Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സൂക്ഷിക്കൂ...നിങ്ങൾ എടിഎം കാർഡ് ഉടമയെങ്കിൽ ഇക്കാര്യങ്ങൾ മറക്കരുത് ! ബാങ്കിൽ കിടക്കുന്ന പണം തട്ടിപ്പുകാർ ഉരച്ചെടുക്കാൻ അധികം സമയം വേണ്ടെന്നത് എപ്പോഴും ഓർത്തോളൂ; മാഗ്‌നറ്റിക്ക് സ്ട്രിപ്പ് മാറ്റി ചിപ്പ് ഘടിപ്പിച്ച എടിഎം കാർഡിനെ കുറിച്ച് ഇനിയും ഒന്നുമറിഞ്ഞില്ലേ ? കേട്ടത് പലതും ശരിയെന്ന് കരുതി വിഡ്ഢികളാകരുത്; ഓരോ എടിഎം ഉടമയും അറിഞ്ഞിരിക്കേണ്ട വിവരങ്ങളുമായി 'എടിഎം മണിച്ചെപ്പ്' ഇതാ

സൂക്ഷിക്കൂ...നിങ്ങൾ എടിഎം കാർഡ് ഉടമയെങ്കിൽ ഇക്കാര്യങ്ങൾ മറക്കരുത് ! ബാങ്കിൽ കിടക്കുന്ന പണം തട്ടിപ്പുകാർ ഉരച്ചെടുക്കാൻ അധികം സമയം വേണ്ടെന്നത് എപ്പോഴും ഓർത്തോളൂ; മാഗ്‌നറ്റിക്ക് സ്ട്രിപ്പ് മാറ്റി ചിപ്പ് ഘടിപ്പിച്ച എടിഎം കാർഡിനെ കുറിച്ച് ഇനിയും ഒന്നുമറിഞ്ഞില്ലേ ? കേട്ടത് പലതും ശരിയെന്ന് കരുതി വിഡ്ഢികളാകരുത്;  ഓരോ എടിഎം ഉടമയും അറിഞ്ഞിരിക്കേണ്ട വിവരങ്ങളുമായി 'എടിഎം മണിച്ചെപ്പ്' ഇതാ

തോമസ് ചെറിയാൻ.കെ

ബാങ്ക് അക്കൗണ്ട് എന്ന മണിച്ചെപ്പിന്റെ താക്കോലായ എടിഎം കാർഡുകൾ കൈവശമുള്ളവരാണ് നാം ഏവരും. പണം ആവശ്യമുള്ളപ്പോൾ അതുമായി അടുത്തുള്ള എടിഎം കൗണ്ടറിൽചെന്ന് കാർഡുരച്ച് കോഡും നൽകി ഒറ്റവലി. സംഗതി കഴിഞ്ഞു. ബാങ്ക് നിശ്ചയിച്ചിരിക്കുന്ന പരിധിയിലുള്ള കാശുമെടുക്കാം. ബാലൻസ് നോക്കുന്നത് മുതൽ അക്കൗണ്ട് ട്രാൻസ്ഫർ വരെയുള്ള കാര്യങ്ങൾ അവിടെ ഭദ്രം. ഇതിന് പുറമേ ക്യാഷ് ഡെപ്പോസിറ്റിങ് മെഷീൻ (സിഡിഎം) വഴി പണം നിക്ഷേപിക്കാനുള്ള സൗകര്യവും ബാങ്കുകൾ ഇത്തരം കൗണ്ടറുകളിൽ ക്രമീകരിച്ച് കഴിഞ്ഞു. പഴ്‌സിൽ പണത്തിന്റെ ഭാഗം ഒഴിഞ്ഞ് കിടക്കാൻ തന്നെ കാരണം ഈ ഇത്തിരികുഞ്ഞൻ കാർഡാണ് എന്നതിൽ തർക്കമില്ല.

ഈ കാർഡിനെ ബാങ്ക് കാർഡ്, എംഎസി,ക്ലയന്റ് കാർഡ്, കീ കാർഡ്, ക്യാഷ് കാർഡ് എന്നൊക്കെ പറയാറുണ്ട്. ഇന്ന് വ്യാപാര സ്ഥാപനങ്ങളിൽ പോയാൽ പോലും പണം പഴ്‌സിൽ കരുതേണ്ട ആവശ്യമില്ല. കടയിലുള്ള സ്വൈപിങ് മെഷീനിൽ ഉരച്ച ശേഷം പാസ്‌വേർഡും സാധനം വാങ്ങിയ / സേവനത്തിന്റെ തുക കൂടി ടൈപ്പ് ചെയ്തുകൊടുത്താൽ സംഗതി കഴിഞ്ഞു.

എടിഎം നമ്മുടെ ബാങ്കിങ് മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുകയും രാജ്യത്തെ ഓരോ വ്യക്തിയുടെയും പഴ്‌സിൽ ഇടം നേടുകയും ചെയ്തിട്ട് ഏതാനും വർഷം കഴിഞ്ഞെങ്കിലും ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും മിക്കവർക്കും അറിയില്ല. എടിഎം തട്ടിപ്പുകളുടെ എണ്ണം വർധിച്ചു വരുന്നതും നാം നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്. മാഗ്നറ്റിക്ക് സ്ട്രിപ്പ് ഉള്ള കാർഡുകൾ മാറ്റി പകരം ചിപ്പ് ഘടിപ്പിച്ചവ ഉപയോഗിക്കണമെന്ന സർക്കാർ നിർദ്ദേശത്തിന് പിന്നാലെ വന്ന ആശയക്കുഴപ്പങ്ങളും ചെറുതല്ല.

ആദ്യം ആ സംശയം തന്നെ മാറ്റാം....ചിപ്പ് ഘടിപ്പിച്ച എടിഎം

മാഗ്നറ്റിക്സ്ട്രൈപ് മാത്രമുള്ള ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ മാറ്റി ഇഎംവി ചിപ് പിടിപ്പിച്ച കാർഡുകൾ ഉപയോഗിക്കണമെന്ന റിസർവ് ബാങ്ക് നിർദ്ദേശം ഉപയോക്താക്കൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. എന്നാൽ ഇത് 2015 ആഗസ്റ്റിൽ റിസർവ് ബാങ്ക് ഇറക്കിയ നിർദ്ദേശമാണെന്നത് ഓർക്കുക. ബാങ്ക് തട്ടിപ്പുകൾ, പ്രത്യേകിച്ച് മാഗ്നറ്റിക് സ്ട്രൈപ് കാർഡുകളുടെ ക്ലോണിങ് വഴിയുള്ള തട്ടിപ്പുകൾ എന്നിവ രാജ്യത്ത് വർധിച്ച് വന്നതോടയൊണ് ഈ നിർദ്ദേശം ബാങ്കുകൾ ഊർജിതമായി നടത്തി വരുന്നത്. രാജ്യത്തെ എല്ലാ റീജിയൺ റൂറൽ ബാങ്കുകൾക്കും മറ്റ് സഹകരണ ബാങ്കുകൾ ഉൾപ്പടെയുള്ളവയ്ക്കും ഈ നിർദ്ദേശം ബാധകമാണ്.

ചിപ്പ് ഘടിപ്പിച്ച കാർഡ് നിർബന്ധമായും ഉപഭോക്താക്കളിൽ എത്തിച്ചിരിക്കണം എന്നത് ബാങ്കുകൾക്കുള്ള നിർദ്ദേശമാണെന്നും ഏവരും ഓർക്കണം. ഉപഭോക്താക്കൾക്ക് ഇഎംവി ചിപ്പും 'പിൻ' സുരക്ഷയുമുള്ള കാർഡുകൾ 2018 ഡിസംബർ 31നുമുൻപു ലഭിക്കുന്നുണ്ട് എന്നുറപ്പാക്കാനായിരുന്നു നിർദ്ദേശം. പുതിയ കാർഡിൽ വിവരങ്ങൾ ചിപ്പിൽ സൂക്ഷിക്കുന്നതനാൽ സുരക്ഷ മാഗ്നറ്റിക്ക് സ്ട്രിപ്പ് കാർഡുകളേക്കാൾ കൂടുതലാണ്. സ്വന്തം പേരു പതിക്കാത്ത എടിഎം ഡെബിറ്റ് കാർഡ് ബാങ്ക് ശാഖയിൽ ചെന്നാലുടൻ ലഭിക്കുമെന്ന് മിക്ക ബാങ്കുകളും അറിയിക്കുന്നു. പേരുപതിപ്പിച്ചവ, അപേക്ഷിച്ച് 7 10 ദിവസത്തിനകം ലഭിക്കുമെന്നാണ് വിവരം.

അതേസമയം, പഴയ (ചിപ്പില്ലാത്ത) കാർഡുകൾ ഉപയോഗിക്കാൻ അനുവദിക്കരുതെന്ന് റിസർവ് ബാങ്ക് പറഞ്ഞിട്ടില്ല. ചിപ് കാർഡുകൾ മാത്രമാകുന്നതിനൊപ്പം, രാജ്യത്തെ മൊത്തം എടിഎമ്മുകളും വ്യാപാര കേന്ദ്രങ്ങളിലെയും മറ്റും പോയിന്റ് ഓഫ് സെയ്ൽ (പിഒഎസ്) മെഷീനുകളും ചിപ്പ് കാർഡുകൾ സ്വീകരിക്കാനാകുംവിധം പാകപ്പെടുത്തുകയും വേണം.റിസർവ് ബാങ്കിന്റെ നിർദ്ദേശം അനുസരിക്കാൻ വൈകുന്നതിനു ബാങ്കുകൾ നടപടി നേരിടേണ്ടിവന്നേക്കാം. എന്നാൽ ഉപയോക്താക്കൾ ഒട്ടും പേടിക്കേണ്ടതില്ല.

മാത്രമല്ല, വൺ ടൈ പാസ് വേർഡോ (ഒടിപി) മറ്റ് അക്കൗണ്ട് വിവരങ്ങളോ ആരുമായും പങ്കിട്ടിട്ടെല്ലെങ്കിൽ ഉപയോക്താവ് തികച്ചും സുരക്ഷിതനാണ്. കാരണം, ഉപയോക്താവിന്റെ വീഴ്ച കാരണമല്ലാതെ ഉണ്ടാകുന്ന തട്ടിപ്പുകൾ, അതു നടന്നതായി എസ്എംഎസ്/ഇമെയിൽ ലഭിച്ച് മൂന്നു ദിവസത്തിനകം ബാങ്കിനെ അറിയിച്ചിട്ടുണ്ടെങ്കിൽ, ഉപയോക്താവിനല്ല ബാങ്കിനാണ് ഉത്തരവാദിത്തമെന്ന് റിസർവ് ബാങ്ക് 2017 ജൂലൈയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോഴുള്ള കാർഡ് ഉപയോഗിക്കുന്നതിന് തടസമൊന്നുമില്ലെന്നാണ് ലഭിക്കുന്ന വിവരം.

സൂക്ഷിക്കൂ എടിഎം വഴിയുള്ള തട്ടിപ്പിന്റെ മുഖങ്ങളെ തിരിച്ചറിയൂ

ഡിജിറ്റൽവത്കരണത്തിന്റെ വിപ്ലവം ബാങ്കിങ് മേഖലയിൽ പ്രതിഫലിച്ചതാണ് എടിഎമ്മും ഇന്റർനെറ്റ് ബാങ്കിങ്ങും. ക്യാഷ് ലെസായി ക്യാഷ് ട്രാൻസാക്ഷൻസ് നടത്താമെന്ന അനുഗ്രഹം ഇതിനുണ്ടെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ ഡിജിറ്റലായി തന്നെ നാം അറിയാതെ അക്കൗണ്ടിൽ നിന്നും ക്യാഷ് ലെസായിക്കൊള്ളും. എടിഎം മോഷണം വ്യാപകമായ സാഹചര്യത്തിൽ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്കു അധിൃതർ നൽകുന്ന ചില സുരക്ഷാ മുന്നറിയിപ്പുകൾ ഓർക്കുന്നത് ഏറെ സഹായകരമാവും.

1. അക്കൗണ്ട് ഉടമയുടെ വ്യക്തിപരമായ വിവരങ്ങളോ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുമായി ബന്ധപ്പെട്ട വിവരങ്ങളോ ഇ-മെയിലായോ ഫോൺ മുഖാന്തിരമോ ബാങ്ക് അധികൃതർ ആവശ്യപ്പെടില്ല. അതുകൊണ്ട് തന്നെ ഇത്തരം ചോദ്യങ്ങൾക്കു മറുപടി നൽകരുത്.

2. ക്രെഡിറ്റ് കാർഡ്/ഡെബിറ്റ് കാർഡ് അപ്ഡേഷൻ എന്നു പറഞ്ഞു നിങ്ങൾക്ക് പരിചയമില്ലാത്ത മേഖലയിൽ നിന്നോ ലിങ്കിൽനിന്നോ കോളുകളോ മെയിലോ വന്നാൽ അവഗണിക്കുക.കാർഡ് നമ്പർ, പിൻ നമ്പർ, സിവിവി, ഡേറ്റ് ഓഫ് ബെർത്ത്, എക്സ്പിയറി ഓൺ കാർഡ് മുതലായവയെക്കുറിച്ചുള്ള വിവരങ്ങൾ കസ്റ്റമറെ ഭയപ്പെടുത്തിയോ തന്ത്രപരമായോ കൈക്കലാക്കി തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് ഓർക്കുക.

3. നിങ്ങളുടെ കാർഡിന്റെയോ സ്റ്റേറ്റ്മെന്റിന്റെയോ കോപ്പി മറ്റാർക്കും നൽകരുത്.

4. കാർഡിന്റെ പിൻ നമ്പർ, സിവിവി നമ്പർ എന്നിവ ഒരു സ്ഥലത്തും എഴുതി വയ്ക്കാതിരിക്കുക.

5. ട്രാൻസാക്ഷൻ എസ്എംഎസ് എപ്പോഴും ചെക്ക് ചെയ്യുക.

6. നിങ്ങൾ ബാങ്കുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഫോൺ നമ്പർ/ഇമെയിൽ ഒഴിവാക്കുകയോ മാറ്റുകയോ ചെയ്തിട്ടുണ്ടെങ്കിൽ എത്രയും വേഗം ബാങ്കിൽ അറിയിച്ച് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം.

7. ഇടപാടുകൾ നടത്തുമ്പോൾ ലഭിക്കുന്ന വൺ ടൈം പാസ്‌വേർഡ് മറ്റാർക്കും നൽകരുത്.

8. നിങ്ങൾ നടത്തുന്ന ഓരോ ഇടപാടുകൾക്കും എസ്എംഎസ് അല്ലെങ്കിൽ ഇ മെയിൽ അറിയിപ്പു വരുന്നുവെന്ന് ഉറപ്പാക്കണം.

9. മറ്റാർക്കും നിങ്ങളുടെ കാർഡ് ഉപയോഗിക്കാൻ നൽകരുത്.

10. ബാങ്കിന്റെ കസ്റ്റമർകെയർ നമ്പർ എപ്പോഴും കൈവശമുണ്ടായിരിക്കണം.

 കാർഡ് സ്വൈപിങ്...സൂക്ഷിച്ചില്ലേൽ പണം ഉരച്ചെടുത്ത് പോകും !

 വ്യാപാര സ്ഥാപനങ്ങളിൽ ഇപ്പോൾ കാർഡ് വഴിയാണ് ഇടപാടുകൾ നടത്തുന്നുവെന്ന് നാം പറഞ്ഞല്ലോ. മിക്കയിടത്തും കാർഡ് സ്വൈപ് ചെയ്യുന്ന വേളയിൽ നാം തന്നെയാണ് നമ്മുടെ പാസ് വേർഡ് ടൈപ്പ് ചെയ്യുന്നത്. എന്നാൽ ഇതിന് വിരുദ്ധമായി ചിലയിടത്ത് പാസ് വേർഡ് ചോദിച്ചറിഞ്ഞ ശേഷം വൻ പണത്തട്ടിപ്പ് നടക്കുന്നുണ്ടെന്ന വാർത്ത മാധ്യമങ്ങളിൽ വരുന്നതും നാം ശ്രദ്ധിക്കണം.

സ്വൈപ് ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ഓർക്കൂ 

  •  നിങ്ങളുടെ കാർഡ് ഒരിക്കലും മറ്റൊരാളുടെ കൈവശം നൽകരുത്.
  •  വയർലെസ് സ്വൈപിങ്ങ് മെഷീനുകൾ (പിഒഎസ് ടെർമിനലുകൾ) സുലഭമായതിനാൽ നിങ്ങളുടെ അടുത്തേക്ക് മെഷീൻ എത്തിക്കാൻ ആവശ്യപ്പെടാം.
  • കാർഡ് നിങ്ങൾ തന്നെ സ്വൈപ്പ് ചെയ്യുക.
  •  പിൻ നമ്പർ സുഹൃത്തുക്കളോടു പോലും പങ്കുവയ്ക്കാതിരിക്കുക.
  •  മെഷീനിൽ പിൻ ടൈപ്പ് ചെയ്യുമ്പോൾ മറ്റൊരു കൈ കൊണ്ട് മറച്ചുപിടിക്കുക.
  •  മെഷീനിൽ നൽകിയിരിക്കുന്നത് നിങ്ങൾ നൽകാനുള്ള തുക തന്നെയാണെന്ന് ഉറപ്പ് വരുത്തുക.
  •  ബാങ്കിൽ നിന്നുള്ള എസ്എംഎസ് സേവനം പ്രയോജനപ്പെടുത്തുക. മിനി സ്റ്റേറ്റ്മെന്റും ശ്രദ്ധിക്കുക. സംശയകരമായ ഇടപാടുകൾ നടന്നിട്ടുണ്ടെങ്കിൽ പരാതിപ്പെടുക.
  •  മാഗ്നറ്റിക് സ്ട്രിപ്പ് കാർഡുള്ളർ ഇഎംവി ചിപ്പ് അധിഷ്ഠിത കാർഡ് മാറ്റിവാങ്ങുക. മിക്ക ബാങ്കുകളിലും സൗകര്യം ലഭ്യമാണ്.

ആധാറും ബാങ്ക് അക്കൗണ്ടും തമ്മിൽ ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബാങ്കിൽ നിന്നെന്ന വ്യാജേന ഒരു ഫോൺ കോളുകൾ എത്തുന്നതും ഇപ്പോൾ വൻ തട്ടിപ്പിന്റെ വലയായി കഴിഞ്ഞ ഒന്നാണ്. കാർഡ് നമ്പർ മുതൽ സിവിവി നമ്പർ വരെ ഒരു സംശയവും തോന്നാത്ത വിധം നമ്മുടെ കയ്യിൽ നിന്നും വാങ്ങിയ ശേഷം നിമിഷങ്ങൾക്കകം ഇത്തരം സംഘങ്ങൾ പണം അടിച്ചു മാറ്റിയിരിക്കും. ഒരിക്കലും ബാങ്കിൽ നിന്നോ സർക്കാരിൽ നിന്നോ നിങ്ങളുടെ വിവരങ്ങൾ ചോദിക്കാറില്ലെന്നു പലരും മറക്കുന്നതാണ് ഇത്തരം തട്ടിപ്പുകൾ പെരുകുന്നതിന് കാരണം.

എടിഎം കൗണ്ടറിലെ അശ്രദ്ധ മതി മുട്ടൻ പണി കിട്ടാൻ...ഇക്കാര്യങ്ങൾ ഓർക്കൂ

സിസിടിവി ക്യാമറയെ സൂക്ഷിക്കണേ

എടിഎം കൗണ്ടറിനുള്ളിൽ നിങ്ങൾ സ്വീകരിക്കുന്ന അതേ ജാഗ്രത കാർഡ് സ്വൈപ്പ് ചെയ്യുന്നയിടത്തും ആവശ്യമാണ്. പിൻ നമ്പർ ടൈപ്പ് ചെയ്യുമ്പോൾ നിങ്ങൾക്കു ചുറ്റുമുള്ളത് നൂറു കണ്ണുകളാണ്. ഇതിനു പുറമേ, സുരക്ഷാ ക്യാമറകളുമുണ്ടാകും. ടൈപ്പ് ചെയ്ത നമ്പർ ഏതാണെന്ന് റെക്കോഡ് ചെയ്ത ക്യാമറ ദൃശ്യങ്ങളിൽ നിന്നു മനസിലാക്കാമെന്ന് ഓർക്കുക. ഇന്ത്യയിലെ പല നഗരങ്ങളിലും ഇത്തരം തട്ടിപ്പുകൾ നടക്കുന്നുണ്ട്. പ്രതിവിധിയായി, കൈകൊണ്ട് മറച്ചുപിടിക്കുകയാണ് ഏറ്റവും നല്ലത്.

കാർഡിന്റെ ഡ്യൂപ്പ്! സംഗതി സിമ്പിൾ

എടിഎം തട്ടിപ്പുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്‌കിമ്മിങ്ങ്. നിങ്ങളുടെ കാർഡിന്റെ ഡ്യൂപ്ലിക്കേറ്റുണ്ടാക്കാനുള്ള കാർഡ് സ്‌കിമ്മറുകളെന്ന് ഉപകരണങ്ങൾ ഇപ്പോൾ ചെറിയ വിലയിൽ ലഭ്യമാണ്. ഇവ എടിഎം കൗണ്ടറുകളിൽ ഘടിപ്പിച്ചും തട്ടിപ്പുകൾ നടന്നിട്ടുണ്ട്. നിങ്ങളുടെ കാർഡ് ഏതെങ്കിലും സാഹചര്യത്തിൽ പ്രധാന സ്വൈപിങ്ങ് മെഷീന് പുറമേ മറ്റേതെങ്കിലും ഉപകരണങ്ങളിൽ സ്വൈപ്പ് ചെയ്യുന്നുണ്ടോയെന്നും ശ്രദ്ധിക്കുക. എടിഎം പിൻ കൂടി ക്യാമറ വഴി ചോർത്തിയാൽ നിങ്ങളുടെ അക്കൗണ്ട് മറ്റൊരാൾക്ക് ഉപയോഗിക്കാമെന്നു ചുരുക്കം.

കാർഡിന്റെ ഫോട്ടോ പുറത്ത് പോയാൽ

കാർഡ് ഒരു മിനിറ്റിനുള്ളിൽ തിരികെ ലഭിക്കുമല്ലോ എന്നോർത്താണ് പലരും ധൈര്യമായി പിൻ നമ്പർ കൈമാറുന്നത്. ഒന്നാലോചിക്കുക, നിങ്ങളുടെ കാർഡിന്റെ ഇരുവശങ്ങളുടെയും ചിത്രം മൊബൈൽ ക്യാമറയിലൂടെ പകർത്താൻ നിമിഷങ്ങൾ മതി! പേര്, കാർഡ് നമ്പർ, എക്സ്പയറി ഡേറ്റ്, പിറകുവശത്തുള്ള മൂന്നക്ക സിവിവി നമ്പർ എന്നിവ ഇങ്ങനെ ലഭിക്കും, ഇതിനൊപ്പം പിൻ കൂടിയുണ്ടെങ്കിൽ നിങ്ങളുടെ പണമുപയോഗിച്ച് ആർക്കും ഓൺലൈൻ സൈറ്റുകളിൽ നിന്നു സാധനങ്ങൾ വാങ്ങാം!

ഫോണും കാർഡും ഒരുമിച്ച് പോയാൽ

എടിഎം പിൻ നമ്പർ മറ്റാർക്കും അറിയില്ലെന്ന് അഹങ്കരിക്കാൻ വരട്ടെ. നിങ്ങളുടെ കാർഡും അതുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ഫോണും ഒരാൾക്ക് ലഭിച്ചാൽ എളുപ്പത്തിൽ ഇടപാടുകൾ നടത്താനാവും, നിങ്ങൾ പോലും അറിയാതെ. എടിഎം പിൻ ഇല്ലെങ്കിൽ അടുത്ത മാർഗം വൺ ടൈം പാസ്വേഡാണ് (ഒടിപി). ഇകൊമേഴ്സ് സൈറ്റുകളിൽ കാർഡിൽ നോക്കി വിവരങ്ങൾ നൽകിയശേഷം ഫോണിലെത്തുന്ന ഒടിപി കൂടി കൊടുത്താൽ ഇടപാട് സക്സസ് ആകുമെന്ന് ഓർമിക്കുക. ഇന്റർനെറ്റ് ബാങ്കിങ് ഇല്ലാത്ത അക്കൗണ്ടുകളിൽ പോലും ഈ രീതി പ്രായോഗികമാണ്. ഫോണും കാർഡും ഒരുമിച്ച് മറ്റൊരാൾക്ക് ലഭിക്കുന്ന സാഹചര്യമുണ്ടാക്കാതിരിക്കുക.

ഫോൺ അനങ്ങുന്നില്ലെങ്കിൽ സൂക്ഷിച്ചോളൂ

കാർഡുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഫോൺ നമ്പർ സംശയകരമായ രീതിയിൽ പ്രവർത്തരഹിതമാകുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക, നിങ്ങൾ തട്ടിപ്പിന് ഇരയാകാനുള്ള സാധ്യത കൂടുതലാണ്. നിങ്ങളുടെ വ്യാജരേഖകകൾ ഉപയോഗിച്ച് ഒരു ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് ഉണ്ടാക്കുക ഇക്കാലത്ത് എളുപ്പമാണത്രേ. പിന്നീട് നിങ്ങളുടെ ബാങ്ക് അക്കൗണ്ടുപയോഗിച്ചു നടത്തുന്ന ഇടപാടുകളുടെ ഒടിപി അയാളുടെ ഫോണിലേക്കാവും വരുന്നത്. ഉടമയാകട്ടെ എന്തെങ്കിലും സാങ്കേതികകാരണങ്ങളാൽ തന്റെ സിം നിശ്ചലമായതാണെന്നു കരുതിയിരുന്നെന്നു വരാം. സംഭവത്തെക്കുറിച്ചു വ്യക്തത വരുമ്പോഴേക്കും എല്ലാം കഴിഞ്ഞിട്ടുണ്ടാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP