Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മറുനാടൻ മലയാളി കോപ്പി പേസ്റ്റാണോ? ഇസ്ലാമിക തീവ്രവാദി എന്ന് വിളിച്ചാൽ ആർക്കാണ് പൊള്ളുന്നത്? തലക്കെട്ടും വാർത്തയും തമ്മിൽ എവിടെയാണ് യോജിക്കാത്തത്?

മറുനാടൻ മലയാളി കോപ്പി പേസ്റ്റാണോ? ഇസ്ലാമിക തീവ്രവാദി എന്ന് വിളിച്ചാൽ ആർക്കാണ് പൊള്ളുന്നത്? തലക്കെട്ടും വാർത്തയും തമ്മിൽ എവിടെയാണ് യോജിക്കാത്തത്?

ഷാജൻ സ്‌കറിയ

റുനാടൻ ഒരു രഹസ്യ അജണ്ടയുടെ പുറത്ത് ഇസ്ലാമിക വിരോധമുള്ള പത്രമാണ് എന്ന് പ്രചരിപ്പിക്കാൻ വേണ്ടി ചിലർ നടത്തുന്ന ശ്രമങ്ങളെ കുറിച്ച് നാളെ എഴുതും എന്ന് ഞാൻ സൂചിപ്പിച്ച് തുടങ്ങിയിട്ട് രണ്ട് ദിവസമായി. വളരെ ഏറെ വിവരങ്ങൾ ശേഖരിച്ച് തർക്കിക്കേണ്ട ഒരു വിഷയമാണ് അതെന്ന് കണ്ടതിനാൽ മറ്റ് ചില ചോദ്യങ്ങൾ ഉയർന്ന് വരുമ്പോൾ പരമ്പരയുടെ കാരണം മാറുകയാണ്. ജസ്റ്റ് പേസ്റ്റ് ഇറ്റ് എന്ന വെബ് സൈറ്റിലൂടെ ചിലർ പ്രചരിപ്പിക്കുന്ന വാർത്തകളെ കുറിച്ചുള്ള സംശയ നിവാരണം എന്തായാലും വരും ദിവസങ്ങളിൽ ഉണ്ടാവും. ഇന്ന് നേരിടാൻ ആഗ്രഹിക്കുന്നത് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മറുനാടന്റെ വായനക്കാർ ഉയർത്തിയ പ്രധാനപ്പെട്ട മൂന്ന് ആരോപണങ്ങളാണ്. മറുനാടൻ ഒരു കോപ്പി പേസ്റ്റ് പത്രമാണ്, മറുനാടൻ ഇസ്ലാമിക തീവ്രവാദികൾ എന്ന വാക്ക് ഉപയോഗിച്ച് മുസ്ലീമുകളെ ആക്ഷേപിക്കുന്നു, തലക്കെട്ടും വാർത്തയും തമ്മിൽ പുലബന്ധം ഇല്ല തുടങ്ങിയവയാണ് ഇന്ന് ഉത്തരം പറയുന്ന മൂന്ന് കാര്യങ്ങൾ. ഈ ആരോപണങ്ങൾ വ്യാജം ആണെന്നോ മറുനാടന്റെ ശത്രുക്കൾ പ്രചരിപ്പിക്കുന്നത് ആണ് എന്നോ പറഞ്ഞ് തലയൂരാൻ ആഹ്രഹമില്ല. മറുനാടനെ ഇഷ്ടപ്പെടുന്നവർ പോലും പലപ്പോഴും ഇത് ചൂണ്ടിക്കാട്ടുന്നതാണ്.

മറുനാടൻ എങ്ങനെയാണ് കോപ്പി പേസ്റ്റ് ആകുന്നത്?

റുനാടൻ വർഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിക്കുന്നവരോട് തെളിവുകൾ സഹിതം സമർത്ഥിക്കുമ്പോൾ പെട്ടന്ന് അവർ ഉയർത്തുന്ന ഒരു ആരോപണമാണ് കോപ്പി പേസ്റ്റ്. സൗദിയിലെ മതകാര്യ പൊലീസിന്റെ ഇടപടലിനെ കുറിച്ചുള്ള വാർത്തയെ കുറിച്ച് വിശദീകരണം നൽകിയപ്പോഴും ഈ ആരോപണം ചിലർ ഉയർത്തി. മറുനാടനിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ വാർത്തകളും സ്വന്തമായി സൃഷ്ടിക്കുന്നതാണ് എന്നും ഒരിക്കൽ പോലും അത് കോപ്പി ചെയ്യാറില്ല എന്നും അവകാശപ്പെടാൻ ഞങ്ങൾക്ക് സാധിക്കില്ല. എന്നാൽ മറുനാടൻ ഒരു കോപ്പി പേസ്റ്റ് പത്രം മാത്രം ആണ് എന്ന് ചിലർ നുണ പ്രചരിപ്പിക്കുന്നതിനെയാണ് എതിർക്കുന്നത്. ഒരു പത്രത്തിനും കോപ്പി പേസ്റ്റ് മാത്രം നടത്തി പിടിച്ച് നിൽക്കാൻ സാധിക്കില്ല എന്നതാണ് സത്യം. മറുനാടനിലെ വാർത്തകൾ ഉണ്ടാകുന്നത് നാല് തരം സാഹചര്യങ്ങളിൽ നിന്നാണ്. ഞങ്ങളുടെ ഫീൽഡ് റിപ്പോർട്ടർമാർ നൽകുന്ന വാർത്തകളാണ് അതിൽ ഏറ്റവും പ്രധാനം. ചാനലുകൾ കേട്ട് അവയിൽ വരുന്ന വാർത്തകൾ അപ്പപ്പോൾ തന്നെ ഞങ്ങളുടെ രീതിയിൽ വിശദമായി അപ്‌ഡേറ്റ് ചെയ്യുന്നതാണ് രണ്ടാമത്തെ വഴി. വിദേശ പത്രങ്ങളും ദേശീയ പത്രങ്ങളും വായിച്ച് അതിൽ നിന്നും പ്രധാനപ്പെട്ടതും ശ്രദ്ധേയവുമായ വാർത്തകൾ തപ്പി എടുത്ത് വേണ്ടത്ര അന്വേഷണങ്ങൾ നടത്തി പ്രസിദ്ധീകരിക്കുന്നതാണ് മൂന്നാമത്തേത്. എന്നാൽ നാലാമത് ഒരു കോപ്പി പേസ്റ്റ് രീതി കൂടി ഉണ്ട്. എല്ലാ ദിവസവും രാവിലെ മറ്റ് പത്രങ്ങൾ പരിശോധിച്ച് ഞങ്ങൾക്ക് ലഭിക്കാതെ പോയതും എന്നാൽ വായനക്കാർക്ക് ഇഷ്ടമുള്ളതുമായ വാർത്തകൾ പെറുക്കി എടുത്ത് ഞങ്ങളുടെ റിപ്പോർട്ടറുമാരുമായി ബന്ധപ്പെട്ട് പരമാവധി സോഴ്‌സുകൾ ഉറപ്പിച്ച് മാറ്റി എഴുതുന്ന റിപ്പോർട്ടുകൾ ആണിത്. മറുനാടൻ വായനക്കാർക്ക് താൽപ്പര്യമുള്ള ചില വാർത്തകൾ മാത്രമാണ് ഇങ്ങനെ എടുക്കുന്നത്. സാധാരണ ഗതിക്ക് ഇത്തരം വാർത്തകൾ പൂർണ്ണമായും മാറ്റി എഴുതാറുണ്ട്. മനോരമ, മാതൃഭൂമി തുടങ്ങിയ പത്രങ്ങളെ ഞങ്ങൾ ഇതിന് ഉപയോഗിക്കാറില്ല.

ഏതെങ്കിലും ഒരു പത്രം എസ്‌ക്ലൂസീവ് ആയി പ്രസിദ്ധീകരിച്ച വാർത്തയാണ് ഇങ്ങനെ എടുക്കുന്നതെങ്കിൽ ആ പത്രം റിപ്പോർട്ട് ചെയ്തു എന്ന് പറഞ്ഞ് തന്നെയാകും ഞങ്ങൾ പ്രസിദ്ധീകരിക്കുക. ലോകം എമ്പാടും നിലവിൽ ഉള്ള ഒരു രീതിയാണിത്. ഒരു പത്രം ഒരു വാർത്ത വെളിയിൽ കൊണ്ട് വന്ന് എന്നതുകൊണ്ട് മാത്രം അത് അവഗണിക്കുകയാണ് നമ്മുടെ നാട്ടിൽ പണ്ട് മുതലേ ഉള്ള രീതി. എന്നാൽ പാശ്ചാത്യ നാടുകളിൽ ആദ്യം പ്രസിദ്ധീകരിച്ച പത്രത്തിന്റെ പേര് പറഞ്ഞ് തന്നെ മറ്റ് മാദ്ധ്യമങ്ങൾ ഇത് പ്രസിദ്ധീകരിക്കും. നമ്മുടെ നാട്ടിൽ ഈ രീതിക്ക് ഇപ്പോൾ മാറ്റം വന്നിട്ടുണ്ട്. എന്നാൽ ഏത് പത്രം കൊണ്ട് വന്നു എന്ന് പറയാതെ സ്വന്തം വാർത്ത എന്ന നിലയിൽ പ്രസിദ്ധീകരിക്കുകയാണ് ഇവർ ചെയ്യുന്നത്. അതിനേക്കാൾ എത്രയോ മാന്യമാണ് ഞങ്ങൾ കാണിക്കുന്ന മര്യാദ?

ഇനി വേറൊരു കാര്യം ചോദിക്കട്ടെ. കേരളത്തിൽ ഏത് പത്രം ഉണ്ട് അല്ലെങ്കിൽ ചാനൽ ഉണ്ട് മറ്റുള്ളവരുടെ വാർത്തകൾ എടുക്കാത്തത്? ഏതെങ്കിലും ഒരു ചാനൽ ഒരു വാർത്ത പുറത്ത് വിട്ടാൽ അതിന്റെ ആധികാരികത പരിശോധിക്കുക പോലും ചെയ്യാതെ മറ്റ് ചാനലുകൾ അതേറ്റ് പിടിക്കുകയാണ് പതിവെന്ന് ചാനൽ കാണുന്നവർക്കെല്ലാം അറിയാം. ഒരു ചാനലിന്റെ എസ്‌ക്ലൂസീവ് വാർത്ത പോലും അത് സൂചിപ്പിക്കാതെ മറ്റ് ചാനലുകൾ ഏറ്റു പിടിക്കുന്നു. മംഗളം പോലെയുള്ള ചെറുകിട പത്രങ്ങൾ കൊണ്ട് വരുന്ന എത്രയോ വാർത്തകൾ വിശദമായ വിവരങ്ങൾ സഹിതം മനോരമയെപ്പോലുള്ള പത്രങ്ങൾ അടുത്ത ദിവസങ്ങളിൽ ആഘോഷിച്ചിരിക്കുന്നു. അതുപോലെ തന്നെ മനോരമക്ക് പോലും ഇന്ത്യയ്ക്കും ഗൾഫിനും പുറത്ത് ലേഖകർ ഇല്ല. സർവ്വ മാദ്ധ്യമങ്ങളും വിദേശ പത്രങ്ങളിലെ വാർത്തയെ ആശ്രയിച്ചാണ് പേജ് നിറയ്ക്കുന്നത്. ഇത് പക്ഷെ ഞങ്ങൾ ചെയ്യുമ്പോൾ മാത്രം എങ്ങനെ കോപ്പി അടി ആകും എന്ന് മാത്രമാണ് മനസ്സിലാകാത്തത്. മറ്റുള്ളവരുടെ വാർത്തകൾ ഞങ്ങൾ ഉപയോഗിക്കാറുണ്ട് എന്ന് ഒരിക്കലും ഞങ്ങൾ മറച്ച് വച്ചിട്ടില്ല. എന്നാൽ കോപ്പി പേസ്റ്റ് മാത്രമാണ് മറുനാടൻ വാർത്തകൾ എന്ന് പറയുന്നവർ മനഃപൂർവ്വം ഞങ്ങളെ മോശക്കാരാക്കാൻ ശ്രമിക്കുകയാണ്.

ചെറിയ പത്രങ്ങളിൽ വരുന്ന വാർത്തകളിൽ ഒളിഞ്ഞിരിക്കുന്ന പ്രധാന വാർത്തകൾ കണ്ടെത്തി കൂടുതൽ വിവരങ്ങൾ ചേർത്ത് പ്രസിദ്ധീകരിക്കുന്നതാണ് ഞങ്ങളുടെ പ്രത്യേകതകളിൽ ഒന്ന്. മറുനാടൻ വായനക്കാർക്ക് മാത്രം വാർത്തയെ കുറിച്ച് അപ്പപ്പോൾ പ്രതികരിക്കാൻ അവസരം ഉള്ളതുകൊണ്ട് മറുനാടൻ മാത്രം മോശക്കാരാകുന്നു. ചാനലുകളോടും പത്രങ്ങളോടും പ്രതികരിക്കാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം പ്രേക്ഷകരും. പക്ഷെ അവർക്ക് മുൻപിൽ വഴികൾ ഇല്ല. അതുകൊണ്ട് ഇനിയെങ്കിലും മറുനാടനെ കോപ്പി പേസ്റ്റ് എന്ന് വിളിച്ച് ആക്ഷേപിക്കുന്നവരുടെ യഥാർത്ഥ ലക്ഷ്യം വായനക്കാർ തിരിച്ചറിയുക.

തലക്കെട്ടും വാർത്തയും തമ്മിൽ എന്ത് ബന്ധം?

റുനാടന്റെ സ്ഥിരം വായനക്കാരായ ചിലർ പോലും ഇടക്കിടെ ആവർത്തിക്കുന്ന ഒരു ആരോപണം ആണിത്. എന്നാൽ ഇത് പൂർണ്ണമായും നിഷേധിക്കുകയാണ് ഞാൻ. മറുനാടൻ ഒരു പ്രത്യേക വാർത്താ സംസ്‌കാരവും രൂപവും സൃഷ്ടിക്കും മുൻപ് തുടക്ക കാലത്ത് ഇങ്ങനെ ഒക്കെ സംഭവിച്ചിരിക്കാം. തലക്കെട്ടും വാർത്തയും തമ്മിൽ ബന്ധമില്ലാതെ വന്നാൽ വാർത്ത എഴുതിയ ആൾക്ക് പ്രത്യേക ഫൈൻ വരെ ഈടാക്കിയാണ് ഞങ്ങൾ മാസങ്ങൾക്ക് മുൻപ് ഈ പ്രശ്‌നം പരിഹരിച്ചത്. അന്ന് പോലും ചില സിനിമ വാർത്തകളിലും മറ്റും മാത്രമായിരുന്നു ഈ രോഗം ബാധിച്ചിരുന്നത്. ഇപ്പോൾ തീർത്ത് പറയാം ഒരു വാർത്ത പോലും അങ്ങനെ അല്ല. എന്നിട്ടും ഈ ആരോപണം സജീവമായി ഉയർത്തുന്നവരോട് ഒന്നേ പറയാനുള്ളൂ. തലക്കെട്ടും വാർത്തയും തമ്മിൽ ബന്ധമില്ലാത്ത ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടൂ. അത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് എന്തായാലും അതിന്റെ ഉദാഹരണങ്ങൾ മനസ്സിൽ ഉണ്ടാവുമല്ലോ? നിങ്ങൾക്ക് ആ വാർത്ത ഗൂഗിളിൽ സേർച്ച് ചെയ്ത് കണ്ടെത്താനും കഴിയും. ഈ രോഗം ബാധിച്ച നാലഞ്ച് വാർത്തകൾ തപ്പി എടുത്ത് ദയവായി ഈ വാർത്തയുടെ ലിങ്കായി ഇടൂ. പരിശോധിക്കാം. അത് കാണും വരെ ഈ ആരോപണം എന്തെങ്കിലും പറയാൻ വേണ്ടി ചിലർ ഉണ്ടാക്കുന്നതാണ് എന്ന് ആരോപിക്കാൻ ഞാൻ നിർബന്ധിതനാവും.

അതേ സമയം മറുനാടന്റെ തലക്കെട്ടുകൾ സാധാരണ രീതിയിൽ അല്ല എന്നത് അംഗീകരിക്കുന്നു. മറുനാടൻ ഓൺലൈൻ വാർത്തയിൽ ഒരു പ്രത്യേക രീതി ശാസ്ത്രം കൊണ്ട് വന്ന മാദ്ധ്യമം ആണ്. ചാനലുകൾക്കും പ്രിന്റഡ് പത്രങ്ങൾക്കും ബദൽ ആയിയല്ല മറുനാടനെ ഞങ്ങൾ വളർത്തിയത്. പ്രത്യുത അവയ്‌ക്കൊപ്പം സമാന്തരമായി മുൻപോട്ട് കൊണ്ട് പോകാൻ ആണ് ഇങ്ങനെ ഒരു സങ്കൽപ്പത്തിന് രൂപം നൽകിയത്. അതുകൊണ്ട് തന്നെ മുഖ്യധാര പത്രങ്ങൾ പിന്തുടരുന്ന രീതിക്ക് മാറ്റം വേണം എന്നത് മുൻകൂട്ടി നിശ്ചയിച്ച രീതി തന്നെ ആയിരുന്നു. മറുനാടൻ ഇത്രയധികം ജനകീയമായതിന്റെ കാരണങ്ങളിൽ ഒന്ന് പ്രത്യേക തരത്തിലുള്ള ഈ തലക്കെട്ടാണ്. ഈ തലക്കെട്ട് ശൈലി ആവിഷ്‌കരിച്ച വ്യക്തി എന്ന നിലയിൽ എനിക്ക് അഭിമാനം മാത്രമേ ഉള്ളൂ. ഇത് വാസ്തവത്തിൽ പാശ്ചാത്യ രാജ്യങ്ങളിലെ പോപ്പുലർ പത്രങ്ങൾ വിജയകരമായി പിന്തുടരുന്ന രീതിയാണ്.

മറുനാടന്റെ ഈ പരീക്ഷണം വൻ വിജയമാണെന്ന് തെളിയിക്കാൻ ഞങ്ങളുടെ കയ്യിൽ ഒരുപാട് കണക്കുകൾ ഉണ്ട്. മറുനാടനെ ഇക്കാര്യത്തിൽ കുറ്റം പറയുന്നവർ പതിയെ പതിയെ അതിൽ നിന്നും പിന്മാറും എന്നാണ് എന്റെ വിശ്വാസം. കാരണം മനോരമയും എന്തിനേറെ വ്യവസ്ഥാപിത രീതിക്കാരായ മാതൃഭൂമിയും വരെ ഇപ്പോൾ ഈ വഴിയിലൂടെ സഞ്ചരിച്ച് തുടങ്ങിയിട്ടുണ്ട്. ചെറുകിട പത്രങ്ങൾ എല്ലാം തന്നെ ശൈലി മാറ്റി കഴിഞ്ഞു. ഓൺലൈനിലെ ഈ ശൈലി മനോരമയുടെ മെട്രോ പേജുകൾ എത്രയോ മുൻപേ സ്വീകരിച്ച് കഴിഞ്ഞു. ഈ മാറ്റത്തിൽ ഒരു ചെറിയ പങ്ക് വഹിച്ചതിന് എനിക്ക് സന്തോഷമേ ഉള്ളൂ. മറുനാടനിലെ തലക്കെട്ട് എഴുത്തുകാരനെ മംഗൾയാന്റെ കൂടെ ചൊവ്വായിലേക്ക് വിടണമെന്ന് പറയുന്നവർ അറിയുക ഈ ശൈലിയുടെ ഉപജ്ഞാതാവ് ഞാൻ തന്നെയാണ്. അങ്ങനെ എങ്കിൽ നിങ്ങൾക്ക് എന്നെ ചൊവ്വായിലോ മരുഭൂമിയിലോ ഒക്കെ അയക്കേണ്ടി വരും.

മുസ്ലിം തീവ്രവാദികൾ എന്ന് വിളിച്ചപ്പോൾ ആർക്കാണ് പൊള്ളുന്നത്?

ഷാനിദ് ഹാരോൺ എന്നൊരു വായനക്കാരൻ അയച്ച ഈമെയിലിൽ തുടങ്ങാം:

"ഡിയർ ഷാജൻ,
           എനിക്കൊരു കാര്യം ചോദിക്കാനുണ്ട്. എന്തുകൊണ്ടാണ് നിങ്ങൾ പതിവായി മുസ്ലിം തീവ്രവാദികൾ എന്ന് വിളിക്കുന്നത്. എന്താണ് നിങ്ങൾ അതുവഴി ഉദ്ദേശിക്കുന്നത്? ഇന്നലത്തെ നിങ്ങളുടെ ലേഖനത്തിലും ആ വാക്കുണ്ടായിരുന്നു. തീവ്രവാദികൾ എന്ന് പറഞ്ഞാൽ ടെററിസ്റ്റ് അല്ലെങ്കിൽ എക്‌സ്ട്രിമിസ്റ്റ്, എന്നല്ലേ? അപ്പോൾ എന്താണ് നിങ്ങളുടെ ലക്ഷ്യം? കമന്റ് ചെയ്യുന്നവരെ ഒക്കെ പിടിച്ച് തീവ്രവാദികൾ ആക്കുന്ന ഒരു സ്റ്റൈൽ ഉണ്ടല്ലോ അത് മാറ്റുക... ഇപ്പോൾ നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത് ഇക്കിളി ന്യൂസുകളും വർഗ്ഗീയ ചുവയുള്ള ന്യൂസുകളും മാത്രം ആണ്... അത് നിങ്ങൾക്കും റീഡേർസ് ആയി ഇരിക്കുന്ന നമുക്കും അറിയാം...

ഞാൻ ഒരു മുസ്ലീമാണ്, ഇസ്ലാമിനെ പിന്തുടർന്നും എന്നാൽ മറ്റ് മതങ്ങളെ ആദരിക്കുന്നു. മുസ്ലിം ടെററിസ്റ്റ് എന്ന് വിളിക്കരുത് വെറും ടെററിസ്റ്റ് എന്ന് വിളിക്കുക. വ്യക്തിപരമായ അഭിപ്രായത്തിൽ മതം കലർത്തരുത്. ഇത് തെളിയിക്കുന്നത് ആഗോള വ്യാപകമായ ഇസ്ലാമിക വിരുദ്ധ മാദ്ധ്യമ ഗൂഢാലോചനയുടെ ഭാഗമാണ് താങ്കളും എന്നു തന്നെയാണ്."

ഈ കത്തെഴുതിയ ഷാനിദിനോട് ആദരവ് മാത്രമാണ്. വളരെ മാന്യമായ ഭാഷയിൽ ഒരു ഫീലിങ്ങ് ഷാനിദ് വ്യക്തമാക്കിയിരിക്കുന്നു. എന്നാൽ ഭീഷണിയും തെറിവിളികളുമായി ഇങ്ങനെ എത്രയോ കത്തുകൾ മുസ്ലിം ഹിന്ദു ക്രിസ്ത്യൻ തീവ്രവാദികളിൽ നിന്നും ഇതുവരെ എനിക്ക് ലഭിച്ചിരിക്കുന്നു. അതേ ഞാൻ മനഃപൂർവ്വമാണ് ഈ വാക്ക് ആവർത്തിക്കുന്നത്. തീവ്രവാദികൾ എന്ന വാക്ക് ഭീകരർ എന്ന വാക്കുമായി കൂട്ടി വായിക്കുന്നതുകൊണ്ടാണ് ഷാനിദിനെ പോലെ ഉള്ളവർ തെറ്റിദ്ധരിക്കുന്നത്. ഏതെങ്കിലും ഒരു വായനക്കാരനെ ഞാൻ തിവ്രവാദി എന്ന് വിളിച്ച് വിശേഷിപ്പിച്ചിട്ടുണ്ടെങ്കിൽ അവർ ഭീകരർ അല്ലെങ്കിൽ ടെററിസ്റ്റുകൾ ആണ് എന്ന് അർത്ഥമാക്കുന്നില്ല. പ്രത്യുത മത തീവ്രവാദം അവർക്കുണ്ട് എന്ന് തന്നെയാണ്. ഏതെങ്കിലും ഒരു മത വിശ്വസത്തിൽ തീവ്രമായി ആകൃഷ്ടരായിരിക്കുന്നവരാണ് തീവ്രവാദികൾ.

ഞാൻ മുസ്ലിം തീവ്രവാദി എന്ന് മാത്രമല്ല ഇതേ ലേഖനത്തിൽ തന്നെ ഹിന്ദു തീവ്രവാദി എന്നും ക്രിസ്ത്യൻ തീവ്രവാദി എന്നും വിശേഷിപ്പിച്ചുട്ടുണ്ട്. അതിനർത്ഥം അവരൊക്കെ ഭീകരർ ആണ് എന്നല്ല. പ്രത്യുത അവരൊക്കെ തങ്ങളുടെ മതം മാത്രമാണ് ശരിയെന്ന് വിശ്വസിക്കുന്നവരാണ് എന്നാണ് അർത്ഥം. മതത്തിൽ തീവ്രമായി വിശ്വസിക്കുന്നവർ അവരെ തീവ്രവാദികൾ എന്ന തന്നെയാണ് വിശേഷിപ്പിക്കേണ്ടത്. ഹിന്ദു - ക്രിസ്ത്യൻ മുസ്ലിം തീവ്രവാദികൾ കൂടാതെ ദേശീയതയിൽ അമിതമായി വിശ്വസിക്കുന്ന തീവ്രവാദികളും ഉണ്ട്. സിപിഐ(എം), ലീഗ്, കോൺഗ്രസ്സ് തീവ്രവാദികളെയും ഞാൻ പലപ്പോഴും കണ്ട് മുട്ടിയിട്ടുണ്ട്. അതുകൊണ്ട് സ്‌നേഹിത ഞാൻ ഇസ്ലാമിന്റെ വിശുദ്ധതയേയെ മുസ്ലീമിന്റെ രാജ്യ സ്‌നേഹത്തെയോ ഒന്നും ഈ വാക്ക് കൊണ്ട് ചോദ്യം ചെയ്തിട്ടില്ല എന്ന് മാത്രം അറിയുക.

(ഈ പരമ്പരയുടെ അടുത്ത അദ്ധ്യായം നാളെ വായിക്കാം)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP