Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇക്കുറിയും പുരസ്‌കാരങ്ങൾ കൊയ്തത് ജനപ്രിയ ചിത്രങ്ങൾ; ചാർലിക്ക് എട്ടും മൊയ്തീന് ഏഴും കിട്ടിയപ്പോൾ ചർച്ചകളിൽ വന്ന പത്തേമാരിയെ കാണാതായി; കഥാപുരസ്‌കാരത്തിലും നടനെ തെരഞ്ഞെടുത്തതിലും വിവാദങ്ങളും പിന്നാലെ

ഇക്കുറിയും പുരസ്‌കാരങ്ങൾ കൊയ്തത് ജനപ്രിയ ചിത്രങ്ങൾ; ചാർലിക്ക് എട്ടും മൊയ്തീന് ഏഴും കിട്ടിയപ്പോൾ ചർച്ചകളിൽ വന്ന പത്തേമാരിയെ കാണാതായി; കഥാപുരസ്‌കാരത്തിലും നടനെ തെരഞ്ഞെടുത്തതിലും വിവാദങ്ങളും പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഇക്കുറിയും പ്രധാന പുരസ്‌കാരങ്ങളെല്ലാം ലഭിച്ചത് ജനപ്രിയ ചിത്രങ്ങൾക്കാണ്. 2014ൽ ഓം ശാന്തി ഓശാനയും ബാംഗ്ലൂർ ഡേയ്‌സും 1983യുമെല്ലാം വിവിധ പുരസ്‌കാരങ്ങൾ നേടിയപ്പോൾ ജനപ്രിയ ചിത്രങ്ങളായ എന്നു നിന്റെ മൊയ്തീനും ചാർലിയും പുരസ്‌കാര പട്ടികയിൽ കൂടുതൽ മേഖലകളിൽ പേരെഴുതിച്ചേർത്തു.

എല്ലാ മാമൂലുകളും തെറ്റിച്ചാണ് കഴിഞ്ഞ തവണ നിവിൻ പോളി, നസ്രിയ നസീം എന്നിവരെ മികച്ച നടീനടന്മാരായി ജൂറി പരിഗണിച്ചത്. ഒട്ടേറെ മികച്ച കഥാപാത്രങ്ങളെ മറന്നാണ് നിവിനെയും നസ്രിയയെയും പരിഗണിച്ചതെന്നായിരുന്നു വിമർശനം. ഇത്തവണയും അത്തരം വിവാദങ്ങൾ ഉയർന്നിട്ടുണ്ട്. എട്ടു പുരസ്‌കാരം നേടിയ ചാർലിയും ഏഴെണ്ണം നേടിയ മൊയ്തീനും പുരസ്‌കാര നേട്ടങ്ങളിൽ മുന്നിൽ നിൽക്കുമ്പോൾ സിനിമാചർച്ചകളിൽ ഏറെ പ്രതീക്ഷയുണർത്തിയ പത്തേമാരിക്കു പ്രധാന അവാർഡുകളൊന്നും ലഭിച്ചില്ല.

പുരസ്‌കാര നിർണയസമിതിക്ക് മുൻപിൽ ഇക്കുറി എത്തിയത് 73 സിനിമകളാണ്. സംവിധായകൻ മോഹൻ അധ്യക്ഷനായ പത്തംഗ ജൂറി ഫെബ്രുവരി 14 മുതൽ സ്‌ക്രീനിങ് നടത്തിയായിരുന്നു പുരസ്‌കാര ജേതാക്കളെ കണ്ടെത്തിയത്. സിനിമാചർച്ചകളിൽ വരാതിരുന്ന ചിത്രങ്ങളാണു ചാർളിയും ബെന്നുമൊക്കെ. എന്നാൽ ഈ ചിത്രങ്ങൾ വലിയ നേട്ടമാണു കൊയ്തത്.

മികച്ച സംവിധായകൻ, നടൻ, നടി, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ, കലാസംവിധായിക, ശബ്ദമിശ്രണം, പ്രോസസിങ് ലാബ് എന്നിങ്ങനെ എട്ട് പുരസ്‌കാരങ്ങൾ ചാർളി സ്വന്തമാക്കിയപ്പോൾ എഴ് പുരസ്‌കാരങ്ങൾ നേടിയ എന്ന് നിന്റെ മൊയ്തീൻ പ്രതീക്ഷകൾ കാത്തു. പശ്ചാത്തല സംഗീതത്തിന് ബിജി ബാലിന് കിട്ടിയ പുരസ്‌കാരം ഒഴിച്ചു നിർത്തിയാൽ പത്തേമാരിക്ക് അവാർഡ് പ്രഖ്യാപനം നിരാശയാണ് സമ്മാനിച്ചത്. അതേസമയം, പോയവർഷത്തെ മെഗാഹിറ്റ് ചിത്രമായ പ്രേമത്തിന് അവാർഡുകൾ ഒന്നും ലഭിച്ചില്ല.

അമർ അക്‌ബർ ആന്റെണിയിലെ എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത് എന്ന ഗാനത്തിലൂടെ കൊച്ചു ഗായിക ശ്രേയാ ജയദീപ് പ്രത്യേക ജൂറി പരാമർശം നേടി, ഇക്കഴിഞ്ഞ വർഷങ്ങളിൽ മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്ന ജോയ് മാത്യൂവും, ചാർളിയുടെ നിർമ്മാതാവും നടനുമായ ജോജു ജോർജും പ്രത്യേക ജൂറി പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്. അതിനിടെ, തന്നെ മികച്ച നടനുള്ള പുരസ്‌കാരമാണു പ്രതീക്ഷിച്ചിരുന്നതെന്നും ഒഴിവാക്കാൻ കഴിയാത്തതുകൊണ്ടാണു തന്നെ പ്രത്യേക ജൂറി പുരസ്‌കാരത്തിനു പരിഗണിച്ചതെന്നും നടൻ ജോയ് മാത്യു പറഞ്ഞു. ടി വി ചന്ദ്രൻ സംവിധാനം ചെയ്ത മോഹവലയം എനളന ചിത്രത്തിലെ അഭിനയത്തിനാണു ജോയ് മാത്യുവിനെ പുരസ്‌കാരം തേടിയെത്തിയത്. അമ്മ അറിയാൻ എന്ന ജോൺ എബ്രഹാം ചിത്രത്തിനുശേഷം ജോയ് മാത്യു നായകനായി അഭിനയിച്ച ചിത്രം കൂടിയാണത്.

2014ൽ അപ്പോത്തിക്കിരിയിലെ മാസ്മരിക പ്രകടനത്തിലൂടെ അവാർഡ് പ്രതീക്ഷകളുയർത്തിയ ജയസൂര്യ, ഇതവണ കുമ്പസാരം, സൂ സൂ സുധീവാത്മീകം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ വീണ്ടും മികച്ച നടനാവാൻ മത്സരിച്ചെങ്കിലും അവസാന റൗണ്ടിൽ പുറത്താകുകയായിരുന്നു. നടന്റെ കാര്യത്തിൽ മമ്മൂട്ടി, പൃഥ്വിരാജ്, ജയസൂര്യ തുടങ്ങിയവരുടെ പേരിൽ ആരാധകരിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നെങ്കിലും ആർക്കും അഭിപ്രായവ്യത്യാസമില്ലാത്ത പുരസ്‌കാരമാണ് ഛായാഗ്രാഹകന്റേത്. ചാർളിയിലെയും മൊയ്തീനിലെയും പ്രകടനം ഭാവനാസമ്പന്നനായ ജോമോൻ ടി ജോണിന് മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം സമ്മാനിച്ചു.

ഗാനശാഖയിൽ മൊയ്തീൻ തന്നെയാണ് ഏറ്റവും കൂടുതൽ പുരസ്‌കാരം നേടിയത്. ശാരദാബംരം എന്ന ഗാനത്തിലൂടെ രമേശ് നാരായണൻ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം നേടി. കാത്തിരുന്നു.... കാത്തിരുന്നു..... എന്ന ഗാനത്തിലൂടെ റഫിഖ് അഹമ്മദ് മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം സ്വന്തമാക്കി. മികച്ച ഗായകനുള്ള പുരസ്‌കാരത്തിന് ജയചന്ദ്രന്റേയും വിജയ് യേശുദാസിന്റേയും പേര് പരിഗണിക്കപ്പെട്ടെങ്കിലും മൊയ്തീനിലേതുൾപ്പെടെയുള്ള ഗാനങ്ങൾക്ക് ജയചന്ദ്രൻ തന്നെ പുരസ്‌കാരത്തിന് അർഹനാകുകയായിരുന്നു. ജിലേബിയിലെ ഞാനൊരു മലയാളി, എന്നും എപ്പോഴുമിലെ മലർവാകക്കൊമ്പത്തെ, മൊയ്തീനിലെ ശാരദാബംരം എന്നീ ഗാനങ്ങളിലൂടെയാണ് ജയചന്ദ്രൻ പുരസ്‌കാരത്തിനർഹനായത്.

മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരം നേടിയ കാറ്റും മഴയും എന്ന കൃതിയുടെ സ്രഷ്ടാവ് ആരെന്നതിൽ വിവാദം ഇപ്പോൾത്തന്നെ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. നജീം കോയ എന്നൊരാളുടെ പേരിലാണ് ഈ കൃതി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നതെന്ന് ഫെഫ്ക വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഹരികുമാറിനാണു മികച്ച കഥയ്ക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP