Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രതിമാസം എട്ട് ലക്ഷം ലാഭം നേടുന്ന സാധാരണ വീട്ടമ്മയുടെ വിജയകഥ! ചെറു സംരംഭത്തിലെ ഉത്പന്നങ്ങൾ ഓൺലൈൻ സൈറ്റുകൾ വഴി വിൽക്കുന്നതിന് മുൻപ് ഓർക്കാൻ ഒട്ടേറെ കാര്യങ്ങളുണ്ടേ; കുറഞ്ഞ ചെലവിൽ തുടങ്ങി ലക്ഷങ്ങൾ കൊയ്യണമെങ്കിൽ മനസിൽ വേണ്ട പ്ലാനുകളെ പറ്റി ധാരണയുണ്ടോ ? ഹരിയാനയിലെ സോണിപാടത്ത് നിന്നുള്ള സാധാരണക്കാരി വീട്ടമ്മ ഫ്‌ളിപ്പ്കാർട്ടിന്റെ ടോപ്പ് സെല്ലറായി മാറിയ കഥ

പ്രതിമാസം എട്ട് ലക്ഷം ലാഭം നേടുന്ന സാധാരണ വീട്ടമ്മയുടെ വിജയകഥ! ചെറു സംരംഭത്തിലെ ഉത്പന്നങ്ങൾ ഓൺലൈൻ സൈറ്റുകൾ വഴി വിൽക്കുന്നതിന് മുൻപ് ഓർക്കാൻ ഒട്ടേറെ കാര്യങ്ങളുണ്ടേ; കുറഞ്ഞ ചെലവിൽ തുടങ്ങി ലക്ഷങ്ങൾ കൊയ്യണമെങ്കിൽ മനസിൽ വേണ്ട പ്ലാനുകളെ പറ്റി ധാരണയുണ്ടോ ? ഹരിയാനയിലെ സോണിപാടത്ത് നിന്നുള്ള സാധാരണക്കാരി വീട്ടമ്മ ഫ്‌ളിപ്പ്കാർട്ടിന്റെ ടോപ്പ് സെല്ലറായി മാറിയ കഥ

തോമസ് ചെറിയാൻ കെ

സാങ്കേതിക വിദ്യയുടെ വിപ്ലവം ഇന്നിന്റെ ലോകത്തിന് നൽകിയ ജീവവായുവാണ് ഇന്റർനെറ്റ്. കറണ്ടില്ലാതെ ഇരിക്കാൻ വയ്യെന്ന് പറയുന്ന കാലമൊക്കെ കടന്നു പോയിട്ട് നാളേറെയായി. ഇപ്പോൾ സ്മാർട്ട് ഫോണിൽ ചാർജ് കുറഞ്ഞാൽ, വൈഫൈയ്ക്ക് റെയ്ഞ്ച് കുറഞ്ഞാൽ അപ്പോൾ തുടങ്ങും 'നെഞ്ചത്തടിയും നിലവിളിയും'. ഇന്റർനെറ്റ് എന്ന മാന്ത്രിക വലയ്ക്കുള്ളിൽ ലോകത്തെ ഒതുക്കിപിടിച്ചപ്പോൾ കച്ചവടം മുതൽ കല്യാണം വരെ 'ഓൺലൈനായി' മാറി. ഹാ..ആദ്യം പറഞ്ഞ വാക്കിൽ തൂങ്ങിപ്പിടിച്ചാൽ തന്നെ പറയാൻ ഒരുപാടുണ്ട്. കച്ചവടം...വെറും കച്ചവടമല്ല ഓൺലൈൻ കച്ചവടം.

ഓൺലൈനിലൂടെ വീടും കാറും വരെ വാങ്ങാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിട്ട് നാളെറെയായി. അത് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല. എന്നാൽ മൊട്ടു സൂചി മുതൽ ഏക്കർ കണക്കിന് ഭൂമി വരെ ഒറ്റവിരലിൽ ഡീൽ ആക്കുന്ന സ്മാർട്ട് കമ്പോളത്തിലേക്ക് ചാടാൻ കാത്തിരിക്കുന്ന കച്ചവടത്തിലെ പുതുമണവാളന്മാരും മണവാട്ടിമാരും കുറച്ച് കാര്യങ്ങൾ അറിയാനുണ്ട്. ഓൺലൈൻ കച്ചവടമെന്നാൽ അങ്ങനെ പെട്ടന്നൊരു ദിവസം തുടങ്ങാവുന്ന ഒന്നല്ല. അതിന് കൃത്യമായ പ്ലാനിങ്ങ് ആവശ്യമാണ്. ഇല്ലെങ്കിൽ സംഗതി തവിടുപൊടിയാകുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

ഓൺലൈൻ വ്യാപാരത്തിലെ നിയമങ്ങളും സാങ്കേതിക തലത്തിലെ രീതികളും അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നതിനാൽ ഇത്തരം ബിസിനസുകൾ തുടങ്ങുന്നതിന് മുൻപ് ഈ മേഖലയിൽ വിജയം കൊയ്തവരോട് വിശദാംശങ്ങൾ തേടി പ്ലാനുണ്ടാക്കുന്നത് ഏറെ സഹായകരമാവും. ഓൺലൈൻ വിപണിയിലേക്ക് ചുവട് വയ്ക്കുന്നവർക്ക് പ്രാഥമികമായി ലഭിക്കേണ്ട ചില ഓർമ്മപ്പെടുത്തലാണ് ഇന്നത്തെ മണിച്ചെപ്പലുള്ളത്.

ഓൺലൈൻ ബിസിനസ് ഒരു തിരിഞ്ഞ് നോട്ടം

ഓൺലൈൻ വെബ്സൈറ്റുകൾ വഴി കച്ചവടം നടത്തുന്നതാണ് സംഗതി എന്ന കാര്യം ലളിതമായി ഏവർക്കും അറിയാമല്ലോ. ഒരു അംഗീകൃത വെബ്സൈറ്റ് വഴി ചെറുകിട കച്ചവടക്കാർ മുതൽ വമ്പൻ കോർപ്പറേറ്റുകൾക്ക് വരെ സാധനങ്ങൾ വിൽക്കാനുള്ള അവസരമാണ് ഇവിടെ വമ്പൻ കച്ചവടമായി മാറുന്നത്. കോടികൾ മറിയുന്ന ഈ കമ്പോളത്തിലേക്ക് നിങ്ങളുടെ ഉൽപന്നവും എത്തിക്കാൻ സാധിക്കും. അതിന് വലിയ പ്രയാസമുണ്ടാകില്ലെങ്കിലും വമ്പൻ മത്സ്യങ്ങൾക്ക് മുൻപിൽ നമ്മുടെ ചെറുമീനിനെ ആളുകൾ ശ്രദ്ധിക്കണമെങ്കിൽ മികച്ച മുന്നൊരുക്കങ്ങൾ തന്നെ വേണം. അതിന് സംരംഭകൻ തന്റെ ആശയം എങ്ങനെ മനസിൽ ചിന്തിക്കുന്നു എന്ന കാര്യം വരെ ബിസിനസിന്റെ വളർച്ചയെ ബാധിക്കുന്ന ഒന്നാണ്.

നിങ്ങൾ എന്ത് ഉൽപന്നമാണോ വെബ്സൈറ്റിലൂടെ വിതരണം ചെയ്യാൻ പോകുന്നത് അതിനെ ആദ്യം പൂർണമായി അറിയുക എന്നതാണ് ആദ്യത്തേത്. ഉൽപന്നത്തിന്റെ എല്ലാ വശങ്ങളും അറിഞ്ഞിരിക്കണം. ചകിരി വിൽക്കുന്ന ആൾ അറിഞ്ഞിരിക്കേണ്ട കാര്യമാവില്ല ഉണക്കചെമ്മീൻ വിൽക്കുന്ന ആൾ അറിയേണ്ടത്. വെബ്സൈറ്റിലൂടെ സാധനം വിൽപനയ്ക്ക് എത്തും മുൻപ് ഇടനിലക്കാരനായി നിൽക്കുന്ന സെല്ലറിന് പൂർണമായും നിങ്ങളിൽ വിശ്വാസം ജനിക്കത്തക്ക വിധം നിങ്ങൾ ഇതിൽ ആഴത്തിൽ പഠിച്ചിരിക്കണം. ഉൽപന്നത്തിന് ഇടുന്ന പേര് വരെ മറ്റ് ബ്രാൻഡുകളോട്് കിടപിടിക്കുന്നതാണെങ്കിൽ നിങ്ങൾ പകുതി രക്ഷപെട്ടു. കാരണം മനസിൽ പതിയുന്ന പേരിനെ ജനങ്ങളിലേക്ക് എത്തിക്കാനുള്ള പരസ്യ മാർഗങ്ങൾ നിങ്ങളെ അതിവേഗം സഹായിക്കുമെന്നുറപ്പ്.

അടുത്ത പ്രധാനകാര്യമാണ് ഓൺലൈൻ വിഭവശ്രോതസുകളെ കൃത്യമായി ഉപയോഗിക്കുക എന്നത്. സമൂഹ മാധ്യമങ്ങൾ ഇന്ന് ഒരു ഉൽപന്നത്തിന് നൽകുന്ന പ്രമോഷൻ ചെറുതല്ല. ഫേസ്‌ബുക്ക്, ട്വിറ്റർ, യൂട്യൂബ് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സമൂഹ മാധ്യമങ്ങൾ വഴി മികച്ച പരസ്യത്തിനുള്ള വകുപ്പാണ് സൈബർ ലോകം തുറന്ന് വയ്ക്കുന്നത്. ആശയം എന്നത് ഉൽപന്നം ആകുമ്പോൾ തന്നെ സമൂഹ മാധ്യമത്തിൽ സംഗതി വൈറലാക്കാൻ മറക്കരുത്. ഗ്രൂപ്പുകളും പേജുകളും തന്നെ ഇതിന് വലിയ രീതിയിൽ സഹായിക്കുന്ന ഒന്നാണ്. എന്നാൽ ഇത് ആരംഭിക്കും മുൻപ് ഉൽപന്നത്തിന് കൃത്യമായ മേൽവിലാസം വേണം.

ഇത് കൃത്യമായി ഇ-മെയിൽ അക്കൗണ്ട് അടക്കം സൃഷ്ടിക്കുകയും സംരംഭത്തിന്റെ ആവശ്യത്തിനായി മാത്രം ബാങ്ക് അക്കൗണ്ട് ആദ്യമേ തന്നെ തുടങ്ങുകയും വേണം. ഇത് വൈകിയാൽ നൂലാമാലകൾ ഏറെയാണ്. വിൽപന നടത്തുവാനായി ഇന്ന് ഒട്ടേറെ മുൻനിര ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ ലഭ്യമാണ്. ആമസോൺ, ഫ്‌ളിപ്പ്കാർട്ട്, സ്നാപ്ഡീൽ, തുടങ്ങി ഒട്ടേറെ ഓൺലൈൻ പ്ലാറ്റ് ഫോമുകളുണ്ട്. ഇവയുടെ ഔദ്യോഗിക വിഭാഗവുമായി ബന്ധപ്പെട്ടാൽ വിൽപന നടത്തുന്നതിനെ പറ്റി വിശദ വിവരങ്ങൾ പറഞ്ഞു തരും. ഇവയ്ക്ക് സെല്ലർ എന്ന ഇടനിലക്കാരുണ്ടെങ്കിലും വിശദവിവരങ്ങൾ കമ്പനിയുടെ വിദഗ്ദ്ധർ വഴി അറിയുന്നതാണ് നല്ലത്.

കാരണം ചതിക്കുഴികൾ ഏറെയുള്ള മേഖലയാണിത്. സ്വന്തമായി ഒരു വെബ്സൈറ്റ് തുടങ്ങണമെന്നാണ് ആഗ്രഹമെങ്കിലും അത് നല്ലതാണ്. പക്ഷേ വളർന്ന കച്ചവട സൈറ്റുകൾ വഴി ഉൽപന്നത്തിന് കിട്ടുന്ന വേഗത സ്വന്തം സൈറ്റ് വഴി ആദ്യമേ കിട്ടണമെന്നില്ല. സൈറ്റ് നാലാൾ അറിഞ്ഞു വരുമ്പോൾ തന്നെ അൽപം സമയമെടുക്കും. എന്നാൽ വളർച്ച പതുക്കെ മതിയെന്നും ക്ഷമയും സമയവും ആവോളമുണ്ടെന്നും നിങ്ങളുടെ മനസിലുണ്ടെങ്കിൽ പ്രശ്നമില്ല. സ്വന്തം സൈറ്റ് എന്ന ആശയം നല്ലതു തന്നെ.

'കച്ചവട മത്സര കാഹളം' മുഴക്കുന്നതിന് മുൻപ് ഓർക്കാൻ

കച്ചവടം എന്നത് തുടങ്ങുന്നതിനേക്കാൾ പ്രയാസം അതിനെ കുറിച്ച് കൃത്യമായ ധാരണ ഉള്ളിൽ സൃഷ്ടിക്കുക എന്നതാണ്. പണം എന്ന ലക്ഷ്യം വച്ച് കച്ചവടത്തിനിറങ്ങിയാൽ തോൽവിയായിരിക്കും ഫലം. കാരണം ഒരു കുഞ്ഞ് ജനിച്ചയുടൻ തന്നെ നടക്കുകയല്ല എന്ന സത്യം നാം മറന്ന് പോവരുത്. അതിന് വളരാനുള്ള സമയം കൊടുക്കണം. ബിസിനസ് ആരംഭിക്കാനുള്ള മൂലധനം കൃത്യമായി കൈയിലുണ്ടെന്ന് ഉറപ്പ് വരുത്തുക. അത് റിസ്‌ക് ഉള്ളതായിരിക്കരുത്. ഉദാ: ആകെയുള്ള സമ്പാദ്യമോ നീക്കിയിരിപ്പോ വച്ച് തുടങ്ങരുത്. ചെറിയ തുകയ്ക്ക് ആരംഭിക്കുക. ഒരു ജോലിയോടൊപ്പം ബിസിനസിനെ അതിന്റെ വഴിയിൽ വളരാൻ വിടുന്നത് ഏറെ ഉത്തമമാണ്.

വരുമാനം വന്നു തുടങ്ങുമ്പോൾ കോൺഫിഡൻസ് പെട്ടന്ന് കൂടാതെയിരിക്കുക. അത് ആപത്തിൽ ചാടിക്കും. കുറച്ച് പൈസ വരുന്നത് കണ്ടാൽ കച്ചവടം ഉഷാറാക്കാൻ വമ്പൻ ചെലവുകൾ നടത്തി ഇല്ലാതാകുന്നവരാണ് മിക്കവരും. പണത്തിന്റെ കാര്യത്തിൽ എപ്പോഴും താഴ്ന്ന ലെവലിൽ ആഗ്രഹിക്കുകയും ചിന്തിക്കുകയും ചെയ്യുക. എന്നാൽ അത് വർധിപ്പിക്കാനുള്ള ശ്രമത്തിൽ മുൻപന്തിയിലായിരിക്കുകയും വേണം. മികച്ച ബിസിനസ് വിജയത്തിന് വേണ്ട് അതിബുദ്ധിയല്ല ശരാശരി ബുദ്ധിയാണെന്ന് ഓർമ്മിക്കുക. ആശയം, സാമ്പത്തികം, പ്രവർത്തന രീതി, നിലനിൽപ്പ് എന്നിവയിൽ കൃത്യമായ പ്ലാനിങ് ഉണ്ടെങ്കിൽ വിജയം സുനിശ്ചിതം.

വീട്ടമ്മ നേടുന്നത് പ്രതിമാസം എട്ട് ലക്ഷം...ഊർജ്ജം ലഭിക്കാൻ ഈ വിജയകഥ ഓർമ്മിക്കൂ

ചെറിയ പ്രായത്തിൽ തന്നെ വിവാഹിതയായി നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോകുമെന്ന് കരുതിയിടത്ത് നിന്നും ഓൺലൈൻ വ്യാപാര മേഖലയിൽ തങ്കലിപികളാൽ എഴുതിയ പേരാണ് റിതു കൗശിക് എന്ന ഹരിയാന സ്വദേശിനിയായ വീട്ടമ്മയുടേത്. അടുത്തിടെ ഒട്ടുമിക്ക മാധ്യമങ്ങളിലും റിതുവിന്റെ വിജയകഥ വന്നിരുന്നു. എന്നിട്ടും മലയാളികൾക്ക് സുപരിചിതയായി വരുന്നതേയുള്ളൂ റിതുവിനെ. എട്ട് ലക്ഷം രൂപ പ്രതിമാസം ഈ സംരംഭക ഇന്ന് നേടുന്നുവെന്ന് കേട്ടാൽ ആരെങ്കിലും വിശ്വസിക്കുമോ...എങ്കിൽ വിശ്വസിച്ചേ മതിയാകൂ. ഓൺലൈൻ ഭീമനായ ഫളിപ്പ കാർട്ടിൽ തന്റെ റിതു കലക്ഷൻസ് എന്ന ഹാൻഡ് ബാഗ് ബിസിനസ് ചിട്ടയോടെ ചെയ്ത് വരികയാണ് ഹരിയാനയിലെ സോണിപടത്ത് നിന്നുമുള്ള ഈ മിടുമിടുക്കി വീട്ടമ്മ.

എന്നാൽ ഈ വിജയത്തിന് പിന്നിൽ വലിയ കഥയുണ്ട്. വിവാഹം കഴിഞ്ഞപ്പോൾ മുടങ്ങിയ പഠിത്തം പൂർത്തിയാക്കണമെന്ന ലക്ഷ്യമാണ് റിതു ആദ്യം വിജയകരമായി പൂർത്തിയാക്കിയത്. 2016ൽ ബിരുദം പൂർത്തിയാക്കിയ ശേഷം തന്റെ പ്രിയ ഹോബിയായ ഹാൻഡ് ബാഗ് നിർമ്മാണം എന്തുകൊണ്ട് ആരംഭിച്ചുകൂടാ എന്ന ചിന്ത ആരംഭിച്ചു. ഇത് സമീപവാസികളുമായി പങ്കുവെച്ചപ്പോൾ ഓൺലൈൻ വിപണിയിലൂടെ കച്ചവടം നടത്തുന്നതിന്റെ ബാലപാഠങ്ങൾ ലഭിച്ചു.

സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് ഫുൾ സപ്പോർട്ട് കൂടി നൽകിയതോടെ റിതുവിന് ആത്മ വിശ്വാസമേറി. 31ാം വയസിൽ ആരംഭിച്ച റിതുപാൽ കലക്ഷൻസിന് പല പ്രതിസന്ധികൾ നേരിട്ടെങ്കിലും കരുത്തോടെ മുന്നോട്ട് നീങ്ങിയപ്പോൾ എല്ലാ പിന്തുണയുമായി ഓൺലൈൻ ഷോപ്പിങ് സൈറ്റായ ഫ്‌ളിപ്പ്കാർട്ട് കൂടെ നിന്നു. ബാങ്ക് വായ്പയ്ക്ക് പകരം സ്വന്തം പേരിലുണ്ടായിരുന്ന ചെറിയ നീക്കിയിരിപ്പ് മൂലധനമാക്കി റിതു തുടങ്ങിയ സംരംഭം പെട്ടന്നാണ് വളർന്നത്. കംമ്പ്യൂട്ടറിലെ അറിവില്ലായ്മയേയും റിതു തോൽപിച്ചു.

കച്ചവടം ആരംഭിച്ച് ഒരു വർഷം അതിനെ വളരാൻ വിട്ടു. ഇതിന് ശേഷം ഒരു ലക്ഷം രൂപയിലധികം വരുമാനം ലഭിച്ചപ്പോൾ റിതു മനസിൽ വിജയമുറപ്പിച്ചു. 200 രൂപയിൽ ആരംഭിച്ച് 1500 രൂപ വരെ വിലവരുന്ന ഹാൻഡ് ബാഗുകൾ വിറ്റ് ഇന്ന് എട്ട് ലക്ഷം രൂപയിലധികമാണ് റിതുവിന്റെ ലാഭം. ദക്ഷിണേന്ത്യയിൽ വിജയം കണ്ട റിതുവിന്റെ സംരംഭം ഇനി ഇന്ത്യയുടെ എല്ലാ ഭാഗത്ത് നിന്നും ഉപഭോക്താക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. പ്രതിമാസം 20 ലക്ഷം രൂപയുടെ കച്ചവടം നടത്തണമെന്നാണ് തന്റെ സ്വപ്‌നമെന്ന് റിതു പ്രത്യാശയോടെ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP