Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്മാർട്ട് ഫോണിൽ ചുമ്മാ തോണ്ടിയാലും പതിനായിരങ്ങൾ നേടാം! വ്യത്യസ്തങ്ങളായ രീതിയിൽ പണമുണ്ടാക്കാവുന്ന ആപ്പുകൾ ഗൂഗിൾ പ്ലേ സ്‌റ്റോറിൽ ലഭ്യമാണേ; കൃത്യമായ വിവരങ്ങൾ അറിഞ്ഞ് പ്രയോജനപ്പെടുത്തിയാൽ സ്മാർട്ട് ഫോണിലെ 'മണിച്ചെപ്പ്' നിറയുമെന്നുറപ്പ്; പരസ്യവും വാർത്തയും ഒന്ന് തോണ്ടി വിട്ടാൽ കാശു തരുന്ന 'സ്ലൈഡ് ജോയ്' മുതൽ കിടക്കുന്നു പണം തരും സ്മാർട്ട് ആപ്പുകളുടെ നിര; മണി ആപ്പുകളെ അറിയാം

സ്മാർട്ട് ഫോണിൽ ചുമ്മാ തോണ്ടിയാലും പതിനായിരങ്ങൾ നേടാം! വ്യത്യസ്തങ്ങളായ രീതിയിൽ പണമുണ്ടാക്കാവുന്ന ആപ്പുകൾ ഗൂഗിൾ പ്ലേ സ്‌റ്റോറിൽ ലഭ്യമാണേ; കൃത്യമായ വിവരങ്ങൾ അറിഞ്ഞ് പ്രയോജനപ്പെടുത്തിയാൽ സ്മാർട്ട് ഫോണിലെ 'മണിച്ചെപ്പ്' നിറയുമെന്നുറപ്പ്; പരസ്യവും വാർത്തയും ഒന്ന് തോണ്ടി വിട്ടാൽ കാശു തരുന്ന 'സ്ലൈഡ് ജോയ്' മുതൽ കിടക്കുന്നു പണം തരും സ്മാർട്ട് ആപ്പുകളുടെ നിര; മണി ആപ്പുകളെ അറിയാം

തോമസ് ചെറിയാൻ കെ

സാങ്കേതിക വിദ്യ എന്നത് ഇന്നിന്റെ ഹൃദയത്തുടിപ്പാണെന്ന് പ്രത്യേകം എടുത്ത് പറയേണ്ട ആവശ്യമില്ല. അതിന്റെ പ്രഭാവം തട്ടാത്ത ഒരു മനുഷ്യൻ പോലും ഇന്നില്ല എന്ന് തന്നെ പറയണം. ലോകത്തെ ഏത് കോണിൽ ഇരുന്നുകൊണ്ട് വിവരങ്ങൾ കണ്ടെത്താനും അയയ്ക്കാനും നമ്മെ സഹായിക്കുകയും ലക്ഷക്കണക്കിന് കിലോ മീറ്റർ ദൂരത്ത് നിൽക്കുന്ന ആളോട് ഞൊടിയിടയിൽ ബന്ധപ്പെടാനും നമ്മേ സഹായിച്ച ഒന്നായിരുന്ന ഇന്റർനെറ്റ്.ടെലി കമ്മ്യൂണിക്കേഷൻ സാങ്കേതിക വിദ്യയിലെ വിപ്ലവവും വെറും മൊബൈൽ ഫോണിൽ നിന്നും സ്മാർട്ട് ഫോൺ എന്ന അത്ഭുതത്തിലേക്കും ശാസ്ത്ര ലോകം നമ്മെ നയിച്ചപ്പോൾ നാം അത്ഭുതത്തേടെ കാണുന്ന ഒട്ടനവധി അനുഗ്രഹങ്ങൾ കൂടിയാണ് ലഭിച്ചത്.

വീട്ടിലെ ഷെൽഫുകളിൽ ഇരുന്ന പുസ്തകങ്ങൾ മുതൽ ബാങ്കിങ്ങും വിനോദവും മറ്റ് സേവനങ്ങളും വരെ വിരൽതുമ്പിൽ ആപ്പ് എന്ന രീതിയിൽ മാറിയപ്പോൾ സ്മാർട്ട് ഫോൺ എന്നത് ഏതൊരു വ്യക്തിക്കും തന്റെ ലോകം തന്നെയായി മാറുകയായിരുന്നു. അത്തരം ലോകത്തിൽ നിന്നും ഒട്ടേറെ ഗുണങ്ങളും ദോഷങ്ങളും നമുക്ക് ലഭിക്കുന്നുണ്ടെന്നും ഏവരും ഓർക്കേണ്ട ഒന്ന് തന്നെയാണ്. അതിൽ ഒരു വിഭാഗമാണ് ചെറിയ തോതിലാണെങ്കിലും പണമുണ്ടാക്കാൻ സഹായിക്കുന്ന ആപ്പുകൾ. ഇത്തരം ആപ്പുകൾ ഓരോ ദിവസവും പുതിയതായി പൊട്ടി മുളയ്ക്കുന്നുണ്ടെങ്കിലും ഇവയിൽ നല്ലത് ഏത് കെണിയേത് എന്ന് കണ്ടെത്താനും ബുദ്ധിമുട്ടുണ്ട്. ഇക്കുറി മണിച്ചെപ്പിൽ ഇത്തരം ചില ആപ്പുകളെയാണ് പരിചയപ്പെടുത്തുന്നത്.

ആദ്യം ഓർക്കാൻ

ആപ്പുകൾ എന്താണെന്നും ഏത് രീതിയിൽ ഇവ പണം തരുമെന്നും ഓർക്കുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യമുണ്ട്. ഇന്ന് സേവനം നൽകുന്ന ആപ്പുകൾ നാളെ കാണണമെന്ന് പോലുമില്ല. അതുപയോഗിച്ച് അതിൽ നിന്നും ലഭിക്കുന്ന വരുമാനം പെട്ടന്നില്ലാതാകുമ്പോൾ ചിന്ത പോകേണ്ടത് മറ്റൊരു തരത്തിലാണ്. തനിക്ക് പണം നൽകിക്കൊണ്ടിരുന്ന ആപ്പിന്റെ അടിസ്ഥാന 'ഐഡിയ' എന്തായിരുന്നു ? അതിൽ നിന്നും എനിക്ക് എന്തെങ്കിലും സ്വന്തമായി സൃഷ്ടിക്കാൻ സാധിക്കുമോ. അത്തരത്തിൽ ചിന്ത മുന്നോട്ട് പോയാൽ നിങ്ങൾ തന്നെ സാരഥിയാവുന്ന ഒരു സംരംഭത്തിലേക്കാവും അത് ഒരുപക്ഷേ വിരൽ ചൂണ്ടുക.

അതിനാൽ തന്നെ സാങ്കേതിക ലോകത്ത് നിന്നും ലഭിക്കുന്ന ഇത്തരം സേവനങ്ങളും വരുമാനവും ഒരു മായാലോകമാണ് എന്ന കാര്യം മറക്കരുത്. ചതിക്കുഴികളിൽ വീഴാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഓൺലൈൻ മാർഗം പണം ട്രാൻസ്ഫർ ചെയ്യുന്നതിനാൽ സൈബർ തട്ടിപ്പ് എന്ന കെണിയും ഇതിന് പിന്നിൽ മറഞ്ഞിരിക്കുന്നുണ്ട് എന്ന കാര്യം മറക്കരുത്. അതുകൊണ്ട് തന്നെ ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നതിന് മുൻപ് വിദഗ്ധരോട് ഉപദേശം തേടുകയും ഇന്റർനെറ്റ് ഉൾപ്പടെയുള്ള ശ്രോതസിൽ നിന്നും ലഭിക്കുന്ന വിശ്വസനീയമായ വിവരങ്ങൾ പരിശോധിക്കുകയും ചെയ്യണം.

ആപ്പിൽ നിന്നും പണമുണ്ടാക്കി ജീവിക്കാം എന്ന മിഥ്യാ ധാരണയും വേണ്ട. ഒട്ടുമിക്ക ആപ്പുകളിൽ നിന്നും ഒരു പരിധി വരെ മാത്രം പണമേ ലഭിക്കുവെന്നും ഇലക്ട്രോണിക്ക് ഫോർമാറ്റിലായതിനാൽ ഇവ കൊണ്ട് മിക്കപ്പോഴും ഓൺലൈൻ സേവനങ്ങളും അത്തരം ഇ-പർച്ചേസുകളും ബിൽ പേയ്മെന്റുകളുമാണ് കൂടുതലായും നടക്കുന്നതെന്നും ഓർക്കുക.

പണം തരുന്ന ആപ്പുകളെ ഒന്ന് പരിചയപ്പെടാം

സ്മാർട്ട് ഫോണിൽ നിന്നും പണമുണ്ടാക്കാം എന്ന വാഗ്ദാനവുമായി മുന്നോട്ട് വരുന്ന ആപ്പുകളെയാണ് ഇക്കുറി 'മണിച്ചെപ്പ്' പങ്കുവയ്ക്കുന്നത്. അവയെ അറിയാൻ ശ്രമിക്കുമ്പോൾ സാങ്കേതിക ലോകത്ത് നിന്നും ലഭിക്കുന്ന മറ്റ് സേവനങ്ങളുടേയും വാതിലുകൾ കൂടിയാണ് നമ്മുടെ മുന്നിൽ തുറക്കുന്നത്. ഇക്കൂട്ടത്തിൽ സൂപ്പർ താരങ്ങളായി ഗൂഗിൾ പ്ലേസ്റ്റോറിൽ വിലസുന്ന ആപ്പുകളെ പരിചയപ്പെടാം. ഡൗൺലോഡ് ചെയ്യും മുൻപ് ഇവയുടെ റേറ്റിങ്ങും യൂസർ റിവ്യുവും പരിശോധിക്കുന്നത് നന്നായിരിക്കും.

ഗൂഗിൾ ഒപ്പീനിയൻ റിവാർഡ്സ്

ഗൂഗിൾ പ്ലേ സ്റ്റോറിലെ സൂപ്പർ താരമാണ് ഗൂഗിൾ ഒപ്പീനിയൻ റിവാർഡ്‌സ് ആപ്പ്. പണമുണ്ടാക്കാൻ സഹായിക്കുന്ന ഗൂഗിൾ നിർമ്മിത ആപ്പുകളിൽ ഒന്നാമൻ. ആൻഡ്രോയിഡ് ഫോണുകളിലും ഐഓഎസിലും ഈ ആപ്പ് ഉപയോഗിക്കാൻ സാധിക്കും. ആപ്പിലൂടെ ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള അഭിപ്രായം രേഖപ്പെടുത്തുന്നത് വഴിയാണ് പണമുണ്ടാക്കാൻ സാധിക്കുന്നത്. ആപ്പ് വഴി വരുന്ന സർവേകളിൽ അടക്കം പങ്കെടുത്ത് പണമുണ്ടാക്കാം.

ആൻഡ്രോയിഡിലാണെങ്കിൽ ഗൂഗിൾ പ്ലേ ക്രെഡിറ്റ് ആയി കിട്ടുന്ന പോയിന്റ്‌സ് വെച്ച് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും പെയ്ഡ് ആപ്പുകൾ വരെ വാങ്ങാം. 2017 മുതൽ ഇന്ത്യ, സിംഗപ്പൂർ, തുർക്കി എന്നീ രാജ്യങ്ങളിലും ഗൂഗിൾ ഒപ്പീനിയൻ റിവാർഡ്സ് സേവനം ആരംഭിച്ചിരുന്നു. നിലവിൽ 22 രാജ്യങ്ങളിൽ ഈ ആപ്പിന്റെ സേവനം ലഭ്യമാണ്.

ആമസോൺ സെല്ലർ

സംരംഭകർക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് ഓൺലൈൻ വ്യാപാര ഭീമനായ ആമസോണിന്റെ ആപ്പായ ആമസോൺ സെല്ലർ. തങ്ങളുടെ ഉൽപന്നങ്ങൾ വിറ്റ് പണുണ്ടാക്കാൻ സാധിക്കുന്ന ഈ ആപ്പ് വഴി പഴയ സാധനങ്ങളും (പുരാതന വസ്തുക്കൾ സഹിതം) പുതിയതായി നിർമ്മിക്കുന്ന സാധനങ്ങളും വിറ്റ് പണുണ്ടാക്കാൻ സാധിക്കും. വെറും 100 സെല്ലർമാരാണ് 2013ൽ ഉണ്ടായിരുന്നതെങ്കിൽ ഇന്നത് 3000 ആയി എന്ന് കേൾക്കുമ്പോൾ തന്നെ കേരളത്തിൽ ആപ്പിന്റെ വളർച്ചയും സംരംഭകർ ഓൺലൈൻ വിഭവങ്ങളെ എത്രത്തോളം ആശ്രയിക്കുന്നുണ്ടെന്നും നമുക്ക് മനസിലാകും.

ആമസോൺ സെല്ലർ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്ത ശേഷം ജിഎസ്ടി നമ്പർ, ബാങ്ക് അക്കൗണ്ട്, പാൻ നമ്പർ എന്നിവ കൂടി നൽകിക്കഴിഞ്ഞാൽ നിങ്ങൾ ആമസോണിന്റെ ഔദ്യോഗിക സെല്ലറായി മാറി. സെല്ലർക്ക് എന്ത് ഉൽപനവുമായി എത്താമെന്നതും ഉൽപന്നങ്ങളുടെ ചിത്രങ്ങളും വിശദവിവരങ്ങൾ അടങ്ങുന്ന ലേഖനങ്ങളുമടക്കം പങ്കുവയ്ക്കുവാനും ആപ്പിൽ അവസരമുണ്ട്. ഇതുവഴി നിങ്ങളുടെ പ്രോഡക്ട് പെട്ടന്ന് തന്നെ ജനശ്രദ്ധ ആകർഷിക്കും എന്ന കാര്യവും മറക്കരുത്.

ഫോപ്പ്

കിടിലൻ ക്യാമറയുള്ള സ്മാർട്ട് ഫോണുകൾ വഴി നിങ്ങൾ ഫോട്ടോഗ്രാഫിയിൽ മിടുക്ക് തെളിയിച്ചിട്ടുണ്ടോ ? എന്നാൽ അതിനെ ഇനി പണമാക്കാനും സാധിക്കും. ഫോപ്പ്് ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം അതിൽ അക്കൗണ്ട് ആരംഭിക്കുക. ഇത് സൗജന്യമാണ്. ഇതിൽ അൺലിമിറ്റഡായി നമ്മുടെ ചിത്രങ്ങൾ പങ്കുവയ്ക്കുവാൻ അവസരമുണ്ട്. ഇത് കണ്ടിഷ്ടപ്പെടുന്നവർ ഫോട്ടോ വാങ്ങിയാൽ ഓർത്തോളൂ നിങ്ങളുടെ വര തെളിഞ്ഞു. ശരാശരി 50 ഡോളർ വരെ കമ്മീഷൻ ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

പക്ഷേ കുറഞ്ഞത് 350 (ഇന്ത്യൻ) രൂപ വിറ്റുപോകുന്ന ചിത്രത്തിന് ലഭിക്കുമെന്ന കാര്യം ഉറപ്പാണ്. പേപ്പാൽ അക്കൗണ്ടിലേക്കാണ് പണമയയ്ക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ കാണാനും വിദഗ്ധരായ ഫോട്ടോഗ്രാഫർമാരെ പരിചയപ്പെടാനും ഈ ആപ്പ് സഹായിക്കുമെന്ന കാര്യവും ഓർക്കുക. ഫോട്ടോഗ്രാഫി മികവിലൂടെ പണമുണ്ടക്കാൻ സഹായിക്കുന്ന ആപ്പിൽ ഏറ്റവും ജനശ്രദ്ധയാകർഷിച്ച ഒന്നാണ് ഫോപ്പ്.

പിനിഓൺ

ചില ദൗത്യങ്ങൾ പൂർത്തിയാക്കുന്നത് വഴി പണമുണ്ടാക്കാൻ സഹായിക്കുന്ന ആപ്പാണ് പിനിയോൺ. ലോകോത്തര ബ്രാൻഡുകളും അത്തരത്തിലുള്ള സേവനങ്ങളേയും പറ്റി അഭിപ്രായം രേഖപ്പെടുത്തുകയും ഇതിന്റെ ഫോട്ടോ അടക്കമുള്ള കാര്യങ്ങൾ പങ്കുവയ്ക്കുകയും വഴി പണം നേടാൻ സഹായിക്കുന്ന ഒന്നാണ് പിനിഓൺ ആപ്പ്. ബ്രസീലിൽ ബ്രാൻഡുകളേയും സേവനങ്ങളേയും ലോകത്തിന് മുന്നിൽ കാട്ടിക്കൊടുത്ത പിനിഓൺ ഇപ്പോൾ ലോകത്തിന്റെ പലഭാഗത്തേക്കും വ്യാപിക്കുകയാണ്.

എല്ലാ രാജ്യങ്ങളിലും സേവനം ആരംഭിക്കാൻ ഒരുങ്ങുന്ന പിനിഓണിൽ ഏറെ നേരം ജോലി ചെയ്താൽ അധികം പണം നേടാൻ സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. പണം ബാങ്ക് അക്കൗണ്ടിലേക്കോ പേപ്പാൽ അക്കൗണ്ടിലേക്കോ എത്തും. മാളുകൾ, സിനിമാ തിയേറ്റർ, പബുകൾ, സൂപ്പർ മാർക്കറ്റ്, റെസ്റ്റോറന്റ് തുടങ്ങി ഏത് സ്ഥലത്ത് വച്ചും ലഭിക്കാൻ സാധ്യതയുള്ള മിഷൻ പൂർത്തിയാക്കുന്നതാണ് ആപ്പിന്റെ രസച്ചരട് എന്ന് പറയുന്നത്.

എസ്റ്റി

നിങ്ങൾ കരകൗശല വസ്തുക്കൾ നിർമ്മിക്കാൻ അറിയാവുന്ന കലാകാരനാണോ ? എങ്കിൽ നിങ്ങൾക്ക് തീർച്ചയായും അത് ഓൺലൈൻ വഴി വിറ്റ് പണം നേടാനും സാധിക്കും. അതിന് നിങ്ങളെ സഹായിക്കുന്ന ആപ്പാണ് എസ്റ്റി. ഗൂഗിൾ പ്ലേസ്റ്റോറിലും ആപ്പിൽ ഐട്യൂൺസിലും ആപ്പ് ലഭ്യമാണ്. ഇതിൽ നിങ്ങളുടെ സ്വന്തം കച്ചവട സ്ഥലം സൃഷ്ടിച്ച് വിൽപന നടത്തുന്നത് വഴിയാണ് പണമുണ്ടാക്കാൻ സാധിക്കുന്നത്.

ഇനി നിങ്ങൾ ഒരു ഉപഭോക്താവാണെങ്കിൽ സെല്ലറോട് നേരിച്ച് ബന്ധപ്പെട്ട് വിവരങ്ങൾ ആരായാനും സാധിക്കും. അതായത് സുതാര്യമായി കാര്യങ്ങൾ നടത്താൻ സാധിക്കുമെന്ന് ചുരുക്കം. ആൻഡ്രോയിഡ് പേയ്മെന്റ് അടക്കമുള്ള രീതികളിൽ നിന്നാണ് പണം നമുക്ക് ലഭിക്കുക. ഇന്ത്യ പോലുള്ള രാജ്യത്ത് ഇതിന്റെ പ്രചാരം വർധിച്ച് വരാൻ അൽപം സമയമെടുക്കും. എന്നാൽ എസ്റ്റിയുടെ വെബ്സൈറ്റ് വഴി ആപ്പിൽ നിന്നും ലഭിക്കുന്ന അതേ സേവനം ലഭിക്കുമെന്ന കാര്യവും ഓർക്കുക.

സ്ലൈഡ് ജോയ്

സ്മാർട്ട് ഫോണിൽ ചുമ്മാ തോണ്ടുന്ന നിമിഷങ്ങൾ പണമുണ്ടാക്കുന്ന സമയമാക്കി മാറ്റണോ. അതിന് പറ്റിയ ആപ്പാണ് സ്ലൈഡ് ജോയ്. നിങ്ങളുടെ ഫോണിന്റെ ലോക്ക് സ്‌ക്രീനിൽ പരസ്യങ്ങളും വാർത്തകളും നിറച്ച് ഇത് സൈഡ് ചെയ്യുന്നത് വഴി പണമുണ്ടാക്കുന്ന ആപ്പാണിത്. ലോക്സ്‌ക്രീനിനെ പരസ്യവും വാർത്തയും വെച്ച് നിറച്ച് റീപ്ലേയ്സ് ചെയ്യാനുള്ള ഓപ്ഷൻ സ്ലൈഡ് ജോയ് ആപ്പിലുണ്ട്. കൃത്യമായി പറഞ്ഞാൽ സ്ലൈഡ് ജോയ് വഴി വരുന്ന പരസ്യവും വാർത്തയും സ്ലൈഡ് മാറ്റുമ്പോൾ നിങ്ങൾ കാണുകയും അത് പിന്നീട് കാരറ്റ് പോയിന്റ്് നിങ്ങൾക്ക് ആഡ് ചെയ്ത് തരികയും ചെയ്യും.

ഓരോ 1000 കാരറ്റിനും ഒരു ഡോളർ എന്ന കണക്കിലാണ് സ്ലൈഡ് ജോയിൽ നിന്നും പണം ലഭിക്കുന്നത്. ഓരോ 15 ദിവസം കൂടുമ്പോഴും പണം പിൻവലിക്കാൻ സാധിക്കും. പണം മാത്രമല്ല ഗിഫ്റ്റ് കാർഡുകളും ഇതു വഴി ലഭിക്കും. പേപാൽ വഴിയും ഗൂഗിൾ പ്ലേ ഗിഫ്റ്റ് കാർഡ്, വാൾമാർട്ട് ഓഫറുകൾ എന്നീ രൂപത്തിലാണ് പ്രതിഫലം ലഭിക്കുക. ഗൂഗിൾ പ്ലേ സ്റ്റോറിൽ മികച്ച പ്രതികരണം ലഭിച്ച ആപ്പുകളിലൊന്നാണിത്. എന്നാൽ എല്ലാ പരസ്യത്തിനും പണം ലഭിക്കില്ലെന്ന കാര്യവും ഓർക്കണം. ആപ്പ് ഉപയോഗിച്ച് പണമുണ്ടാക്കുന്നതിൽ ബുദ്ധി ഒരു പ്രധാന ഘടകമാണെന്ന കാര്യവും മറക്കണ്ട.

പോവ്ഷെയ്ക്ക്

കേൾക്കുമ്പോൾ ഏറെ കൗതുകം തോന്നിക്കുന്ന ആപ്പാണിത്. നിങ്ങൾ ഒരു മൃഗസ്നേഹിയാണോ, മൃഗങ്ങളെ പരിചരിക്കാനുള്ള കഴിവും സമയവും നിങ്ങൾക്കുണ്ടോ എന്നാൽ തീർച്ചയായും നിങ്ങൾക്ക് പണം നേടാം. എന്നാൽ ഇന്ത്യയിൽ ഇതിന്റെ പ്രചാരം വരുന്നതേയുള്ളൂവെങ്കിലും വിദേശ രാജ്യങ്ങളിൽ ഇത് ഹിറ്റായ ആപ്പാണ്. ചുരുക്കി പറഞ്ഞാൽ ഇപ്പോൾ പ്രവാസികൾക്ക് മാത്രം സന്തോഷത്തിന് വകയുണ്ടെന്നർത്ഥം. എന്നാൽ വൈകാതെ തന്നെ ഇന്ത്യയിലും ആപ്പ് സജീവമായി പ്രവർത്തിച്ച് തുടങ്ങിയേക്കും.

മൃഗങ്ങളെ സ്നേഹിക്കുന്നവരെ പരസ്പരം ബന്ധപ്പെടുത്തി ഉടമസ്ഥരായ ആളുകൾ പുറത്ത് പോകുമ്പോൾ വളർത്തു മൃഗങ്ങളെ നോക്കാൻ പറ്റിയ വിശ്വസ്ഥരെ കണ്ടെത്തുന്നതാണ് ഈ ആപ്പ്. എന്ത് ജോലിയാണോ ഏൽപ്പിക്കപ്പെടുന്നത് അതിനനുസരിച്ച് പ്രതിഫലത്തിലും മാറ്റം വരും. ന്യൂസിലാന്റ്, കാനഡ, ഓസ്ട്രേലിയ, യുകെ, അയർലന്റ്, ഹോങ്കോങ്, സിംഗപ്പൂർ തുടങ്ങി 20ൽ അധികം രാജ്യങ്ങളിൽ ആപ്പ് ഇപ്പോൾ സേവനം നൽകുന്നുണ്ട്. പോവ്ഷേക്ക് വഴി മൃഗങ്ങളെ നോക്കുന്നയാളെ കണ്ടെത്തുന്നതിന് ബുക്കിങ്ങോ പ്രത്യേക പേയ്മെന്റോ ഇല്ല. 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ സപ്പോർട്ടും ഈ ആപ്പിനുണ്ട് എന്നതാണ് പ്രത്യേകത. ഇന്ത്യയിൽ ഇത് ഉടൻ വരുമെന്ന പ്രതീക്ഷയിലാണ് മൃഗസ്നേഹികൾ.

ക്ലിയർ പോൾ

ചില അഭിപ്രായം പറഞ്ഞാൽ 'അടി' കിട്ടുമെന്ന് കേട്ടിട്ടുണ്ട്. എന്നാൽ അഭിപ്രായം പറഞ്ഞാൽ പണം കിട്ടുമെന്ന സത്യം കൂടി നമ്മെ ഗൂഗിൾ പ്ലേ സ്റ്റോർ കാട്ടിത്തരികയാണ് ക്ലിയർ പോൾ ആപ്പ്. രാഷ്ട്രീയം, മനുഷ്യാവകാശം എന്നീ വിഷയങ്ങൾ മുതൽ കായികവും ശാസ്ത്രവും സാങ്കേതിക വിദ്യ മുതൽ സെലിബ്രിറ്റികളുടെ വരെ കാര്യത്തിൽ വോട്ടും പോളും രേഖപ്പെടുത്തുന്ന ആപ്പാണ് ക്ലിയർ പോൾ. വ്യത്യസ്ഥമായ വിഷയങ്ങളിൽ സെർച്ച് ചെയ്ത് അഭിപ്രായം രേഖപ്പെടുത്താൻ മാത്രല്ല സ്വന്തം വിഷയങ്ങൾ ചേർത്ത് വോട്ടിങ്ങ് രേഖപ്പെടുത്താനും ക്ലിയർ പോൾ ആപ്പിലൂടെ സാധിക്കും.

ആൻഡ്രോയിഡിലും ഐഓഎസിലും ഒരുപോലെ പ്രവർത്തിക്കുന്ന ആപ്പ് വഴി ഒട്ടേറെ പേർ ഇപ്പോൾ പണം നേടുന്നുണ്ട്. സൗജന്യ ക്രിപ്റ്റോ കറൻസിയായ ക്ലിയർ പോൾ ടോക്കണുകളാണ് ആപ്പിലൂടെ പ്രതിഫലമായി ലഭിക്കുന്നത്. ഇത്തരം റിവാർഡ് മറ്റ് സേവനങ്ങൾക്ക് വേണ്ടി ചെലവാക്കുകയാണ് ചെയ്യുന്നത്. പോളുകൾ സൃഷ്ടിച്ച് ആളുകളുടെ അഭിപ്രായ സർവേ നടത്തുന്ന ആപ്പുകളിൽ ഏറ്റവുമധികം ജനശ്രദ്ധയാകർഷിച്ച ആപ്പാണ് ക്ലിയർ പോൾ.

മനസിലുണ്ടാവണം ഇക്കാര്യം

ആപ്പുകൾ വഴി പണമുണ്ടാക്കാം എന്ന ഓഫറുകളുമായി നെല്ലിക്കാ ചാക്ക് പൊട്ടിയത് പോലെ കമ്പനികൾ നമ്മുടെ മുന്നിലേക്ക് വരുന്നുണ്ടെങ്കിലും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഓൺലൈൻ പേയ്മെന്റ് വിവരങ്ങൾ എന്നിവ ചോർത്തി പണം തട്ടുന്ന വില്ലന്മാരും ഇക്കൂട്ടത്തിലുണ്ടെന്ന് ഓർക്കുക. ഓൺലൈൻ ട്രാൻസാക്ഷന് ഉപയോഗിക്കുന്നത് പേപ്പാൽ അടക്കമുള്ള വിശ്വസനീയമായ മാർഗങ്ങൾ തന്നെയാണെന്ന് ഉറപ്പ് വരുത്തണം. മാത്രമല്ല നമ്മുടെ ബാങ്ക് കസ്റ്റമർകെയർ അധികൃതരുമായി ബന്ധപ്പെട്ടാൽ ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളെ പറ്റി വിശദമായ പറഞ്ഞുതരികയും ചെയ്യും.

ആദ്യം നമ്മൾ പറഞ്ഞതു പോലെ ആപ്പും അതിന്റെ സേവനങ്ങളും നമുക്ക് പണം തരുമെങ്കിലും അത് താൽകാലികമാണെന്ന് ഓർക്കുക. ലക്ഷങ്ങൾ കൊയ്യാമെന്ന ധാരണയിൽ ആരും ഇതിനിറങ്ങി സമയം കളയാനും പാടില്ല. പകരം ഇത്തരം ആപ്പികളിൽ നിന്നും ലഭിക്കുന്ന സേവനങ്ങളുടെ 'ഐഡിയ' മനസിൽ സൂക്ഷിക്കുക. തീർച്ചയായും നിങ്ങൾക്ക് അത് ഭാവിയിൽ പ്രയോജനം ചെയ്യുമെന്നുറപ്പ്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP