Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിദ്യാഭ്യാസ വായ്പ കെണിയാകുമോ എന്ന ഭയമുണ്ടോ? തിരിച്ചടവ് കാലാവധിക്ക് മുൻപേ തന്നെ പലിശ അടയ്ക്കാമെന്നത് സത്യമോ? പഠനം പൂർത്തിയാക്കാൻ വായ്പ എടുത്തവർ അറിയാൻ ഏറെയുണ്ടേ; കൃത്യമായ മുന്നൊരുക്കങ്ങളോടെ സമീപിച്ചാൽ വിദ്യാഭ്യാസ വായ്പ അനുഗ്രഹം തന്നെ

വിദ്യാഭ്യാസ വായ്പ കെണിയാകുമോ എന്ന ഭയമുണ്ടോ? തിരിച്ചടവ് കാലാവധിക്ക് മുൻപേ തന്നെ പലിശ അടയ്ക്കാമെന്നത് സത്യമോ? പഠനം പൂർത്തിയാക്കാൻ വായ്പ എടുത്തവർ അറിയാൻ ഏറെയുണ്ടേ; കൃത്യമായ മുന്നൊരുക്കങ്ങളോടെ സമീപിച്ചാൽ വിദ്യാഭ്യാസ വായ്പ അനുഗ്രഹം തന്നെ

തോമസ് ചെറിയാൻ കെ

വിദ്യാഭ്യാസ വായ്പ എന്നതിനെ പറ്റി ചിന്തിക്കാത്തവരുണ്ടാകില്ല. മാത്രമല്ല ബാങ്കുകൾ ഇപ്പോൾ പുറത്ത് വിടുന്ന കണക്കുകൾ നോക്കിയാൽ വിദ്യാഭ്യാസ വായ്പയ്ക്കായി അപേക്ഷിക്കുന്നവരുടെ എണ്ണം വർധിച്ച് വരികയാണ്. എന്നാൽ സൂക്ഷിച്ചല്ല വായ്പ സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെങ്കിൽ കുരുക്കാവുമെന്ന് പ്രത്യേകം എടുത്ത് പറയേണ്ടതില്ലല്ലോ. എൻബിഎ, നാക്ക് അക്രഡിറ്റേഷനുളഅള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കാണ് വിദ്യാഭ്യാസ വായ്പ നൽകുന്നതിൽ മുൻഗണന കൊടുക്കുന്നതെന്നും ഇതു മൂലം പ്രഫഷണൽ കോഴ്‌സുകൾ അടക്കം പഠിക്കുന്നവർക്ക് വൻ തിരിച്ചടി നേരിടുകയാണെന്നും നാം അറിഞ്ഞിരുന്നു.

തിരിച്ചടവ് സംബന്ധിച്ച് ഏറെ സങ്കീർണതകൾ വരാൻ സാധ്യതയുള്ളതിനാൽ തന്നെ വിദ്യാഭ്യാസ വായ്പ വളരെ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യുക. ജോലി ലഭിക്കാൻ പഴയതിനേക്കാൾ കാലതാമസം വരുന്നതിനാൽ തന്നെ വിദ്യാഭ്യാസ വായ്പ എങ്ങനെ കൈകാര്യം ചെയ്യണമെന്നും നിലവിൽ വിദ്യാഭ്യാസ വായ്പ എടുത്തവർ ഓർക്കേണ്ട പ്രധാന സംഗതികൾ എന്തൊക്കെയാണെന്നുമാണ് ഇന്നത്തെ മണിച്ചെപ്പിൽ പങ്കുവെക്കുന്നത്.

വാർഷിക കുടുംബവരുമാനം നാലരലക്ഷം രൂപവരെയുള്ള വിദ്യാർത്ഥികൾക്കു പലിശ സബ്‌സിഡി നൽകുന്ന വായ്പാ പദ്ധതിയിലാണു നിയന്ത്രണമുണ്ടായതും അതിനെതിരെ പാർലമെന്റിൽ പ്രതിഷേധം നടന്നതും നാം വാർത്തകളിലൂടെ അറിഞ്ഞിരുന്നു. ഇന്ത്യൻ ബാങ്ക് അസോസിയേഷന്റെ മാതൃകാവിദ്യാഭ്യാസ വായ്പാ പദ്ധതിയുമായി സംയോജിപ്പിച്ചാണു പ്രൊഫഷണൽ, ടെക്‌നിക്കൽ കോഴ്‌സുകൾ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കക്കാരായ വിദ്യാർത്ഥികൾക്കു വായ്പ നൽകുന്നത്.

നാക്, എൻ.ബി.എ. അക്രഡിറ്റേഷനുള്ള സ്ഥാപനങ്ങൾ, ദേശീയപ്രാധാന്യമുള്ള സ്ഥാപനങ്ങൾ, കേന്ദ്ര സഹായധനമുള്ള സാങ്കേതിക സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണു ബാങ്കുകൾ വായ്പയ്ക്കു മുൻഗണന നൽകുന്നത്.

നഴ്സിങ് കൗൺസിൽ ഓഫ് ഇന്ത്യ, മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ, ബാർ കൗൺസിൽ ഓഫ് ഇന്ത്യ തുടങ്ങിയ റെഗുലേറ്ററി ബോഡികളുടെ അംഗീകാരമുണ്ടെങ്കിൽ നാക്, എൻ.ബി.എ. എന്നിവയുടെ പരിധിയിൽ വരാത്ത സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും വായ്പ നൽകാമെന്നു മാർഗരേഖയിൽ വ്യക്തമാക്കുന്നുണ്ട്. പക്ഷേ വായ്പാതിരിച്ചടവു മുടങ്ങുന്നതു വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ബാങ്കുകൾ അവർക്കു മുൻഗണന കൊടുക്കാറില്ല.

 

നാക്, എൻ.ബി.എ. അക്രഡിറ്റേഷനുകളുള്ള സ്ഥാപനങ്ങളിൽനിന്നു പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്കാണു പെട്ടന്ന് ജോലി കിട്ടുന്നതിനുള്ള സാധ്യത കൂടുതലെന്നാണു ബാങ്കുകളുടെ പക്ഷം. കാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ ജോലി ലഭിക്കുന്നതും ഇത്തരം സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കാണെന്നു ബാങ്കുകൾ വ്യക്തമാക്കുന്നു. കുടുംബവരുമാനം നാലര ലക്ഷം രൂപവരെയുള്ള വിദ്യാർത്ഥികൾക്കാണു പലിശസബ്സിഡി ലഭിക്കുന്നത്. പരമാവധി ഏഴരലക്ഷം രൂപവരെ വായ്പ ലഭിക്കുമെന്നതും ഈടോ, ആൾജാമ്യമോ നൽകേണ്ടതില്ല എന്ന കാര്യവും നിങ്ങൾ ഓർക്കുക.

തിരിച്ചടയ്ക്കാൻ സാധിക്കുമോ? സാധിക്കണം

ഇന്നത്തെ കാലത്ത് നഴ്‌സിങ് കോഴ്‌സ് പഠിക്കുന്നതിന്റെ ശരാശരി ചെലവ് നോക്കാം. എല്ലാം കൂടി മൂന്നര ലക്ഷം രൂപ ബാങ്ക് വായ്പ എടുത്തിട്ടുണ്ടെങ്കിൽ പത്തു ശതമാനം പലിശ നിരക്കിൽ അഞ്ചു വർഷം പിന്നിടുമ്പോൾ ഏകദേശം 4.40 ലക്ഷം രൂപ അടയ്‌ക്കേണ്ടി വരും. 15 വർഷമാണ് തിരിച്ചടവ് കാലാവധിയെങ്കിൽ പ്രതിമാസം 6000 രൂപ വരെ ഇഎംഐയായി വേണ്ടി വരും. എന്നാൽ ചോദ്യമതല്ല. അതിനുള്ളിൽ ജോലി ലഭിക്കുമോ. ലഭിച്ചാൽ തന്നെ കുറഞ്ഞത് 15000 രൂപയ്ക്ക് മുകളിൽ ഇക്കാലത്ത് ഫ്രഷേഴ്‌സിന് എത്ര ആശുപത്രികൾ തുടക്കത്തിൽ നൽകുന്നുണ്ട്? ഈ ചോദ്യങ്ങൾ കേട്ടു കഴിയുമ്പോൾ തന്നെ ഒരു കാര്യം ഉറപ്പാകും.

ജോലി എന്നതിനെ മാത്രം കേന്ദ്രീകരിച്ച് ലോൺ തിരിച്ചടവിനായി കാത്തിരിക്കരുത്. മക്കളുടെ വിദ്യാഭ്യാസ കാലം കഴിയുമ്പോൾ ലോൺ എന്നത് തിരിച്ചടയ്ക്കാൻ മാതാപിതാക്കളും ഒന്ന് കരുതിയിരിക്കുക. സാമ്പത്തികമായി അതിന് കഴിയുമെങ്കിൽ മാത്രം. ഇപ്പോഴത്തെ കണക്കുകൾ നോക്കിയാൽ നഴ്‌സിങ്, എഞ്ചിനീയറിങ്, ലോ തുടങ്ങി ഏത് കോഴുസകൾ പഠിച്ചിറങ്ങുന്നവരും കുറഞ്ഞത് 10,000 രൂപയുടെ ജോലിയിൽ എങ്കിലും ആദ്യം എത്തിച്ചേരാൻ കുറച്ചധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. എന്നാൽ എക്‌സപീരിയൻസും മറ്റുമായി ഒന്നു രണ്ട് വർഷം കഴിയുമ്പോൾ എല്ലാം മാറിമറിയും.

ഇവയോർത്തില്ലേൽ പണി തന്നെ

പഠനം കഴിഞ്ഞ് ജോലി കിട്ടുന്നത് വരെയുള്ള മോറട്ടോറിയം (തിരിച്ചടവ് ആരംഭിക്കുന്നതിന് മുൻപുള്ള സമയം) കാലാവധിയും കഴിഞ്ഞ ശേഷം തിരിച്ചടയ്ക്കാൻ ആരംഭിച്ചാൽ മതി. ഈ കാലയളവു വരെ സാധാരണ നിരക്കിലും തുടർന്നുള്ള സമയത്തേക്ക് കൂട്ടുപലിശ നിരക്കിലുമാണു പലിശ കണക്കാക്കുന്നത്. വായ്പ സർക്കാർ എഴുതി തള്ളുമെന്ന് കരുതിയിരിക്കുന്നവരുണ്ട്. അഥവാ എഴുതി തള്ളിയാൽ തന്നെ ഭാവിയിൽ ബാങ്കിങ് ഇടപാടുകൾക്ക് ഇത് വലിയ തിരിച്ചടിയായി മാറും. രാജ്യത്തെ കെവൈസി പോളിസികൾ പ്രകാരം വിദ്യാർത്ഥിയുടെ ആധാർ, പാൻ രേഖകൾ ബാങ്കുകൾ കൈവശം സൂക്ഷിക്കുന്നുണ്ട്. രാജ്യത്ത് ഏതു ബാങ്ക് വഴി ശമ്പളം വാങ്ങിയാലും ഉടൻ തന്നെ അത് വായ്പയെടുത്ത ബാങ്കിന് അറിയാൻ സംവിധാനമുണ്ട്. ബാങ്കുകൾ നേരിട്ട് നിങ്ങളുടെ കമ്പനിയെ സമീപിക്കാനും സാധ്യതയുണ്ടെന്ന കാര്യവും മറക്കരുത്.

വായ്പ ലഭിക്കുന്ന മാസം മുതൽ തന്നെ പലിശ ചെറിയ തോതിലെങ്കിലും അടയ്ക്കാൻ രക്ഷിതാക്കൾക്ക് കഴിയുമെങ്കിൽ അതിന് ശ്രമിക്കുക. ഇത് കുട്ടികൾക്ക് വരുന്ന ബാധ്യത ലഘൂകരിക്കുമെന്ന് പ്രത്യേകം എടുത്ത് പറയേണ്ടതില്ലല്ലോ. കോഴ്‌സിലും മൊറട്ടോറിയം കാലയളവിലും വായ്പ തുകയ്ക്ക് ബാധകമായ പലിശ ഇഎംഐകളിലേക്ക് ചേർക്കില്ല. വിദ്യാഭ്യാസ വായ്പകൾക്ക് നൽകുന്ന പലിശയും ആദായനികുതി നിയമത്തിലെ സെക്ഷൻ 80 (ഇ) പ്രകാരം നികുതിയിളവിന് അർഹമാണ്.

സാധിക്കുമെങ്കിൽ വായ്പാ അക്കൗണ്ടിൽ തന്നെ അതു തിരിച്ചടച്ചു തുടങ്ങുക. അല്ലെങ്കിൽ അതിനു തുല്യമായ തുക മ്യൂചൽ ഫണ്ടുകളിലോ മറ്റു നിക്ഷേപ പദ്ധതികളിലോ തുടർച്ചയായി അടച്ചു കൊണ്ടിരിക്കുകയും പിന്നീട് വായ്പാ തിരിച്ചടവിനായി ഉപയോഗിക്കുകയും ചെയ്യുക. ഇതു വഴി ഭാവിയിലെ പ്രശ്നങ്ങൾ ഒഴിവാക്കുക മാത്രമല്ല, മക്കൾക്കു മികച്ച ജോലി ലഭിച്ചാൽ ഈ തുക സമ്പാദ്യമാക്കി മാറ്റുവാൻ സഹായിക്കുകയും ചെയ്യും. ഇനി ഇക്കാലത്തു വായ്പാ തിരിച്ചടവു തുടങ്ങാനായില്ലെങ്കിൽ കോഴ്സ് പൂർത്തിയാക്കുമ്പോൾ മുതൽ രക്ഷിതാക്കൾ നിർബന്ധമായും തിരിച്ചടവു തുടങ്ങിയിരിക്കണം.

ഇതൊന്നും സാധിക്കാതെ വായ്്പാ തിരിച്ചടവു മുടങ്ങിയാലുള്ള സാഹചര്യവും യുക്തിസഹമായി നേരിടാൻ കഴിയണം. കയ്യിലുള്ള സ്വർണം വിറ്റ് നാലോ അഞ്ചോ ഗഡുക്കൾ അടക്കുക. വലിയ തുകയാണെങ്കിൽ വസ്തു വിൽക്കുക തുടങ്ങിയവയൊന്നും ഇവിടെ ആശ്യാസ്യമായ രീതിയല്ല. ബാങ്കിനെ സമീപിച്ചു വായ്പ പുനക്രമീകരിക്കുന്നതാണ് മികച്ചത്. ഓഹരികളും മ്യൂചൽ ഫണ്ടുകളും വിൽക്കാൻ സാധിക്കുന്ന സാഹചര്യമാണെങ്കിൽ അവയും പരിഗണിക്കാം. ഇങ്ങനെ പുനക്രമീകരിക്കുന്ന വായ്പകൾ എൻ.പി.എ. വിഭാഗത്തിൽ ഉൾപ്പെടില്ലെന്നതാണ് ഏറ്റവും ഗുണകരം.

സിബിൽ സ്‌കോറിനേയും അറിയാം

ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ ലിമിറ്റഡ് അഥവാ സിബിൽ എന്ന് പറയുന്നത് ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾ അംഗമായിരിക്കുന്ന സാമ്പത്തിക വിശകലന സ്ഥാപനമാണ്. ഓഓരോ വ്യക്തിയും വായ്പ എടുക്കുന്നതിന്റെ ചരിത്രം കൃത്യമായി ശേഖരിച്ച് സൂക്ഷിച്ച് വെക്കുന്നതാണ് ഈ സ്ഥാപനത്തിന്റെ കർത്തവ്യം. സിബിൽ ലഭ്യമാക്കുന്ന രണ്ട് പ്രധാനപ്പെട്ട് രേഖകളാണ് ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോർട്ടും സിബിൽ ട്രാൻസ് യൂണിയൻ സ്‌കോറും. ഈ വിശദാംശങ്ങൾ പഠിച്ച ശേഷമാണ് ലോൺ കൊടുക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ധനകാര്യ സ്ഥാപനങ്ങൾ തീരുമാനമെടുക്കുന്നത്.

വായ്പ എടുക്കുന്ന വ്യക്തിയുടെ വിശ്വാസ്യതയാണ് സിബിൽ സ്‌കോറിലൂടെ പ്രതിഫലിക്കുന്നത്. റിസർവ് ബാങ്ക് പ്രതിനിധികൾ 1999-ൽ ഇപ്രകാരമുള്ള ക്രെഡിറ്റ് വിവരസാധ്യതാ ശേഖരത്തിന്റെ ആവശ്യകതയെക്കുറിച്ച് പഠനം നടത്തിയതിന് പിന്നാലെ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2000ലാണ് സിബിൽ സ്ഥാപിതമായത്. ബാങ്കുകൾ, ധനകാര്യസ്ഥാപനങ്ങൾ എന്നിവയിൽനിന്ന് ഓരോ ഉപഭോക്താവിനെയും സംബന്ധിച്ചുള്ള സാമ്പത്തികരേഖകൾ സിബിൽ സമാഹരിച്ച് ഒരു സിബിൽ സ്‌കോർ ഉണ്ടാക്കുന്നു. ആ സ്‌കോർ 750-ൽ അധികമായാൽ വായ്പ ലഭ്യമാവാനുള്ള സാധ്യത കൂടും. തിരിച്ചടവ് ശേഷിയുടെ വ്യാപ്തിയെ ആ സ്‌കോർ സൂചിപ്പിക്കുന്നുണ്ടെന്നർത്ഥം.

സിബിൽ സ്‌കോർ ഉയർന്നിരിക്കാൻ വേണ്ട മുൻകരുതലുകൾ അറിഞ്ഞിരിക്കുന്നത് വ്യക്തിപരമായ സാമ്പത്തികവളർച്ചയ്ക്ക് ഉചിതമാണ്. അതിൽ ഉപഭോക്താക്കളുടെ വായ്പ തിരിച്ചടയ്ക്കുന്നതിലെ കൃത്യത വളരെ പ്രധാനപ്പെട്ടതാണ്. അതാണ് സിബിൽ സ്‌കോറിന്റെ അടിസ്ഥാനം. അതിനാൽ ഓരോ ഉപഭോക്താവിന്റെയും വായ്പാ തിരിച്ചടവ് ചരിത്രവും പ്രധാനപ്പെട്ടതാണ്.

അതുകൊണ്ട് ബാങ്ക് ലോണാണെങ്കിലും ക്രെഡിറ്റ് കാർഡിന്റെ ഉപയോഗമായാലും പരിമിതിയും പരിധിയും മനസ്സിലാക്കിവേണം വായ്പയെടുക്കേണ്ടത്. അതോടൊപ്പംതന്നെ എടുത്ത വായ്പ വിവേകപൂർവം ഉപയോഗിക്കുക എന്നതും ഏറെ പ്രധാനപ്പെട്ടതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP