Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

അധികാരമോഹം തീരെ ഇല്ലാത്ത കെ വി തോമസിനെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞത് ശരിയായില്ല! മിനിമം ഒരു കെപിസിസി പ്രസിഡന്റ് സ്ഥാനമെങ്കിലും കൊടുക്കണേയ്.. മാഷ് മറുകണ്ടം ചാടി കുമ്പളങ്ങീൽ താമര വിരിഞ്ഞാൽ പണിപാളും! നരേന്ദ്ര മോദി പ്രിയങ്കരൻ എന്നൊരു പുസ്തകോം കൂടി എഴുതിയാൽ തീർന്നു കാര്യം; 'വടക്കൻ വീര കഥ'തുടരുമോ?

അധികാരമോഹം തീരെ ഇല്ലാത്ത കെ വി തോമസിനെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞത് ശരിയായില്ല! മിനിമം ഒരു കെപിസിസി പ്രസിഡന്റ് സ്ഥാനമെങ്കിലും കൊടുക്കണേയ്.. മാഷ് മറുകണ്ടം ചാടി കുമ്പളങ്ങീൽ താമര വിരിഞ്ഞാൽ പണിപാളും! നരേന്ദ്ര മോദി പ്രിയങ്കരൻ എന്നൊരു പുസ്തകോം കൂടി എഴുതിയാൽ തീർന്നു കാര്യം; 'വടക്കൻ വീര കഥ'തുടരുമോ?

അഞ്ജന ഭാസ്‌കരൻ

ങ്ങിനെ പറഞ്ഞ് പറഞ്ഞ് കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയവും ആയി.. അല്ല ആവുന്നു.. 4 മണ്ഡലങ്ങളിൽ തീരുമാനമാവാതെ കോൺഗ്രസ് ഇപ്പോഴും വിയർക്കുമ്പോൾ 3 നേരവും തിരുത കൂട്ടി ഉണ്ടിട്ടും ആ തിരുത എത്തിച്ചവനെ മറന്നതിലുള്ള അമർഷമാണ് പുകയുന്നത്.. അല്ലേലും ഉണ്ട ചോറിന് നന്ദി കാണിച്ച ചരിതങ്ങൾ കുറവല്ലെ...? ഹാ . കഷ്ടം ! 

കെവി തോമസ് ..
പ്രൊഫസറാണ്..
ജീവിക്കാൻ പഠിച്ചയാളാണ്..
നന്നായി ചൂണ്ടയിട്ട് തിരുത പിടിക്കും..
നല്ല ദാനശീലനുമാണ്..
സ്വന്തമായി വലയിട്ട് പിടിച്ച തിരുതകൾ ഒരു രൂപ പോലും വാങ്ങാതെ നൽകുന്ന വ്യക്തിയാണ്..
അദ്ദേഹം തിരുത കൊടുത്ത് പലതും സമ്പാദിച്ചു എന്നൊക്കെ അസൂയക്കാർ പറഞ്ഞു പരത്തുന്നത് മാത്രം..

കരുണാകരനു തിരുത കൊടുത്ത് മൂന്നു തവണ പാർലമെന്റംഗമായ വ്യക്തിയാണെന്നൊക്കെ പഴമക്കാർ പറയുന്നുണ്ട്.. ഫ്രഞ്ച് ചാരക്കേസിൽ കുടുങ്ങി തെരഞ്ഞെടുപ്പു തോറ്റപ്പോൾ ഡിസിസി പ്രസിഡന്റായി, എറണാകുളം എംഎൽഎ ആയി. ഉമ്മൻ ചാണ്ടിയെ വെട്ടി മന്ത്രി പദവിയും അലങ്കരിച്ചു..

കരുണാകരന്റെ കരുണാ കടാക്ഷം കൊണ്ടുമാത്രം എംഎൽഎയും മന്ത്രിയുമായ മാഷ്, കൃത്യം മൂന്നു മാസത്തിനകം ആന്റണിയുടെ വിശ്വസ്തനായി മാറുകയായിരുന്നു..കേരളത്തിൽ മാത്രമല്ല തിരുത അങ്ങ് ഐസിട്ട് കേന്ദ്രം വരെ എത്തിക്കാൻ കാണിച്ച അദ്ദേഹത്തിന്റെ ആ മഹാമനസ്‌കത കണ്ടില്ലെന്ന് നടിക്കരുത്.. ഡൽഹിയിലും തിരുത കൊടുത്ത് സോണിയാജീയുടെ മനം കവർന്നുവെന്ന് മാത്രമല്ല പവാറിനെ വിമർശിച്ച് സോണിയ എന്ന സ്ത്രീ. ഭാര്യ അമ്മ രാഷ്ട്രീയ നേതാവ് എന്നെല്ലാം ഉൾപ്പെടുത്തി സോണിയ പ്രിയങ്കരി എന്ന പുസ്തകവുമെഴുതി തൂലിക പടവാളാക്കിയും രാഷ്ട്രീയത്തിൽ സ്വാധീനം ഉറപ്പിച്ചു..

ഹൈബി ഈഡനെ എറണാകുളത്ത്് തഴഞ്ഞ് വീണ്ടും പാർലമെന്റംഗമായി. പ്രൊഫ പിജെ കുര്യന്റെ മോഹങ്ങൾ തല്ലിക്കൊഴിച്ചായിരുന്നു കേന്ദ്ര സഹമന്ത്രിപദവിയേറിയത്... അധികം വൈകാതെ സ്വതന്ത്ര ചുമതലയും സംഘടിപ്പിച്ചു. 2014ലെ മോദി തരംഗത്തെയും പുല്ലുപോലെ അതിജീവിച്ച തോമസ് മാഷ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായി... അങ്ങിനെ അങ്ങിനെ എത്ര എത്ര പദവികൾ .. താൻ ആകാശത്ത് നിന്നും പൊട്ടിവീണതല്ലെന്നും ഓരോ വർഷവും പ്രായം കൂടുന്നത് തന്റെ തെറ്റല്ലെന്നും അദ്ദേഹം പറയുമ്പോൾ കോൺഗ്രസുകാർ എന്തേ മുഖം മറയ്ക്കുന്നു.. ? അദ്ദേഹത്തിന് അധികാരമോഹമൊന്നുമില്ല..

ഇനി, കെപിസിസി പ്രസിഡന്റ്, കേരള മുഖ്യമന്ത്രി എന്നീ സ്ഥാനങ്ങൾ കൂടി കിട്ടിയാൽ കൊള്ളാമെന്നുണ്ട്.. ഈ രണ്ട് പദവികൾ കൂടി അലങ്കരിച്ചാൽ അദ്ദേഹം കൃതാർത്ഥനാണ്..

ചുണകുട്ടികളും ചെറുപ്പക്കാരും ഇനിയും ഉണ്ടാവും.. തോമസ് മാഷിന് പ്രായം കൂടിവരികയാണേയ്...

കൊച്ചിക്കായലിൽ തിരുത ഇനിയും ബാക്കിയുണ്ടെങ്കിൽ കെപിസിസി പ്രസിഡന്റ് സ്ഥാനവും കേരളമുഖ്യമന്ത്രി സ്ഥാനവും വേണമെങ്കിൽ മാഷിന് കിട്ടും.. അല്ലേലും കുമ്പളങ്ങിയുടെ വീരപുത്രന് അത്ര അതിമോഹമൊന്നുമില്ല..

അന്ധമായി ആരെയും എതിർക്കാതെ ഒരു ഉറുമ്പിനെ പോലും നോവിക്കാതെ നന്മ കണ്ടാൽ അഭിനന്ദിക്കും ആശ്ലേഷിക്കും,,, വേണേൽ തിരൂതേം കൊടുക്കും.. . കരുണാകരനായാലും ആന്റണിയായാലും പിണറായി വിജയനായാലും എന്തിന് പറയണം സാക്ഷാൽ നരേന്ദ്ര മോദി ആയാലും തോമസ് മാഷിന് പ്രിയമാണ്.. തോമസ് മാഷ്് പാവാടാ... ഇഷ്ടല്ല്യാത്തത് കണ്ടാൽ തുറന്നടിക്കും.. അതിപ്പോ ഇന്ത്യൻ പ്രധാനമന്ത്രിയായാലും മാഷിന് പുല്ലാ...

മാഷിനെ കുറിച്ച് പറയാൻ വീര ചരിതങ്ങൾ ഇനിയും ബാക്കിയാണ്.. മാഷെഴുതിയ സോണിയ പ്രിയങ്കരിയേക്കാൾ എഴുതാനുണ്ടാവും.. അദ്ധ്യായങ്ങൾ ഒന്നും രണ്ടും .. നീണ്ട നീണ്ട കഥ..

ഇത്രയൊക്കെ വലിയ മഹാപുരുഷനെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞതത്ര ശരിയായില്ല .. എഐസിസി ഭാരവാഹിത്തമോ ബെന്നി ബെഹന്നാന്റെ സീറ്റിലോ ഒന്നും ഇരിക്കണ്ട ആളല്ല ഈ കുമ്പളങ്ങിക്കാരൻ..

മിനിമം ഒരു കെപിസിസി പ്രസിഡന്റ് സ്ഥാനൊക്കെ കൊടുക്കണം, അല്ലേൽ മാഷ് വടക്കൻ മറുകണ്ടം ചാടിയപ്പോലൊരു ചാട്ടംചാടും....സംശയല്ല്യ. തിരുത കൂട്ടി ഉണ്ണാൻ നായന്മാരും നമ്പൂരാരും. .. ഒക്കെ റെഡിയായിട്ടിരിക്ക്ണ്ട്,.. കുമ്പളങ്ങിയിൽ താമര വിരിഞ്ഞാൽ മാഷ് നരേന്ദ്ര മോദി പ്രിയങ്കരൻ എന്ന പുസ്തകം എഴുതി പ്രസിദ്ധീകരിക്കും. 2019ൽ സഹമന്ത്രിയോ, ക്യാബിനറ്റ് മന്ത്രിയോ ഒക്കെയായാൽ നാണാക്കേടാവും.. പറഞ്ഞില്ലെന്നു വേണ്ട..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP