Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രമേഷ് ചെന്നിത്തലയുടെ ഉറ്റമിത്രം; ഉമ്മൻ ചാണ്ടിയുടെ ഉപദേശകൻ: മറുനാടൻ എഡിറ്റർക്കെതിരെ യുദ്ധം പ്രഖ്യാപിച്ച കോൺഗ്രസ് നേതാവിന്റെ കഥ

രമേഷ് ചെന്നിത്തലയുടെ ഉറ്റമിത്രം; ഉമ്മൻ ചാണ്ടിയുടെ ഉപദേശകൻ: മറുനാടൻ എഡിറ്റർക്കെതിരെ യുദ്ധം പ്രഖ്യാപിച്ച കോൺഗ്രസ് നേതാവിന്റെ കഥ

ഷാജൻ സ്‌കറിയ

ത്മകഥാംശം കലർന്ന ഈ കുറിപ്പെഴുതുമ്പോൾ ഏതെങ്കിലും ഒരു വ്യക്തികൾക്കെതിരെയുള്ള ആരോപണങ്ങളും വ്യക്തിഹത്യ എന്ന വിഭാഗത്തിൽ പെടുന്നകുറിപ്പുകളും എഴുതരുതെന്നു നിശ്ചയിച്ചിരുന്നു. അതുകൊണ്ടാണ് മുൻ അദ്ധ്യായങ്ങളിൽ ചിലരുടെയൊക്കെ കാര്യങ്ങൾ പറയേണ്ടിവന്നപ്പോഴും പേരുകൾ പറയാതിരുന്നത്. എന്നാൽ ഈ കുറിപ്പ് പൂർത്തിയാക്കണമെങ്കിൽ ഇത്തരത്തിലുള്ള ചിലരെയൊക്കെ കുറിച്ച് പറഞ്ഞെ മതിയാകു എന്നതാണ് സത്യം. അത്തരത്തിൽ ഒരാളെ കുറിച്ച് ഇന്ന് പറയാം. എന്റെ ജീവിതം ദുസ്സഹം ആക്കാനും ഞാൻ തട്ടിപ്പുകാരൻ ആണ് എന്ന് വരുത്തി തീർക്കാനും കഴിഞ്ഞ ആറു വർഷമായി ജീവിതം മാറ്റി വച്ചരിക്കുന്ന ലക്‌സൺ ഫ്രാൻസിസ് കല്ലുമാടിക്കൽ എന്ന ചങ്ങാനശ്ശേരി സ്വദേശിയായ യുകെയിലെ ഒരു കോൺഗ്രസ്സ് നേതാവിന്റെ കഥയാണിത്. ഇയാൾ നടത്തിയിട്ടുള്ള തട്ടിപ്പുകളും എന്നെ മോശക്കാരനാക്കാൻ നടത്തിയിട്ടുള്ള ശ്രമങ്ങളും വിശദമായി എഴുതിയാൽ കുറഞ്ഞത് പത്ത്അധ്യായങ്ങൾ വേണ്ടി വരും.

2008 ലാണ് ലക്‌സൺ എനിക്കെതിരെയുള്ള യുദ്ധം തുടങ്ങിയതാണ്. ജൂലിയാസ് ലൂയിസ് എന്നൊരു കറുത്തവർഗ്ഗക്കാരനായ ബ്രിട്ടീഷ് പൗരത്വം ഉള്ള തട്ടിപ്പുകാരൻ യുകെയിലെ കുടിയേറ്റക്കാരുടെ ഇടയിൽ ആരംഭിച്ച വലിയൊരു തട്ടിപ്പിനെതിരെ നിലപാട് എടുത്തതായിരുന്നു ഞങ്ങൾ തമ്മിലുള്ള ശത്രുതയുടെ തുടക്കം. 15,000 പൗണ്ട് മുടക്കിയാൽ പ്രതിമാസം 4800 പൗണ്ട് ലാഭം കിട്ടും എന്ന പേരിൽ ജൂലിയാസ് വൻ തോതിൽ ആരംഭിച്ച തട്ടിപ്പിന്റെ മലയാളി സമൂഹത്തിന്റെ മൊത്തകച്ചവടക്കാരൻ ഈ ലക്‌സൺ ആയിരുന്നു. 15,000 പൗണ്ട് നൽകിയാൽ ഒരു സ്വിച്ച് നൽകുമെന്നും അതിലൂടെ വിദേശത്ത് നിന്നും സ്വദേശത്തു നിന്നും ഒക്കെ കാളുകൾ ഡൈവേർട്ട് ചെയ്ത് വിടുമെന്നും അതിന്റെ ലാഭം കിട്ടുമെന്നും ഒക്കെ പറഞ്ഞ് ഒരു സമ്പൂർണ്ണ മണി ചെയിൻ ഇടപാടായിരുന്നു അത്.

പരസ്യം ചോദിച്ചാണ് എന്റെ അടുത്ത് ഇത് ആദ്യം എത്തിയത്. ആദ്യം കേട്ടപ്പോൾ തന്നെ ഇതൊരു പോൺസി പദ്ധതി ആണെന്നു വ്യക്തമായി. ജൂലിയാസ് സമാനമായ തട്ടിപ്പുകൾ നടത്തിയതിന്റെ പേരിൽ കോടതി ശിക്ഷിച്ചയാളാണ് എന്ന രേഖകൾ കൂടി ലഭിച്ചതോടെ ബ്രീട്ടീഷ് മലയാളി ഇത് വാർത്തയാക്കുകയായിരുന്നു. സാധാരണ സംഭവിക്കുന്നതു പോലെ ഭീഷണിയും തെറിവിളിയും ഒക്കെ നടത്തിയാണ് ലക്‌സൺ ആദ്യം നേരിടാൻ ശ്രമിച്ചത്. എന്റെ നാട്ടിലെ നമ്പറിൽ വിളിച്ച പ്രയാമായ അമ്മയെ അസഭ്യം പറയുകയായിരുന്നു മറ്റൊരു വഴി. ഒരിക്കൽ ഭാഗികമായി ഇവർ വിജയിക്കുകയും ചെയ്തു. ഒരു ദിവസം വിളിച്ചു മകന്റെ കാലും കൈയും വെട്ടുമെന്ന് ആദ്യ ദിനം ഭീഷണിപ്പെടുത്തിയവർ പിറ്റേന്ന് എന്റെ സുഹൃത്തുക്കൾ ആണ് എന്ന് പറഞ്ഞ് വിളിച്ച് ഷാജന് ഒരു അപകടം നടന്നെന്നും ഗുരുതരാവസ്ഥയിലാണെന്നും  വിളിച്ച് പറഞ്ഞപ്പോൾ വീട്ടിൽ ഉണ്ടായ സംഘർഷം ആലോചിക്കാമല്ലോ.

എന്തായാലും തുടർച്ചയായ വാർത്തകളെ തുടർന്ന് ആ തട്ടിപ്പ് പൊളിഞ്ഞു. ഏതാണ് 200-ൽ അധികം പേരിൽ നിന്നു ലക്ഷകണക്കിന് പൗണ്ട് ലക്‌സനും ജൂലിയസും ചേർന്ന് തട്ടിയെടുത്തു. ഈ ബിസിനസ്സ് സത്യമാണെന്ന് കരുതി ദുബായിൽ ബിസിനസ്സ് ചെയ്യുന്ന ജോളി മലയിൽ എന്നൊരാൾ ഇതിൽ പങ്കാളിത്തം എടുത്തിരുന്നു. ബിസിനസ് പൂട്ടിയതോടെ ജോളി തന്റെ വീതം പണം ഇടപാടുകാർക്ക് തിരിച്ച് നൽകി. എന്നാൽ ലക്‌സൺ മാത്രം അതിനും തയ്യാറായില്ല. മാനം രക്ഷിക്കാനായി ലകസൺ നൽകാനുള്ള തുകയുടെ ഒരു വിഹിതം ലക്‌സനോട് ചെക്ക് വാങ്ങി ജോളി തന്നെ നൽകിയിരുന്നു. ഈ തുകയുടെ പേരിൽ ലക്‌സനെതിരെ ജോളി കൊടുത്ത കേസിൽ വാറന്റ് ആയിരിക്കുകയാണ് ഇപ്പോൾ.

ഈ വാർത്ത വെളിയിൽ വന്നതോടെ ലക്‌സൺ കബളിപ്പിച്ചതിന്റെ തെളിവുകളുമായി അനേകം പേർ ഞങ്ങളെ ബന്ധപ്പെട്ടിട്ടുണ്ട്. യുകെയിലുള്ള ഒരു മലയാളി വൈദികനോട് ലോഹ്യം കൂടി ലോൺ എടുത്ത് 8000 പൗണ്ട് (ഏകദേശം എട്ട് ലക്ഷം രൂപ) വാങ്ങിയ ശേഷം അത് തിരിച്ച് നൽകാതാകുകയും യുകെയിലെ കോടതി 12,000 പൗണ്ടായി തിരിച്ചു നൽകാൻ വിധിക്കുകയും ചെയ്തതാണ്. ബാങ്കുകൾ, ക്രഡിറ്റ് കാർഡ് കമ്പനികൾ, ഹൗസിങ് ലോൺ സ്ഥാപനങ്ങൾ തുടങ്ങിയ അനേകം പേരെ ലക്‌സൺ കബളിപ്പിച്ചതിന്റെ വിശദാംശങ്ങളാണ് പിന്നീട് പുറത്ത് വന്നത്. യുകെയിലെ നിയമത്തിന്റെ പഴുതുകളാണ് ലക്‌സനെ ഇത്തരം കബളിപ്പിക്കലുകൾ തുടർന്ന് ചെയ്യാൻ പ്രേരിപ്പിച്ചത്. ഇത്തരം കേസുകൾ എല്ലാം സിവിൽ കേസുകളായെ പരിഗണിക്കു. വീട്ടിൽ ചെന്ന് പണം ചോദിച്ചാൽ പണം നഷ്ടപ്പെട്ടവന്റെ പേരിൽ ഭീഷണിപ്പെടുത്തി എന്ന പേരിൽ കേസ് വരും. മാനഹാനിയും സമയനഷ്ടവും ഉയർന്ന കോടതി ചെലവും പേടിച്ച് അധികം പേർ കേസിന് പോവില്ല. അഥവാ പോയാൽ തന്നെ സ്വയം പാപ്പരായി പ്രഖ്യാപിച്ച് പണം അടയ്ക്കാതികരിക്കാൻ സാധിക്കും. ഇത്തരം കുറുക്ക് വഴികൾ വഴിയാണ് ലക്‌സൺ പിടിച്ച് നിന്നത്.

ഭാര്യക്കു മികച്ച ജോലി ഉണ്ടായിരുന്നതിനാൽ കുടുംബ ചെലവിന് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. മറ്റൊരു പണി ഇല്ലാതിരുന്നതു കൊണ്ടും തട്ടിപ്പുകളിലൂടെ ലഭിച്ച പണം കയ്യിൽ ഉണ്ടായിരുന്നതുകൊണ്ടും എന്നെ തകർക്കുക എന്ന ജീവിത ലക്ഷ്യത്തോടെ ഇയാൾ രംഗത്തിറങ്ങി. യുകെയിൽ അക്കാലത്തുണ്ടായിരുന്ന ഓൺലൈൻ പോർട്ടലുകളിൽ എനിക്കെതിരെ വാർത്ത കൊടുപ്പിക്കുകയായിരുന്നു ഒരു ഹോബി. നിരവധി വ്യാജ ഇമെയിലുകളും ഫേസ്‌ബുക്ക് അക്കൗണ്ടുകളും ഉണ്ടാക്കി എനിക്കെതിരെ കഥകൾ പ്രചരിപ്പിച്ചു കൊണ്ടേയിരിന്നു. മന്ത്രിമാർ എംഎൽഎമാർ ഉദ്യോഗസ്ഥർ തുടങ്ങി അനേകം പേർക്ക് നിരന്തരമായി വ്യാജപേരിലും സ്വന്തം പേരിലും പരാതികൾ അയച്ചുകൊണ്ടിരുന്നു. ആദ്യകാലത്തിലൊക്കെ എന്നെ പല സ്റ്റേഷനുകളിൽ നിന്നും വിളിച്ചു മൊഴി എടുക്കുമായിരുന്നു. പിന്നീട് പൊലീസ് വിളിക്കുമ്പോൾ വരാൻ പറ്റില്ല എന്നു ഞാൻ പറഞ്ഞു.

എനിയ്‌ക്കെതിരെ മാത്രമല്ല ബോബിയ്‌ക്കെതിരെയും പരാതികൾ ഇയാൾ നിരന്തരമായി അയച്ചു തുടങ്ങി. വിദേശത്ത് പരിശീലിക്കാൻ ബോബിക്ക് സർക്കാർ പണം കൊടുത്തതിന്റെ ഇന്റർനെറ്റിൽ ലഭിക്കുന്ന വിവരങ്ങൾ എടുത്ത് ബോബി തട്ടിപ്പു നടത്തി എന്നുവരെ പറഞ്ഞു തുടങ്ങി. യുകെയിലെ ഏതാണ്ട് 18-ഓളം മലയാളികളുടെ പേരുപയോഗിച്ച് ഇയാൾ എനിയ്‌ക്കെതിരെ പരാതി നൽകിയിട്ടുണ്ട്. ഇതൊന്നും കൊണ്ട് എന്നെ തളയ്ക്കാൻ പറ്റില്ല എന്നു വ്യക്തമായതോടെ പൊലീസ് അന്വേഷിക്കുന്നില്ല എന്നാരോപിച്ച് ഇയാൾ കോടതിയിൽ പോയി ഒരു കേസ് കൊടുത്തു. സ്വാഭാവികമായും കേസ് അന്വേഷിക്കാൻ കോടതി പറഞ്ഞത് പത്രക്കുറിപ്പാക്കി ഇയാൾ ആഘോഷിക്കാൻ ശ്രമിച്ചു. എന്റെ മൊഴിയെടുത്ത് പൊലീസ് കേസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഈ കേസിന്റെ പേരിൽ എന്റെ പാസ്‌പോർട്ട് പിടിച്ചെടുക്കണം എന്നുവരെ പറഞ്ഞ് ഇയാൾ പരാതി കൊടുക്കാറുണ്ട്.

തട്ടിപ്പുകാരൻ എന്ന പേര് മാറ്റാൻ ആദ്യം ശ്രമിച്ചത് യുകെയിലെ ഒരു ക്രൈസ്തവ ആത്മീയ സംഘടനയുടെഭാരവാഹിത്വം വഹിക്കാമെന്നേറ്റുകൊണ്ടായിരുന്നു. അത് പൊളിഞ്ഞതോടെയാണ് ഇയാളുടെ ബന്ധുവും ജർമ്മനിയിൽ പ്രവാസി കോൺഗ്രസിന്റെ നേതാവുമായി ജിൻസൺ എഫ് വർഗ്ഗീസിന്റെ സഹായം തേടുന്നത്. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ഏക ട്രഷററായിരുന്ന കെഎഫ് വർഗീസിന്റെ മകനായിരുന്നു ജിൻസൺ. വർഗ്ഗീസിന്റെ ജ്യേഷ്ഠന്റെ മകനാണ് ലക്‌സൺ. ജിൻസൺന്റെ സഹായത്തോടെ കെപിസിസി ജനറൽ സെക്രട്ടറിമാരായ മാന്നാർ അബ്ദുൾലത്തീഫ്, കെ സി രാജൻ എന്നിവരുമായി ചങ്ങാത്തം കൂടുകയും ഒരു സുപ്രഭാതത്തിൽ ലക്‌സൺ കല്ലുമാടിക്കൽ എന്നയാൾ യുകെയിലെ കോൺഗ്രസ് നേതാവായി പ്രത്യക്ഷപ്പെടുകയും ചെയ്തു. തട്ടിപ്പിന്റെ പേരിൽ എല്ലാവരും അവഗണിച്ച് കഴിഞ്ഞിരുന്ന ലക്‌സൺ പെട്ടന്നാണ് ഖദർ ധരിച്ച് പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്.

ഇടയ്ക്കിടെ നാട്ടിൽ എത്തി രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി തുടങ്ങിയ പ്രമുഖരുമായി പടം എടുത്ത് ഫെയ്‌സ് ബുക്കിൽ ഇട്ട് ലക്‌സന്റെ രാഷ്ട്രീയ പ്രവർത്തനം തുടർന്നു. ഈ ബന്ധങ്ങൾ എല്ലാം ഉപയോഗിച്ച് ലക്‌സൻ എനിക്കെതിരെ നീക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ നിയമം തെറ്റിച്ച് ഒന്നും ചെയ്യാത്തതുകൊണ്ടും ആരുടെയും ഭീഷണിയിൽ വഴങ്ങാത്തതുകൊണ്ടും എന്റെ പേരിൽ എന്തെങ്കിലും നടപടി എടുക്കാൻ ലക്‌സന് സാധിച്ചതേയില്ല. ലക്‌സൺ നേതാവായതോടെ നല്ല നിലയിൽ പ്രവർത്തിച്ച യുകെയിലെ ഒ ഐ സി സി പലതായി പിളർന്ന് ഛിന്നഭിന്നമായി പോയിട്ടും ഉദ്ദിഷ്ഠ കാര്യത്തിന് ഉപകാരസ്മരണ എന്ന നിലയിൽ നാട്ടിലെ ചില നേതാക്കൾ ലക്‌സനെ സംരക്ഷിക്കുകയാണ്. ഇതിനിടയിൽ തുടർച്ചയായി ബ്രിട്ടനിലെ ലേബർ പാർട്ടി ഓഫീസ് കയറിയിറങ്ങി നടന്ന് ഒരിക്കലും ജയിക്കാത്ത ഒരു പഞ്ചായത്ത് സീറ്റ് ഒപ്പിച്ച് മത്സരിക്കാനും ലക്‌സൻ മറന്നില്ല. ആ വകുപ്പിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒരു ആശംസ കത്തും സംഘടിപ്പിച്ച് പ്രചരിപ്പിച്ചു.

ഈ പറഞ്ഞ ലക്‌സനോടും എനിക്ക് കാര്യമായ വിദ്വേഷം ഇല്ല എന്നതാണ് സത്യം. മാന്യമായി തട്ടിപ്പ് നടത്തി ജീവിക്കാൻ ശ്രമിച്ച ലക്‌സണ്‌ അത് സാധിക്കാതെ വന്നതും ഒരു തട്ടിപ്പുകാരൻ എന്ന പേര് ചാർത്തി നല്കിയതും ഞാൻ ആയതുകൊണ്ട് അയാൾക്ക് വിദ്വേഷം ഉണ്ടാവുക സ്വാഭാവികം. എനിക്കെതിരെ ഒരു ചെറിയ വിജയം പോലും ഇതുവരെ നേടാൻ കഴിയാതിരുന്നിട്ടും ആറു വർഷമായി  തുടർച്ചയായി എന്നെ തോല്പിക്കാൻ നടക്കുന്ന ലക്‌സന്റെ നിശ്ചയദാർഢ്യത്തോടും എനിക്ക് ആദരവാണ്. എന്നു മാത്രമല്ല പൊതുവെ ബന്ധങ്ങൾ കുറവായ എനിക്ക് പൊലീസിൽ കാര്യമായ ബന്ധം ഉണ്ടാക്കി തന്നത് ലക്‌സനാണ്. ലക്‌സന്റെ പരാതിയുമായി ബന്ധപ്പെട്ട് എന്നെ വിളിച്ചിട്ടുള്ള എസ് ഐ മാരും സിഐ മാരും ഇന്നെന്റെ സുഹൃത്തുക്കളാണ്.

എനിക്കെതിരെയുള്ള വ്യാജകഥകളുടെ ഒക്കെ ഉറവിടം ലക്‌സനാണ് എന്ന് സൂചിപ്പിക്കാൻ മാത്രമാണ് ഈ കുറിപ്പ് ഞാൻ എഴുതുന്നത്. ഇങ്ങനെ പേരെടുത്ത് എഴുതാൻ എന്നോട് കുരിശു യുദ്ധം നടത്തുന്ന ഒരുപാട് പ്രാഞ്ചിയേട്ടന്മാരുണ്ട്. യാദൃശ്ചികമായി യുകെയിൽ എത്തി തട്ടിപ്പും വെട്ടിപ്പും റിക്രൂട്ടുമെന്റും ഒക്കെയായി കോടികൾ സമ്പാദിച്ച പലർക്കും പ്രാഞ്ചിയേട്ടൻ ചമയാൻ ബ്രിട്ടീഷ് മലയാളിയുടെ പിന്തുണ വേണം. അതിന് ശ്രമിച്ച് പരാജയപ്പെട്ട് കഴിയുമ്പോൾ കൈക്കൂലി ആരോപണങ്ങളുമായി ഇവർ രംഗത്തിറങ്ങും. ഇത്തരം ഒരു ഡസൺ പേരുടെ കഥയെങ്കിലും രസകരമായി എനിക്ക് വിവരിക്കാൻ ഉണ്ട്. തൽക്കാലം ഞാൻ അതിലേക്കു കടക്കാൻ ആഗ്രഹിക്കുന്നില്ല.

ബോബി അലോഷ്യസിന്റെ അർജുന അവാർഡ് മോഹം മറുനാടൻ പത്രാധിപരുെട ജേണലിസം അദ്ധ്യാപകൻ ആകാനുള്ള മോഹവും തലസ്ഥാനത്തെ പത്രക്കാർ പൊളിച്ചതെങ്ങനെ- നാളെ വായിക്കുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP