Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശബരിമലയിലെ ലിംഗനീതി വിധി കാലാന്തരത്തിൽ പ്രതിലോമകരമായാണ് മാറുക; കാൽനൂറ്റാണ്ടിന് ശേഷമുള്ള ശബരിമലയിൽ സ്ത്രീകൾക്കായിരക്കും മുൻതൂക്കം; ആദ്യത്തെ അമ്പരപ്പുമാറിക്കഴിഞ്ഞാൽ സ്ത്രീകൾ ശബരിമലയിലേക്ക് ഇടിച്ചുകയറും; വിശ്വാസ ചൂഷണത്തിൽനിന്ന് സ്ത്രീ-പുരുഷ ഭേദമന്യേ ജനങ്ങളെ രക്ഷിക്കാനുള്ള പ്രവർത്തനത്തിനാണ് ആധുനിക കാലത്ത് മുൻതൂക്കം നൽകേണ്ടത്; വിശ്വാസികളോട് എറ്റുമുട്ടുകയല്ല, അവരെ മതത്തിന്റെ ഇരകളായി കാണണം; മല ചവിട്ടുന്നതല്ല ചവിട്ടാതിരിക്കുന്നതാണ് ആക്റ്റിവിസം

ശബരിമലയിലെ ലിംഗനീതി വിധി കാലാന്തരത്തിൽ പ്രതിലോമകരമായാണ് മാറുക; കാൽനൂറ്റാണ്ടിന് ശേഷമുള്ള ശബരിമലയിൽ സ്ത്രീകൾക്കായിരക്കും മുൻതൂക്കം; ആദ്യത്തെ അമ്പരപ്പുമാറിക്കഴിഞ്ഞാൽ സ്ത്രീകൾ ശബരിമലയിലേക്ക് ഇടിച്ചുകയറും; വിശ്വാസ ചൂഷണത്തിൽനിന്ന് സ്ത്രീ-പുരുഷ ഭേദമന്യേ ജനങ്ങളെ രക്ഷിക്കാനുള്ള പ്രവർത്തനത്തിനാണ് ആധുനിക കാലത്ത് മുൻതൂക്കം നൽകേണ്ടത്; വിശ്വാസികളോട് എറ്റുമുട്ടുകയല്ല, അവരെ മതത്തിന്റെ ഇരകളായി കാണണം; മല ചവിട്ടുന്നതല്ല ചവിട്ടാതിരിക്കുന്നതാണ് ആക്റ്റിവിസം

എം റിജു

സറുദ്ദീന്മുള്ളാ കഥയെന്നപേരിൽ ഓഷോ പതിവായി പറയുന്ന ഒരുകാര്യമാണ്, ശബരിമല വിഷയം കേൾക്കുമ്പോഴൊക്കെ ഓർമ്മ വരാറ്. കഥയിങ്ങനെയാണ്. തണ്ണിമത്തൻ അഥവാ വത്തക്ക എന്താണ് കേട്ടിട്ടുപോലുമില്ലാത്ത ഒരു നാട്ടിൽ പെട്ടെന്ന് ഒരു ദിവസം ഒരു വത്തക്ക എങ്ങനേയാ മുളച്ചുപൊന്തുന്നു. ആ നാട്ടുകാർ അതുപോലൊന്ന് കണ്ടിട്ടില്ല. കടുംപച്ച നിറത്തിലുള്ള അതിന്റെ പുറംതോടിൽ ഒരാൾ ചൂഴ്ന്ന്‌നോക്കിയപ്പോൾ കാണുന്നത് രക്തവർണ്ണം. അവർ ആകെ പേടിച്ചു. അന്നത്തെ പ്രാഥമിക യുക്തിയനുസരിച്ച് ഇത് പിശാചിന്റെ ഫലമാണെന്നും ആരും അങ്ങോട്ട് പോകരുതെന്നും നിർദ്ദേശിച്ചു. രണ്ടടി മാറി വത്തക്കക്ക് ചുറ്റുമുള്ള വലിയ ആൾക്കൂട്ടം കണ്ടാണ് സഞ്ചാരിയും പണ്ഡിതനുമായ ഒരാൾ അങ്ങോട്ട് വരുന്നത്. ഇത് തണ്ണിമത്തനാണെന്ന് പറഞ്ഞ് അയാൾ നാട്ടുകാർ നോക്കിനിൽക്കേ അത് മുറിച്ച് ഒരു കഷ്ണം തിന്നു. ആൾക്കൂട്ടം അമ്പരന്നു. പിശാചിനെ തിന്നുകയോ. അപ്പോൾ ഇയാൾ വലിയ ദുർമന്ത്രവാദിയായിരിക്കണം. മറിച്ചൊരക്ഷരം പറയാൻ കഴിയുന്നതിനുമുമ്പ്, ആ അക്രമാസക്തമായ ആൾക്കൂട്ടം ആ സാധുവിനെ അടിച്ചുകൊന്നു!

ആ സമയത്താണ് നസറുദ്ദീന്മുള്ള അവിടെയെത്തുന്നത്. മുള്ളക്ക് കാര്യം പടികിട്ടി. അയാൾ വത്തക്ക സസൂക്ഷ്മം വീക്ഷിച്ചും. എന്നിട്ട് ചകിതരായി നിൽക്കുന്ന ആൾക്കൂട്ടത്തോട് പറഞ്ഞു. 'ഇതൊരു പിശാചുതന്നെയാണ്. പക്ഷേ ഈ പിശാചിനെ മാറ്റാനുള്ള മന്ത്രവിദ്യകൾ എനിക്കറിയാം. കുറച്ചു പണച്ചെലവുണ്ട്. നിങ്ങൾ സഹകരിക്കണം'. മുള്ളയുടെ വാക്കുകേട്ടതോടെ നാട്ടുകാർ കൈയിൽ ഉണ്ടായിരുന്നു പണം അയാൾക്ക് നൽകി. ഇതൊക്കെ വാങ്ങിയ മുള്ള കുറെ ആവാഹനവും മന്ത്രവാദവും നടത്തുന്നതായി ഭാവിച്ചു. ദീർഘനേരത്തെ മന്ത്രവാദത്തിനൊടവിൽ മുള്ള പ്രഖ്യാപിച്ചു. 'ഇപ്പോൾ ഇതിലെ പിശാച് ഒഴിഞ്ഞുപോയി. ഇനി ഇത് എല്ലാവർക്കും കഴിക്കാം.'- തുടർന്ന് മുള്ള തണ്ണിമത്തൻ മുറിച്ച് എല്ലാവർക്കും നൽകുകകയും ചെയ്യുന്നു. ജനം ആവേശത്തോടെ മുള്ളയെ എടുത്തു ഉയർത്തി.

നോക്കൂ.രണ്ടും രണ്ട് സമീപനങ്ങളാണ്. ആദ്യത്തെയാൾ സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂ. അതിനയാൾക്ക് കിട്ടിയ ശിക്ഷ മരണമായിരുന്നു. മുള്ളയാകട്ടെ നാട്ടുകാരെ സാമ്പത്തികമായി ചൂഷണം ചെയ്യുകയും ചെയ്യുന്നു. എന്നിട്ടും അയാൾ ഹീറോയാണ്. ഇതാണ് ഒരു ശരാശരി വിശ്വാസ മസ്തിഷ്‌ക്കത്തിന്റെ പ്രവർത്തനം.വിശ്വാസം അന്ധമായാൽ അത്് മസ്തിഷ്‌ക്കത്തിന്റെ ഫാക്കൽട്ടികളെ ബാധിക്കും.പിന്നെ നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ ഒക്കെ വികാരപരമായിരിക്കും. ബോധവത്ക്കരിക്കാൻ സമയം എടുക്കും.

ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാറിന് പറ്റിയ തെറ്റ് ഈ ടാക്റ്റിക്‌സിലാണ്. പുരോഗമനത്തിന്റെ എന്തെല്ലാം പുറംപൂച്ചുകൾ പറയുമ്പോഴും തീർത്തും വിശ്വാസാധിഷിഠിതവും മതാധിഷ്ഠിതവുമായ സമൂഹം തന്നെയാണ് നാം. നമ്മുടെ ശാസ്ത്ര പഠനമെല്ലാം പരീക്ഷക്ക് മാർക്ക് കിട്ടാനുള്ള ഗിമ്മിക്കുകൾ ആണ്. നാം വിശ്വസിക്കുന്നത് മത കഥകൾ മാത്രമാണ്. മതം കേട്ട് മതത്തിൽ ലയിച്ച് മതംഭക്ഷിച്ച് കഴിയുന്ന ഒരു 'പുരോഗമ സമൂഹത്തിൽ' ആർത്തവ ലഹള ഒരു അതിശയോക്തിയല്ല. എല്ലാ വിശ്വാസങ്ങളും അന്ധമാണ്. ആ മനസ്സിലേക്ക് ലിംഗനീതിയും സാമൂഹിക നീതിയും, ഒന്നും തന്നെ തലയിൽ കയറില്ല. നസറുദ്ദീന്മുള്ള ചെയ്തപോലെ, വിധി വന്ന ഉടൻതന്നെ സർക്കാർ ചില 'പരിഹാരക്രിയകൾ' ചെയ്യുന്നതായിരുന്നു തന്ത്രം. ദേവസ്വംബോർഡിനെ 'നടുങ്ങാൻ' അനുവദിക്കുകയും ( ഇപ്പോൾ അതും ഒരു ആചാരമാണെല്ലോ) റിവ്യൂ ഹരജി കൊടുക്കാൻ അനുവദിക്കുകയും വേണമായിരുന്നു.( റിവ്യൂ ഒരു കാര്യവും ഇല്ലെന്ന് അൽപ്പം ബുദ്ധിയുള്ളവർക്ക് അറിയാം. പക്ഷേ മുള്ള ചെയ്ത മന്ത്രവാദംപോലുള്ള ഒരു തന്ത്രമാണ് അത്) അതിനുപകരം വിധി വന്ന് ദിവസങ്ങൾക്കുള്ളിൽതന്നെ ശബരിമലയിൽ വനിതാപൊലീസിനെ വിന്യസിക്കുമെന്ന അങ്ങേയറ്റം പ്രകോപനപരമായ വർത്തമാനമാണ് ഡിജിപിയിൽനിന്ന് ഉണ്ടായത്. വിശ്വാസിക്ക് ഇതുമായി പൊരുത്തപ്പെടാനുള്ള സമയം നിർണ്ണായകമാണ്.അതുകൊണ്ടുതന്നെ സർവകകഷിയോഗം വിളിച്ച് വിധി നടപ്പാക്കുന്നതിൽ അൽപ്പം സാവകാശം ചോദിക്കകയും ചെയ്യാമായിരുന്നു.

അതിനുപകരം എന്താണ് ഉണ്ടായത്. വിധി പൊടുന്നനെ നടപ്പാക്കുമെന്ന പ്രതീതിയുണ്ടായി. ഈ സംഭവങ്ങളുടെയാക്കെ ഒന്നാംപ്രതിയായ രാഹുൽ ഈശ്വർ ആ വികാരം നന്നായി ചൂഷണം ചെയ്തു.നാമജപഘോഷയാത്രയിലേക്ക് പതിനായിരങ്ങൾ ഒഴകിയെത്തി. കലക്കവെള്ളത്തിൽ നഞ്ചുകലക്കാൻ കാത്തിരുന്ന സംഘപരിവാറിന് ഇത് ചാകരയായി. വിധി ആദ്യം സ്വാഗതംചെയ്ത ആർഎസ്എസ്‌പോലും മലക്കം മറിഞ്ഞു.രഹ്നഫാത്തിമയെപ്പോലുള്ള ആ്ക്റ്റീവിസ്റ്റുകൾ പൊലീസ് കാവലിൽ മലകയറുകയും ചെയ്തതോടെ എല്ലാം പിടിവിട്ടു.

മലകയുറന്നതിൽ എന്താണ് ആക്റ്റീവിസം !

ഇനി നമ്മൾ യുക്തി, ശാസ്ത്രം, ആർക്കിയോളജി, ചരിത്രം എന്നീ ടൂളുകൾവെച്ച് ശബരിമല വിഷയത്തെ ഒന്ന് പരിശോധിക്കുക. ഒന്നരലക്ഷം വർഷത്തിലേറെ പഴക്കമുള്ള മനുഷ്യന്റെ പരിണാമ ചരിത്രത്തിൽ കൂടിപ്പോയാൽ വെറും നാലായിരം കൊല്ലത്തെ മൂപ്പേ മതങ്ങൾക്കുകാണൂ. യുക്തിയുടെയും ശാസ്ത്രത്തിന്റെ വീക്ഷണകോണിൽ എല്ലാ മതങ്ങളും അന്ധവിശ്വാസങ്ങൾ അല്ലാതെ മറ്റെന്താണ്. മുഹമ്മദ് ഉണ്ടാക്കിയ കെട്ടുകഥകളും, യേശുവിന്റെപേരിൽ പ്രചരിച്ച കെട്ടുകഥകളുംപോലെ തന്നെയാണ് അയ്യപ്പന്റെപേരിലും കെട്ടുകഥകൾ പ്രചരിച്ചത്. ഹാരിപോർട്ടറിന്റെ കഥക്ക് തെളിവ് ചോദിക്കുന്നപോലാണ്, മണികണ്ഠൻ പുലിപ്പാലിനുപോയതിനൊക്കെ. വെറും 200 വർഷത്തെ പാരമ്പര്യം മാത്രമാണ് പന്തളം രാജകുടംബത്തിന് തന്നെയുള്ളത്. എല്ലാ ഐതീഹ്യങ്ങളുംപോലെ തന്നെ ഒരു അന്ധവിശ്വാസ ജടിലമായ കഥമാത്രമാണ് അയ്യപ്പ കഥയും. മലയരന്മാരും ആദിവാസികളും കൊണ്ടുനടന്നിരുന്നു ചെറിയ ഒരു അന്തിത്തിരിയിൽനിന്ന് ക്രമേണെ വളർന്ന് ഉണ്ടായതാണ് ഈ ശബരിമല ക്ഷേത്രവും. അതായത് ശാസ്ത്ര വീക്ഷണത്തിൽനോക്കുമ്പോൾ, ദൈവം തന്നെ ഒരു കെട്ടുകഥയായതുകൊണ്ട് അവിടെപോയി ആരാധന നടത്തിതതുകൊണ്ട് സ്ത്രീകൾക്ക് എന്നല്ല പുരുഷന്മാർക്കുതന്നെ യാതൊരു ആനമുട്ടയും കിട്ടാനില്ല.

മാത്രമല്ല വികസിത യൂറോപ്യൻ രാജ്യങ്ങളെ നോക്കൂ. മതം അവിടെ തീർത്തും സ്വകാര്യതയാണ്. പള്ളികൾ ആളില്ലാത്തതിനാൽ അടച്ചുപൂട്ടുകയാണ്. ഇവിടെനിന്ന് പോകുന്ന മലയാളികളാണ് അവിടെ പലപ്പോഴും വിശ്വാസ വിഴുപ്പ് ചുമക്കുന്നത്. ഇനി മതം പുളക്കുന്ന രാജ്യങ്ങൾ നോക്കുക. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, സിറിയ, ഇറാക്ക്, ഇറാൻ, നൈജീരിയ, സോമാലിയ....അങ്ങനെ പോവുന്ന ആ ലിസ്റ്റ്. ഇതിൽനിന്ന് ഒരു കാര്യം വ്യക്തമാണ്. മതം എത്രമാത്രം ശക്തിപ്രാപിക്കുന്നോ അത്രമാത്രം അത് പുരോഗമന സമൂഹത്തിന് ഭീഷണിയാണ്. മതം ശാസ്ത്രവിരുദ്ധമാണ്, മാനവിക വിരുദ്ധമാണ്. അതുകൊണ്ടുതന്നെ എല്ലാമതങ്ങളെയും അംഗീകരിക്കയല്ല എല്ലാ മതങ്ങളെയും ഒരുപോലെ തള്ളിക്കളയുന്നതാണ് ആധുനിക കാലത്തെ ആക്റ്റീവിസം.പ്രമുഖ ചിന്തകനായ കാൾ സാഗൻ എഴുതിയത് യൂറോപ്യൻ സമൂഹത്തിന്റെ എല്ലാ പുരോഗതിക്കും കാരണം ' ദൈവത്തിനുള്ളത് ദൈവത്തിന് സീസറിനുള്ളത് സീസറിന്' എന്ന ആപ്തവാക്യമാണെന്നാണ്. മതത്തെ പിന്തുണയ്ക്കുന്ന നിരവധി മസ്തിഷ്‌ക്ക സവിശേഷതകൾ മനുഷ്യരിലുണ്ട്. അന്ധവിശ്വാസിയാകുക എന്നത് താരതമ്യേന എളുപ്പവുമാണ്. മനുഷ്യരാശിക്ക് നയാപൈസയുടെ ഗുണമില്ലാത്ത മതാന്ധത വിമർശനവിധേയമാക്കിയാൽ മാത്രമേ അതിനെ ദുർബലപ്പെടുത്താനാവൂ. പല സമൂഹങ്ങളും മുന്നേറിയത് അങ്ങനെയാണ്.

അതായത് മതം ഒരു കാരണവശാലും രാഷ്ട്ര ശരീരത്തിൽ ഇടപെടാൻ അനുവദിക്കാത്തതാണ് പുരോഗമനം. അതാണ് ആക്റ്റീവിസം. അടിസ്ഥാനമായി സന്ദീപാനന്ദഗിരിയും ശശികല ടീച്ചറും ശബരിമല തന്ത്രിയുമൊക്കെ എടുക്കുന്നത് ഒരേ ചരക്കാണ്.മതത്തിലേക്ക് ആളെ കൂട്ടൽ. ആ രീതയിൽ നോക്കുമ്പോൾ ശബരിമലയിൽ പോവുന്നതാണോ, പോവാത്തതാണോ ആക്റ്റീവിസം. ഏണ്ണക്കണറിൽ ഇറങ്ങാനും, അഴുക്കുചാൽ വൃത്തിയാക്കാനുമൊക്കെ സ്ത്രീക്കും പുരുഷനും തുല്യ അവകാശമാണ് ഉണ്ടാവേണ്ടത്.അതുപോലെ ക്ഷേത്രത്തിൽ പോകുന്ന കാര്യത്തിലും. ലിംഗ നീതി അംഗീകരിക്കുമ്പോൾ തന്നെ ശബരിമലയിൽ സ്ത്രീകളെ എത്തിക്കാനുള്ള ഒരു ചുമതലയും ഒരു ആ്ക്റ്റീവിസ്റ്റിനുമില്ല. പകരം വിശ്വാസ ചൂഷണത്തിൽനിന്ന് സ്ത്രീ-പുരുഷ ഭേദമന്യേ ജനങ്ങളെ രക്ഷിക്കാനുള്ള പ്രവർത്തനത്തിനും, ശാസ്ത്രപ്രചാരണത്തിനുമാണ് ആധുനിക കാലത്ത് ആക്റ്റീവിസം എന്ന് പറയുന്നത്. ( ജാമിദ ടീച്ചറുടെ മുസ്ലിം വനിതാ ജുമയെ ഇതേ കാരണംകൊണ്ടാണ് എതിർക്കുന്നതും.പുരുഷന്മാർ ചെയ്യുന്ന അന്ധവിശ്വാസം സ്ത്രീകളിലേക്ക്കൂടി വ്യാപിക്കുന്ന കാരണത്താൽ. സമാനമാണ് ശബരിമലയിലും)

തമിഴ്‌നാട്ടിലെ ഒരു കുളത്തിൽ ജാതിയുടെപേരിൽ ദലിതർക്ക് പ്രവേശനം നിഷേധിച്ചുവെന്ന് വെക്കുക. അവിടെ പോയി കുളിക്കുന്നതും ദലിതരെ വെള്ളമെടുക്കാൻ അനുവദിക്കുന്നതും ഒരു ആക്റ്റീവിസമാണ്.എന്നാൽ ശബരിമലയിലേതോ. സ്ത്രീകൾ ശബരിമലയിൽപോയില്ലെങ്കിൽ ഈ ലോകത്തിന് എന്താണ് സംഭവിക്കുക.ഇപ്പോൾ തന്നെ വിശ്വാസ ഭാണ്ഡംപേറി നടുവൊടിഞ്ഞവരാണ കേരളത്തിലെ സാധാരണ സ്ത്രീകൾ.അവരെ ഒരു ദൈവത്തിന്റെ അടുത്തുകൂടി അല്ലെങ്കിൽ ഒരു അന്ധവിശ്വാസത്തിന്റെ അടുത്തുകൂടി തളച്ചിടുന്നതിൽ എന്ത് ആക്റ്റീവിസമാണുള്ളത്.

അതായത് രഹ്നാഫാത്തിമയുടെ നേതൃത്വത്തിലുള്ള സംഘം ചെയ്തത് ശുദ്ധ അബദ്ധമാണ്. സംഘപരിവാറിനെ പ്രതിരോധിക്കാനെന്നപേരിൽ അവർ നടത്തിയ കോപ്രായങ്ങൾ സത്യത്തിൽ വലിയ അവസരമാണ് പരിവാറിന് ഒരുക്കികൊടുത്തത്. നസറുദ്ദീന്മുള്ള കഥയിലെന്നപോലെ ജനം അവരെ തല്ലിക്കൊല്ലാഞ്ഞത് ഭാഗ്യം. അതാണ് വിശ്വാസ മസ്തിഷ്‌ക്കം. ഇതിനർഥം വിശ്വാസികൾ മോശക്കാരാണ് എന്നല്ല. തങ്ങളുടെ ചക്കര വിശ്വാസത്തെ മറികടക്കാനുള്ള കഴിവ് അവർ പതുക്കെയേ ആർജിച്ചുവരൂ. ഇത്തരമൊരു ആൾക്കൂട്ടത്തെ അക്രമാസക്തമാക്കാനും ചെറിയ പ്രകോപനം മതി.(ഓരോ മതവും പിറക്കുമ്പോൾ ചോരയാണ് ഒഴുകിയത്. ചോരപ്പുഴകൾ നീന്തിയാണ് ഓരോ പ്രവാചകനും കടന്നുവന്നത്. മതം സമാധനമാണ് എന്നതൊക്കെ വെറും കെ പി രാമനുണ്ണി മോഡൽ തള്ളുകൾ മാത്രമാണ്) വിശ്വാസികളോട് എറ്റുമുട്ടുകയല്ല, അവരെ മതത്തിന്റെ ഇരകളായി കണ്ട് നിരന്തരം സംവദിക്കുകയും ബോധവത്ക്കരിക്കകുകും ചെയ്യുകയാണ് വേണ്ടത്. ഇവിടെയാണ് മുള്ളാ കഥയിലെ നായകനെന്നപോലെ സർക്കാറിന് കൈപ്പിഴ പറ്റിയത്. അല്ലെങ്കിൽ സർക്കാർ അങ്ങനെ ചെയ്യുന്നുവെന്ന് ആസൂത്രിതമായി പ്രചരിപ്പിക്കാൻ സംഘപരിവാറിന് ആയി.

എന്തായിരിക്കും കാൽനൂറ്റാണ്ടു കഴിഞ്ഞുള്ള ശബരിമല

ഒരു 25വർഷം കഴിഞ്ഞുള്ള യൂറോപ്പിൽ എന്തായിരിക്കും മതത്തിന്റെ അവസ്ഥയെന്ന ചോദ്യം ഉന്നയിച്ചത് എഴുത്തുകാരനും പരിണാമശാസ്ത്രജ്ഞനും ചിന്തകനുമായ റിച്ചാർഡ് ഡോക്കിൻസാണ്.ഇപ്പോൾ തന്നെ മതം മരിച്ച നാടാണ് യൂറോപ്പ്. കാൽനുറ്റാണ്ടുവേണ്ട അടുത്ത പത്തുവർഷം കൊണ്ടുതന്നെ സ്‌കാൻഡനേവിയൻ രാജ്യങ്ങൾ പൂർണമായും ഒരു മതരഹിത സമൂഹമായാണ് മാറുകയെന്നാണ് ഡോക്കിൻസ് വിലയിരുത്തുന്നത്. അതുപോലെ കാൽനൂറ്റാണ്ടിന് ശേഷമുള്ള ശബരിമലയെ സങ്കൽപ്പിച്ചുനോക്കൂ.അവിടെ മുഴവൻ സ്ത്രീകളായിരക്കുമെന്നാണ് ഈ ലേഖകന്റെ വിലയിരുത്തൽ!

അതായത് ആദ്യത്തെ അമ്പരപ്പുമാറിക്കഴിഞ്ഞാൽ സ്ത്രീകൾ ശബരിമലയിലേക്ക് ഇടിച്ചുകയറും. ലോകത്തിന്റെ എന്തിന് നമ്മുടെ നാട്ടിലെ തന്നെ അനുഭവം അതാണ്.മഹാരാഷ്ട്രയിലെ ശനീശ്വരക്ഷേത്രത്തിൽ ഇതുപോലെ ഹൈക്കോടതി വഴിയാണ് സ്ത്രീകൾക്ക് പ്രവേശനം കിട്ടിയത്.ആദ്യത്തെ അമ്പരപ്പ് മാറിയതോടെ ഇന്ന് സ്ത്രീകൾ അവിടേക്ക് ധാരളമായി എത്തുന്നുണ്ട്. ഒരു പരിഹാരക്രിയയിലോ , ദേവപ്രശ്‌നത്തിലോ ദേവ ഹിതം ഇതാണെന്ന് കണ്ടെത്തി ശബരിമലയിലും അവർ ആശ്വസിക്കും. സ്ത്രീകൾ കയറുക എന്നത് അയ്യപ്പന്റെ തീരുമാനമാണെന്നാണെന്നും, ദീപക് മിശ്രയെക്കൊണ്ട് വിധി പുറപ്പെടുവിച്ചത് അയ്യപ്പനാണെന്നുമാണ് അപ്പോൾ വിശ്വാസികൾ ആശ്വാസം കണ്ടെത്തുക. മകരജ്യോതി സ്വയംഭൂവാണെന്ന് വിശ്വസിച്ച വിശ്വാസികൾക്ക് അത് കത്തിക്കുന്നതാണെന്ന് ദേവസ്വംബോർഡ് സത്യവാങ്ങ്മൂലം കൊടുത്തപ്പോൾ ഒരു പ്രശ്‌നവും ഉണ്ടായില്ലല്ലോ. അത് അയ്യപ്പന്റെ തീരുമാനമാണെന്ന് അവർ വിശ്വസിച്ചു. പ്രതീകാത്മകമാണ് കത്തിക്കൽ എന്നതിലേക്ക് മാറി. അത്രയേയുള്ളൂ.

ഒരുപാട് ആചാരങ്ങൾ ശബരിമലയിലും മാറിയിട്ടുണ്ട്. ഉദാഹരണങ്ങൾ നോക്കുക. മലയരയ വിഭാഗത്തിൽ പെട്ട ആദിവാസി മൂപ്പനും ഇളമുറക്കാരനും ചേർന്ന് അയ്യപ്പ വിഗ്രഹത്തിൽ തേനഭിഷേകം ചെയ്യുന്നത് നിർത്തി, അയ്യപ്പൻ ആയുധ വിദ്യ പഠിച്ചതെന്ന് വിശ്വസിക്കുന്ന ചീരപ്പൻ ചിറ തറവാട്ടുകാർക്ക് ശബരി മലയിൽ വെടിവഴിപാട് നടത്താനുള്ള അവകാശം ഒഴിവാക്കി, പതിനെട്ട് പടിയിലും തേങ്ങ ഉടയ്ക്കാനുള്ള ഭക്തന്റെ അവകാശം പടി സ്വർണം കെട്ടിച്ചപ്പോൾ നിരോധിച്ചു. കൊച്ചു കടുത്ത സ്വാമി എന്ന വിഗ്രഹം ശബരിമലയിൽ ഉണ്ടായിരുന്നു. അവിടത്തെ നിവേദ്യം കഞ്ചാവായിരുന്നു. അത് നിഷേധിച്ചു, തൊട്ടിപ്പുറത്ത് കറപ്പസ്വാമിയുടെ വിഗ്രഹ സ്ഥാനം ഉണ്ടായിരുന്നു. അവിടെ കറപ്പ് അഥവാ ഒപ്പിയം ആയിരുന്നു വഴിപാട്. അതും നിരോധിച്ചു. ശയനപ്രദക്ഷിണം നിരോധിച്ചു. ഭസ്മ തീർത്ഥക്കുളത്തിൽ മുങ്ങുന്നത് നിരോധിച്ചു.ഇതൊക്കെയാവാമെങ്കിൽ പ്രായഭേദമന്യേയുള്ള സ്ത്രീപ്രവേശനവും നടക്കും.

ഗുരുവായൂർ വൈക്കം സത്യാഗ്രഹകാലത്തെ ദലിതരുടെ അവസ്ഥ ഓർത്തുനോക്കുക. 99 ശതമാനം വിശ്വാസികളും എന്തിന് 90 ശതമാനം ദലിതരും താഴ്ന്ന ജാതിക്കാർക്ക് വഴിനടക്കാനുള്ള അവകാശത്തിനുപോലും എതിരായിരുന്നു. പി കൃഷ്ണപിള്ളയൊക്കെ എഴുതിയിട്ടുണ്ട്. 'ഞങ്ങൾക്ക് ക്ഷേത്രത്തിൽ കയറുകയും വേണ്ട, ക്ഷേത്ര പരിസരത്തുകൂടി വഴി നടക്കുകയും വേണ്ട. ഞങ്ങൾക്ക് ദൈവകോപമുണ്ടാക്കാതെ പാട്ടിന് വിട്ടാൽ മതി.'- ഇതായിരുന്നു ഭൂരിപക്ഷം ദലിതരുടെയും അന്നത്തെ നിലപാട്. ഗുരുവായൂരിലടക്കം ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിച്ചിട്ടും വർഷങ്ങളോടളം ആചാര സംരക്ഷണത്തിന്റെ ഭാഗമായി ഒറ്റ ദലിതനും അവിടെ കയറിയില്ല.എന്നാൽ ക്രമേണെ കാര്യങ്ങൾ മാറി. ഇന്ന് ദലിതരെകൊണ്ട് നിറയുകയാണ് കേരളത്തിലെ ക്ഷേത്രങ്ങൾ. ഭാവിയിൽ ഇതേ അവസ്ഥതന്നെയാണ് കേരളത്തിലെ സ്ത്രീകൾക്കും വരിക.സ്ത്രീകൾ എവിടെ എത്തിയാലും അവിടം പണം കുമിഞ്ഞ് കൂടും. തിരുപ്പതിക്ഷേത്രത്തിലൊക്കെ സ്വർണമാലയും വളയുമൊക്കെ ഊരി ഭണ്ഡാരത്തിലിടുന്ന സ്ത്രീകളെ നേരിട്ടുകണ്ട് ഈ ലേഖകൻ അന്തം വിട്ടുപോയിട്ടുണ്ട്. അതുതന്നെയാണ് ശബരിമലയിലും വരാനിരിക്കുന്നത്. നടവരവും വഴിപാടും ദക്ഷിണയും കൂടുന്നതോടെ എല്ലാ തന്ത്രിമാരുടെയും പ്രശ്‌നം തീരും. പ്രശസ്ത എഴുത്തുകാരൻ സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടാറുള്ളതുപോലെ, അടിസ്ഥാനമായി ഏത് വിശ്വാസവും ഭക്തന്റെ പോക്കറ്റിലേക്കാണ് നോക്കുന്നത്.

ഇവിടെയാണ് ശബരിമലയിലെ ലിംഗനീതി വിധി പ്രായോഗികാർഥത്തിൽ പ്രതിലോമകരമായി വരിക.വർഷങ്ങൾ കഴിയുമ്പോൾ അത് അന്ധവിശ്വാസത്തിലേക്ക് ആളെകൂട്ടാനുള്ള, മതത്തെ സംരക്ഷിക്കാനുള്ള ചട്ടുകമായി മാറുന്നു. അതുകൊണ്ടുതന്നെ ശബരിമലയിലെ ലിംഗ നീതിയെ സ്വാഗതം ചെയ്യുമ്പോൾ തന്നെ, മല ചവിട്ടുന്നതല്ല മല ചവിട്ടാത്തതിരക്കുന്നതാണ് ആക്റ്റീവിസം എന്ന് പറയാനുള്ള ആർജ്ജവം ഓരോ സ്വതന്ത്ര ചിന്തകനും ഉണ്ടായിരക്കേണ്ടതാണ്.

വാൽക്കഷ്ണം: ഒരു ക്ഷേത്രം കത്തിനശിച്ചാൽ അത്രയും അന്ധവിശ്വാസങ്ങൾ ഇല്ലാതായി എന്ന് പറയാൻ കഴിയുന്നു ഒരു മുഖ്യമന്ത്രി നമുക്കുണ്ടായിരുന്നു. തിരു-കൊച്ചി മുഖ്യമന്ത്രിയായ കോൺഗ്രസുകാരനായ സി കേശവൻ. ഡാമുകളും ഫാക്ടറികളുമാണ് ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളെന്ന് പറയാൻ ചങ്കൂറ്റമുണ്ടായിരുന്ന, മതം രാഷ്ട്രയവും കൂട്ടിക്കലർത്താത്ത, അഞ്‌ജേയവാദിയായ ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു.കോൺഗ്രസുകാരനായ ജവഹർ ലാൽ നെഹ്‌റു.സംഘപരിവാറിന്റെ ചട്ടുകമായി ഇന്ത്യയെ ഒരു മതാധിഷ്ഠിത രാജ്യമാക്കാൻ ശ്രമിക്കുന്ന ചെന്നിത്തല മുതൽ കെ സുധാകരൻവരെയുള്ള കോൺഗ്രസുകാർക്ക് ഈ പേരുകൾ ഓർക്കാൻ ഇഷ്ടമുണ്ടാവില്ല. വിശ്വാസത്തെ മുന്നിൽവെച്ചുള്ള ഈ തീക്കളി പെട്രാൾ പമ്പിനുമുന്നിലുള്ള ഫയർഡാൻസ് ആണെന്ന് ഓർമ്മവേണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP