Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'അയ്യോ..പണം ഞാൻ എവിടുന്ന് കണ്ടെത്തും' ! ശരാശരി വരുമാനത്തിൽ നീക്കിയിരുപ്പുണ്ടാക്കാൻ പെടാപ്പാട് പെടുന്നുണ്ടോ ? ചെലവ് നിയന്ത്രിക്കാൻ പറ്റാതെ കുഴങ്ങി കടം വാങ്ങുന്നത് പതിവായോ ? ഫാമിലി ഫിനാൻഷ്യൽ പ്ലാനിങ് ആരംഭിക്കുന്നതോടൊപ്പം സാമ്പത്തികമായ ചിട്ട കൈവരിക്കാനുള്ള പൊടിക്കൈകൾ പരീക്ഷിച്ച് തുടങ്ങാം; അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നിക്ഷേപ പദ്ധതികളേയും പരിചയപ്പെടാം

'അയ്യോ..പണം ഞാൻ എവിടുന്ന് കണ്ടെത്തും' ! ശരാശരി വരുമാനത്തിൽ നീക്കിയിരുപ്പുണ്ടാക്കാൻ പെടാപ്പാട് പെടുന്നുണ്ടോ ? ചെലവ് നിയന്ത്രിക്കാൻ പറ്റാതെ കുഴങ്ങി കടം വാങ്ങുന്നത് പതിവായോ ? ഫാമിലി ഫിനാൻഷ്യൽ പ്ലാനിങ് ആരംഭിക്കുന്നതോടൊപ്പം സാമ്പത്തികമായ ചിട്ട കൈവരിക്കാനുള്ള പൊടിക്കൈകൾ പരീക്ഷിച്ച് തുടങ്ങാം; അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നിക്ഷേപ പദ്ധതികളേയും പരിചയപ്പെടാം

തോമസ് ചെറിയാൻ കെ

പണം..ജീവിക്കാൻ വേണ്ട അത്യാവശ്യമായ സംഗതികളിൽ ഒന്ന്. എന്നാൽ ജീവിതത്തിൽ പണമാണെല്ലാം എന്ന കരുതിയാൽ സംഗതി കൈവിട്ടു പോകും. സാധാരണക്കാരായ ആളുകൾ ഏറ്റവുമധികമുള്ള നമ്മുടെ സമൂഹം ഇന്ന് കൂടുതലായും ജോലി ചെയ്യുന്നത് പ്രൈവറ്റ് മേഖലയിലാണ്.

ജീവിതത്തിന് ഒരു പരിധി വരെ സുരക്ഷിതത്വം തരാത്ത അവസ്ഥയെന്ന് പലരും കരുതുകയും നാളത്തെ ആവശ്യത്തിന് താൻ എന്ത് ചെയ്യും എന്ന് ആശങ്കപ്പെടും വിധം നീക്കിയിരുപ്പ് ഇല്ലാതെ കുഴയുന്ന അവസ്ഥയുമാണ് ഇന്നത്തെ സമൂഹത്തിൽ കാണാൻ സാധിക്കുന്നത്. കൃത്യമായി പറഞ്ഞാൽ നിക്ഷേപിക്കാൻ മറക്കുകയും ഇന്നിന്റെ ജീവിതത്തിന് ചിട്ട വരുത്താതെ അനാവശ്യമായി ചെലവഴിച്ച് പണം ഇല്ലാത്ത അവസ്ഥ വരുമ്പോൾ ടെൻഷൻ അടിക്കുന്നതുമാണ് ഏവരുടേയും രീതി.

എന്നാൽ ജീവിതത്തിന്റെ 'മണിച്ചെപ്പ്' തകരാതിരിക്കാൻ ചില ചിട്ടകൾ മാത്രം വരുത്തിയാൽ മതിയാകും. ഇതോടൊപ്പം തന്നെ മികച്ച നിക്ഷേപ പദ്ധതികളെയും കുറിച്ച് അറിയുകയും പരീക്ഷിച്ച് തുടങ്ങുകയും ചെയ്താൽ മികച്ച സാമ്പത്തിക ഭദ്രത വേഗം തന്നെ കൈവരിക്കാനും സാധിക്കും.

കുടുംബച്ചെലവ് ...അറിഞ്ഞിരിക്കാൻ ചിലത്

വരുമാനം എത്രയെന്ന് നോക്കാതെ ചെലവ് പെരുപ്പിക്കുന്നതാണ് പല കുടുംബങ്ങളുടേയും സാമ്പത്തിക അടിത്തറയെ തകർക്കുന്നത്. ഹോട്ടൽ ഭക്ഷണം,സിനിമ, ട്രിപ്പ്, ഷോപ്പിങ് എന്നിവയാണ് ചെലവിന്റെ മുഖ്യമായ 'പുഴകൾ'. ഇതിലേക്ക് എടുത്ത് ചാടാതെ ഒരു ഓരം ചേർന്ന് പോയാൽ മാത്രമേ സാമ്പത്തിക ക്ലേശങ്ങൾ അനുഭവിക്കാതെ ഒരു കുടുംബത്തിന് മുന്നോട്ട് പോകാൻ സാധിക്കൂ.

ചെലവ് എന്നത് ഉണ്ടാകുന്നത് തന്നെ രണ്ട് രീതിയിലാണ്. ആവശ്യത്തിനുള്ള ചെലവുകളും അനാവശ്യമായിട്ടുള്ള ചെലവുകളും. ഒരു ശരാശരി കുടുംബത്തിന്റെ ചെലവെടുത്ത് നോക്കിയാൽ അനാവശ്യ ചെലവുകളുടെ കണക്കാവും കൂടുതൽ കാരണം ആവശ്യത്തിനുള്ള ചെലവ് എന്ന് പറയുന്നത് എപ്പോഴും പരിമിതമാണ്.

മേൽപ്പറഞ്ഞ സിനിമയും ഷോപ്പിങ്ങുമൊക്കെ നമുക്ക് ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണെങ്കിലും അതിന്റെ തോത് കുറയ്ക്കുന്നത് ഏറെ ഗുണം ചെയ്യും. ഇത്തരത്തിൽ ഒന്നോ രണ്ടോ മാസം ചെയ്ത ശേഷം പഴയ കണക്കുകൾ കൂടി എന്ന് എടുത്ത് നോക്കൂ 'ആവശ്യവും' അത്യാഗ്രഹവും തമ്മിലുള്ള ചെലവിന്റെ അന്തരം പെട്ടന്ന് മനസിലാക്കാം. പെട്ടന്ന് ചെലവ് കുറച്ച് സമ്പത്ത് പെരുപ്പിക്കാമെന്നത് ഒരു മിഥ്യാ ധാരണയാണ്. അത് ഗുണത്തേക്കാളുപരി ദോഷം മാത്രമേ ചെയ്യു.

സാമ്പത്തികമായ പ്ലാനിങ്ങിന് ആദ്യം വേണ്ടത് കുടുംബാംഗങ്ങൾ (അത് ദമ്പതിമാർ മാത്രമുള്ളതാകാം) തമ്മിലുള്ള ഒത്തൊരുമയാണ്. ഒരാൾ അറിയാതെ മറ്റൊരാൾ പണം ചെലവഴിക്കാതിരിക്കുക. സാമ്പത്തികമായ അച്ചടക്കം തുടർച്ചയായിരിക്കണമെങ്കിൽ ഫാമിലി ഫിനാൻഷ്യൽ പ്ലാനിങ് കൃത്യമായ നടപ്പാക്കണം. അത് എല്ലാവർക്കും അംഗീകരിക്കാനും പിന്തുടരാനും സാധിക്കുന്നതാകണം. കടുംപിടുത്തങ്ങൾ പാടില്ലെന്നർത്ഥം.

പണം വിഴുങ്ങുന്ന ഷോപ്പിങ്ങുകൾ

ഷോപ്പിങ്ങിനാണ് ഒരു കുടുംബത്തിൽ കൂടുതലായും പണം ചെലവഴിക്കുന്നത്. കണ്ണിൽ കാണുന്നത് അപ്പോഴത്തെ സന്തോഷത്തിന് വേണ്ടി മാത്രം വാങ്ങിച്ചു കൂട്ടിയ ശേഷം പിന്നീട് പണത്തിന് ആവശ്യം വരുമ്പോൾ കൈയും കാലുമിട്ടടിക്കുന്നത് മിക്ക വീടുകളിലും പതിവ് കാഴ്‌ച്ചയാണ്. ഇതിന്റെ പേരിലുള്ള ടെൻഷനും കലഹവും വേറെ.

ഷോപ്പിങ്ങിന് പോകും മുൻപ് വീട്ടിലിരുന്ന് തന്നെ പട്ടിക തയാറാക്കാം. ആവശ്യമില്ലാത്തവ ഒഴിവാക്കാൻ ഇത് ഏറെ സഹായിക്കും. ഇത് പതിവാക്കിയാൽ നാം പോലുമറിയാതെ പണം ചോരുന്ന പ്രവണത ഒഴിവാക്കാം. ഒരു കുടുംബത്തിന് ഓരോ ദിവസവും വരുന്ന വരവും ചെലവും അടക്കമുള്ള കാര്യങ്ങൾ കൃത്യമായി മോണിട്ടർ ചെയ്താൽ ദിവസം വീട്ടിലുണ്ടാകുന്ന അമിത ചെവലുകൾക്ക് തടയിടാം.

എവിടാണ് അമിതമായി ചെലവാകുന്നത് എന്ന് കണ്ട് ഇത് ഒഴിവാക്കിയില്ലെങ്കിൽ ചെയിൻ റിയാക്ഷൻ പോലെ ചെലവുകൾ വർധിക്കുകയേ ഉള്ളൂ. കുടുംബാംഗങ്ങളുടെ സത്യസന്ധതയാണ് ഇതിൽ പ്രധാനം.

കടം നല്ലതല്ല..സാമ്പത്തിക നടത്തിപ്പ് സ്വേച്ഛാധിപത്യമല്ല

കടം വാങ്ങുന്നതും കൊടുക്കുന്നതും അത്ര നല്ല കാര്യമല്ല. ഇത് കുടുംബ ബഡ്ജറ്റിനെ താളം തെറ്റിക്കുന്ന ഒന്നാണ്. കടം വാങ്ങിയ ശേഷം ഒറ്റത്തവണയായി കൊടുത്ത് തീർക്കാൻ ശ്രമിക്കുന്ന വ്യഗ്രതയാണ് ഏവരേയും കുരുക്കിൽപെടുത്തുന്നത്. അതുകൊണ്ടാണ് ബാങ്കുകൾ പോലും തവണകളായി അടയ്ക്കാനുള്ള അവസരം നൽകുന്നത്. വീട്ടിൽ പണം കൈകാര്യം ചെയ്യുന്നവരോടാകും കടം തരുമോ എന്ന രീതിൽ ആളുകൾ സമീപിക്കുക. ഇത്തരം അവസരങ്ങളിൽ വളരെ ചിന്തിച്ച് മാത്രം തീരുമാനമെടുക്കുക. കാര്യമായ വരുമാനം ഇല്ലാത്ത പക്ഷവും ഇത്തരത്തിൽ തവണകളായി കടം കൊടുത്ത് തീർക്കുന്നതാകും ഉത്തമം. കുടുംബാംഗങ്ങൾ അറിയാതെ പണം കടം കൊടുക്കാതിരിക്കുക.

സേവിങ്സിനായി ശ്രമിച്ചു തുടങ്ങാം.....സുരക്ഷിതമായ നിക്ഷേപ പദ്ധതികളെ പരിചയപ്പെടാം

സേവിങ്സ് അക്കൗണ്ട് എന്നതാണ് ഭൂരിഭാഗം ആളുകളും ആശ്രയിക്കുന്ന 'മണിച്ചെപ്പ്'. പേരിൽ സേവിങ്സ് എന്നുണ്ടെങ്കിലും ഇത് പേരിൽ മാത്രമാണെന്നും മിക്കപ്പോഴും നാം പണം ചെലവാക്കുന്നതും ഈ അക്കൗണ്ടിൽ നിന്നുമാണെന്നുമുള്ള സത്യം മനസിലാക്കുക. വീട്ടിലെ പ്രായമുള്ള ആളുകൾക്ക് വേണ്ടി വരെ ഒരു തുക മാറ്റി വയ്ക്കുന്നത് മുതൽ ചെലവിനും ഇതിനു പുറമേ ദീർഘകാല നിക്ഷേപമെന്ന വണ്ണം നീക്കി വയ്ക്കുന്ന തുകയുമാണ് യഥാർത്ഥ സേവിങ്സ് എന്ന് പറയുന്നത്.

റെക്കറിങ് ഡെപ്പോസിറ്റ് (ആർ.ഡി.), ടൈം ഡെപ്പോസിറ്റ്, മാസം തോറും വരുമാനം ലഭിക്കാൻ മന്ത്ലി ഇൻകം അക്കൗണ്ട്, പബ്ലിക് പ്രോവിഡന്റ് ഫണ്ട് അക്കൗണ്ട് എന്നിങ്ങനെ വിവിധ സ്‌കീമുകൾ പോസ്റ്റോഫീസുകളലും ബാങ്കുകളിലുമുണ്ട് ഇത് പ്രയോജനപ്പെടുത്താം. കെ.എസ്.എഫ്.ഇ. പോലെ വിശ്വസിക്കാവുന്ന സ്ഥാപനങ്ങൾ നടത്തുന്ന ചിട്ടി പദ്ധതികളും നല്ലതാണ്. മാസങ്ങളോളം ചെറു തുകയായി നിക്ഷേപിച്ച് സമ്പാദ്യം വർധിപ്പിക്കുന്ന ചിട്ടി കൊണ്ട് മറ്റ് പല ഗുണങ്ങളുമുണ്ട്. പലിശ ലഭിക്കുന്ന ചിട്ടികളുമുണ്ട്. ഓഹരിയിൽ പണം നിക്ഷേപിക്കുന്നതും നല്ലതാണ് പക്ഷേ കൃത്യമായി പഠിച്ചിട്ട് വേണമെന്ന മാത്രം.

ബാങ്ക് നമുക്ക് നൽകുന്ന സേവനങ്ങളായ ക്രെഡിറ്റ് കാർഡ് ഡെബിറ്റ് കാർഡ് എന്നിവയിലൂടെയുള്ള ചെലവും സൂക്ഷിച്ച് ചെയ്യുക. ക്യാഷ് പെയ്മെന്റാണ് ഏറ്റവും നല്ലത്. കാർഡ് വഴി പണം ചെലവാക്കുമ്പോൾ പണം എണ്ണിക്കൊടുക്കുന്ന ഫീൽ ഉണ്ടാകില്ല. ഇത് ഗുണത്തേക്കാലേറെ ദോഷമേ ചെയ്യൂ. കുട്ടികളുള്ളവർ അവരുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതും നല്ലതാണ്. കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള സ്‌കീമിൽ പണം നിക്ഷേപിക്കുന്നത് ഏറെ ഗുണം ചെയ്യും.

ഗുണകരമായ നിക്ഷേപ പദ്ധതികളെ പരിചയപ്പെടാം...ആരംഭിക്കാം

നിക്ഷേപ പദ്ധതികളിൽ പലതിലും മിക്കവരും തലവയ്ക്കാത്തത് നികുതി ഭയന്നാണ്. അമിതമായി നികുതി വന്നാൽ തങ്ങളുടെ പണം ആ വഴിക്ക് പോകുമോ എന്ന തെറ്റായ ധാരണയാണ് പണ്ടു മുതൽ തന്നെ പലരേയും ലിക്വിഡ് മണി കൈവശം വയ്ക്കുവാൻ പ്രേരിപ്പിക്കുന്ന ഒന്ന്. അവനവന്റെ സാമ്പത്തിക ചുറ്റുപാടും വരുമാനവും എങ്ങനെയെന്ന് കരുതി നിക്ഷേപ പദ്ധതികൾ സ്വീകരിച്ചാൽ അത് ഭാവിയിലേക്കും ഏറെ ഗുണം ചെയ്യും.

ബാങ്ക് നിക്ഷേപം മികച്ചത് തന്നെ

ബാങ്ക് നിക്ഷേപങ്ങൾ എപ്പോഴും സുരക്ഷിതമായ ഒന്നാണ്. സ്വകാര്യ ബാങ്കുകളേക്കാൾ സർക്കാർ മേൽനോട്ടത്തിലുള്ള ബാങ്കുകളാണ് ഏറ്റവുധികം ഗുണം ചെയ്യുക. അഞ്ചു വർഷവും അതിലധികവും ദീർഘകാലാവധിയുള്ള നിക്ഷേപ പദ്ധതികളും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. 80 സി നിയമപ്രകാരം ഇവയ്ക്ക് നികുതി ഇളവ് ലഭിക്കുമെന്ന കാര്യവും മറക്കണ്ട. നിക്ഷേപിക്കുന്ന പണത്തിന് സുരക്ഷ ഉറപ്പ് തരാൻ സാധിക്കുന്ന ഒന്നാണ് ബാങ്ക് നിക്ഷേപങ്ങൾ.

ബാങ്കിൽ നിന്നും പലിശയായി ലഭിക്കുന്ന തുകയ്ക്ക് ആദായ നികുതി ബാധകമാണെന്നും ഓർക്കുക. സേവിങ്സ് ബാങ്ക് നിക്ഷേപങ്ങളേക്കാൾ റിക്കറിങ് ഡെപ്പോസിറ്റ്, ഫിക്സഡ് ഡെപ്പോസിറ്റ് എന്നിവയാകും നല്ലത്. ഇവയ്ക്ക് താരതമ്യേന മികച്ച പലിശയും ലഭിക്കും. 10,000 രൂപയ്ക്ക് മുകളിൽ ലഭിക്കുന്ന പലിശയുള്ള വരുമാനത്തിന് സ്രോതസ്സിൽ നികുതി കിഴിവുണ്ടാകുമെന്നതും മറക്കണ്ട.

ഇൻഷുറൻസ് പോളിസികൾ എന്നത് മികച്ച ഒരു നിക്ഷേപം തന്നെയാണ്. ഇതിന് നികുതി ഇല്ല എന്നതും ഒരു പ്രധാന ആകർഷണമാണ്. ആരോഗ്യ ഇൻഷുറൻസ് അടക്കമുള്ള വിവിധ തരത്തിലുള്ള ഇൻഷുറൻസ് പോളിസികളുണ്ട്. സ്ഥിര വരുമാനമുള്ളർ ഇൻഷുറൻസ് എന്നത് തീർച്ചയായും എടുത്തിരിക്കേണ്ട ഒന്നു തന്നെയാണ്. ദീർഘകാല നിക്ഷേപമായതിനാൽ ഇത് വട്ടമെത്തുമ്പോൾ പലിശ സഹിതം നല്ലൊരു തുക തന്നെ കൈയിൽ കിട്ടുകയും ചെയ്യും.

വിവിധ തരത്തിലുള്ള പദ്ധതികൾ ഉള്ളതിനാൽ വരുമാനം അനുസരിച്ച കാലാവധി തിരഞ്ഞെടുക്കുക. അല്ല പോളിസി തുക വട്ടമെത്തുന്ന സമയത്ത് മികച്ച രീതിലുള്ള വരുമാനമുണ്ടെങ്കിൽ പോളിസി പുതുക്കാനും ഇപ്പോൾ അവസരമുണ്ട്. സ്വകാര്യ സ്ഥാപനങ്ങൾ നടത്തുന്ന ചില പോളിസികളും ഓൺലൈൻ വഴി ഇൻഷുറൻസ് തരാമെന്ന് പറഞ്ഞ് മാടി വിളിക്കുന്ന കമ്പനികളേയും ശ്രദ്ധിക്കണം.

സുകന്യ സമൃദ്ധി യോജന എന്നത് ഏവരും അറിഞ്ഞിരിക്കേണ്ട നിക്ഷേപ രീതിയാണ് പ്രത്യേകിച്ച് പെൺമക്കൾ ഉള്ളവർ. ഒരു സാമ്പത്തിക വർഷത്തിൽ ഒന്നര ലക്ഷം രൂപ വരെ നിക്ഷേപം നടത്താവുന്ന ഈ പദ്ധതിക്ക് 80 സി പ്രകാരം ആദായ നികുതിയിൽ ഇളവ് ലഭിക്കുമെന്ന കാര്യം മറക്കരുത്. കുട്ടികൾക്ക് പത്തു വയസിൽ താഴെ പ്രായമുള്ളപ്പോൾ മുതലാണ് ഇത് തുടങ്ങാൻ പറ്റിയ സമയമെന്ന് വിദഗ്ദ്ധർ പറയുന്നു.

21 വർഷമാണ് ഇതിന്റെ കാലാവധി. എന്നിരുന്നാലും മകൾക്ക് 18 വയസ് പൂർത്തിയാകുകയും വിവാഹം കഴിയുകയും ചെയ്താൽ ഈ അക്കൗണ്ട് ക്ലോസ് ചെയ്ത് പണം തിരികെ എടുക്കാൻ സാധിക്കും. നിലവിൽ ഈ പദ്ധതിക്ക് 8.1 ശതമാനമാണ് വാർഷിക പലിശ നിരക്ക് എന്ന കാര്യം മറക്കണ്ട.

സീനിയർ സിറ്റിസൺസ് സേവിങ്സ് സ്‌കീം മറക്കരുതാത്ത ഒന്നാണ്. ഇതിന്റെ കാലാവധി അഞ്ചു വർഷമാണെങ്കിലും ഇത് വീണ്ടും നീട്ടാവുന്ന ഒന്നാണ്. 55 വയസ് കഴിഞ്ഞവർക്ക് തങ്ങളുടെ പെൻഷൻ ആനുകൂല്യങ്ങൾ നിക്ഷേപിക്കാൻ സാധിക്കുന്ന സ്‌കീമാണിത്. ഈ നിക്ഷേപത്തിന് 8.3 ശതമാനം പലിശ ലഭിക്കുന്നതിനാൽ മറ്റ് നിക്ഷേപ പദ്ധതികളേക്കാൾ മികച്ചതാണെന്നും കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കും ഇത് പ്രയോജനം ചെയ്യുമെന്നുള്ളതും മറക്കണ്ട.

പബ്ലിക് പ്രോവിഡന്റ് ഫണ്ട് എന്നത് നിക്ഷേപത്തിന്റെ കാര്യത്തിൽ സുരക്ഷിതമായ നിക്ഷേപങ്ങളിലൊന്ന് എന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്ന ഒന്നാണ്. പബ്ലിക് പ്രോവിഡന്റ് ഫണ്ട് സ്‌കീമിൽ ഒന്നര ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക നികുതി ഇളവ് ലഭിക്കുന്നമെന്നും മൂന്ന് മാസം കൂടുമ്പോൾ പലിശ നിരക്ക് പുനർനിർണയം ചെയ്യുന്ന പിപിഎഫ് നിക്ഷേപങ്ങൾ ജനുവരി മുതൽ മാർച്ച് വരെ മൂന്ന് മാസ കാലാവധിക്ക് 7.6% വാർഷിക പലിശ നിരക്ക് ലഭിക്കുന്നുവെന്നുള്ളതും മറക്കണ്ട.

പോസ്റ്റ് ഓഫിസുകളിലും ബാങ്കുകളിലും തുടങ്ങാവുന്ന പബ്ലിക്ക് പോവിഡന്റ് ഫണ്ട് അക്കൗണ്ടിൽ പ്രതിവർഷം കുറഞ്ഞത് 500 രൂപയും കൂടിയത് ഒന്നര ലക്ഷം രൂപയും നിക്ഷേപിക്കാൻ രൂപയും നിക്ഷേപിക്കാൻ സാധിക്കും. പതിനഞ്ച് വർഷമാണ് നിക്ഷേപ കാലാവധിയെങ്കിലും അഞ്ച് വർഷം കൂടുമ്പോൾ വീണ്ടും സ്‌കീം പുതുക്കാനും സാധിക്കും. 

ഓഹരി നിക്ഷേപവും അറിഞ്ഞിരിക്കേണ്ട ഒന്നാണ്.ഒരു കമ്പനി രണ്ട് തരത്തിലുള്ള ഓഹരികളാണ് നൽകുന്നത് പ്രിഫറൻസ് ഓഹരികളും ഇക്വിറ്റി ഓഹരികളും. പ്രിഫറൻസ് ഓഹരി ഉടമകൾക്ക് നിശ്ചിതമായ നിരക്കിൽ ഓഹരി ലഭിക്കും കമ്പനി അഥവാ പെളിഞ്ഞെന്ന് പറഞ്ഞാലും ഇവർക്ക് തുക തിരികേ ലഭിക്കും.

അഥവാ ഇനി കമ്പനിക്ക് നഷ്ടത്തിലാണ് ഓടേണ്ടി വരുന്നതെങ്കിൽ ലാഭം ലഭിക്കുന്ന സമയത്ത് മുൻ വർഷത്തെയും ചേർത്ത് നൽകുന്ന പരിപാടിയും പ്രിഫറൻസ് ഷെയറിലുണ്ട്. ഇതരത്തിൽ നഷ്ടമുണ്ടാകാതിരിക്കേണ്ടതിനുള്ള ഷെയറുകളാണ് ക്യുമുലേറ്റീവ് പ്രിഫറൻസ് ഷെയറുകൾ എന്ന് പറയുന്നത്.

എന്നാൽ ഇതിൽ നിന്നും വ്യത്യസ്ഥമായ ഒന്നാണ് ഇക്വിറ്റി ഷെയറുകൾ എന്നത്. ഈ ഓഹരി ഉടമകൾക്ക് മുൻഗണന ലഭിക്കാറില്ല. മുൻഗണനാ ഓഹരി ഉടമകൾക്കും മറ്റ് ധനമിടപാട് നടത്തിയവർക്കും വിഹിതം നൽകി കഴിഞ്ഞ ശേഷം മാത്രമേ ഇക്വിറ്റി ഷെയർ ഉടമകൾക്ക് വിഹിതം ലഭിക്കൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP