Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാറിടിച്ചു ബായിക്കണ്ണനെ അവർ തെറിപ്പിച്ചു; ആശുപത്രിയിലേക്കു പോകവേ ആംബുലൻസ് ദിശ തെറ്റി പറന്നത് ആകാശത്തിലൂടെ: വ്യർത്ഥമാസത്തിലെ ഒരു കഷ്ട രാത്രിയുടെ കഥ

കാറിടിച്ചു ബായിക്കണ്ണനെ അവർ തെറിപ്പിച്ചു; ആശുപത്രിയിലേക്കു പോകവേ ആംബുലൻസ് ദിശ തെറ്റി പറന്നത് ആകാശത്തിലൂടെ: വ്യർത്ഥമാസത്തിലെ ഒരു കഷ്ട രാത്രിയുടെ കഥ

ഷാജൻ സ്‌കറിയ

വിജയദശമി പ്രമാണിച്ച് വീണു കിട്ടിയ അവധി ദിവസം കുടുംബത്തോടൊപ്പം ചെലവഴിക്കാം എന്ന് കരുതിയായിരുന്നു നാട്ടിൽ എത്തിയത്. ശബരിമല സീസൺ ആരംഭിക്കുന്നതിന്റെ ഭാഗമായി റോഡുകളും വൈദ്യുതി ലൈനുകളും ജല വിതരണവും ഒക്കെ ഭംഗിയാക്കുന്ന തിരക്കിലാണ് ഞങ്ങളുടെ നാടും ഇപ്പോൾ. തലേ ദിവസത്തെ ഉറക്കക്ഷീണം മാറ്റാൻ വേണ്ടി ഒരു ഉച്ചമയക്കത്തിന് ശ്രമിക്കുമ്പോഴാണ് ആദ്യം ഫോൺ വന്നത് ബായിക്കണ്ണന് കാറിടിച്ച്‌ പരിക്കേറ്റ്, ആശുപത്രിയിലേക്ക് പോകുന്നു എന്ന്. ബായിക്കണ്ണൻ ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന കൃഷിക്കാരനും നാട്ടുകാരുടെ കാര്യങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തിയുമാണ്. പഞ്ചായത്ത് പോലും മികച്ച കർഷകനായി ബായിക്കണ്ണനെ തെരഞ്ഞെടുത്തിട്ടുണ്ട്. ശബരിമല പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് ലൈൻ മാറ്റുന്ന പരിപാടിയുടെ കോൺട്രാക്റ്റ് എടുത്തിരുന്ന എന്റെ ആത്മ മിത്രം മുണ്ടയ്ക്കനൊപ്പം ലൈൻ പണി ചെയ്യവേ ശബരിമലക്ക് പോകാൻ പാഞ്ഞെത്തിയ ഒരു കാർ ഇടിച്ചു തെറിപ്പിച്ചതാണ് ബായിക്കണ്ണനെ.

മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ ഓടിക്കിതച്ചെത്തുമ്പോൾ അനേകം പേർ കൂടി നിൽപ്പുണ്ട്. ഇടിയുടെ ആഘാതത്തിൽ തെറിച്ചു പോയ ബായിക്കണ്ണന് അപ്പോൾ ബോധം നഷ്ടമായതാണ്. പ്രാധമിക ശുശ്രൂഷകൾക്ക് ശേഷം അസീസിയിലിലെ ആംബുലൻസ്‌  ഡ്രൈവർ ജയിൻ കാഞ്ഞിരപ്പള്ളിയിലെ മേരി ക്യൂൻ ആശുപത്രിയിലേക്ക് ആംബുലൻസ് പായിച്ചു. ഒപ്പം അനേകം നാട്ടുകാരും നീങ്ങി. തലച്ചോറിനുള്ളിൽ ചെറിയ പരിക്കുണ്ട് എന്ന് സ്‌കാനിംഗിൽ തിരിച്ചറിഞ്ഞതോടെ അവിടെ നിന്നും മറ്റൊരു ആംബുലൻസിൽ കോട്ടയത്തെ കാരിത്താസിലേക്ക് പാഞ്ഞു.

ആംബുലൻസിൽ മുണ്ടയ്ക്കൻ അടക്കം ഏഴ് പേർ കൂടി കയറി. ഈ ലേഖകൻ കയറാൻ ശ്രമിച്ചെങ്കിലും പിന്നാലെ കാറിന് പോവാം എന്ന് ചിലർ നിർദ്ദേശിച്ചത് അംഗീകരിക്കുക ആയിരുന്നു. സ്‌കാനിങ്‌ റിപ്പോർട്ടുമായി കാരിത്താസിൽ ചെല്ലുന്നവരുടെ പിന്നാലെ പതിയെ പോയാൽ മതിയല്ലോ എന്നോർത്ത് ഞങ്ങൾ സാവധാനം ആണ് പോയത്. മഴ നനഞ്ഞ് റോഡ് തെന്നി കിടക്കുക ആയിരുന്നു താനും. പാമ്പാടി എത്തും മുൻപ് മറ്റൊരു ഫോൺ വന്നു. തിരുവഞ്ചൂർ കവല കഴിഞ്ഞ ഉടൻ ബായിക്കണ്ണനുമായി പോയ ആംബുലൻസ് അപകടത്തിൽ പെട്ട് എന്നായിരുന്നു ആ സന്ദേശം. വിളിച്ചത് ആംബുലൻസിന് പിന്നാലെ പോയ വാഹനത്തിൽ ഉണ്ടായിരുന്ന ഒരാൾ ആയിരുന്നു. ആംബുലൻസിൽ ഉണ്ടായിരുന്നവരെ മാറി മാറി വിളിച്ചു. ആരും ഫോൺ എടുക്കുന്നില്ല. അപ്പോഴേയ്ക്കും നാട്ടിൽ നിന്നും നിലയ്ക്കാത്ത  ഫോൺ കോളുകളാണ്. ഞങ്ങളുടെ ഗ്രാമക്കാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അപ്‌ഡേഷൻ വന്നതോടെ ഗൾഫിൽ നിന്നും വരെയായി നിൽക്കാത്ത കോളുകൾ.പാമ്പാടി എത്തും മുൻപ് മറ്റൊരു ഫോൺ വന്നു. തിരുവഞ്ചൂർ കവല കഴിഞ്ഞ ഉടൻ ഭായിക്കനുമായി പോയ ആംമ്പുലൻസ് അപകടത്തിൽ പെട്ട് എന്നായിരുന്നു ആ സന്ദേശം. വിളിച്ചത് ആംമ്പുലൻസിന് പിന്നാലെ പോയ വാഹനത്തിൽ ഉണ്ടായിരുന്ന ഒരാൾ ആയിരുന്നു. ആംമ്പുലൻസിൽ ഉണ്ടായിരുന്നവരെ മാറി മാറി വിളിച്ചു. ആരും ഫോൺ എടുക്കുന്നില്ല.ആംബുലൻസിൽ ഉണ്ടായിരുന്നവരെയെല്ലാം ആശുപത്രിയിൽ ആക്കിയെന്നാണ് കേട്ട വിവരം. ആകെ തകർന്നു പോയ നിമിഷങ്ങളായിരുന്നു അത്. കണ്ണീരടക്കി പിടിച്ചു ഞങ്ങളും കാർ പായിച്ചു. അപകടം നടന്ന സ്ഥലത്ത് എത്തിയപ്പോൾ ഒരു പാട് നാട്ടുകാർ മഴയത്ത് കൂടി നിൽപ്പുണ്ട്. അപകടത്തിൽ ആംബുലൻസിന്റെ മുൻ ഭാഗം തകർന്ന് പോയിരിക്കുന്നു. ആംബുലൻസിന്റെ ഡോർ തുറന്ന് ബായിക്കണ്ണൻ അടക്കം എല്ലാവരും തെറിച്ചു പോയെന്നും മിക്കവർക്കും ഗുരുതരമായ പരിക്കുണ്ടെന്നും നാട്ടുകാർ പറഞ്ഞു. സംഭവസ്ഥലത്ത് നിന്നും കിട്ടിയ ഫോണുകളും പേഴ്‌സുകളും പൊലീസ് എന്നെ ഏല്പിച്ചു. ആംബുലൻസിൽ അവസാന പരിശോധനയക്ക് കയറിയപ്പോൾ ബായിക്കണ്ണന്റെ സ്‌കാൻ റിപ്പോർട്ട് അവിടെ ഇരിക്കുന്നതേയുള്ളൂ എന്ന് കണ്ടെത്തി.

കാരിത്താസിൽ ചെന്നപ്പോൾ പാതി സമാധാനമായി. കൊല്ലമ്പറമ്പിൽ ടോമി എന്ന ഞങ്ങളുടെ സുഹൃത്തിന് മാത്രമാണ് സാരമായ പരിക്കുള്ളത്. ടോമിയുടെ തലയും മുഖവും പാടെ വികൃതമായി. കൂടെ ഉണ്ടായിരുന്ന മുണ്ടയ്ക്കൻ അടക്കമുള്ളവർക്ക് ചെറിയ പരിക്കുകൾ മാത്രം. എപ്രാൻ എന്ന് വിളിക്കുന്ന സന്തോഷിന്റെ കണ്ണുകൾ പോലും തിരിച്ചറിയാൻ വയ്യാത്തവിധം മുഖം നീരു വച്ചിരിക്കുന്നു. നെറ്റിയിലും കാലിലും ആഴത്തിലുള്ള മുറിവുണ്ട്. അപകടത്തിൽ തെറിച്ചു വീണ നിസ്സഹായനായ ബായിക്കണ്ണന്റെ അവസ്ഥ കൂടുതൽ വഷളായി. പുതിയ സ്‌കാനിംഗിനായി കയറ്റി കാത്തിരുന്നു.

അതിനിടയിൽ ഇന്റേണൽ ഇൻജ്വറി ഒന്നുമില്ല എന്ന് സ്ഥിരീകരിച്ചു കൊണ്ട് ടോമിയുടെ സ്‌കാനിങ്‌ റിസൽറ്റ് വന്നു. എന്നാൽ രണ്ടാമത്തെ അപകടത്തോടെ ബായിക്കണ്ണന്റെ നില കൂടുതൽ വഷളായി. തലച്ചോറിൽ ഏറെ ക്ഷതങ്ങൾ. അടിയന്തിരമായി ഓപ്പറേഷൻ വേണം. കുടുംബക്കാരിൽ ചിലർ പറയുന്നു വേറെ ആശുപത്രിയിലേക്ക് കൊണ്ട് പോകാം എന്ന്. വേണ്ട എന്ത്‌ ശുശ്രൂഷ ആണെങ്കിലും ഇവിടെ മതി എന്ന് ഞങ്ങളും നിർദ്ദേശിച്ചു. വെന്റിലേറ്ററിൽ കയറ്റി തലച്ചോറിന്റെ വെളിയിൽ രക്ത പ്രവാഹം നിർത്താനുള്ള ശസ്ത്രക്രിയ രാത്രി തന്നെ ചെയ്തു. ഇപ്പോഴും ബായിക്കണ്ണന് എന്തു പറ്റും എന്നറിയില്ല. ഒരു ഗ്രാമം മുഴുവൻ പ്രാർത്ഥനയോടെ ഉറക്കിളച്ചിരിക്കുകയാണ്.

ആംബുലൻസ് നല്ല സ്പീഡിലായിരുന്നു. മഴ നനഞ്ഞ് കിടക്കുന്ന റോഡിലേക്ക് അപ്രതീക്ഷിതമായി ഒരു ബൈക്ക് കാരൻ കയറി വന്നതാണ് അപകടങ്ങൾക്ക് കാരണം. വാഹനം സൈഡിലേക്ക് വെട്ടിച്ചപ്പോൾ വേഗതയും റോഡിന്റെ നനവും മൂലം പാളി പോയ ആംബുലൻസ് മറിയുക ആയിരുന്നു. ആംബുലൻസിൽ ഉണ്ടായിരുന്ന എല്ലാവരും പുറത്തേക്ക് തെറിച്ചു വീണു. എല്ലാവരുടെയും ദേഹവും വസ്ത്രങ്ങളും ചോരയിൽ കുതിർത്തിരുന്നു. ബെൽറ്റ് പൊട്ടിച്ചു ബായിക്കണ്ണന്റെ ശരീരവും ദൂരേക്ക് തെറിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രത്യേകം മുൻകൈ എടുത്ത് നിർമ്മിച്ച ബൈപ്പാസിലായിരുന്നു അപകടം. ദേശീയ പാതയെ വെല്ലുന്ന ഈ പുതിയ ബൈപ്പാസിൽ ഇപ്പോൾ അപകടങ്ങൾ പതിവാണെന്നാണ് നാട്ടുകാർ പറയുന്നു. അതുകൊണ്ട് തന്നെ അപകടങ്ങളോട് നാട്ടുകാർ കാണിക്കുന്നത് ഒരു പ്രത്യേക നിസ്സിംഗതയാണ്.

ചോര ഒലിപ്പിച്ച് വിറക്കുന്ന കൈകളോടെ ബായിക്കണ്ണനെ വേറെരാളുടെ സഹായത്തോടെ വാരി എടുത്ത് കൈകാണിച്ച വാഹനങ്ങളിൽ ഒന്നും കുറെ നേരത്തേക്ക് നിർത്താതെ പോയ കാര്യം വേദനയോടെയാണ് മുണ്ടക്കയ്ൻ പറയുന്നത്. ഓടി കൂടിയ നാട്ടുകാരും സഹായിക്കാതെ അകലം പാലിച്ചു നിന്നത് ഭയാനകം ആണെന്ന് ഇവർ പറയുന്നു. അനേകം വാഹനങ്ങൾക്ക് കൈ കാണിച്ചെങ്കിലും ഒന്നു നോക്കുക മാത്രം ചെയ്തു മടങ്ങിയ നിഷ്ഠൂര മനുഷ്യരെ കുറിച്ച് വേദനയോടെയാണ് റോഡുകളിൽ കിടന്നു നിലവിളിച്ചവർ പറയുന്നത്. ഒടുവിൽ അത് വഴി കടുംബസമേതം പോയ ഒരു ഓർത്തഡോക്‌സ് വൈദികൻ ആയിരുന്നു രക്ഷകനായത്. ബായിക്കണ്ണൻ അടക്കം ഉള്ളവരെ ചെറിയ കാറിൽ ആശുപത്രിയിൽ എത്തിച്ചു വേണ്ട സഹായങ്ങൾ ഒരുക്കിയാണ് വൈദികനും ഭാര്യയും മടങ്ങിയത്. അവർ മടങ്ങുമ്പോഴേയ്ക്കും ഞങ്ങളുടെ വാഹനവും എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP