Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വീടുപണിയുമ്പോൾ പണം ചോരാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം? 1000 സ്‌ക്വയർ ഫീറ്റ് വീട് നിർമ്മിക്കാൻ ഇന്ന് ഏകദേശം എത്ര രൂപ ബഡ്ജറ്റാകും ? ഭവന വായ്പയെടുക്കുന്നത് ഗുണമോ ദോഷമോ? പ്ലാസ്റ്ററിങ് ഒഴിവാക്കി സുന്ദരമായ വീട് പണിയാനുള്ള ചെപ്പടി വിദ്യ എന്ത്? വീടെന്ന സ്വപ്നം പൂർത്തിയാക്കാനുള്ള ഓട്ടത്തിൽ പണം ചോർന്നു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണേ; വീടു നിർമ്മാണ ബഡ്ജറ്റിനെ താളം തെറ്റിക്കുന്ന കാര്യങ്ങളും പ്രതിവിധികളും അറിയാം; സ്വപ്നവീട് എന്നത് ഇനി 'ടെൻഷൻ ഫ്രീ'യാക്കാം

വീടുപണിയുമ്പോൾ പണം ചോരാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം? 1000 സ്‌ക്വയർ ഫീറ്റ് വീട് നിർമ്മിക്കാൻ ഇന്ന് ഏകദേശം എത്ര രൂപ ബഡ്ജറ്റാകും ? ഭവന വായ്പയെടുക്കുന്നത് ഗുണമോ ദോഷമോ? പ്ലാസ്റ്ററിങ് ഒഴിവാക്കി സുന്ദരമായ വീട് പണിയാനുള്ള ചെപ്പടി വിദ്യ എന്ത്? വീടെന്ന സ്വപ്നം പൂർത്തിയാക്കാനുള്ള ഓട്ടത്തിൽ പണം ചോർന്നു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണേ; വീടു നിർമ്മാണ ബഡ്ജറ്റിനെ താളം തെറ്റിക്കുന്ന കാര്യങ്ങളും പ്രതിവിധികളും അറിയാം; സ്വപ്നവീട് എന്നത് ഇനി 'ടെൻഷൻ ഫ്രീ'യാക്കാം

തോമസ് ചെറിയാൻ കെ

സ്വന്തമായി ഒരു വീട് എന്നത് സ്വപ്‌നം കാണാത്ത ആരുമുണ്ടാകില്ല. നാം ജനിച്ച് വളർന്ന വീട് അത് ചെറുതോ വലുതോ ആയികൊള്ളട്ടെ അത് എന്നും നമ്മുടെ മനസിൽ കൊട്ടാരം തന്നെയാണ്. എന്നാൽ കാലം മുന്നോട്ട് ഓടുമ്പോൾ നാം സ്വന്തം കാലിൽ നിന്നു കഴിഞ്ഞാൽ മനസിനിണങ്ങിയ പങ്കാളിയെ സ്വന്തമാക്കുന്നത് പോലെ തന്നെയാണ് മനസിലെ സ്വപ്നങ്ങളോട് ചേർന്ന് നിൽക്കുന്ന ഒരു വീട് സ്വന്തമാക്കണമെന്നും ആഗ്രഹം മുളയ്ക്കുന്നത്.

എന്നാൽ വീട് പണി ആരംഭിച്ച് ഏതാനും ദിവസം മുതൽ പണിയുന്നവരുടെ നെഞ്ചിടിപ്പ് കൂടുന്ന കാഴ്‌ച്ചയാണ് ഇപ്പോൾ കാണുന്നത്. അയ്യോ..ബഡ്ജറ്റിനുള്ളിൽ തന്നെ വീടു പണി നിൽക്കുമോ അതോ അതിലും കൂടുമോ എന്നത് മുതൽ ഭവന വായ്പയ്ക്ക് പുറമേയും പണം കണ്ടെത്തേണ്ടി വരുമോ എന്ന് വരെയുള്ള ചിന്തകൾ മനസിലേക്ക് കടന്നു വരും. ഇത്തരം പ്രശ്‌നങ്ങളെ മറി കടക്കാൻ ആകെ ഒരു വഴിയേ ഉള്ളൂ.

തുടക്കത്തിൽ തന്നെ കൃത്യമായ പ്ലാനിങ്ങുമായി മുന്നോട്ട് പോവുക. വീട് പണിയിൽ ചെലവ് ചുരുക്കാനും അനാവശ്യമായി വരുന്ന ചെലവുകളെ ഒഴിവാക്കാനും നാം എന്ത് ചെയ്യണമെന്ന് പലപ്പോഴായി പലരിൽ നിന്ന് കേൾക്കുകയും മാസികകളിലൂടെ വായിച്ചറിയുകയും ചെയ്തിട്ടുണ്ടെങ്കിലും വീടുപണിയുടെ തിരക്കിനിടയിൽ നാം ഇതൊക്കെ മറക്കും. അപ്പോഴുണ്ടാകുന്ന വെപ്രാളത്തിനിടെ പണം പലഘട്ടങ്ങളിലായി നഷ്ടപ്പെടുകയും ചെയ്യും. വീടു പണിയുടെ ചെലവ് കഴിവതും കുറയ്ക്കുന്നതിന് വേണ്ടിയുള്ള ചിന്തകളാണ് ഇക്കുറി മണിച്ചെപ്പിലൂടെ നിങ്ങളെ തേടിയെത്തുന്നത്.

വീടു പണി ആരംഭിക്കും മുൻപേ തുടങ്ങാം 'പെർഫക്ട് പ്ലാനിങ്'

അശ്രദ്ധയാണ് പലപ്പോഴും നമ്മുടെ ജീവിതത്തിൽ നഷ്ടമുണ്ടാകുന്നതിന് കാരണമാകുന്നത് എന്ന് നമുക്കറിയാം. ഇതിനെ തന്നെ ആദ്യം ഒഴിവാക്കുക. ആദ്യം തന്നെ നമ്മൂടെ വരുമാനം എത്രയുണ്ട് ജീവിതചെലവ്, വീടിനായി മനസിൽ കരുതുന്ന ബഡ്ജറ്റ് എന്നിവയെ പറ്റി കൃത്യമായി ധാരണയുണ്ടാക്കുക. ദമ്പതികളാണ് വീട് പണിയുന്നതെങ്കിൽ ഒരേ മനസോടെ തങ്ങളുടെ ഉള്ളിലുള്ളത് പരസ്പരം പങ്കുവെച്ച് ഒരു തീരുമാനത്തിലെത്താം. ആഡംബരത്തിന് പ്രാധാന്യം നൽകാതെ ആവശ്യത്തിന് മുൻഗണന നൽകി മുന്നോട്ട് പോവുക. പ്ലോട്ട് തിരഞ്ഞെടുക്കുമ്പോൾ കഴിവതും കൃത്യമായ ഷേപ്പുള്ളതും ഉറച്ച മണ്ണുള്ളതുമായ സ്ഥലം തിരഞ്ഞെടുക്കുക.

വീട് പണിയാനുള്ള ചെലവിൽ 70 ശതമാനവും നിർമ്മാണ സാമഗ്രികൾക്ക് വേണ്ടിയാണെന്ന കാര്യം ഓർക്കുക. ഇതിനൊപ്പം തന്നെ ചിന്തിക്കേണ്ട കാര്യമാണ് വീടുപണിക്കായി നാം തീരുമാനിച്ചിരിക്കുന്ന ബഡ്ജറ്റിൽ 75 ശതമാനം വീടിന്റെ നിർമ്മാണ ഘട്ടത്തിന് വേണ്ടിയും ബാക്കി 25 ശതമാനം ഇന്റീരിയർ ഡിസൈനിന് വേണ്ടിയുമാണ് ഉപയോഗിക്കേണ്ടത്. എന്നാൽ ഇത്തരത്തിൽ ചെയ്യുമ്പോൾ അനാവശ്യ ഡിസൈനിങ്ങിനായി പണം ചെലവഴിക്കരുത്. വീടുപണിയുടെ കാലാവധിയും നിർമ്മാണ ചെലവിനെ സാരമായി ബാധിക്കുന്ന ഒന്നാണ് ആറ് മുതൽ എട്ട് മാസത്തിനുള്ളിൽ വീടുപണി പൂർത്തിയാക്കാൻ കഴിവതും ശ്രമിക്കുക. ഇതിലും കൂടുതലായി നീണ്ടു പോയാൽ അനാവശ്യ ചെലവിന് കാരണമാകും.

ചെലവ് എന്നത് കൈവിട്ട് പോയാൽ നമ്മുടെ ചിന്തകളേയും വീടിനായി നാം കണ്ടെത്തിയിരുന്ന ഐഡിയയേയും വരെ ബാധിക്കുമെന്നും ഓർക്കുക. 1000 സ്‌ക്വയർ ഫീറ്റ് വീട് നിർമ്മിക്കാൻ കരാറുകാർ ഇപ്പോൾ വാങ്ങുന്ന ശരാശരി തുക 20 ലക്ഷം രൂപയാണ് (ഇത് സ്ഥലത്തിനും മറ്റ് ഘടകങ്ങൾക്കും അനുസരിച്ച് മാറ്റം വരാം). മാത്രമല്ല 1000 സ്‌ക്വയർ ഫീറ്റ് വീട് പണിയാൻ ഏകദേശം രണ്ടര സെന്റ് സ്ഥലം ആവശ്യമായി വരും. ഇക്കാര്യവും മനസിൽ വയ്ക്കുക. വീട് പണിയാൻ ഉദ്ദേശിക്കുന്ന പ്ലോട്ടിൽ തന്നെ പണിക്ക് ആവശ്യമായ സാമഗ്രികൾ (മരങ്ങൾ മുതലായവ) ഉണ്ടെങ്കിൽ അവ പരമാവധി പ്രയോജനപ്പെടുത്തുക. ഇതിലൂടെ ട്രാൻസ്‌പോർട്ടേഷൻ ചാർജ് എന്ന കാര്യം കുറയ്ക്കാൻ സാധിക്കും. പഴയ തറവാടുകളും വീടുകളും പൊളിക്കുമ്പോൾ ജനലും വാതിലുകളും തൂണുകളും വാങ്ങാൻ ശ്രമിക്കുക.

ചുരുങ്ങിയ ചെലവിൽ മികച്ച തടികൾ ലഭിക്കും. അല്ല ഇനി ജനലും വാതിലും നിർമ്മിക്കാനാണെങ്കിൽ കൂപ്പിൽ നിന്നും തടി നേരിട്ട് വാങ്ങുന്നതും ഉത്തമമാണ്. ഇവയ്‌ക്കൊപ്പം തന്നെ ഓർക്കേണ്ട കാര്യമാണ് അലൂമിനിയവും ഫൈബറും കൊണ്ടുള്ളത് മുതൽ കോൺക്രീറ്റിൽ വരെ നിർമ്മിച്ച ജനലും വാതിലും ഉപയോഗിക്കുന്നത്. ഉപകരണങ്ങൾ നിർമ്മിക്കുന്നതിനുള്ള സമയം ലാഭിക്കാനും ചെലവ് കുറയ്ക്കാനും ഇവ സഹായിക്കും. ഇവയ്‌ക്കൊപ്പം തന്നെ ശ്രദ്ധിക്കേണ്ട കാര്യമാണ് ചുവരുകൾ നിർമ്മിക്കുമ്പോൾ ഏതൊക്കെ രീതിയിൽ പണം ലാഭിക്കാം എന്നത്. വെട്ടുകല്ലും ഇന്റർലോക്ക് മഡ് ബ്ലോക്കുകളും അടക്കമുള്ള വൈവിധ്യമായ കല്ലുകൾ ഉപയോഗിച്ചാൽ ദീർഘകാല ഈടിനും ഇത് സഹായിക്കും.

ഇവയ്ക്ക് പോളിഷിങ് നൽകുകയോ അനുയോജ്യമായ പെയിന്റ് നൽകുകയോ ചെയ്താൽ പ്ലാസ്റ്ററിങ്ങിനായി വരുന്നതിന്റെ ചെലവ് കുറയ്ക്കാനും സാധിക്കും. ഭിത്തിക്ക് അകത്തുകൂടി വയറിങ്ങ് നടത്തുന്നതാണ് ഇപ്പോഴത്തെ രീതിയെങ്കിലും വ്യത്യസ്ഥമായ രീതിയിൽ ഓപ്പൺ ആയി വയറിങ് നടത്തുന്ന ട്രെൻഡും ഇപ്പോൾ കാണുന്നുണ്ട്. അതു പോലെ തന്നെ സെറാമിക്ക് ഓടുകളും ടൈലുകളും ഉപയോഗിക്കുന്നതും നല്ലതാണ്. കോൺക്രീറ്റ് ചെയ്യുന്നതിനേക്കാൾ ചെലവ് കുറച്ച് പുത്തൻ ഡിസൈനിലുള്ള റൂഫിങ് വർക്കുകളും ഇന്ന് സാധാരണയായി കണ്ടു വരുന്ന ഒന്നാണ്.

മുറികളുടെ എണ്ണം കൃത്യമായി മനസിലുണ്ടാകണം. കൃത്യമായി നാം എത്രത്തോളം ഉപയോഗിക്കും എന്ന കാര്യവും മനസിൽ ഉണ്ടായിരിക്കണം. നല്ലൊരു ബെഡ്‌റൂമിന് 150 സ്‌ക്വയർ ഫീറ്റ് തന്നെ ധാരാളമാണെന്ന കാര്യം ഓർക്കുക. അധികം വലുത് വേണ്ട. ബെഡ്‌റൂമിനോട് ചേർന്ന് ഒരു അറ്റാച്ച്ഡ് ബാത്ത്‌റൂം വേണമെന്നത് അത്യാവശ്യാമാണെന്ന് ഏവർക്കും അറിയാം. മാസ്റ്റർ ബെഡ്‌റൂമിന് പുറത്ത് ഒരു കോമൺ ബാത്ത്‌റൂം കൂടി നിർമ്മിച്ചാൽ ബാത്ത്‌റൂമിന്റെ കാര്യത്തിൽ തീരുമാനമായി. ഇവയിലുപയോഗിക്കുന്ന ഫിറ്റിങ്‌സാണ് പിന്നീട് ചെലവ് കൂട്ടുന്ന ഒന്ന് എന്ന് പറയുന്നത്.

ഇളം നിറത്തിലുള്ള ഫിറ്റിങ്‌സുകൾക്ക് വില കുറയും. പുത്തൻ ഡിസൈനിന്റെയും ആഡംബര ബ്രാൻഡിന്റേയും പിന്നാലെ പോയി പണം കളയേണ്ട ആവശ്യമില്ല. വാങ്ങുന്ന സാധനങ്ങൾ നാം ദൈനം ദിനം ഉപയോഗിക്കുന്നതാണെന്നും ഉറപ്പ് വരുത്തണം. ഉദാഹരണത്തിന് ആഗ്രഹം മൂലം ബാത്ത് ടബ് പോലുള്ളവ വാങ്ങിയ ശേഷം പിന്നീട് ഉപയോഗിക്കാതിരിക്കുന്ന പ്രവണത നാം കാണുന്നതാണ്. നാം വീടിന് വേണ്ടി എത്ര ബഡ്ജറ്റാണോ പ്ലാൻ ചെയ്തിരിക്കുന്നത് അതിന്റെ 8 ശതമാനത്തിൽ കൂടുതൽ ബാത്ത്‌റൂമിനായി ചെലവഴിക്കരുത്.

ഊർജ്ജവും പ്രകൃതിയും: വീടിന് വേണ്ട കാര്യങ്ങൾ ഓർക്കണേ

ഊർജ്ജം എന്നത് നമ്മുടെ വീടിനും വേണ്ട ഒന്നുതന്നെയാണ്. സൂര്യവെളിച്ചവും വെള്ളവും കൃത്യമായി ഏതൊരു ജീവജാലത്തെയും പോലെ നമ്മെ സംരക്ഷിക്കുന്ന വീടിനും വേണ്ടത്  തന്നെ. സൂര്യവെളിച്ചം പരമാവധി ഉള്ളിലേക്ക് ലഭിക്കുന്ന ഡിസൈനും ഉള്ളിൽ ചെറു നടുത്തളം നിർമ്മിക്കുന്നതും നല്ലതാണ്. വെള്ളം പരമാവധി ഭൂമിലിലേക്ക് ഇറങ്ങുന്ന വിധമുള്ള രീതിയിലായിരിക്കണം വീടിന്റെ ചുറ്റുപാടും മാറ്റിയെടുക്കേണ്ടത്. മഴ വെള്ളം സംഭരിക്കാനുള്ള സംവിധാനം നിർമ്മിക്കുന്നതും ഏറെ ഉപകരിക്കും. ഇതിന് പുറമേ തന്നെ വീട്ടിൽ ഉപയോഗിക്കുന്ന വെള്ളം പുനരുപയോഗത്തിന് പറ്റുന്ന സാധ്യതകളും ഓർക്കുക. ഉദാഹരണത്തിന് സിങ്കിൽ നിന്നും ഒഴുകുന്ന വെള്ളം ചെറു പൂന്തോട്ടത്തിലേക്ക് ഉപയോഗിക്കാനാവും വിധമുള്ള ക്രമീകരണം ഇന്ന് ചെയ്യുന്നവരുണ്ട്.

സൂര്യവെളിച്ചം ഉള്ളിലേക്ക് വരുന്ന ഡിസൈനുകൾ വഴി വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കാൻ സാധിക്കും. പുതിയ രീതിയിലുള്ള വീടിന്റെ ഡിസൈനുകളെല്ലാം ഇത്തരലുള്ളത് തന്നെയാണ്. അലങ്കാരവും ആർഭാടവും കുറയ്ക്കുകയും ഭാവിയിൽ വരുന്ന ചെലവുകളെ ലഘൂകരിക്കുന്ന ഐഡിയയുമാണ് വീടു നിർമ്മിക്കുമ്പോൾ നാം കൈമുതലാക്കേണ്ട ഒന്ന്. വൈദ്യുതി ഉപകരണങ്ങൾ വാങ്ങുമ്പോൾ നാം ഏറെ ശ്രദ്ധിക്കണം. കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്ന സ്റ്റാർ റേറ്റഡ് ഉപകരണങ്ങൾ മാത്രം വാങ്ങുക. എൽഇഡി ബൾബുകൾ ഉപയോഗിച്ചാൽ വൈദ്യുതി ബില്ലിൽ മികച്ച ലാഭം നേടാനാകും.

വീടിന്റെ വയറിങ്ങ് ഭിത്തിക്ക് ഉള്ളിലൂടെ നടത്തുന്ന പ്രവണത നാളുകളായി ഉണ്ടെങ്കിലും പുറത്ത് കൂടി ചെയ്യുന്ന ഓപ്പൺ വയറിങ്ങും ഇപ്പോൾ തിരിച്ച് വരികയാണ്. ഇതിനായി കാഴ്‌ച്ചയിലും മികവ് പുലർത്തുന്ന മെറ്റീരിയൽസും മാർക്കറ്റിൽ ലഭ്യമാണ്. വെട്ടുകല്ലും ഓടും ഒക്കെ ഉപയോഗിക്കുന്ന വീടുകൾക്ക് എസി എന്നത് വേണ്ടി വരില്ല എന്ന കാര്യവും ഓർക്കുക. പഴമയുടെ പ്രൗഡിയെ തിരിച്ച് കൊണ്ടുവരുന്ന ഡിസൈനുകളാണ് ഇപ്പോൾ കേരളത്തിലെ ആളുകൾ തിരഞ്ഞെടുക്കുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്.

പണം...ലോൺ....ചിട്ടി

വായ്പയെടുക്കാതെ വീട് എന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ സാധാരണക്കാരനായ ഒരാൾക്ക് സാധിക്കില്ല. അതിനാൽ തന്നെ അവനവന്റെ വരുമാനം എത്രയെന്ന് കൃത്യമായി വിലയിരുത്തി ലോൺ എടുക്കുന്നത് നല്ലൊരു കാര്യം തന്നെയാണ്. എന്നാൽ കൃത്യമായി ഇവയുടെ വിശദാംശങ്ങൾ അറിഞ്ഞില്ലെങ്കിൽ കുരുക്കുറപ്പാണ്. ലോൺ എടുക്കുന്നവർക്ക് ആദായ നികുതിയിലും ഇളവ് ലഭിക്കും എന്ന കാര്യവും ഓർക്കുക. ഭവന നിർമ്മാണത്തിനായി ലോൺ മാത്രമല്ല ചിട്ടിയും ലഭിക്കുമെന്ന കാര്യം ഓർക്കുക. സർക്കാർ നിയന്ത്രണത്തിലുള്ള കെഎസ്എഫ്ഇ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾ മികച്ച സേവനമാണ് ഇതിൽ നൽകുന്നത്.

പണം വായ്പയെടുക്കുമ്പോൾ കൃത്യമായി ഇവയുടെ വിശദാംശങ്ങൾ വായിച്ചറിയുകയും കൃത്യമായി തിരിച്ചടയ്ക്കാൻ സാധിക്കുമോ എന്ന് നോക്കുകയും വേണം. ലോൺ കൈകാര്യം ചെയ്യുന്നത് പോലെ തന്നെയാണ് പണത്തിന്റെ ചെലവും കൈകാര്യം ചെയ്യുന്നത്. വീടുപണിയുടെ ഓരോ ഘട്ടത്തിലും എത്ര പണം ചെലവായെന്ന് മോണിട്ടർ ചെയ്ത് പോയാൽ അനാവശ്യ ചെലവുകൾ പിന്നീടുണ്ടാകുന്നത് തടയാം.

വീട് എന്നത് ആവശ്യം എന്നതിലുപരി ആർഭാടമാകുമ്പോഴാണ് പണം അനിയന്ത്രിതമായി ചെലവാകുന്നത് എന്ന കാര്യവും മറക്കരുത്. സാധനങ്ങൾ നാം വാങ്ങി നൽകി വീട് പണിയിക്കുന്ന ലേബർ കോൺട്രാക്റ്റും പൂർണമായും കോൺട്രാക്റ്റർ തന്നെ ചെയ്യുന്ന ഫുൾ കോൺട്രാക്റ്റും ഉണ്ട്. ഇതിൽ ഏതാണോ തിരഞ്ഞെടുക്കുന്നത് അതിന് അനുസരിച്ചാകും പണവും ഒഴുകുക എന്ന കാര്യവും ഓർമ്മിക്കുക.

വീട്ടുപകരണങ്ങൾ കൂടി വരുമ്പോഴാണല്ലോ പൂർണത

വീടുപണി നടക്കുമ്പോൾ ചെലവ് കഴിവതും ചുരുക്കി നിർമ്മാണം നടത്തിയാൽ വീട്ടുപകരണങ്ങൾ വാങ്ങാനുള്ള പണവും ബഡ്ജറ്റിൽ നിന്നും തന്നെ കണ്ടെത്താം. പ്രകൃതിയോട് ഇണങ്ങുന്ന വസ്തുക്കൾ വാങ്ങുന്നതാകും ഏറെ ഉത്തമം. മുള കൊണ്ടുള്ള ഫർണിച്ചറുകൾ മുതൽ ഈ ശ്രേണി ആരംഭിക്കുന്നു എന്നുള്ള കാര്യം ഓർക്കുക. ഒന്നിൽ കൂടുതൽ കടകളിൽ വില തിരക്കുകയും വീടിന്റെ വലുപ്പവും മുറികളും എണ്ണവും അനുസരിച്ച് ഫർണിച്ചറുകൾ വാങ്ങുന്നതുമാകും ഉത്തമം. ഡിസൈനിനേക്കാൾ ദീർഘകാലം ഈടു നിൽക്കുന്ന ഉപകരണങ്ങൾ വാങ്ങിക്കുക. മികച്ച തടിയിൽ നിർമ്മിച്ചവയെങ്കിൽ ഇവയ്ക്ക് റീസെയിൽ വാല്യു ഉണ്ടായിരിക്കും എന്ന കാര്യവും മറക്കരുത്.

ഉപകരണങ്ങൾ പണിയിക്കുന്നതും നല്ലത് തന്നെ. എന്നാൽ കൃത്യമായി മേൽനോട്ടം നടത്തിയില്ലെങ്കിൽ പണം വല്ലാതെ ചെലവാകും. നിത്യോപയോഗ സാധനങ്ങളായ ഫ്രിഡ്ജ് , ടിവി അടക്കമുള്ള ഇലക്ട്രോണിക്‌സ് ഐറ്റംസിന് പണം ചെലവാക്കുമ്പോൾ മികച്ച ക്വാളിറ്റിയും വൈദ്യുതി ഉപയോഗത്തിൽ കുറവും ഉറപ്പ് വരുത്തുക. വീട്ടുപകരണങ്ങൾ വാങ്ങുന്നതിന് പരമാവധി സമയം എടുക്കാം. ഉപകരണങ്ങൾ സംബന്ധിച്ച് വിശദ വിവരങ്ങൾ അറിഞ്ഞ് മാത്രം മതി പർച്ചേയ്‌സ്. ഓൺലൈൻ പർച്ചേസിനേക്കാൾ കടകളിൽ നേരിട്ട് പോയി വാങ്ങുന്നതാണ് ഉത്തമം എന്ന കാര്യവും മറക്കരുത്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP