Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

ഒരു സംവിധായകൻ എന്നെ നിർബന്ധിച്ച് റൂമിലേക്ക് കൊണ്ടു പോയി; എന്റെ വൃത്തികെട്ട രൂപത്തോട് കലഹിച്ച് ആറു മാസം കണ്ണാടിയിൽ പോലും നോക്കാതിരുന്നു; സെക്സ് സിനിമയുടെ പേരിൽ നിയമ നടപടി ഉണ്ടായി; എട്ട് മാസം ഷൂട്ടിങ് നടത്തിയ സീരിയൽ സംപ്രേഷണം ചെയ്തില്ല; മോഹൻലാലിന്റേതടക്കം 14 സിനിമകളിൽ നിന്നും പുറത്താക്കി; നായികയാവാനുള്ള സൗന്ദര്യം ഇല്ലെന്ന് പറഞ്ഞ് തമിഴ് ചിത്രത്തിൽ നിന്നും ഇറക്കി വിട്ടു; ഞെട്ടിക്കുന്ന ഭൂതകാലം തുറന്ന് പറഞ്ഞ് നടി വിദ്യാ ബാലൻ

ഒരു സംവിധായകൻ എന്നെ നിർബന്ധിച്ച് റൂമിലേക്ക് കൊണ്ടു പോയി; എന്റെ വൃത്തികെട്ട രൂപത്തോട് കലഹിച്ച് ആറു മാസം കണ്ണാടിയിൽ പോലും നോക്കാതിരുന്നു; സെക്സ് സിനിമയുടെ പേരിൽ നിയമ നടപടി ഉണ്ടായി; എട്ട് മാസം ഷൂട്ടിങ് നടത്തിയ സീരിയൽ സംപ്രേഷണം ചെയ്തില്ല; മോഹൻലാലിന്റേതടക്കം 14 സിനിമകളിൽ നിന്നും പുറത്താക്കി; നായികയാവാനുള്ള സൗന്ദര്യം ഇല്ലെന്ന് പറഞ്ഞ് തമിഴ് ചിത്രത്തിൽ നിന്നും ഇറക്കി വിട്ടു; ഞെട്ടിക്കുന്ന ഭൂതകാലം തുറന്ന് പറഞ്ഞ് നടി വിദ്യാ ബാലൻ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: കാസ്റ്റിങ് കൗച്ചിന്റെ ആദ്യ വെടി പൊട്ടുന്നത് കോളിവുഡിൽ നിന്നാണ്. കൊച്ചിയിൽ നടി ആക്രമിച്ചിതിന് ശേഷം പലരും പലതും തുറന്നു പറഞ്ഞു. ചിലതെല്ലാം മീടു കാമ്പൈനുമായി. ഇപ്പോഴിതാ സിനിമയിൽ അവസരം തേടി നടന്ന ആദ്യകാലങ്ങളിൽ തനിക്കു നേരിടേണ്ടി വന്ന അപമാനങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറായ ബോളിവുഡ് താരം വിദ്യാബാലൻ.

'ഒരു ദിവസം ഞാൻ ഓർക്കുന്നു. ചെന്നൈയിൽ വച്ച് ഒരു സംവിധായകൻ എന്നെ കാണാൻ വന്നു. ഞാൻ ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിന് അവിടെ എത്തിയതായിരുന്നു. നമുക്ക് കോഫി ഷോപ്പിൽ വച്ച് സംസാരിക്കാം എന്നു ഞാൻ പറഞ്ഞു. എന്നാൽ, വേണ്ട എന്റെ മുറിയിലേയ്ക്ക് പോകാം എന്നായിരുന്നു അയാളുടെ മറുപടി. ഇവിടെ കുറേ ആൾക്കാരുണ്ട് അതുകൊണ്ട് മുറിയിൽ പോകാം എന്ന് അയാൾ നിർബന്ധിച്ചുകൊണ്ടിരുന്നു. ഞാൻ അപ്പോൾ ഒരു കാര്യം ചെയ്തു. വാതിൽ തുറന്നിട്ടു. പിന്നെ അഞ്ച് മിനിറ്റ് കൊണ്ട് അയാൾ അപ്രത്യക്ഷനായി. അയാൾ ഒന്നും പറഞ്ഞില്ല. അത്തരത്തിൽ ഒരു മോശം അനുഭവം മാത്രമാണ് എനിക്ക് ഉണ്ടായത്.'വിദ്യ വെളിപ്പെടുത്തുന്നു.

മ്യൂസിക് വീഡിയോകളിലും, സംഗീത നാടകങ്ങളിലും അഭിനയിച്ചുകൊണ്ടാണ് വിദ്യ ബാലൻ തന്റെ കലാ ജീവിതം ആരംഭിക്കുന്നത്. 1995-ൽ ഹം പാഞ്ച് എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് വിദ്യയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം. വിദ്യ സിനിമയിൽ ആദ്യമായി അഭിനയിച്ചത് ഒരു ബംഗാളി സിനിമയിലാണ് (ഭലോ ദേക്കോ - 2003). 'പരിണീത'' എന്ന സിനിമയാണ് വിദ്യ ബാലന്റെ ആദ്യത്തെ ഹിന്ദി സിനിമ. ഈ സിനിമയിൽ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ പുരസ്‌കാരം അവർക്ക് ലഭിക്കുകയുണ്ടായി. പിന്നീട് രാജ്കുമാർ ഹിറാനി സംവിധാനം ചെയത ലഗേ രഹോ മുന്നാഭായി (2006) എന്ന സിനിമ വിദ്യയക്ക് ഏറെ ജനശ്രദ്ധ നേടിക്കൊടുത്തു. ആറു ഫിലിംഫെയർ പുരസ്‌കാരങ്ങളും ആറു സ്‌ക്രീൻ പുരസ്‌കാരങ്ങളും ഒരു ദേശീയപുരസ്‌കാരവും വിദ്യയെ തേടിയെത്തി. 2012 ഡിസംബർ 14-ന് വിദ്യ, സിദ്ധാർത്ഥ് റോയ് കപൂർ എന്ന സിനിമ നിർമ്മാതാവുമായി വിവാഹിതയായി. ഇന്ന് മിഷൻ മംഗൾ പോലുള്ള വമ്പൻ സിനിമകളുടെ വിജയത്തിന് പിന്നിലെ പ്രധാന ഘടകമാണ് വിദ്യ. ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ. വിദ്യയും ഒടുവിൽ സിനിമയിലെ അപമാനങ്ങൾ തുറന്നു പറയുകയാണ്.

ഇ.ടി.സി ഇന്ത്യയുടെ വൈസ് പ്രസിഡന്റായ പി.ആർ ബാലന്റേയും സരസ്വതി ബാലന്റേയും മകളായി പാലക്കാട് ജില്ലയിലെ പുത്തൂർ പൂതംകുറിശ്ശിയിൽ 1979 ജനുവരി 1-ന് ആണ് വിദ്യ ബാലന്റെ ജനനം. ഹിന്ദി, മറാഠി, ഇംഗ്ലീഷ്, ബംഗാളി എന്നീ ഭാഷകൾ വിദ്യയ്ക്ക് നന്നായി വഴങ്ങുമെങ്കിലും തന്റെ വീട്ടിൽ തമിഴും മലയാളവും ചേർന്ന ഭാഷയാണ് സംസാരിക്കുന്നത് എന്ന് വിദ്യ പറഞ്ഞിട്ടുണ്ട്. വിദ്യയുടെ ചേച്ചി പ്രിയ ബാലൻ, പരസ്യചിത്രീകരണരംഗത്ത് ജോലി ചെയ്യുന്നു. മുംബൈയിലെ ചേംബൂറിലാണ് വിദ്യ വളർന്നത്. സെയിന്റ് ആന്റണി ഗേൾസ് ഹൈസ്‌കൂളിലാണ് വിദ്യ തന്റെ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.[ഷബാന ആസ്മി, മാധുരി ദീക്ഷിത് എന്നിവരുടെ അഭിനയത്തിൽ പ്രചോദിതയായി നന്നേ ചെറുപ്പത്തിൽ തന്നെ സിനിമയിൽ അഭിനയിക്കാൻ വിദ്യ ആഗ്രഹിച്ചിരുന്നു. ആദ്യ ടിവി പരമ്പര വിജയമായതോടുകൂടി അനുരാഗ് ബസു മറ്റൊരു പരമ്പരയിലെ വേഷം വിദ്യയ്ക്ക് നൽകിയെങ്കിലും സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി വിദ്യ അത് വേണ്ടെന്ന് വച്ചു. പിന്നീട് സിനിമയിൽ തൊട്ടതെല്ലാം പൊന്നാക്കി. തിരിഞ്ഞു നോക്കുമ്പോൾ സംതൃപ്തിയാണെങ്കിലും അലട്ടുന്ന പലതും മനസ്സിലുണ്ട്. അതാണ് ഇപ്പോൾ വെളിപ്പെടുത്തുന്നത്.

കരിയറിന്റെ തുടക്കത്തിൽ നിർമ്മാതാക്കളിൽ നിന്നും സംവിധായകരിൽ നിന്നുമെല്ലാം നേരിട്ട ബോഡിഷെയ്മിങ് അടക്കമുള്ള അപമാനങ്ങളെക്കുറിച്ചും വിദ്യ പറയുന്നുണ്ട്. ഒരുപാട് ചിത്രങ്ങളിൽ നായികയായി പരിഗണിച്ചിരുന്നുവെങ്കിലും അവസാനനിമിഷങ്ങളിൽ മാറ്റി. ചിലതിൽ നിന്ന് ഷൂട്ട് തുടങ്ങിയതിന് ശേഷം മാറ്റിയിരുന്നു. ഷൂട്ട് ചെയ്ത രംഗങ്ങൾ തന്റെ മാതാപിതാക്കളെ കാണിച്ച് തന്നെ കണ്ടാൽ ഒരു നായികയെ പോലെ ഉണ്ടോയെന്നും ഒരിക്കൽ നിർമ്മാതാവ് ചോദിച്ചിരുന്നുവെന്നും വിദ്യ പറയുന്നു. 'ഒരു ടെലിവിഷൻ സീരിയലിനുവേണ്ടിയായിരുന്നു എന്റെ ആദ്യ ഓഡിഷൻ. അന്ന് കോളജിൽ പഠിക്കുകയായിരുന്നു ഞാൻ. അവിടെ വച്ചാണ് ഓഡിഷൻ പോസ്റ്റർ കാണുന്നത്. സഹോദരിയാണ് എനിക്കു വേണ്ടി കത്തെഴുതിയതും സ്റ്റുഡിയോയിൽ ചിത്രമെടുക്കാൻ ഒപ്പം വന്നതും. എനിക്ക് ഓഡിഷനുള്ള കത്ത് ലഭിക്കുകയും ചെയ്തു.'

'ഏതാണ്ട് എഴുപത്, എൺപത് പേരെങ്കിലും ഉണ്ടായിരുന്നു അന്നവിടെ. കാലത്ത് പതിനൊന്ന് മണിക്ക് അവിടെ എത്തിയിട്ട് എനിക്ക് അവസരം ലഭിച്ചത് വൈകിട്ട് ഏഴ് മണിക്കാണ്. എന്റെ അമ്മ ചോദിച്ചു. 'നിനക്ക് ശരിക്കും ഇത് വേണോ. ഒരുപാട് കാത്തിരിക്കേണ്ടിയെല്ലാം വരില്ലേ' എന്നൊക്കെ ചോദിച്ചു. അവസാനം ആ ഓഡിഷനിൽ ഞാൻ തിരിഞ്ഞെടുക്കപ്പെട്ടു.' 'എട്ട് മാസം ഞാൻ അഭിനയിച്ചു. പക്ഷേ ആ സീരിയലിന്റെ പ്രൊഡക്ഷൻ ഇടയ്ക്കുവച്ചു നിർത്തി. പുതിയതായി തുടങ്ങുന്ന ടിവി ചാനലിനു വേണ്ടിയായിരുന്നു സീരിയൽ ചിത്രീകരിച്ചത്. നിർഭാഗ്യവശാൽ ആ ചാനൽ തന്നെ വേണ്ടെന്നുവച്ചു. അതോടെ സീരിയലും പൂട്ടി. എന്നെ സംബന്ധിച്ചടത്തോളം അതൊരു ഷോക്ക് ആയിരുന്നു. കരിയറിന്റെ തുടക്കം തന്നെ നിർഭാഗ്യം'.

'പിന്നെ ഞാൻ ഓഡിഷനൊന്നും പോയില്ല. പടങ്ങൾ അയച്ചുകൊടുത്തതുമില്ല. ആയിടയ്ക്കാണ് ബാലാജി സ്റ്റുഡിയോയിൽ നിന്ന് വിളി വരുന്നത്. ടെലിവിഷൻ പരസ്യത്തിനു വേണ്ടിയിയായിരുന്നു. അപ്പോഴാണ് ഹം പാഞ്ച് സംഭവിക്കുന്നത്. ഒരു വിഡിയോ ശിൽപശാലയിൽ പങ്കെടുക്കുകയായിരുന്നു ഞാൻ. അതിന്റെ വിധികർത്താവാണ് പരസ്യത്തിൽ അഭിനയിക്കാൻ താത്പര്യമുണ്ടോ എന്ന് ചോദിക്കുന്നത്. അങ്ങനെ നാൽപത് പേർ പങ്കെടുത്ത ഒരു ഓഡിഷനിൽ ഞാനും പങ്കാളിയായി. 'ആ കാലത്ത് മലയാളം ഉൾപ്പടെ വാക്കാൽ കരാർ ഉറപ്പിച്ച പതിനാല് സിനിമകൾ എനിക്ക് നഷ്ടമായി. മോഹൻലാൽ ചിത്രത്തിൽ നിന്നും പുറത്തായി. ഹൃദയഭേദകമായിരുന്നു ആ അനുഭവങ്ങൾ. ഒരു തമിഴ് ചിത്രത്തിൽ നിന്ന് വലിച്ചെറിയപ്പെടുകയായിരുന്നു ഞാൻ. ആ സംഭവത്തിൽ എന്റെ വീട്ടുകാരും ഒപ്പം വന്നിരുന്നു. ഞാൻ ആകെ തകർന്ന അവസ്ഥയിലായിരുന്നു. കാര്യമറിയാർ അവർ എനിക്കൊപ്പം ചെന്നൈയിൽ എത്തി'.

'ഞങ്ങൾ നിർമ്മാതാവിന്റെ ഓഫീസിലെത്തി. അദ്ദേഹം സിനിമയിലെ ചില ക്ലിപ്പിങ്ങുകൾ ഞങ്ങളെ കാണിച്ചു. എന്നിട്ട് ചോദിച്ചു: 'ഇവളെ ഒരു നായികയെ പോലെ തോന്നുന്നുണ്ടോ. സത്യസന്ധമായി പറഞ്ഞാൽ ഇവളെ നായികയാക്കുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പുണ്ടായിരുന്നില്ല. സംവിധായകനായിരുന്നു നിർബന്ധം'. ഈ വിവരം അറിയുമ്പൊഴേക്കും അവർ എന്നെ ചിത്രത്തിൽ നിന്ന് മാറ്റിക്കഴിഞ്ഞിരുന്നു. എന്റെ വീട്ടുകാർക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. എന്തായിരുന്നു പ്രശ്നം എന്നറിയാൻ മാത്രമാണ് ഞങ്ങൾ നിർമ്മാതാവിനെ ചെന്നു കണ്ടത്.' 'ഈ സംഭവത്തിനു ശേഷം മറ്റെന്തെങ്കിലും നോക്കിക്കൂടെ എന്നായിരുന്നു അവർ അന്ന് എന്നോട് ചോദിച്ചത്. ആത്മനിന്ദയായിരുന്നു എനിക്ക് അപ്പോൾ തോന്നിയത്. ഏതാണ്ട് ആറു മാസത്തോളം ഞാൻ കണ്ണാടിയിൽ പോലും എന്നെ നോക്കിയില്ല. ഒരു വൃത്തികെട്ട രൂപമായാണ് എനിക്ക് എന്നെ തന്നെ തോന്നിയിരുന്നത്'.-വിദ്യ പറയുന്നു.

'ആ പറഞ്ഞതിന് അയാളോട് കുറേക്കാലം ഞാൻ ക്ഷമിച്ചിരുന്നുമില്ല. പക്ഷേ, മറ്റ് പലതും പോലെ ഈ അനുഭവവും എന്നെ ഒരു പാഠം പഠിപ്പിച്ചു. ഞാൻ എങ്ങനെയാണോ അതുപോലെ തന്നെ, എന്നെ ഞാൻ തന്നെ അംഗീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്യണമെന്ന് ആ അനുഭവമാണ് എന്നെ പഠിപ്പിച്ചത്. ചിലർ നമ്മളെ സൗന്ദര്യമുള്ളവരായി കണ്ടേക്കും ചിലർ നമ്മളെ അങ്ങേയല്ലം വൃത്തികെട്ടവരായി കണ്ടേക്കും. പക്ഷേ, നമ്മളെ തന്നെ എങ്ങനെ കാണുന്നു എന്നതാണ് പ്രധാനം. 'ആദ്യകാലങ്ങളിൽ തമിഴ് ചിത്രത്തിലും വാക്കാൽ കരാറായിരുന്നു. അന്നൊക്കെ ഫോണിൽ വിളിച്ചാണ് ചിത്രത്തിൽ കരാർ ഒപ്പിടുന്നത്. അന്ന് നേരിട്ടുവന്നു കാണുന്ന പരിപാടിയൊന്നും ഇല്ല. അങ്ങനെ ഞാൻ ചെന്നൈയിൽ എത്തി ഒരു ദിവസം ഷൂട്ട് ചെയ്യുകയും ചെയ്തു. എനിക്ക് അസ്വസ്ഥത ഉഉണ്ടാക്കുന്നതായിരുന്നു അതിലെ ഹാസ്യം. എല്ലാം ദ്വയാർഥമുള്ള ഡയലോഗുകൾ. അതൊരു സെക്‌സ് കോമഡി ആയിരുന്നോ എന്നെനിക്ക് അറിയില്ലായിരുന്നു. ഇതുപോലുള്ള ചിത്രങ്ങൾ ചെയ്യാൻ എനിക്ക് താത്പര്യമില്ലെന്ന് ഞാൻ തുറന്നു പറഞ്ഞു. അങ്ങനെ ഞാൻ അത് ഉപേക്ഷിച്ച് തിരിച്ചുവന്നു. അയാൾ പിന്നീട് എനിക്ക് ഒരു വക്കീൽ നോട്ടീസ് അയച്ചു.'

'തുടക്കകാലത്ത് ആളുകൾ നമ്മളോട് മാന്യമായി പെരുമാറി എന്നു വരില്ല. അതൊന്നും എനിക്ക് ഇഷ്ടമായിരുന്നില്ല. അങ്ങനെയല്ല എന്റെ മാതാപിതാക്കൾ പഠിപ്പിച്ചിരുന്നത്. ബഹുമാനം നൽകിയാൽ തിരിച്ചുകിട്ടും എന്നായിരുന്നു എന്റെ മനസ്സിൽ. അവർ എന്നോട് മോശമായി പെരുമാറി എന്നല്ല, പക്ഷേ, ഞാൻ അവർക്കൊപ്പം അസ്വസ്ഥയായിരുന്നു. ആ വക്കീൽ നോട്ടീസിൽ ഭയവും ഇല്ലായിരുന്നു. അങ്ങനെ ആ കേസ് ഒത്തുതീർന്നു. ഇതൊക്കെ വലിയ അനുഭവങ്ങളായിരുന്നു.'

'പരിണീതയ്ക്കുവേണ്ടി എത്ര ഓഡിഷൻ നൽകിയെന്ന് എനിക്ക് തന്നെ ഓർമയില്ല. ആളുകൾ പല കണക്കുകളും പറയുന്നുണ്ട്. നാൽപതോ അറുപതോ എഴുപതോ ഓഡിഷൻ ഉണ്ടായി കാണും. എല്ലാ മാസവും ആഴ്ചയും ഒക്കെ പ്രദീപ് സർക്കാർ ഇടയ്ക്ക് പറയും നമുക്ക് ഒരു ടെസ്റ്റ് നടത്താം എന്ന്. വല്ലാണ്ടാവുമ്പോൾ ഞാൻ ചോദിക്കും, നിങ്ങളെന്താണ് എന്റെ വിരലാണോ പരിശോധിക്കുന്നത് എന്ന്. പക്ഷേ, അവർ അത് തുടർന്നു. കാരണം അതൊരു ബിഗ് ബജറ്റ് ചിത്രമായിരുന്നു. എന്റേത് ടൈറ്റിൽ റോളല്ലെ. അതുകൊണ്ട് ഞാൻ അതിന് തയ്യാറാണെന്ന് അവർക്ക് ഉറപ്പു വരുത്തേണ്ടതുണ്ടായിരുന്നു.'-വിദ്യാ ബാലൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP