Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആൾക്കൂട്ടം: ഭാവലോകങ്ങൾ, രൂപബന്ധങ്ങൾ

ആൾക്കൂട്ടം: ഭാവലോകങ്ങൾ, രൂപബന്ധങ്ങൾ

ഷാജി ജേക്കബ്‌

'Revolt gives life its value' - Albert Camus, 1942

'Man is condemned to be free' - Jean Paul Sartre, 1946

ഒന്ന്

ധുനികതയുടെ വിമർശം (Critique of Modernity) എന്ന നിലയിൽ ആൽബർ കാമുവിനെക്കുറിച്ച് നടത്തുന്ന അതിദീർഘമായ പഠനത്തിൽ റൊണാൾഡ് ഡി. സ്രിഗ്‌ലി, കാമുവിന്റെ രചനകളിലെ അടിസ്ഥാനപരമായ ആശയധാരകളായി കണ്ടെത്തുന്നത് മൂന്നു കാര്യങ്ങളാണ്. അസംബന്ധം (Absurd), കലാപം (Rebellion), സ്‌നേഹം (Love) എന്നിവ. The Stranger, The Rebel, Myth of Sisyphus, Caligula, The Plague തുടങ്ങിയ രചനകളിൽ സാർത്രിന്റെ അസ്തിത്വവാദത്തോട് വിയോജിച്ചുകൊണ്ട് അസംബന്ധതാവാദം മുന്നോട്ടുവയ്ക്കുന്ന കാമുവിന്റെ ചിന്താപദ്ധതി സമഗ്രമായി ചർച്ചചെയ്യുന്നുണ്ട് ഈ പഠനം. ആനന്ദ് 'ആൾക്കൂട്ട'ത്തിൽ അവതരിപ്പിക്കുന്ന ഭാവപ്രപഞ്ചത്തിന്റെ ചരിത്രസന്ദർഭവും ലോകസ്വഭാവവും മറ്റൊന്നല്ല. ആധുനികതാവിമർശനത്തിന്റെ ഏറ്റവും രാഷ്ട്രീയതീഷ്ണമായ മലയാളസാഹിത്യപാഠമായി മാറുന്നു, അതുവഴി ഈ നോവൽ. സ്വാതന്ത്ര്യബോധത്തിന്റെ മാനങ്ങൾ, വ്യക്തിജീവിതത്തിലും സമുദായഘടനയിലും സൃഷ്ടിക്കുന്ന കലാപരാഷ്ട്രീയത്തിന്റെ ഇന്ത്യൻ ഇതിഹാസമാണ് 'ആൾക്കൂട്ടം'. സാർത്രിന്റെ Nausea നിരൂപണം ചെയ്തുകൊണ്ട് കാമു എഴുതിയ പഠനത്തിൽ പറയുന്നതുപോലെ, 'A Novel is never anything but a philosophy put into images' എന്നു തെളിയിക്കുന്ന രചന. കലാപം മാർക്‌സിൽ നിന്നല്ല മാനവദുരിതങ്ങളിൽ നിന്നാണ് താൻ പഠിച്ചതെന്ന് കാമു പറയുന്നത് ('I donot learn rebellion in Marx; but in misery') ആനന്ദിനും ഇണങ്ങും. സത്തയും ശൂന്യതയും (Being and Nothingness) എന്ന ഗ്രന്ഥത്തിൽ വ്യക്തിയെയും സ്വാതന്ത്ര്യത്തെയും കുറിച്ച് സാർത്ര് നടത്തുന്ന നിരീക്ഷണങ്ങളിൽനിന്നു മുന്നോട്ടുപോയി കാമുവിന്റെ രചനകളിലെ വ്യക്തി-സമുദായ സംഘർഷങ്ങളിലാണ് ആനന്ദ് ആധുനികതയുടെ വിമർശനസന്ദർഭങ്ങൾ കണ്ടെത്തുന്നത്.

മൂന്നു തലങ്ങളിൽ കാമുവിന്റെ സ്വാധീനം ആനന്ദിൽ പൊതുവെയും 'ആൾക്കൂട്ട'ത്തിൽ വിശേഷിച്ചും തിരിച്ചറിയാൻ കഴിയും.

ഒന്ന്, തത്വചിന്ത. (അസംബന്ധതാവാദം, വ്യക്തി-സമൂഹ സംഘർഷങ്ങൾ, മിഥോളജിയുടെ പുനർവായന, ചരിത്രാഖ്യാനം എന്നിങ്ങനെ നിരവധി മേഖലകളിൽ വ്യാപിച്ചുനിൽക്കുന്നു, ഈ സ്വാധീനം)

രണ്ട്, രാഷ്ട്രീയം. (പ്രത്യയശാസ്ത്ര മൗലികവാദങ്ങൾക്കും സർവാധിപത്യ ഭരണകൂടങ്ങൾക്കും യുദ്ധങ്ങൾക്കും വധശിക്ഷക്കും വിപ്ലവമെന്ന ആശയത്തിനുമെതിരെ രൂപപ്പെടുത്തുന്ന നിലപാടുകൾ ഓർക്കുക)

മൂന്ന്, സാഹിത്യം. (സെർവാന്റിസും ഗോയ്‌ഥെയും ദസ്തയവ്‌സ്‌കിയും കാഫ്കയുമുൾപ്പെടെയുള്ളവരെക്കുറിച്ച് മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടുകളായാലും, The artist and his time പോലുള്ള പ്രബന്ധങ്ങളിലെ വാദങ്ങളായാലും നോബൽസമ്മാനപ്രഭാഷണത്തിലെ നിലപാടുകളായാലും... കാമുവിന്റെ വലിയ സ്വാധീനം ആനന്ദിലുണ്ട്. പിന്നീട് റെയ്മണ്ട് വില്യംസ്, തോമസ്മൻ, ഇറ്റാലോ കാൽവിനോ തുടങ്ങിയവർ മുന്നോട്ടുവച്ച കലാസാഹിത്യചിന്തകളുടെ പ്രഭാവവും ഇതിന്റെ തുടർച്ചയായി കാണാം).

കാമുവിന്റെ The Strangerse വിഖ്യാതമായ ആരംഭവാക്യം ഓർമിക്കുക: 'Mother died today; or may be yesterday, I dont know. I received a telegram from the home 'Mother Diceased. Funeral Tomorrow. Yours sincerely'. That doesnt mean a thing. Maybe it was yesterday'.

മ്യൂയർസാൾട്ട് എന്ന കഥാപാത്രത്തിന്റെ ഈയവസ്ഥ അസംബന്ധതാവാദ കലാതത്വത്തിന്റെ ഏറ്റവും പ്രസിദ്ധമായ ഉദാഹരണമാണ്. 'The Ostuider' എന്ന് തെറ്റായി തർജ്ജമ ചെയ്യുകമൂലം ഇംഗ്ലീഷിലും, ഈ പ്രയോഗത്തിന് അന്യൻ, ബഹിഷ്‌കൃതൻ എന്നൊക്കെ തർജ്ജമ ചെയ്ത് മലയാളത്തിലും ഏറെ തെറ്റിദ്ധരിക്കപ്പെട്ട നോവലാണ് The Stranger. യഥാർഥത്തിൽ മ്യൂയർസോൾട്ടിന്റെ അനുഭവവും കാമുവിന്റെ നോവലും സമൂഹത്തിനു പുറത്തുനിൽക്കുന്ന അന്യനെയല്ല പ്രതിനിധാനം ചെയ്യുന്നത്. insider Bb Absurdist നെയാണ്. ആൾക്കൂട്ടത്തിലെ കഥാപാത്രങ്ങളുടെ അസ്തിത്വ സ്വഭാവവും സമാനമാണ്.

കാമുവിന്റെ ചിന്തകളുടെ ഈ പ്രഭാവം പോലെതന്നെ പ്രസക്തമാണ് ഏലിയാസ് കാനെറ്റി ആൾക്കൂട്ടത്തെ (crowd) കേന്ദ്രീകരിച്ചു മുന്നോട്ടുവയ്ക്കുന്ന (Crowds and Power, 1960) ചരിത്ര, സാമൂഹ്യ ചിന്തകളുടെ സ്വാധീനവും. ആനന്ദിന്റെ നോവലിലെ മുഖ്യ രൂപകമായ ആൾക്കൂട്ടം, കാനെറ്റി വിവരിക്കുന്ന സാമൂഹ്യദർശനത്തിൽനിന്നു നേരിട്ടു സ്വീകരിക്കുന്നതാണെങ്കിലും അല്ലെങ്കിലും ആധുനികതയുടെ വിമർശനസ്ഥാനമെന്ന നിലയിൽ ഈ രൂപകവും നോവലും മലയാളഭാവനയിൽ സൃഷ്ടിച്ച ആഘാതശേഷിയുള്ള ഇടപെടൽ ചരിത്രപരം തന്നെയാണ്. അഞ്ചുതരം ആൾക്കൂട്ടങ്ങളെക്കുറിച്ചാണ് കാനെറ്റി പറയുന്നത്. ഒപ്പം, അധികാരം, ദേശീയത എന്നിവയും അദ്ദേഹം വിശദമായി ചർച്ചയ്‌ക്കെടുക്കുന്നു. ആൾക്കൂട്ടത്തിന്റെ യാന്ത്രികവും നിരാർദ്രവുമായ അസ്തിത്വങ്ങളെക്കുറിച്ചും ആൾക്കൂട്ടചിഹ്നങ്ങൾ കൊണ്ടു സാക്ഷാത്കരിക്കപ്പെടുന്ന ദേശീയതയെന്ന വിശ്വാസവ്യവസ്ഥയെക്കുറിച്ചുമൊക്കെ കാനെറ്റി അവതരിപ്പിക്കുന്ന വിചാരപദ്ധതി 'ആൾക്കൂട്ട'ത്തിന്റെ സംവാദാന്തരീക്ഷത്തിന് ഉൾക്കനം നൽകുന്നു. ഇതിനും പുറമെയാണ് ബുദ്ധൻ, ഗാന്ധി, എം.എൻ, റോയി, നെഹ്രു തുടങ്ങിയവരുടെ കാഴ്ചപ്പാടുകളും പാസ്തർനാക്, സിമൊൻ വെയ്ൽ, അന്നാ ഹാരൻട് തുടങ്ങിയവരുടെ ചിന്താമണ്ഡലങ്ങളും ആനന്ദിന്റെ കഥാപാത്രങ്ങൾക്കും സംവാദങ്ങൾക്കും പിൻബലമേകുന്നത്.

അസാധാരണമായ മൂന്നു ഭാവലോകങ്ങളും അപൂർവമായ ഒരു രൂപപദ്ധതിയുമാണ് 'ആൾക്കൂട്ട'ത്തെ മലയാളത്തിലെ ആധുനികതാവാദസാഹിത്യത്തിന്റെ ഏറ്റവും ശ്രദ്ധേയമായ നോവൽ മാതൃകകളിലൊന്നാക്കി മാറ്റുന്നത്. ആൾക്കൂട്ടം (Crowd), സ്വാതന്ത്ര്യം (Freedom), ദേശീയത (Nationalism) എന്നിവ. സുന്ദരികളും സുന്ദരന്മാരും (1958), ഖസാക്കിന്റെ ഇതിഹാസം (1969) എന്നിങ്ങനെ, 'ആൾക്കൂട്ട'ത്തിനു മുൻപ് മലയാളത്തിൽ പ്രസിദ്ധീകൃതമായ ശ്രദ്ധേയങ്ങളായ രണ്ടു മോഡേണിസ്റ്റ് നോവലുകളിലും നിന്നു ഭിന്നമായി ഈ നോവൽ ആദ്യന്തം സംവഹിക്കുന്ന ആശയധാരകളുടെ കൂടി പ്രകടനവേദിയാകുന്നു, ഈ ഭാവലോകങ്ങളും അതിന്റെ രൂപബന്ധങ്ങളും. ആൾക്കൂട്ടം തുടക്കം കുറിച്ച ആഖ്യാനകല മലയാളനോവലിന്റെ രൂപപദ്ധതിയെ അട്ടിമറിച്ചതെങ്ങനെയാണ്? ആനന്ദിന്റെ ഏറ്റവും മൗലികമായ സർഗാത്മക ഇടപെടലായി കരുതപ്പെടുന്ന സംവാദാത്മകതയുടെ ലാവണ്യകല 'ആൾക്കൂട്ട'ത്തിലാണ് വലിയതോതിൽ ശ്രദ്ധേയമാകുന്നത്. 'അഭയാർഥികൾ' (1984) അത് കുറെക്കൂടി ആഴത്തിലും പരപ്പിലും ഏറ്റെടുത്തു. 'ആൾക്കൂട്ട'ത്തിലെ വൈകാരികമണ്ഡലങ്ങൾ സമ്പൂർണമായി നിരാകരിച്ചുകൊണ്ട് 'അഭയാർഥികൾ' തികഞ്ഞ പ്രബന്ധസ്വഭാവം കൈവരിക്കുകയും ചെയ്തു. എന്തായാലും 'ആൾക്കൂട്ട'ത്തിന്റെ രൂപകല മലയാളനോവലിന്റെ കഴിഞ്ഞ അരനൂറ്റാണ്ടിന്റെ ശിരോരേഖ മാറ്റിവരച്ചുവെന്ന് നിസംശയം പറയാം.

ഈ ഭാവലോകങ്ങളും രൂപബന്ധങ്ങളും മുൻനിർത്തി 'ആൾക്കൂട്ട'ത്തിന്റെ സൗന്ദര്യശാസ്ത്രവും പ്രത്യയശാസ്ത്രവും വിശദീകരിക്കുന്നതിനു മുൻപ് രണ്ടു കാര്യങ്ങൾ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. ഒന്ന്, കൗതുകകരമായ ചില യാദൃച്ഛികതകളുടേതാണ്. മറ്റൊന്ന്, ആനന്ദ് മലയാളനോവലിന്റെ കലയിൽ സൃഷ്ടിച്ച മാറ്റങ്ങളുടെ ക്രോഡീകരണവും.

രണ്ട്

ർതർ കൊയ്‌സലറുടെ 'Gallery of the real life cidences'നെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്, 'സംഹാരത്തിന്റെ പുസ്തക'ത്തിലെ 'ഹോട്ടൽക്കാരൻ' എന്ന കഥയിൽ, ആനന്ദ്. കാമുവിനൊപ്പം ബോറിസ് പാസ്തർ നാക്, ആർതർ കൊയ്‌സലർ തുടങ്ങിയവരും പിൽക്കാലത്തെങ്ങും ആനന്ദിൽ ചെലുത്തിയ ചിന്താപരമായ സ്വാധീനം വായനക്കാർക്കറിവുള്ളതാണല്ലോ. ആനന്ദിന്റെ ആദ്യലേഖനം, The Notion of Space in Architecture, എഴുതപ്പെട്ടത് 1958ലാണ്. ആദ്യ ചെറുകഥ 'പൂജ്യം' ഭാവനചെയ്യപ്പെടുന്നതും '58ൽ തന്നെ. ആൾക്കൂട്ടത്തിലെ കഥാപാത്രം ജോസഫ് ബോംബെക്കു പോകുന്നതും '58ൽ തന്നെ. കമ്യൂണിസമെന്ന ദുർഭൂതത്തെക്കുറിച്ച് ആന്ദ്രെ ജീദ്, റിച്ചാർഡ് റൈറ്റ്, സ്റ്റീഫൻ സ്‌പെൻഡർ, ഇഗ്നാസിയോ സിലോൺ, ലൂയി ഫിഷർ എന്നിവർക്കൊപ്പം ചേർന്ന് The God that Failed എന്ന ക്ലാസിക് രചിച്ച കൊയ്‌സലർ '58ൽ തിരുവനന്തപുരത്തെത്തിയിരുന്നു. (ഈ ഗ്രന്ഥത്തിന്റെ രചനയിൽ പങ്കുചേരാൻ തനിക്കും കഴിഞ്ഞിരുന്നെങ്കിൽ എന്ന് കാമു പിന്നീടെഴുതുന്നുണ്ട്!) ഇ.എം.എസ്. സർക്കാരിനെക്കുറിച്ചു പഠിക്കാനെത്തിയ സാമ്രാജ്യ ചാരനായി കൊയ്‌സലറെ കണ്ട കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ നീക്കത്തിൽ സംശയിച്ചാണെന്നു പറയപ്പെടുന്നു, തന്റെ സന്ദർശനകാലം വെട്ടിക്കുറച്ച് കൊയ്‌സലർ മടങ്ങിപ്പോവുകയാണുണ്ടായത്.

'ആൾക്കൂട്ടം' എഴുതപ്പെടുന്നത് '68ലാണെങ്കിലും അതിലെ ഭാവിതകാലം 1958-62 ആണ്. കാമുവും പാസ്തർനാക്കും മരിക്കുന്നത് '60ലാണ്. കാമുവിന് '57ലും പാസ്തർനാക്കിന് '58ലും നോബൽ സമ്മാനം ലഭിക്കുന്നു. വിശ്വവിഖ്യാതമാണ് കാമുവിന്റെ നോബൽ പ്രഭാഷണം. 'Revolutions are made by fanatical men of action with one track minds, men who are narrow minded to the point of genius' എന്ന്, ആനന്ദ് പലകുറി ആവർത്തിച്ചിട്ടുള്ള വിഖ്യാതനിരീക്ഷണം ഉൾക്കൊള്ളുന്ന Dr. Zhivago, വിമോചനസമരത്തിന്റെ രാഷ്ട്രീയം മുൻനിർത്തി മുട്ടത്തുവർക്കി മലയാളത്തിലേക്കു വിവർത്തനം ചെയ്ത് 1960ൽ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. എഞ്ചിനീയറിങ് പഠനം കഴിഞ്ഞ് തൊഴിൽ തേടി ജ്യേഷ്ഠനോടൊപ്പം ആനന്ദ് ബോംബെയ്ക്കു പോയ '58ൽ തന്നെയാണ് 'ആൾക്കൂട്ട'ത്തിൽ പങ്കുചേരാൻ ജോസഫും ബോംബെക്കു വണ്ടി കയറുന്നത്. തന്റെ ബോംബെജീവിതത്തിൽ കണ്ടറിഞ്ഞ അനുഭവങ്ങളും അവസ്ഥകളും കടന്നുപോയ സന്ദേഹങ്ങളും പ്രതിസന്ധികളും തന്നെയാണ് നോവലിൽ ജോസഫും സുനിലും പ്രേമും സുന്ദറും ലളിതയും രാധയും മറ്റും നേരിടുന്നതെന്ന് കാൽനൂറ്റാണ്ടുമുൻപ് ഞാൻ നടത്തിയ ഒരഭിമുഖത്തിൽ ആനന്ദ് സൂചിപ്പിക്കുകയുണ്ടായി. അങ്ങേയറ്റം ആത്മകഥാപരമാണ് ആൾക്കൂട്ടം എന്നർഥം. സ്ഥല-കാല-അനുഭവതലങ്ങളിൽ ഒരുപോലെ. രണ്ടു യാദൃച്ഛികതകൾ കൂടി ചൂണ്ടിക്കാണിച്ച് ഈ നിരീക്ഷണമവസാനിപ്പിക്കാം. ഒന്ന്, കോവിഡ്-19 പശ്ചാത്തലത്തിൽ ലോകമെങ്ങും ഏറ്റവും കൂടുതൽ പുനർവായിക്കപ്പെട്ട സാഹിത്യരചന കാമുവിന്റെ The Plague ആണ്. രണ്ട്, 'ആൾക്കൂട്ട'ത്തിന്റെ ഏറ്റവും സവിശേഷമായ ചരിത്രസന്ദർഭത്തിന്റെയും രാഷ്ട്രീയവിമർശനത്തിന്റെയും സംഗമസ്ഥാനമായ 1962ലെ ഇന്ത്യാ ചൈനാ യുദ്ധവും. 'Defend your motherland with all your might' എന്ന ആഹ്വാനം വർത്തമാനപ്പത്രങ്ങൾ പ്രധാനമന്ത്രിയുടെ കയ്യക്ഷരത്തിൽ തന്നെ അച്ചടിച്ച കാലം. ഗാൽവൻ താഴ്‌വരയിൽ ചൈനീസ് പട്ടാളം പിടിമുറുക്കിയ നാളുകൾ. ഇപ്പോഴിതാ, ആൾക്കൂട്ടത്തിന്റെ അൻപതാം വർഷത്തിൽ, ഇതേ താഴ്‌വരയിൽ ചൈനീസ് പട്ടാളം ഇന്ത്യയുമായി ഏറ്റുമുട്ടുന്നു. '62നുശേഷം ഇതാദ്യമായി! യാദൃച്ഛികതകളുടെ വിചിത്ര സംയോഗം!

മൂന്ന്

'ആൾക്കൂട്ടം' പ്രസിദ്ധീകൃതമായതു തൊട്ടുള്ള ഇക്കഴിഞ്ഞ അൻപതുവർഷംകൊണ്ട്, (അല്ലെങ്കിൽ 'പൂജ്യം' പ്രസിദ്ധീകരിക്കപ്പെട്ട 1960 തൊട്ടുള്ള അറുപതുവർഷം കൊണ്ട്) ആനന്ദിന്റെ രചനകൾ മലയാളത്തിൽ സൃഷ്ടിച്ച മാറ്റങ്ങളും പ്രഭാവങ്ങളും എന്തൊക്കെയാണ്? മലയാളിയുടെ സാഹിത്യഭാവനയെയും ചിന്താമണ്ഡലങ്ങളെയും ആധുനികതയിൽ നിന്ന് മുന്നോട്ടു സഞ്ചരിപ്പിച്ചതിൽ ആനന്ദിനോളം പങ്കുവഹിച്ച മറ്റൊരാളില്ല. എങ്ങനെയാണിതു സാധ്യമായത്?

1. സാഹിത്യാഖ്യാനത്തെ ഭിന്നവിജ്ഞാനങ്ങളുടെ (തത്വചിന്ത, രാഷ്ട്രീയം, ശാസ്ത്രം....) വ്യവഹാരമണ്ഡലമാക്കി മാറ്റി. നോവലിന്റെ ബഹുസ്വരതക്ക് 'ആൾക്കൂട്ട'ത്തോളം മികച്ച മറ്റൊരു മാതൃക മലയാളത്തിലില്ല. സാഹിത്യം, സാഹിത്യേതരം എന്ന വിഭജനം അപ്രസക്തമാക്കിയ മറ്റൊരെഴുത്തുകാരനും മലയാളിക്കു മുന്നിലില്ല.

2. ചരിത്രത്തെയും ചരിത്രവിജ്ഞാനീയത്തെയും അനന്യമാംവിധം സാഹിതീയവൽക്കരിച്ചു. 'അഭയാർഥികൾ'ക്കുശേഷം ഒരു മലയാളനോവലിസ്റ്റിനും ചരിത്രത്തെ വൈജ്ഞാനികവും പ്രത്യയശാസ്ത്രനിഷ്ഠവുമായല്ലാതെ സമീപിക്കാൻ കഴിഞ്ഞിട്ടില്ല.

3. മലയാളസാഹിത്യത്തിന്റെ സ്ഥലഭൂമിക കേരളത്തിനു വെളിയിൽ ഇന്ത്യയിലുടനീളം സാധ്യമാണെന്നു തെളിയിച്ചു. പട്ടാളക്കഥകൾക്കും മഹാനഗരകഥകൾക്കുമപ്പുറം ഇന്ത്യ, ചരിത്രമായും വർത്തമാനമായും ആനന്ദിന്റെ രചനകളിൽ ഭൂപടംപോലെ വിടർന്നു പടർന്നു.

4. ആധുനികതയുടെ ഏറ്റവും അടിസ്ഥാനപരമായ മൂല്യവിചാരങ്ങൾ പലതിനെയും (സ്വാതന്ത്ര്യം, നീതി, ജനാധിപത്യം, മുതലാളിത്തം, പ്രത്യയശാസ്ത്രങ്ങൾ...) പ്രശ്‌നവൽക്കരിച്ചു; സാഹിത്യത്തിന്റെ രാഷ്ട്രീയാബോധമാക്കി വികസിപ്പിച്ചു.

5. നോവലിന്റെ രൂപപദ്ധതിയെ ഭാഷയിലും ആഖ്യാനത്തിലും രാഷ്ട്രീയത്തിലും പുനർനിർവചിച്ചു. എഴുത്തിലും വായനയിലും ആനന്ദ് സൃഷ്ടിച്ച ഏറ്റവും പ്രകടമായ മാറ്റങ്ങൾ ഇവിടെ കാണാം. 'പുസ്തക'ത്തെ ആഖ്യാനത്തിന്റെ കേന്ദ്രരൂപകമാക്കി മാറ്റുന്നതിൽ ആനന്ദിനുള്ള വൈഭവം അന്യാദൃശമാണ്.

6. മാർക്‌സിസത്തെയും ഗാന്ധിയൻ ചിന്തയെയും മറ്റും അവയുടെ ചരിത്രനിഷ്ഠവും ആശയാധിഷ്ഠിതവും പ്രായോഗികവുമായ തലങ്ങളിൽ നിരന്തരം വിശകലനം ചെയ്തു.

7. പാശ്ചാത്യ ആധുനികതാവാദ, ആധുനികാനന്തര സാഹിത്യത്തിലെ ഏറ്റവും വിഖ്യാതങ്ങളായ ചിന്താപദ്ധതികളെയും പാഠമാതൃകകളെയും അവ മുന്നോട്ടുവച്ച സൗന്ദര്യ രാഷ്ട്രീയങ്ങളെയും സ്വാംശീകരിച്ചു. ദസ്തയവ്‌സ്‌കി മുതൽ സാർത്ര് വരെ; കാമു മുതൽ പാസ്തർനാക് വരെ; ഓർവെൽ മുതൽ പാമുക്ക് വരെ; കുന്ദേര മുതൽ എക്കോ വരെ.

8. ഇന്ത്യാചരിത്രത്തിലെ കീഴാള, പ്രാന്തവൽകൃത, ധാരകളെയും കോളനിരാഷ്ട്രീയത്തിന്റെ സാമ്പത്തിക-സാംസ്‌കാരികാധിനിവേശ പ്രക്രിയകളെയും സമാനതകളില്ലാത്ത വിധം പാഠവൽക്കരിച്ചും പീഠവൽക്കരിച്ചും നടത്തിയ ഇടപെടലുകൾ.

9. മതം, രാഷ്ട്രീയം, വംശം, ജാതി തുടങ്ങിയ വ്യവഹാരങ്ങൾ സ്ഥാപനവൽക്കരിച്ച പ്രത്യക്ഷവും പരോക്ഷവും പ്രതീകാത്മകവും മറ്റും മറ്റുമായ 'ഹിംസ'യെന്ന മനുഷ്യാനുഭവത്തെ സമകാല സാഹിത്യത്തിന്റെ ഏറ്റവും മൂർത്തമായ ആഖ്യാനകലയാക്കി മാറ്റി.

10. പരിസ്ഥിതിചിന്ത, യുക്തിവാദം, ശാസ്ത്രബോധം, നീതിശാസ്ത്രം തുടങ്ങിയവയെ മാനവികതയിലും നൈതികതയിലും നിലയുറപ്പിച്ച് വിശകലനം ചെയ്യുകവഴി ആധുനികതയുടെ തന്നെ അപനിർമ്മിതിയായി മാറുന്നുണ്ട് ആനന്ദിന്റെ സാഹിത്യ, സാഹിത്യേതര രചനകൾ ഏതാണ്ടൊന്നടങ്കം.

നാല്

'സമുദായം ഒരു മാർഗം മാത്രമാണ്; വ്യക്തിയാണ് പരമമായ ലക്ഷ്യം' - ആൾക്കൂട്ടത്തിന്റെ ഭാവരാഷ്ട്രീയം ഇതാകുന്നു. ഇരുപതാം ശതകത്തിൽ ('ഭയത്തിന്റെ നൂറ്റാണ്ട്' എന്ന് കാമുവും 'മനുഷ്യചരിത്രത്തിലെതന്നെ ഏറ്റവും ഹിംസാത്മകമായ ഘട്ടം' എന്ന് ഹോബ്‌സാമും വിശേഷിപ്പിച്ച കാലം. 'A world where murder is legitimized and human life considered futile'F¶v Imap) രൂപം കൊണ്ട തത്വചിന്താപദ്ധതികൾ മിക്കവയും അഭിസംബോധന ചെയ്ത അടിസ്ഥാന പ്രശ്‌നവും ഈ വ്യക്തി-സമുദായസംഘർഷമായിരുന്നല്ലോ. നിരീശ്വരവാദപരവും അസ്തിത്വവാദപരവുമായ ലോകാവബോധങ്ങൾ അഭിസംബോധന ചെയ്തുകൊണ്ടുതന്നെ ആനന്ദ് ജീവിതത്തിന്റെ അസംബന്ധതകളെക്കുറിച്ചുള്ള ചിന്തകളുടെയും ഭാഷണങ്ങളുടെയും ഒരു പരമ്പര നോവലായി വിഭാവന ചെയ്തു. മലയാളത്തിൽ ഏറ്റവും സൂക്ഷ്മമായ ബൗദ്ധികവിനിമയശേഷിയും സംവാദാത്മകതയും പ്രകടിപ്പിക്കുന്ന സാഹിത്യരചനയായി 'ആൾക്കൂട്ടം' മാറുന്നതങ്ങനെയാണ്. അഞ്ഞൂറോളം പുറങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഒരൊറ്റ സംഘസംവാദമായിപ്പോലും 'ആൾക്കൂട്ടം' വായിക്കാം.

ജീവിതത്തെയും രാഷ്ട്രീയത്തെയും സംബന്ധിച്ച ആശയതലങ്ങളിൽ ഭിന്നങ്ങളായ നിലപാടുകൾ സൂക്ഷിക്കുമ്പോഴും ആൾക്കൂട്ടത്തിലെ കഥാപാത്രങ്ങൾ തമ്മിലിണങ്ങുന്ന ഒരു ചിന്താധാരയുണ്ട്. അത്, അസംബന്ധമായല്ലാതെ കാണാൻ കഴിയാത്ത ആൾക്കൂട്ടസംസ്‌കാരത്തെക്കുറിച്ചുള്ളതാണ്. Absurdist ആയി ജീവിക്കുക എന്നുവച്ചാൽ എന്താണർഥം? അസ്തിത്വവാദമല്ല ഇതിനടിത്തറ. ശൂന്യതാവാദ(Nihilism)വുമല്ല അസംബന്ധതാവാദം. പിന്നെയോ? ഗുണാത്മകമായ നിഹിലിസമത്രേ അബ്‌സേഡിസം. കാമു എഴുതുന്നു: 'Living the absurd means, a total lack of hope, a permanent rejection, and a conscious dissatisfaction'. പ്രതീക്ഷയുടെ സമ്പൂർണ നാശം. നിത്യമായ തിരസ്‌കരണം. ബോധപൂർവമുള്ള അസംതൃപ്തി - ആൾക്കൂട്ടത്തിലെ ഓരോ കഥാപാത്രവും Absurd ആയി ജീവിതത്തെ കാണുന്നവരും അനുഭവിക്കുന്നവരും ആവിഷ്‌കരിക്കുന്നവരുമാണ്. ആൾക്കൂട്ടത്തിനെതിരെ കലാപം നടത്തുന്ന വ്യക്തികൾ. സ്‌നേഹത്തിനായി ദാഹിക്കുന്ന മനുഷ്യർ. ഒരു പ്രസ്ഥാനത്തിലും പ്രത്യയശാസ്ത്രത്തിലും വ്യവസ്ഥിതിയിലും പ്രതീക്ഷയില്ലാത്തവർ. വിശ്വാസനഷ്ടത്തിന്റെ അപ്പോസ്തലന്മാർ.

നോവലിന്റെ ഘടന ഇങ്ങനെയാണ്. 1958-62 കാലഘട്ടം. കേരളത്തിലെ ഒന്നാം കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ രംഗപ്രവേശം മുതൽ വിമോചനസമരവും ഗോവാവിമോചനവും മൂന്നാം ദേശീയ പൊതുതെരഞ്ഞെടുപ്പും പണിമുടക്കവും ഇന്ത്യാ ചീനായുദ്ധവും വരെയുള്ള രാഷ്ട്രീയസന്ദർഭങ്ങളുടെ ചരിത്രപശ്ചാത്തലം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ബോംബെയിലെത്തിയ ഒരു പറ്റം മനുഷ്യർ. ജോസഫ്, സുനിൽ, പ്രേം, സുന്ദർ, ലളിത. ബോംബെയിൽ തന്നെ കാലങ്ങളായി ജീവിക്കുന്ന രാധ. പുരുഷന്മാർ നാലും തൊഴിൽതേടി വന്നതാണ്, വ്യവസായാധുനികതയുടെ ഇന്ത്യൻ തലസ്ഥാനത്ത് ഒറ്റയ്ക്കു ജീവിക്കുന്നവർ. ലളിതയും രാധയും വീട്ടുകാർക്കൊപ്പം ബോംബെയിൽ താമസിക്കുകയും തൊഴിലെടുക്കുകയും ചെയ്യുന്നവരും.

സ്വന്തമായി കുടുംബങ്ങളുള്ളവരും ഇല്ലാത്തവരുമാണ് ഈ കഥാപാത്രങ്ങൾ. ഉള്ളവർക്കാകട്ടെ ബന്ധങ്ങൾ ബന്ധനങ്ങൾ മാത്രവും. ജോസഫിനെ നോക്കുക. മധ്യകേരളത്തിലെ ഒരു ഗ്രാമത്തിൽനിന്ന് യൗവ്വനാരംഭത്തിൽതന്നെ തൊഴിൽതേടി ബോംബെയിലെത്തി, അയാൾ. വീട്ടിൽ അമ്മയും രണ്ടു സഹോദരിമാരും. മൂത്ത സഹോദരിക്കു ക്ഷയരോഗമാണ്. ബോംബെയിലെത്തിയ ജോസഫിനു താമസസ്ഥലമോ തൊഴിലോ ലഭിച്ചില്ല. പട്ടിണിയുടെ രാപകലുകളിൽ ഫുട്പാത്തുകളിൽ തളർന്നുവീണും പിന്നെ കിട്ടിയ തൊഴിലുകൾ പലതും തന്റെ സ്വത്വബോധത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത വ്യക്തിത്വം മൂലം നഷ്ടപ്പെട്ടും ഒടുവിൽ അയാൾ പട്ടാളസേവനത്തിനായി അവിടെനിന്നു രക്ഷപ്പെടുന്നു. ഇക്കാലമത്രയും വീടുമായി അയാൾക്കു യാതൊരു വൈകാരികബന്ധവുമില്ലെന്നല്ല (അതിന്റെ വൈകാരികതയാണ് അയാളെ തളർത്തിയത്) അതു പ്രകടിപ്പിക്കാനാവാതെ വലയുകയാണ് അയാൾ. സഹോദരിയുടെ മരണംപോലും ജോസഫ് അറിഞ്ഞില്ല. 'വേദനകളിലൂടെ മാത്രം ബന്ധം പുതുക്കിയ സഹോദരങ്ങളാണു തനിക്കുള്ളത്' എന്നയാൾ പറയുന്നുണ്ട്. ബോംബെ ജോസഫിന് നഷ്ടം മാത്രമാണുണ്ടാക്കിയത്. 'നാല്പതുലക്ഷം മനുഷ്യരുടെയിടയിൽ വെറും ഇരുപതു വയസ്സു കടന്ന മെലിഞ്ഞ നിർദ്ധനനായ ഒരു ലോവർ ഡിവിഷൻ ക്ലാർക്ക് ഇന്നും ഒരവിഭാജ്യഘടകമായിത്തീർന്നിട്ടില്ല' എന്നയാൾക്കറിയാം. ആ അറിവിലാണ് അയാൾ ബോംബെ വിട്ടുപോകുന്നതും രാധ അയാൾക്കൊരു ജീവിതം വാഗ്ദാനം ചെയ്തിട്ടും തന്റെ സ്വാതന്ത്ര്യത്തിലേക്കയാൾ പലായനം ചെയ്യുന്നതും.

ജോസഫിനുള്ള ഇതേ സ്വത്വപ്രതിസന്ധികൾതന്നെയാണ് ബംഗാളിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽനിന്നും ബോംബെയിലെത്തിയ സുനിലിനുമുള്ളത്. ബന്ധുവായി ആകെയുണ്ടായിരുന്ന വിധവയായ സഹോദരി അവളുടെ പുനർവിവാഹംപോലും അയാളെ അറിയിച്ചില്ല. ജോലി കിട്ടാതെയും കിടപ്പാടമില്ലാതെയും വസൂരിപിടിച്ചും തളർന്നും ഒരാശ്രയമായി തന്നോടടുത്ത ലളിതയോടു നീതിപുലർത്താനാകാതെ തകർന്നും, മാറി മാറി ജോലികൾ ചെയ്തിട്ടും രക്ഷപ്പെടാനാകാതെ ആത്മഹത്യയെക്കുറിച്ചാലോചിച്ചും നഗരത്തിലലയുന്നു സുനിൽ. എല്ലാ സ്വപ്നങ്ങളും നശിച്ച് മുപ്പത്തിമൂന്നു വർഷങ്ങൾ തള്ളിനീക്കി സ്വന്തം പ്രായം മാത്രം നേട്ടമായിക്കിട്ടി, തന്നെ ആൾക്കൂട്ടത്തിനു വലിച്ചെറിഞ്ഞുകൊടുക്കുന്നു, അയാൾ.

പ്രേം തന്റെ തൊഴിലിനുവേണ്ടിയുള്ള അലച്ചിലുകൾക്കിടയിൽ പട്ടിണിയുടെ പരമ്പരകൾക്കുശേഷം എത്തിച്ചേർന്നത് ഒരു വേശ്യാത്തെരുവിലാണ്. തനിക്കു ഭക്ഷണവും അഭയവും തന്ന വേശ്യയുടെ ഭർത്താവായി അഭിനയിച്ച് ഒടുവിൽ അവളുടെ കുഞ്ഞിനെ വളർത്താനയാൾ ബോംബെ വിടുന്നു. നഗരമയാളെ ദഹിപ്പിച്ചുകളയുകതന്നെ ചെയ്തു, ജീവിതംകൊണ്ട്.

ഹോട്ടലിൽ വെയ്റ്ററായി ബോംബെയിലെത്തിയ സുന്ദറിന്റേത് താരതമ്യേന കൂടുതൽ സുരക്ഷിതമായ ഒരു ഭൗതികജീവിതമാണ്. സുനിലിന്റെയും ജോസഫിന്റെയും പ്രേമിന്റെയും സംഘത്തിൽനിന്ന് അയാൾ പെട്ടെന്നു വളരുകയായിരുന്നു. ബോംബെയിൽ ചുവടുറപ്പിക്കാനയാൾക്കു കഴിഞ്ഞു. കവിതയെന്ന പെൺകുട്ടിയെ അയാൾ സ്‌നേഹിച്ചിരുന്നുവെങ്കിലും തന്റെ കമ്പനിയുടമയുടെ വഴിപിഴച്ച പുത്രിയെ വിവാഹം ചെയ്ത് അവളുടെ കാവൽക്കാരനാകേണ്ട ആത്മീയദുരന്തത്തിനയാൾ വിധേയനായി. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സ്വപ്നങ്ങളൊട്ടാകെ ബലികഴിക്കേണ്ടിവരുന്നുണ്ട് സുന്ദറിന് തന്റെ ജീവിതയാത്രയിൽ.

ലളിത, ഏക ബന്ധുവായ അച്ഛന്റെ മരണത്തിനു മുൻപ് അനാഥത്വമറിയാതെ വളർന്നവളാണ്. സുനിലുമായി അവൾ അടുത്തു. പക്ഷേ അയാൾ അകന്നുമാറി. അച്ഛന്റെ മരണശേഷം അച്ഛന്റെ പഴയ യജമാനന്റെ പുത്രൻ അവളെ സഹായിച്ചു. അയാളുടെ സുഹൃത്ത് ഗോപാൽ അവളെ വിവാഹം കഴിക്കുകയും ചെയ്തു. ഗോപാലിന്റെ കീഴിൽ തൊഴിൽ നേടി സുനിൽ എത്തുന്നുവെങ്കിലും പഴയ ബന്ധം പുതുക്കാനൊന്നും അവർ തുനിഞ്ഞില്ല.

രാധ, ഒരു കാലത്ത് ലളിതയുടെ സുഹൃത്തായിരുന്നു. ഒരുപക്ഷേ 'ആൾക്കൂട്ട'ത്തിലെ ഏറ്റവും ഒറ്റപ്പെട്ട കഥാപാത്രവും രാധയാണ്. ദുരന്തങ്ങൾ മാത്രമാണ് അവൾക്കു ജീവിതത്തിൽ ലഭിച്ചത്. രോഗികളും ശത്രുക്കളും ഒന്നിച്ചു രൂപംകൊണ്ട തകർന്ന കുടുംബം. സ്‌നേഹരാഹിത്യത്തിന്റെയും സ്വാതന്ത്ര്യനഷ്ടത്തിന്റെയും ജൈത്രയാത്രയിൽ രാധ ജോസഫിനെ സ്‌നേഹിച്ചുവെങ്കിലും നിർണ്ണായകനിമിഷങ്ങളിൽ അയാൾ അവളെ കൈവിട്ടു. രോഗത്തിന്റെയും മരണത്തിന്റെയും മഹാനഗരത്തിൽ രാധ തന്റെ സ്വത്വത്തിന്റെ അർത്ഥം തിരയുകയാണ്. ആൾക്കൂട്ടത്തിൽ വ്യക്തികളെ തേടുന്ന ആനന്ദിന്റെ കഥാപാത്രങ്ങളിൽ ഏറ്റവും കൂടുതൽ സഹിക്കേണ്ടിവരുന്നതും രാധയ്ക്കാണ്. സഹനത്തിന്റെ പാരമ്യത്തിൽ ചലനമറ്റു തളർന്നു കിടക്കുന്ന അച്ഛനെ കൊല്ലാൻപോലും ശ്രമിക്കുന്നു അവൾ. ഒടുവിൽ അവളും ആൾക്കൂട്ടത്തിലലിയുകയാണ്. ജോസഫ് യാത്രയായപ്പോൾ പറഞ്ഞത് അയാളുടെ യാത്രയിലെ സാർത്ഥകതയാണ് രാധയെന്നാണ്. അതുമവളെ ചലിപ്പിച്ചില്ല. അവൾ ആ നഗരത്തിന്റെ നാലതിരുകൾക്കുള്ളിൽ വഴിമുട്ടി നിൽക്കുകയാണ് - അസ്വതന്ത്രയായി, പരാജിതയായി, ദുഃഖിതയായി.

ഈ ആറു കഥാപാത്രങ്ങൾക്കു പുറമെ, ലോജിലും വീട്ടിലും ഓഫീസിലും തെരുവിലുമൊക്കെയായി ഇവരിൽ പലരും കണ്ടുമുട്ടുന്ന മറ്റു ചില കഥാപാത്രങ്ങളുമുണ്ട്. കവിത, ജഹാംഗീർ, ഘോർപാഡെ, അരുണാചലം, കാർബാറി, രാഘവൻ, രാമസ്വാമി, മേരി, മിസിസ് ചിറ്റ്‌നിസ്, പാട്ടീൽ, ഗുപ്ത, ഗോപാൽ, മീന, പ്രേംസിങ്, പ്രൊഫസർ... ഒരാളും 'ആൾക്കൂട്ട'ത്തിന്റെ ആശയസംവാദഭൂമികക്കു പുറത്തല്ല. സ്വന്തം നിലനിൽപ്പിന്റെ തലവേദനക്കൊപ്പം സമുദായത്തിന്റെ തലവേദനയും പങ്കിടുന്നവർ. നിലനിൽക്കുന്ന വ്യവസ്ഥിതി മാറ്റാൻ കൊതിക്കുന്നവർ. അതിൽ ദയനീയമായി പരാജയപ്പെടുന്നവർ. ഒന്നിനോടും പൊരുത്തപ്പെടാൻ കഴിയാത്തവർ. പരമമൂല്യമായി തങ്ങൾ തിരിച്ചറിയുന്ന സ്വാതന്ത്ര്യത്തിന്റെ തന്നെ തടവുകാർ.

'മനുഷ്യന് ഒറ്റ വിധിയേ ഉള്ളു. പോരാടുക, അല്ലെങ്കിൽ പലായനം ചെയ്യുക' (either fight or flight) - ആനന്ദ് പറയും. കാനെറ്റി വിവരിക്കുന്ന flight crowdന്റെ സ്വഭാവമാർജിക്കുന്ന വ്യക്തി-സമുദായ സംഘർഷങ്ങളിലേക്കാണ് ആത്യന്തികമായി ആൾക്കൂട്ടം മുന്നേറുന്നത്.

ഇവിടെയാണ് ആനന്ദ് ചരിത്രനിഷ്ഠവും തത്വചിന്താപരവുമായി നോവൽവൽക്കരിക്കുന്ന, മുൻപു പറഞ്ഞ മൂന്നു ഭാവലോകങ്ങളും പ്രസക്തമാകുന്നത്.

അഞ്ച് 

ന്തിനെതിരെയാണോ ഓരോ കഥാപാത്രവും എഴുത്തുകാരനും അതുവഴി നോവൽ തന്നെയും ചിന്തിക്കുന്നതും കലഹിക്കുന്നതും പ്രവർത്തിക്കുന്നതും, അതെക്കുറിച്ചാകുന്നു, ഈ രചന. ഒരു ഡിസ്റ്റോപ്പിയൻ ക്ലാസിക്. ആൾക്കൂട്ടത്തിനെതിരെ വ്യക്തിയെ, മനുഷ്യനെ പ്രതിഷ്ഠിക്കുകയാണ് ആനന്ദിന്റെ രാഷ്ട്രീയം. നഗരമാണ് നോവലിൽ ആൾക്കൂട്ടത്തിന്റെ ഏറ്റവും മൂർത്തമായ സ്ഥലരൂപകം. 'വിക്ടോറിയ ടെർമിനസ്സിലെ പ്ലാറ്റ്‌ഫോമുകളിലൊന്നിൽ ഒരു വണ്ടി വന്നു നിന്നു' എന്ന ആദ്യ വാക്യം മുതൽ 'കബൂതർ ഖാനയുടെ മുന്നിൽവച്ച് (സുനിൽ) അയാൾ ആ ചെറിയ ആൾക്കൂട്ടത്തിൽ എത്തിച്ചേർന്ന് അതിൽ മാഞ്ഞുപോയി' എന്ന അവസാന വാക്യം വരെ നോവൽ ബോംബെനഗരത്തെയാണ്, അതിലെ നാനാതരം ആൾക്കൂട്ടരൂപകങ്ങളെയാണ് പ്രശ്‌നവൽക്കരിക്കുന്നത്. നോക്കുക:

'വിക്ടോറിയ ടെർമിനസ്സിലെ പ്ലാറ്റ്‌ഫോമുകളിലൊന്നിൽ ഒരു വണ്ടി വന്നു നിന്നു. താഴ്‌വരകളും മരുഭൂമികളും താണ്ടിയും നാട്ടിൻപുറങ്ങളെ മുറിച്ചും നഗരങ്ങളെ തുളച്ചും ദിവസങ്ങളോളം കിതച്ചോടി വണ്ടി. ഇപ്പോൾ ടെർമിനസ്സിലെ ബഫറുകളിൽ മുട്ടി അതു വിശ്രമിച്ചു.

വണ്ടി നിന്നതോടെ അതിന്റെ വാതിലുകളിൽക്കൂടിയും ജനലുകളിൽക്കൂടിയും മനുഷ്യർ ധിറുതിപിടിച്ചു പുറത്തു ചാടാൻ തുടങ്ങി. കരിയും പൊടിയും പറ്റി കറുത്ത മനുഷ്യർ. ചിരിയും അമ്പരപ്പും മ്ലാനതയും അവരുടെ മുഖത്ത് ഇടകലർന്നു. ഭാഷയോ ആശയങ്ങളോ ഇല്ലാത്ത ഇരമ്പൽ. വണ്ടി നിന്നപ്പോൾ അതിൽനിന്ന് അടർന്നുപോന്ന ആ ജീവിതത്തിന്റെ തുണ്ടുകൾ അതിന്റെ ചലനത്തേയും ശബ്ദത്തേയും ഏറ്റുവാങ്ങിയതുപോലെ; പക്ഷേ, ലക്ഷ്യം കിട്ടാത്തതുപോലെ അവർ പ്ലാറ്റ്‌ഫോമിൽ നിന്നു തിളച്ചതേയുള്ളു.

ഒരു വലിയ തീവണ്ടിയിൽനിന്ന് ഉയിരെടുത്ത കൊച്ചു തീവണ്ടികൾ. തങ്ങളുടെ പാളങ്ങൾ തിരയുകയും സിഗ്നലിനുവേണ്ടി വിസിൽ വിളിക്കുകയുമായിരുന്നു അവർ. അനവധി നാഴികകൾ ഇനിയും ഓടുവാനുണ്ട് അവ ഓരോന്നിനും. അകത്തു തീയും പുറത്തു കരിയും. അങ്ങനെ.

എന്നും തീവണ്ടികൾ എത്രയോ പേരെ ബോംബെ നഗരത്തിൽ കൊണ്ടിറക്കുന്നു. ദൂരെ നാട്ടിൻപുറങ്ങളിലോ നദീതീരങ്ങളില തരിശുഭൂമികളിലോ ജനിച്ചുവളർന്ന മനുഷ്യർ ഈ നഗരത്തിലേക്കു തുരുതുരെ ആകർഷിക്കപ്പെടുന്നു. ആകർഷിക്കപ്പെട്ട മനുഷ്യന് അഴകും അലങ്കോലവും തമ്മിൽ വ്യത്യാസമില്ല. ഈ യക്ഷിയുടെ പിടിയിൽപ്പെട്ടവർ തേടിവന്നതെല്ലാം മറക്കുന്നു. മാളികകൾ, മരുപ്പച്ചകൾപോലെ അകന്നുനില്ക്കുമ്പോൾ, ഫാക്ടറികളും ആഫീസുകളും കാണാത്ത ചങ്ങലകൾകൊണ്ട് അവരെ വരിഞ്ഞുകെട്ടുന്നു. ലഘുവായ സുഖങ്ങളിലൂടെ ആവേശവും കലർപ്പറ്റ ദുഃഖങ്ങളിലൂടെ ആശ്വാസവും നൽകി ജീവിതം അവരുടെ അടിമത്തത്തിനു ലഹരി കൂട്ടുന്നു.

കൊച്ചു തീവണ്ടികളെല്ലാം അവരുവരുടെ പാളങ്ങൾ കണ്ടുപിടിച്ചു. പ്ലാറ്റ്‌ഫോം വീണ്ടും ശാന്തമായി. തീവണ്ടിമാത്രം വിശ്രമിച്ചു. റെയിൽവേ തൂപ്പുകാർ നീളൻചൂലുകളുമായി പ്രത്യക്ഷപ്പെട്ടു. സിഗരറ്റുകുറ്റികളും കടലാസുതുണ്ടുകളും പഴത്തൊലിയും അടിഞ്ഞുകൂടി.

പുറത്ത് ജൂൺമാസത്തെ പുതുമഴ നഗരത്തിൽ പതിച്ചുകഴിഞ്ഞിരുന്നു. കാറുനിറഞ്ഞ ആകാശം. പകൽവെളിച്ചം അരിച്ചരിച്ചു ഭൂമിയിലേക്കു വിട്ടു. റോഡിലെ കുഴികളിൽ വെള്ളം കെട്ടിക്കിടന്നു. വണ്ടികൾ ശങ്കിച്ചു നീങ്ങി. പൊടിമഴ പതറിച്ചാറി.

ആ വണ്ടി ബഹിഷ്‌കരിച്ച മനുഷ്യരെല്ലാം ഏതേതു വഴികളിൽക്കൂടി പോയി? ഏതു വാതില്ക്കൽ മുട്ടി? എങ്ങെങ്ങ് ഒളിച്ചു? ആർക്കും അറിഞ്ഞുകൂടാ. കെട്ടിടങ്ങളും വാഹനങ്ങളും മനുഷ്യരുംകൊണ്ടു നിറഞ്ഞതെങ്കിലും, നഗരത്തിന്റെ ഇടുങ്ങിയ ഇടപ്പഴുതുകൾ അവരെയെല്ലാം ഉയർന്നിറങ്ങുവാൻ അനുവദിച്ചു. അവർ നഗരത്തോടു ചേർന്നില്ലാതായി. പേരും മേൽവിലാസവും മാച്ച്, മുഖമില്ലാത്ത ആൾക്കൂട്ടം അവരെ അതിന്റെ വലയത്തിലും ലയത്തിലും അടക്കി'.

ഒരേസമയം നഗരം നിങ്ങളെ വലിച്ചെടുത്തു വിഴുങ്ങുകയും എത്ര എതിർപ്പുണ്ടെങ്കിലും നിങ്ങൾ അതിന് സ്വയം വഴങ്ങുകയും ചെയ്യുന്നു. അപാരമായ ഈ വൈരുധ്യ (paradox) മാണ് നഗരത്തെ ആധുനികതയുടെ ഏറ്റവും വിഖ്യാതമായ നരവംശശാസ്ത്ര/സാംസ്‌കാരിക ബിംബമാക്കി മാറ്റുന്നത്. പങ്കാളിയായിരിക്കുമ്പോഴും പലായിയാകുവാൻ, അംഗമായിരിക്കുമ്പോഴും സ്വയം മുറിച്ചുമാറ്റാൻ വ്യക്തി ആഗ്രഹിക്കുന്ന ആ ആൾക്കൂട്ടത്തിന്റെയും നഗരത്തിന്റെയും ഘടനയെന്താണ്? സ്വഭാവമെന്താണ്? ആനന്ദ് എഴുതുന്നു:

' 'ദൂരെ, നാട്ടിൻപുറങ്ങളിലോ നദീതീരങ്ങളിലോ തരിശുഭൂമികളിലോ ജനിച്ചു വളർന്ന മനുഷ്യർ ഈ നഗരത്തിലേക്കു തുരുതുരെ ആകർഷിക്കപ്പെടുന്നു. ആകർഷിക്കപ്പെട്ട മനുഷ്യന് അഴകും അലങ്കോലവും തമ്മിൽ വ്യത്യാസമില്ല. ഈ യക്ഷിയുടെ പിടിയിൽപ്പെട്ടവർ തേടിവന്നതെല്ലാം മറക്കുന്നു. മാൡകൾ മരുപ്പച്ചകൾപോലെ അകന്നുനിൽക്കുമ്പോൾ ഫാക്ടറികളും ആഫീസുകളും കാണാത്ത ചങ്ങലകൾകൊണ്ട് അവരെ വരിഞ്ഞുകെട്ടുന്നു. ലഘുവായ സുഖങ്ങളിലൂടെ ആവേശവും കലർപ്പറ്റ ദുഃഖങ്ങളിലൂടെ ആശ്വാസവും നൽകി ജീവിതം അവരുടെ അടിമത്തത്തിനു ലഹരി കൂട്ടുന്നു'. ബോംബെയിലെത്തുന്ന ശരാശരി ചെറുപ്പക്കാർ തങ്ങളുടെ ജീവിതയാത്രയിലനുഭവിക്കുന്ന യാതനകളുടെ ഒരു മുഖക്കുറിപ്പാകുന്നുണ്ട് ഈ വാക്കുകൾ. താനറിയുന്ന, തന്നെയറിയുന്ന ആരുമില്ലാത്ത ഒരു മഹാനഗരത്തിൽ ഒരു ചെറിയ മനുഷ്യൻ. ലക്ഷക്കണക്കിനു മനുഷ്യരുള്ള ഒരു നഗരത്തിൽ ഒരു മനുഷ്യനെ ഒറ്റയ്‌ക്കെടുക്കുമ്പോൾ അയാൾക്കൊരു വിലയുമില്ല. ഈ തിരക്കിനിടയിലും ഒരു കാട്ടിൻനടുവിലെന്നപോലെ ഭയാനകമായ ഏകാന്തതയാണ്. ഒരു നഗരത്തിൽ ഒരാളുടെ സ്വാതന്ത്ര്യം ഒരു വേശ്യയുടേതുപോലെയാണ്; ബന്ധങ്ങൾ അനവധി. എന്നിട്ടും എപ്പോഴും അപരിചിതനും ഏകനും, എന്ന് പ്രേം തിരിച്ചറിയുന്നുണ്ട്.

സുന്ദറും ജോസഫും സുനിലും പ്രേമും ബോംബെയിലെത്തിയത് ഒറ്റലക്ഷ്യത്തിലാണ് - തൊഴിൽ. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ഭക്ഷണം തേടിവന്നവരാണവർ. ഒരു പുതിയ സംസ്‌കാരത്തിന്റെ സൃഷ്ടികൾ. ബ്യൂറോക്രസി റിക്രൂട്ടുചെയ്യുന്ന പടയാളികൾ. ഓരോ വലിയ നഗരവും ഓരോ പട്ടാളപ്പാളയമാണ്. സ്വപ്നങ്ങളുടെ കബന്ധഭൂമിയിലെ തങ്ങളുടെ അലച്ചിലിനിടയിലും ബുദ്ധിപരമായ ഉണർവ്വും സ്വത്വപരമായ ഉറപ്പും വിട്ടുകളയാൻ 'ആൾക്കൂട്ട'ത്തിലെ കഥാപാത്രങ്ങൾ തയ്യാറല്ല. സ്വാതന്ത്ര്യപ്രേമികളായ മനുഷ്യരാണ് അവർ. പതിവായി നടത്താറുള്ള ചർച്ചകളിലൊന്നിൽ ഒരിക്കൽ സുനിൽ പറഞ്ഞു: 'ഭക്ഷണം ഉണ്ടാക്കേണ്ടതു ഗ്രാമങ്ങളിലാണ്. എന്നിട്ടും നാം അതു തേടി നഗരങ്ങളിലെത്തുന്നു. വയലുകളെ വരളാൻ വിട്ട് നാം ആഫീസുകളിൽ ശരണം തേടുന്നു. വീടുകളുപേക്ഷിച്ച് ഫുട്പാത്തുകളിൽ ഉറങ്ങുന്നു. നാമാണ് ഈ വികൃതമായ നഗരസംസ്‌കാരത്തെ സൃഷ്ടിക്കുന്നത്. വളർത്തുകയല്ല ചിതൽപോലെ നശിപ്പിക്കുകയാണു നാം ജീവിതത്തെ'. ഈ തിരിച്ചറിവിലും പക്ഷേ നിസ്സഹായരാണവർ. എന്തെന്നാൽ സംസ്‌കാരം അതിന്റെ നീരാളിക്കൈകളിൽ കോർത്തു വലിക്കുകയാണവരെ. തന്നെയുമല്ല, അതിനു വസ്തുതാപരമായ കാരണങ്ങളുമുണ്ട്. അവരുടെ സ്വാർത്ഥതതന്നെ. സുന്ദർ പറയുന്നു: 'ഇന്ത്യയുടെ ആയിരമായിരം ഗ്രാമങ്ങൾ അതിന്റെ അല്പം നഗരങ്ങളുടെ അടിമകളാണ്. അടിമകളോടു സഹാനുഭൂതിയുള്ളവർ അവരുടെ കൂടെയാണു നിൽക്കുക. നമ്മെപ്പോലുള്ള ഇടത്തരക്കാർ നഗരങ്ങളിലേക്കു കൂട്ടംകൂട്ടമായി വരുന്നത് നഗരമേധാവിത്തത്തോടു പൊരുതുവാനല്ല, അതിന്റെ വൈറ്റ്‌കോളർ സൈന്യത്തിൽ റിക്രൂട്ട് ആകുവാനാണ്. നിങ്ങളുടെ അമർഷവും ക്രോധവും അടിമത്തം ദൂരീകരിക്കുവാൻ സാധിക്കാത്തതിലല്ല, മറിച്ച് മേധാവികളുടെ സൈന്യത്തിൽ നല്ല റാങ്കുകിട്ടുവാൻ കഴിയാത്തതിലാണ്'.

ആൾക്കൂട്ടത്തിലെത്തുന്നവർ ആൾക്കൂട്ടത്തിന്റെ ഭാഗമായി മാറുന്ന യന്ത്രസംസ്‌കാരത്തിന്റെ ആസുരതയാണിത്. നഗരം ഒരത്ഭുതമാണ് - കുറെക്കാലം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ ഒരുപക്ഷെ നിങ്ങൾ സ്വയം തിരിച്ചറിഞ്ഞെന്നുവരില്ല. മനുഷ്യൻ സ്വയം നഷ്ടപ്പെടുകയാണു നഗരത്തിൽ. ആനന്ദ് എഴുതുന്നു: 'നഗരത്തിൽ നിത്യവും പുതിയ മനുഷ്യർ വന്നുകൊണ്ടിരുന്നു. പുതിയ ഫാക്ടറികൾ പൊന്തിവന്നു. ചതുപ്പുനിലങ്ങളിലും കുന്നിൻപുറങ്ങളിലും ജലത്തിന്റെയും വായുവിന്റെയും ആവശ്യം പരിഗണിക്കാതെതന്നെ പുതിയ കെട്ടിടങ്ങളും കോളനികളും കാട്ടുമരങ്ങൾ പോലെ പൊന്തിവന്നു. എന്നിട്ടും തീരാത്ത നിറഞ്ഞു കവിയുന്ന ജനതതി വഴികളിലും റയിൽവേസ്റ്റേഷനുകളിലും തളംകെട്ടി നിന്നു. അവർ, കിട്ടുന്ന ജോലികൾ കയ്യടക്കുകയും ലഭിക്കുന്ന ഭക്ഷണം ആർത്തിയോടെ വാരിത്തിന്നുകയും കഴിയുന്നത്ര കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കുകയും ചെയ്തു. എങ്ങും തിരക്ക്. വീടുകളിലും ആഫീസുകളിലും ഹോട്ടലുകളിലും തീയറ്റുകളിലും പുതിയ ഒരു സംസ്‌കാരം വളരുകയാണ്. ആൾക്കൂട്ടത്തിന്റെ സംസ്‌കാരം'.

ഈ സംസ്‌കാരം സൃഷ്ടിച്ച ദാരിദ്ര്യത്തിലും യാതനകളിലും നിന്നാണ് ജോസഫും സുനിലും പ്രേമുമൊക്കെ തങ്ങളെ നിരന്തരം വേട്ടയാടുന്ന സ്വത്വപ്രതിസന്ധികളിലേക്കു കൂപ്പുകുത്തിവീഴുന്നത്. തങ്ങൾ വിട്ടുപോന്ന നാടോ തങ്ങൾ സ്വപ്നം കാണുന്ന നാടോ ഒരിക്കലും ഇങ്ങനെയൊരു നഗരമല്ല എന്നവർക്കുറപ്പുണ്ട്. ഒരു നല്ല പുസ്തകം വായിക്കാനോ ഒരു ചെറിയ കുട്ടിയോടു തമാശ പറയാനോ ഇന്നു തനിക്കു സാധിക്കുന്നില്ല എന്നു ജോസഫ് വ്യസനിക്കുന്നുണ്ട്. തൊഴിൽരഹിതനായി അലഞ്ഞുനടന്ന ദിനങ്ങളിൽ അയാൾ തന്റെ ജീവിതം തന്നെ പഠിപ്പിച്ച പാഠങ്ങളുടെ കയ്പുകുടിച്ചാണു കഴിഞ്ഞത്. ഒരിടത്തും എല്ലാവർക്കും ഒന്നിച്ചു ജീവിക്കാൻ ഇടമില്ല. മരണംപോലെ തന്നെ ജീവിതാവശ്യങ്ങളും ആദ്യം വന്നവർക്ക് ആദ്യം. സൗകര്യങ്ങൾ കുറവും ആവശ്യപ്പെടുന്നവർ കൂടുതലുമാണ് എങ്ങും. അതുകൊണ്ട് എല്ലാവർക്കും എപ്പോഴും എവിടെയും ഒരു ക്യൂവിൽ നിൽക്കേണ്ടിവരുന്നു. ബസ്സു പിടിക്കുവാൻ, തീവണ്ടിയിൽ സീറ്റു റിസർവ്വു ചെയ്യുവാൻ, റേഷൻ വാങ്ങുവാൻ, പാൽ വാങ്ങുവാൻ, മലമൂത്രവിസർജ്ജനം ചെയ്യുവാൻ, എന്തിന് സ്വന്തം വീട്ടിൽ ഷിഫ്റ്റ് വച്ച് ഉറങ്ങുവാൻകൂടി.

തന്റെ വ്യക്തിത്വത്തെ, ആദർശങ്ങളെ, ആഗ്രഹങ്ങളെ, സ്വഭാവത്തെത്തന്നെയും ഈ നഗരം നിഷ്‌കരുണം കീറിയും മുറിച്ചും ഏച്ചുകെട്ടി വികൃതമാക്കിത്തീർത്തുവെന്ന് ജോസഫ് മനസ്സിലാക്കി. ഒടിഞ്ഞും വളഞ്ഞും പോയ അംഗങ്ങൾ പെറുക്കിക്കൂട്ടിക്കൊണ്ട് ഒരു കവലയിൽ തളർന്നിരിക്കുകയാണ് താനിന്ന്. എങ്കിലും അയാൾക്കൊരു സ്വപ്നമുണ്ട് - ഈ നഗരത്തിന്റെ ഭ്രാന്തസംസ്‌കാരത്തിൽനിന്നകലെ സ്വച്ഛമായ ഒരു ഗ്രാമസംസ്‌കാരത്തിന്റെ സ്വാസ്ഥ്യത്തെക്കുറിച്ച്. സന്തുഷ്ടരായ മനുഷ്യരും പുഞ്ചിരിക്കുന്ന പെൺകുട്ടികളും പൊട്ടിച്ചിരിക്കുന്ന കുട്ടികളുമുള്ള ഒരു ചെറിയ പട്ടണത്തെ പലപ്പോഴും ജോസഫ് സ്വപ്നം കാണുന്നുണ്ട്.

നഗരത്തിൽ, നാടകത്തിലെ കഥാപാത്രങ്ങളെപ്പോലെ വ്യക്തികൾ വെറും ആയുധങ്ങളാണ് എന്നു മനസ്സിലാക്കിയവരാണ് ജോസഫും സുഹൃത്തുക്കളും. എന്തെന്നാൽ അവർ സംസ്‌കാരത്തിനും ജീവിതത്തിനും അടിമകളാണ്. സ്വാതന്ത്ര്യമെന്ന തങ്ങളുടെ സ്വത്വംതന്നെ ഒരു വിപ്ലവത്തിലൂടെ മാത്രം നേടിയെടുക്കേണ്ട അവസ്ഥയിലേക്ക് നഗരത്തിൽ വ്യക്തികളെത്തിട്ടപ്പെടുന്നതിങ്ങനെയാണ്. അതുകൊണ്ടാണ് ഒരിക്കൽ ജഹാംഗീർ എന്ന ആർക്കിടെക്റ്റ് നഗരത്തെ ഒരു പാറയോടുപമിച്ചുകൊണ്ട് അതർഹിക്കുന്നത് നാശം മാത്രമാണ് എന്ന് പ്രേമിനോടു പറയുന്നത്'.

മറ്റൊരു സന്ദർഭം: 

'ജഹാംഗീർ സംസാരിക്കാൻ തുടങ്ങുമ്പോൾ ഒരു ഭ്രാന്തനെപ്പോലെയായിത്തീരുന്നു. ആ താല്ക്കാലികമായ ഭ്രാന്തിലാണ് അയാൾ പൂർണത്വം പ്രാപിക്കുന്നതെന്നു തോന്നും. അയാളുടെ ഭാവനയിലെ നഗരം വളർച്ചയെത്തിയ, ആരോഗ്യമുള്ള, ഒരു ഗ്രാമം മാത്രമാണ്. അവിടെ വീടുകൾ മരങ്ങൾപോലെ വളരുന്നു; റോഡുകൾ ഞരമ്പുകൾപോലെയും. പ്രകൃതിയിൽനിന്നു വേറിട്ടുനില്ക്കുന്നതായി തോന്നിക്കുന്ന ഒന്നും അവിടെ ഉണ്ടാകുകയില്ല. എല്ലാം മനുഷ്യൻ പ്രകൃതിയിൽ അയാൾ അർഹിക്കുന്ന സ്ഥാനം നേടിക്കൊടുക്കാൻ ഉതകുന്ന വിധത്തിലായിരിക്കും. അയാളുടെ അഭിപ്രായത്തിൽ ആ സ്ഥാനം പ്രകൃതിയുമായി വഴക്കിട്ടുകൊണ്ടല്ല, സഹകരിച്ചുകൊണ്ടാണു നേടേണ്ടത്. ഒരു വീട് അതിന്റെ ചുവരുകളും തട്ടും അല്ല, ചുവരുകൾക്കും തട്ടിനും ഇടയ്ക്കുള്ള ഇടമാണ്. വാസ്തുശില്പത്തിന്റെ ഉദ്ദേശ്യം മനുഷ്യനെ വെയിലിലും മഴയിലും ചൂടിലും തണുപ്പിലും നിന്നു രക്ഷിക്കുകയല്ല, മറിച്ച് പ്രകൃതിയിൽ എന്നും നിലനില്ക്കുന്ന ഈ യാഥാർത്ഥ്യങ്ങളെ അയാൾക്ക് ആസ്വാദനീയകരമാക്കിത്തീർക്കുകയാണ്. ജീവിതം അവിടെ ഒരു ഉത്സവമായിരിക്കും - ഓരോ ദിവസവും, ഓരോ മിനിട്ടും. 'നാം ജീവിക്കുന്ന ഈ രാക്ഷസനഗരത്തെ നോക്കൂ'. അയാൾ ആവേശഭരിതനായി പറയും. 'ഇതൊരു ഭീമാകാരമായ പാറയാണ്. അതിന്റെ തുളകളാണു മുറികൾ. വിള്ളുകൾ റോഡുകളും ശ്വസിക്കുവാൻ വേണ്ടത്ര വായുവോ, കുടിക്കാൻ ആവശ്യമുള്ള വെള്ളമോ ഇവിടെ ഇല്ല. കട്ടപിടിച്ചു നില്ക്കുന്ന ആൾക്കൂട്ടം. മുമ്പിലെ മനുഷ്യൻ നീങ്ങിയില്ലെങ്കിൽ നിങ്ങൾക്ക് അനങ്ങാൻ കഴിയില്ല. ഒന്നിച്ചുള്ള ഒരു ചലനമാണ് ഇവിടെ; ഒന്നിച്ചുള്ള ജീവിതം ഈ നഗരം അർഹിക്കുന്നതു നാശമാണ്, വെറും നാശം. അതിനെ വെടിമരുന്നുവെച്ചു പൊട്ടിച്ചു തെറിപ്പിക്കണം!'.

പക്ഷേ, ജഹാംഗീർ ആ നഗരത്തെ വെടിമരുന്നുവെച്ചു പൊട്ടിത്തെറിപ്പിച്ചില്ല. മറിച്ച് അയാൾ അയാളുടെ ഭക്ഷണം നേടിയത് അതിന്റെ പഴകിവീഴുവാൻ ഒരുങ്ങിനില്ക്കുന്ന കെട്ടിടങ്ങൾക്കു മുട്ടും താങ്ങി നൽകി മരാമത്തുചെയ്തുകൊണ്ടാണ്. ഈ വൈരുദ്ധ്യം ജഹാംഗീറിനെ സംബന്ധിച്ച എല്ലാറ്റിലുമുണ്ടായിരുന്നു. സ്വപ്നവും യാഥാർത്ഥ്യവും തമ്മിലുള്ള വൈരുദ്ധ്യം'.

ആറ് 

സ്വാതന്ത്ര്യം എന്ന മനുഷ്യാനുഭവത്തെക്കുറിച്ചുള്ള ഒരു ദീർഘപ്രബന്ധവുമാണ് ആൾക്കൂട്ടം. ആധുനികതയുടെ വിമർശനമെന്ന നിലയിൽ ഈ നോവൽ പ്രശ്‌നവൽക്കരിക്കുന്ന മൂല്യപദ്ധതിയാണത്. നഗരവും ആൾക്കൂട്ടങ്ങളും ഭരണകൂടവും പ്രത്യയശാസ്ത്രങ്ങളും മതവും മുതലാളിത്തവുമൊക്കെ വ്യക്തിയിൽ നിന്ന് (മനുഷ്യരിൽ നിന്നുതന്നെയും!) പിടിച്ചുവാങ്ങുന്ന അടിസ്ഥാനമൂല്യമെന്ന നിലയിൽ ആൾക്കൂട്ടത്തിന്റെയെന്നപോലെ സ്വാതന്ത്ര്യത്തിന്റെയും വൈരുധ്യാത്മകമായ അനുഭവതലങ്ങളെയാണ് ആനന്ദ് നോവലിലുടനീളം സംവാദഭൂമികയാക്കുന്നത്. 'മനുഷ്യൻ സ്വതന്ത്രനാകാൻ വേണ്ടി ജനിക്കുന്നു'വെന്ന എം.എൻ. റോയിയുടെ നിരീക്ഷണം സുനിൽ ആവർത്തിക്കുന്നുണ്ട്. സുന്ദറിന്റെ ഏറെ ശ്രദ്ധേയമായ ഒരു സാമൂഹ്യനിരീക്ഷണം വായിക്കുക:

'ജോസഫിന്റെ ശബ്ദം നേർത്തുനേർത്ത് ഇല്ലാതായി. അപ്പോൾ അതുവരെ മിണ്ടാതിരുന്ന സുന്ദർ കസേരയിൽ മുന്നോട്ടാഞ്ഞിരുന്ന് ഒന്നു പുഞ്ചിരിച്ചു.

'ഉത്തരവാദിത്തബോധമുള്ള നൂറുശതമാനം വ്യക്തികളുടെ ഒരു സമുദായം ഒരിക്കലും ഉണ്ടാകാൻ പോകുന്നില്ല'. അയാൾ പറഞ്ഞു: 'അതുപോലെ തുല്യരായ മനുഷ്യർ, തുല്യമായ അധികാരം ഉപയോഗിക്കുന്ന ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥിതിയും. സോഷ്യലിസവും ഡെമോക്രസിയും അനാർക്കിയും എല്ലാം വെറും ഭാവനയുടെ സൃഷ്ടികളാണ്. മനുഷ്യചരിത്രത്തിൽ എന്നും സമർത്ഥരായ കുറച്ചുപേർ അസമർത്ഥരായ അധികംപേരുടെ ഭാവി നിർണയിച്ചുകൊണ്ടേയിരുന്നിട്ടുള്ളു. ആ കുറച്ചുപേരുടെ സാമർത്ഥ്യം ചിലപ്പോൾ ബലമായിരുന്നു. ചിലപ്പോൾ ബുദ്ധിയും - അത്രയേ വ്യത്യാസമുള്ളു. അല്പം പ്രായോഗികമായി ചിന്തിക്കുകയാണെങ്കിൽ, നിങ്ങൾക്കു തോന്നുന്നില്ലേ, മനുഷ്യർക്ക് അങ്ങേയറ്റം ആശിക്കാവുന്നത് ആ കുറച്ചുപേർ ബലവാന്മാരെക്കാൾ കൂടുതലായി ബുദ്ധിമാന്മാരായിരിക്കട്ടെ എന്നു മാത്രമാണെന്ന്?'.

'നിങ്ങൾ ഒരു ഫാസിസ്റ്റാണ്'. ജോസഫ് പറഞ്ഞു.

'അരുത്'. സുന്ദർ ജോസഫിന്റെ നേരെ തന്റെ നിവർത്തിയ കൈ കാണിച്ചു: 'ലോകത്തിലെ ഏതു ജനാധിപത്യത്തിന്റെയോ സോഷ്യലിസ്റ്റ് ഭരണകൂടത്തിന്റെയോ പ്രവർത്തനം എടുത്തുനോക്കിയാലും നിങ്ങൾക്കു മനസ്സിലാകും, അവയെല്ലാം മൗലികമായി കുറച്ചുപേരുടെ ഭരണമാണെന്ന്. ട്രെയ്ഡ് യൂണിയൻ പ്രസ്ഥാനംതന്നെ എടുത്തുനോക്കൂ. തൊഴിലാളിവർഗത്തെ സംഘടിപ്പിക്കുന്നതും നയിക്കുന്നതും ആരാണ്? തൊഴിലാളികളല്ലാത്ത ഒരു പറ്റം നേതാക്കൾ. തുർഗെനേവിന്റെ ഒരു കഥയിൽ പിഗസ്സോവ് എന്ന ഒരു പാത്രം പറയുന്നുണ്ട്, മണലിലുറച്ച തന്റെ തോണി, തോണിക്കാരൻ വെള്ളത്തിലിറങ്ങി തള്ളുവാൻ തുടങ്ങിയപ്പോൾ, അതിലിരുന്നിരുന്ന മാന്യൻ തേങ്ങിക്കരഞ്ഞുവെന്ന്. ഞാൻ നിങ്ങളുടെ പ്രസ്ഥാനത്തെ കുറ്റപ്പെടുത്തുകയല്ല. മനുഷ്യസമുദായം എന്നും പിഗസ്സോവിന്റെ തോണിപോലെയെ ആയിരുന്നിട്ടുള്ളു. തൊഴിലാളികൾക്കു തങ്ങളുടെ പൊളിഞ്ഞ ജനലിനെയും രോഗിയായ കുഞ്ഞിനേയും ഇന്നത്തെ അത്താഴത്തേയും നാളത്തെ അവധിയേയുംപറ്റി മാത്രമേ ആലോചിക്കാൻ കഴിവുള്ളു. അവർക്കുവേണ്ടി പ്രസ്ഥാനങ്ങൾ നയിക്കുവാൻ വേറെ ചില മനുഷ്യർ വേണ്ടിയിരിക്കുന്നു. പ്രസ്ഥാനങ്ങൾ, അതുകൊണ്ട്, സമുദായത്തിന്റെയോ വർഗത്തിന്റെയോ അല്ല, സമുദായത്തിനോ വർഗത്തിനോ വേണ്ടിയുള്ളതുമാത്രമാണ്. തൊഴിലാളിപ്രസ്ഥാനങ്ങളുടെ പോസ്റ്ററുകളിൽ കാണിക്കപ്പെടുന്ന, മുഷ്ടിചുരുട്ടിക്കാണിക്കുന്ന, തുടിക്കുന്ന മാംസപേശികളോടുകൂടിയ തൊഴിലാളിയുടെ ചിത്രം നിങ്ങൾ സൂക്ഷിച്ചിട്ടുണ്ടോ? എമിലിസോളയുടെയോ മുൽക്‌രാജ് ആനന്ദിന്റെയോ നോവലുകളിലെ ക്ഷയരോഗിയായ തൊഴിലാളിയുടെ ചിത്രത്തിൽനിന്ന് അത് എത്ര വ്യത്യസ്തമാണ്'.'

'ഇന്ദുലേഖ'യിലേതുപോലെ ഒരു പതിനെട്ടാമധ്യായം ആൾക്കൂട്ടത്തിലുമുണ്ട്. സുന്ദർ ഒഴികെ അഞ്ചു മുഖ്യ കഥാപാത്രങ്ങളും ഒന്നിക്കുന്ന ഒരു സംഭാഷണരംഗം. (എന്തിനാവാം സുന്ദറിനെ ഈയധ്യായത്തിൽ നിന്ന് ആനന്ദ് ഒഴിവാക്കിയത്?) സ്വാതന്ത്ര്യത്തെയും വിപ്ലവത്തെയും കുറിച്ച് അവർ തുടങ്ങിവച്ച സംവാദങ്ങൾ എങ്ങുമെത്താതെ അവസാനിക്കുകയാണ്.

യുക്തിയുടെ ചുവടുപിടിച്ചല്ലാതെ രാഷ്ട്രീയസ്വാതന്ത്ര്യം മുതൽ വ്യക്തിസ്വാതന്ത്ര്യം വരെയുള്ള ഒരു സ്വാതന്ത്ര്യത്തെക്കുറിച്ചുമാലോചിക്കാൻ ആൾക്കൂട്ടത്തിലെ കഥാപാത്രങ്ങൾ തയ്യാറാകുന്നില്ല. 'ഭൂതങ്ങളുടെ മാത്രമേ കാലുകൾ പുറകോട്ടു തിരിഞ്ഞിരിക്കുന്നുള്ളു' എന്ന ഗംഭീരമായ ഒരു കല്പന ആൾക്കൂട്ടത്തിലുണ്ട്. സുനിലിന്റെ ഈ ചിന്ത നോക്കുക:

'തങ്ങൾ പടവെട്ടി നേടിയെടുത്തതാണ് ഈ രാജ്യത്തിന്റെ രാഷ്ട്രീയസ്വാതന്ത്ര്യം എന്ന് അഭിമാനിക്കുന്ന നേതാക്കന്മാർ രാഹുകാലം നോക്കാതെ ഒരു പദ്ധതി ഉദ്ഘാടനം ചെയ്യില്ല. വിദഗ്ദ്ധന്മാർ ഭൗതികജീവിതം വെറുക്കുന്ന സന്ന്യാസികളുമായി ചർച്ചചെയ്യാതെ പഞ്ചവത്സരപദ്ധതികൾ ക്രോഡീകരിക്കുന്നില്ല. തന്റെ തൊഴിലിൽ ഉപയോഗിക്കേണ്ടിവരുന്ന വസ്തുനിഷ്ഠത, ഒരു ശാസ്ത്രജ്ഞനോ എൻജിനീയറോ തന്റെ സ്വകാര്യജീവിതത്തിൽ പ്രയോഗിക്കാൻ തയ്യാറാവുന്നില്ല. തങ്ങളുടെ പൂർവികരിൽനിന്ന് എങ്ങനെ അവർ തങ്ങളുടെ അന്ധവിശ്വാസങ്ങൾ ഏറ്റുവാങ്ങിയോ, അതേവിധത്തിൽ ചോദ്യം ചെയ്യാതെയാണു തങ്ങളുടെ പ്രൊഫസർമാരിൽനിന്നു ശാസ്ത്രജ്ഞാനവും അവർ നേടിയെടുക്കുന്നത്. ശാസ്ത്രീയമനഃസ്ഥിതിയില്ലാതെ ശാസ്ത്രത്തെ ആശ്ലേഷിക്കുക. പരിഷ്‌കാരത്തിന് ഇവിടെ തൊലിയുടെ കട്ടികൂടിയില്ല, വസ്ത്രത്തിന്റെ കട്ടിയേയുള്ളു. അതിനകത്തു പൂണുനൂലും താവീസും ഒളിച്ചിരിക്കും. പുറത്തു താടിയും തലയിൽക്കെട്ടും കാണാം.

ആധുനികത എന്ന വാക്കുകൊണ്ടു നാം മനസ്സിലാക്കുന്നതു പെരുമാറ്റത്തിലും വസ്ത്രധാരണരീതിയിലുമുള്ള പരിഷ്‌കാരമാണ്. പുറമേയുള്ള ആ തോട്, പതുക്കെയൊന്നു തലോടിയാൽ പൊട്ടിപ്പോകും. ഉള്ളിലുള്ളതു ഭൂതകാലത്തിന്റെ കനത്ത, അനങ്ങുവാൻ മടിക്കുന്ന പാറക്കെട്ടാണ്. നൂറ്റാണ്ടുകൾക്കുമുമ്പു മുന്നോട്ടുപോകുവാനുള്ള ശക്തി നശിച്ച മണ്ണിലുറച്ചുപോയ ഒരു സംസ്‌കാരത്തിന്റെ മാതൃക.

യുക്തിയും പരീക്ഷണതല്പരതയുമാണ് ആധുനികമനുഷ്യന്റെ സ്വഭാവം. അതിന്റെ കാതലില്ലാതെയാണു നാം ആധുനികലോകത്തിന്റെ രംഗത്തു പ്രവേശിച്ചത്. അതുകൊണ്ടു ബാഹ്യവും ആന്തരികവുമായ നമ്മുടെ ജീവിതത്തിനിടയ്ക്കു നിത്യമായ ഒരു വിടവു കിടക്കുന്നു. നമ്മുടെ വാക്കുകളും പ്രവൃത്തികളും തമ്മിലുള്ള ബന്ധം നമ്മുക്കുതന്നെ അജ്ഞാതമായിരിക്കുന്നു. നാം നമുക്കുതന്നെ അപരിചിതരായി ഭവിക്കുന്നു.

ഏതു സമുദായത്തിന്റെയും രാഷ്ട്രീയസംഭവവികാസങ്ങൾ ആഴത്തിൽ നടക്കുന്ന സാമൂഹ്യവും സാംസ്‌കാരികവും സാമ്പത്തികവുമായ പല ചലനങ്ങളുടെയും അനന്തരഫലമാണ്. മുകളിൽനിന്നു കല്പിക്കുന്ന രാഷ്ട്രീയമായ പരീക്ഷണങ്ങൾക്കു സ്വയം ഒന്നും നേടുവാൻ കഴിയില്ല. തന്നെയുമല്ല, അടിയൊഴുക്കുകൾ അളക്കാത്തിടത്തോളംകാലം ഉപരിതലത്തിലെ ചലനങ്ങൾ മനസ്സിലാക്കാനോ, നിയന്ത്രിക്കാനോ കഴിയുകയില്ല.

തങ്ങൾ എവിടെയാണു നിൽക്കുന്നതെന്നോ, എങ്ങോട്ടാണു പോകുന്നതെന്നോ മനസ്സിലാക്കാൻ കഴിയാതെവരുന്നതിനെക്കാൾ വലിയ ആപത്ത് ഒരു ജനതയ്ക്ക് ഉണ്ടാകാനില്ല. രക്ഷപ്പെടാൻ കഴിയാത്ത ഒരു താഴ്‌വരയിൽ അടയ്ക്കപ്പെടുന്നു അവർ. അതിനകത്തുകിടന്ന് അവസാനമില്ലാതെ കറങ്ങുന്നതിനിടയ്ക്ക്, പുരോഗതി എന്ന വാക്കിന്റെ അർത്ഥം തീരെ അന്തരമില്ലാത്ത ഒരു പാതയിൽക്കൂടിയുള്ള വെറും ചലനം മാത്രമാണെന്ന് അവർ വിശ്വസിക്കാൻ തുടങ്ങുന്നു. നീണ്ടുപോകുന്ന ഒരു കാരാഗ്രഹം. ഒർടേഗ ഗസ്സ്റ്റ് പറഞ്ഞു. നടക്കുന്നിടത്തെല്ലാം അതു വലയംചെയ്തുകൊണ്ടിരിക്കുന്നു. അവസാനം ഒരു ദിവസം ഏതെങ്കിലും ഒരു ഏകാധിപത്യശക്തിക്കു മുമ്പിൽ തലകുനിക്കാൻ അവർ മടിക്കുകയില്ല. ബുദ്ധിപരമായ ഈ ശൂന്യതയിൽനിന്ന് അത് അവരെ രക്ഷിക്കുകയേയുള്ളു. അപ്പോൾ അവർക്കു ചിന്തിക്കാതിരിക്കാൻ ഒരു ഒഴികഴിവുണ്ടാകും. ഒരേ രാഷ്ട്രീയസ്വാതന്ത്ര്യവും ശാസ്ത്രീയപുരോഗതിയും വ്യത്യസ്ത രാജ്യങ്ങളിൽ വ്യത്യസ്ത ഭരണതന്ത്രങ്ങൾ കൊണ്ടുവരുന്നത് അങ്ങനെയാണ്.

അപ്പോൾ മൗലികമായ ചികിത്സ അടിസ്ഥാനപരമായ ഒരു നവോത്ഥാനമാണ്. മനുഷ്യനെ അവന്റെ കെട്ടുകളിൽനിന്നു വിമോചിപ്പിക്കുക. സ്വതന്ത്രമായും യുക്തിപരമായും ചിന്തിക്കാനുള്ള ഒരു സ്വഭാവം വളർത്തിയെടുക്കുക. വ്യക്തിയുടെ മഹത്ത്വത്തിനും, മനുഷ്യനു പൊതുവായുള്ള ഗുണങ്ങൾക്കും സ്ഥാനം നേടിക്കൊടുക്കുക. മനുഷ്യനു സ്വയം വളരാനും പൂർണത നേടുവാനുമുള്ള കഴിവു മനസ്സിലാക്കിക്കൊടുക്കുക - അങ്ങനെ പക്ഷേ, ഇതെല്ലാം, എങ്ങനെയാണു സാധിക്കുക എന്ന് സുനിലിന് അറിഞ്ഞുകൂടാ. നൂറ്റാണ്ടുകളായി വേരുറച്ച വിശ്വാസങ്ങൾ അടിയിലും, സർവശക്തമായ ഒരു രാഷ്ട്രീയതന്ത്രം മീതെയും എതിർക്കുമ്പോൾ ഇത് ഒന്നോ രണ്ടോ വ്യക്തികളുടെ ജോലിയല്ല. അതും എങ്ങനെയുള്ള മനുഷ്യർ. ദിവസവും പതിനൊന്നോ പന്ത്രണ്ടോ മണിക്കൂർ ജോലിയിലും ജോലിചെയ്യുവാൻ വേണ്ടിയുള്ള യാത്രയിലുമായി ചെലവഴിച്ചാൽ മാത്രം രണ്ടുനേരം ഭക്ഷണം കഴിക്കാൻ കഴിയുന്ന ഒരു ക്ലാർക്കാണു താൻ. ഒരു ടൈപ്പ് റൈട്ടർ യന്ത്രത്തിന്റെ പ്രവർത്തനത്തിൽ ഒതുങ്ങിനിൽക്കുന്നു തന്റെ ശാസ്ത്രീയജ്ഞാനവും അഭ്യാസവും. എഴുതുവാനോ, പ്രസംഗിക്കുവാനോ ഉള്ള കഴിവു തനിക്കില്ല. വായിക്കുന്നവരുടെയും കേൾക്കുന്നവരുടെയും കമ്മി ചുറ്റിലും.

എന്നിട്ടും സംസാരിച്ചു. കണ്ടവരെയെല്ലാം പിടിച്ചുനിർത്തി അതുതന്നെ പറഞ്ഞു. ജോസഫിനോടും രാധയോടും സുന്ദറിനോടും പ്രേമിനോടും ഘോർപഡെയോടും അരുണാചലത്തോടുംകൂടി. സംസാരിച്ചുകൊണ്ടിരിക്കെ പെട്ടെന്നു മനസ്സിലായി തനിക്കു തന്റെ ശബ്ദം മാത്രമേ കേൾക്കുവാൻ കഴിയുന്നുള്ളുവെന്ന്. ആ ശബ്ദം പൊള്ളയാണ്. മനസ്സു വാക്കുകളുടെ ഒപ്പം എത്താതെ പുറകിൽ തങ്ങിനിന്നു'.

പിൽക്കാലത്ത്, അറിവ് - അധികാരം-സ്വാതന്ത്ര്യം എന്നിവയൊക്കെ തമ്മിലുള്ള വൈരുധ്യാത്മകമായ ബന്ധങ്ങളെ പാഠവൽക്കരിക്കുന്ന 'വ്യാസനും വിഘ്‌നേശ്വരനും' പോലുള്ള രചനകളിലേക്ക് ആനന്ദ് സഞ്ചരിച്ചെത്തുന്നത് 'ആൾക്കൂട്ട'ത്തിലെ ഈ സ്വാതന്ത്ര്യസങ്കല്പനത്തെ കൂടുതൽ ചരിത്രവൽക്കരിച്ചുകൊണ്ടാണ്.

ഏഴ്

ൾക്കൂട്ടചിഹ്നങ്ങളിലൂടെ പ്രകടമാകുന്ന ദേശീയതയുടെ നിരന്തരമുള്ള പ്രശ്‌നവൽക്കരണവും വിമർശനവുമാണ് നോവലിലെ മൂന്നാമത്തെ ഭാവലോകം. സ്വാതന്ത്ര്യസമരം, പൊതുതെരഞ്ഞെടുപ്പുകൾ, ഗോവാവിമോചനം, പണിമുടക്ക്, ചൈനയുമായുള്ള യുദ്ധം എന്നീ അഞ്ചു സവിശേഷസന്ദർഭങ്ങളുടെ ചുവടുപിടിച്ചാണ് ആനന്ദ് മലയാളനോവൽ മുൻപൊരിക്കലും ചർച്ചചെയ്യാത്ത ആഴത്തിലും പരപ്പിലും ഈ വിഷയം 'ആൾക്കൂട്ട'ത്തിന്റെ ആധുനികത്വവുമായി കൂട്ടിയിണക്കുന്നത്. രാജ്യസ്‌നേഹത്തിന്റെയും ദേശഭക്തിയുടെയും ഭ്രാന്തമായ വികാരങ്ങൾ കൊണ്ട് ഭരണകൂടം ജനതയെ സ്വപ്നസമാനമായ ഒരവസ്ഥയിൽ നിലനിർത്താൻ ശ്രമിച്ചുകൊണ്ടേയിരുന്നു. തെരഞ്ഞെടുപ്പുകളുടെ ആഘോഷത്തിമിർപ്പുകളിലും പണിമുടക്കിനെതിരായ സർക്കാർ നീക്കത്തിലും ഗോവയെ വിമോചിപ്പിച്ച സൈനികമുന്നേറ്റത്തിലും ഒടുവിൽ ഗാൽവൻ താഴ്‌വരയിൽ ചൈനയുമായി നടന്ന ഏറ്റുമുട്ടലിലും ദേശീയത എന്ന ഒറ്റ സമവാക്യമാണ് മന്ത്രം പോലെ ഇന്ത്യക്കാരെ മയക്കിനിർത്തിയത്. സുനിൽ ചിന്തിക്കുന്നു:

'സ്വരാജ്യസ്‌നേഹം എന്ന വാക്കിന് ആധുനികനിഘണ്ടുവിൽ സ്വന്തം രാജ്യത്തിന്റെ പേരിൽ യുദ്ധം ചെയ്യുക എന്നാണ് അർത്ഥം. ഒരു കഷണം തുണിക്കോ, ചില പിത്തളക്കഷണങ്ങൾക്കോ ഒരു മനുഷ്യനും കിട്ടാത്ത ബഹുമാനം ലഭിക്കുന്നു. രാജ്യം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് അതിന്റെ ഭൂമിശാസ്ത്രപരമായ അതിരുകളെയാണ്. ആ അതിരുകൾക്കുള്ളിൽ ജീവിക്കുന്ന മനുഷ്യരെയല്ല. അതിരുകളിൽ കാവൽനില്ക്കുന്ന പട്ടാളക്കാരാണ്, അകത്തു പണിയുന്ന ജോലിക്കാരെക്കാൾ വലിയ സ്വരാജ്യസ്‌നേഹികൾ. തൊണ്ടിനാണ് ഉള്ളിനെക്കാൾ പ്രാധാന്യം. ആൾക്കൂട്ടം എത്രയും തടിച്ചതാണോ, അത്രയും പൊള്ളയുമാണ്. സ്വയം നിഷേധിക്കലാണ് അതിന്റെ സ്വഭാവം.

വിശ്വാസങ്ങളും പ്രതീക്ഷകളും ഒന്നൊന്നായി തകർന്നുവീഴുന്ന ഒരു കാലഘട്ടത്തിലാണു താൻ ജീവിക്കുന്നതെന്നു തോന്നി, സുനിലിന്. പൂക്കാരെന്ന് അഭിമാനിച്ച നാം പടയാളികളാകുകയാണ്. മഹാത്മാക്കളെന്നു കരുതിയവർ കപടസന്ന്യാസികൾ. നിർഭയരെന്നു കരുതിയവർ അടിമകൾ. ഓരോ റിപ്പബ്ലിക് ദിനവും കടന്നുപോയപ്പോൾ, ഓരോ താളുകൾ മറിയുന്നതിനു പകരം ഓരോ ഇതളുകൾ കൊഴിഞ്ഞുവീഴുകയാണ് ഉണ്ടായത്. അവസാനം ഇതാ, ബാക്കിയായ ഞെട്ടിനെ നാം ഒരു വാളെടുത്തു നിർദയം അറുത്തുകളഞ്ഞിരിക്കുന്നു.

ആ ആൾക്കൂട്ടത്തെ നോക്കിയിരിക്കെ സുനിലിന് ഒരു കുറ്റബോധം തോന്നി. അതിൽനിന്ന് ഒരൊറ്റ വ്യക്തിയെയും അയാൾക്കു തിരിച്ചെടുക്കാൻ കഴിഞ്ഞില്ല. അവർക്കാർക്കും മുഖങ്ങളില്ല. കൂട്ടിപ്പിണഞ്ഞ, ഉരുക്കിച്ചേർക്കപ്പെട്ട ഒരു മാംസപിണ്ഡം'.

'അടുത്ത ഒരു മാസത്തിനകം പൊതുതെരഞ്ഞെടുപ്പു നടക്കും - സുനിൽ ആലോചിച്ചു. ഇന്ത്യയിലെ നാല്പതുകോടി മനുഷ്യർക്കു പൊതുതെരഞ്ഞെടുപ്പിന്റെ ലഹരി കയറിയിരിക്കയാണ്. ആരെയാണ് ഇവർ തെരഞ്ഞെടുക്കാൻ പോകുന്നത്? തീർച്ചയായും അവരെപ്പോലെ ചിലരെ മാത്രം. അവരെപ്പോലെ ശബ്ദിക്കുവാനും ഉദ്ദേശ്യമില്ലാതെ കറങ്ങുവാനും മാത്രം കഴിയുന്ന ചിലരെ, പലതരം പേരുകളാൽ അറിയപ്പെടാൻ ആഗ്രഹിക്കുന്ന പല കക്ഷികൾ രംഗത്തുണ്ട്. സ്വാതന്ത്ര്യസമരത്തിന്റെ ഭാരം ഒരു കനത്ത ചുമടുപോലെ താങ്ങിക്കൊണ്ടു നടക്കുന്ന ഭരണകക്ഷി, സോഷ്യലിസ്റ്റുകൾ, കമ്യൂണിസ്റ്റുകൾ, ഫാസിസ്റ്റുകൾ, പുതുതായി രൂപംകൊണ്ട വലതുപക്ഷകക്ഷി. തൊഴിലാളിവർഗം പകച്ചുനില്ക്കുകയാണ്. ഇടത്തരക്കാർ കാലൊടിഞ്ഞു കിടക്കുന്നു. മുതലാളിവർഗം ഭയന്നു നില്ക്കുന്നു. ആർക്കും ശബ്ദമോ, ശക്തിയോ, ലക്ഷ്യമോ, ആഗ്രഹമോ ഇല്ല. ഒന്നിൽനിന്നു വേറൊന്നു തിരിച്ചറിയാൻ വയ്യ. എന്നിട്ടും ഈ ഉരച്ച ചില്ലിൽക്കൂടിയുള്ള നോട്ടം ജനസമുദായത്തിനു തലവേദനയുണ്ടാക്കുന്നില്ല. അവർക്കു പൊതുതെരഞ്ഞെടുപ്പ് ഒരു ആഘോഷം മാത്രമാണ്: ഒരു നേരമ്പോക്ക്.

തെരഞ്ഞെടുപ്പ് ഒരു ഉത്സവമാണ്. നിറവും ശബ്ദവുമുള്ള ഒന്ന്. ഘോഷയാത്രകളും കലാപരിപാടികളും വെടിക്കെട്ടുംകൊണ്ട് അന്തരീക്ഷത്തിന്റെ സ്വഭാവമാകെ മാറും. ഒരു ഭാങ്ഡാ നൃത്തത്തിന്റെ ഓജസ്സും, മണിപ്പൂരിയുടെ ലയവും, കഥകളിയുടെ വേഷവൈചിത്ര്യവുമുണ്ട് അതിന്. രാമലീലയോ ദുർഗാപൂജയോപോലെ ജയിക്കുന്നത് ആരാണെന്നു നിങ്ങൾക്ക് അറിയാം. എങ്കിലും അതിന്റെ നാടകീയതയ്ക്ക് ഒരു കുറവുമില്ല.

ജയിക്കുന്നത് ആരാണ്? അതേ ആൾക്കൂട്ടം. അതിന്റെ പുരോഗമനത്തെ തടുക്കാൻ ആരുമില്ല. വെള്ളപ്പൊക്കത്തിൽനിന്നു രക്ഷപ്പെടുവാൻ മരക്കൊമ്പിൽ കയറിയിരിക്കുന്ന മനുഷ്യനെപ്പോലെ സുനിലിനു ഭയം തോന്നി. വെള്ളം കയറിവരികയാണ്'.

സ്വാതന്ത്ര്യസമരത്തെയും ദേശീയപ്രസ്ഥാനത്തെയും ഗാന്ധിയൻ രാഷ്ട്രീയത്തെയും രാഷ്ട്രബിംബങ്ങളെയും കുറിച്ച് ബറോഡയിൽ കണ്ടുമുട്ടിയ പ്രൊഫസർ സുനിലുമായി ഒരു ദീർഘസംഭാഷണം നടത്തുന്നുണ്ട്.

ആനന്ദിന്റെ സാഹിത്യലോകത്ത് പിന്നീടൊരിക്കലും ദൃശ്യമാകാത്ത, അസാധാരണമായ സ്ത്രീപുരുഷ ബന്ധങ്ങളുടെ നിരവധി ലാവണ്യസന്ദർഭങ്ങൾ ആൾക്കൂട്ടത്തിലുണ്ട്. സ്‌നേഹം, മുൻപറഞ്ഞ മൂന്നു ഭാവലോകങ്ങളെയും പോലെ നിരന്തരമായല്ലെങ്കിലും ആൾക്കൂട്ടത്തിൽ ഒരു സംവാദസന്ദർഭമായി വികസിക്കുന്നുമുണ്ട്. രാധയും ജോസഫും തമ്മിൽ, സുനിലും ലളിതയും തമ്മിൽ, പ്രേമും മീനയും തമ്മിൽ, സുന്ദറും കവിതയും തമ്മിൽ, ഗോപാലും ലളിതയും തമ്മിൽ... തലച്ചോറും ഹൃദയവും ഒപ്പത്തിനൊപ്പം പങ്കിട്ടെടുത്ത് അവർ പരസ്പരം സ്‌നേഹിക്കുകയും പ്രണയിക്കുകയും പിരിഞ്ഞുപോകുകയും ചെയ്യുന്നു. അസംബന്ധമാണെന്നു തിരിച്ചറിഞ്ഞ ലോകത്തോടും ജീവിതത്തോടും കലാപം നടത്താൻ അവർ സ്‌നേഹത്തെയും പ്രണയത്തെയും ആയുധമാക്കുന്നു. സുന്ദർ കവിതയെ പ്രണയിക്കുന്നു. പക്ഷെ ഗീതയെ അയാൾക്കു സ്‌നേഹിക്കാൻ കഴിയുന്നില്ല. ലളിത സുനിലിനെ പ്രണയിക്കുന്നു, ഗോപാലിനോട് തന്നെ അയാളുടെ അടിമയാക്കാനാണവൾ ആവശ്യപ്പെടുന്നത്. രാധ ജോസഫിൽ വിശ്വസിക്കുകയും പ്രണയം കണ്ടെത്തുകയും ചെയ്തുവെങ്കിലും അവളെ തിരസ്‌കരിച്ച് അയാൾ സൈന്യത്തിൽ ചേരുകയാണ്.

അരനൂറ്റാണ്ടു കഴിയുന്നു, 'ആൾക്കൂട്ടം' പ്രസിദ്ധീകൃതമായിട്ട്. അതിനുമുൻപ് ഒരു ദശകക്കാലം ആനന്ദ് ചെറുകഥകളെഴുതിയിരുന്നു. മലയാളനോവൽ ഭാവുകത്വത്തിൽ ആൾക്കൂട്ടം സൃഷ്ടിച്ച പ്രകമ്പനം അക്കാലത്ത് എം. ഗോവിന്ദനൊഴികെ ആരും തിരിച്ചറിഞ്ഞതിനു തെളിവുകളില്ല. ഒട്ടുമേ വായിക്കപ്പെട്ടില്ല ആദ്യകാലങ്ങളിൽ ഈ നോവൽ. 1978ലാണ് രണ്ടാം പതിപ്പ് ഉണ്ടാകുന്നതുപോലും. നോവൽ പുറത്തിറങ്ങിയ കാലത്ത് എം.ആർ. ചന്ദ്രശേഖരൻ എഴുതിയ ഒരു കുറിപ്പിൽ ആൾക്കൂട്ടത്തെ വിമർശിച്ചത് 'ഇന്ദുലേഖയുടെ പതിനെട്ടാമധ്യായം ഒരു മുഴുനോവലായി വികസിപ്പിച്ചതാണ് ഈ കൃതി'യെന്നായിരുന്നു. നിഷേധാർഥത്തിൽ പറഞ്ഞ ഈ വാക്കുകൾ യഥാർഥത്തിൽ പിന്നീടുള്ള കാലത്ത് മലയാളനോവലിനെ വഴിതിരിച്ചുവിട്ട 'ആൾക്കൂട്ട'ത്തിന്റെ ഭാവുകത്വസ്വഭാവം തന്നെയായിരുന്നു എന്നതാണ് ഇതിലെ വൈരുധ്യം. മുഖ്യമായും ആനന്ദിനെ മുൻനിർത്തി ആധുനികാനന്തര മലയാളനോവലിന്റെ സൗന്ദര്യരാഷ്ട്രീയങ്ങൾ ചർച്ചചെയ്യുന്ന ശ്രദ്ധേയമായ ഒരു പഠനത്തിന് അടുത്തകാലത്ത് ഒരു നിരൂപകൻ ഗുണാത്മകമായ അർഥത്തിൽ നൽകിയ തലക്കെട്ട് 'പതിനെട്ടാമധ്യായത്തിന്റെ ബാക്കിപത്രങ്ങൾ' എന്നായിരുന്നല്ലോ.

നോവലിൽ നിന്ന്:

'ജോസഫ് ഷർട്ടിന്റെ കോളർ കൂട്ടിപ്പിടിച്ച് ആത്മഹത്യചെയ്യാൻ പോകുന്ന ഒരാൾ തന്റെ കുരുക്കു ശരിപ്പെടുത്തുന്നതുപോലെ ഇരുന്നു. അയാളുടെ മുന്നോട്ടുതള്ളിയ താടിയുടെ താഴെ ഇരുണ്ടുതുടങ്ങിയ ആകാശം കയറിപ്പറ്റി. സുനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒരു കുറ്റവാളിയെപ്പോലെ തലതാഴ്‌ത്തിയിരുന്നു. ആകാശം അയാളുടെ ശിരസ്സിനു മീതെ ഭാരം കയറ്റിവച്ചു വേലിയിറങ്ങിത്തുടങ്ങിയിരുന്നു. കടൽ കറുത്തിരുണ്ടു മൂർച്ചയുള്ള പാറക്കെട്ടുകളെ പുറത്തു കൊണ്ടുവന്നു. മിനുസമില്ലാത്ത ആ പാറകളുടെ മൂന്നു മുനകളിൽ അവർ മൂന്നു ശിവന്മാരെപ്പോലെ തറച്ചിരുന്നു! അവരുടെ വെവ്വേറെയുള്ള അസ്തിത്വത്തിന് ഇടയിൽക്കൂടി ഇളം തണുപ്പുള്ള കടൽക്കാറ്റ് ആശങ്കാപൂർവം കടന്നുപോയി.

'ചിലരെ ഉയരത്തിൽ നോക്കേണ്ടിവരുന്നത്', ജോസഫ് ഇരുട്ടിൽ തെളിഞ്ഞുകാണാൻ കഴിയാത്ത കടലിനു നേരെ നോക്കിക്കൊണ്ട് പറഞ്ഞു: 'ഒരു പക്ഷേ, എന്റെ ദൗർഭാഗ്യമായി കരുതി എനിക്കു സമാധാനിക്കാം. അതിന്റെ വേദന എനിക്കുമാത്രമേ അനുഭവിക്കേണ്ടു. എന്നാൽ, മറ്റുള്ളവരുടെ നേരെ സമനിരപ്പിൽ നോക്കുവാൻ കഴിയാതെവരുന്നതിന് എനിക്ക് ഒരിക്കലും സ്വയം മാപ്പുകൊടുക്കാൻ കഴിയില്ല'.

'മനുഷ്യരെല്ലാം ജന്മനാ തുല്യരാണെന്നു നിങ്ങൾ കരുതുന്നുണ്ടോ?' പ്രേം ആവശ്യമില്ലാത്ത ഒരു ചോദ്യം ചോദിച്ചു.

'നോക്കൂ', ജോസഫ് വളർന്ന മരങ്ങൾക്കിടയിൽക്കൂടി തിളങ്ങുന്ന ജനലുകളാൽ അടയാളപ്പെടുത്തിക്കണ്ട മലബാർഹില്ലിലെ സ്രൈസ്‌ക്രേപ്പറുകളുടെ നേരെ താടികൊണ്ടു ചൂണ്ടിക്കാട്ടിക്കൊണ്ടു പറഞ്ഞു: 'അവിടെ വളരുന്ന കുട്ടികളുടെയും ഇന്നു നിങ്ങൾ വണ്ടിയിൽ കയറ്റിക്കൊണ്ടു നടന്നു സന്തോഷിപ്പിച്ചിരുന്ന കുട്ടികളുടെയും ഇടയിൽ പൊതുവായി ഒന്നുമില്ല. ആ കെട്ടിടങ്ങളിൽ ജനിച്ച കുട്ടികൾ സന്തുഷ്ടരായി വളർന്ന്, വലിയ ഓഫീസർമാരോ വ്യവസായികളോ ആകുമ്പോൾ, നിങ്ങളുടെ കൂട്ടുകാരിൽ എത്രപേർ ആ പ്രായം വരെ ജീവിച്ചിരിക്കുകയെങ്കിലും ചെയ്യും? വെറും ജന്മംകൊണ്ടു മനുഷ്യരുടെ ജീവിതം ഇത്രമേൽ മാറിപ്പോകുന്നത് എന്താണ്? ഇവരുടെയിടയിൽ ഇത്രമേൽ ഉച്ചനീചത്വം സംസ്ഥാപിക്കാൻ ഒരു കാരണവും ഞാൻ കാണുന്നില്ല. അവരെ തരംതിരിക്കാൻ എനിക്കു സാധിക്കുന്നില്ല. അവരുടെ ആകൃതി ഒന്നുതന്നെയാണ്. ആത്മാവ് എന്ന ഒരു വസ്തു ഉണ്ടെങ്കിൽ, ഏറ്റവും വലിയ മതനേതാക്കന്മാരും അതു മനുഷ്യനും മനുഷ്യനുമിടയ്ക്കു വ്യത്യസ്തമാണെന്നു പറയുന്നില്ല. അങ്ങനെയുള്ള ഒരു സമത്വത്തിൽ എനിക്കു വിശ്വാസമുണ്ട്. തീർച്ചയായുമുണ്ട്'.

'റോയ് ഒരിക്കൽ പറയുകയുണ്ടായി'. സുനിൽ പറഞ്ഞു: 'മനുഷ്യൻ സ്വതന്ത്രനായി ജനിക്കുകയല്ല, സ്വതന്ത്രനാകുവാൻവേണ്ടി ജനിക്കുകയാണുണ്ടായതെന്ന്'.

'അതെ, ആരോഗ്യത്തോടും ഭാഗ്യത്തോടും കൂടി ജനിച്ച ചിലർക്ക് അതു സമ്മാനമായി കിട്ടുന്നു. ദുർഭഗരും ദുർബലരുമായവർക്ക് അതു യുദ്ധം ചെയ്തു നേടേണ്ടിവരുന്നു!'

'അത്തരത്തിലുള്ള തുല്യതയും സ്വാതന്ത്ര്യവും മാർക്‌സിസത്തിൽക്കൂടി കൈവരുത്താൻ സാധിക്കുമെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ?' പ്രേം ചോദിച്ചു.

'ഞാൻ മാർക്‌സിസത്തിന്റെ പുസ്തകങ്ങൾ അധികം വായിച്ചിട്ടില്ല. ആഗ്രഹമുണ്ടായിരുന്നു. ഒരിക്കൽ കോളേജിൽവെച്ച്' - ജോസഫ് പറയാൻ മടിച്ചുനിറുത്തി.

'പറയൂ!' പ്രേം അയാളെ പ്രോത്സാഹിപ്പിച്ചു.

'ഒരു കഥയാണത്', ജോസഫ് ചിരിച്ചു: 'ഒരു ക്രിസ്ത്യൻ കോളേജിലാണു ഞാൻ പഠിച്ചത്. അവിടത്തെ അദ്ധ്യാപകർ ഞങ്ങളെ ശാസ്ത്രവും സാഹിത്യവും പഠിപ്പിച്ച സംതൃപ്തരായില്ല. പതിവുള്ള ക്ലാസ്സുകൾക്കു പുറമേ ആഴ്ചയിൽ രണ്ടു പീരിയഡ് അവർ മതവിദ്യാഭ്യാസവും നൽകി. നിർബന്ധവിഷയമായിരുന്നു. അതുകൊണ്ട് കെമിസ്ട്രി ലാബറട്ടറിയിൽവെച്ച്, ഒരു വസ്തുവിൽ ഇല്ലാത്ത ഒന്ന് വേറൊന്നിന്റെ സഹായം കൂടാതെ അതിൽനിന്ന് ഉണ്ടാക്കാൻ കഴിയില്ലെന്നു പഠിപ്പിച്ച ശബ്ദം ആറുന്നതിനുമുമ്പ് അടുത്ത പീരിയഡിൽ ഒരാൾ പച്ചവെള്ളത്തിനെ മുന്തിരിച്ചാറാക്കി മാറ്റിയ കഥയും ഞങ്ങൾക്കു കേട്ടിരിക്കേണ്ടിവന്നു. സ്വന്തം വ്യാഖ്യാനമനുസരിച്ചു ധർമവും തത്ത്വവും അവർ എന്നെ പഠിപ്പിച്ചുവെന്നു മാത്രമല്ല, അതിന്റെ പരീക്ഷയിൽ എനിക്കൊരു സമ്മാനം തരുവാൻകൂടി അവർ തയ്യാറായി. സങ്കീർത്തകനെപ്പോലെ ഞാൻ മിക്കവാറും കരഞ്ഞുപോയി. 'ദൈവമേ, കശ്മലന്മാരുടെ പ്രശംസയേല്ക്കുവാൻ വേണ്ടി ഞാൻ എന്താണു ചെയ്തത്!' ഏതായാലും സമ്മാനം കിട്ടി. അഞ്ചു രൂപയ്ക്ക് ഇഷ്ടമുള്ള പുസ്തകങ്ങൾ വാങ്ങിക്കൊണ്ടു വരാൻ പറഞ്ഞു, ലക്ചറർ. എനിക്കും ആഗ്രഹമുണ്ടായിരുന്നു പുസ്തകം വാങ്ങാൻ. പക്ഷേ, അവസാനം തിരഞ്ഞെടുത്തത് വൈകുന്നേരത്തെ ചായയാണ്. ഹോസ്റ്റലിൽ അതിനുള്ള ഏർപ്പാടില്ലായിരുന്നു. ഞാൻ ആ അഞ്ചു രൂപ അഞ്ചു രൂപയായിത്തന്നെ വാങ്ങാൻ അനുവാദം ചോദിച്ചു. ദാരിദ്ര്യത്തിന്റെ ദുഃഖത്തിൽക്കൂടി അക്കഥയോർത്തു ഞാൻ പലപ്പോഴും ചിരിച്ചിട്ടുണ്ട്'.

പ്രേം ചിരിച്ചു. സുനിൽ ചിരിച്ചില്ല. അയാൾ പറഞ്ഞു: 'കോളേജ് അധികൃതർ നിങ്ങൾ ഒരു ബൈബിൾ വാങ്ങിക്കൊണ്ടു വരുമെന്നു പ്രതീക്ഷിച്ചുകാണും. നിങ്ങൾ വാങ്ങാൻ ആഗ്രഹിച്ചത് 'കാപ്പിറ്റലു'മായിരിക്കാം. പക്ഷേ, വാസ്തവത്തിൽ വാങ്ങൽ നടത്തിയതു വിശപ്പായിരുന്നു. വികാരങ്ങളുടെ ഒഴുക്കിൽ നാം എത്ര അവഗണിച്ചാലും യാഥാർത്ഥ്യം നിലനില്ക്കുകതന്നെ ചെയ്യുന്നു. പണ്ട് മനുഷ്യനെ ജീവിതത്തിൽനിന്ന് അകറ്റിനിർത്താൻ ശ്രമിച്ച ശക്തി സംഘടിത മതമായിരുന്നു. ഇന്ന് അതിന്റെ സ്ഥാനത്തു രാഷ്ട്രീയം തഴച്ചുവളരുന്നു. രണ്ടും ബിസിനസ് സ്ഥാപനങ്ങളാണ്. ജോയിന്റ് സ്റ്റോക്ക് കമ്പനികൾപോലെ രണ്ടിന്റെയും ഇടപാടിൽ വ്യക്തികളുടെ ആവശ്യങ്ങൾക്ക് ഇടമില്ല. ബൈബിളും കാപ്പിറ്റലും വിട്ട് വൈകുന്നേരത്തെ ചായ കുടിക്കാൻ തീർച്ചയാക്കിയപ്പോൾ, ജോസഫ് സ്വയം അറിയാതെതന്നെ നിങ്ങൾ ഒരു യാഥാർത്ഥ്യത്തെ അംഗീകരിക്കുകയായിരുന്നു. അംഗീകാരത്തിനുവേണ്ടി കരഞ്ഞ് ആവശ്യപ്പെടുന്ന ഒന്ന്'.

'ആശയങ്ങൾ എത്ര രൂക്ഷമായാലും ഒരു സംഘടിതപ്രസ്ഥാനമില്ലാതെ എന്താണു നേടുവാൻ കഴിയുക?' ജോസഫ് തന്നോടുതന്നെ എന്നതുപോലെ കൂട്ടിച്ചേർത്തു: 'വ്യക്തി ഒറ്റയ്ക്ക് എത്ര അശക്തനാണ്!'

'സംഘടിക്കൂ, പക്ഷേ, ഒരിക്കലും മറക്കരുത്'. സുനിൽ പറഞ്ഞു: സമുദായം ഒരു മാർഗം മാത്രമാണ്. വ്യക്തിയാണു പരമമായ ലക്ഷ്യം'.

അന്നു വൈകുന്നേരം, ഒഴഞ്ഞ വണ്ടി ഓടിച്ചുകൊണ്ട് പ്രേം മടങ്ങി. തിങ്ങിമറിയുന്ന ഒരു ലോകത്തിൽ താനും തന്റെ വണ്ടിയും മാത്രം അലസരാണെന്നു തോന്നി അയാൾക്ക്. പതുക്കപ്പതുക്കെ നടക്കുന്ന കുതിരയുടെ കുളമ്പടികൾ ഒന്നൊന്നായി എണ്ണുവാൻ കഴിയുമായിരുന്നു.

കുതിരവണ്ടിക്കും ഫിയറ്റ് ടാക്‌സിക്കും അഹമ്മദിനും ബച്ചിത്തർസിങ്ങിനും എല്ലാം മീതെ വ്യക്തമായ രേഖാപടലങ്ങളോടുകൂടിയ ചില മുഖങ്ങൾ ഉയർന്നുവന്നു. കണ്ണുകളും ചുണ്ടുകളും മാത്രമല്ല, തലമുടികൂടി വിറയ്ക്കുന്ന വിധത്തിൽ രാധ സംസാരിക്കുകയാണ്. ശിരസ്സിലെ ഭാരംകൊണ്ട് പാതയോട് ആണിയടിച്ചിട്ടിരിക്കുന്ന ഒരു വർഗമുണ്ട്; അവർ തങ്ങളുടെ മാർഗത്തിൽനിന്നു സ്വതന്ത്രരാകുവാൻ ആഗ്രഹിക്കുന്നു. തന്റെ ഉയരം കൂടിയ ശരീരത്തിൽനിന്ന് ആകാശത്തേക്കു കുതിക്കുവാൻ പോകുന്നതുപോലെ ഉയർത്തിപ്പിടിച്ച മുഖത്തോടുകൂടി ജോസഫ് പറയുന്നു: ഒരേ ആകൃതിയും ഒരേ ആത്മാവുമുള്ള മനുഷ്യരുടെ ഇടയിൽ ഒരാളുടെ ശക്തിക്ക് അതീതമായ വെറും ജനനം ഇത്രയും വ്യത്യാസങ്ങൾ ഉണ്ടാക്കിവെക്കുന്നതു തെറ്റാണ്. ഏകാന്തമായ ഒരു പാറയുടെ മുകളിൽ കയറിയിരുന്ന്, കേൾക്കുവാൻ ആരും ഇല്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ സുനിൽ ഒരു സെയ്ന്റ്‌പോളിനെപ്പോലെ പ്രസംഗിക്കുകയാണ്. കരഞ്ഞ് ആവശ്യപ്പെടുന്ന ഒരു യാഥാർത്ഥ്യമുണ്ട്; നാം അതിനെ അവഗണിക്കുന്നു. താന്മാത്രം ഇവരിൽനിന്ന് അകന്നു സ്വതന്ത്രനായി നില്ക്കുന്നു. തന്റെമേൽ ആദർശങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും ബാധയേറ്റിട്ടില്ല.

രണ്ടു ഡബിൾഡെക്കർ ബസ്സുകൾ ഒന്നിനു പുറകെ ഒന്നായി കടന്നുപോയി. അകത്തെ വെളിച്ചത്തിൽ അനങ്ങാതിരുന്ന യാത്രക്കാർ അറസ്റ്റ്‌ചെയ്തുകൊണ്ടുപോകപ്പെടുന്ന തടവുകാരെപ്പോലെ തോന്നി. തങ്ങളുടെ യാത്രയുടെ ചുമതല വേറൊരാളിൽ ഏല്പിച്ച്, അവർ നിശ്ചിന്തരായി ഇരിക്കുകയാണ്. ചുമതലകളുടെ അഭാവം അവരെ സ്വതന്ത്രരാക്കിയിരിക്കുന്നു. പക്ഷേ, അതേ സ്വാതന്ത്ര്യം തന്നെ അവരെ തടവുകാരുമാക്കുന്നു സ്വാതന്ത്ര്യത്തിന്റെ തടവുകാർ.

ഒരു വലിയ ശൂന്യമായ കുടംപോലെ തന്റെ ഹൃദയം അസുഖകരമായ പ്രതിദ്ധ്വനികൾ ഉണ്ടാക്കുന്നതായി തോന്നി പ്രേമിന്'.

ആൾക്കൂട്ടം
ആനന്ദ്
(1970) 
ഡി.സി. ബുക്‌സ് 
വില 525 രൂപ 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP