Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു മീൻ പൊരിച്ചതിൽ നിന്നുമാണ് എന്റെ ഫെമിനിസം തുടങ്ങുന്നത്! സിനിമാ മേഖലയിലെത്തിയപ്പോൾ കേട്ടത് അഡ്ജസ്റ്റ്, കോംപ്രമൈസ് തുടങ്ങിയ വാക്കുകൾ; ഇപ്പോഴും പുരുഷ നടന്മാരുടെ മൂന്നിലൊന്ന് പ്രതിഫലം മാത്രമേ നമുക്കു തരുന്നുള്ളൂ; എത്രകാലം ഇങ്ങനെ തലകുനിച്ച് നിൽക്കും, എത്രകാലം മിണ്ടാതിരിക്കും: തുറന്നടിച്ച് നടി റിമ കല്ലിങ്കൽ

ഒരു മീൻ പൊരിച്ചതിൽ നിന്നുമാണ് എന്റെ ഫെമിനിസം തുടങ്ങുന്നത്! സിനിമാ മേഖലയിലെത്തിയപ്പോൾ കേട്ടത് അഡ്ജസ്റ്റ്, കോംപ്രമൈസ് തുടങ്ങിയ വാക്കുകൾ; ഇപ്പോഴും പുരുഷ നടന്മാരുടെ മൂന്നിലൊന്ന് പ്രതിഫലം മാത്രമേ നമുക്കു തരുന്നുള്ളൂ; എത്രകാലം ഇങ്ങനെ തലകുനിച്ച് നിൽക്കും, എത്രകാലം മിണ്ടാതിരിക്കും: തുറന്നടിച്ച് നടി റിമ കല്ലിങ്കൽ

കൊച്ചി: മലയാളം സിനിമാ മേഖലയിൽ പുരുഷ മേൽക്കോയ്മ കാലങ്ങളായി നിലനിൽക്കുന്നതാണ്. ഈ പുരുഷ മേധാവിത്വത്തെ ചോദ്യം ചെയ്യാൻ അടുത്തെങ്കിലും ചില നടിമാർ രംഗത്തെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഒരാളാണ് റിമ കല്ലിങ്കൽ. മലയാളം സിനിമയിൽ നിലനിൽക്കുന്ന വിവേചനവും സ്ത്രീവിരുദ്ധതയും തുറന്നു പറഞ്ഞ് റിമ കല്ലിങ്കൽ രംഗത്തെത്തി.

സ്ത്രീകളോട് എപ്പോഴും തലകുനിച്ചു നിൽക്കാനാണ് സിനിമാ മേഖല ആവശ്യപ്പെടുന്നതെന്നാണ് റിമ പറഞ്ഞത്. അടുത്തിടെ തിരുവനന്തപുരത്ത് നടന്ന ടെഡ് ടോക്കിൽ സംസാരിക്കവെയാണ് റിമ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തന്റെ ജീവിതത്തിലെ ഒരു അനുഭവം വിവരിച്ചുകൊണ്ടാണ് റിമ സംസാരിച്ചുതുടങ്ങിയത്. തന്റെ ഫെമിനിസം തുടങ്ങിയത് ഒരു പൊരിച്ച മീനിലിൽ നിന്നാണെന്നു റിമ പറയുന്നു. റിമയുടെ വാക്കുകൾ ഇങ്ങനെ:

ഞാനൊരു ഫെമിനിസ്റ്റാണ്. എന്റെ ഫെമിനിസം തുടങ്ങുന്നത് ഒരു മീൻ പൊരിച്ചതിൽ നിന്നുമാണ്. ഒരിക്കൽ ഞങ്ങൾ കുടുംബസമേതമിരുന്ന് ഡിന്നർ കഴിക്കുകയായിരുന്നു. ഞാനും മുത്തശ്ശിയും അച്ഛനും സഹോദരനുമെല്ലാം ഉണ്ടായിരുന്നു. അമ്മയായിരുന്നു ഭക്ഷണം വിളമ്പിയിരുന്നത്. ജീവിതത്തിൽ ഒരിക്കൽ പോലും അവർ ഞങ്ങൾക്കൊപ്പം തന്നെ ഇരിക്കുകയും ഞങ്ങളെല്ലാം സ്വയം വിളമ്പി കഴിക്കുകയും ചെയ്തിട്ടില്ല. അമ്മയുടെ പക്കൽ മൂന്ന് മീൻ പൊരിച്ചതുണ്ടായിരുന്നു. കൂട്ടത്തിൽ മുതിർന്ന ആളിനും രണ്ട് പുരുഷന്മാർക്കും അത് അവർ വിളമ്പി. പന്ത്രണ്ടുകാരിയായ ഞാനിത് കണ്ട് കരയാൻ തുടങ്ങി. എനിക്ക് മീൻ പൊരിച്ചത് എന്തുകൊണ്ട് തന്നില്ലെന്ന് എനിക്ക് അറിയണമായിരുന്നു. എല്ലാവരും അമ്പരന്നു പോയി. എന്റെ അമ്മയും. ചോദ്യം ചോദിച്ചു കൊണ്ടുള്ള എന്റെ ജീവിതം അവിടെ ആരംഭിക്കുകയായിരുന്നു. റിമ പറയുന്നു.

ഞാൻ സിനിമാ മേഖലയിലെത്തിയപ്പോൾ, അഡ്ജസ്റ്റ്, കോംപ്രമൈസ്, ഷെൽഫ്-ലൈഫ്' തുടങ്ങിയ വാക്കുകളാണ് എന്നെ സ്വീകരിച്ചത്. പലപ്പോഴും തലകുനിച്ചുനിൽക്കാനാണ് സിനിമാ മേഖല സ്ത്രീകളോട് പറയുന്നത്. റിമ പറയുന്നു. സ്ത്രീകൾ അത്തരത്തിൽ തലകുനിച്ചു നിൽക്കുന്നതുകൊണ്ടാണ് ഓരോവർഷവും വരുന്ന 150ഓളം നടിമാർക്ക് ഇവിടെയുള്ള പത്ത് നടന്മാരുടെ പെയറായി അഭിനയിക്കേണ്ടിവരുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.

'എത്രകാലം നമ്മൾ ഇങ്ങനെ തലകുനിച്ചുനിൽക്കും? എത്രകാലം ഇങ്ങനെ മിണ്ടാതിരിക്കും?' റിമ ചോദിക്കുന്നു. സിനിമാ മേഖലയിൽ പ്രതിഫലം നൽകുന്നതിൽ നിലനിൽക്കുന്ന വിവേചനത്തിനെതിരെയും റിമ തുറന്നടിച്ചു. 'ഇപ്പോഴും പുരുഷനടന്മാരുടെ മൂന്നിലൊന്ന് പ്രതിഫലം മാത്രമേ നമുക്കു തരുന്നുള്ളൂ. സാറ്റലൈറ്റ് റൈറ്റിലും ബോക്‌സ് ഓഫീസ് കളക്ഷനിലും നിങ്ങളെക്കൊണ്ട് ഒരു കാര്യവുമില്ലെന്നാണ് ഞങ്ങളോട് പറയാറുള്ളത്.'

കേരളത്തിന്റെ ആരോഗ്യകരമായ സ്ത്രീപുരുഷ അനുപാതം സിനിമാ മേഖലയിൽ നിലനിൽക്കുന്നില്ലയെന്ന വിമർശനവും റിമ മുന്നോട്ടുവെക്കുന്നുണ്ട്. ഏതൊരു സെറ്റിലെയും സ്ത്രീ പുരുഷ അനുപാതം 1:30 ആണ്. അവർ പറയുന്നു. ജോലി സ്ഥലത്തെ ലൈംഗിക പീഡനം തടയാനായി വിശാഖ കേസിൽ സുപ്രീം കോടതി മുന്നോട്ടവെച്ച നിർദേശങ്ങൾ 40% വിനോദ നികുതി നൽകുന്ന സിനിമാ മേഖലയിൽ പാലിക്കപ്പെടുന്നില്ലെന്നും റിമ ചൂണ്ടിക്കാട്ടുന്നു. സിനിമാ മേഖലയിലെ പുരുഷന്മാർ, അവർ ഏതുപ്രായക്കാരായാലും അവരെ മുന്നിൽ കണ്ടുകൊണ്ടുതന്നെ കഥകൾ തയ്യാറാക്കുകയും അവർക്ക് വളരാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കുനൽകുകയും ചെയ്യുമ്പോൾ സ്വന്തമായി തീരുമാനമെടുത്തുവെന്നതിന്റെ പേരിൽ പോലും സ്ത്രീകളെ ഒറ്റപ്പെടുത്തുന്നതാണ് സിനിമാ മേഖലയിൽ ചെയ്യുന്നതെന്നും റിമ ചൂണ്ടിക്കാട്ടുന്നു.

20നും 70നും ഇടയിൽ പ്രായമുള്ള നടൻ, വിവാഹിതനായാലും അല്ലെങ്കിലും, കുട്ടികളുണ്ടായാലും ഇല്ലെങ്കിലും കൊച്ചുമക്കളുണ്ടായാലും അയാൾക്ക് കഴിവ് പുറത്തെടുക്കാൻ അവസരം നൽകുന്നുണ്ട്. അയാൾക്കുവേണ്ടി, പ്രത്യേകം കഥകൾ തന്നെയെഴുതുന്നു. അവരെ വളർത്താനും, കരിയർ മുന്നോട്ടുകൊണ്ടുപോകാനും. അതാണ് അതിന്റെ ശരി. ഒരു കലാകാരിയെന്ന നിലയിൽ അവരുടെ കാര്യത്തിൽ ഞാനും സന്തുഷ്ടയാണ്. പക്ഷേ സ്വന്തം ജീവിതത്തിലെ എല്ലാ തീരുമാനവും സ്വയം എടുക്കുന്ന നടിക്ക് ഇത് ലഭിക്കുന്നില്ല. അവരുടെ കരിയറിനെ അത് ബാധിക്കുന്നു: വിവാഹിതയായാൽ, വിവാഹമോചനം ചെയ്താൽ, കുട്ടിയുണ്ടായാലൊക്കെ. അതെല്ലാം അവരുടെ കരിയറിനെ ബാധിക്കും.' റിമ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP