Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരെങ്കിലും പറയുന്നത് കേട്ട് വെല്ലു വിളിക്കുന്ന മാർഷൽമാരോട് സ്‌നേഹപൂർവ്വം ചില കാര്യങ്ങൾ

ആരെങ്കിലും പറയുന്നത് കേട്ട് വെല്ലു വിളിക്കുന്ന മാർഷൽമാരോട് സ്‌നേഹപൂർവ്വം ചില കാര്യങ്ങൾ

ഷാജൻ സ്‌കറിയ

കുറിപ്പെഴുതാൻ തുടങ്ങുന്നതിന് മുൻപ് എനിക്കേറ്റവും പ്രിയപ്പെട്ട പത്ര പ്രവർത്തകരിൽ ഒരാൾ വിളിച്ചു. നിങ്ങൾ എന്തിനാണ് ഷാജൻ, ഇങ്ങനെ ആത്മപീഡനം നടത്തുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. സത്യത്തിൽ ഇതൊരു ആത്മ പീഡനം തന്നെയാണ്. ഒരു പത്രപ്രവർത്തകൻ ആണ് എന്ന് അഭിമാനത്തോടെ എപ്പോഴും പറയുന്ന ഞാൻ എന്റെ സഹപ്രവർത്തകരുമായി യുദ്ധം ചെയ്യുന്നത് അനീതിയാണ് എന്നറിയാം. ഒരു ധാർമ്മിക പോരാട്ടം എന്ന നിലയിൽ ഇതിനെ ഏറ്റെടുക്കാൻ ഞാൻ ഒരു മദ്യ വിരുദ്ധൻ പോലും അല്ല. എന്നാൽ ഞാൻ ഒരു തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആണെന്ന് സംഘടിതമായി പ്രചരിപ്പിക്കാൻ ചിലർ ശ്രമിക്കുമ്പോൾ മിണ്ടാതിരുന്നാൽ ചിലരെങ്കിലും തെറ്റിദ്ധരിക്കില്ലെ എന്ന ചോദ്യത്തിന് മുൻപിൽ  നിശബ്ദനാകാൻ സാധിക്കുന്നില്ല.

അതുകൊണ്ട് തന്നെ ഈ കോളം ഞാൻ ആരംഭിക്കന്നത് ആരോടെങ്കിലും യുദ്ധം ചെയ്യാനോ ആരെയെങ്കിലും വെല്ലു വിളിക്കാനോ അല്ല. പ്രത്യുത സ്വയം പ്രതിരോധത്തിന് വേണ്ടി മാത്രം. എന്ന് മാത്രവുമല്ല പത്രക്കാർക്കെതിരെ മറുനാടൻ യുദ്ധം ചെയ്യുന്നു എന്ന് സൂചന ലഭിച്ചപ്പോൾ അനേകം പേരാണ് ദുരന്തജീവിതത്തിന്റെ കഥകളുമായി ഞങ്ങളെ ബന്ധപ്പെട്ടത്. വളരെ കുറച്ച് കച്ചവടക്കാർ മാദ്ധ്യമ പ്രവർത്തകന്റെ വേഷം അണിഞ്ഞ് നടത്തുന്ന കൂട്ടിക്കൊടുപ്പുകളുടെ കഥ പറഞ്ഞ് പത്രക്കാർ എന്ന ഒരു വിഭാഗത്തെ സമൂഹത്തിൽ അവഹേളിക്കാൻ എനിക്ക് താല്പര്യം ഇല്ല. അതേ സമയം വ്യക്തി എന്ന നിലയിലും പത്ര പ്രവർത്തകൻ എന്ന നിലയിലും എന്നെ ആക്രമിക്കുന്നവർക്ക് മറുപടി പറഞ്ഞില്ലെങ്കിൽ അത് മറുനാടൻ മലയാളിയോട് ചെയ്യുന്ന ദ്രോഹം ആകും എന്നത് കൊണ്ടാണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത്. എനിക്കെതിരെ തലസ്ഥാനത്തെ ഒരു വിഭാഗം പത്രപ്രവർത്തകർ വ്യാപകമായി പ്രചരിപ്പിക്കുന്ന പ്രധാന ആരോപണങ്ങൾക്ക് മറുപടി പറയുക മാത്രമാണ് എന്റെ ലക്ഷ്യം.

മാതൃഭൂമി ചാനൽ ലേഖകൻ വി എസ് മാർഷൽ നടത്തിയ ആക്രമണങ്ങളെക്കുറിച്ച് പറഞ്ഞ് തന്നെ തുടങ്ങാം. അതിലെ ഏറ്റവും പ്രധാനപ്പെട്ട ഭീഷണി ഇന്നലെ മറുനാടൻ എഡിറ്റോറിയലിൽ പ്രസിദ്ധീകരിച്ചിരുന്നു. അതിലെ പ്രസ്സ് ക്ലബിനെ കുറിച്ചുള്ള വാക്കുകൾക്ക് ഇനി പ്രത്യേകം മറുപടിയുടെ ആവശ്യം ഇല്ല.

"മിസ്റ്റർ ഷാജൻ, നിങ്ങൾക്കെതിരായ നിരവധി വാർത്തകൾ കഴിഞ്ഞ രണ്ട് വർഷമായി എനിക്ക് മെയിലിൽ ലഭിക്കുന്നുണ്ട്. പക്ഷെ ഇന്നുവരെ അത്തരം വാർത്തകൾ പുറത്ത് വിടാതിരുന്നത് തന്നെ പേടിച്ചിട്ടല്ല. ഒരു ഓൺലൈൻ പത്രം നടത്തുന്ന നിങ്ങൾക്കെതിരെ വരുന്ന വാർത്തകൾ നൽകി മുഴുവൻ ഓൺലൈൻ വാർത്തകളെയും മാദ്ധ്യമ പ്രവർത്തകരെയും പൊതു സമൂഹത്തിന് മുന്നിൽ വിശ്വാസ്യതയില്ലാതാക്കരുത് എന്ന് കരുതി മാത്രമാണ്. ഭൂതകാലത്തും വർത്തമാനകാലത്തും താൻ സ്വന്തമാക്കിയ പേരുദോഷം ഞാനായിട്ട് ചാർത്തി തന്നതല്ല. നിങ്ങളുടെ ചെയ്തികൾ മാത്രമാണത്. വന്ന വഴികൾ അത്ര സുതാര്യമല്ലായിരുന്നു എന്ന ബോധ്യം നിങ്ങൾക്ക് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. ഇല്ലെങ്കിൽ ഒന്നൊന്നായി തിരുവനന്തപുരത്തെ പത്രപ്രവർത്തകർക്ക് ഓർമ്മപ്പെടുത്തേണ്ടി വരും" - ഇതായിരുന്നു മാർഷലിന്റെ ഭീഷണി.

ഈ ഭീഷണിക്ക് മുൻപ് മാർഷൽ മറ്റൊരു പ്രസ്താവന കൂടി നടത്തിയിരുന്നു. അതിതായിരുന്നു:

"എന്താണ് പ്രസ്സ് ക്ലബിനോടുള്ള ഷാജൻ സ്‌കറിയായുടെ കലിപ്പിന് കാരണമെന്ന് തിരക്കി... സ്വന്തം ഭാര്യക്ക് അർജ്ജുന അവാർഡ് കിട്ടാൻ വേണ്ടി മാദ്ധ്യമ പ്രവർത്തകർക്ക് മുന്നിൽ ഏതൊരു ഭർത്താവിനും ശുപാർശ നൽകാം. എന്നാൽ, തിരുവനന്തപുരം പ്രസ്സ് ക്ലബ് സെക്രട്ടറിയായ സ്പോർട്സ് ലേഖകന് നിങ്ങൾ നൽകിയ ശുപാർശ അദ്ദേഹം ചവറ്റു കൊട്ടയിൽ തട്ടിയെന്ന് കരുതി പ്രസ്സ് ക്ലബിനെതിരെ കള്ളവാർത്ത പടച്ചുവിടാൻ പാടില്ലായിരുന്നു. സ്വന്തം സ്വാർത്ഥതയ്ക്കായി ഈ വൃത്തികേട് കാണിക്കരുതായിരുന്നു. അങ്ങേക്ക് പ്രസ്സ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ധ്യാപകനാകണമെന്ന് മോഹമുണ്ടായതും അന്നത്തെ പ്രസ്സ് ക്ലബ് പ്രസിഡന്റ് അത് അനുവദിക്കാതിരുന്നതും മറ്റൊരു കാര്യം. ഈ ദേഷ്യമെല്ലാം അങ്ങ് തീർത്തത് ഇല്ലാത്ത വാർത്ത നൽകിയാണ്. പ്രസ്സ് ക്ലബിൽ അവിടുത്തെ അംഗങ്ങൾ കള്ള് കുടിക്കുന്നത് അത്ര വലിയ ആനക്കാര്യമല്ലെന്ന് മനസ്സിലായതുകൊണ്ടാണ് ആരും ഇത് ഒന്നാം പേജ് വാർത്തയാക്കി അഹങ്കരിക്കാതിരുന്നത്. അങ്ങ് വിദേശ രാജ്യങ്ങളിൽ ഒരുപാട് തട്ടിപ്പു നടത്തിയതായുള്ള വാർത്തകൾ ഒക്കെ കണ്ടു..കൊള്ളാം അങ്ങ് കഴിവുള്ള മാദ്ധ്യമ മുതലാളിയാണ്..ഒരിക്കലും എന്നെ പോലെയുള്ള ഒരു സാദാ പത്രപ്രവർത്തകന് അങ്ങയെ പോലെ മാദ്ധ്യമശിങ്കം ആകാൻ കഴിയില്ല. പക്ഷെ, നാളെയൊരിക്കൽ മൈക്കും പേനയും താഴെ വച്ച് മാദ്ധ്യമ പ്രവർത്തനം അവസാനിപ്പിച്ച് മടങ്ങുമ്പോൾ...ദേ ആ പോകുന്നത് ഒരു കച്ചവടക്കാരനായിരുന്നുവെന്ന് ആരെ കൊണ്ടും പറയിപ്പിക്കില്ല."

ഇത്രയും മാർഷൽ പറയുകയും അത് മറ്റ് സഹ പ്രവർത്തകർ പ്രചരിപ്പിക്കുകയും ചെയ്യുമ്പോൾ ഈ ലേഖനം പ്രതികരിക്കാതിരുന്നാൽ മറുനാടൻ ടീമിന് തന്നെയും മോശം എന്ന് വിലയിരുത്തപ്പെട്ടതിനാലാണ് ഞാൻ മറുപടിയുമായി രംഗത്ത് വരുന്നത്. പ്രിയപ്പെട്ട മാർഷൽ, എനിക്ക് ഒന്നേ പറയാനുള്ളൂ. ഒരു ഉത്തമ മാദ്ധ്യമ പ്രവർത്തകൻ ഗോസിപ്പുകളുടെ പിന്നാലെ നടക്കേണ്ടയാളല്ല. ആർക്കും ആർക്കെതിരെയും എന്തും പറയാവുന്ന കാലം ആണിത്. പണ്ടൊക്കെ അങ്ങനെ പറയണമെങ്കിൽ നേർക്കുനേർ നിന്ന തെറി വിളിക്കുകയോ ഊമക്കത്ത് എഴുതുകയോ വേണമായിരുന്നു. ഇന്ന് ഫേസ് ബുക്ക് വഴിയും, ഒരു പണിയും ഇല്ലാത്തവർ ആരോടൊക്കെയോ ഉള്ള വൈരാഗ്യം തീർക്കാൻ തുടങ്ങിയ ഓൺലൈൻ പത്രങ്ങൾ വഴിയും എന്തും പറയാം. എന്നാൽ ഉത്തരവാദിത്വം ഉള്ള ഒരു മാദ്ധ്യമ പ്രവർത്തകൻ അത്തരം കെണികളിൽ വീഴില്ല. എന്നാൽ ഈ കേട്ട ഗോസിപ്പുകൾ ഒക്കെയാണ് ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത എന്നെക്കുറിച്ചുള്ള താങ്കളുടെ വിലയിരുത്തലുകൾക്ക് കാരണമെങ്കിൽ താങ്കളുടെ മുൻപിൽ വാർത്തയായി വരുന്ന സാധാരണക്കാരുടെ അവസ്ഥ എന്താകും?

മാർഷൽ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത് ചുവടെ പറയുന്ന ആരോപണങ്ങൾ ആണ്?

  1. ഭൂതകാലത്തും വർത്തമാനകാലത്തും ഞാൻ ഏറെ പേരുദോഷം കേൾപ്പിച്ചിരിക്കുന്നു.
  2. എന്റെ വഴികൾ ഒന്നും സുതാര്യമായിരുന്നില്ല.
  3. എന്റെ ഭാര്യക്ക് അർജ്ജുന അവാർഡ് ലഭിക്കാൻ വേണ്ടി ഞാൻ തലസ്ഥാനത്തെ ഒരു മാദ്ധ്യമ പ്രവർത്തകന് നൽകിയ ശുപാർശ അയാൾ തള്ളിക്കളഞ്ഞിട്ട് വാശി തീർക്കാൻ ഞാൻ പ്രസ്സ് ക്ലബിനെതിരെ വാർത്ത എഴുതി.
  4. പ്രസ്സ് ക്ലബിലെ ജേർണലിസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ ദുഃഖമാണ് വാർത്തകൾക്ക് പിന്നിൽ.
  5. വിദേശത്തും സ്വദേശത്തുമായി ഞാൻ ഒട്ടേറെ തട്ടിപ്പുകൾ നടത്തിയിട്ടുണ്ട്.

മാർഷലിന്റെ ആരോപണം കൂടാതെ മറ്റ് ചില മാദ്ധ്യമ പ്രവർത്തകനും ആരോപണങ്ങളുമായി രംഗത്തുണ്ട്. അതിൽ ചിലത് ചുവടെ കൊടുക്കുന്നു.

  1. ജോബി ജോർജ് എന്നൊരു തട്ടിപ്പുകാരനിൽ നിന്നും ഞാൻ വാർത്ത നൽകാതിരിക്കാൻ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങി.
  2. സൗന്ദര്യ മത്സരങ്ങൾ നടത്തി സിനിമ വാഗ്ദാനം നൽകി പെൺകുട്ടികളെ വശീകരിക്കുന്നു.
  3. ചാരിറ്റി എന്ന പേരിൽ പണപ്പിരിവ് നടത്തുന്നു.
  4. ഒരു അനാഥാലയത്തിന് വേണ്ടി ചാരിറ്റി എന്ന പേരിൽ പണം പിരിച്ച് ഞാൻ ഉപജീവനം നടത്തി.
  5. ഡെന്മാർക്കിലേക്ക് റിക്രൂട്ട്‌മെന്റ് നടത്താൻ എന്ന് പറഞ്ഞ് യുകെയിലെ ഒരു റുക്രൂട്ട്‌മെന്റ് ഏജന്റിൽ നിന്നും 35 ലക്ഷം കൈക്കൂലി വാങ്ങി.
  6. യുകെയിലെ മാന്യനായ ഒരു കോൺഗ്രസ്സ് നേതാവിനെ ബ്ലാക്ക്‌മെയിൽ ചെയ്ത് അയാളുടെ കച്ചവടം പൂട്ടിച്ചു.

ബ്രിട്ടീഷ് മലയാളി എന്ന പേരിൽ ഏഴ് വർഷം മുൻപ് ഞാൻ ആദ്യ ഓൺലൈൻ പോർട്ടൽ തുടങ്ങിയപ്പോൾ മുതൽ ഉയർന്ന് കേൾക്കുന്ന ആരോപണങ്ങളെ സാധാരണഗതിക്ക് കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്യുന്നത്. ഇത്തരം ആരോപണങ്ങൾക്ക് മറുപടി നൽകി എന്റെ വിലപിടിപ്പേറിയ സമയം വൃഥാവിൽ ആക്കുന്നതിനോട് ഞാൻ ഒരു തരത്തിലും യോജിച്ചിട്ടില്ലായിരുന്നു. എന്നു മാത്രമല്ല ഇത്തരം ആരോപണങ്ങൾ ഇതുവരെ ഉയർത്തിയിരുന്നത് തട്ടിപ്പുകാരും വെട്ടിപ്പുകാരും ആയിരുന്നു എന്നത് കൊണ്ട് തന്നെ ആ ആരോപണങ്ങൾ സ്വയം ഇല്ലാതാവുക ആയിരുന്നു. എന്നാൽ കേരളത്തിലെ അറിയപ്പെടുന്ന പത്ര ലേഖകർ ഇത് പ്രചരിപ്പിക്കാൻ തുടങ്ങിയതോടെ മറുപടി പറഞ്ഞേ മതിയാവൂ എന്നാണ് ഞാൻ കരുതുന്നത്. രാഷ്ട്രീയപാർട്ടികളും ഉദ്യോഗസ്ഥരും ഒക്കെ ചേർന്ന ഒരു മാഫിയ ആയി പ്രവർത്തിക്കുന്ന കേരളത്തിൽ മറുനാടൻ ഒരു ആശ്വാസം ആണെന്ന് കരുതുന്ന അനേകായിരം ജനങ്ങൾ ഉണ്ട്. അവർക്ക് വേണ്ടിയാണ് ഞാൻ ഓരോന്നിനും മറുപടി നൽകുന്നത്.

ഈ ആരോപണങ്ങളെക്കുറിച്ച് വിശദമായി തന്നെ മറുപടി നൽകാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. വരും ദിവസങ്ങളിൽ ഓരോ വിഷയത്തെക്കുറിച്ചും എഴുതുന്നതാണ്. എന്നാൽ കൃത്യം മറുപടി ആവശ്യമില്ലാത്ത ആരോപണങ്ങൾ ഉണ്ട്. ഭൂതകാലത്തും വർത്തമാനകാലത്തും ഞാൻ ഏറെ പേരുദോഷം കേൾപ്പിച്ചിരിക്കുന്നു എന്നും എന്റെ വഴികൾ ഒന്നും സുതാര്യമായിരുന്നില്ല എന്നുമുള്ള ആരോപണങ്ങൾ ആണിത്. പ്രിയ മാർഷൽ, താങ്കൾക്ക് തെറ്റ് പറ്റി എന്ന് പറയുന്നതിൽ എനിക്ക് നിരാശയുണ്ട്. സത്യത്തിന്റെ വഴിയിലൂടെ അല്ലാതെ ഞാൻ നടന്ന എന്തെങ്കിലും ഒരു കാര്യം നിങ്ങൾക്ക് തെളിയിക്കാൻ സാധിച്ചാൽ നിങ്ങൾ പറയുന്നത് ഞാൻ ചെയ്യാം. വെറുതെ ആരോപണം ഉന്നയിക്കാതെ പറയുന്ന കാര്യങ്ങൾ പിന്തുണയ്ക്കുന്ന എന്തെങ്കിലും രേഖകൾ വേണ്ട, ലോജിക് എങ്കിലും നിങ്ങൾ ഹാജരാക്കൂ. എന്നിട്ടാവാം നമുക്ക് സംവാദം. ബ്രിട്ടീഷ് മലയാളി എന്ന പേരിൽ ഞാൻ തുടങ്ങിയ ഓൺലൈൻ പോർട്ടൽ ഉറക്കം കെടുത്തിയ ഒരു സംഘം ആളുകൾ എന്റെ വിശ്വാസ്യത തകർക്കാൻ വരുത്തി തീർക്കുന്ന യാതൊരു അടിസ്ഥാനവും ഇല്ലാത്ത കള്ളക്കഥകളിൽ ഒരു മാദ്ധ്യമ പ്രവർത്തകൻ വീണുപോവുന്നത് എന്റെ ഭൂതകാലത്തേക്കുറിച്ച് യാതൊരു അറിവും താങ്കൾക്ക് ഇല്ലാത്തത് കൊണ്ടാണ് എന്ന് പറയട്ടെ.

വഴിയിൽ കിടന്ന് ഒരു രൂപ കിട്ടിയാൽ അത് പോക്കറ്റിൽ വയ്ക്കുന്നത് പോലും തെറ്റാണ് എന്നു വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. ആ പണം അടുത്തുള്ള അമ്പലത്തിലെയോ പള്ളിയിലെയോ നേർച്ചപ്പെട്ടിയിൽ നിക്ഷേപിക്കുകയോ ഭിക്ഷ യാചിക്കുന്ന ആർക്കെങ്കിലും നൽകുകയോ ചെയ്യാതേ ഉറങ്ങാൻ തയ്യാറാകാത്ത വ്യക്തിയാണ് ഞാൻ. എന്റെ വഴികൾ എന്നും സുതാര്യം ആയിരുന്നു. സ്വന്തം അദ്ധ്വാനം കൊണ്ട് ഉണ്ടാക്കിയ പണം ഉപയോഗിച്ചേ പഠിക്കാവൂ എന്ന് തീരുമാനിച്ച് പത്താം ക്ലാസ്സിൽ പഠനം നിർത്തി കൂലിപ്പണി തുടങ്ങിയ ഒരു സാധാരണക്കാരനായ കൗമാരക്കാരനിൽ തുടങ്ങിയതാണ് എന്റെ ജീവിതം. വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവൻ ആയിരുന്നില്ല ഞാൻ. കഠിനാദ്ധ്വാനം കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും പ്രതിസന്ധികളെ മറികടന്നു തന്നെയാണ് കഴിഞ്ഞ 28 വർഷവും ഞാൻ ജീവിച്ചത്.

എന്റെ വഴികൾ സുതാര്യം അല്ല എന്ന് താങ്കൾ കരുതുന്നെങ്കിൽ ആദ്യം ചെയ്യേണ്ടത് എന്റെ ഗ്രാമത്തിലേക്ക് ഒരു സന്ദർശനം നടത്തുകയാണ്. പ്രശസ്ത തീർത്ഥാടന കേന്ദ്രമായ എരുമേലിയിൽ നിന്നും 12 കിലോമീറ്റർ അകലെയുള്ള ഇടകടത്തി എന്ന ഗ്രാമത്തിലാണ് ഞാൻ ജനിച്ചതും വളർന്നതും. ഈ ഗ്രാമത്തിൽ ചെന്ന് വഴിയിൽ കാണുന്ന ആരോടെങ്കിലും എന്നെക്കുറിച്ച് തിരക്കാം. നിങ്ങൾക്ക് എന്റെ ജീവിതത്തിലെ സുതാര്യതയെക്കുറിച്ച് കൃത്യമായി മനസ്സിലാവും. എന്നിട്ടാവാം നമുക്ക് സംവാദം. കൂലിപ്പണി എടുത്ത് കോളേജ് ജീവിതം നടത്തുകയും അടുക്കള പണി ചെയ്ത് ജേർണലിസം പഠിക്കുകയും ചെയ്താണ് ഞാൻ പ്രിയ സ്‌നേഹിത ഇപ്പോൾ താങ്കളെ വെല്ലു വിളിക്കുന്നത്. ആ വിവരം നാളെ വിശദമായി എഴുതാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP