Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടിയെ ആക്രമിച്ച കേസിൽ വിചാരണ വൈകിപ്പിക്കുന്നവരുടെ പ്രവൃത്തികൾ ആളുകൾ കാണുന്നുണ്ട്; കൂറുമാറ്റം അടക്കമുള്ള കാര്യങ്ങളിൽ അവർ ചെയ്യിപ്പിക്കുന്നതും ചെയ്യുന്നതും ആളുകൾ കാണുന്നുണ്ട്; സിനിമയിൽ അരക്ഷിതാവസ്ഥയില്ലെന്ന് പറയാൻ കഴിയില്ല; 'അമ്മ' തലപ്പത്ത് പുതിയ ആളുകൾ വന്നാൽ മാറ്റമുണ്ടാകും: പാർവ്വതി ലക്ഷ്യമിടുന്നത് മോഹൻലാലിനേയും ദിലീപിനേയും; എനിക്ക് സിനിമ നഷ്ടമായാൽ അത് ഞാൻ സൃഷ്ടിക്കുമെന്ന നടിയുടെ വെല്ലുവിളി ലക്ഷ്യമിടുന്നത് താരരാജാക്കന്മാരെ തന്നെ

നടിയെ ആക്രമിച്ച കേസിൽ വിചാരണ വൈകിപ്പിക്കുന്നവരുടെ പ്രവൃത്തികൾ ആളുകൾ കാണുന്നുണ്ട്; കൂറുമാറ്റം അടക്കമുള്ള കാര്യങ്ങളിൽ അവർ ചെയ്യിപ്പിക്കുന്നതും ചെയ്യുന്നതും ആളുകൾ കാണുന്നുണ്ട്; സിനിമയിൽ അരക്ഷിതാവസ്ഥയില്ലെന്ന് പറയാൻ കഴിയില്ല; 'അമ്മ' തലപ്പത്ത് പുതിയ ആളുകൾ വന്നാൽ മാറ്റമുണ്ടാകും: പാർവ്വതി ലക്ഷ്യമിടുന്നത് മോഹൻലാലിനേയും ദിലീപിനേയും; എനിക്ക് സിനിമ നഷ്ടമായാൽ അത് ഞാൻ സൃഷ്ടിക്കുമെന്ന നടിയുടെ വെല്ലുവിളി ലക്ഷ്യമിടുന്നത് താരരാജാക്കന്മാരെ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ വൈകിപ്പിക്കുന്നതിലൂടെ പ്രതികൾ സ്വയം തുറന്നുകാട്ടുകയാണ് ചെയ്യുന്നതെന്ന് നടി പാർവതി തിരുവോത്ത്. നടിയെ ആക്രമിച്ച സാമൂഹ്യവിചാരണയാണ് ഇപ്പോഴും നടക്കുന്നത്. ചുറ്റും നടക്കുന്നത് കാണുന്നവർക്ക് സത്യം ബോധ്യപ്പെടുമെന്ന് പാർവ്വതി പറഞ്ഞു. മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാനായി സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്റെ പ്രവർത്തനങ്ങൾ വിമൺ ഇൻ സിനിമ കളക്ടീവ് പ്രതീക്ഷയോടൊണ് കാണുന്നത്. താരസംഘടനയക്കെതിരെ വീണ്ടും ചർച്ച സജീവമാക്കാനാണ് വിമൺ ഇൻ സിനിമാ കളക്ടീവിന്റെ തീരുമാനം. ദീലീപിനും താരസംഘടയുടെ പ്രസിഡന്റായ മോഹൻലാലിനുമെതിരെയാണ് പാർവ്വതി വിമർശനം കടുപ്പിക്കുന്നത്. താര സംഘടനയുടെ തലപ്പത്ത് പുതിയ ആളുകൾ വന്നാൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നും പാർവ്വതി പറയുന്നു. 

ബാഗ്ലൂർ ഡെയ്സ്, എന്ന് നിന്റെ മൊയ്തീൻ, ടേക്ക് ഓഫ്, ചാർളി, ഇങ്ങനെ ഹിറ്റുകളുമായി മലയാള സിനിമയിൽ നിറയുമ്പോഴാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇതോടെ മലയാളത്തിലെ സൂപ്പർതാരമായി കുതിച്ചുയരുകയായിരുന്ന പാർവ്വതി ഒന്നും ആലോചിക്കാതെ ഇരയ്ക്കൊപ്പം നിലയുറപ്പിച്ചു. മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ പദവിയായിരുന്നു പാർവ്വതിയുടെ തൊട്ട് മുമ്പിൽ. ഒറ്റയ്ക്ക് സിനിമ വിജയിപ്പിക്കാനാകുന്ന നായികയായി പാർവ്വതി മാറുമെന്ന് ഏവരും കരുതി. എന്നാൽ കത്തിജ്വലിച്ച് നിന്ന കരിയറിന് കസബയിലെ വിവാദ പരാമർശത്തോടെ ബ്രേക്ക് വന്നു. മുഖ്യധാരാ സംവിധായകർ ആരും പിന്നെ പാർവ്വതിയെ തേടി എത്തിയില്ല. അപ്പോഴും കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിലെ സത്യം കണ്ടെത്താൻ പാർവ്വതി യാത്ര തുടർന്നു. ഇത് വലിയ നഷ്ടമാണ് പാർവ്വതിക്കുണ്ടാക്കിയത്. ഈ സാഹചര്യത്തിലും നിലപാടിൽ മാറ്റമില്ലാതെ ഉറച്ചു നിൽക്കുകയാണ് പാർവ്വതി. പകരം കരിയർ മുന്നോട്ട് കൊണ്ടു പോകുമെന്ന് ദൃഡനിശ്ചയത്തിലും. അങ്ങനെ പാർവ്വതി മലയാള സിനിമയിലെ വേറിട്ട മുഖമാകുന്നു.

തനിക്ക് അവസരങ്ങൾ നിഷേധിച്ചാൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും പാർവതി പറയുന്നു. താരസംഘടനയായ അമ്മയെ വിമർശിച്ചതിന്റെ പേരിൽ ഡബ്ല്യു.സി.സിയിൽ അംഗങ്ങളും അല്ലാത്തവരുമായവർക്ക് സിനിമ നഷ്ടപ്പെട്ടുവെന്ന തുറന്നുപറച്ചിൽ ഏറെ ചർച്ചയായിരുന്നു. അവസരങ്ങൾ നഷ്ടപ്പെടുത്താൻ നടന്ന സംഘടിത ശ്രമങ്ങളുടെ തകർച്ച കാണേണ്ടിവരുമെന്ന് തുറന്നടിച്ച പാർവതി അഭിനയത്തിന് പുറമെ സിനിമാസംവിധാന നിർമ്മാണരംഗങ്ങളിലും ചുവടുറപ്പിക്കാനുള്ള തീരുമാനത്തിലാണ്. ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ കഥ പറയുന്ന ഉയരെ എന്ന തന്റെ പുതിയ ചിത്രത്തെക്കുറിച്ച് സംസാരിക്കവെയാണ് പാർവതി നിലപാട് വ്യക്തമാക്കിയത്. സിനിമയാണ് പ്രധാനം. സിനിമയ്ക്കതീതമായി വ്യക്തികൾക്ക് പ്രാധാന്യമില്ലെന്നും അടുത്തവർഷത്തോടെ സിനിമാസംവിധാന നിർമ്മാണരംഗങ്ങളിലേക്ക് കടക്കുമെന്നുമാണ് പാർവ്വതി നൽകുന്ന സൂചന. ഡബ്ല്യു.സി.സിയെ പിന്തുണച്ചതിന്റെ പേരിൽ അതിൽ അംഗങ്ങളല്ലാത്ത സ്ത്രീകൾക്കും പുരുഷന്മാർക്കുംവരെ സിനിമ നഷ്ടപ്പെട്ടു. സംഘടിതമായും സ്വാധീനം ചെലുത്തിയുമാണ് അത്തരം ശ്രമങ്ങൾ നടന്നത്. പക്ഷെ വരുവർഷങ്ങളിൽ അതിന്റെയെല്ലാം തകർച്ച കാണേണ്ടിവരുമെന്നും പാർവതി പറയുന്നു. പാർവതിയുടെ പുതിയ ചിത്രം ഉയരെ 26ന് പ്രദർശനത്തിനെത്തും.

താര സംഘടനയായ അമ്മയുമായുള്ള പ്രശ്‌നങ്ങളിൽ യാതൊരു പുരോഗതിയുമില്ലെന്നും പാർവതി വ്യക്തമാക്കുന്നു. പ്രശ്‌നപരിഹാരത്തിന് അമ്മ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് യാതൊരു അനുകൂല നടപടിയും ഉണ്ടായിട്ടില്ല. രാജിവെച്ച നടിമാരെ തിരിച്ചെടുക്കുന്നതിൽ ഉൾപ്പടെ വുമൺ ഇൻ സിനിമ കളക്ടീവ് അമ്മ സംഘടനയിൽ ഉന്നയിച്ച പ്രശ്‌നങ്ങൾ അതേപടി നിലനിൽക്കുന്നുവെന്നും പാർവ്വതി പറയുന്നു. നിലവിലെ പ്രശ്‌നങ്ങളിൽ മാറ്റമുണ്ടാകണമെന്നാണ് ആഗ്രഹം. വിമൺ ഇൻ സിനിമ കളക്ടീവ് എന്നും ചർച്ചക്ക് തയ്യാറാണ്. അമ്മ സംഘടന നേതൃത്വം ബഹുമാനം നേടിയെടുത്താലെ അത് തിരിച്ച് കൊടുക്കാൻ പറ്റൂവെന്നും പാർവതി തുറന്ന് പറയുന്നു. സിനിമാ ഷൂട്ടിങ് ലൊക്കേഷനുകളിൽ പരാതി പരിഹാര സെൽ വേണമെന്ന വിമൺ ഇൻ സിനിമ കളക്ടീവിന്റെ ആവശ്യത്തിൽ ഹൈക്കോടതി അനുകൂല തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷയെന്നും പാർവ്വതി പറയുന്നു.

നടിയെ ആക്രമിച്ച കേസിൽ വിചാരണ വൈകിപ്പിക്കുന്നു. എന്നാൽ അതിൽ ഡബ്ലു.സി.സിക്കോ തനിക്കോ ആശങ്കയില്ലെന്നും ആരെത്ര വൈകിപ്പിച്ചാലും നീതി ലഭിക്കുകതന്നെ ചെയ്യുമെന്നും പാർവതി പറഞ്ഞു. വിചാരണ വൈകിപ്പിക്കുന്നവരുടെ പ്രവൃത്തികൾ ആളുകൾ കാണുന്നുണ്ട്. അതുവഴി സത്യം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ആളുകൾ അവരെത്തന്നെ തുറന്നുകാട്ടുകയാണ്. കൂറുമാറ്റം അടക്കമുള്ള കാര്യങ്ങളിൽ അവർ ചെയ്യിപ്പിക്കുന്നതും ചെയ്യുന്നതും ആളുകൾ കാണുന്നുണ്ട്. ഇതും ഒരു വിചാരണയാണ്. സാമൂഹികമായ വിചാരണയാണ് ഇപ്പോൾ നടക്കുന്നതെന്നും അവർ പറഞ്ഞു. മലയാളസിനിമയിൽ അരക്ഷിതാവസ്ഥയില്ലെന്ന് പറയാൻ തനിക്കു കഴിയില്ലെന്നും പാർവതി പറഞ്ഞു. ഡബ്ലു.സി.സിയും അമ്മയും മുൻപെങ്ങനെ ആയിരുന്നോ അതുപോലെതന്നെയാണ് ഇപ്പോഴുമെന്നും തങ്ങൾ നേരത്തേ പറഞ്ഞതുപോലെതന്നെ നിരാശരാണെന്നും പാർവതി വ്യക്തമാക്കി. അതേസമയം ഈ അവസ്ഥയിൽ പുതിയ ആളുകൾ വന്നാൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.

'പണ്ടത്തെ പോലെയല്ല. എനിക്ക് സിനിമ നഷ്ടമായാൽ അത് ഞാൻ സൃഷ്ടിക്കും. സിനിമയും കലയുമൊക്കെ ആരുടെയെങ്കിലും സ്വത്താണെന്ന് കരുതുന്നതു തന്നെ വിഡ്ഡിത്തമാണ്. എന്റെ കാര്യത്തിൽ മാത്രമല്ല ഡബ്ല്യു.സി.സിയിൽ (വനിതാ കൂട്ടായ്മ) അംഗമാകാത്തവർക്കും നമ്മളെ സപ്പോർട്ട് ചെയ്തതിന്റെ പേരിൽ കഴിഞ്ഞ വർഷം സിനിമ നഷ്ടമായി. കാര്യം അവിടെ ഒരു സംഘമുണ്ട്. വരും വർഷങ്ങളിൽ അതിന്റെ തകർച്ച കാണാൻ കഴിയും. സിനിമയാണ് പ്രധാനം. സിനിമയ്ക്കതീതമായി വ്യക്തികൾക്ക് ഒരു പ്രാധാന്യവുമില്ല'-പാർവ്വതി പറയുന്നു. സ്വന്തം നിർമ്മാണ കമ്പനിയിലൂടെ സിനിമയിൽ നിന്ന് ഒഴിവാക്കാൻ ഗൂഢാലോചന നടത്തുന്നവരെ തകർക്കാനാണ് പാർവ്വതിയുടെ ശ്രമം. തന്നെ തകർക്കാൻ ശ്രമിക്കുന്നവരോട് തോറ്റു തരാൻ മനസ്സില്ലെന്ന് പ്രഖ്യാപിക്കുകയാണ് പാർവ്വതി.

നവാഗതനായ മനു അശോകൻ സംവിധാനം ചെയ്യുന്ന ഉയരെ എന്ന ചിത്രത്തിൽ പാർവതി, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്.പല്ലവി എന്ന കഥാപാത്രമായാണ് പാർവതി അഭിനയിക്കുന്നത്. സിനിമയ്ക്ക് കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്നത് ബോബിസഞ്ജയ് ആണ്. നോട്ട്ബുക്ക് എന്ന സിനിമയ്ക്കു ശേഷം പാർവതിയും ബോബി-സഞ്ജയ്യും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഉയരെ. നടിയെ ആക്രമിച്ചപ്പോൾ ആദ്യം ഗൂഢാലോചന ആരോപിച്ചത് മഞ്ജു വാര്യരായിരുന്നു. മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാറിന്റെ തുറന്നു പറച്ചിലാണ് സിനിമയിലെ വനിതാ കൂട്ടായ്മയിലേക്ക് കാര്യങ്ങളെത്തിച്ചത്. നേതൃത്വം മഞ്ജുവിനാണെന്ന് കരുതിയാണ് പാർവ്വതിയും കൂട്ടരും വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിലെത്തിയത്. എന്നാൽ ഇന്ന് രേവതിയും പത്മപ്രിയയും ഗീതു മോഹൻദാസും രമ്യാ നമ്പീശനും പിന്നെ പാർവ്വതിയും മാത്രമാണ് ഈ കൂട്ടായ്മയിലെ പ്രധാന നടികൾ. ഇതിൽ രേവതിയും പത്മപ്രിയയും ഗീതു മോഹൻദാസും രമ്യാ നമ്പീശനും വലിയ അഭിനയ മോഹങ്ങൾ ഇന്ന് വച്ച് പുലർത്തുന്നില്ല. അവസരങ്ങൾ തീരെ കുറഞ്ഞ സമയത്താണ് ഇവർ പ്രതിഷേധിക്കാനെത്തിയത്. അതുകൊണ്ട് തന്നെ വലിയ നഷ്ടങ്ങളുമില്ല. എന്നാൽ പാർവ്വതി മലയാളത്തിലെ പല വമ്പൻ പ്രോജക്ടുകളുടേയും പ്രതീക്ഷയായിരുന്നു. വിവാദങ്ങളോടെ ഈ പ്രോജക്ടുകളെല്ലാം നടക്ക് നഷ്ടമായി. ഇത് മനസ്സിലാക്കിയാണ് മഞ്ജു വാര്യർ തന്ത്രപരമായ മൗനത്തിലേക്ക് പോയതെന്നാണ് സിനിമയിലെ അടക്കം പറച്ചിൽ.

നടിമാർ ആരുടെയും പൊതുസ്വത്തല്ലെന്നും അവരുടെ അഭിനയം കണ്ടു മാത്രം വിലയിരുത്തിയാൽ മതിയെന്നു പറയാനും ഭയമില്ലാത്ത നടിയാണ് പാർവ്വതി. തന്റെ അഭിപ്രായം എന്താണെങ്കിലും അത് എവിടെയും തുറന്ന് പറയാൻ താരത്തിന് മടിയില്ല. എന്ന് വിചാരിച്ച് പേരിനും പ്രശസ്തിക്കും വേണ്ടി എന്തും പറയുന്ന സ്വഭാവവും തനിക്കില്ല. അങ്ങനെ പേരിന് വേണ്ടി പലരും പല തന്ത്രങ്ങളും പയറ്റി നോക്കുന്നവരുണ്ടെന്നും പാർവ്വതി പറയുന്നു. ഞാൻ സിനിമയിൽ മാത്രമേ അഭിനയിക്കൂ.. പരസ്യ ചിത്രങ്ങളിലൊ മറ്റ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങുകളിലൊ പങ്കെടുക്കില്ല. എനിക്ക് പണം ആവശ്യമാണ്, അത് ഞാൻ ചോദിച്ച് വാങ്ങാറുണ്ട്. പക്ഷേ എന്റെ ആഡംബര ജീവിതത്തിന് വേണ്ടി ഞാൻ ഉപയോഗിക്കില്ല. വസ്ത്രം മാറുന്ന പോലെ കാമുകനെ മാറ്റാൻ ഞാനില്ലെന്നും പാർവ്വതി പറയുന്നു. അങ്ങനെ മറ്റ് നടികളിൽ നിന്ന് വേറിട്ട വഴികളിലൂടെയാണ് പാർവ്വതിയുടെ ജീവിത യാത്രയും.

റേഡിയോ പ്രോഗ്രാം നിർമ്മാതാവായാണ് പാർവ്വതിയുടെ തുടക്കം. പിന്നീട് റേഡിയോയിൽ നിരവധി പേരുടെ അഭിമുഖങ്ങളൂം നടത്തിയിട്ടുണ്ട്. സിനിമയിൽ ഡബിങ് കലാകാരിയായും പ്രവർത്തിക്കുന്നുണ്ട്. വിനോദ് കുമാർ-ടി കെ ഉഷാകുമാരി ദമ്പതികളുടെ മകളായി കോഴിക്കോടാണ് പാർവ്വതിയുടെ ജനനം. പിന്നീട് കുടുംബസമേതം തിരുവനന്തപുരത്തേക്ക് താമസം മാറി. കേന്ദ്രീയ വിദ്യാലയിൽ നിന്നുമാണ് പാർവ്വതി തന്റെ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഔട്ട് ഓഫ് സിലബസ് എന്ന മലയാള ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. തുടർന്ന് നോട്ട് ബുക്ക്, വിനോദയാത്ര, ഫ്ളാഷ്, സിറ്റി ഓഫ് ഗോഡ് എന്നീ ചിത്രങ്ങൾ. ബാഗ്ലൂർ ഡെയ്സിലെത്തിയപ്പോൾ താരമായി വളർന്നു. തമിഴ് സിനിമയിലും ഹിറ്റുകളുമായി ഇതിനിടെ പാർവ്വതി നിറഞ്ഞു. സിനിമയിൽ അവസരങ്ങൾക്ക് പിറകെ പോകാൻ ഇനിയും പാർവ്വതിയെ കിട്ടില്ല. ഇതിനൊ്പ്പം അനീതിക്കെതിരെ പോരടിക്കുക കൂടി ചെയ്യുമ്പോൾ മലയാള സിനിമയിലെ അധികാര കേന്ദ്രങ്ങൾ പാർവ്വതിയെ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP