Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202112Saturday

ലിസി ഇപ്പോഴും താമസിക്കുന്നത് ചെന്നൈയിൽ പ്രിയദർശന്റെ വീട്ടിൽ തന്നെ; വിവാഹമോചന വാർത്ത കേട്ട് ആദ്യം പ്രോത്സാഹിപ്പിച്ചത് കമൽഹാസനും എം ജി ശ്രീകുമാറും: നടി ലിസി മനസു തുറക്കുമ്പോൾ

ലിസി ഇപ്പോഴും താമസിക്കുന്നത് ചെന്നൈയിൽ പ്രിയദർശന്റെ വീട്ടിൽ തന്നെ; വിവാഹമോചന വാർത്ത കേട്ട് ആദ്യം പ്രോത്സാഹിപ്പിച്ചത് കമൽഹാസനും എം ജി ശ്രീകുമാറും: നടി ലിസി മനസു തുറക്കുമ്പോൾ

ചെന്നൈ: സെലിബ്രിറ്റികളുടെ ദാമ്പത്യത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകുമ്പോൾ അത് അതിവേഗം വാർത്തയാകും എന്നത് ഉറപ്പാണ്. വർഷങ്ങൾ നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിക്കാൻ സംവിധായകൻ പ്രിയദർശനും നടി ലിസിയും ഒരുങ്ങിയപ്പോൾ പലർക്കും ഞെട്ടലാണ് ഉണ്ടായത്. പിന്നീട് ഇവർ തമ്മിൽ പിരിയാൻ കാരണം എന്താണ് എന്നായി അന്വേഷണം. തുടർന്ന് ഗോസിപ്പുകൾ പലതും ഉണ്ടായപ്പോഴു ലിസി താമസിച്ചത് ചെന്നൈയിലെ പ്രിദയർശന്റെ വീട്ടിൽ തന്നെയായിരുന്നു. വിവാഹ മോചനം നേടിയിട്ടും ലിസി ഇങ്ങനെ ഭർത്താവിന്റെ വീട്ടിൽ താമസിക്കുന്നതിനെ ചൊല്ലിയായി ഇതോടെ ചില കേന്ദ്രങ്ങളിൽ നിന്നുമുണ്ടായ ചർച്ചകൾ. എന്തിനാണ് വിവാഹ മോചനത്തിന് ശ്രമിച്ചത് എന്നും ഇപ്പോൾ ചെന്നെയിലെ വീട്ടിൽ താമസിക്കുന്നതിനെ കുറിച്ചുമൊക്കെ ലിസി ഒടുവിൽ പ്രതികരിച്ചു. മംഗളം വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ലിസി മനസു തുറന്നത്.

പ്രിയനുമായി വിവാഹ മോചനം നടത്തുന്നു എന്ന പറഞ്ഞപ്പോൾ പല സുഹൃത്തുക്കളും പിണങ്ങിയെന്നാണ് ലിസി പറയുന്നത്. എന്നാൽ, ഇക്കാര്യത്തിൽ തന്നെ ഞെട്ടിച്ച് പിന്തുണ നൽകിയത് കമൽഹാസനും എംജി ശ്രീകുമാറും ആണെന്ന് ലിസി അഭിമുഖത്തിൽ പറഞ്ഞു. സെലബ്രിറ്റി ക്രിക്കറ്റുമായി ബന്ധപ്പെട്ടുണ്ടായ ഗോസിപ്പുകളാണ് വിവാഹ മോചനത്തിന് കാരണമെന്ന വാർത്തകലും ലിസി തള്ളിക്കളഞ്ഞു. മക്കളും പ്രിയനുമൊത്ത് അടുത്തു തന്നെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നുണ്ടെന്നും ലിസി അഭിമുഖത്തിൽ പറഞ്ഞു. ലിസിയുമായുള്ള അഭിമുഖത്തിന്റെ വിശദാംശങ്ങൾ ഇങ്ങനെയാണ്:

ദാമ്പത്യബന്ധം മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ല എന്ന് ഉറച്ച തീരുമാനമെടുത്ത സമയത്ത് ഈ വിഷയം ഞാൻ ആദ്യം സംസാരിച്ചത് മക്കളോടു തന്നെയാണെന്ന് ലിസി പറയുന്നു. അതിനായി ആറുമാസങ്ങൾക്ക് മുൻപ് കല്ല്യാണി പഠിക്കുന്ന ന്യുയോർക്കിലും സിദ്ധാർത്ഥ് പഠിക്കുന്ന സാൻഫ്രാൻസിസ്‌കോയിലും ഞാൻ പോയിരുന്നു. അവരെ കാര്യങ്ങൾ പറഞ്ഞു ബോദ്ധ്യപ്പെടുത്തി. പ്രായപൂർത്തിയായ അവർക്ക് രണ്ടുപേർക്കും എന്റെ പ്രശ്‌നങ്ങൾ മനസ്സിലാക്കാനുള്ള കഴിവുണ്ടായിരുന്നു. അവരുടെ പൂർണ്ണസമ്മതത്തോടെയാണ് വേർപിരിയാനുള്ള തീരുമാനത്തിൽ ഞാൻ ഉറച്ചുനിന്നത്.

പിന്നെ മക്കൾക്ക് ഇതുമൂലം എന്തെങ്കിലും പ്രശ്‌നമുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. ഞാനും പ്രിയനും തമ്മിലേ വേർപിരിഞ്ഞിട്ടുള്ളൂ. അവർക്ക് ഇപ്പോഴും അച്ഛന്റെയും അമ്മയുടെയും സ്‌നേഹം ലഭിക്കുന്നുണ്ട്. നാട്ടിൽ എത്തിയപ്പോൾ അച്ഛനോടും അമ്മയോടുമൊപ്പം മാറിമാറി താമസിക്കാനുള്ള സാഹചര്യവും അവർക്ക് ലഭിക്കുന്നുണ്ട്. വിദേശത്തെ പഠനവേളയിൽ ഞങ്ങൾക്ക് രണ്ടുപേർക്കും അവരെ സന്ദർശിക്കാനുള്ള അവസരം ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ വേർപിരിയലിൽ കുട്ടികൾക്ക് അച്ഛനെയോ അമ്മയെയോ മിസ് ചെയ്യുന്നില്ല. അതുകൊണ്ട് ഞങ്ങളുടെ വേർപിരിയൽ കുട്ടികളെ യാതൊരുതരത്തിലും ബാധിക്കുമെന്ന് വിശ്വസിക്കുന്നില്ല. അടുത്തമാസം ഞങ്ങളുടെ ഏറ്റവും അടുത്ത ഒരു ബന്ധുവിന്റെയും ഒരു ഫാമിലി ഫ്രണ്ടിന്റെയും വീട്ടിൽ വിവാഹമുണ്ട്. ഞാനും പ്രിയനും അതിൽ പങ്കെടുക്കുന്നുണ്ട്. മക്കളും ഞങ്ങളോടൊപ്പം കാണും. മാസങ്ങൾക്ക് ശേഷം ഞങ്ങൾ നാലുപേരും ഒന്നിച്ചുള്ള രണ്ടു ഫംഗ്ഷനുകൾ. മക്കൾ അതിലെല്ലാം ഹാപ്പി ആണെന്നാണ് എന്റെ വിശ്വാസം.- ലിസി പറഞ്ഞു.

സെലിബ്രിറ്റി ഡിവോഴ്‌സ് ഇവിടെ മാദ്ധ്യമങ്ങൾക്ക് ആഘോഷമാണെന്നു ലിസി അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ അവരുടെ മനസ്സിലെ വിഷമങ്ങൾ കാണാൻ ഒരു മാദ്ധ്യമങ്ങളും ശ്രമിക്കാറില്ല. അവർക്ക് എപ്പോഴും പൊതുജനങ്ങൾക്ക് ഹോട്ട് വാർത്തകൾ നൽകാനാണ് ഇഷ്ടം. അതിന് ഇരയാകേണ്ടിവരുന്നത് സെലിബ്രിറ്റികളും. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗുമായി ബന്ധപ്പെട്ട് ആരോ ഒരാളുമായി എനിക്ക് ബന്ധമുണ്ടെന്ന് ആരോപണം ഉന്നയിച്ചവർക്ക് ഒരു ചെറിയ തെളിവെങ്കിലും നൽകാൻ കഴിയുമോ? ഞാൻ വെല്ലുവിളിക്കുകയാണ്. ഞാൻ ഒരു സെലിബ്രിറ്റി ആയതുകൊണ്ട് എന്തും ഏതും പറഞ്ഞു എന്നെ വേട്ടയാടരുത്. ഇത്രയുംനാൾ കൂടെ ജീവിച്ച ആൾ പോലും ഉന്നയിക്കാത്ത ആരോപണങ്ങളാണ് മറ്റുള്ളവർ ഉന്നയിക്കുന്നത്. ഡിവോഴ്‌സിന്റെ കാരണം പൊതുജനങ്ങളോട് ബോധ്യപ്പെടുത്തേണ്ട അവശ്യമില്ല. മക്കളോട് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

ഗോസിപ്പുകൾ ഉണ്ടെങ്കിലും സെലബ്രിറ്റി ക്രിക്കറ്റിൽ നിന്നും പിന്മാറില്ല എന്നതാണ് ലിസിയുടെ തീരുമാനം. പ്രിയദർശന്റെ വീട്ടിലാണ് താമസിക്കുന്നതെന്ന ചോദ്യത്തോടെ അവർ രൂക്ഷമായി തന്നെ പ്രതികരിക്കുകയും ചെയ്തു. 'അതിന് നിങ്ങൾക്കെന്താണ്? എവിടെ താമസിക്കണം എന്നു തീരുമാനിക്കുന്നത് ഞാനാണ്. എനിക്ക് അവകാശപ്പെട്ട സ്ഥലത്ത് തന്നെയാണ് ഞാൻ താമസിക്കുന്നത്.
അല്ലാതെ നാട്ടുകാരുടെ ആരുടെയും സ്ഥലം കൈയേറിയല്ല താമസിക്കുന്നത്. മാദ്ധ്യമങ്ങൾക്ക് എന്തിനാണ് ഇങ്ങനെയുള്ള കാര്യങ്ങളിൽ ഇത്രയും ക്യൂരിയോസിറ്റി. അതൊക്കെ എന്റെ സ്വകാര്യ കാര്യങ്ങളല്ലെ. ആവശ്യമുള്ള വാർത്തകൾക്ക് ശ്രമിക്കാതെ അനാവശ്യമായ വാർത്തകൾക്ക് ശ്രമിക്കുന്ന ഇവിടുത്തെ മാദ്ധ്യമങ്ങൾ വിദേശത്തെ ചില പാപ്പരാസി ജേർണലിസ്റ്റുകളെ അനുകരിക്കാനാണ് ശ്രമിക്കുന്നത്. ഇതൊട്ടും നല്ലതല്ല. ഞാൻ താമസിക്കുന്ന വീട്ടിൽ പ്രിയനും അദ്ദേഹത്തിന്റേതായ ആവശ്യങ്ങൾക്ക് വരാറുണ്ട്. അത് ആർക്കും വീതം വച്ച വീടല്ല.എനിക്കും എന്റെ മക്കൾക്കും അവകാശപ്പെട്ട വീടാണത്. അതിൽ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ പറയേണ്ടത് പ്രിയനും കോടതിയുമാണ്''- ലിസി നിലപാട് വ്യക്തമാക്കി.

വിവാഹമോചന കാര്യത്തെ കുറിച്ച് സംസാരിച്ചപ്പോഴാണ് പല സുഹൃത്തുക്കളെയും മനസിലായതെന്നും ലിസി പറയുന്നു. സ്വന്തം എന്ന് കരുതി സ്‌നേഹിച്ചവർ പലരും നമുക്ക് ശത്രുക്കളായി മാറിയെന്നും അവർ അഭിമുഖത്തിൽ പറഞ്ഞു. ഞാൻ പ്രിയനുമായി വേർപിരിയാൻ തിരുമാനിച്ചപ്പോൾ എന്റെ ഏറ്റവും അടുത്ത ചില സുഹൃത്തുക്കൾ എനിക്കു നേരെ മുഖം കറുപ്പിച്ചു. ഞാൻ എന്തോ മഹാപരാധം ചെയ്തിട്ടാണ് ഈ വേർപിരിയൽ നടക്കുന്നതെന്ന് വരെ വിശ്വസിച്ച സുഹൃത്തുക്കൾ എനിക്കുണ്ട്.അന്ന് അതെന്നെ വല്ലാതെ വേദിപ്പിച്ചു. പക്ഷേ ഇന്ന് ആലോചിക്കുമ്പോൾ അവരുടെ പൊയ്മുഖം തിരിച്ച് അറിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.

ഈ അവസരത്തിൽ കൂടെ നിന്നവരെപ്പറ്റിയും ഒരുപാട് പറയാനുണ്ട്. പ്രത്യേകിച്ച് കമൽഹാസനും എം.ജി. ശ്രീകുമാറും. സിനിമയിൽ വന്ന സമയം മുതലുള്ള കൂട്ടാണ് ഇരുവരുമായി. എന്നെ തമിഴ് സിനിമയിലേക്ക് കൊണ്ടു വന്നത് കമൽഹാസനാണ്.

ഈ വിവരം അറിഞ്ഞപ്പോൾ തന്നെ അദ്ദേഹം എന്നെ ഫോണിൽ വിളിച്ചു. കൂടി ചേരാത്തത് വിളക്കിച്ചേർക്കാതിരിക്കുന്നതാണ് നല്ലതെന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. ധൈര്യമായിട്ട് മുന്നോട്ടുപോകാനും എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതിലുപരി എന്നെ അത്ഭുതപ്പെടുത്തിയത് ശ്രീക്കുട്ടനാണ് (എം.ജി. ശ്രീകുമാർ). കോടതിയിൽ വിവാഹമോചന ഹർജി നൽകി പുറത്തേയ്ക്ക് വരുമ്പോൾ എന്നെ കാത്ത് ശ്രീക്കുട്ടനും ഭാര്യ ലേഖയും അവിടെ നിൽപ്പുണ്ടായിരുന്നു.

കഴിഞ്ഞതെല്ലാം മറക്കാനും ഇനിയുള്ള ജീവിതത്തെപ്പറ്റി ചിന്തിക്കാനുമായിരുന്നു എന്റെ കൈകൾ കൂട്ടിപ്പിടിച്ച് ശ്രീക്കുട്ടൻ പറഞ്ഞത്. ശരിക്കും പറഞ്ഞാൽ പൊട്ടിക്കരഞ്ഞുപോയ നിമിഷമായിരുന്നു അത്. സ്വന്തമെന്ന് കരുതിയവർ പലരും തള്ളിപ്പറഞ്ഞപ്പോൾ ശ്രീക്കുട്ടന്റെ ആ വാക്കുകൾ എനിക്ക് വല്ലാത്ത കരുത്തും ആശ്വാസമേകി. പ്രിയന്റെ ഏറ്റവും അടുത്ത കൂട്ടുകാരനാണ് ശ്രീക്കുട്ടൻ എന്നോർക്കണം. അതുപോലെ തന്നെ എൺപതുകളിൽ തെന്നിന്ത്യൻ സിനിമയിൽ സജീവമായ കുറെയധികം പേരുടെ കൂട്ടായ്മ ഉണ്ട് ഞങ്ങൾക്ക്. അവരിൽ എല്ലാവർക്കും തന്നെ എന്നേക്കാൾ അടുപ്പം പ്രിയനുമായിട്ടാണ്. പക്ഷേ അവർ എല്ലാം ഈ പ്രശ്‌നം ഉണ്ടായപ്പോൾ എന്റെ കൂടെ നിന്നു. കോടതിയിൽ പോകുമ്പോൾ കൂട്ടു വരുന്നത് അവരിൽ പലരുമാണ്.- ലിസി വ്യക്തമാക്കി.

സിനിമയിലേക്ക് തിരികെ വരാനുള്ള സാധ്യതകളെയും ലിസി തള്ളിക്കളഞ്ഞില്ല. കുറേയധികം കഥകൾ കേട്ടു. അതിൽ നല്ലതെന്ന് തോന്നിയ ഒന്നു രണ്ട് സിനിമയിൽ ഭാഗമാകണമെന്നുണ്ട്. അതിന്റെ ചർച്ചകൾ നടക്കുകയാണ്. പിന്നെ ചെന്നൈ വിട്ട് കുറെ ദിവസം മാറി നിൽക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ സാധ്യമല്ല. മാസത്തിൽ രണ്ടു മൂന്നു പ്രാവശ്യം വിവാഹമോചന കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകേണ്ടതുണ്ട്.

ഇപ്പോൾ മലയാളം ആയാലും മറ്റു ഭാഷാ സിനിമകളായാലും ചെന്നൈയ്ക്ക് പുറത്താണ് നടക്കുന്നത്. ചെന്നൈ കേന്ദ്രീകരിച്ചുള്ള സിനിമയുടെ കാലം കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് കേസുകൾ കഴിഞ്ഞതിനുശേഷമേ സിനിമയിൽ സജീവമാകുന്ന കാര്യത്തിൽ ഒരു അന്തിമ തീരുമാനം ഉണ്ടാകൂ.

കളരിയും യോഗയും അഭ്യസിച്ചത് ആരോഗ്യവും സൗന്ദര്യവും നിലനിർത്താൻ വേണ്ടിയാണെന്നും ലിസി അഭിമുഖത്തിൽ പറഞ്ഞു. കളരിയും യോഗയുമെല്ലാം ഒരു സ്ത്രിക്ക് അവളുടെ ജീവിതത്തിൽ അത്യന്താപേക്ഷിതമാണ്. ഏത് ഘട്ടത്തിലാണ് ഒരു സ്ത്രീ ജീവിതത്തിൽ ഒറ്റപ്പെടുക എന്നറിയില്ല. ഒറ്റയ്ക്കുള്ള ജീവിതത്തിൽ സ്വയരക്ഷയ്ക്കുവേണ്ടി ഇത്തരം മാർഗ്ഗങ്ങൾ അറിഞ്ഞിരിക്കണം.
കൂടെ തുണയുള്ളപ്പോൾ നമ്മൾ ഇതിനെപ്പറ്റി ചിന്തിക്കണമെന്നില്ല. എന്നാൽ തുണ നഷ്ടമാകുന്ന സാഹചര്യത്തിൽ നമ്മൾ പുതിയ കാര്യങ്ങളും തേടിപ്പിടിക്കും.

പിന്നെ ആരോഗ്യത്തിനും കളരിയും യോഗയും ഉത്തമമാണ്. വിവാഹത്തിനു ശേഷം സിനിമയിൽ നിന്നു വിട്ടുനിന്നതാണ് ഞാൻ. വർഷങ്ങൾക്കുശേഷം സിനിമയിൽ തിരിച്ചെത്തുകയാണെങ്കിൽ എന്റെ സൗന്ദര്യവും ആരോഗ്യവും നഷ്ടപ്പെടാതെ സൂക്ഷിക്കണമെങ്കിൽ യോഗ പോലുള്ള കാര്യങ്ങൾ അത്യാവശ്യമാണ്.

കാരണം സിനിമ എന്നും ഗ്ലാമർ ആവശ്യപ്പെടുന്ന മേഖലയാണ്. അവിടേയ്ക്ക് തിരിച്ച് ചെല്ലുമ്പോൾ പഴയ ഗ്ലാമർ നഷ്ടപ്പെട്ടാൽ അമ്മ വേഷങ്ങൾ പോലുള്ളവയിലേക്ക് നമ്മൾ ടൈപ്പ് ചെയ്യപ്പെടും. രണ്ടാമത് ഒരു തിരിച്ചുവരവുണ്ടെങ്കിൽ അങ്ങനെ ടൈപ്പ് ചെയ്യപ്പെടാൻ എനിക്ക് ആഗ്രഹമില്ല.- ലിസി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP