Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

വീട്ടമ്മമാരേ പാചകവാതക വില കൈപൊള്ളിക്കുന്നുണ്ടോ? വൈദ്യുതി ബില്ലിലും ഇന്ധന ഉപയോഗത്തിലും കീശ കാലിയാകുമ്പോൾ സാധാരണക്കാർ അറിഞ്ഞിരിക്കാൻ ഒട്ടേറെ കാര്യങ്ങളുണ്ടേ; വാഹനം ഉപയോഗിക്കുമ്പോൾ ഇന്ധനം 40 ശതമാനം വരെ ലാഭിക്കണോ? വൈദ്യുതി ബിൽ നേർപകുതിയാക്കണോ? ഗ്യാസ് അടുപ്പ് മുതൽ വാഹനം ഉപയോഗിക്കുമ്പോൾ വരെ ചില നുറുങ്ങ് വിദ്യകൾ പ്രയോഗിച്ചാൽ പഴ്‌സ് നിറയുമെന്നുറപ്പ്; ഊർജ ഉപയോഗത്തിൽ പണം 'കരിഞ്ഞ്' പോകാതിരിക്കാനുള്ള മാർഗങ്ങളിതാ

വീട്ടമ്മമാരേ പാചകവാതക വില കൈപൊള്ളിക്കുന്നുണ്ടോ? വൈദ്യുതി ബില്ലിലും ഇന്ധന ഉപയോഗത്തിലും കീശ കാലിയാകുമ്പോൾ സാധാരണക്കാർ അറിഞ്ഞിരിക്കാൻ ഒട്ടേറെ കാര്യങ്ങളുണ്ടേ; വാഹനം ഉപയോഗിക്കുമ്പോൾ ഇന്ധനം 40 ശതമാനം വരെ ലാഭിക്കണോ? വൈദ്യുതി ബിൽ നേർപകുതിയാക്കണോ? ഗ്യാസ് അടുപ്പ് മുതൽ വാഹനം ഉപയോഗിക്കുമ്പോൾ വരെ ചില നുറുങ്ങ് വിദ്യകൾ പ്രയോഗിച്ചാൽ പഴ്‌സ് നിറയുമെന്നുറപ്പ്; ഊർജ ഉപയോഗത്തിൽ പണം 'കരിഞ്ഞ്' പോകാതിരിക്കാനുള്ള മാർഗങ്ങളിതാ

തോമസ് ചെറിയാൻ.കെ

ഊർജ്ജം എന്നത് ഇല്ലാത്ത ഒരു ലോകം നമുക്ക് സങ്കൽപിച്ച് നോക്കാൻ സാധിക്കുമോ? ഇല്ല.... നമ്മുടെ ദൈനം ദിന ജീവിതത്തിൽ ഊർജ്ജം എന്നത് പല രീതിയിൽ നമുക്ക് ചുറ്റുമുണ്ട്. അഗ്നിയും കാറ്റും ജലവുമെല്ലാം ഊർജ്ജം സൃഷ്ടിക്കുന്നതിനുള്ള ശ്രോതസ്സുകളാണെന്നതും നമുക്ക് അറിയാം. എന്നാൽ അൽപം കൂടി ലളിതമായി പറഞ്ഞാൽ നമ്മുടെ ദൈനം ദിന ജീവിതത്തിൽ ഊർജ്ജത്തിന്റെ പ്രതിരൂപമായി വരുന്ന മൂന്ന് പ്രധാന കാര്യങ്ങളുണ്ട്. വൈദ്യുതി, പാചകവാതകം, വാഹന ഇന്ധനം മുതലായവ. പണക്കാർക്കാണെങ്കിലും പാവപ്പെട്ടവർക്കാണെങ്കിലും ഇതിനായി മുടക്കുന്ന അടിസ്ഥാന നിരക്കിന് മാറ്റമൊന്നുമില്ല.

എന്നാൽ വിലക്കയറ്റം എന്ന ശാപം പിന്തുടരുന്ന വേളയിൽ ശരാശരി വരുമാനം കൊണ്ട് വീടിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്നവർക്ക് വൈദ്യുതി ബില്ലും ഇന്ധന വിലയും ഏറെ വലയ്ക്കുന്ന ഒന്നാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി കാലാവസ്ഥയിലുണ്ടായ വ്യതിയാനവും ചൂടിന്റെ കാര്യത്തിലുള്ള വർധനവും വൈദ്യുതിയുടെ ഉപയോഗത്തിലും ഇന്ധനത്തിന്റെ ഉപയോഗത്തിലും വൻ വർധന വരുത്തിയിട്ടുണ്ടെന്ന് കണക്കുകൾ പറയുന്നു. പ്രതിമാസം വൈദ്യുതി ഇന്ധന ചാർജായി മാത്രം ചെലവഴിക്കുന്ന തുക കണ്ടാൽ തന്നെ സാധാരണക്കാരന്റെ നെഞ്ചിടിപ്പ് കൂടുന്നുണ്ട് എന്ന് ഇനി പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല.

ദൈനം ദിന ജീവിതത്തിൽ വൈദ്യുതിയും ഇന്ധനവും ഉപയോഗിക്കുന്ന വേളയിൽ ചിട്ടയായ ചില പ്രവൃത്തികൾ കൂടി ചെയ്താൽ അനാവശ്യമായി കൈയിൽ നിന്നും പണമൊഴുകുന്നത് തടയാനാകും. വൈദ്യുതി ഉപയോഗം കുറയ്ക്കുന്ന തിരത്തിലുള്ള ഉപകരണങ്ങളും ഇന്ധനക്ഷമതയേറിയ വാഹനങ്ങളും നിരത്തിലിറക്കുന്നുവെന്ന് കമ്പനികൾ അവകാശപ്പെടുന്നുണ്ടെങ്കിലും അനാവശ്യമായി ഊർജ്ജം പാഴാകുന്നത് തടഞ്ഞാൽ മാത്രമേ സാധാരണക്കാരന്റെ കീശ കീറാതിരിക്കൂ എന്ന് ഓർക്കുക. ഇത്തരം ചില നുറുങ്ങ് വിദ്യകൾ പങ്കുവയ്ക്കുന്ന മണിച്ചെപ്പാണ് ഇത്തവണത്തേത്.

ആദ്യം വൈദ്യുതിയിൽ തുടങ്ങാം അല്ലേ...?

ഓരോ ദിനം ചെല്ലുംതോറും വൈദ്യുതി ഉപയോഗം വർധിച്ചു വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. വൈദ്യുതി ബില്ലിൽ ലാഭം വരുത്താനായി ആദ്യം നാം ഉപയോഗിക്കുന്ന മുറിയിൽ നിന്നും ആരംഭിക്കാം. അങ്ങനെ വീട്ടിലെ ഓരോരുത്തരും അവനവൻ ഉപയോഗിക്കുന്ന വൈദ്യുതി ഉപകരണങ്ങളുടെ കാര്യത്തിൽ കൃത്യമായ ചിട്ട കൊണ്ടു വന്നാൽ ബില്ലിൽ അത് പ്രതിഫലിക്കുമെന്ന് ഉറപ്പ്. അതിനുള്ള ചില മാർഗങ്ങൾ നോക്കാം

> ലൈറ്റുകളുടെ ഉപയോഗം നോക്കിയാൽ എൽഇഡി ബൾബുകളാണ് ഏറ്റവും നല്ലത്. സിഎഫ്എൽ മാറി അവയുടെ സ്ഥാനത്ത് എൽഇഡി വന്നപ്പോൾ വൈദ്യുതി ബില്ലുകളിലും ഗണ്യമായ കുറവ് വന്നിരുന്നു. 9 വാട്ട്‌സിന്റെ എൽഇഡി ബൾബുണ്ടെങ്കിൽ ഒറു മുറിയിൽ ധാരാളം വെളിച്ചം കിട്ടും. സിഎഫ്എൽ ബൾബുകൾ പരമാവധി 10,000 മണിക്കൂർ ആയുസ് നൽകുമെന്ന് വാഗ്ദാനം ചെയ്യുമ്പോൾ എൽഇഡി ബൾബുകൾക്ക് 50,000 മണിക്കൂറാണെന്നും മറക്കരുത്.

> ഉപയോഗം കഴിഞ്ഞാൽ ഫാനും ലൈറ്റും ഓഫാക്കാൻ മറക്കരുത്. ഇത്തരത്തിൽ തന്നെ രാജ്യത്ത് ഒട്ടേറെ വൈദ്യുതി പാഴായി പോകുന്നുണ്ട്. കേരളത്തിലാണ് ഇതിന്റെ മുഖ്യപങ്കെന്ന കാര്യവും മറക്കരുത്.

>വണ്ണം കുറഞ്ഞ ട്യൂബ് ലൈറ്റുകൾ ഇന്ന് ലഭ്യമാണ്. ഇത് വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിന് സഹായിക്കും.

>വൈദ്യുതി ഉപകരണങ്ങളിൽ ഏറ്റവുമധികം ഉപയോഗിക്കുന്നവയാണ് ഫാനുകൾ. 35 മുതൽ 50 വാട്‌സ് വരെ വൈദ്യുതി ഉപയോഗത്തിൽ പ്രവർത്തിക്കുന്ന ഫാനുകൾ ഇന്നുണ്ട്. ഇവ ഉപയോഗിക്കുമ്പോൾ ചെറിയ ഇലക്ട്രോണിക്ക് റെഗുലേറ്റർ ഘടിപ്പിക്കുവാനും ഫാനിന്റെ ലീഫുകൾ കൃത്യസമയത്ത് വൃത്തിയാക്കാൻ ശ്രമിക്കുകയും വേണം.

> തുണി അയൺ ചെയ്യുന്ന സമയത്ത് പരമാവധി തുണികൾ തേച്ച് വയ്ക്കുക. പലപ്പോഴായി അയൺ ചെയ്യാൻ ശ്രമിക്കുന്നത് വൈദ്യുതി പാഴാകുന്നതിന് കാരണമാകും.

> വീട്ടിൽ ഏറ്റവുമധികം വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണമാണ് ഫ്രിഡ്ജ്. ഇവ എപ്പോഴും ഭിത്തിൽ നിന്നും അൽപം മാറ്റി വായി സഞ്ചാരമുള്ളിടത്ത് വയ്ക്കുകയും അടിക്കടി തുറക്കുന്നത് ഒഴിവാക്കുകയും വേണം. പഴയ ഫ്രിഡ്ജുകളേക്കാൾ മികച്ച സ്റ്റാർ റേറ്റിങ്ങുള്ള ഫ്രിഡ്ജുകളാണ് നല്ലത്.

> കംപ്യൂട്ടറുകളും ലാപ്‌ടോപ്പുകളും ഉപയോഗിച്ച ശേഷം പവർ ഓഫാക്കിയെന്ന് ഉറപ്പ് വരുത്തണം. സ്ലീപ് മോദിൽ കിടക്കുന്ന വേളയിൽ വൈദ്യുതി ഉപയോഹഗം കട്ടാകുമെന്ന് പറയുന്നുണ്ടെങ്കിലും ഹാർഡ് ഡിസ്‌ക് അടക്കമുള്ള ഭാഗങ്ങളുടെ ആയുസിന് ഏറ്റവും നല്ലത് ഉപയോഗം കഴിഞ്ഞയുടൻ ഓഫ് ചെയ്യുന്നതാണ്.

> എസി എന്നത് വൈദ്യുതി ഒരുപാട് ഉപയോഗിക്കുന്ന ഒന്നാണ്. അതിനാൽ തന്നെ ഇപ്പോൾ വിപണിയിലുള്ള ഇൻവെർട്ടർ എസി ഉപയോഗിക്കുന്നത് വൈദ്യുതി ഉപയോഗത്തിൽ ലാഭം നൽകുമെന്ന കാര്യം ഓർക്കുക.

> വീട്ടിൽ മോട്ടോർ ഉപയോഗിക്കുന്ന വേളയിലും ഒട്ടേറെ വൈദ്യുതിയാണ് വേണ്ടി വരുന്നത്. അതിനാൽ തന്നെ ഊർജ്ജക്ഷമതയുള്ള മോട്ടോർ ഉപയോഗിക്കുക. മൂന്ന് തവണയിൽ കൂടുതൽ റീവൈൻഡ് ചെയ്ത മോട്ടോറുകൾ ഉപയോഗിക്കാതിരിക്കാനും ഇവയുടെ കൂളിങ് ഫാനുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തുക. ഇവയിൽ ഉപയോഗിക്കുന്ന പൈപ്പുകൾ വരെ കൃത്യമായ അളവിലുള്ളതല്ലെങ്കിൽ പണം ചോരും എന്ന കാര്യം കൂടി ഓർക്കുക.

> ഫോൺ ചാർജ് ചെയ്യുന്ന സമയത്തും ഏറെ ശ്രദ്ധ വേണ്ട ഒന്നാണ്. ഫുൾ ചാർജായി എന്ന് ഉറപ്പു വരുന്ന സമയത്തിലധികം ഇവ ചാർജ് ചെയ്തിടരുത്. വൈദ്യുതി പാഴാകുന്നതിനും ഫോൺ നശിക്കുന്നതിനും ഇത് കാരണമാകുമെന്ന് ഓർക്കുക.

പാചകവാതക ഉപയോഗത്തിലും ശ്രദ്ധ വേണേ....

ഇന്ന് ഒരു വീടിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഗ്യാസ് എന്നത്. പാചക വാതകം എന്ന് സാധാരണക്കാരനിലേക്ക് എത്തിയപ്പോൾ വിറകടുപ്പ് ഉപയോഗിച്ച് നഷ്ടമാകുന്ന സമയമാണ് തിരികെ തന്നത്. എന്നാൽ പുത്തൻ ഗ്യാസ് കുറ്റി വാങ്ങി വീട്ടിലേക്ക് വന്ന് ഏതാനും ദിവസം കഴിയുമ്പോഴേയ്ക്കും 'അയ്യോ ഇത്ര പെട്ടന്ന് തീർന്നോ' എന്ന് പറയേണ്ട അവസ്ഥയാണ് മിക്ക വീട്ടമ്മമാർക്കും. ഉപയോഗത്തിനിടെ ശ്രദ്ധിക്കേണ്ട മുഖ്യകാര്യങ്ങൾ മറക്കുന്നതാണ് പാചക വാതകം പാഴാകുന്നതിന് കാരണം. ഗ്യാസ് പാഴാകാതിരിക്കാനുള്ള ചില പൊടിക്കൈകൾ എന്തൊക്കെയെന്ന് നോക്കാം

> ഗ്യാസ് ലീക്ക് ചെയ്യുന്നത് ഏറെ അപകടകരവും സിലിണ്ടർ പെട്ടന്ന് കാലിയാകുന്നതിനും കാരണമാകുന്ന ഒന്നാണ്. അതിനാൽ തന്നെ ബർണറിലും സിലിണ്ടറിന്റെ റെഗുലേറ്ററിലും കൃത്യമായ ശ്രദ്ധ വേണം. ഇവയിൽ നിന്നും ചെറിയ തോതിൽ ലീക്കുണ്ടാവുകയും ഇതു മൂലം സിലിണ്ടർ പെട്ടന്ന് കാലിയാകുന്നതും പതിവ് കാഴ്‌ച്ചയാണ്.

> ഫ്രിഡ്ജിൽ വച്ചിരുന്ന ഭക്ഷണപദാർത്ഥങ്ങൾ ഇറക്കിവെച്ച് തണുപ്പ് മാറിയ ശേഷം മാത്രം ഗ്യാസിൽ ഉപയോഗിക്കുക.

>ഗ്യാസ് സ്റ്റൗവിൽ ഉപയോഗിക്കുമ്പോൾ മെറ്റാലിക്ക് പാത്രങ്ങളാണ് നല്ലത്. കളിമൺ പാത്രങ്ങൾ സാധാരണയായി ഉപയോഗിക്കാറില്ല. അഥവാ ഉപയോഗിച്ചാൽ തന്നെ ദീർഘനേരം ഗ്യാസ് ഉപയോഗിച്ചാൽ മാത്രമേ ഭക്ഷണം ഇത്തരം പാത്രത്തിൽ പാകം ചെയ്യാൻ സാധിക്കൂ. മാത്രമല്ല ഏത് പാത്രത്തിലാണെങ്കിലും മൂടിവെച്ച് പാകം ചെയ്യാൻ സാധിക്കുന്നതാണെങ്കിൽ അങ്ങനെ മാത്രമേ ഉപയോഗിക്കാവൂ.

> കൂടുതൽ വേവ് വേണ്ടി വരുന്ന ഭക്ഷണപദാർത്ഥങ്ങൾ ആദ്യം വേവിച്ച് വയ്ക്കുക. പച്ചക്കറി ഇനത്തിലെ ഇലകൾ പോലുള്ളവ പിന്നീട് വേവിക്കുന്നത് ഗ്യാസ് ഉപയോഗം ലാഭിക്കുന്നതിന് സഹായിക്കും.

> ഗ്യാസ് അടുപ്പിലെ തീനാളത്തിന്റെ നിറം എപ്പോഴും ശ്രദ്ധിച്ചുകൊണ്ടിരിക്കണം. ഇവയുടെ നിറം നീലയല്ലെങ്കിൽ ശ്രദ്ധിക്കേണ്ട ഒന്നു തന്നെയാണ്. മഞ്ഞ നിറമോ കടും ഓറഞ്ച് നിറമോ ആണെങ്കിൽ ഒരു ടെക്ക്‌നീഷ്യനെ കൊണ്ടുവന്ന് പരിശോധിപ്പിക്കാനും മറക്കരുത്. കുറഞ്ഞത് ആറ് മാസം കൂടുമ്പോഴെങ്കിലും ഗ്യാസ് അടുപ്പിന്റെ എല്ലാ ഭാഗങ്ങളും പരിശോധിക്കുകയും ട്യൂബ് അടക്കമുള്ളവ മാറ്റി വയ്ക്കണമെങ്കിൽ അങ്ങനെ ചെയ്യുകയും വേണം.

>ഭക്ഷണം നന്നായി പാകം ചെയ്യാനും ഗ്യാസ് ലാഭിക്കാനും നല്ലത് പ്രഷർ കുക്കറുകളാണ്. ഇവ 125 ഡിഗ്രീ സെൽഷ്യസിൽ ഭക്ഷണം പാകം ചെയ്യുകയും ഗ്യാസ് ഉപയോഗം ലാഭിക്കാൻ സഹായിക്കുകയും ചെയ്യും.

വാഹനം ഉപയോഗിക്കുമ്പോഴും ഇന്ധനം പാഴാകുന്നുണ്ടേ...പണം പോകാതിരിക്കാൻ ഓർക്കൂ

ദിനംപ്രതി വർധിക്കുന്ന പെട്രോളിന്റെയും ഡീസലിന്റെയും വില സാധാരണക്കാരന്റെ കീശ കീറുന്ന ഒന്ന് തന്നെയാണ്. വാഹന ഉപയോഗത്തിനിടെ എത്രയും വേഗം ലക്ഷ്യ സ്ഥാനത്ത് എത്തിയാൽ മതിയെന്ന ചിന്തയിൽ ഇന്ധനം പാഴാകുന്ന കാര്യങ്ങൾ മിക്കവരും ശ്രദ്ധിക്കാറില്ല. വാഹന ഉപയോഗത്തിൽ പണം നഷ്ടമാകാതിരിക്കാൻ ചില പൊടിക്കൈകൾ ഉപയോഗിച്ചാൽ മതി.

ഏവർക്കും സ്വന്തം വാഹനം എന്ന കാര്യം ഇന്ന് പതിവായിരിക്കുന്ന വേളയിൽ പൊതു ഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുക എന്നതാണ് ഇന്ധനം ലാഭിക്കാൻ ഏറ്റവും നല്ല മാർഗങ്ങളിലൊന്ന്. വാഹനം ഉപയോഗിക്കുന്ന വേളയിൽ ഓർത്തിരിക്കേണ്ട മുഖ്യ കാര്യങ്ങൾ ഇതാ...

> വാഹനം സിഗ്നലിലോ ബ്ലോക്കിലോ അധിക നേരം നിർത്തേണ്ടി വന്നാൽ കഴിവതും എഞ്ചിൻ ഓഫ് ചെയ്യുക. അഥവാ എസി ഓഫാകരുതെന്ന് ആഗ്രഹമുണ്ടെങ്കിൽ ഗിയർ ന്യൂട്രലിലേക്ക് മാറ്റുക.

> അമിത വേഗത എന്നത് ഇന്ധനം കുടിച്ച് തീർക്കുന്ന വില്ലനാണ്. 40 കിലോമീറ്ററിനും 50 കിലോമീറ്ററിനും ഇടയിൽ വാഹനം ഉപയോഗിക്കുന്നതാണ് ഏറെ നല്ലത്. ഈ വേഗതയിൽ സഞ്ചരിച്ചാൽ ഇന്ധന ഉപയോഗത്തിൽ ലാഭം വരുത്താൻ സാധിക്കും. സാധാരണ വരുന്ന ചെലവിൽ നിന്നും 40 ശതമാനം വരെ കുറയ്ക്കാൻ ഇങ്ങനെ വാഹനം ഓടിക്കുന്നത് വഴി സാധിക്കും.

> വാഹനത്തിന്റെ ടയറുകൾ കാറ്റ് കൃത്യമാണെന്ന് ഉറപ്പ് വരുത്തണം. ഇത് കുറഞ്ഞാൽ വാഹനത്തിന്റെ എൻജിന് അധികം ആയാസം എടുക്കേണ്ടി വരികയും ഇന്ധ ഉപയോഗം വർധിക്കുകയും ചെയ്യും.

> എഞ്ചിന്റെ കാര്യക്ഷമതയെ ബാധിക്കുന്ന മറ്റൊരു കാര്യമാണ് അമിതമായി ക്ലച്ച് ഉപയോഗിക്കുന്നത്. ക്ലച്ച് ചെറുതായിട്ടെങ്കിലും അമർന്നിരിപ്പുണ്ടെങ്കിൽ എഞ്ചിനെ അത് ബാധിക്കുകയും ചെയ്യുമെന്ന കാര്യം ഓർമ്മിക്കുക. വണ്ടിക്ക് അമിതമായി ആക്‌സിലറേഷൻ കൊടുത്ത് ഇരപ്പിക്കുന്നതും ശരിയല്ല. ഇന്ധനം എന്നത് ശരവേഗത്തിൽ ഇല്ലാതാക്കുന്ന ഒരു കാര്യമാണിത്.

> വേഗതയുടെ തോത് അനുസരിച്ച് കൃത്യമായി ഗിയർ മാറ്റണം. ആർപിഎം മീറ്ററിലും ശ്രദ്ധ വേണമെന്ന കാര്യം ഓർക്കുക. ഓട്ടോമാറ്റിക്ക് ഗിയർ ഷിഫ്റ്റിങ്ങിനേക്കാൾ ഏറ്റവും നല്ലത് മാനുവൽ ഗിയർ ഷിഫ്റ്റിങ്ങാണ്.

> വാഹനത്തിന്റെ എയർ, ഫ്യുവൽ ഫിൽറ്ററുകൾ എന്നിവ വ്യത്തിയാക്കി സൂക്ഷിക്കുകയും സ്പാർക്ക് പ്ലഗുകൾ ശരിയായ വിധത്തിലാണെന്ന് ഉറപ്പു വരുത്തുകയും വേണം. ലൂബ് ഓയിലുകൽ മാറ്റേണ്ട ഇടവേളകളിൽ തന്നെ മാറ്റണം. അസാധാരണമായ ശബ്ദങ്ങളും മാറ്റങ്ങളും ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ സർവീസ് സെന്ററുകളിൽ എത്തിക്കുക.

> വാഹനത്തിലെ അമിത ഭാരം എന്ന് പറയുന്നത് ഇന്ധം കുടിച്ച് തീർക്കുന്ന വില്ലനാണ്. ഇവ കഴിവതും ഒഴിവാക്കുക. ഭാരമുള്ള സാധനങ്ങൾ സ്ഥിരമായി വാഹനങ്ങളിൽ സൂക്ഷിക്കാതിരിക്കുക. അതുപോയെ തന്നെ ഓരേ സ്ഥലത്തേക്ക് പോകുന്ന ഒന്നിലധികം ആളുകൾ ഒരു വാഹനത്തെ ആശ്രയിക്കുകയും ഇന്ധന തുക തുല്യമായി വീതിക്കുകയും ചെയ്യുന്നത് ഏറെ ഉത്തമമാണ്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP