Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202228Monday

ഉസ്താദ് തുപ്പിയ വെള്ളം കുടിക്കുന്നവർ; കൃപാസന പത്രം അരച്ചുകലക്കി ദോശക്കൊപ്പം ചമ്മന്തി മുക്കി കഴിക്കുന്നവർ; താനേ ആടുന്ന ക്ഷേത്ര മണിയും താനേ നീങ്ങുന്ന പൂക്കളവും കണ്ട് അമ്പരക്കുന്നവർ; ഉത്തരേന്ത്യയിലെ തവളക്കല്യാണത്തെയും ഗോമാതാ പ്രേമത്തെയും ട്രോളുന്ന മലയാളി എന്തേ ഇങ്ങനെ; ഈ 'നവോത്ഥാന'കാലത്തും എന്തുകൊണ്ടാണ് നാം ആർക്കും പറ്റിക്കാവുന്ന സമൂഹമായി മാറുന്നത്?

ഉസ്താദ് തുപ്പിയ വെള്ളം കുടിക്കുന്നവർ; കൃപാസന പത്രം അരച്ചുകലക്കി ദോശക്കൊപ്പം ചമ്മന്തി മുക്കി കഴിക്കുന്നവർ; താനേ ആടുന്ന ക്ഷേത്ര മണിയും താനേ നീങ്ങുന്ന പൂക്കളവും കണ്ട് അമ്പരക്കുന്നവർ; ഉത്തരേന്ത്യയിലെ തവളക്കല്യാണത്തെയും ഗോമാതാ പ്രേമത്തെയും ട്രോളുന്ന മലയാളി എന്തേ ഇങ്ങനെ; ഈ 'നവോത്ഥാന'കാലത്തും എന്തുകൊണ്ടാണ് നാം ആർക്കും പറ്റിക്കാവുന്ന സമൂഹമായി മാറുന്നത്?

എം റിജു

സ്താദ് മുന്നിൽ ഒന്ന് തുപ്പിക്കിട്ടാനായി വെള്ളവുമായി കാത്തുനിൽക്കുന്നവർ! കോഴിക്കോട്ടെ ഒരു വ്യാപാര പ്രമുഖന്റെ മകളുടെ വിവാഹ സൽക്കാര രാത്രിയിൽ അൽപ്പം വൈകിയെത്തിയതായിരുന്നു പ്രമുഖ ഉസ്താദ്. വന്നപ്പോൾ തന്നെ കൈ മുത്തലുമായി അനുയായികളുടെ ആഘോഷം. ( പണ്ടൊരിക്കൽ ഇത്തരമൊരു സന്ദർഭത്തിൽ 'ഉസ്താദ് ക്ഷീണിതനാണ്, ഇനി മുതൽ കൈമുത്തേണ്ടവർ, മുത്തിയവരുടെ കൈ മുത്തിയാൽ മതിയെന്നാണ്' അനൗൺസ്മെന്റ് വന്നത്. അനുഗ്രഹം നെറ്റ്‌വർക്ക് മാർക്കറ്റിങ്ങോ ചെയിൻ റിയാക്ഷേനോ പോലെ വരുന്ന കാലം.) ഭക്ഷണം കഴിച്ച് ഉസ്താദ് ഒന്ന് വിശ്രമിക്കാനായി അകത്ത് കയറിയതേയുള്ള ഉള്ളൂ അപ്പോഴെക്കും തുപ്പലിന് ആവശ്യക്കാരുടെ നീണ്ട നിരയെത്തി. അതിൽ എംഎസ്സിയൊക്കെ എടുത്ത പെൺകുട്ടികളൊക്കെയുണ്ട്. കുറച്ചുനേരം മന്ത്രിച്ച് ഉസ്താദ് മൂന്ന് തുപ്പാണ്. നിധികിട്ടിയ സന്തോഷത്തോടെയാണ് ഈ തുപ്പൽ വെള്ളം കൊണ്ടുപോകുന്നത്. ഇനി ഇത് സർവരോഗത്തിനുമുള്ള ഔഷധമാണത്രേ. ( ശാസ്ത്രജ്ഞന്മാർ ഏറെ കഷ്ടപ്പെട്ട് ആന്റിബയോട്ടിക്കുകൾ ഒക്കെ കണ്ടുപിടിച്ചത് വെറുതെയായി. ഉസ്താദിന്റെ തുപ്പലിന്റെ രോഗശാന്തി സാധ്യത അവർ തീരെ അവഗണിച്ചു!)

ഇത് ഏതെങ്കിലും ഒരു സമുദായത്തിന്റെ പ്രശ്നമാണേ? ഈയിടെ കേരളം ആഘോഷിച്ച ഒന്ന് രണ്ട് വാർത്തകൾ നോക്കുക. കൃപാസനം എന്നുപേരിലുള്ള ഒരു പത്രം അരച്ചുകലക്കി ദോശക്കൊപ്പം ചമ്മന്തി കൂട്ടിക്കഴിച്ചാണ് ഒരു യുവതി ആശുപത്രിയിൽ ആയത്. മകളുടെ വിവാഹം നടക്കാനായി അമ്മ മകൾ അറിയാതെ പത്രം അരച്ചുകലക്കി കൊടുക്കുകയായിരുന്നു. അവസാനം കൃപാസനം ജോസഫ് അച്ചൻ തന്നെ നേരിട്ട് പറഞ്ഞിട്ടും വിശ്വാസികൾ കൂട്ടാക്കിയില്ല. അതാണ് ഒരു അന്ധവിശ്വാസത്തെ അഴിച്ചുവിട്ടാലുള്ള പ്രശ്നം. പിന്നെ അഴിച്ചുവിട്ടവർക്കുപോലും അത് തിരിച്ചെടുക്കാനാവില്ല. താനേ ആടുന്ന ക്ഷേത്ര മണിയും, താനേ നീങ്ങുന്ന പൂക്കളവുമായിരുന്നു പ്രബുദ്ധകേരളത്തിന്റെ ലേറ്റസ്റ്റ് ട്രെൻഡിങ്ങ്.

വിദ്യാഭ്യാസപരമായും സാമൂഹികപരമായും കേരളം ഏറെ മുന്നേറിയെന്ന് പറയുന്ന കാലത്താണ് ഇത്തരം അസംബന്ധ നാടകങ്ങൾ നടക്കുന്നതെന്ന് ഓർക്കണം. ഗണപതി വിഗ്രഹങ്ങൾ പാൽകുടിക്കുന്നതിന്റെ പേരിലും, തവളക്കല്യാണത്തിന്റെ പേരിലും, പശുവിനെ മാതാവായി കരുതുന്നതിന്റെ പേരിലുമൊക്കെ ഇതരസംസ്ഥാനക്കാരെ നിരന്തരം ട്രോളുന്ന മലയാളികൾക്ക് ഇതെന്താണ് പറ്റുന്നത്. ഉത്തരേന്ത്യയിലെയോ ദക്ഷിണേന്ത്യയിലെ തന്നെ മറ്റ് സംസ്ഥാനങ്ങളിലെ സാക്ഷരതാ നിരക്കും, സാമൂഹിക പുരോഗതിയും വെച്ച് നോക്കുമ്പോൾ അത് ഒരു അന്ധവിശ്വാസത്തിൽ അധിഷ്ഠിതമായ സമൂഹമായതിൽ അദ്ഭുതമില്ല. പശു പൂജക്കും മറ്റും സാംസ്കാരികപരമായ കാരണങ്ങൾ കൂടിയുണ്ട്. പക്ഷേ കേരളത്തിലോ?

'വാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ' അടുത്തകാലത്ത് ആഘോഷിച്ച വാർത്തകളാണ് താനെ ആടുന്ന ക്ഷേത്രമണിയും, തിരുവോണ ദിവസം ക്ഷേത്രത്തിൽ ഇട്ട പൂക്കളം തെന്നിമാറിയതും. ലക്ഷങ്ങളാണ് ഇതൊക്കെ വിശ്വസിക്കുന്നത്. സമ്പൂർണ്ണ സാക്ഷരനെന്നും പ്രബുദ്ധനെന്നും അഭിമാനിക്കുന്ന അവൻ തന്റെ യുക്തിബോധം എവിടെയാണ് പണയംവെച്ചത്; ഈ 'നവോത്ഥാന' കാലത്തും എന്തുകൊണ്ടാണ് നാം ആർക്കും പറ്റിക്കാവുന്ന സമൂഹമായി മാറുന്നത്?

താനേ ആടുന്ന മണിയും തെന്നി നീങ്ങുന്ന ക്ഷേത്ര പൂക്കളവും

മതങ്ങൾ എക്കാലവും ശക്തമായി ഉപയോഗിച്ചിരുന്ന ഉപകരണം തന്നെയായിരുന്നു വിശ്വാസ നേർ സാക്ഷ്യങ്ങൾ. ആധുനികതയും ശാസ്ത്ര സാങ്കേതിക വിദ്യയും ഇവയെല്ലാം ലോകത്തുനിന്ന് ഒരു വിധം പമ്പ കടത്തിവരികയാണ്. ഉദാഹരണമായി വൈദ്യതി വന്നതോടെ ഒടിയന്റെയും ചാത്തന്റെയും കാലം കഴിഞ്ഞുവെന്ന് പറഞ്ഞ പോലെ. പക്ഷേ കേരളത്തിലേക്ക് നോക്കുക. ഇത്തരം ആർക്കും പൊളിക്കാവുന്ന വിശ്വാസ സാക്ഷ്യങ്ങൾ പോലും വൻ തോതിൽ അംഗീകരിക്കപ്പെടുന്നു.

താനെ ആടുന്ന മണി എന്നതൊക്കെ കട്ടക്കോമഡിയാണെന്നു പോലും ഇത് ഷെയർ ചെയ്യുന്നവർ ഓർക്കുന്നില്ല. ശാസ്ത്ര പ്രചാരകൻ ബൈജുരാജ് ഈ സംഭവം വിശദീകരിക്കുന്നത് നോക്കുക. 'സാധാരണ മണിയടിക്കുമ്പോൾ ഡിങങ്.... എന്നാകും കേൾക്കുക. എന്നാൽ ഇവിടെ മണിയടി ശബ്ദം ഡിങ്... ഡിങ് എന്ന് പെട്ടെന്ന് നിൽക്കുന്നു. അതിന് അർഥം മണി എവിടേയോ എന്തോ തൊടുന്നു. അതുകൊണ്ടാണ് വൈബ്രേറ്റ് ചെയ്യാൻ കഴിയാത്തത്. ഇതിന് കാരണം ഉള്ളിൽ ഒളിപ്പിച്ചുവച്ച മെക്കാനിസമാകും. ഇത് പോലെ മണി ചരിഞ്ഞാണ് തൂങ്ങി കിടക്കുന്നത്. അതിനർത്ഥം ഇതിനുള്ളിൽ എന്തോ ഒളിപ്പിച്ചു വച്ചിരിക്കുന്നു. അത് ഒരുപക്ഷേ മണി ആട്ടാനുള്ള മെക്കാനിസമാകും.നമ്മുടെ സാധാരണ ടോസിലുള്ള മോട്ടോറും ബാറ്ററിയും ഉപയോഗിച്ച് മണി ആട്ടാനുള്ള യന്ത്രം ഉണ്ടാക്കാമെന്ന് വീഡിയോ വിശദീകരിക്കുന്നു. സാധാരണ മണിയടിയും മോട്ടോറും ബാറ്ററിയും ഉപയോഗിച്ചുള്ള മണിയടിയും വിശദീകരിച്ച് കാണുന്നു. ഇങ്ങനെ മോട്ടോർ ഉപയോഗിച്ചുള്ള മണികൾ മാർക്കറ്റിൽ കാണാം'- ബൈജു രാജ് വ്യക്തമാക്കുന്നു. ശൂന്യതയിൽനിന്നും ഒന്നും ഉണ്ടാകുന്നില്ല, എന്ന് പഠിക്കുന്നവർ തന്നെ ഒന്നുമില്ലാതെ ശബ്ദം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നതാണ് കഷ്ടം.

തിരുവോണദിനം കോഴിക്കോട് ജില്ലയിലെ പയ്യോളിക്കടുത്ത കീഴൂർ മഹാ ശിവക്ഷേത്രത്തിലെ ദിവ്യാത്ഭുതമായി പ്രചരിക്കപ്പെട്ടത് രാവിലെ ക്ഷേത്ര മുറ്റത്ത് നാട്ടുകാരുടെ നേതൃത്വത്തിൽ ഇട്ട പൂക്കളം നിരങ്ങി നീങ്ങിയതാണ്. ഇതുസംബന്ധിച്ച് അവിടെ നേരെ പോയി പഠനം നടത്തിയവർ എഴുതിയത് നോക്കുക.- രണ്ടു പൂക്കളത്തിന്റെ ഫോട്ടോയും കാണിച്ച് വ്യത്യാസം വിവരിച്ചു കൊടുത്ത് മാറി നീങ്ങി എന്ന വാദത്തിന് ചിലർ തെളിവ് കൊടുന്നുമുണ്ട്. രണ്ടു വ്യത്യസ്ത നിലയിലുള്ള പൂക്കളത്തിന്റെ ഫോട്ടോ കാണിച്ചാൽ അത് അവർ പറയുന്നതു പോലെ രാവിലെ നോക്കുമ്പോൾ സ്വയം നീങ്ങി മാറി എന്നതിന് തെളിവാകില്ലെന്ന് സാമാന്യ ബോധമുള്ള ആർക്കും മനസ്സിലാക്കാം.

രാവിലെ ഇട്ട പൂക്കളം രാത്രി എല്ലാവരും പോയ സമയത്ത് സ്ഥലം മാറ്റി ഇടാൻ കേവലം ഒരാൾ മാത്രം മതി. കുറച്ച് പേർ കൂട്ടിനുമുണ്ടെങ്കിൽ വളരെ എളുപ്പം. അപ്പോൾ ഈ ഫോട്ടോകൾ താരതമ്യം ചെയ്ത് വ്യത്യാസം വന്നത് സ്വയം നീങ്ങിയതുകൊണ്ടാണെന്ന് വാദിക്കുന്നതിൽ ഒരർത്ഥവും ഇല്ല. കാരണം ഒരു മനുഷ്യൻ വിചാരിച്ചാൽ അങ്ങനെ ചെയ്യാൻ കഴിയും. ഒരു സുപ്രഭാതത്തിൽ ക്ഷേത്ര കവാടവും ആൽമരവും ഒരു മീറ്റർ ക്ഷേത്രത്തോട് അടുത്ത് വരട്ടെ! .അതാണ് ദിവ്യാൽഭുതം, അത് സമ്മതിക്കാം, അതാണ് ഹീറോയിസം. പിന്നെ, പൂക്കളം തനിയെ നീങ്ങി തൂണിനോട് ചേർന്നമർന്നതാണെങ്കിൽ തൂണിന് മുട്ടുന്ന സ്ഥലത്തെ പൂക്കൾ ഞെരിഞ്ഞു ഉയരേണ്ടതാണ്.അത് സംഭവിച്ചിട്ടില്ല -( ഫോട്ടോ നോക്കുക. ഒരാൾ ഇട്ടത് പോലെ തന്നെയാണ് ഉള്ളത്). നിലവിൽ ഔട്ട് ലൈൻ വരച്ച് ഇട്ട ഒരു പൂക്കളം സ്വയം 1.5 മീറ്റർ മാറി പോയതാണെങ്കിൽ ഇപ്പോൾ നിൽക്കുന്ന സ്ഥലത്ത് പൂക്കളത്തിന് അടിയിൽ ഔട്ട് ലൈൻ കാണുകയില്ല. പൂക്കളം ഇട്ടതിൽ ഒരാളായ, നാട്ടുകാർ കൂടിയായ കളം വരച്ച ആർട്ടിസ്റ്റ് പറയുന്നു നിലവിൽ ഇപ്പോൾ ഉള്ള പൂക്കളം ഞാൻ വരച്ച കളത്തിനെക്കാൾ വലുപ്പകൂടുതൽ ഉള്ളതാണെന്നും പൂക്കളും അതിൽ കൂടുതൽ ഉണ്ട് എന്നും. അദ്ദേഹം ഈ സംഭവത്തിന് ശേഷം പൂക്കളത്തിന്റെ വിസ്തീർണ്ണം അളന്നു കൊണ്ടാണ് ഇത് സ്ഥിരീകരിച്ചത്. രാവിലെ ഇട്ട പൂക്കളം ചിലർ രാത്രി മാറ്റി തൂണിനും ഹോമകുണ്ഡത്തിനും ചേർത്ത് പുതുതായി അതേപോലെ ഇട്ടു. ഇതാണ് ഇവിടെ സംഭവിച്ചത്.

ശാസ്ത്ര പഠനമല്ല ശാസ്ത്രാവബോധം

നോക്കുക, ഇത്തരം ലളിതമായ കാര്യങ്ങളിൽ പോലും കേരളം വീണുപോവുകയാണ്. എന്താണ് കാരണം? എന്തുപഠിച്ചാലും നമ്മുടെ മസിത്ഷകപരമായ നിലപാടുകൾ മാറുന്നില്ല. ഇതിന് പ്രധാന കാരണമായി പറയുന്നത് മതബോധം തന്നെയാണ്. തീർത്തും യുക്തി രഹിതമാണ് മതം. ചെറുപ്പത്തിലെ തന്നെ മതം പിടികൂടുന്ന മസിത്ഷകങ്ങൾ എത്ര വളർന്നാലും അടിസ്ഥാന ക്ഷിപ്രവിശ്വാസ സാധ്യതയിൽ തന്നെ കിടക്കും. പരിണാമ സിദ്ധാന്തം പഠിക്കുമ്പോഴും അവൻ വിശ്വസിക്കുന്നത് മനുഷ്യനെ മണ്ണുകുഴച്ചാണ് സൃഷ്ടിച്ചതെന്നും, ജീവൻ ഊതിക്കേറ്റുക ആയിരുന്നുവെന്നുമുള്ള വിഡ്ഢിത്തങ്ങളാണ്. അതായത് ചെറുപ്പത്തിലെ സെറിബ്രത്തെ പിടികൂടിയ മതാധിഷ്ഠിതമായ അന്ധവിശ്വാസങ്ങൾ, മാടമ്പള്ളിയിലെ മനോരോഗികളെപ്പോലെ ഏത് നിമിഷവും പുറത്തുചാടാം! മറ്റുള്ളവരുടെ മതത്തിലെ അന്ധവിശ്വാസങ്ങളെ ട്രോളുന്നവർ സ്വന്തം വിശ്വാസ സാഹിത്യത്തിലെ പൊട്ടത്തരങ്ങൾ കാണില്ല.

ഇനി ശാസ്ത്ര പഠനം ഒന്നും ഇതിന് ഒരു പരിഹാരമാവില്ല. പ്രശസ്ത എഴുത്തുകാരനും പരിണാമ ശാസ്ത്രജ്ഞനുമായ റിച്ചാർഡ് ഡോക്കിൻസ് പറയുന്ന പോലെ ഓരോ വിശ്വാസിയും അവനവന്റെ പുസ്തകങ്ങൾക്ക് സാധൂകരണമാണ് പലപ്പോഴും ശാസ്ത്രത്തിൽ നിന്ന് തേടുക. തേങ്ങയുടക്കാതെയും, ചെറുനാരങ്ങ വെക്കാതെയും റോക്കറ്റ് വിടാൻ പോലും ധൈര്യമില്ലാത്തവരാണ് നമ്മുടെ ശാസ്ത്രജ്ഞർ എന്നോർക്കണം. അതായത് ഒരു പുറം പൂച്ചിന് ശാസ്ത്രം പറയുന്നുവെന്നല്ലാതെ ശാസ്ത്രബോധവും യുക്തിബോധവും ഇവിടെ കുറഞ്ഞു വരികതന്നെയാണ്.

ഈ സത്യം കേരളത്തിലെ പിണറായി വിജയൻ സർക്കാറിന് തീരെ മനസ്സിലായിട്ടില്ല. പൊതുവെ പുരോഗമനത്തിന്റെ പക്ഷത്ത് അണിനിരക്കുന്നുവെന്ന് ഭാവിക്കുമ്പോഴും, ഉള്ളിന്റെ ഉള്ളിൽ കടുത്ത അന്ധവിശ്വാസികൾ ആയിരുന്നു കേരളത്തിലെ സിപിഎം അനുഭാവികൾ പോലും. അതിന്റെ ഒരു ലിറ്റ്മസ് ടെസ്റ്റായിരുന്നു ശബരിമല സമരം. ലിംഗ നീതിയെ അനുകൂലിച്ചതിന്റെ പേരിൽ പാർട്ടി വോട്ടുകൾ കുത്തനെ ഒലിച്ചുപോയത് ഓർക്കുക. അതായത് ഉത്തമാ, ശാസ്ത്ര പഠനമല്ല ശാസ്ത്രബോധമെന്ന സയന്റിഫിക്ക് ടെമ്പർ. അത് വളർത്തിയെടുക്കാനുള്ള നടപടികൾക്ക് ശ്രമിക്കാതെ, ഇരുളിന്റെ മറവിൽ തലയിൽ മുണ്ടിട്ട് ലിംഗനീതി നടപ്പാക്കിയാൽ ആശ്ലീലമായിപ്പോകുന്നത് നവോത്ഥാനം എന്നവാക്കാണ്.

ചുരുക്കിപ്പറഞ്ഞാൽ, ശബരിമല സമരവും തുപ്പൽ വെള്ളം കുടിക്കലും, കൃപാസന പത്രം അരച്ചുകലക്കലും, താനേ ആടുന്ന ക്ഷേത്ര മണിയും, താനേ നീങ്ങുന്ന പൂക്കളവുമൊക്കെ ഒറ്റച്ചരക്കാണ്. അശാസ്ത്രീയമായ മതാധിഷ്ഠിതമായ മനസ്സ് എന്നാണ് അതിനുത്തരം. മൂലകാരണമായ മതത്തെ സംരക്ഷിച്ചുകൊണ്ട് നിങ്ങൾക്ക് ഒരിക്കലും ശാസ്ത്രബോധമുള്ള ഒരു ജനതയെ വാർത്തെടുക്കാനാവില്ല. വിദ്യാഭ്യാസപരമായും സാമ്പത്തികമായും മുന്നോട്ട് അടിക്കുമ്പോൾ നാം കൂടുതൽ കൂടുതൽ അന്ധവിശ്വാസികൾ ആവുന്നത് ഇതുകൊണ്ടാണ്.

വാൽക്കഷ്ണം: ഇനി കമ്യൂണിസം പോലുള്ള പ്രത്യശാസ്ത്ര പാക്കേജുകൾ അന്ധവിശ്വാസത്തെ നിർമ്മാർജനം ചെയ്യുമെന്ന ധാരണയും വേണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ അന്ധവിശ്വാസികൾ ഉള്ളത് കമ്യൂണിസ്റ്റ് ചൈനയിലാണ്. സാത്താൻ പൂജതൊട്ട് ഷെങ്ങ്ഫൂയിയിവരെയുള്ള നീണ്ട നിര. അതുപോലെതന്നെ മാർക്വിസിറ്റ് പാർട്ടിയുടെ കോട്ടയായ കണ്ണൂർ ജില്ലയിൽ കാണുന്ന അത്ര അന്ധവിശ്വാസങ്ങൾ നിങ്ങൾക്ക് കേരളത്തിൽ എവിടെയും കാണാൻ കഴിയില്ല. മതേതര വിശ്വാസ പ്രസ്ഥാനങ്ങളും എത്ര കണ്ട് ശാസ്ത്രബോധവും യുക്തിബോധവും ഉയർത്തിപ്പിടിക്കുന്നുവെന്നതും കേരളം ചർച്ചചെയ്യേണ്ടിയിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP