകളിൽ ഒരു കോൺഗ്രീറ്റ് പന്തല് കെട്ടി. മൈതാനത്തിന് പൊള്ളുമ്പോൾ ഏഴാനാകാശം കണ്ടില്ല. മൈതാനം നെടുവീർപ്പിട്ടു'.

ജീവിതകാമനകളുടെയും ലൈംഗിക സൂചകങ്ങളുടെയും സൂക്ഷ്മരാഷ്ട്രീയങ്ങളാണ് ഒരർഥത്തിൽ ഈ നോവലിന്റെ ഏറ്റവും മൂർത്തമായ ഭാവപ്രതലം. മഹാഭാരതത്തിലെ ഛായാമുഖി എന്ന വിഖ്യാതമായ കാമനാരൂപകത്തെക്കുറിച്ച് നോവലിന്റെ ആമുഖത്തിൽ റാഫി എഴുതുന്നുണ്ട്. ഒരു പെണ്ണും രണ്ടാണും; രണ്ടു പെണ്ണും ഒരാണും എന്നീ നിലകളിൽ നോവൽ രൂപപ്പെടുത്തുന്ന കാമനകളുടെ ഗുപ്തലോകങ്ങൾ ഈ ഛായാമുഖിയുടെ കാലത്തുടർച്ചകളാകുന്നു. 'ഇണ' മുതൽ 'രതിനിർവേദം' വരെയുള്ള സിനിമകൾ സൃഷ്ടിക്കുന്ന കൗമാരക്കനവുകൾ മറ്റൊന്ന്. നോവലിന്റെ കാമനാഭൂപടത്തിനെഴുതുന്ന അവതാരികയായി മാറുന്നുണ്ട് ആമുഖത്തിലെ ഈ ഖണ്ഡിക. 'സമീറാ, എന്താണ് സ്‌നേഹം, പ്രേമം, പ്രണയം എന്നൊക്കെ മനുഷ്യർ പുരാതന പുരാതനകാലം മുതല്‌ക്കേ പറഞ്ഞുവരുന്ന സംഗതികൾ? അക്കാലം മുതല്‌ക്കേ ഇതിനെപ്പറ്റിയൊക്കെ പറയാൻ കഥകളുണ്ടാക്കിയവരും ചരിത്രം രചിച്ചവരും ഏതാണ്ട് മുഴുവൻ ആണുങ്ങളായതുകൊണ്ടാണോ അവർക്ക് പെണ്ണിന്റെ ചഞ്ചലഹൃദയം ചികിത്സിച്ച് ഭേദമാക്കാനും അവരെ സ്വന്തമാക്കാനും പതിവ്രതയാക്കി മാറ്റാനും കണ്ണാടികളും തീക്കുണ്ഡവും ദൈവജ്ഞാനവുമൊക്കെ പ്രയോഗിക്കേണ്ടി വന്നത്? ചരിത്രത്തിലെ രാജാക്കന്മാർക്കും ഐതിഹ്യങ്ങളിലെയും വിശുദ്ധഗ്രന്ഥങ്ങളിലെയും ആണുങ്ങൾക്കും എത്രയെത്ര കാമിനിമാരാണ് അവരുടെ ഒറ്റ ജീവിതത്തിൽ? എന്നിട്ടും അഞ്ചു പുരുഷന്മാരുള്ള ഏക സ്ത്രീയായ പാഞ്ചാലിയെക്കൊണ്ടു പോലും ഛായാമുഖിയിൽ കാണിപ്പിച്ചത് ഒരു പുരുഷനെ! ഒരു പെണ്ണ് കണ്ടു പിടിച്ച കണ്ണാടിയിൽ എത്രപേരുടെ മുഖം കാണാം? ഒരിടത്ത് കെട്ടിക്കിടന്ന് ഒഴുക്കു നിലച്ച് ഒരാളെ മാത്രം ധ്യാനിച്ച് ജീവനൊടുങ്ങിയ പെണ്ണുപോലും ജീവിച്ചിരിക്കുമ്പോൾ അത്രയ്ക്കു തന്നിൽനിന്ന് കവർന്ന ആ ഭയങ്കരപുരുഷനെ ആയിരിക്കുമോ ഛായാമുഖിയിൽ ദർശിക്കുക? സമീറാ, നമുക്കൊരു ഛായാമുഖി കണ്ടുപിടിക്കണം! ഒന്നിലധികം ആണുങ്ങളുടെ സ്‌നേഹം കൊതിക്കുന്ന പെണ്ണുങ്ങൾക്ക് മൂളിപ്പാട്ടുപാടി മുഖം നോക്കാനുതകുന്ന ഒന്ന്!'. തങ്ങളുടെ തന്നെ ജീവിതത്തിൽനിന്നു മാത്രമല്ല നായകനും സമീറയും ഇതിനു ഭാവത്തുടർച്ചകൾ കണ്ടെടുക്കുന്നത്. ഒരുപക്ഷെ ഈ നോവലിലെ ഏറ്റവും അവിസ്മരണീയമായ വ്യക്തിചിത്രങ്ങളായിത്തീർന്നിട്ടുള്ള ചെറുണ്ണൂരെ മൂത്തെമ്മാന്റെയും അവരുടെ രണ്ടു ഭർത്താക്കന്മാരുടെയും കഥയും ഇതിനുദാഹരണമാണ്. സ്‌ത്രൈണ കാമനയെക്കുറിച്ചുള്ള ഫ്രോയ്ഡിയൻ നിരീക്ഷണങ്ങൾ നോവലിലെമ്പാടും ചിതറിക്കിടക്കുന്നുണ്ട്. സമീറയും ഷാഹിദയും മൂത്തെമ്മാനും ഇതിനപവാദമല്ല.

'ചെറുണ്ണൂരെ മൂത്തെമ്മാനെ ആദ്യം കല്യാണം കഴിച്ചത് ഇമ്പിച്യാലി ഹാജി ആയിരുന്നു. ഹാജീന്റ ഉമ്മ മൂത്തെമ്മാക്ക് പിടിക്കാത്ത എന്തോ കാര്യം പറഞ്ഞു. മൂത്തെമ്മയുടെ ചിറ്റലിക്കത്തിന് ചേലില്ല എന്നോ മറ്റോ നിസ്സാരകാര്യമായിരുന്നു. മൂത്തെമ്മക്ക് എന്തോ അത് അത്ര ഇഷ്ടായില്ലാ ന്ന് മാത്രമല്ല കേരിവീട്ടിൽ വന്ന് പറയുകയും ചെയ്തു. ഉപ്പാവ ദിവസവും വൈകുന്നേരം അങ്ങാടിയിലെ മെയിൻ റോഡിൽ വരും. ദാസന്റെ പീടികയിൽ കയറിയാണ് അങ്ങാടിക്കുള്ള വരവ്. പൊരേലോട്ട് അല്ലറ ചില്ലറ സാധനോം ചുരുട്ടും പൊതിഞ്ഞ് വെക്കാമ്പറഞ്ഞ് വെള്ളോട്ടെങ്ങാടിവഴി നടക്കും. ഹുസ്സൻക്കാന്റെ കടയുടെ പടിയിൽ ഇരുന്ന് 'ഹുസ്സേനേ എന്തെല്ലാഡോ' എന്ന് വിശേഷം ചോദിച്ച് വയസ്സൻ കാലൻകുടയ്ക്ക് എന്തെങ്കിലും കേടുപാട് ഉണ്ടെങ്കിൽ തീർത്തുകൊടുക്കാൻ പറയും. കൊടയ്ക്ക് തകരാറൊന്നുമില്ലെങ്കിലും അവിടെ കയറും. വേറെ ആരെങ്കിലും പടിയിൽ ഇരിക്കുന്നുണ്ടെങ്കിൽ കുറച്ചുനേരം നില്ക്കും. അപ്പം ഹുസൻക്കാ കടയുടെ പടിയിൽ ഇരിക്കുന്നവരെ ലേശം രൂക്ഷമായി നോക്കും. അവർക്ക് കാര്യം ബോധ്യപ്പെട്ട് ഒന്നുകിൽ എണീറ്റുപോകും. അല്ലെങ്കിൽ നീങ്ങി ഉപ്പാവയ്ക്കുള്ള സ്ഥലം കൊടുക്കും. ജനതേന്ന് ഹുസ്സൻക്കാ കുടിക്കുന്ന ചായ ആ സമയം കുണ്ടൻ കൊണ്ടുവര്വാണെല് അത് ഉപ്പാവക്ക് കൊടുക്കാമ്പറയും. ഓനോട് ഒരു ചായ കൂടി കൊണ്ട് വരാമ്പറയും. വാ കഴുകാൻ കിണ്ടീല് വെള്ളം കൊടുക്കും. വായിൽ ഉള്ള മുറുക്കാൻ തുപ്പിക്കളയാനുള്ള മടികൊണ്ട് ചിലപ്പോൾ ചായ വേണ്ടെന്ന് വെക്കും. ഉപ്പാവ ബാലന്റെയും വീനസ് കണ്ണന്റേം മറ്റും കടയിൽ കൂടി കയറിയിട്ടാണ് നെല്ടാം വീട്ടിൽ എത്തുന്നത്. ഉമ്മറത്തെ അയ്ക്കട്ടിലിൽ മന്തിരി വിരിച്ച് ഇമ്മച്ചി ഉമ്മറത്തകത്തെ വാതിലിന്റെ അടുത്ത് നിക്കും. ഉപ്പാവ എന്നെ വിളിച്ച് ചായപ്പൊടി തീർന്നോ പഞ്ചാര തീർന്നോ എന്നൊക്കെ നോക്കാമ്പറയും. പൈശ തന്ന്, തീർന്നത് റോഡ്മ്മ പോയി വാങ്ങാമ്പറയും. നുറുങ്ങളരിന്റെ കഞ്ഞി ഉമ്മറത്ത് ന്ന് കുടിക്കും. നോമ്പാണെങ്കിൽ അറന്റകത്ത് വെച്ച് വാതിലടച്ച് കുടിക്കും. ന്നെം വിളിക്കും. എനക്ക് നോമ്പ് ണ്ടോന്ന് ചോദിക്കും. ണ്ട് ന്ന് പറഞ്ഞാ, കുട്യേളും രോഗീളും നിർബന്ധമായും നോമ്പെട്ക്കണം ന്നില്ല. ഞ്ഞി എന്തേലും വെള്ളം വാങ്ങിക്കുടിച്ച് ഇത് തിന്നോ എന്ന പറഞ്ഞ് പുഴുങ്ങിയ കോഴിമുട്ടയും നേന്ത്രപ്പഴവും നീക്കിവെച്ചു തരും. പഠിപ്പിനെപ്പറ്റി ചോദിക്കും. മദ്‌റസേല് അടുത്ത കൊല്ലം ആറാം ക്ലാസ് തൊടങ്ങുന്നുണ്ട് എന്ന് ഇമ്മച്ചി പറഞ്ഞപ്പോൾ ഉപ്പാവ പറഞ്ഞു.

'ഓന് അഞ്ച് വരെ മതി. മൗലവി ആകാനൊന്നും പോകുന്നില്ലല്ലോ. സ്‌കൂളെ പഠിപ്പ് നല്ലോണം കൊണ്ട്‌നടക്കട്ടെ. കളി കൂടണ്ട. വല്ലാതെ കളി ഒന്നു ഓന് ഇല്ലാന്നാ ഹുസൻ പറഞ്ഞത്. ഒരു കമാലി. ബെക്ടത്തരം തോനെണ്ട് താനും. ഒരു മുണ്ടാട്ടം കൊറഞ്ഞോൻ. ങ്ങനെ പൊട്ടനായാ എനി ഇള്ള കാലത്ത് എങ്ങനെ കയിഞ്ഞ് കൂടും?'

അത് കേട്ട് സമീറ ക്കി ക്കി ക്കി ന്ന് വായ് പൊത്തി ചിരിക്കും.

അന്ന് ഉപ്പാവ വരുമ്പം ഇമ്പിച്ച്യാലി ഹാജി വീനസ് ഹോട്ടലിന്റെ മുന്നില് ഉപ്പാവ അവിടെ കയറുമ്പോൾ കണ്ണേട്ടൻ ഇട്ട് കൊടുക്കുന്ന കസാലയിൽ കാലിന്മേൽ കാലും കേറ്റി വെച്ച് ഇരുന്ന് സിഗററ്റ് വലിച്ച് പേപ്പറ് വായിക്കുന്നുണ്ടായിരുന്നു. മൂപ്പൻ ഉപ്പാവാനെ കണ്ടിട്ട് മൈൻഡ് ചെയ്തില്ല എന്ന അസ്‌കിത ഇമ്മച്ചീനോട് പറഞ്ഞു. അതും പറഞ്ഞ് ഇറങ്ങുമ്പോൾ എന്നോട് കൂടെ ചെല്ലാൻ പറഞ്ഞു. നായരുടെ പറമ്പിൽ ഉള്ള ഒതയോത്തെ കൊപ്പരക്കളത്തിന്റെ മുന്നിലെ നീണ്ട ബെഞ്ചിലിരുന്ന് ഒരുത്തനെ വിട്ട് കുറച്ച് കാരക്കയും തരിയും പഞ്ചസാരയും ഒക്കെ വാങ്ങിപ്പിച്ച് 'ഞ്ഞി പൊരേ പോയ്‌ക്കോ' എന്ന് പറഞ്ഞു. 'ഇനിക്ക് തേങ്ങ ന്റെ കണക്കൊക്കെ കൂട്ടി വാങ്ങാന്ണ്ട്' ന്ന് പറഞ്ഞ് ഓനെക്കൊണ്ട് വാങ്ങിപ്പിച്ച ആറ് ഏബിൾ ബാറ്ററി ടോർച്ചിലിട്ടു. അത് കത്ത്ന്ന്‌ണ്ടോന്ന് ഞെക്കിനോക്കാൻ പറഞ്ഞു, കൈയിൽ തന്നു. ഞാൻ ഞെക്കിയിട്ട് കത്തിയില്ല. ഉപ്പാവ പറഞ്ഞു,

'അനക്കൊരു ഞെക്ക് ടോർച്ച് കത്തിക്കാൻ കൂഡ അറീല്ലേ കമാലി?'

കൊപ്പരക്കൂടിന്റെ അകത്ത് ഒരാൾക്ക് കുനിഞ്ഞ് നൂണ്ട് കയറാൻ പാകത്തിൽ ഉണ്ടാക്കിയ മാളത്തിൽക്കൂടി കട്ടപിടിച്ച ഇരുട്ടിലേക്ക് ഉപ്പാവ ഞെക്ക് ടോർച്ച് അടിച്ചു. വെളിച്ചം കണ്ട് ഞെട്ടി ഭയമേറ്റവനെപ്പോലെ ഒരു വവ്വാൽ കൂടിന്റെ ചുറ്റും പറന്നു. സാധനം വാങ്ങിക്കൊണ്ടു വന്ന കുണ്ടൻ പറഞ്ഞു,

'ഓൻ ഞെക്കി അപ്പോ കത്തീറ്റിണ്ട്. അത് പൊറത്തേക്ക് അടിച്ചതോണ്ട് കാണാണ്ടായിപ്പോയതാ'.

ഉപ്പാവക്ക് ഇമ്പിച്യാലി ഹാജിനോടുള്ള അസ്‌കിത കൂടി വന്നു. ഒരു ദിവസം മൂത്തെമ്മ കേരിവീട്ടിൽ വന്നപ്പോൾ അവിടുന്ന് മൂപ്പത്തിക്ക് കിട്ടിയ എന്തോ ഒരു വിഷമം പറഞ്ഞു. ഉപ്പാവ പറഞ്ഞു,

'ഞ്ഞി ഇനി ആഡ പോണ്ട'.

ഹാജി ആളെ വിട്ടു. ബന്ധുക്കളോട് ചൊല്ലി അയച്ചു. വാപ്പച്ചിനോടും എളാപ്പനോടും പൊരുത്തം ചോദിച്ചു. ഒരനക്കവുമില്ല.

അവസാനം ഹാജി ഉമ്മാനേം കൂട്ടി നേരില് വന്നു.

മൂത്തെമ്മ ഹാജിയോട് പറഞ്ഞു,

'ഉപ്പാന്റെ സമ്മതം എഡ്ക്കാതെ ഞാൻ വരില്ല'.

ഹാജിയുടെ മൊഴി വാങ്ങി. മൂത്തെമ്മാനെ ചെറുണ്ണൂരിലെ മൂത്താപ്പക്ക് കെട്ടിപ്പിച്ചെങ്കിലും ഹാജിക്ക് മൂത്തെമ്മനെ മറക്കാൻ പറ്റിയില്ല. മൂത്തെമ്മ ചെല്ലാനിടയുള്ള കല്യാണത്തിനും പൊരേക്കൂടലിനുമെല്ലാം വിളിച്ചില്ലെങ്കിലും ഹാജിയും വരും. അട്ക്കള ഭാഗത്ത് ന്ന് ചുറ്റിപ്പറ്റി നിൽക്കും.

മൂത്തമ്മ പറയും, 'ഓനെന്തിനാ പൂങ്കോയീന്റെ പ്പോലെ പൊറത്ത് തിരിഞ്ഞും മറഞ്ഞും കളിക്കുന്നഹ്?'

ആരെങ്കിലും മൂപ്പത്തിയോട് കളി പറയും, 'അത് ന്നെ മറക്കാമ്പറ്റാഞ്ഞിട്ടാ ആമിന'.

'ഉം, ഓനോട് പൊയ്‌ക്കൊളാൻ പറയാണ്ടി. ഇഞ്ചെ വായില്ള്ളത് കേക്കാ നിക്കാണ്ട്', മൂത്തമ്മ പറയും'.

കുഞ്ഞിറായിയും കഥാനായകനും സമീറയെ പ്രണയിക്കുന്നുണ്ട്. ഷാഹിദക്കു കൊടുക്കാതെ (ഭാര്യക്കും) കഥാനായകനെ സമീറ പ്രാപിക്കുന്നു. സമീറയുടെ ഇരട്ടപ്പെൺകുട്ടികൾ അവളുടെ കാമുകനും പിന്നീട് ഭർത്താവുമായ ബവീഷിന്റേതല്ല എന്നും സൂചനകളുണ്ട്. നായകനെന്നപോലെ ബവീഷിനും വിഷാദരോഗം ബാധിക്കുന്നു. 'അഭിനയിക്കാനറിയുന്നോൾ അതറിയാത്തോരെ തോല്പിച്ചുകൊണ്ടിരിക്കുന്നതു കൂടിയാണല്ലോ ജീവിതം' എന്ന് ഹൈസ്‌കൂളിൽ നാടകം കളിച്ച് തോറ്റുപോയപ്പോൾ കഥാനായകൻ ചിന്തിക്കുന്നുണ്ട്. അയാളുടെ പിൽക്കാലജീവിതവും ഒരു തോറ്റനാടകമായിരുന്നു. ആണിന്റെ ഷണ്ഡീകരണഭീതികളും പെണ്ണിന്റെ ഉടലുണർവുകളും കൈവരിക്കുന്ന ഗുപ്തവും അഗുപ്തവുമായ പ്രകടനങ്ങളാണ് ഈ നോവലിലെ ഏറ്റവും ഭാവതീഷ്ണമായ രംഗങ്ങൾ. നോവലിനുള്ളിൽ സംഭൃതമായിരിക്കുന്ന ഓർമകളിലും കഥകളിലും മിത്തുകളിലും ചരിത്രത്തിലും അതിനു മാറ്റമില്ല.

അങ്ങനെ, ദേശ-കാലബദ്ധമായ ഓർമകളെയും രതി-വിരതിനിഷ്ഠമായ കാമനകളെയും ജീവിതമായി വിവർത്തനം ചെയ്യുന്ന ഭാവനാഭൂപടമെന്ന നിലയിൽ സമകാല മലയാള നോവലിന്റെ ഭാഗമായി മാറുന്നു, 'ഒരു ദേശം ഓനെ വരയ്ക്കുന്നു'.

നോവലിൽനിന്ന് :-

'ഡിഗ്രി സെക്കൻഡ് ഇയർ പഠിക്കുമ്പോൾ ആയിരുന്നു സമീറയ്ക്കും ഷാഹിദയ്ക്കും മെഡിസിന് അഡ്‌മിഷൻ കിട്ടിയത്. സെന്റ് ഓഫ് ഒരു ദിവസമായിരുന്നു. ഷാഹിദയ്ക്ക് നാട്ടിൽ തന്നെ ഓപ്ഷൻ കിട്ടി. സമീറയുടെ കല്യാണം കഴിഞ്ഞതിനു ശേഷം ഓളെ ബേജാറ് ഇന്നെ ആർക്കെങ്കിലും കെട്ടിക്കുക എന്നതായിരുന്നു. ഓള് തന്നെ തപ്പിപ്പിടിച്ച് ഒരുത്തിയുടെ തലയിൽ എന്നെ കെട്ടിവെക്കാനുള്ള ഏർപ്പാട് ചെയ്ത് ബവീഷിന്റെ കൂടെ ടെക്‌സാസിലേക്ക് പോയി. കല്യാണത്തിന്റെ ഒരാഴ്ച മുൻപേ ഏർപ്പാടാക്കിയ ബാച്ചിലർ പാർട്ടിക്ക് വന്നത് സമീറ ഒറ്റയ്ക്കാണ്. നഗരത്തിലെ ഹോട്ടൽ റിസോർട്ടിൽ വച്ചായിരുന്നു പാർട്ടി. അതിന്റെ ചെലവ് മുഴുവൻ ഓള്ടതായിരുന്നു. രാത്രി ഷാഹിദയോടൊപ്പം ഇരുന്ന് സംസാരിച്ചുകൊണ്ടിരിക്കെ സമീറ വന്ന് എന്റെ കൈ പിടിച്ച് വാ എന്ന് പറഞ്ഞു. ഇന്ന് നീ എന്റെ കൂടെ കിടന്നാൽ മതീന്ന് പറഞ്ഞ് ഓളെ മുറീലോട്ട് കൊണ്ട് പോയി.

'ഓളങ്ങനെ നെന്നെക്കണ്ട് വെള്ള എറക്കണ്ട', ഷാഹീദയെ ഉദ്ദേശിച്ച് ഓള് പറഞ്ഞു.

'നെനക്ക് ഞാൻ ചെല സ്‌പെഷൽ ഐറ്റംസ് അമേരിക്കേന്ന് വാങ്ങി കൊണ്ട് വന്ന്റ്റ്ണ്ട്'. രണ്ട് ബോട്ടിലും ഒരു കൂടും എടുത്തു കിടക്കയിൽ വെച്ച് ഓള് പറഞ്ഞു, 'ഇത് റാക്ക് ചേർത്ത അമേരിക്കൻ ബ്രാന്റ് വൈനാ. മറ്റെതിന്റെ പേരെന്താന്നറിയുമോ?'

ഞാനാ കൂടിന്റെ പുറത്തെഴുതിയ പേര് നോക്കി വായിച്ചപ്പോൾ ഓള് പറഞ്ഞു.

'അതല്ലടാ പോത്തെ, പൊറത്ത് എയ്തി വെച്ച പേര് ഏത് പൊട്ടനും അറിയൂലെ? അയ്‌ന്റെ രഹസ്യപ്പേരാ ചോയ്ച്ചത് !'

അവസാനം ഓള് തന്നെ പറഞ്ഞുതന്നു. റുബായിയാത്ത്!

വൈൻ കുടിച്ച് അത് വലിച്ചപ്പോൾ ആ മുറിയിൽ നല്ല ഊദിന്റെ മണം കെട്ടികിടക്കുന്നുണ്ടായിരുന്നു. പുറത്തു നിലാവും അകത്ത് സമീറയുമുണ്ട്. അപ്പോൾ ഞങ്ങൾ കേട്ട് കൊണ്ടിരുന്ന ഗസൽ ഏതായിരുന്നു? അതെ, ജഗജിത് സിങ് ഒഴുകുന്നു.... 

കൊയി ദോസ്ത് ഹെ ന രകീബ് ഹെ...
തെര ഷഹർ കിതന അജീബ് ഹെ....
വൊ ജോ ഇഷ്‌ക് ഥ..... വൊ ജുനൂന് ഥാ...
യെ ജൊ ഹിജിർ ഹെ യെ നസീബ് ഹേ....

സംഗീതം നിലച്ചപ്പോൾ നെഞ്ചിൽ എരിഞ്ഞുകൊണ്ടിരുന്ന ഒരു വെയിൽ കരഞ്ഞുതുടങ്ങി. രണ്ടു കണ്ണും പൊത്തി ചുമരിനോട് ചേർന്ന് അഭിമുഖം നിന്നു. സമീറ ബാത്ത്‌റൂമിൽനിന്ന് ടർക്കി ടവ്വൽ ഉടുത്തു വന്ന് വേഷം മാറുന്ന ഒച്ച കേട്ടു. ഓള് പറഞ്ഞു, 'നീ എന്താടാ കൈതെ കണ്ണുംപൊത്തി നിക്കുന്നത്?'

കുറച്ചു കഴിഞ്ഞപ്പോൾ ഓള് പോയി ജാക്കറ്റൊക്കെ ഇട്ട് എന്നോടും റെഡി ആകാൻ പറഞ്ഞു. നൈറ്റ് ഡ്രൈവിന് പോണംന്ന് ഓക്ക് തോന്നി. ആരോടൊ പോയി ആക്ടീവ് സ്‌കൂട്ടർ സംഘടിപ്പിച്ച് അത് മ്മല് ബീച്ചിന്റെ സൈഡിൽക്കൂടിയായിരുന്നു വിട്ടത്. ഞാൻ പിറകിലിരുന്ന് ഓളെ പിൻകഴുത്തിന്റെ വെള്ളി രോമങ്ങളിൽ കവിളുചേർത്തു മയങ്ങി. ഓക്കപ്പോ ഒരു ഊദ് നീരിന്റെ ഗന്ധമുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ മഴ ചാറി. ചിമ്മാനി അടിച്ച് കുളിർന്നു. കവിള് തണുത്തു ഞരമ്പുകൾ ഉണർന്നപ്പോൾ അവളറിഞ്ഞു. വണ്ടി നിർത്തി ജാക്കറ്റിന്റെ അടീല് ഇട്ടിരുന്ന സ്വറ്റർ എടുത്ത് തന്ന് ഓള് എന്നോട് ഇടാൻ പറഞ്ഞു. ആ സ്വറ്ററിന്റെ ഒരു കുടുക്ക് ഓള് ഓളെ മാറത്തിട്ട് കുടുക്കിക്കൊണ്ട് പറഞ്ഞു,

''മ്മള് ഒമ്പത് പടിക്കുമ്പം ഞാൻ നെന്നോട് മിണ്ടാണ്ട് നടന്നത് എന്തായിനു എന്ന് നെനക്ക് തിരിഞ്ഞിനോ?''

'ഇല്ല'.

'കയ്ത!, അന്ന് ഒര് ആങ്കൂട്ടീന്റ മേത്ത് ഇന്റ ഇമ്മിഞ്ഞ ആദ്യായിറ്റ് നെന്നെ കെട്ടിപ്പിടിച്ചപ്പോ അമർത്തി'.

അതും പറഞ്ഞ് ഓള് എന്റെ രണ്ട് കയ്യും ഓളെ മാറിലോട്ട് കെട്ടിപ്പിടിച്ചു. മഴച്ചാറ്റലു കൊണ്ട് ഞാനുറങ്ങിപ്പോയി. ഓള് വണ്ടി റിസോർട്ടിന്റെ റിസപ്ഷനിലെ പോർച്ചിൽ നിർത്തി. സ്വറ്ററിന്റെ കുടുക്കഴിച്ചു. എന്റെ ചെവി പിടിച്ച് തിര്മ്മി എണീക്കാൻ പറഞ്ഞു. അടുത്ത കോട്ടേജിന്റെ സിറ്റൗട്ടിൽ ഇരുന്ന് ഷാഹിദ പുസ്തകം വായിക്കുന്നു. മുറിയിലേക്ക് പോകുമ്പോൾ സമീറ പറഞ്ഞു,

'ഓക്ക് നാളെ പരൂക്ഷ ആണല്ലോ. വല്യ പൊത്തകം വായനക്കാരി. ഓള് എല്ലങ്കണ്ടിട്ട്ണ്ട്. കാണാത്തപോലെ അഭിനയിക്യാ'.

മുറിയിൽ ചെന്ന് ബാക്കി വൈൻ കുടിച്ച് കുത്തിക്കെട്ത്തി വെച്ച ചുരുട്ടു വലിച്ചു. ഒരു കുപ്പിയും രണ്ട് ചുരുട്ടും ഓള് ഒറ്റയ്ക്ക് തീർത്ത് കുമ്പിട്ടു കിടന്നിരുന്ന എന്റെ പുറത്ത് മലർന്ന് കിടന്ന് പാട്ടു പാടാൻ തുടങ്ങി. രണ്ട് കാലും മുകളിലോട്ട് ചക്രം ചവിട്ടിയും കൈയ് പങ്കായം തുഴഞ്ഞും കൈമുട്ടുകൾ ഇടയ്ക്ക് എന്റെ രണ്ട് കവിളുകളിൽ ഇടിച്ചും ഇറുക്കിയും ചന്തികൊണ്ട് പൊക്കിയും താഴ്‌ത്തിയും അമർത്തിയും ഡാൻസുമുണ്ട്. പാടുന്നത് അമേരിക്കൻ ബ്ലാക്ക് മ്യൂസിക്കാണ്....

അത് കഴിഞ്ഞ്.

നെക്സ്റ്റ്... ജെമൈക്കൻ സ്റ്റാർ ബോബ് മെർളി എന്നു പറഞ്ഞ് കൈകൾ കിടക്കയിൽ കുത്തി നിർത്തി പാടാൻ തുടങ്ങി...

ഐ വാൺഡ് ഐ ലവ് യു... ഇൻ എവരി ഡേ... എവരി നൈറ്റ്....

അത് കഴിഞ്ഞതും കൈവിട്ട് പുറത്ത് വീണ് പിൻകഴുത്തിൽ കടിച്ചു.

മുറിയിൽ ബെഡ് ലാമ്പ് മാത്രമേ ഉള്ളൂ. റൂബായിയാത്തുമുണ്ട്. കമഴ്ന്ന് കെടന്ന് ഓളെ സ്റ്റേജായി പാട്ടു കേട്ട ഞാൻ ഛർദിച്ചു.

ഓള് താങ്ങിയെടുത്ത് ബാത്ത്‌റൂമിൽ കൊണ്ടുപോയി ഉടുത്തത് അഴിപ്പിച്ച് മേലാകെ കുളിപ്പിച്ചു. ടർക്കിടവ്വൽ കൊണ്ട് തലയും മേലും തുടച്ചു. ഊദു പെരട്ടി. കൊണ്ട് പോയി കിടക്കയിൽ കിടത്തി. ബെഡ് റൂം ലാമ്പ് കെട്ട് കട്ട ഇരുട്ട് വന്നു. നഗ്നമായ രണ്ട് ഇമ്മിഞ്ഞകൾ ഉപരിസുരതത്തിനെന്നപോലെ എന്റെ നെഞ്ചിലും ചുണ്ടിലും അമർന്നു.

രാത്രിയുടെ മടുപ്പുകൾ തുടങ്ങുംമുൻപ് എനിക്കു തന്ന ഈ സ്വർഗപേടകവും നാളെ കാണാതാവും.... എനിക്കു മാത്രമായി ഒരുക്കിവെച്ച ഈ കാലചിത്രശാലയിൽ ഊദിന്റെ സുഗന്ധം നിറച്ചതിനും ഋതുഭേദങ്ങൾ അനുഭവങ്ങളുടെ സമയഖജാനയിൽ കൊണ്ടിട്ടതിനും നന്ദി. ഇവിടെ ഇന്ന് ഈ നിമിഷവും ഇല്ലാതായേക്കും. എങ്കിലും ജീവിതം അത്രയും ഹ്രസ്വമാണെന്ന് ഓർമിപ്പിക്കാൻ ഈ രാത്രി വന്ന് എന്നിൽ ചേരേണ്ടിയിരിക്കുന്നു.

ഒരു നേർത്ത ഗസൽ കേൾക്കുന്നു, മെഹ്ദി ഹസ്സനാണ്.

രൻജിഷ് ഹീ സഹീ, ദിൽ ഹീ ദുഃഖാനെ കെ ലിയെ ആ....

ആ ഫിർസെ മുഝെ ഛോഡ് കെ ജാനെ കെ ലിയേ ആ....

കിസ് കിസ് കൊ ബതായേംഗെ ജുദായി കാ സബബ് ഹം

തു മുഝ്‌സെ ഖഫ ഹൈ തൊ സമാനെ കെ ലിയെ ആ....

രൻജിഷ് ഹീ സഹീ....

നന്നായി നേരം വെളുത്തപ്പോഴാണ് എണീറ്റത്. നാവ് വേദനിക്കുന്നു. ബാത്ത്‌റൂമിൽ കയറി കണ്ണാടി നോക്കിയപ്പോൾ പല്ല് കൊണ്ട് ചോരകല്ലിച്ച നിറം. രണ്ടു ചെറി. കുത്തുകളും. കിടക്കയിലെ ബ്‌ളാങ്കറ്റിനുള്ളിൽ ഓളില്ല. മേശപ്പുറത്ത് ഒരു കത്തുണ്ട്.

'ഫ്‌ളയ്റ്റ് ഇന്ന് രാത്രി കൊച്ചിയിൽനിന്നാണ്. ഞാൻ പോകുന്നു. കല്യാണത്തിന് വരില്ല. എനിക്ക് നിന്റെ കല്യാണം കാണണ്ട. പിന്നെ ഇന്നലെ രാത്രി ഞാനൊരു സ്വപ്നം കണ്ടു. കട്ടപിടിച്ച ഇരുട്ടായപ്പോൾ ഇഞ്ചെ എരട്ടപ്പല്ല് പിന്നെയും വന്നു. ഞാൻ സ്വപ്നത്തിൽ അതുകൊണ്ട് നിന്റെ നാവ് കടിച്ച് ഊദിന്റെ നീര് കുടിച്ചു. നിനക്ക് വേദനിച്ചിരുന്നോ?' '.

ഒരു ദേശം ഓനെ വരയ്ക്കുന്നു (നോവൽ)
എൻ.വി. മുഹമ്മദ് റാഫി
മാതൃഭൂമി ബുക്‌സ്
2020, വില: 180 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP