Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ക്വട്ടേഷൻ നൽകി എന്റെ കഥ കഴിക്കും; എഴുതിയതിനെല്ലാം തെളിവുണ്ട്; ഈ രേഖകൾ സൂക്ഷിച്ചിരിക്കുന്നത് നാലിടത്തായി; സിനിമാ ലോകത്തെ യോഗ്യന്മാരുടെ ജീവിതവും ജീവിതാഭാസവും തുറന്നുകാട്ടുന്ന പുസ്തകത്തിന്റെ പ്രിന്റിങ് തീരാറായി; നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക തുറന്നുപറച്ചിൽ നടത്തിയ പല്ലിശ്ശേരിയെ അപായപ്പെടുത്താൻ നോക്കുന്നതാര്?

ക്വട്ടേഷൻ നൽകി എന്റെ കഥ കഴിക്കും; എഴുതിയതിനെല്ലാം തെളിവുണ്ട്; ഈ രേഖകൾ സൂക്ഷിച്ചിരിക്കുന്നത് നാലിടത്തായി; സിനിമാ ലോകത്തെ യോഗ്യന്മാരുടെ ജീവിതവും ജീവിതാഭാസവും തുറന്നുകാട്ടുന്ന പുസ്തകത്തിന്റെ പ്രിന്റിങ് തീരാറായി; നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക തുറന്നുപറച്ചിൽ നടത്തിയ പല്ലിശ്ശേരിയെ അപായപ്പെടുത്താൻ നോക്കുന്നതാര്?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അടുത്തിടെ മലയാളത്തിലെ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലും ദിലീപ് -മഞ്ജുവാര്യർ വിവാഹജീവിതത്തിലും എന്തെല്ലാമാണ് സംഭവിച്ചതെന്ന് സിനിമാലോകവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകൾ നടത്തിയ സിനിമാ മംഗളം എഡിറ്റർ ഇൻ ചാർജ് പല്ലിശ്ശേരിയെ അപായപ്പെടുത്താൻ നീക്കം.

സിനിമാമംഗളത്തിലെ തന്റെ കോളത്തിൽ പല്ലിശ്ശേരി തന്നെയാണ് ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഇതുവരെ എഴുതിയ കാര്യങ്ങൾക്കെല്ലാം തെളിവുകളും രേഖകളും തന്റെ കൈവശമുണ്ടെന്നും അവയെല്ലാം നാലിടത്തായി സൂക്ഷിച്ചിരിക്കുകയാണെന്നും വ്യക്തമാക്കുന്ന പല്ലിശ്ശേരി ലേഖനത്തിൽ താൻ തെളിവുകൾ സഹിതം എഴുതുന്ന പുസ്തകത്തിന്റെ പ്രിന്റിങ് നടന്നുവരികയാണെന്നും വ്യക്തമാക്കുന്നുണ്ട്.

മഞ്ജുവിനെ ഒഴിവാക്കി കാവ്യയെ സ്വന്തം ജീവിതത്തിലേക്ക് ക്ഷണിക്കാനുള്ള നീക്കമാണ് ദിലീപിന്റെ വിവാഹമോചനത്തിന് കാരണമായതെന്നും നടിയെ ആക്രമിച്ച സംഭവത്തിൽ സൂപ്പർസ്റ്റാറിന് പങ്കുണ്ടെന്നും മറ്റും പല്ലിശ്ശേരി അടുത്തിടെ തന്റെ കോളത്തിൽ വ്യക്തമാക്കിയിരുന്നു. മുമ്പും ദിലീപിനെതിരെ ശക്തമായ ലേഖനങ്ങളാണ് പല്ലിശ്ശേരി നൽകിയിരുന്നത്. കാവ്യയുടെ ആദ്യ വിവാഹ ദിവസം ദിലീപ് ബോധംമറയുംവരെ മദ്യപിച്ചിരുന്നുവെന്നും കൂട്ടിലിട്ടു വളർത്തിയ കിളി പറന്നുപോയ സങ്കടം സഹിക്കാൻ വയ്യാതെയാണ് കുടിച്ചതെന്നും മറ്റും പല്ലിശ്ശേരി എഴുതിയതും വലിയ ചർച്ചയായി മാറി.

കൂട്ടുകാരോടും അടുപ്പമുള്ളവരോടും എന്റെ കൂട്ടിൽ നിന്നും എന്റെ വളർത്തുകിളി പറന്നുപോയി എന്ന് വിളിച്ചുപറയുകയും ചെയ്തുവെന്നും പല്ലിശ്ശേരി തുറന്നെഴുതി. ഇതെല്ലാം അടുത്തിടെ ദിലീപ് കാവ്യയെ വിവാഹം ചെയ്തതോടെ വീണ്ടും ചർച്ചയായി. ഇതിന് പിന്നാലെയാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിലും ചില തുറന്നെഴുതലുകൾ പല്ലിശ്ശേരി നടത്തിയത്. ഇതിന് പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്നും എന്നാൽ എന്തുവന്നാലും കാര്യങ്ങൾ തുറന്നെഴുതുന്നതിൽ നിന്നും പിന്നോട്ടുപോകില്ലെന്നും വ്യക്തമാക്കി ഈ മുതിർന്ന സിനിമാ മാധ്യമപ്രവർത്തകൻ രംഗത്തെത്തുന്നത്.

തന്റെ മാധ്യമപ്രവർത്തനത്തെ പറ്റി പല്ലിശ്ശേരി ഇങ്ങനെ എഴുതുന്നു: ഇതുവരെ എഴുതിയതിനെല്ലാം തെളിവുകൾ ഉണ്ടെന്ന് പല്ലിശ്ശേരി അഭ്രലോകം എന്ന കോളത്തിൽ വ്യക്തമാക്കുന്നു. എന്റെ കയ്യിൽ എല്ലാത്തിനും തെളിവുണ്ട്. ഇവയെല്ലാം നാല് പ്രധാന സ്ഥലത്തും വ്യക്തികളുടെ വീട്ടിലുമാണ് സൂക്ഷിച്ചിട്ടുള്ളത്. പത്രപ്രവർത്തനത്തിന്റെ എത്തിക്‌സ് നഷ്ടപ്പെടുത്താതിരിക്കാൻ വേണ്ടി നിയന്ത്രണരേഖയിൽ ഒതുങ്ങിനിന്നുകൊണ്ട് സത്യം വിളിച്ചുപറയുമ്പോൾ ചിലർക്ക് സഹിക്കില്ല.

ഗുണ്ടകൾക്ക് പഞ്ഞമില്ലാത്ത നാട്ടിൽ അവർക്ക് ക്വട്ടേഷൻ കൊടുത്ത് എന്റെ കഥകഴിക്കും എന്നും ഞാൻ വിശ്വസിക്കുന്നു. ഈയിടെ നിരന്തരമായി വന്നുകൊണ്ടിരിക്കുന്ന ഭീഷണികൾ അതാണ് സൂചിപ്പിക്കുന്നത്. ഒരാഴ്ച മുമ്പ് ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ ആരെയോ കാത്തിട്ടെന്നവണ്ണം ഒരു കാർ ഓഫീസിന് അമ്പതുവാരം അകലെ കിടന്നിരുന്നു.

ഞാൻ കടന്നു പോകുമ്പോൾ കാർ സ്റ്റാർട്ടുചെയ്ത് മുന്നോട്ടുപോകും. മൂന്നാമത്തെ ദിവസം ഡ്രൈവർ എന്നെ സൂക്ഷിച്ചുനോക്കി. ഞാൻ അയാളെയും. രണ്ടുമൂന്നുദിവസമായി കാണുന്ന കാറായതുകൊണ്ട് ഞാൻ നമ്പർ നോക്കി. എറണാകുളം രജിസ്‌ട്രേഷനാണ്. പെട്ടെന്ന് കാർ മുന്നോട്ടെടുത്തു.

ഒരു നൂറുവാര ചെന്നപ്പോൾ ഒരുവൻ ഹെൽമറ്റ് ധരിച്ച് എന്റെ മുന്നിൽ ബ്രേക്കിട്ടു. കുറച്ചുസമയം സൂക്ഷിച്ചുനോക്കി പിന്നെ അയാൽ ബൈക്ക് ഓടിച്ചുപോയി. ഈ സംഭവങ്ങൾ ഉണ്ടായതുകൊണ്ട് പല രേഖകളും വിശ്വാസമുള്ളവരെ ഏൽപ്പിച്ചുകഴിഞ്ഞതായും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പച്ചയായ പല കാര്യങ്ങളും ചാനലിലോ മാധ്യമങ്ങളിലോ അവർ എത്തിക്കുമെന്നും പല്ലിശ്ശേരി എഴുതുന്നു.

ഈയിടെ നടന്ന രണ്ടു പീഡന കാര്യങ്ങൾ എല്ലാവർക്കും അറിയാം. അവ രണ്ടും മലപോലെ വന്ന് എലിപോലെ പോയി. ഇതിനെതിരെ പ്രതികരിക്കാൻ വലിയ വായിൽ സംസാരിക്കുന്ന മാധ്യമ സുഹൃത്തുക്കൾ ഇല്ല. അവരെല്ലാം ഒരോരോ വമ്പന്മാരുടെ വിനീത ദാസന്മാരായി അവർ നൽകുന്ന 'ചിലതൊക്കെ' വാങ്ങി സ്തുതിഗീതങ്ങൾ പാടുന്നുവെന്ന് വ്യക്തമാക്കി പല്ലിശ്ശേരി മാധ്യമപ്രവർത്തകരുടെ വഴിവിട്ട രീതികളേയും ലേഖനത്തിൽ വിമർശിക്കുന്നു.

ഇക്കാര്യങ്ങളെല്ലാം തുറന്നുപറയുന്ന ലേഖനത്തിൽ സിനിമാക്കാരെ പരാമർശിച്ച് എഴുതിയതിന് എല്ലാം രേഖകൾ ഉണ്ടെന്നും ഇക്കാര്യങ്ങൾ പരാമർശിച്ചുള്ള പുസ്തകം അവസാന ഘട്ടത്തിലാണെന്നും പല്ലിശ്ശേരി പറയുന്നുണ്ട്. പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുമ്പോൾ മാത്രം ചേർക്കുന്നതിനായി പേരുകൾ സഹിതം തുറന്നെഴുതാനാണ് ഉദ്ദേശിക്കുന്നത്. അങ്ങനെ ഒരു പുസ്തകം പ്രിന്റിങ് തീരാറായി.

അതും രഹസ്യമാണ്. പുസ്തക പ്രകാശനം നടന്ന് എത്തേണ്ട സ്ഥലങ്ങളിൽ കോപ്പികൾ എത്തിച്ച ശേഷമേ വാർത്തകൾ വരൂ. അപ്പോഴറിയാം ഒരോ യോഗ്യന്റേയും ജീവിതവും ജീവിതാഭാസവും - പല്ലിശ്ശേരി പറയുന്നു. ഇനി ഇതിന്റെ പ്രസിദ്ധീകരണം താൻ വിചാരിച്ചാൽ പോലും തടയാനാവില്ലെന്നും നമുക്ക് പ്രിയപ്പെട്ട നടീനടന്മാരുടേയും സംവിധായകരുടേയും യഥാർത്ഥ മുഖം കാണാൻ കാത്തിരിക്കാം എന്ന് പറഞ്ഞുകൊണ്ടാണ് പല്ലിശ്ശേരി ഈ വിഷയത്തിൽ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP