Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

താരമൂല്യത്തിലും പ്രതിഫലത്തിലും മുമ്പിൽ മോഹൻലാൽ; ഒരു സിനിമയ്ക്ക് വാങ്ങുന്നത് മൂന്ന് കോടി രൂപ! രണ്ടര കോടി വാങ്ങുന്ന മമ്മൂട്ടി രണ്ടാമത്! ദിലീപിന് രണ്ടേകാൽ കോടി; പൃഥ്വിരാജിനെ കടത്തിവെട്ടി നിവിൻ പോളി നാലാമൻ: പ്രതിഫലത്തിൽ മുന്നിൽ നിൽക്കുന്ന പത്ത് മലയാള താരങ്ങൾ

താരമൂല്യത്തിലും പ്രതിഫലത്തിലും മുമ്പിൽ മോഹൻലാൽ; ഒരു സിനിമയ്ക്ക് വാങ്ങുന്നത് മൂന്ന് കോടി രൂപ! രണ്ടര കോടി വാങ്ങുന്ന മമ്മൂട്ടി രണ്ടാമത്! ദിലീപിന് രണ്ടേകാൽ കോടി; പൃഥ്വിരാജിനെ കടത്തിവെട്ടി നിവിൻ പോളി നാലാമൻ: പ്രതിഫലത്തിൽ മുന്നിൽ നിൽക്കുന്ന പത്ത് മലയാള താരങ്ങൾ

ആവണി ഗോപാൽ

തിരുവനന്തപുരം: ലോക സിനിമയുടെ തന്നെ ഏറ്റവും വലിയ മാർക്കറ്റാണ് ഇന്ന് ഇന്ത്യ. ഹോളിവുഡ് ചിത്രങ്ങൾ ഇന്ത്യയിൽ നിന്നും കോടികൾ കൊയ്യുമ്പോൾ തന്നെ ബോളിവുഡ് ചിത്രങ്ങളും വൻതോതിലാണ് പണം കൊയ്യുന്നത്. അതുകൊണ്ട് തന്നെ ഹോളിവുഡ് താരങ്ങളേക്കാൾ പ്രതിഫലം പറ്റുന്ന താരങ്ങളും ഇന്ത്യയിലുണ്ട്. സൽമാൻ ഖാനും അമിതാബ് ബച്ചനും ലോകത്തിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച വാർത്തകൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇന്ത്യയിൽ ബോളിവുഡ് കഴിഞ്ഞാൽ പ്രതിഫലത്തിലും പണക്കൊഴുപ്പിലും മുന്നിൽ കന്നഡ-തമിഴ് സിനിമകളാണ്. ഏറ്റവും ഒടുവിൽ നാല് ഭാഷകളിലായി പുറത്തിറങ്ങിയ ബാഹുബലി ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പണം വാരിപ്പടമായി മാറുകയാണ്. ഇങ്ങനെ തമിഴ്-തെലുങ്ക്-ഹിന്ദി ചിത്രങ്ങൾ കോടികൾ കൊയ്യുമ്പോൾ ഈ മേഖലയിൽ ജോലി ചെയ്യുന്നവരും ഉയർന്ന പ്രതിഫലം വാങ്ങുന്നു.

തമിഴകത്തിലെ ഏറ്റവും വിലകൂടിയ താരം ഇന്നും സൂപ്പർസ്റ്റാർ രജനീകാന്ത് തന്നെയാണ്. ഇങ്ങനെ അന്യഭാഷാ നായകർ കോടാനുകോടികൾ പ്രതിഫലം പറ്റുമ്പോൾ നമ്മുടെ മലയാളം താരങ്ങൾ എത്രയാണ് പ്രതിഫലം വാങ്ങുന്നത്? മറ്റ് ഭാഷാ ചിത്രങ്ങളെ അപേക്ഷിച്ച മലയാള സിനിമയുടെ വാണിജ്യമേഖല എന്നത് പ്രധാനമായും കേരളം തന്നെയാണ്. മലയാളത്തിൽ ഇറങ്ങുന്ന ചിത്രങ്ങളിൽ ബോക്‌സോഫീസിൽ വിജയിക്കുന്നത് വിരളിൽ എണ്ണാവുന്നത് മാത്രമാണെങ്കിലും സൂപ്പർതാരങ്ങളുടെ പ്രതിഫലം ഉയർന്നു തന്നെയാണ്. കാലങ്ങളായി മലയാളം സിനിമാ മേഖലയെ ഭരിക്കുന്ന താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും തന്നെയാണ് പ്രതിഫല കാര്യത്തിൽ ഇപ്പോഴും മുന്നിൽ. ഇക്കാര്യത്തിൽ ഒന്നാം സ്ഥാനം മോഹൻലാൽ കൊണ്ടുപോയപ്പോൾ മമ്മൂട്ടി രണ്ടാമതാണ്. മൂന്നാം സ്ഥാനത്ത് ജനപ്രിയ നായകൻ ദിലീപ് തുടരുമ്പോൾ പ്രേമം എന്ന ഒറ്റ ഹിറ്റ് ചിത്രത്തോടെ നിവിൻ പോളി പൃഥ്വിരാജിനെ കടത്തിവെട്ടി നാലാമനായി. ജയസൂര്യ, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, കുഞ്ചാക്കോ ബോബൻ തുടങ്ങിയവരുമാണ് മലയാളം സിനിമാ താരങ്ങളിലെ പ്രതിഫലത്തിൽ മുന്നിൽ നിൽക്കുന്ന മറ്റുള്ളവർ.

1-മോഹൻലാലിന്റെ പ്രതിഫലം മൂന്ന് കോടി!

മലയാളം സിനിമയിൽ മൂന്ന് പതിറ്റാണ്ടായി നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് മോഹൻലാൽ. കേരളത്തിന് പുറത്ത് മലയാള സിനിമയുടെ അഡ്രസ് കൂടിയാണ് മോഹൻലാൽ എന്ന മഹാനടൻ. ബോളിവുഡിലും തെന്നിന്ത്യൻ സിനിമയിലും സാന്നിധ്യം അറിയിച്ച മോഹൻലാൽ അഭിനയകാര്യത്തിൽ ഇന്ത്യയിലെ ഒന്നാം നമ്പൻ നടനാണ്. മലയാളത്തിലെ ഒന്നാം നമ്പറുകാരനായ മോഹൻലാലിന്റെ പ്രതിഫലം മൂന്ന് കോടി രൂപ വരെയാണ്. ചിത്രങ്ങൾ അനുസരിച്ച് 2.25 കോടി മുതൽ മൂന്ന് കോടി വരെയാണ് മോഹൻലാൽ പ്രതിഫലമായി ഈടാക്കുന്നത്. രണ്ട് കോടിവരെ പ്രതിഫലം വാങ്ങിയിരുന്ന മോഹൻലാൽ ദൃശ്യത്തിന്റെ വിജയത്തോടെയാണ് പ്രതിഫലം വീണ്ടും ഉയർത്തിയത്. സിനിമാ നിർമ്മാണ രംഗത്തും സജീവമാണ് മോഹൻലാൽ. ആശിർവാദ് സിനിമാസിന്റെ ബാനറിലാണ് മോഹൻലാൽ ചിത്രങ്ങൾ നിർമ്മിക്കപ്പെടാറ്. ഓണത്തിന് പുറത്തിറങ്ങാനിരിക്കുന്ന ലോഹം എന്ന ചിത്രം ലാൽ ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്. രഞ്ജിത്ത് ഒരുക്കുന്ന സിനിമയിൽ മോഹൻലാൽ മീശപിരിക്കുന്നു എന്നതാണ് പ്രധാന പ്രത്യേകത.

2-മെഗാ സ്റ്റാർ മമ്മൂട്ടിയും ഒരു സിനിമയ്ക്ക് പ്രതിഫലം രണ്ടര കോടി

ഒരു വർഷകാലയളവിൽ അഭിനയിക്കുന്ന സിനിമകളുടെ എണ്ണത്തിൽ മമ്മൂട്ടി എപ്പോഴും മുന്നിലെത്താറുണ്ട്. പ്രതിഫലകാര്യത്തിൽ മോഹൻലാലിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സ്ഥാനം. രണ്ട് മുതൽ രണ്ടരക്കോടി രൂപ വരെയാണ് മമ്മൂട്ടി പ്രതിഫലം വാങ്ങുന്നത്. താരരാജാക്കന്മാർക്കിടയിലെ മത്സരത്തിനിടയിലും നിർമ്മാണ രംഗത്ത് മോഹൻലാലിനൊപ്പം പങ്കാളിത്തമില്ല മമ്മൂട്ടിക്ക്. പുതുമുഖ സംവിധായകർക്കും മറ്റും ഡേറ്റ് നൽകുന്നതിൽ മോഹൻലാലിനേക്കാൾ മുന്നിലാണ് മമ്മൂട്ടി. അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഭാസ്‌ക്കർ ദ റാസ്‌ക്കൽ മാത്രമാണ് വിജയിച്ച മമ്മൂട്ടി ചിത്രം. അച്ഛാദിൻ എന്ന സിനിമ പുറത്തിറങ്ങിയെങ്കിലും തീയറ്ററിൽ വേണ്ട വിധം വിജയിച്ചില്ല. ഫയന്മാൻ എന്ന ചിത്രം നിർമ്മാതാവിന് നഷ്ടമുണ്ടാക്കാതെ പിടിച്ചു നിൽക്കാൻ ഇട നൽകി.

3-ജനപ്രിയ നായകന്റെ പ്രതിഫലം രണ്ടേകാൽ കോടി!

മലയാള സിനിമയിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ബോക്‌സ് ഓഫീസുകളുടെ നായകനായിരുന്നു ദിലീസ്. ദിലീപിന്റെ കോമഡി ചിത്രങ്ങൾ കുട്ടികളും സ്ത്രീകളും അടക്കമുള്ളവർ ഒരുപോലെ ഇഷ്ടപ്പെട്ടപ്പോൾ ബോക്‌സോഫീസിന് ഉണർവു നൽകിയിരുന്നു. എന്നാൽ വിജയത്തിന്റെ ഫോർമുലകൾ സ്ഥിരമായി ചേർക്കാൻ ഒരുങ്ങിയപ്പോഴാണ് ദിലീപ് ചിത്രങ്ങൾ ബോക്‌സോഫീസിൽ തലകുത്തി വീഴാൻ തുടങ്ങിയത്. എങ്കിലും സൂപ്പർതാരങ്ങൾക്ക് പിന്നിലായി പ്രതിഫലത്തിലും ദിലീപ് മുന്നിലാണ്. ഒരു സിനിമക്ക് ഒന്നേമുക്കാൽ കോടി മുതൽ രണ്ടേകാൽ കോടി രൂപയാണ് ദിലീപ് ഈടാക്കുന്നത്. നിർമ്മാതാക്കൾക്ക് മിനിമം ഗ്യാരണ്ടിയുള്ളവയാണ് ദിലീപ് ചിത്രങ്ങൾ. അടുത്തകാലത്ത് തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം ചന്ദ്രേട്ടൻ എവിടെയാ.. എന്ന സിനിമയിലൂടെ ദിലീപ് വീണ്ടും കുടുംബങ്ങളുടെ നായകനായിട്ടുണ്ട്. സ്വന്തമായി നിർമ്മാണ കമ്പനിയും തീയറ്റർ ശൃംഖലയുമുണ്ട് മലയാളത്തിന്റെ ജനപ്രിയ നായകന്.

4-പ്രേമം ഭാഗ്യം നൽകിയപ്പോൾ നിവിൻ പോളി കോടിപതി ക്ലബിൽ, പ്രതിഫലം 1.50 കോടി!

അടുത്തകാലത്ത് മലയാള സിനിമയിൽ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച പ്രേമം സിനിമയിലെ നായകൻ നിവിൻ പോളി പ്രതിഫല കാര്യത്തിലും വമ്പൻ കുതിപ്പാണ് നടത്തിയത്. തുടർച്ചയായ വിജയങ്ങൾ തേടിയെത്തിയതോടെ നിവിൻ പോളിയുടെ താരമൂല്യവും ഉയർന്നു. ഇപ്പോൾ സൂപ്പർതാരങ്ങൾക്ക് തുല്യനായാണ് നിവിൻ പോളിയെ വിലയിരുത്തുന്നത്. നേരത്തെ 80 ലക്ഷം രൂപ വരെ പ്രതിഫലമായി ഈടാക്കിയിരുന്ന നിവിൻ പൃഥ്വിരാജിനെയും കടത്തിവെട്ടിയെന്നാണ് റിപ്പോർട്ടുകൾ. ഒന്നര കോടി രൂപയാണ് നിവിൻ പോളിയുടെ ഇപ്പോഴത്തെ പ്രതിഫലം. അടുത്ത സൂപ്പർസ്റ്റാറെന്ന വിശേഷണമാണ് നിവിൻ പോളിക്കിപ്പോൾ. സഹനിർമ്മാതാവിന്റെ റോളിലൂടെ സിനിമാ നിർമ്മാണ രംഗത്തേക്കും കടത്തുകയാണ് നിവിൻ ഇപ്പോൾ.

5-പൃഥ്വിരാജിന്റെ പ്രതിഫലം 1.40 കോടി

മലയാള സിനിമയിൽ നിന്നും ബോളിവുഡിൽ സാന്നിധ്യം അറിയിച്ച പൃഥ്വിരാജ് പ്രതിഫല കാര്യത്തിൽ നാലാമനാണ് ഇപ്പോൾ. അയ്യ എന്ന സിനിമയിലെ നായകനായാണ് പൃഥ്വിരാജ് ബോളിവുഡിൽ സാന്നിധ്യം അറിയിച്ചത്. പിന്നീട് ഔറംഗസീബിലും അഭിനയിച്ചതോടെ താരമൂല്യം ഉയർന്ന പൃഥ്വിരാജിന്റെ പ്രതിഫലം ഒരു കോടിയിലെത്തി. ഇപ്പോൾ 1.40 കോടിയാണ് പൃഥ്വിരാജ് ഒരു സിനിമക്ക് കൈപ്പറ്റുന്നത്. മലയാളത്തിൽ സപ്തമശ്രീ തസ്‌കര എന്നതാണ് അടുത്തകാലത്ത് ഹിറ്റായ പൃഥ്വിരാജ് ചിത്രം. തമിഴിലും അറിയപ്പെടുന്ന നടനാണ് പൃഥ്വിരാജ്. അടുത്തിടെ പുറത്തിറങ്ങിയ കാവിയ തലൈവൻ ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. മലയാളം സിനിമാ നിർമ്മാണ രംഗത്തും പൃഥ്വിരാജിന്റെ സാന്നിധ്യമുണ്ട്. ഡബിൾ ബാരലാണ് അടുത്തതായി പുറത്തിറങ്ങാൻ ഇരിക്കുന്ന പൃഥ്വിരാജ് ചിത്രം.

6-കുഞ്ചാക്കോ ബോബന്റെ പ്രതിഫലം ഒരു കോടി രൂപ

ഒരു കാലത്ത് മലയാളത്തിലെ പ്രേമകാമുകനായിരുന്ന കുഞ്ചാക്കോ ബോബന്റെ രണ്ടാം വരവും മോശമായിരുന്നില്ല. ഇടവേളക്ക് ശേഷം കുഞ്ചാക്കോ ബോബൻ അഭിനയിച്ച ചിത്രങ്ങൾ മിക്കതും ഹിറ്റായിരുന്നു. ഓർഡിനറി എന്ന സിനിമ മലയാളത്തിൽ കലക്ഷൻ റെക്കോർഡുകളിൽ മുന്നിൽ നിൽക്കുന്ന സിനിമയാണ്. ഇപ്പോൾ 90 ലക്ഷം മുതൽ ഒരു കോടി രൂപ വരെയാണ് കുഞ്ചാക്കോ ബോബന്റെ പ്രതിഫലം. എന്നാൽ അടുത്തകാലത്തായി പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ ചിത്രങ്ങൾ അത്രകണ്ട് വിജയിച്ചിരുന്നില്ല. ഇപ്പോൾ പുറത്തിറങ്ങിയ മധുരനാരങ്ങ എന്ന ചിത്രം ഭേദപ്പെട്ട പ്രകടവനമാണ് കാഴ്‌ച്ചവക്കുന്നത്.

7- 80 ലക്ഷവുമായി സുരേഷ് ഗോപിയും ഫഹദ് ഫാസിലും

ഒരു കാലത്ത് മലയാളത്തിലെ സൂപ്പർസ്റ്റാറുകളുടെ എണ്ണം മൂന്നായിരുന്നു. മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം നിന്ന സുരേഷ് ഗോപി പിന്നീടാണ് സിനിമയിൽ പിന്നോക്കം പോയത്. എങ്കിലും സുരേഷ് ഗോപിക്ക് ഇപ്പോഴും ആരാധകരുണ്ട്. അടുത്തകാലത്തായി സിനിമകൾ വിജയിച്ചില്ലെങ്കിലും സുരേഷ് ഗോപിയാണ് പ്രതിഫല പട്ടികയിൽ ഏഴാം സ്ഥാനത്ത്. ഇക്കാര്യത്തിൽ ഫഹദ് ഫാസിലിന് ഒപ്പമാണ് സുരേഷ് ഗോപി. ഇരുവരും ഒരു സിനിമയ്ക്ക് ഈടാക്കുന്നത് 80 ലക്ഷം രൂപയാണ്. രുദ്രസിംഹാസനമാണ് സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം.

മലയാളത്തിൽ ന്യൂജനറേഷൻ നായകനായ ഹഹദ് ഫാസിലിന് അടുത്തകാലത്തായി ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ സാധിച്ചിരുന്നില്ല. ഫഹദിന്റെ അഭിനയവും സിനിമകളും നിരൂപക പ്രശംസ നേടിയെങ്കിലും ബോക്‌സോഫീസിൽ പരാജയമാകുകയായിരുന്നു. ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രമാണ് അടുത്തതായി വിജയിച്ച ഫഹദ് ഫാസിൽ ചിത്രം. അയാൾ ഞാനല്ല എന്ന സിനിമയും ഭേദപ്പെട്ട അഭിപ്രായമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നുമുള്ളത്.

8- ദുൽഖർ സൽമാന്റെ പ്രതിഫലം 75 ലക്ഷം

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ പുത്രനായി ദുൽഖർ സൽമാൻ മലയാളത്തിലെ മിനിമം ഗ്യാരണ്ടിയുള്ള നടന്മാരുടെ പട്ടികയിലാണ് ഇപ്പോൾ. പ്രതിഫല പട്ടികയിൽ ബാപ്പയെ പോലെ തന്നെ മുന്നിലാണ് ദുൽഖറും. 65-70 ലക്ഷം രൂപയാണ് ദുൽഖർ സൽമാൻ ഒരു സിനിമക്ക് ഈടാക്കുന്നത്. തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായകനായും ദുൽഖർ വളർന്നിട്ടുണ്ട്. മണിരത്‌നം ചിത്രമായ ഒ കെ കൺമണി ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. ചാർലി എന്ന സിനിമായാണ് ദുൽഖറിന്റേതായി ഇനി പുറത്തിറങ്ങാൻ ഉള്ളത്. ബോക്‌സോഫീസിൽ വിജയമായ വിക്രമാദിത്യൻ, ബാംഗ്ലൂർ ഡേയസ് എന്നീ സിനിമകളിലും ദുൽഖൻ അഭിനയിച്ചു.

9- 60 ലക്ഷം രൂപ പ്രതിഫലവുമായി ജയസൂര്യ

2014ലും 2015ലും ഏറ്റവും കൂടൂതൽ സിനിമകളിൽ അഭിനയിച്ച നടനാണ് ജയസൂര്യ. ഏറ്റവും കൂടുതൽ പ്രതഫലം വാങ്ങുന്ന മലയാളം താരങ്ങളിൽ ജയസൂര്യയുടെ സ്ഥാനം ഒമ്പതാമതാണ്. ഒരു സിനിമയ്ക്ക് 60 ലക്ഷം രൂപയാണ് ജയസൂര്യ ഈടാക്കുന്നത്. ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയിലെ വില്ലൻ വേഷം ഗംഭീരമാക്കിയതാണ് ജയസൂര്യയുടെ പ്രതിഫലവും ഉയരാൻ ഇടയാക്കിയത്. എന്നാൽ, അടുത്തകാലത്തായി പുറത്തിറങ്ങിയ ജയസൂര്യ ചിത്രങ്ങൾ തീയറ്ററിൽ അത്രയ്ക്ക് വിജയിച്ചിട്ടില്ല. ജിലേബി എന്ന ചിത്രമാണ് ജയസൂര്യയുടെ ക്രെഡിറ്റിൽ ഏറ്റവും അവസാനം പുറത്തിരങ്ങിയ ചിത്രം.

10- ജയറാം, ബിജു മേനോൻ എന്നിവരുടെ പ്രതിഫലം 50 ലക്ഷം രൂപ!

മലയാള സിനിമയിൽ ഏറെക്കാലമായി നിറഞ്ഞു നിൽക്കുന്ന താരങ്ങളാണ് ബിജു മോനോനും ജയറാമും. ഹിറ്റ് സിനിമകളുടെ ഭാഗമായി ബിജു മേനോൻ ഇപ്പോൾ പ്രതിഫല കാര്യത്തിലും മുമ്പനാണ്. 50 ലക്ഷം രൂപയാണ് ബിജു മേനോന്റെ പ്രതിഫലം. വെള്ളിമൂങ്ങ എന്ന സിനിമയാണ് ബിജുവിനെ താരപദവിയിലേക്ക് ഉയർത്തിയത്. കൂടാതെ കുഞ്ചാക്കോ ബോബൻ- ബിജു മേനോൻ കൂട്ടുകെട്ടും മലയാള സിനിമയുടെ ഭാഗമാണ്. മറുവശത്ത് ജയറാമിന്റെ പട്ടികയിൽ ഒരു ഹിറ്റ് ചിത്രം വന്നിട്ടാ കാലം കൂറേയായി. തമിഴ് സിനിമകളിലെ സഹതാര വേഷവുമായി നീങ്ങുകയാണ് ജയറാം ഇപ്പോൾ. കൂടാതെ മലയാളത്തിലും ജയറാമിന് അവസരം കുറഞ്ഞു വരികയാണ്.

ന്യൂജനറേഷൻ താരങ്ങളായ ആസിഫലിയുടെ പ്രതിഫലം 30-40 ലക്ഷം രൂപയാണ്. അനൂപ് മേനോനും ഇതേ തുക പ്രതിഫലമായി കൈപ്പറ്റുന്നു. മലയാളം സിനിമാ നടിമാരിൽ ഏറ്റവും പ്രതിഫലം വാങ്ങുന്നത് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരാണ്. ഹൗ ഓൾഡ് ആർയുഎ എന്ന ചിത്രത്തിൽ 50 ലക്ഷം രൂപയായിരുന്നു മഞ്ജുവാര്യയുടെ പ്രതിഫലം. ഇതിന് ശേഷമിറങ്ങിയ എന്നും എപ്പോഴും എന്ന സിനിമയിലും മഞ്ജു 50 ലക്ഷം പ്രതിഫലം വാങ്ങി. റാണി പത്മിനിയാണ് പുതുതായി മഞ്ജുവിന്റെ ക്രെഡിറ്റിൽ പുറത്തിറങ്ങാനുള്ള ചിത്രം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP