Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രിയപ്പെട്ട സുബിൻ നീയെന്തു കൊണ്ടാണ് ആ കടും കൈ ചെയ്തത്? പരാജയപ്പെടുന്ന മിടുക്കന്മാരുടെ ജീവിതം ഇങ്ങനെ ഒക്കെയാണോ?

പ്രിയപ്പെട്ട സുബിൻ നീയെന്തു കൊണ്ടാണ് ആ കടും കൈ ചെയ്തത്? പരാജയപ്പെടുന്ന മിടുക്കന്മാരുടെ ജീവിതം ഇങ്ങനെ ഒക്കെയാണോ?

ഷാജൻ സ്‌കറിയ

ജി കാർത്തികേയന്റെ മരണം സൃഷ്ടിച്ച വേദനയുടെ നടുക്കയത്തിലൂടെ തുഴയുമ്പോഴാണ് മെസ്സേജിൽ ഒരു പഴയ സഹപാഠി പിങ്ങ്‌ ചെയ്തത്. ഇംഗ്ലണ്ടിലെ ലൂട്ടണിൽ താമസിക്കുന്ന കോട്ടയം മുണ്ടക്കയം സ്വദേശിയായ സിജിയായിരുന്നു മെസ്സെഞ്ചറിൽ എത്തിയത്. 'എടാ നീയറിഞ്ഞോ: നമ്മുടെ സുബിൻ മരിച്ചു. ആത്മഹത്യ ആണ് എന്ന് കേൾക്കുന്നു. സ്‌കൂളിൽ പഠിക്കുമ്പോൾ മുതൽ എന്റെ സുഹൃത്തായിരുന്നു. കുറച്ച് കാലമായി ബന്ധമൊന്നുമില്ല'' സിജിയുടെ സന്ദേശം ഇതായിരുന്നു. മുണ്ടക്കയംകാരിയായ സിജിയുടെ സന്ദേശം കേട്ടപ്പോഴേ സുബിനെ മസ്സിലായി. ഞാൻ കോളേജിൽ നിന്ന് ഇറങ്ങിയ പിറ്റേ വർഷം കോളേജ് യൂണിയൻ ചെയർമാനായിരുന്നു സുബിൻ.

ഉടൻ തന്നെ ബർമിങ്ഹാമിൽ താമസിക്കുന്ന മുണ്ടക്കയംകാരനായ പഴയ സഹപാഠി ജോർജ് വർഗീസിനോട് മെസ്സഞ്ചറിൽ തന്നെ വിവരം ചോദിച്ചു. സുബിന്റെ ജീവിത ദുരന്തത്തിന്റെ കഥ അവൻ പറഞ്ഞത് വേദനയോടെ കേട്ടിരിക്കാനേ പറ്റിയുള്ളൂ. കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ പഠന കാലം മുഴുവൻ ആതീവ ശ്രദ്ധേയനായിരുന്ന സുബിനെ ആത്മഹത്യയിലേക്ക് നയിച്ചത് ഒരു ജീവിത തുടർച്ചയായിരുന്നു. ജീവിതത്തിൽ ഒരുപാട് സ്വപ്നങ്ങൾ കാണുകയും എന്നാൽ ഒന്നും ആകാൻ കഴിയാതെ പോവുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക ദുരന്തം. ഒരുപാട് പ്രതിഭയുള്ള പലർക്കും പറ്റുന്ന മഹാ ദുരന്തം.

കോളേജിൽ പഠിച്ച അഞ്ച് വർഷവും നേതാവ് എന്ന നിലയിൽ എല്ലാവരുടെയും അംഗീകാരം പിടിച്ചു പറ്റിയ സിബിൻ ഡിഗ്രിക്ക് ശേഷം കോഴിക്കോട് ലോ കോളേജിൽ നിയമം പഠിക്കാൻ പോയപ്പോഴും കെഎസ്‌യു നേതാവ് എന്ന നിലയിൽ പ്രശസ്തൻ ആയിരുന്നു. എസ്ഡി കോളേജിന്റെ മാത്രമല്ല ലോ കോളേജിന്റെയും ചെയർമാനായിരുന്നു തിളങ്ങുന്ന കണ്ണുകൾ ഉള്ള ഈ യുവാവ്. സ്‌കൂളിൽ പഠിച്ച് കൊണ്ടിരുന്നപ്പോൾ ഉണ്ടായ ഒരു പ്രണയ ദുരന്തത്തിന്റെ വേദനയുമായി ഏറെക്കാലം നടന്നിരുന്ന സുബിൻ നിയമ പഠന കാലത്ത് ഒരു പെൺകുട്ടിയെ പ്രണയിച്ചാണ് ആ നിരാശ മാറ്റിയതെന്ന് സുഹൃത്തുക്കൾ പറയുന്നു.

എന്നാൽ അവിടെ നിന്നു മുൻപോട്ടുള്ള യാത്രയിൽ സുബിന് വിജയിക്കാൻ കഴിഞ്ഞില്ല. രണ്ട് കോളേജുകളുടെ ചെയർമാനായ സുബിന് പക്ഷേ, പ്രാദേശിക രാഷ്ട്രീയത്തിൽ ഗ്രൂപ്പ് വഴക്ക് മൂലം അടി പതറി. രാഷ്ട്രീയം തന്നെ ജീവിതമായി എടുത്ത സുബിന് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി പഞ്ചായത്ത് മെമ്പർ പോലും ആകാനായില്ല. രാഷ്ട്രീയത്തിന് വേണ്ടി വക്കീൽ പരിശീലനം വരെ മാറ്റി വച്ച സുബിൻ പിന്നീട് പല ബിസ്സിനസ്സുകൾ പരീക്ഷിച്ചു. എല്ലായിടത്തും പരാജയവും പണം നഷ്ടവും ആയിരുന്നത്രേ സംഭവിച്ചത്. ഈ തിരിച്ചടികളുടെ ഭാഗമായി മദ്യപാനം തുടങ്ങിയെന്നും മദ്യപാനം വ്യക്തി ജീവിതത്തിന്റെ താളം തെറ്റിച്ചെന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്.

ഞാൻ കോളേജിൽ പഠിക്കുന്ന രണ്ട് വർഷവും സുബിൻ അവിടെ ഉണ്ടായിരുന്നു. എസ്എഫ്‌ഐ കാരനായിരുന്നു ഞാൻ എങ്കിലും ഈ കെഎസ്‌യുകാരനെ എനിക്കിഷ്ടമായിരുന്നു. അവന്റെ ജനപ്രീതിയിലും സമീപനത്തിലും ഞാൻ ഏറെ പ്രതീക്ഷയുള്ളവനായിരുന്നു. കോളേജിലെ ജീവിതം കഴിഞ്ഞാലും മറക്കാത്ത ചില പേരുകളിൽ ഒരാൾ ആയിരുന്നു സുബിൻ. സുബിനുമായി എന്തെങ്കിലും അടുപ്പം ഉള്ളതുകൊണ്ടല്ല പ്രത്യുത അവന്റെ സ്വഭാവത്തിലെ ചില സവിശേഷതകൾ കൊണ്ടായിരുന്നു ഞാൻ ഓർത്തിരുന്നത്. എട്ട് പത്ത് വർഷം മുൻപ് ഒരിക്കൽ ഞാൻ കാഞ്ഞിരപ്പള്ളിയിലെ ഒരു ഇന്റർനെറ്റ് കഫേയിൽ വച്ച് കണ്ട് മുട്ടിയിരുന്നു. പിന്നീട് ഇന്റർനെറ്റ് കഫേകൾ പൂട്ടപ്പെട്ടപ്പോൾ അതിനും താഴ് വീണു.

ദുരന്ത വാർത്ത അറിഞ്ഞപ്പോൾ മാത്രമാണ് പിന്നെ ഞാൻ സുബിനെ കുറിച്ച് ഓർത്തത് പോലും. എന്നിട്ടും വല്ലാത്തൊരു ശ്വാസം മുട്ടൽ. ജീവിത ദുരന്തങ്ങളുടെ തുടർച്ചയായി കോഴിക്കോട്ടെ ഭാര്യ വീട്ടിൽ ചെന്ന ശേഷം ട്രയിനിന് മുൻപിൽ ചാടി മരിച്ചു എന്നാണ് കേട്ടത്. ഇന്നലെ സംസ്‌കാരവും കഴിഞ്ഞു. ചെറുപ്പത്തിലേ പിതാവ് മരിച്ചു പോയ സുബിന്റെ അമ്മ വല്ലാത്ത വേദനയിലും കണ്ണീരിലുമായിരുന്നെന്നാണ് ജോർജ് പറഞ്ഞത്. ഇടയ്ക്ക് അമ്മയെ കണ്ടപ്പോൾ മകന്റെ അവസ്ഥയെക്കുറിച്ച് പറഞ്ഞ് അമ്മ ഒരുപാട് കരഞ്ഞിരുന്നു എന്നും ജോർജ് പറഞ്ഞു. സുബിന്റെ മരണം മനസ്സിൽ ഒരു പെരുമഴ പോലെ നിന്നു പെയ്യുകയാണ്. ഒരു പക്ഷെ എംഎൽഎയും മന്ത്രിയും ഒക്കെയായി മാറേണ്ട സുബിൻ സെബാസ്റ്റ്യൻ എന്ന വിദ്യാർത്ഥി നേതാവ് 42-ാമത്തെ വയസ്സിൽ ജീവിതം ഒടുക്കേണ്ടി വന്നത് എന്തുകൊണ്ടാണ്?

ഭീരുക്കളാണ് ആത്മഹത്യ ചെയ്യുന്നത് എന്ന് പറഞ്ഞ് കേൾക്കാറുണ്ട്. ഞാൻ അത് സമ്മതിക്കുകയില്ല. സ്വയം മരണം ഏറ്റെടുക്കണമെങ്കിൽ ഏറ്റവും വലിയ ധൈര്യശാലിക്ക് മാത്രമേ സാധിക്കൂ. ആത്മഹത്യ ചെയ്തവരൊക്കെ ധീരന്മാരാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.  എനിക്ക് ഉത്തരമില്ല. എന്നാൽ അതിപ്രഗൽഭരായ പലരും ഇങ്ങനെ ജീവിത ദുരന്തങ്ങളെ ഏറ്റ് വാങ്ങുന്നത് ഞാൻ വേദനയോടെ കാണുന്നു. എന്തുകൊണ്ടാണ് അവർക്ക് ജീവിതത്തിന്റെ താളം തെറ്റുന്നത്? എന്തുകൊണ്ടാണ് അവർക്ക് പിടിച്ചു നിൽക്കാൻ വയ്യാതെ മരണത്തെ പുൽകാൻ ധൈര്യം ഉണ്ടാകുന്നത്. ഭീരുക്കളാണ് ആത്മഹത്യ ചെയ്യുന്നത് എന്ന് പറഞ്ഞ് കേൾക്കാറുണ്ട്. ഞാൻ അത് സമ്മതിക്കുകയില്ല. സ്വയം മരണം ഏറ്റെടുക്കണമെങ്കിൽ ഏറ്റവും വലിയ ധൈര്യശാലിക്ക് മാത്രമേ സാധിക്കൂ. ആത്മഹത്യ ചെയ്തവരൊക്കെ ധീരന്മാരാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

കൈമോശം വന്ന പ്രണയങ്ങളും കത്തി തീരാത്ത മെഴുകുതിരി പോലെ അണഞ്ഞു പോയ ജീവിതങ്ങളുമായിരിക്കും ജീവിതത്തിന്റെ നിരർത്ഥകൾ മനസ്സിലാക്കി തരുന്ന സംഭവങ്ങളിൽ പ്രധാനമെന്നാണ്‌ ഞാൻ കരുതുന്നത്. മരണത്തെക്കുറിച്ച് മാത്രമാണ് ഇപ്പോൾ എന്റെ മനസ്സ് നിറയെ. എത്രയോ ജീവിതങ്ങൾ കൈവിരലുകൾക്കിടയിലൂടെ ചോർന്ന് പോവുന്നത് നോക്കി ഇരുന്നിട്ടുണ്ട് ഞാൻ. അകാല ചരമത്തെക്കുറിച്ചുള്ള ഓരോ വാർത്തകൾ കേൾക്കുമ്പോഴും മനസ്സ് തപിക്കുകയാണ്. ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത ദുഃസ്വപ്നം പോലെ വൃഥാവിലായ കുറേ ജീവിതങ്ങൾ മുൻപിൽ വന്ന് പല്ലിളിച്ചു നിൽക്കുന്നു.

എന്റെ അനുജന്റെ സഹപാഠിയായ മനോജ് എന്ന അഞ്ചാം ക്ലാസ്സുകാരന്റെ മൂർഖൻ കടിച്ചു നീലിച്ച ശരീരം ഇപ്പോഴും എന്നെ വേട്ടയാടുന്നുണ്ട്. ഇപ്പോഴും അവന്റെ മുഖം എന്റെ മനസ്സിൽ നിൽക്കുന്നു. കാലം ഇത്രയായിട്ടും രാത്രി സ്വപ്നങ്ങളിൽ മൂർഖൻ പ്രത്യക്ഷപ്പെട്ട് ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നത് ഒരുപക്ഷേ, ബാല്യത്തിന്റെ ഭീതിതമായ ആ അടയാളം ആയിരിക്കാം. ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ തൊട്ടയൽപ്പക്കത്തെ ഒരു വീടിന് തീപിടിച്ചു. അഗ്‌നി നാളങ്ങൾ ആളിക്കത്തുന്ന ഭയാനകമായ നിമിഷങ്ങളും മനസ്സിൽ നിന്നും ഇനിയും മാഞ്ഞിട്ടില്ല.

എരുമേലിക്ക് സമീപം കുരുവംമൂഴിയിൽ ജീവിച്ചിരുന്ന ജിജോ എന്ന സുഹൃത്ത് മരിച്ചത് പ്രീഡിഗ്രി കഴിഞ്ഞ ഉടൻ തന്നെയായിരുന്നു. അധികം സംസാരിക്കാത്ത എന്നാൽ സ്‌നേഹിക്കുന്നവരോട് വല്ലാത്ത അടുപ്പം കാണിക്കുന്ന ജിജോ അത്യാവശ്യമായി എന്നെ കാണണം എന്നു പറഞ്ഞ് കത്തയച്ച് ഏറെ ദിവസങ്ങൾ കഴിയാതെ വെള്ളത്തിൽ വീണ് മരിച്ചു എന്ന വാർത്തയാണ് കേൾക്കുന്നത്. ക്ലാസ്സ്‌റൂമിന്റെ ഭിത്തിയിലേക്ക് നോക്കി അവൻ ഉറക്കെ പാടിയിരുന്ന പാട്ടുകളും കണ്ണാടി വച്ച ആ മുഖവും ഇപ്പോഴും തിളങ്ങി നിൽക്കുന്നു.

ബോബി പോളിന്റെ മരണമാണ് ഇപ്പോഴും നടുക്കത്തോടെ എന്റെ ഉറക്കം കെടുത്തുന്ന മറ്റൊന്ന്. കുറുവിലങ്ങാട് ദേവമാതാ കോളേജിലെ സൂപ്പർ സ്റ്റാർ ആയിരുന്നു ബോബി പോൾ. പ്രസംഗ മത്സരങ്ങളിൽ പങ്കെടുത്ത് അക്കാലങ്ങളിൽ നല്ലൊരു സർക്കാർ ഉദ്യോഗസ്ഥൻ ജീവിക്കാൻ കിട്ടുന്നതിനേക്കാൾ കൂടുതൽ പണം കുടക്കച്ചിറ വള്ളോപ്പിള്ളി പോൾ സാറിന്റെ മകൻ നേടുമായിരുന്നു. പ്രസംഗ മത്സരങ്ങളിൽ വച്ചാണ് എനിക്ക് ബോബിയെ പരിചയം.

ഡിഗ്രിക്ക് ശേഷം ഞാനൊരു മാസികയിൽ ജോലി ചെയ്തു കൊണ്ടിരുന്നപ്പോൾ അന്നത്തെ പ്രസംഗ തൊഴിലാളികളെ ഒരുമിച്ചു കൂട്ടി വിദ്യാർത്ഥി വേദി എന്നൊരു സംഘടനയുണ്ടാക്കിയപ്പോൾ അതിന് നേതൃത്വം നൽകിയത് ബോബിയായിരുന്നു. ബോബിയുടെ ആത്മ മിത്രങ്ങളുടെ ലിസ്റ്റിൽ ഞാൻ ഉണ്ടായിരുന്നോ എന്ന് എനിക്ക് നിശ്ചയമില്ല, എന്നാൽ എന്റെ അക്കാലത്തെ ഏറ്റവും ആത്മമിത്രം ബോബിയായിരുന്നു. എൽഎൽബിയിക്ക് പഠിക്കുമ്പോൾ അവന് കാൻസർ പിടിപെട്ട് തിരുവനനന്തപുരം ആർസിസിയിൽ ചികിത്സയ്ക്ക് കൊണ്ടു വന്നപ്പോൾ ഞാൻ തിരുവനന്തപുരത്തായിരുന്നു. ഒരു ദിവസം ബോബിയെ കാണാൻ ആർസിസിയിൽ പോയത് ഞാനോർക്കുന്നു. ആർസിസിയിൽ നിന്ന് അവസാന ശ്രമത്തിനായി കൊച്ചിയിലെ പിവിഎസിലേക്ക് മാറ്റിയപ്പോഴും നിഴൽ പോലെ ഞാനുണ്ടായിരുന്നു. അന്ന് ബോബിയെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു പെൺകുട്ടി കന്യാസ്ത്രീയായതും മറ്റൊരാൾ വൈദികനായതായും എനിക്കറിയാം. അത്രയ്ക്കും ഇഷ്ടമായിരുന്നു ബോബി ജീവിതത്തിൽ അവശേഷിപ്പിച്ച അടയാളങ്ങൾ.

എന്നെ വല്ലാതെ സ്വാധീനിച്ച ഒട്ടേറെ ജന്മങ്ങൾ വളർച്ച പൂർത്തിയാകാതെ പിൻവലിയുമ്പോൾ വല്ലാത്തൊരു നിസ്സംഗത മനസ്സിൽ രൂപപ്പെടാറുണ്ട്. ഹൃദയാഘാതവും വണ്ടി അപകടവും മൂലം എന്റെ നല്ല പരിചയക്കാരായ എട്ടോ പത്തോ പേർ ചെറുപ്പത്തിൽ തന്നെ മരിച്ചിരിക്കുന്നു. എന്റെ നാട്ടുമ്പുറത്തെ ഏറ്റവും പ്രിയ ആത്മ മിത്രമായിരുന്ന മോൻ എന്നു വിളിക്കുന്ന ബിനു മരിച്ചിട്ട് അഞ്ച് വർഷം ആകുന്നു. പരോപകാരിയായി ജീവിതം നയിച്ചിരുന്ന മോൻ ഇടയ്ക്കിടെ പറയുമായിരുന്നു, എന്റെ ജീവിതം ഈ ഇലക്ട്രിക് ലൈനിൽ തീരാൻ ഉള്ളതാണെന്ന്. ആ ബോധ്യം മൂലമാകും അവൻ വിവാഹത്തിന് പോലും തയ്യാറായിരുന്നില്ല. അവൻ പറഞ്ഞിരുന്നതു പോലെ ലൈൻ അഴിച്ചു മാറ്റാൻ പോസ്റ്റിൽ കയറിയപ്പോൾ ഷോക്കടിച്ച് മരിച്ചു. അന്ന് രാത്രി മുഴുവൻ അവന്റെ മൃതദേഹത്തിനരികിൽ ഇരുന്നപ്പോൾ ഞാൻ വല്ലാതെ ഭയന്നു പോയി. ജീവിതത്തിന്റെ നൈമിഷികതയെ ഓർത്ത് നടുങ്ങി വിറച്ചു.

എന്റെ കോളേജ് ജീവിതത്തെ ഞാൻ ആഗ്രഹിച്ചതിൽ നിന്നു ഭിന്നമാക്കി മാറ്റിയത് ഒരു പെൺകുട്ടിയുടെ പൊളിഞ്ഞു വീഴാറായ ജീവിതത്തിൽ നടത്തിയ ഇടപെടൽ മൂലമായിരുന്നു. ആ പെൺകുട്ടിയെ രക്ഷിക്കാൻ എന്റെ ത്യാഗങ്ങൾക്കൊന്നും കഴിഞ്ഞില്ല. കോളേജ് വിട്ട് ഒന്നോ രണ്ടോ വർഷം കഴിഞ്ഞപ്പോൾ അവൾ കോമയിൽ ആയിത്തീർന്നു. ജീവിതത്തിന്റെ നിസ്സാരതയെ ഓർമ്മിപ്പിച്ചു കൊണ്ട് 22 വർഷമായി അവൾ കിടക്കയിലാണ്. വല്ലപ്പോഴും ഞാൻ അവളെ കാണാൻ പോകാറുണ്ട്. അവളുടെ അടുത്ത് നിൽക്കുമ്പോഴൊക്കെ ഞാൻ എന്റെ ജീവിതത്തിന്റെ നിരർത്ഥകമായ ഓട്ടത്തെക്കുറിച്ച് ചിന്തിക്കാറുണ്ട്. മനഃപൂർവ്വം ആരെയും ദ്രോഹിക്കാതിരിക്കുക അറിയാതെ ദ്രോഹിച്ചാൽ അതിന് പരിഹാരം കണ്ടെത്തുക. ഇതൊക്കയല്ലേ നമുക്ക് ചെയ്യാൻ സാധിക്കൂ. പക്ഷെ മാദ്ധ്യമ പ്രവർത്തകൻ എന്ന നിലയിൽ എടുക്കുന്ന നിലപാടുകളും എഴുതുന്ന വാർത്തകളും ചിലരുടെ ജീവിതത്തിൽ ദുരന്തമാകുമ്പോൾ അവരത് അർഹിക്കുന്നതാണെങ്കിലും ചിലപ്പോഴൊക്കെ ഹതാശയനാകുകയാണ്. ശത്രുവിന്റെ വലുപ്പം കണ്ടിട്ടല്ല. എന്തിന് ഇല്യോളം ഇല്ലാത്ത ഈ ജീവിതത്തിൽ ഇങ്ങനെ ശത്രുക്കളെ വലിച്ച് വയ്ക്കുന്നു എന്നോർത്ത്. എന്നാൽ എന്റെ കർമ്മം അതാണ് എന്ന് തിരിച്ചറിയുമ്പോൾ വീണ്ടും ഊർജ്ജ്വസ്വലനാകുന്നു. ഓർക്കുമ്പോൾ ഒരു വല്ലാത്ത ഉൾക്കിടിലം മാത്രം വന്നു നിറയുകയാണ്. ഈ ദുരന്തങ്ങളൊക്കെ എന്നെ പഠിപ്പിക്കുന്നത് ഒരുങ്ങി ഇരിക്കാനുള്ള സന്ദേശം മാത്രമാണ്. മനഃപൂർവ്വം ആരെയും ദ്രോഹിക്കാതിരിക്കുക അറിയാതെ ദ്രോഹിച്ചാൽ അതിന് പരിഹാരം കണ്ടെത്തുക. ഇതൊക്കയല്ലേ നമുക്ക് ചെയ്യാൻ സാധിക്കൂ. പക്ഷെ മാദ്ധ്യമ പ്രവർത്തകൻ എന്ന നിലയിൽ എടുക്കുന്ന നിലപാടുകളും എഴുതുന്ന വാർത്തകളും ചിലരുടെ ജീവിതത്തിൽ ദുരിതമാകുമ്പോൾ അവരത് അർഹിക്കുന്നതാണെങ്കിലും ചിലപ്പോഴൊക്കെ ഹതാശയനാകുകയാണ്. ശത്രുവിന്റെ വലുപ്പം കണ്ടിട്ടല്ല, എന്തിന് ഇല്യോളം ഇല്ലാത്ത ഈ ജീവിതത്തിൽ ഇങ്ങനെ ശത്രുക്കളെ വലിച്ച് വയ്ക്കുന്നു എന്നോർത്ത്. എന്നാൽ എന്റെ കർമ്മം അതാണ് എന്ന് തിരിച്ചറിയുമ്പോൾ വീണ്ടും ഊർജ്ജ്വസ്വലനാകുന്നു. എന്നാൽ എന്റെ കർമ്മം അതാണ് എന്ന് തിരിച്ചറിയുമ്പോൾ വീണ്ടും ഊർജ്ജ്വസ്വലനാകുന്നു. പ്രത്യേകിച്ച് ഉപജീവനത്തിന് വേണ്ടിയല്ല ഞാൻ ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്നോർക്കുമ്പോൾ. ശരി തെറ്റുകൾക്ക് ഒരു നൂൽപ്പാലത്തിന്റെ അകലം മാത്രമേ ഉള്ളൂ. അപ്പോൾ അതിലേ നടക്കുമ്പോൾ എങ്ങോട്ടായിരിക്കും മറിഞ്ഞ് വീഴുക. അറിയില്ല. ഒന്നും അറിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP