Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കുട്ടിച്ചാത്തൻ മദ്യം അകത്താക്കുന്ന പോലെ മൊബൈൽ ബാലൻസ് തീർക്കുന്ന വില്ലന്മാരെ സൂക്ഷിക്കണേ ! അജ്ഞാത കോളുകൾ വഴി ബാലൻസ് അപ്പാടെ ഇല്ലാതാക്കുന്ന സംഘങ്ങൾ നിങ്ങളുടെ ഫോണിന്റെ മണിച്ചെപ്പ് തകർക്കുമെന്നുറപ്പ്; ബൊളീവിയയിൽ നിന്നുമുള്ള മിസ്ഡ് കോൾ വഴി പൊലീസ് ഉദ്യോഗസ്ഥർക്ക് വരെ പണം പോയ കാര്യം മറന്നോ? മൊബൈൽ ബാലൻസ് കാലിയാകാതിരിക്കാൻ ചില മുൻകരുതലുകൾ

കുട്ടിച്ചാത്തൻ മദ്യം അകത്താക്കുന്ന പോലെ മൊബൈൽ ബാലൻസ് തീർക്കുന്ന വില്ലന്മാരെ സൂക്ഷിക്കണേ ! അജ്ഞാത കോളുകൾ വഴി ബാലൻസ് അപ്പാടെ ഇല്ലാതാക്കുന്ന സംഘങ്ങൾ നിങ്ങളുടെ ഫോണിന്റെ മണിച്ചെപ്പ് തകർക്കുമെന്നുറപ്പ്; ബൊളീവിയയിൽ നിന്നുമുള്ള മിസ്ഡ് കോൾ വഴി പൊലീസ് ഉദ്യോഗസ്ഥർക്ക് വരെ പണം പോയ കാര്യം മറന്നോ? മൊബൈൽ ബാലൻസ് കാലിയാകാതിരിക്കാൻ ചില മുൻകരുതലുകൾ

തോമസ് ചെറിയാൻ.കെ

മൈഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയിൽ മദ്യം നിന്ന നിൽപ്പിൽ ഇല്ലാതാക്കുന്ന കുട്ടിച്ചാത്തൻ മാജിക്ക് നാം ഏവരും കണ്ടിട്ടുണ്ടാക്കും. കുട്ടിച്ചാത്തൻ മോഡൽ റീച്ചാർജിങ്ങാണ് ഇപ്പോൾ മൊബൈൽ ബാലൻസിന്റെ കാര്യത്തിലും നടക്കുന്നത്. ലിമിറ്റഡ് വാലിഡിറ്റി അല്ലാതെയുള്ള ടോപ്പ് അപ്പ് ചെയ്തിട്ടും ഒരു കോൾ വിളിച്ചു കഴിയുമ്പോൾ സംഗതി കാലിയാകും. ശെടാ ഒന്നു രണ്ടു മിനിട്ടല്ലേ സംസാരിച്ചുള്ളൂ എന്നിട്ടും ഈ കാശെവിടെ പോയി എന്ന കാര്യമോർത്താണ് പിന്നെ തല പുകയ്ക്കുക.

താരതമ്യേന ചെറിയ തുകയായത്‌കൊണ്ട് പൊലീസിൽ പരാതി നൽകാൻ തോന്നില്ല.എന്നാൽ ഇത്തരത്തിൽ ഒരു കൂട്ടം ജനങ്ങളെ ഒന്നിച്ച് പറ്റിക്കാൻ ശ്രമിച്ചാലോ. ഇത്തരത്തിലുള്ള തട്ടിപ്പുകൾ തടയുന്നതിനായി നമ്മുടെ ടെലികോം കമ്പനികളും സൈബർ പൊലീസ് ഉദ്യോഗസ്ഥരും കിണഞ്ഞ് ശ്രമിക്കുന്നുണ്ടെങ്കിലും ചില സന്ദർഭങ്ങളിൽ തട്ടിപ്പുകൾ മുൻകൂട്ടി അറിയാൻ സാധിക്കാത്തതിനാൽ ശ്രദ്ധയിൽപെടാതെ പോകുന്നുണ്ട്. അപ്പോഴേക്കും എല്ലാം കഴിഞ്ഞിട്ടുണ്ടാകും.

അതിനാൽ തന്നെ മൊബാൽ ഫോണിലെ ബാലൻസ് കുറയുന്നുണ്ടോ എന്നറിയാൻ പലകാര്യങ്ങളും നാം ഓർക്കേണ്ടതുണ്ട്. അൺലിമിറ്റ്ഡ് റീച്ചാർജിങ് നടത്തുന്ന നമുക്കിടയിൽ കാർഡുരച്ച് റിച്ചാർജ് ചെയ്യുന്ന പ്രായമേറിയവരാണ് ഇത്തരം തട്ടിപ്പുകൾക്ക് മിക്കവാറും ഇരയാകുന്നത്. അതിനാൽ തന്നെ പ്രായമായവർക്കുൾപ്പടെയുള്ളതാണ് ഇത്തവണത്തെ മണിച്ചെപ്പ്. മൊബൈൽ ബാലൻസ് കുറയുന്നത് തടയാനായി ശ്രദ്ധിക്കാൻ കുറച്ച് കാര്യങ്ങളുണ്ട്. അവയേതെയന്ന് നമുക്കൊന്ന് അറിയാം.

ബൊളീവിയൻ മിസ്ഡ് കോൾ തട്ടിപ്പിനെ മറക്കരുതേ.....

കുറച്ച് മാസങ്ങൾ മുൻപ് നമ്മേ ഏവരേയും ആശങ്കപ്പെടുത്തിയ ഒന്നാണ് ബൊളീവിയൻ മിസ്ഡ് കോൾ തട്ടിപ്പ് എന്നത്. ഈ തട്ടിപ്പിന്റെ ഒരു വിഹിതം ബൊളിവീയയിലെ ഒരു ടെലികോം കമ്പനിക്കും ലഭിച്ചുവെന്നും പിന്നീട് വാർത്തകൾ വന്നിരുന്നു. മിസ്ഡ് കോൾ വരുന്ന മൊബൈൽ നമ്പറുകൾ 'ന്യുവാടെൽ ബൊളീവിയ' എന്ന കമ്പനിയുടേതാണെന്നു തിരിച്ചറിഞ്ഞ കമ്മിഷണർ ജി.എച്ച്. യതീഷ് ചന്ദ്ര കമ്പനി അധികൃതരുമായി ആശയവിനിമയം നടത്തിയതിന് പിന്നാലെ തങ്ങളുടെ ഒരു സ്്റ്റാഫിന്റെ ഫോണിൽ നിന്നാണ് കോളുകൾ എന്ന് തെളിഞ്ഞെങ്കിലും പിന്നീട് കമ്പനിയുടെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടായില്ല.

സംസ്ഥാനത്തെ പൊലീസ് സേനാംഗങ്ങളുടെ ഫോണുകളിലേയ്ക്ക് ഉൾപ്പെടെ കോളുകൾ എത്തിയതോടെയാണ് പൊലീസ് ജാഗ്രതാ നിർദ്ദേശവുമായി രംഗത്തെത്തിയത്.+59160940305, +59160940365, +59160940101, +59160940993 തുടങ്ങിയ നമ്പറുകളിൽ നിന്നായിരുന്നു മിസ്ഡ് കോൾ. നമ്പർ കണ്ട് തിരിച്ചു വിളിച്ച പലർക്കും ഫോണിൽ നിന്നും പണം നഷ്ടമാകുകയും തുടർച്ചയായി വിളികൾ വന്നുകൊണ്ടിരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഫോൺ പരിശോധിച്ച് നോക്കിയപ്പോൾ പണം നഷ്ടപ്പെട്ട് കഴിഞ്ഞാണ് കെണിയിൽ വീണതാണെന്ന് പലരും അറിയുന്നത്. 

പൊലീസ് സേനയിലെ തന്നെ കോൺസ്റ്റബിൾമാർ മുതൽ ഉയർന്ന ഉദ്യോഗസ്ഥരുടെ ഫോണിൽ നിന്നും വരെ ബാലൻസ് കാലിയായപ്പോൾ കേരലാ പൊലീസിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ മുന്നറിയിപ്പും നൽകുകയും ചെയ്തിരുന്നു. വാട്ട്‌സാപ്പ് ഉൾപ്പടെയുള്ള സമൂഹ മാധ്യമത്തിലൂടെ മുന്നറിയിപ്പ് നൽകുന്നതിനും പൊലീസ് മറന്നില്ല.

വിദേശ രാജ്യങ്ങളിൽ നിന്നും വ്യാജ കോളുകൾ വരുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും +5 ബൊളീവിയ നമ്പരിൽ നിന്നാണ് ഇവ വരുന്നതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. +591, +365, +371, +381, +563, +370, പ്ലസ് ടു55 എന്നീ നമ്പറുകളിൽ തുടങ്ങുന്നവയിൽ നിന്നുള്ള കോളുകൾ അറ്റൻഡ് ചെയ്യരുതെന്നും, ഈ വ്യാജ നമ്പരുകളിലേക്കു തിരികെ വിളിക്കരുതെന്നും പൊലീസ് മുന്നറിയിപ്പും നൽകിയിരുന്നു.

മൊബൈൽ ബാലൻസും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും

1. മൊബൈൽ റീച്ചാർജ് ചെയ്യുന്നത് എപ്പോഴും കമ്പനി ഔട്ട്‌ലെറ്റുകളിൽ മാത്രമാക്കുക. അല്ലെങ്കിൽ ചെയ്യുന്ന സ്ഥലം കമ്പനി അനുവാദം നൽകിയിരിക്കുന്ന സ്ഥലമാണോ എന്ന് അറിയാൻ ശ്രമിക്കണം.

2.പരിചയമില്ലാത്ത മൊബൈൽ വാലറ്റ് ആപ്പുകൾ ഉപയോഗിക്കാതിരിക്കുക. അംഗീകൃതവും വിശ്വസനീയവുമായ വാലറ്റുകൾ തന്നെ ഏറ്റവും ഉത്തമം.

3. ഫോണിൽ നോട്ടിഫിക്കേഷൻ വരുമ്പോൾ പ്രത്യേകിച്ച് ഹിന്ദി പോലുള്ള ഭാഷകളിൽ വരുന്ന സന്ദേശങ്ങൾ സൂക്ഷിച്ച് മാത്രം ഓക്കെ അല്ലെങ്കിൽ ക്യാൻസൽ ചെയ്യുക. ശ്രദ്ധിക്കാതെ ഒാക്കെ ബട്ടൺ അമർത്തി കാശു പോയ കഥകൾ ഏറെയാണ്.

4. ഫോണിൽ ഡയലർടോൺ പാട്ടുകളാണ് സെറ്റ് ചെയ്യുന്നെങ്കിൽ അത് ഓട്ടോമാറ്റിക്കായി വീണ്ടും സെറ്റ് ആകുന്നുണ്ടോ എന്ന പരിശോധിക്കുക. അല്ലാ എങ്കിൽ കസ്റ്റമർ കെയറുമായി ബന്ധപ്പെടാൻ മറക്കരുത്.

5. വിദേശത്ത് നിന്നും വരുന്ന കോളുകൾക്ക് കഴിവതും പ്രതികരിക്കാതിരിക്കുക. അല്ല നിങ്ങളുടെ പരിചയക്കാരാണെങ്കിൽ അത് വീണ്ടും അതേ നമ്പറിൽ നിന്നും തന്നെ ഒന്നിൽ കൂടുതൽ തവണ വിളിക്കാം. ഫേസ്‌ബുക്ക് വഴിയോ മറ്റോ ഇങ്ങനെയുള്ളവരെ കോൺടാക്റ്റ് ചെയ്ത ശേഷം സാവധാനം മാത്രം ഫോൺ വഴി കോൾ നടത്താൻ ശ്രമിക്കാം.

6. പരിചയമില്ലാത്ത ആപ്പുകൾ ഒഴിവാക്കുക. ഇപ്പോൾ ഇറങ്ങുന്ന ചില ആപ്പുകൾ വഴി മൊബൈൽ ബാലൻസ് കുറയുന്നുവെന്ന് പരാതി വന്നിരുന്നു.

7. ഫോൺ കുട്ടികളുടെ കൈയിൽ കളിക്കാൻ കൊടുക്കുന്നത്് ഒഴിവാക്കണം. ഇങ്ങനെയും അബദ്ധത്തിൽ കോൾ പോകാം.

8. ഫോണിൽ കോൾ ചെയ്ത ശേഷം കൃത്യമായി കട്ട് ആയോ എന്ന് നോക്കാൻ മറക്കരുത്. ഇത് പലരും വിട്ടു പോകുന്ന ഒന്നാണ്.

9. കൃത്യമായി ബാലൻസും വാലിഡിറ്റിയും പരിശോധിക്കുക. ഇത് ശീലമാക്കുന്നത് നല്ലതാണ്. പലരും ബാലൻ തീർന്നുവെന്ന അറിയിപ്പ് ലഭിക്കുമ്പോഴാണ് അറിയുന്നത്.

10. ഫോൺ കഴിവതും മറ്റാർക്കും ഉപയോഗിക്കാൻ നൽകാതിരിക്കുക. അത്യാവശ്യ ഘട്ടങ്ങളിൽ ഒഴിച്ച്.

11. കുറച്ച് നാൾ കൂടുമ്പോൾ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ട് എന്തെങ്കിലും സേവനങ്ങൾ നമ്മൾ അറിയാതെ ആക്ടിവേറ്റ് ആയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കണം.

മാൽവെയറുകളേ സൂക്ഷിക്കണേ

ഫോണുകളിൽ കടന്നു കൂടുന്ന മാൽവെയറുകൾ ബാലൻസ് തുക കാർന്നു തിന്നുമെന്ന വിവരം കുറച്ച് നാളുകൾക്ക് മുൻപ് ഐടി ഭീമനായ കാസ്‌പെർസ്‌കി പുറത്ത് വിട്ടത് ഏവരും ഞെട്ടലോടെയാണ് കേട്ടത്. ഇത്തരത്തിൽ ആക്രമണത്തിന് ഇരയാകുന്ന ഫോണുകളിൽ നല്ലൊരു ശതമാനവും ഇന്ത്യയിൽ നിന്നാണെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

സേഫ്‌കോപ്പി എന്നറിയപ്പെടുന്ന മാൽവെയറായിരുന്നു ഇതിൽ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒന്ന്. ഓൺലൈൻ ബാങ്കിങ്ങിനു ബദലായി മൊബൈൽ അക്കൗണ്ട് ബാലൻസിൽനിന്നു പണം കൈമാറാൻ കഴിയുന്ന ഓപ്പറേറ്റർ ബില്ലിങ് സേവനത്തെയാണു സേഫ്‌കോപ്പി എന്നറിയപ്പെടുന്ന മാൽവെയർ ആക്രമിക്കുന്നത്. ഇതിന് ലോഗിൻ വേണ്ട എന്നതായിരുന്നു മറ്റൊരു പ്രധാന സംഗതി.

ആപ് തുറക്കുന്നതോടെ ഉപഭോക്താവറിയാതെ ഓപ്പറേറ്റർ ബില്ലിങ് വഴി പണം നഷ്ടമാകുന്നു. ഉപയോഗിക്കുന്നയാൾ അറിയാതെ പല സേവനങ്ങളും തനിയെ സബ്‌സ്‌ക്രൈബ് ചെയ്യുകയാണു ഇത്തരം തട്ടിപ്പിന്റെ പതിവ്. ഇത് 47 രാജ്യങ്ങളിലായി 4,800 ഉപയോക്താക്കളെ ഇതു ബാധിച്ചതായാണു സൂചന. ഇത്തരം തട്ടിപ്പുകൾ അധികമായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ വിശ്വാസയോഗ്യമല്ലാത്ത സ്മാർട്ട് ഫോൺ ആപ്പുകൾ ഉപയോഗിക്കരുതെന്ന് കാസ്‌പെർസ്‌കി മുന്നറിയിപ്പു നൽകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP