Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉടുതുണി പോലും എടുക്കാതെയുള്ള ആ മഹായാത്ര എപ്പോഴാണ്? അദാനിക്കും ഷിബു ബേബി ജോണിനും ആ വിധി തീർപ്പിന് മുൻപിൽ എന്തു ചെയ്യാൻ പറ്റും? ലക്ഷ്മി നിനക്ക് വേണ്ടി പൊഴിക്കാൻ ആകെയുള്ളത് രണ്ടു തുള്ളി കണ്ണുനീർ മാത്രം

ഉടുതുണി പോലും എടുക്കാതെയുള്ള ആ മഹായാത്ര എപ്പോഴാണ്? അദാനിക്കും ഷിബു ബേബി ജോണിനും ആ വിധി തീർപ്പിന് മുൻപിൽ എന്തു ചെയ്യാൻ പറ്റും? ലക്ഷ്മി നിനക്ക് വേണ്ടി പൊഴിക്കാൻ ആകെയുള്ളത് രണ്ടു തുള്ളി കണ്ണുനീർ മാത്രം

ഷാജൻ സ്‌കറിയ

കാലത്തിലുള്ള ഓരോ മരണവും വേദനിപ്പിക്കുന്നതാണ്. അപരിചിതനാണ് മരിച്ചതെങ്കിലും വിവരം അറിയുമ്പോൾ ഹൃദയം ഒരു നൊമ്പരപ്പൂവ് വിടർത്തും. കൊലപാതകങ്ങളുടെ വാർത്ത കേൾക്കുമ്പോൾ ഒരു കാരണവുമില്ലാതെ മരണത്തോട് മല്ലിട്ട അപരിചിതന്റെ രൂപം മനസ്സിൽ തെളിയും. ആത്മഹത്യ ആണെങ്കിൽ എന്തായിരുന്നിരിക്കണം ആ മുഖത്തിനു പിന്നിൽ ഒളിപ്പിച്ചു വച്ച വേദന എന്നോർത്താവും സങ്കടപ്പെടുക. സാരമില്ല എന്നൊരു വാക്കു പറയാൻ ദൈവം നമ്മളെ ഓർമ്മിപ്പിച്ചിരുന്നെങ്കിൽ എന്നു ഓർത്തു പോകും. ഈ മരണങ്ങൾ എല്ലാം വലിയൊരു ഓർമ്മപ്പെടുത്തലായി മാറുമ്പോഴും ഏറെ വ്യാകലപ്പെടുക അപ്രതീക്ഷിതമായുള്ള മറ്റ് മരണങ്ങൾ ആണ്.

ഒരുപാട് സ്വപ്നങ്ങൾ കണ്ടുകൊണ്ടുള്ള ഒരു ജീവിതം പൊടുന്നനെ അങ്ങ് നിൽക്കുമ്പോൾ ജീവിതത്തിന്റെ നിർത്താത്ത ഒരു കടലിരമ്പും പോലെ വന്നു കാതിൽ മുഴങ്ങും. ഇന്നു ഈ നിമിഷം ഒന്നു മറഞ്ഞു വീണു അവസാനിക്കാവുന്നതാണ് ജീവിതം. ഇരിക്കുന്ന കസേര ഒടിഞ്ഞു വീണു അതിന്റെ കമ്പി കയറി മരിക്കാം. വഴിയെ നടന്നു പോകുമ്പോൾ നില തെറ്റിയ ഒരു വാഹനം ഇടിച്ചു കൊല്ലപ്പെടാം. കാൽ വഴുതി വീണും വെള്ളത്തിലോ അഗ്‌നിയിലോ വിഴുങ്ങപ്പെട്ടും ഒക്കെ മരണം സംഭവിക്കാം. പെട്ടന്നൊരു ദിവസം ഹൃദയം അങ്ങ് പണി മുടക്കാം. തലച്ചോറിലേക്കുള്ള ഞരമ്പു പൊട്ടി പോകാം. ക്യാൻസറിന്റെ മാരക വേദന കടിച്ചു തിന്നാം. അങ്ങനെ അങ്ങനെ ഓർത്താൽ ഒരു ഉൾക്കിടിലം മാത്രമുള്ള എത്രയോ സാധ്യതകൾ.

ഒരുപാടു മരണങ്ങൾക്ക് ഈ ലേഖകൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതിൽ ചില മരണങ്ങൾ ഹൃദയത്തിന്റെ വാതായനത്തിൽ ഇപ്പോഴും ഓർമ്മ പുതുക്കാൻ കാത്തു നിൽക്കുന്നു. സ്‌കൂളിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ അണലി കടിച്ചു കൊന്ന മനോജിന്റെ നീലച്ച ശരീരം എത്ര കാലം ചെന്നാലും മറന്നു പോവുകയില്ല. ഒന്നു കാണാമടാ എന്നു പറഞ്ഞു വിളിച്ചിട്ടും കാണാൻ പറ്റാതെ പോയ ജിജോ സെബാസ്റ്റ്യൻ എന്ന എരുമേലിക്കാരൻ സഹപാഠി വെള്ളത്തിൽ വീണു മരിച്ചു കിടിക്കുന്നത് അതിനേക്കാൾ ഭയാനകമായി മനസ്സിൽ ഉണ്ട്. ബോബി പോൾ എന്ന കുറവിലങ്ങാട്ടെ പ്രതിഭാധനനായ കൂട്ടുകാരൻ ക്യാൻസർ പിടിച്ചു മരണത്തോടു മല്ലിട്ട ദിനങ്ങൾ ഒപ്പം സഞ്ചരിച്ചതിന്റെ പേടിപ്പിക്കുന്ന ഓർമ്മകളും കൂട്ടിനായുണ്ട്.

ആത്മഹത്യകളും അപ്രതീക്ഷിത മരണങ്ങളും എത്രയോ കണ്ടതാണ്. സുബിൻ എന്ന കൂട്ടുകാരന്റെ ആത്മഹത്യ എങ്ങനെയാണ് മറക്കാൻ കഴിയുന്നത്? മോൻ എന്നു സ്നേഹപൂർവ്വം വിളിക്കുന്ന നാട്ടുകാരനായ ബിനു ഇലക്ട്രിക് ലൈനിൽ ഇരിന്നു മരിച്ചത് മറക്കാൻ സാധിക്കുന്ന ഒരു കാലം ഉണ്ടാകുമോ? കണ്ണാടിക്കൂട്ടിൽ അടച്ച അവന്റെ നിശ്ചല രൂപം നോക്കി ഇരുന്നപ്പോൾ എന്തായിരുന്നിരിക്കാം ഞാൻ ചിന്തിച്ചത് എന്നു ഇപ്പോഴും എനിക്കു പിടി കിട്ടുന്നില്ല. മോൻ ഞങ്ങളുടെ നാട്ടിലെ എല്ലാവരുടെയും മോനായിരുന്നു. ഒരു കയ്യബദ്ധം അവന് നഷ്ടമാക്കിയത് സ്വന്തം ജീവൻ തന്നെയായിരുന്നു. ഇപ്പോഴും തലയിണത്തടം വഴി കാറോടിച്ച് പോകുമ്പോൾ ആ മലമുകളിൽ സെമിത്തേരിയിൽ അന്തിയുറങ്ങുന്ന മോനെ ഓർക്കാതിരിക്കാൻ പറ്റില്ല.

അങ്ങനെ എത്രയെത്ര മരണങ്ങൾ അടുത്തും അകലെയുമായി മനസിനെ വേദനിപ്പിച്ച് കടന്നുപോകുന്നു. അത്തരം ഒരു അപ്രതീക്ഷിത മരണത്തിലേക്കാണ് ഇന്നലെ ഞാൻ മിഴി തുറന്നത്. എന്റെ അപ്പനും അമ്മയ്ക്കും പിറന്ന ഏഴ് മക്കൾക്കുമായി ഉണ്ടായ മക്കൾ അടക്കം 25 പേർ ഒരുമിച്ച് കൂടിയതിന്റെ വിവർണനാതീതമായ ആഹ്ലാദത്തിൽ നിന്നും പടിയിറങ്ങി തലസ്ഥാനത്തേയ്ക്ക് മടങ്ങി എത്തിയപ്പോൾ ആയിരുന്നു ആ ദുരന്ത വാർത്ത എത്തിയത്. ലക്ഷ്മി എന്നു പേരുള്ള തിരുവനന്തപുരം കരമനക്കാരിയായ ഈ 35 കാരിയുടെ മരണം എനിക്ക് ഉണ്ടാക്കിയത് വല്ലാത്തൊരു ഷോക്കായിരുന്നു. രണ്ട് തവണ വഴിയിൽ വച്ച് കണ്ട പരിചയം മാത്രമെ എനിക്കുള്ളു ലക്ഷ്മിയുമായി. എങ്കിലും ലക്ഷ്മിയുടെ തീഷ്ണമായ പുഞ്ചിരി എന്റെ മനസിൽ മായാതെയുണ്ട്. അതുകൊണ്ടാണ് ഇന്നലെ വൈകുന്നേരം കുടുംബസമേതം മരണത്തിന്റെ നെഞ്ചിടിപ്പിൽ കടൽ പോലെ നെഞ്ചിൽ ചുമന്ന് കഴിയുന്ന ഭർത്താവ് അനിലിനെ കാണാൻ വേണ്ടി വെള്ളായണിയിലെ വീട്ടിൽ പോയത്.

ലക്ഷ്മി എന്നു പേരുള്ള തിരുവനന്തപുരം കരമനക്കാരിയായ ഈ 35 കാരിയുടെ മരണം എനിക്ക് ഉണ്ടാക്കിയത് വല്ലാത്തൊരു ഷോക്കായിരുന്നു. രണ്ട് തവണ വഴിയിൽ വച്ച് കണ്ട പരിചയം മാത്രമെ എനിക്കുള്ളു ലക്ഷ്മിയുമായി. എങ്കിലും ലക്ഷ്മിയുടെ തീഷ്ണമായ പുഞ്ചിരി എന്റെ മനസിൽ മായാതെയുണ്ട്.അനിൽ ലോ അക്കാദമിയിലെ എന്റെ സഹപാഠിയാണ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഷിബു ബേബി ജോണിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു. ഇപ്പോൾ വിഴിഞ്ഞത്തെ അദാനി പോർട്ടിന്റെ സോഷ്യൽ റെസ്‌പോൺസിബിളിറ്റി ഓഫീസറാണ്. സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റുമുള്ള അനിൽ മുമ്പ് ഐക്യരാഷ്ട്രസഭയിലും ജോലി ചെയ്തിരുന്നു. കേരള യൂണിവേഴ്‌സിറ്റിയിലെ തന്നെ ഞങ്ങളുടെ ബാച്ചിൽ ഇതുവരെ എല്ലാ വിഷയങ്ങൾക്കും ഒന്നാമതെത്തി ഒന്നാം റാങ്ക് പ്രതീക്ഷനിലനിർത്തുന്ന പ്രഗത്ഭൻ കൂടിയാണ് അനിൽ. ഒരുപാട് ബഹളവും ഒരുപാട് സൗഹൃദങ്ങളും ഒന്നുമില്ലെങ്കിലും അനിലിന്റെ ഉള്ളിലെ സാധാരണക്കാരനായ നല്ല മനുഷ്യനെ ഞാൻ പലതവണ കണ്ടിട്ടുണ്ട്. ഇടവേളകളിൽ അനിലുമായി ഒരുപാട് തവണ സംസാരിച്ചിട്ടുണ്ട്. അനിലിന്റെ പ്രിയതമയാണ് മരണത്തിന് കീഴടങ്ങിയ ലക്ഷ്മി. അനിലിനൊപ്പം രണ്ടുതവണ തലസ്ഥാനത്തെ ചില ഷോപ്പിങ് സെന്ററുകളിൽ വച്ച് കണ്ട പരിചയമാണ് എനിക്ക് ലക്ഷ്മിയുമായുള്ളത്. എന്നാൽ അനിലിന്റെയും മകളുടെയും ആശ്രയം എന്ന നിലയിൽ ആ മരണം താങ്ങാൻ എനിക്ക് കഴിഞ്ഞില്ല.

തലസ്ഥാനത്തെ ഒരു ബിസിനസ് കുടുംബത്തിലെ ഏക മകളാണ് ലക്ഷ്മി. ഉന്നത ബിരുദം ഉണ്ടായിട്ടും ലക്ഷ്മിക്ക് ഇഷ്ടം കുടുംബം നോക്കുക മാത്രമായിരുന്നു. അനിൽ കോർപ്പറേറ്റ് ജോലിയുടെ തിരക്കിൽ ഓടി നടക്കുമ്പോൾ കുടുംബത്തിന്റെ വിളക്കായി ലക്ഷ്മി തിളങ്ങി നിന്നു. എൽഎൽബിക്ക് പഠിക്കാൻ ചേർന്നതടക്കം അനിലിന്റെ ജീവിതത്തിലെ നിർണായകമായ തീരുമാനങ്ങൾ എല്ലാം ലക്ഷ്മിയുടേത് ആയിരുന്നു. 'ഞാൻ ഒരിക്കലും അവളോട് ഒന്നിനും നോ പറഞ്ഞിരുന്നില്ല... എനിക്ക് ഏറ്റവും വലുത് എന്റെ കുടുംബം ആയിരുന്നു... അവൾ പറയുന്നത് പോലെ ഞാൻ എല്ലാം ചെയ്തു... എന്നെയും എന്റെ മകളെയും ഒരു പോറൽ പോലും ഏൽക്കാതെ അവൾ നോക്കി പോറ്റി... ഈ കാണുന്നതൊക്കെ അവളുടെ സ്വപ്‌നങ്ങൾ ആണ്. ഇവിടെയെല്ലാം അവളുടെ മണം നിറഞ്ഞ് നൽക്കുകയാണ്... എങ്ങനെയാണ് ഇനി ഞാൻ മുമ്പോട്ട് പോവുക എന്നു എനിക്കറിയില്ല... ഞാൻ ആകെ ഒറ്റപ്പെട്ടുപോയിരിക്കുന്നു...' അനിൽ കണ്ണ് തുടച്ചുകൊണ്ടു പറഞ്ഞു.

വരുന്ന 30 വർഷത്തേക്കുള്ള സ്വപ്നങ്ങൾ അവൾ നെയ്തിരുന്നു. കുഞ്ഞിന്റെ പഠനം മുതൽ കുടുംബത്തിന്റെ അടുത്ത സ്റ്റെപ് വരെ അവൾ ഒരുക്കി ശുശ്രൂഷിച്ചു. കൃത്യമായി എക്‌സസൈസ് ചെയ്തും ഭക്ഷണത്തിലെ മായങ്ങൾ ഒഴിവാക്കിയും ബദ്ധ ശ്രദ്ധയോടെ അവൾ ആ കൂടൊരുക്കി മുൻപോട്ടു പോയി. കോപ്പറേറ്റ് ലോകത്തിന്റെ തിരക്കുകളിൽ പെട്ട് ഉഴറി മടുത്തു വീട്ടിൽ ചെല്ലുമ്പോൾ ലക്ഷ്മിയുടെ ഒരു പുഞ്ചിരി മാത്രം മതിയായിരുന്നു അനിലിനു ക്ഷീണം അകറ്റാൻ. 12 കൊല്ലം മാത്രമേ ആ ദാമ്പത്യത്തിന് ദൈവം പക്ഷെ ആയുസ്സ് നൽകിയുള്ളൂ.വരുന്ന 30 വർഷത്തേക്കുള്ള സ്വപ്നങ്ങൾ അവൾ നെയ്തിരുന്നു. കുഞ്ഞിന്റെ പഠനം മുതൽ കുടുംബത്തിന്റെ അടുത്ത സ്റ്റെപ് വരെ അവൾ ഒരുക്കി ശുശ്രൂഷിച്ചു. കൃത്യമായി എക്‌സസൈസ് ചെയ്തും ഭക്ഷണത്തിലെ മായങ്ങൾ ഒഴിവാക്കിയും ബദ്ധ ശ്രദ്ധയോടെ അവൾ ആ കൂടൊരുക്കി മുൻപോട്ടു പോയി. കോപ്പറേറ്റ് ലോകത്തിന്റെ തിരക്കുകളിൽ പെട്ട് ഉഴറി മടുത്തു വീട്ടിൽ ചെല്ലുമ്പോൾ ലക്ഷ്മിയുടെ ഒരു പുഞ്ചിരി മാത്രം മതിയായിരുന്നു അനിലിനു ക്ഷീണം അകറ്റാൻ. 12 കൊല്ലം മാത്രമേ ആ ദാമ്പത്യത്തിന് ദൈവം പക്ഷെ ആയുസ്സ് നൽകിയുള്ളൂ. രണ്ടു ദിവസം മുൻപ് രാവിലെ അനിലിനെ ഓഫീസിലേക്ക് വിളിച്ചു ലക്ഷ്മി പറഞ്ഞു നല്ല തലവേദനയുണ്ട്. വരുമ്പോൾ മരുന്നു വാങ്ങി കൊണ്ടു വരണം. അനിൽ മറക്കാതെ മരുന്നുമായി വീട്ടിൽ എത്തി. മകളുമായി അബാക്കസ് പരീക്ഷയുടെ രജിസ്‌ട്രേഷന് വേണ്ടി പോയി വന്നിട്ടും ആ തലവേദന മാറിയില്ലെന്ന് അവൾ പറഞ്ഞു.

'ഞാൻ ഒരിക്കലും അവളോട് ഒന്നിനും നോ പറഞ്ഞിരുന്നില്ല... എനിക്ക് ഏറ്റവും വലുത് എന്റെ കുടുംബം ആയിരുന്നു... അവൾ പറയുന്നത് പോലെ ഞാൻ എല്ലാം ചെയ്തു... എന്നെയും എന്റെ മകളെയും ഒരു പോറൽ പോലും ഏൽക്കാതെ അവൾ നോക്കി പോറ്റി... ഈ കാണുന്നതൊക്കെ അവളുടെ സ്വപ്‌നങ്ങൾ ആണ്. ഇവിടെയെല്ലാം അവളുടെ മണം നിറഞ്ഞ് നൽക്കുകയാണ്... എങ്ങനെയാണ് ഇനി ഞാൻ മുമ്പോട്ട് പോവുക എന്നു എനിക്കറിയില്ല... ഞാൻ ആകെ ഒറ്റപ്പെട്ടുപോയിരിക്കുന്നു...'രാത്രി പത്തു മണിയോടെ എനിക്കൊരു കാപ്പി ഇട്ടു തരുമോ എന്നു അവൾ ചോദിച്ചപ്പോൾ ഒരു മടിയും ഇല്ലാതെ കാപ്പി ഇട്ടു കൊടുത്ത അനിൽ പിന്നെ കണ്ടത് തന്റെ മാറിലേക്ക് കണ്ണടച്ചു ചായുന്ന പ്രിയതമയെ ആയിരുന്നു. പിന്നെ ഒരു വിറയൽ മാത്രം. ശ്വാസം നിലച്ച പോലൊരു ഫീലിങ്, സമനില വിട്ട അനിൽ പെട്ടന്ന് സഹോദരനെയും വിളിച്ചു പിആർഎസ് ആശുപത്രിയിൽ എത്തിച്ചു. പ്രഥാമിക പരിശോധനകൾ എല്ലാം കഴിഞ്ഞു ഡോക്ടർ സംഘം പറഞ്ഞത് രക്ഷ വേണ്ട എന്നാണ്, വെന്റിലേറ്ററിന്റെ സഹായത്തോടെ പിറ്റേന്ന് കിംസിലേക്ക് മാറ്റി. പക്ഷെ അന്നു രാത്രിയിൽ അവൾ ഈ ലോകത്തോടു വിട പറഞ്ഞു. എന്താണ് അവളുടെ അസുഖം എന്നു പോലും അറിയാതെയുള്ള യാത്ര. ഒന്നു പൊട്ടിക്കരയാൻ പോലും ആവാതെ തളർന്നിരുന്ന അനിൽ ഞങ്ങളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് ഒരു സന്ദേശം അയച്ചു - എന്റെ പ്രിയപ്പെട്ടവൾ എന്നെ വിട്ടു പോയി. എന്നിട്ടു അലറി കരയുക ആയിരുന്നു. ഇനി എന്തു ചെയ്യണമെന്നറിയാതെ.

അനിലിന്റെ നിശബ്ദമായ വേദനയ്ക്ക് മുമ്പിൽ ഞാൻ ഇപ്പോൾ നമസ്‌കരിക്കുകയാണ്. എന്ത് പറഞ്ഞ് ആശ്വസിപ്പിക്കേണ്ടത്. സാരമില്ല എന്നു പറയാൻ മാത്രം അത്ര സാരമില്ലാത്തത് അല്ലല്ലോ ഈ വേദന. ഞാൻ ഇടയ്ക്കിടെ എന്നെക്കുറിച്ച് ആലോചിച്ചു. പിണക്കങ്ങളും വഴക്കും ഒക്കെയുണ്ടെങ്കിലും ഞങ്ങളിൽ ഒരാൾ ഇല്ലാത്ത അവസ്ഥ ചിന്തിക്കാൻ പറ്റുമോ? ഇപ്പോൾ തന്നെ ഏതാണ്ട് മൂന്ന് മാസത്തെ ജോലികൾ പെന്റിങ്ങാക്കി ജീവിക്കുമ്പോൾ പെട്ടെന്നൊരു ദിവസം ആ ശ്വാസം അങ്ങ് നിലച്ചാൽ എന്ത് സംഭവിക്കും? ആലോചിക്കാൻ പോലും വയ്യ. മേല്പത്തൂരിന്റെ ജ്ഞാനപ്പാനയിലെ വരികളാണ് കാതിൽ മുഴങ്ങുന്നത്. - ഒരു ഉടുതുണി പോലും എടുക്കാനാവാതെ ശൂന്യമായ ഒരു യാത്ര. എന്തെല്ലാം ഉണ്ടെങ്കിലും എന്താണ്. മരണം ഒരു ഒറ്റുകാരനെപ്പോലെ വന്നു വിളിക്കുമ്പോൾ എല്ലാം വേണ്ടാന്നു വച്ച് പോവേണ്ടി വരില്ലേ? എന്നിട്ടും എന്തൊരു മത്സരബുദ്ധിയാണ്. എന്നിട്ടും എന്തൊരു പകയാണ്. എന്നിട്ടും എന്തൊരു വാശിയാണ്. ആർക്കുവേണ്ടിയാണ് ഇതൊക്കെ?

ഈ ഭൂമിയിൽ അവശേഷിപ്പിക്കാനാകുന്നത് എന്താണ്? നന്മയിലും കരുണയിലും തീർത്ത പച്ചപ്പുകൾ മാത്രം. ഈ പുതുവത്സരത്തിൽ ഒരു വെളിച്ചമാകാൻ ലക്ഷ്മിയുടെ ബലിദാനം എന്നെ പ്രേരിപ്പിക്കുമോ? ആർക്കെങ്കിലും ഒക്കെ അളവില്ലാതെ നമ്മയുടെ പ്രകാശം ചൊരിയാൻ എനിക്കു സാധിക്കുമോ? നേടിയെടുക്കലുകൾക്കും വെട്ടിപ്പിടിച്ചുനൽകലുകൾക്കും ഇടയിൽ എല്ലാം വിട്ടു കൊടുക്കാൻ എനിക്കു സാധിക്കുമോ? ഒരു ദിവസം ഒരു നന്മ എങ്കിലും ബോധപൂർവ്വം ചെയ്തു മരണത്തിലേക്കുള്ള വർദ്ധിപ്പിക്കാൻ എനിക്കു സാധിക്കുമോ? ഞാൻ ഒന്നു പരീക്ഷിച്ചു നോക്കുകയാണ് നാളെ മുതൽ. തമ്പുരാന്റെ ഇഷ്ടം അതാണെങ്കിൽ നടക്കട്ടെ.

അടിക്കുറിപ്പ്:- ഈ കുറിപ്പ് പൂർത്തിയായപ്പോൾ ഒരു ഫോൺ കാൾ വന്നു. മോഹനൻ ചേട്ടൻ പനയിൽ നിന്നും വീണു മരിച്ചിരിക്കുന്നു. എന്റെ സുഹൃത്തും സുഹൃത്തിന്റെ പിതാവുമാണ് പാറയ്ക്കൽ മോഹനൻ ചേട്ടൻ. നാട്ടിൽ ചെല്ലുമ്പോൾ ഒക്കെ മായം ചേർക്കാത്ത കള്ള് എനിക്ക് പനയിൽ നിന്നും ഇറക്കി സ്‌നേഹപൂർവ്വം തന്നിരുന്നയാളാണ്. നാട്ടിലെ എന്റെ ഓഫീസിൽ നെറ്റ് ഇല്ലാതെ പോയാൽ ഞാൻ മോഹനൻ ചേട്ടന്റെ വീട്ടിൽ ചെന്നാണ് നെറ്റ് നോക്കിയിരുന്നത്. നേരത്തെ ഞങ്ങളുടെ ഗ്രാമത്തിലെ ഷാപ്പ് നടത്തിയിരുന്നതും മോഹനൻ ചേട്ടനാണ്. ഇന്നു ഒരുക്കാനായി പനയിൽ കയറിയതാണ്, കാൽ വഴുതി വീണത് മരണത്തിലേയ്ക്ക്. മോഹനൻ ചേട്ടന്റെ മകൻ കൊച്ചാപ്പിയുടെ മുഖമാണ് മനസിലേയ്ക്ക് വരുന്നത്. പോസ്റ്റ്‌മോർട്ടത്തിന്റെയും മറ്റും കാര്യങ്ങൾക്കായി കൊച്ചാപ്പി രണ്ടുമൂന്നു തവണ വിളിച്ചു. മരണമേ എന്താണ് നീ ഇങ്ങനെ എന്റെ ചുറ്റും വട്ടം കറങ്ങുന്നത്. നിന്റെ ലക്ഷ്യം ശരിക്കും ആരാണ്?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP