Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

സോഷ്യൽ മീഡിയയിലും ഇടുക്കിയിലും തരംഗമായി 'മഹേഷിന്റെ പ്രതികാര'ത്തിലെ ഹിറ്റ് ഗാനം; ഗൃഹാതുരത പങ്കുവച്ച് പ്രവാസി ഇടുക്കിക്കാരും; എവിടെയും മുഴങ്ങുന്നത് മലമേലേ തിരിവച്ച് .....: ശിൽപ്പികൾക്ക് സ്വീകരണമൊരുക്കി കട്ടപ്പനക്കാരും

സോഷ്യൽ മീഡിയയിലും ഇടുക്കിയിലും തരംഗമായി 'മഹേഷിന്റെ പ്രതികാര'ത്തിലെ ഹിറ്റ് ഗാനം; ഗൃഹാതുരത പങ്കുവച്ച് പ്രവാസി ഇടുക്കിക്കാരും; എവിടെയും മുഴങ്ങുന്നത് മലമേലേ തിരിവച്ച് .....: ശിൽപ്പികൾക്ക് സ്വീകരണമൊരുക്കി കട്ടപ്പനക്കാരും

ഇടുക്കി: ഇടുക്കി ജില്ലയിലെങ്ങും മുഴങ്ങിക്കേൾക്കുന്നത് മഹേഷിന്റെ പ്രതികാരം എന്ന ഫഹദ് ഫാസിൽ ചിത്രത്തിലെ ഹിറ്റ് ഗാനം 'മലമേലേ തിരിവച്ച് പെരിയാറിൻ തളയിട്ട് ചിരിതൂകും പെണ്ണല്ലോ ഇടുക്കി .......'. കലാലയങ്ങളിൽ, സ്‌കൂളുകളിൽ, സമ്മേളന വേദികളിൽ, കവലകളിൽ ..... തുടങ്ങി മൈക്ക്‌വച്ചു കെട്ടുന്നയിടത്തെല്ലാം ഇടുക്കിയെന്ന സുന്ദരിയെക്കുറിച്ചുള്ള വർണനകൾ മുഴങ്ങുന്ന ഈരടികൾ. സോഷ്യൽ മീഡിയയിൽ ഇടുക്കിക്കാരുടെ പേജുകളിൽ നിറയുന്നതും ഇതുതന്നെ.

'അവൾ തൊടിയെല്ലാം നനച്ചിട്ട് തുടുവേർപ്പും തുടച്ചിട്ട്
അരയിൽ കൈ കുത്തി നിൽക്കും പെണ്ണ്..
നല്ല മലനാടിൻ ചുണയുള്ള പെണ്ണ്...'

Stories you may Like

വിദേശരാജ്യങ്ങളിൽ പണിയെടുക്കുന്ന ഇടുക്കി ജില്ലക്കാരുടെ നൊസ്റ്റാൾജിയ ഈ ഗ്രാമീണ ഗാനത്തിന്റെ പങ്കുവയ്ക്കലിലൂടെയും അഭിപ്രായപ്രകടനങ്ങളിലൂടെയും സാമൂഹ്യ മാദ്ധ്യമങ്ങളിൽ തുള്ളിത്തുളുമ്പുന്നു. ഇതാദ്യമായി ഇടുക്കി ജില്ലയ്ക്ക് സ്വന്തമായൊരു പാട്ടുണ്ടായതിന്റെ സ്വകാര്യ അഹങ്കാരത്തിലാണ് ജനങ്ങൾ എന്നു പറഞ്ഞാലും അതിശയോക്തിയാകില്ല. മൊബൈൽ റിങ് ടോണായും ഈ ഗാനം മിക്കയിടത്തും ഉയർന്നു കേൾക്കാം. ഇതൊക്കെ വെറുമൊരു ട്രെൻഡായി മാത്രം കണക്കാക്കാനാവില്ല. തങ്ങൾ ഈ ഗാനത്തെ നെഞ്ചേറ്റിക്കഴിഞ്ഞുവെന്നു വ്യക്തമാക്കി ഗാനരചയിതാവിനും ഗായകനും സ്വീകരണം നൽകാനൊരുങ്ങുകയാണ് ജനങ്ങൾ. ഫെബ്രുവരി 20ന് കട്ടപ്പനയിൽ സ്വീകരണം സംഘടിപ്പിക്കാനുള്ള വ്യാപകപ്രചാരണവും തുടങ്ങി. പൗരാവലിയും ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന എന്ന സംഘടനയും ചേർന്നാണ് സ്വീകരണം ഒരുക്കുന്നത്. ചിത്രം പ്രദർശിപ്പിക്കുന്ന ഇടുക്കിയിലെ തീയേറ്ററുകളിലും ആവേശത്തോടെയാണ് കാണികൾ എത്തുന്നത്.

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങൾ രചിച്ചത് റഫീക്ക് അഹമ്മദും സംഗീതസംവിധാനം നിർവഹിച്ചു പാടിയിരിക്കുന്നത് ബിജിപാലുമാണ്. ഇടുക്കിയിൽ അടിമാലി- മൂന്നാർ റൂട്ടിൽ സഞ്ചരിച്ചു മാത്രം പരിചയമുള്ള റഫീക്ക് അഹമ്മദ് കേട്ടറിവിൽ തയാറാക്കിയ ഗാനത്തിലൂടെ ഇടുക്കിയുടെ മുൻകാല ജീവിത പരിച്ഛേദം തന്നെയാണൊരുക്കിയിരിക്കുന്നത്. ഇടുക്കിയുടെ മധുരസ്മരണകൾ ഒളിചിമ്മുന്ന കാഴ്ചയാണ് ഗാനത്തിന്റെ അവതരണത്തിലുടനീളം നിറഞ്ഞുനിൽക്കുന്നത്.

ഒരു കാലത്ത് കാർഷിക സമൃദ്ധിയുടെ പ്രതീകമായിരുന്ന കപ്പ(മരച്ചീനി)യുടെ വിളവെടുപ്പും കപ്പ വാട്ടലും, പൗരുഷം നിറയുന്ന കായിക വിനോദമായ വോളിബോൾ കളി, തിരിതല്ലി കുരുമുളക് കൂട്ടിയിടുന്നത്, ഇടുക്കി ജലാശയത്തിന്റെ പശ്ചാത്തലത്തിൽ കാൽവരിമൗണ്ട് മലനിരകളിലെ വിസ്മയക്കാഴ്ച, ഗൃഹാതുരത്വമുണർത്തുന്ന ഗ്രാമീണ ബസ് യാത്ര, പഴയകാലത്തെ അടുക്കളയുടെ ദൃശ്യങ്ങൾ, നേരം പോക്കിനായുള്ള ചീട്ടുകളി എന്നിവയൊക്കെ ഗാനത്തിന്റെ വരികൾക്കൊപ്പം വെള്ളിത്തിരയിൽ മിന്നിമറയുന്നത് മനസിൽ നിറയുന്നതുതന്നെയാണ് മലയോര ജില്ലയുടെ ഹൃദയത്തെ സിനിമയുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണി. ഫാൻസ് അസോസിയേഷനുകൾ കാര്യമായില്ലാത്ത ഇടുക്കിയിൽ ഫഹദ് ഫാസിലിന്റെ ചിത്രത്തെ ഔന്നത്യത്തിൽ നിർത്തുന്നത് ഈ ഗാനമാണെന്നു നിസംശയം പറയാം.

മലനാടിന്റെ സൗന്ദര്യം ആവോളം ആവാഹിച്ചെടുത്ത ക്യാമറക്കണ്ണുകൾക്കൊപ്പം ഗാനത്തിന്റെ പദവിന്യാസവും ഇഴുകിച്ചേർന്നിരിക്കുന്നു. 'മലയാളക്കരയുടെ മടിശ്ശീല നിറയ്ക്കണ നനവേറും നാടല്ലോ ഇടുക്കി' എന്ന വരികൾ ഇടുക്കിയുടെ കാർഷിക പ്രൗഢിയിലൂടെ കേരളത്തിനുണ്ടാകുന്ന സാമ്പത്തിക ഉണർവിനെ വ്യക്തമാക്കുന്നു. 'ഇവിടുത്തെ കാറ്റാണ് കാറ്റ്, മലമൂടും മഞ്ഞാണ് മഞ്ഞ്, കതിർ കനവേകും മണ്ണാണ് മണ്ണ്..' എന്നവസാനിക്കുന്ന ഗാനം ഏതു ഇടുക്കിക്കാരന്റെ നെഞ്ചിലാണ് കൂടൊരുക്കാത്തത് ?. ഫേസ് ബുക്കിലും വാട്‌സ് ആപ്പിലും ഗാനത്തിന്റെ വർണനകളും രംഗങ്ങളും തരംഗമാണിപ്പോൾ.

അൽപമെങ്കിലും പാട്ടിനെ സ്‌നേഹിക്കുന്ന ഇടുക്കിക്കാരന്റെ ചുണ്ടിൽ ഗാനത്തിന്റെ രണ്ടുവരിയെങ്കിലും തത്തിക്കളിക്കുന്നുണ്ടാവും. എന്നാൽ ഒരു വേദിയിൽ ഈ പാട്ട് പാടുകയെന്നത് പലർക്കും അൽപം ശ്രമകരമാണ്. പിച്ച് ഒപ്പിച്ചെടുക്കുകയാണ് പാട്. എങ്കിലും അരക്കൈ നോക്കാനുള്ള ശ്രമമാണ് സംഗീതകുതുകികൾ സ്‌കൂളിലും കോളജിലുമൊക്കെ നടത്തുന്നത്. ഗൾഫ് രാജ്യങ്ങളിലും മറ്റ് വിദേശരാഷ്ട്രങ്ങളിലും പണിയെടുക്കുന്ന ഇടുക്കി ജില്ലക്കാരുടെ മനസിൽ ഈ ഗാനം കുളിർമഴ പെയ്യിച്ചതായി അവരുടെ സോഷ്യൽ മീഡിയ പേജുകളും ഗ്രൂപ്പുകളിലെ പോസ്റ്റുകളും വ്യക്തമാക്കുന്നു.

20ന് പകൽ 4.30ന് കട്ടപ്പന അശോക ജംഗ്ഷനിൽ ജനങ്ങൾ റഫീക്ക് അഹമ്മദിനെയും ബിജിപാലിനെയും സ്വീകരിച്ച് തുറന്ന വേദിയിൽ സമ്മേളന നഗരിയായ മുനിസിപ്പൽ മിനി സ്റ്റേഡിയത്തിലേക്ക് ആനയിക്കും. തുടർന്നു പ്രമുഖ ജനപ്രതിനിധികളും കലാകാര•ാരും പങ്കെടുക്കുന്ന അനുമോദനയോഗം. ബിജിപാൽ നാട്ടുകാർക്കായി ഇടുക്കിയെക്കുറിച്ചുള്ള ഗാനം ആലപിക്കും. ചിത്രത്തിൽ അഭിനയിച്ച ഇടുക്കിയിലെ പ്രാദേശിക കലാകാരന്മാരെയും സമ്മേളനം ആദരിക്കും.

ഗാനത്തിന്റെ പൂർണരൂപം:

മലമേലേ തിരിവച്ച് പെരിയാറിൻ തളയിട്ട് ചിരിതൂകും പെണ്ണല്ലേ ഇടുക്കി
ഇവളാണിവളാണ് മിടുമിടുക്കി..
മലയാളക്കരയുടെ മടിശ്ശീല നിറയ്ക്കണ നനവേറൂം നാടല്ലോ ഇടുക്കീ
ഇവളാണിവളാണ് മിടുമിടുക്കി..
ഇവിടുത്തെ കാറ്റാണ് കാറ്റ്
മലമൂടും മഞ്ഞാണ് മഞ്ഞ്
കതിർ കനവേകും മണ്ണാണ് മണ്ണ്...

കുയിലുമലച്ചരിവുകളിൽ കിളിയാറിൻ പടവുകളിൽ കുതിരക്കല്ലങ്ങാടിമുക്കിൽ
ഉദയഗിരിത്തിരുമുടിയിൽ പൈനാവിൽ വെണ്മണിയിൽ കല്ലാറിൻ നനവോലും കടവിൽ..
കാണാമവളേ.. കേൾക്കാമവളേ..
കനകപ്പൂങ്കൊളുന്തൊത്ത പെണ്ണ്..
നറുചിരി കൊണ്ട് പുതച്ചിട്ട് മിഴിനീരും മറച്ചിട്ട്
കനവിൻ തൈ നട്ടുണരും നാട്
നെഞ്ചിലലിവുള്ള മലനാടൻപെണ്ണ്...

മലമേലേ തിരിവച്ച് പെരിയാറിൻ തളയിട്ട് ചിരിതൂകും പെണ്ണല്ലേ ഇടുക്കി
ഇവളാണിവളാണ് മിടുമിടുക്കി...

ങ്ങും... ങ്ങും... ങ്ങും...

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP