Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പണമുള്ളവന് സ്റ്റാർ ഹോട്ടലിൽ മദ്യപിക്കാം; ദരിദ്രന് പൊരിവെയിലിൽ ക്യൂ നിൽക്കാം; മദ്യനയത്തിൽ ഇടത് വലത് സർക്കാരുകൾ ഒന്നാണെന്ന് ജോയി മാത്യു

പണമുള്ളവന് സ്റ്റാർ ഹോട്ടലിൽ മദ്യപിക്കാം; ദരിദ്രന് പൊരിവെയിലിൽ ക്യൂ നിൽക്കാം; മദ്യനയത്തിൽ ഇടത് വലത് സർക്കാരുകൾ ഒന്നാണെന്ന് ജോയി മാത്യു

തിരുവനന്തപുരം: സർക്കാരിന് ലഭിക്കുന്ന നികുതി വരുമാനത്തിന്റെ മുഖ്യ പങ്കും മദ്യം വിറ്റാണ് ലഭിക്കുന്നത്. എന്നിട്ടും മദ്യപാനികളെ വെറുക്കപ്പെട്ടവരായി സർക്കാർ കണക്കാക്കുകയാണെന്നും ജോയി മാത്യു പറയുന്നു. മാതൃഭൂമി ഓൺലൈനിൽ എഴുതിയ ലേഖനത്തിലാണ് സർക്കാരിന്റെ മദ്യനയത്തിനെതിരെ ജോയി മാത്യു വിമർശനങ്ങളിച്ചുവിട്ടത്.

സർക്കാർ ജീവനക്കാർ മുതൽ മന്ത്രിമാർ വരെ ശമ്പളം വാങ്ങിക്കുന്നത് മദ്യ-ലോട്ടറി വില്പനയിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ടാണെന്ന് സാമ്പത്തിക വിദഗ്ദ്ധർ തയ്യാറാക്കിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ഒരുവശത്ത് മദ്യം വിപത്താണ് എന്ന് നമ്മളൊക്കെക്കൂടി പ്രചരിപ്പിക്കുക. മറുവശത്ത് വരൂ വരൂ മദ്യം വാങ്ങിക്കൂ എന്നിട്ട് ഞങ്ങൾക്കൊക്കെ ശമ്പളം തരൂ എന്ന് പറയുക, ഇതിനെ ഇരട്ടത്താപ്പ് എന്നല്ലാതെ എന്താണ് പറയുക! ജോയി മാത്യു ചോദിക്കുന്നു.

ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ

2013-14ൽ വാണിജ്യനികുതിയിനത്തിൽ 30 ശതമാനവും ലഭ്യമായത് മദ്യവില്പനയിയൂടെയാണ്. 2012-2013 കാലയളവിൽ കേരളത്തിന് മദ്യവില്പനയിലൂടെ ലഭിച്ചത് 7241 കോടി രൂപയാണ്. ഇതനുസരിച്ച് സംസ്ഥാനത്തിന്റെ തനത് നികുതിവരുമാനത്തിന്റെ 24 ശതമാനവും ലഭ്യമാകുന്നത് മദ്യത്തിൽനിന്നാണെന്ന് കണക്കുകൾ പറയുന്നു. ഇനി ലോട്ടറി എന്ന കച്ചവടത്തിലൂടെയാകട്ടെ 2013-14ൽ 68 ശതമാനം നികുതിയിതരവരുമാനമാണ് സംസ്ഥാനസർക്കാറിന് ലഭിച്ചത്. മദ്യവിൽപ്പനയിലൂടെയും ലോട്ടറിക്കച്ചവടത്തിലൂടെയും ഉണ്ടാക്കുന്ന പണംകൊണ്ടും പ്രവാസികൾ നാട്ടിലേക്കയയ്ക്കുന്ന പണംകൊണ്ടും മാത്രം പുലർന്നുപോകുന്ന നാടാണ് നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്. അല്ലാതെ എന്തെങ്കിലും വ്യാവസായിക ഉത്പന്നകയറ്റുമതിയിലൂടെയോ കാർഷികനാണ്യവിളകളിൽനിന്ന് കിട്ടുന്ന പണംകൊണ്ടോ പുലരുന്ന മാമലനാടല്ല കേരളം എന്നാദ്യം മനസ്സിലാക്കുക.

എന്നാൽ, സർക്കാറിന്റെ സാമ്പത്തികനില ഭദ്രമാക്കുന്ന, അല്ലെങ്കിൽ സർക്കാർ ജോലിക്കാരുടെ ശമ്പളം മുടങ്ങാതെ കൊടുത്തുപോരുന്ന മദ്യ ഉപഭോക്താക്കൾക്ക് നമ്മൾ തിരിച്ച് എന്തു ബഹുമാനമാണ് നൽകുന്നത്?
ഉമ്മൻ ചാണ്ടിക്കിട്ടൊരു പണികൊടുത്ത് ആദർശധീരനാകാൻ സുധീരൻ കൊണ്ടുവന്ന ബാർ നിയമത്തെ മലർത്തിയടിച്ച് ഉമ്മൻ ചാണ്ടി സുധീരനേക്കാൾ വലിയ ആദർശവാനായെങ്കിലും പെട്ടത് മാണിയും ബാബുവും ആയിപ്പോയി, കൂടെ ലക്ഷക്കണക്കിന് മദ്യപന്മാരും വഴിയാധാരമായി. ഈ വഴിയാധാരമാക്കപ്പെട്ടവരുടെ വോട്ടുകൂടി ചേർത്താണ് ഇടതുപക്ഷം അധികാരത്തിലേറിയത് എന്നുപറഞ്ഞാൽ അത് തെറ്റാണോ?
ബാറുകൾ നിർത്തി, ശരിയാണ് പല ബാറുകൾക്കും നിലവാരമില്ല, ശുചിത്വമില്ല, ചിലതെല്ലാം വ്യാജ മദ്യവിൽപ്പന കേന്ദ്രങ്ങളുമാണ്. പക്ഷേ, മദ്യത്തിന് ഇത്രയധികം ഉപഭോക്താക്കളുള്ള കേരളത്തിൽ വിരലിലെണ്ണാവുന്ന റീട്ടെയിൽ ഷോപ്പുകളെ മാത്രം ആശ്രയിച്ചുള്ള കച്ചവടം സൃഷ്ടിക്കുന്നത് ക്രമാതീതമായ തിരക്കും ബഹളവും തന്നെ. അതുമൂലം ദുരിതമനുഭവിക്കുന്നവരോ ഉപഭോക്താക്കളെപ്പോലെതന്നെ സാധാരണക്കാരും പിന്നെ പരിസരവാസികളും (പ്രത്യേകിച്ചും ആഘോഷ, ഹർത്താൽ, ഉത്സവദിനങ്ങളോടനുബന്ധിച്ചും). കോഴിക്കോട് നഗരത്തിലെ വലിയൊരുശതമാനംവരുന്ന മദ്യഉപഭോക്താക്കൾക്ക് ആശ്രയിക്കാനുള്ളത് ബിവറേജസ് കോർപ്പറേഷൻ നടത്തുന്ന വെറും നാല് റീട്ടെയിൽ ഷോപ്പുകൾ മാത്രം. നിരത്തിന്റെ അറ്റംവരെയുള്ള നീളൻ ക്യൂ. അതുമൂലം ഉണ്ടാകുന്ന ഗതാഗതതടസ്സങ്ങൾ, മറ്റു ബുദ്ധിമുട്ടുകൾ.
ഒരു ജോലിയും ചെയ്യാതെ വെറുതെ നോക്കിനിന്ന് വേതനം വാങ്ങുന്നവർക്കുവരെ ഇവിടെ സംഘടിക്കാൻ അവകാശമുണ്ട്, വിലപേശലിന് സാധ്യതയുണ്ട്. എന്നാൽ, അസംഘടിതരായ മദ്യ ഉപഭോക്താക്കളുടെ സംഘത്തിന് പ്രതിഷേധിക്കാൻ മാർഗങ്ങളില്ല എന്നതാണ് അവരുടെ ദുരന്തം. ഇതുതന്നെയാണ് ലോട്ടറി ഉപഭോക്താക്കളുടെയും അവസ്ഥ. എന്നാൽ, ഈ അസംഘടിതരുടെ പണമാണ് തങ്ങൾക്ക് ശമ്പളമായി കിട്ടുന്നതെന്ന തിരിച്ചറിവ് എന്നാണ് നമ്മുടെ ഭരണാധികാരികൾക്കുണ്ടാവുക?

മദ്യത്തേക്കാൾ മാരകമായ മരുന്നുകളും ഭക്ഷ്യവസ്തുക്കളും എത്ര മാന്യമായരീതിയിലാണ് നമ്മുടെ നാട്ടിൽ വിപണനം ചെയ്യുന്നതെന്ന് നോക്കുക. മദ്യ ഉപഭോക്താവിനെ ഇനിയെങ്കിലും ഒരു കസ്റ്റമർ ആയി കാണുക. വെയിലും മഴയിലും നീണ്ട ക്യൂവിൽ അച്ചടക്കത്തോടെ നിൽക്കുന്ന, കൃത്യമായി ചില്ലറവരെ കൈയിൽക്കരുതി ക്ഷമാശീലനായി ജയിലഴിക്ക് തുല്യമായ കൗണ്ടറിനപ്പുറം നിൽക്കുന്ന കസ്റ്റമറും അഴിക്കപ്പുറം ജയിൽ വാർഡറെപ്പോലെ ദയാരഹിതമായ പെരുമാറ്റവുമായി നിൽക്കുന്ന വില്പനക്കാരനും. ഇനിയെങ്കിലും ഒരു അപരാധിയെപ്പോലെ ഉപഭോക്താവിനെ കാണുന്ന രീതി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നു പറയാതെവയ്യ. ഇത്രയധികം ഉപഭോക്താക്കളുള്ള ഒരു ഉത്പന്നം വിറ്റഴിക്കാൻ മാർഗങ്ങളില്ല എന്ന് സർക്കാർ പറയുന്നത് മറ്റൊരു ഇരട്ടത്താപ്പാണ്.
മുഴത്തിന് മുഴത്തിന് ആരാധനാലയങ്ങൾ കാരണം റീട്ടെയിൽ ഷോപ്പുകൾ സാധ്യമല്ല എന്ന് പറയുന്നു. ശരിയായിരിക്കാം. എന്നാൽ, അഞ്ചു പൈസ വരുമാനമില്ല എന്നത് പോകട്ടെ ദിനംപ്രതി നഷ്ടം മാത്രം വരുത്തിവെക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ കൂറ്റൻകെട്ടിടങ്ങളും ഓഫീസുകളും നഗരത്തിലും നഗരപ്രാന്തങ്ങളിലും വെറുതെ കിടക്കുന്നു. റീട്ടെയിൽ ഷോപ്പുകൾ അവിടെ തുടങ്ങാമല്ലോ, എറണാകുളം പട്ടണത്തിൽ മദ്യവിൽപ്പനയ്ക്ക് വിശാലമായ സൂപ്പർ മാർക്കറ്റു തന്നെയുണ്ട്. ഇനി അതുമല്ലെങ്കിൽ ഇഷ്ടംപോലെ സ്ഥലസൗകര്യങ്ങളുള്ള പൊലീസ് സ്റ്റേഷനുകൾ, അതും മാതൃകാ സ്റ്റേഷനുകൾ നമുക്കുണ്ടല്ലോ. അവിടെയാകുമ്പോൾ ക്രമസമാധാനപ്രശ്നവും ഉദിക്കുന്നില്ല (മാത്രവുമല്ല തിരക്കുള്ള ദിവസങ്ങളിൽ പൊലീസുകാർ റീട്ടെയിൽ ഷോപ്പുകൾക്കുമുമ്പിൽ കാവൽനിൽക്കുന്നത് ഒഴിവാക്കുകയും ചെയ്യാം). ഇതിനൊക്കെ പുറമേ പൊലീസിന്റെ ഒരു നോട്ടവും കൂടിയുണ്ടാവും!

വർഷത്തിൽ 7000 കോടി രൂപയിലധികം വരുമാനമുള്ള മറ്റൊരു ഉത്പന്നവും നമുക്ക് ഇല്ലെന്നിരിക്കെ ഉള്ളത് വിറ്റഴിക്കാൻ സ്വന്തമായി കെട്ടിടങ്ങൾ ഉണ്ടാക്കാൻ മടിക്കുന്നതെന്ത്? മദ്യവിരുദ്ധരും ഇസ്ലാമിക് രാജ്യവുമായ യു.എ.ഇ.യിൽ മദ്യഉപഭോക്താക്കളെ കേരളത്തിലെപ്പോലെ യാചകരുടെ മട്ടിലല്ല കാണുന്നത്. അവിടെ മദ്യവില്പനയ്ക്ക് സൂപ്പർ മാർക്കറ്റുകളാണുള്ളത് (കേരളംപോലെ മദ്യം വിറ്റുകിട്ടുന്ന പണംകൊണ്ട് പുട്ടടിക്കുന്നവരല്ല അവിടത്തെ ഭരണാധികാരികൾ എന്നുകൂടി ഓർക്കുക).

പണമുള്ളവന് സ്റ്റാർ ഹോട്ടലിൽ മദ്യപിക്കാം. ദരിദ്രന് പൊരിവെയിലിൽ ക്യൂ നിൽക്കാം. എന്നതായിരുന്നല്ലോ ഉമ്മൻ ചാണ്ടി സർക്കാറിന്റെ ലൈൻ. ഇടതുപക്ഷത്തിന് ഇതിൽനിന്നും വ്യത്യസ്തമായ ഒരു ലൈൻ ഇല്ല എന്നാണ് നാം മനസ്സിലാക്കേണ്ടത്. അതിനർഥം കഴിഞ്ഞ യു.ഡി.എഫ്. സർക്കാറും ഇപ്പോഴത്തെ ഭരണകർത്താക്കളും തമ്മിൽ ഒരു വ്യത്യാസവുമില്ല എന്നാണ്.

മദ്യം നിരോധിക്കുക എന്ന അപ്രായോഗികതയേക്കാൾ മദ്യം വർജിക്കാൻ തോന്നിപ്പിക്കുന്ന സാമൂഹികസാഹചര്യം സൃഷ്ടിച്ചെടുക്കുകയാണ് ശരിയായ ഇടതുപക്ഷം ചെയ്യേണ്ടത്. അതിനാദ്യം വേണ്ടത് സർക്കാർ വിൽക്കുന്ന ഉത്പന്നം, അത് മരുന്നായാലും മദ്യമായാലും അതിന്റെ ഉപഭോക്താക്കളെ അറവുമാടുകളെപ്പോലെ കാണുന്ന അഹങ്കാരക്കണ്ണട മാറ്റുകതന്നെ വേണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP