Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സർക്കാർ നിലപാടിന് അനുസൃതമായി ദേവാലയം തുറന്നു പ്രവർത്തിപ്പിക്കും; സോഷ്യൽ ഡിസ്റ്റൻസിംഗിന് വേണ്ട സൗകര്യം പള്ളിയിലുണ്ട്; വിശ്വാസികൾക്ക് സഭ സൗകര്യങ്ങൾ ഒരുക്കും; കൊറോണക്കാലം ആയതിനാൽ ആരാധനയിൽ പങ്കുകൊള്ളാൻ നിർബന്ധിക്കില്ല; ഓൺലൈനായി കുർബാന കാണൽ നല്ല കാര്യമല്ല; കാത്തിരിക്കുന്നത് അതിരൂപതയിൽ നിന്നുള്ള നിർദ്ദേശങ്ങൾ; ലോക്ക് ഡൗൺ കഴിഞ്ഞതിനാൽ ദേവാലയം വിശ്വാസികൾക്കായി തുറന്നു കൊടുക്കുമെന്ന് പാളയം സെന്റ് ജോസഫ് കത്തീഡ്രൽ വികാരി ഫാദർ നിക്കോളാസ് മറുനാടനോട്

സർക്കാർ നിലപാടിന് അനുസൃതമായി ദേവാലയം തുറന്നു പ്രവർത്തിപ്പിക്കും; സോഷ്യൽ ഡിസ്റ്റൻസിംഗിന് വേണ്ട സൗകര്യം പള്ളിയിലുണ്ട്; വിശ്വാസികൾക്ക് സഭ സൗകര്യങ്ങൾ ഒരുക്കും; കൊറോണക്കാലം ആയതിനാൽ ആരാധനയിൽ പങ്കുകൊള്ളാൻ നിർബന്ധിക്കില്ല; ഓൺലൈനായി കുർബാന കാണൽ നല്ല കാര്യമല്ല; കാത്തിരിക്കുന്നത് അതിരൂപതയിൽ നിന്നുള്ള നിർദ്ദേശങ്ങൾ; ലോക്ക് ഡൗൺ കഴിഞ്ഞതിനാൽ ദേവാലയം വിശ്വാസികൾക്കായി തുറന്നു കൊടുക്കുമെന്ന് പാളയം സെന്റ് ജോസഫ് കത്തീഡ്രൽ വികാരി ഫാദർ നിക്കോളാസ് മറുനാടനോട്

എം മനോജ് കുമാർ

തിരുവനന്തപുരം: തിരുവനന്തപുരം പാളയം മസ്ജിദിനോട് ചേർന്നാണ് പാളയം സെന്റ് ജോസഫ് ചർച്ചും. കൊറോണ കാരണമുള്ള ലോക്ക് ഡൗൺകാരണം ഇതുവരെ ആരാധനാലയങ്ങൾ അടഞ്ഞു കിടക്കുകയായിരുന്നു. ആരാധനാലയങ്ങൾ തുറന്നു കിട്ടാൻ വെമ്പുന്ന മനസുമായി വിശ്വാസികൾ കാത്തു കിടക്കവേയാണ് ലോക്ക് ഡൗൺ തീരുന്ന പ്രഖ്യാപനം കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നത്. കൊറോണയ്ക്ക് ഒപ്പം കൊറോണയെ ജാഗ്രതയോടെ അതിജീവിച്ച് മുന്നോട്ടു പോകാനുള്ള തീരുമാനത്തിന്റെ ഭാഗമാണ് ആരാധനാലയങ്ങൾ തുറക്കാനുള്ള തീരുമാനവും വന്നിരിക്കുന്നത്. പക്ഷെ വിശ്വാസികളെ അമ്പരപ്പിച്ച് തത്ക്കാലം പാളയം മസ്ജിദ് തുറക്കേണ്ടെന്ന തീരുമാനമാണ് പാളയം പള്ളി ഇമാമും പരിപാലന സമിതിയും ചേർന്ന് എടുത്തിരിക്കുന്നത്. കൊറോണ പടരുന്ന സാഹചര്യത്തിൽ പള്ളി തുറന്നാൽ അത് ആപത്ക്കരമായിരിക്കുമെന്നു മനസിലാക്കിയാണ് പള്ളി തുറക്കൽ പാളയം പള്ളി ഇമാം വൈകിപ്പിക്കുന്നത്.

കൊറോണ രോഗ പകർച്ചയും അത് കാരണം കേരളത്തിൽ വരുന്ന മരണങ്ങളും കുറഞ്ഞാൽ പള്ളി തുറക്കാം എന്നാണ് എന്നാണ് പാളയം ഇമാം വി.പി.സുഹൈബ് മൗലവി മറുനാടനോട് പറഞ്ഞത്. പാളയം പള്ളിയോടു ചേർന്നാണ് ലത്തീൻ സഭയുടെ പാളയം സെന്റ് ജോസഫ് ചർച്ചും നിലകൊള്ളുന്നത്. സർക്കാർ തീരുമാനം സ്വാഗതം ചെയ്തു ദേവാലയം ആരാധനയ്ക്ക് ആയി തുറന്നു കൊടുക്കാൻ ഒരുങ്ങുകയാണ് പാളയം സെന്റ് ജോസഫ്‌സ് ചർച്ച്. ഇതുവരെ ഞങ്ങൾ കാത്തിരിക്കുകയായിരുന്നു. എപ്പോൾ സർക്കാർ തീരുമാനം വന്നു. ഇനി ലത്തീൻ അതിരൂപതയിൽ നിന്ന് ബിഷപ്പ് സുസൈപാക്യത്തിന്റെ ചില തീരുമാനങ്ങൾ കൂടി വരാനുണ്ട്. ഈ നിർദ്ദേശങ്ങൾ പാലിച്ച് കൊറോണ മാർഗനിർദ്ദേശങ്ങൾക്കനുസരിച്ച് ദേവാലയം ആരാധനയ്ക്കായി തുറന്നു കൊടുക്കും. പാളയം പള്ളി ഇടവക വികാരി മോൺ.നിക്കോളാസ് മറുനാടനോട് പറഞ്ഞു.

സോഷ്യൽ ഡിസ്റ്റൻസിങ് പാലിച്ച് ആരാധന നടത്താൻ ഉള്ള സൗകര്യം ഞങ്ങൾ വിശ്വാസികൾക്ക് ലഭ്യമാക്കും. കൊറോണ ആയതിനാൽ വിശ്വാസികൾ പള്ളിയിൽ വരണം എന്ന് ഞങ്ങൾ പറയില്ല. പക്ഷെ വരുന്നവർക്ക് സുരക്ഷിതമായി ആരാധന നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കും-നിക്കോളാസ് മറുനാടനോട് പറഞ്ഞു. കൊറോണ ആരാധനാ രീതിയെ മാറ്റി മറിച്ചിട്ടില്ല. ആരാധനാ ക്രമങ്ങൾക്ക് നൂറ്റാണ്ടുകൾ തന്നെ പഴക്കമുണ്ട്. നിലവിൽ ആരാധനയിൽ പങ്കു കൊള്ളണം എന്ന് നിർബന്ധം വരുന്നതിനാലാണ് കുർബാന ഓൺലൈൻ ആയി കാണാൻ അനുവദിക്കപ്പെടുന്നത്. അതൊന്നും കൃസ്തീയ ആരാധന രീതി അനുസരിച്ചും ആരാധനാ ക്രമങ്ങൾ അനുസരിച്ചും ശരിയല്ല-ഫാദർ പറയുന്നു. മറുനാടന് മോൺ.നിക്കോളാസ് അനുവദിച്ച പ്രത്യേക അഭിമുഖത്തിലേക്ക്.

പാളയം മസ്ജിദ് തത്ക്കാലം തുറക്കുന്നില്ല ; പാളയം കത്തീഡ്രൽ തുറന്നു പ്രവർത്തിക്കുമോ?

സർക്കാർ നിലപാടിന് അനുസൃതമായി ദേവാലയം തുറന്നു പ്രവർത്തിപ്പിക്കാം എന്നാണ് ഞങ്ങളുടെ തീരുമാനം. ഇതിനായി ഉച്ചയ്ക്ക് ഒരു പ്രത്യേക മീറ്റിങ് ഞാൻ വിളിച്ച് ചേർത്തിട്ടുണ്ട്. ദേവാലയത്തിൽ ചുമതലകളുള്ള അഞ്ചു പേരുടെ മീറ്റിങ് ആണ് വിളിച്ചു ചേർത്തിട്ടുള്ളത്. കൊറോണ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് അതിനുള്ള മാറ്റങ്ങൾ വരുത്തിയാകും ചർച്ച് തുറന്നു പ്രവർത്തിപ്പിക്കുക. സർക്കാർ നിർദ്ദേശങ്ങൾ അപ്പടി പാലിച്ചാകും പള്ളി ആരാധനയ്ക്കായി തുറന്നു കൊടുക്കുക. മുഖ്യമന്ത്രി തന്നെ ചോദിച്ചത് എപ്പോഴാണ് ദേവാലയം തുറക്കാൻ സാധിക്കുക എന്നാണ്. എല്ലാ ക്രമീകരണങ്ങളും ഞങ്ങൾ ചർച്ചിൽ ഏർപ്പെടുത്തും.

കൊറോണ പേടിച്ച് വിശ്വാസികൾ എത്തുമോ? കൊറോണ മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ കഴിയുമോ?

വിശ്വാസം ഓരോരുത്തരുടെ ജീവിതത്തിൽ നിന്നും അനുഭവത്തിൽ നിന്നും ഉരുത്തിരിഞ്ഞു വരുന്നതാണ്. ഞാൻ മനസിലാകുന്നത് അനുസരിച്ച് വിശ്വാസികൾ ദേവാലയത്തിലേക്ക് എത്തുക തന്നെ ചെയ്യും. വിശ്വാസികളുടെ ഭാഗത്ത് നിന്നും ദേവാലയത്തിൽ എത്താത്ത പ്രശ്‌നം വരില്ല. പക്ഷെ സഭയുടെ ഭാഗത്ത് നിന്നും ദേവാലയത്തിന്റെ ഭാഗത്ത് നിന്നും ഒരു നിർബന്ധവും ആരുടെ നേർക്കും വരില്ല. കഴിയുന്നിടത്തോളം ഭവനങ്ങളിൽ തുടരാനാണു ഞങ്ങൾ അവരോടു ആവശ്യപ്പെടുന്നത്. പക്ഷെ ചെറിയ കുട്ടികളും പ്രായമായവരും എത്തുകയാണെങ്കിൽ ഞങ്ങൾ വേണ്ട മുൻകരുതൽ എടുക്കും. വലിയ വിശാലമായ സ്ഥലമാണ് പള്ളിയുടെ അകത്തുള്ളത്. സോഷ്യൽ ഡിസ്റ്റൻസിംഗിന് വേണ്ട അകലം പാലിക്കാൻ ദേവാലയത്തിന്റെ അകത്ത് സ്ഥലമുണ്ട്. അതിനാൽ സുരക്ഷാക്രമം പാലിക്കാൻ കഴിയും. ഓരോ ബെഞ്ചിലും നമ്പർ ഒക്കെ ഇട്ട് നൽകി വിശ്വാസികളെ പ്രവേശിപ്പിക്കാൻ കഴിയും. ഒരു കാര്യം ഞങ്ങൾക്ക് ഉറപ്പിച്ച് പറയാൻ കഴിയും. ദേവാലയത്തിൽ വരണമെന്ന് ഞങ്ങൾ ആരോടും നിർബന്ധിക്കില്ല. ഞങ്ങൾക്ക് നാൽപ്പത്തിയേഴ് കുടുംബ യൂണിറ്റുകൾ ഉണ്ട്. എല്ലാവർക്കും വിവരങ്ങൾ നൽകും. വരുന്നവരുടെ പേര് വിവരങ്ങൾ ഞങ്ങൾ എഴുതിയെടുക്കും. അതിനുസരിച്ചുള്ള സുരക്ഷ ഞങ്ങൾ പാലിക്കും. അതിനുള്ള ഒരു കുറവും ഞങ്ങൾ വരുത്തില്ല.

കൊറോണ ആരാധനാ രീതിയെ മാറ്റിയിട്ടുണ്ടോ?

ആരാധനയെക്കുറിച്ച് പറയുമ്പോൾ സത്യത്തിലും ആത്മാവിലും ആരാധന നടത്തണം എന്നാണ് യേശു പഠിപ്പിച്ചിരിക്കുന്നത്. പിന്നെ നമ്മൾ ദേവാലയത്തിൽ വരുന്നു. ഒരുമിച്ച് കൂടുന്നു. ആരാധന നടത്തുന്നു. സത്യത്തിലും ആത്മാവിലും ജീവിക്കുന്ന മനുഷ്യരുടെ ബലിയർപ്പണം അതാണ് ആരാധന. അത് നടക്കും. അതിൽ സംശയവുമില്ല. ആരാധനാക്രമങ്ങൾ മാറി മറിയുമോ എന്ന് ചോദിച്ചാൽ അതിന്റെ പൊരുൾ മനസിലാകുന്നില്ല സഭയുടേത് നൂറ്റാണ്ടുകൾ പഴക്കമുള്ള ആരാധനാ ക്രമങ്ങളാണ് . അത് അതേപടി തുടരും. ഇപ്പോൾ സർക്കാർ ചില കാര്യങ്ങൾ പറയുന്നുണ്ട്. ഞങ്ങൾക്ക് അതിരൂപതയിൽ നിന്നും ചില നിർദ്ദേശങ്ങൾ വരാനുണ്ട്. അത് സൂസൈപാക്യം മെത്രോപൊലീത്ത നൽകുമെന്നാണ് ഞാൻ അറിയുന്നത്. അടിസ്ഥാന പരമായ കാര്യങ്ങളിൽ മാറ്റം ഒന്നുമുണ്ടാകില്ല. സാഹചര്യം അനുവദിക്കാത്തതുകൊണ്ട് ചില കാര്യങ്ങൾ മാറ്റി വയ്ക്കുകയോ ഒക്കെ ചെയ്യാം. ഏറ്റവും വലിയ തിരുനാൾ ആണ് ഈസ്റ്റർ. അത് ഞങ്ങൾ ഇക്കുറി ആഘോഷിച്ചില്ല. അത് സാഹചാര്യം അനുസരിച്ച് മാറ്റി വയ്ക്കുകയോ മറ്റോ ചെയ്യുന്നു. അല്ലാതെ ആരാധനാ ക്രമങ്ങളിൽ ഒന്നും മാറ്റം വരുത്താൻ കഴിയില്ലാ എന്നാണ് മനസിലാക്കുന്നത്.

കുർബാനകൾ വിശ്വാസികൾ ഓൺലൈനിൽ കാണുന്ന രീതിയെ അനുകൂലിക്കുന്നുണ്ടോ?

ഓൺലൈൻ രീതിയിൽ കുർബാന കാണുന്നത് ആരാധനാ ക്രമമനുസരിച്ച് ശരിയല്ല, നല്ല കാര്യവുമില്ല. യേശു ക്രുസ്തുവിൽ വിശ്വസിക്കുന്ന എല്ലാവരും ഒരു ഹൃദയത്തോടും ഒരു ആത്മാവിനോടും ഒരു വിശ്വാസ സമൂഹമായി ഒരുമിച്ച് നിന്ന് ബലിയർപ്പിക്കുകയാണ്. ദൈവം എന്നെ സ്‌നേഹിക്കുന്നു, നിന്നെ സ്‌നേഹിക്കുന്നു, കർത്താവിന്റെ ആലയത്തിലേക്ക് നമുക്ക് പോകാം എന്നവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ച് സങ്കീർത്തന മനോഭാവത്തോടെ ദൈവത്തെ സ്തുതിക്കാൻ വന്ന ഒരു സമൂഹമാണ്. പക്ഷെ ഇപ്പോൾ അത് സാധ്യമല്ലാത്തതുകൊണ്ട് അവർ വീട്ടിലിരുന്നു ആത്മീയമായി അവർ പങ്കു ചേരണമെന്ന് പറയുന്നു. ഈ സാഹചര്യം നിലനിൽക്കുമ്പോൾ മാത്രം. അല്ലാതെ അതിനെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല എന്നാണു ഞാൻ മനസിലാക്കുന്നത്-മോൺ.നിക്കോളാസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP