Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താൻ വിശുദ്ധനല്ല; എല്ലാവരെയും പോലെ ഒരു മനുഷ്യൻ മാത്രം; വേദനിച്ചവരുടെ അവസ്ഥ മനസിലാക്കുന്നതിനുള്ള ഒരേ ഒരു വഴി ചെയ്ത തെറ്റുകൾ സമ്മതിക്കുകയും അതിൽ പശ്ചാത്തപിക്കുകയും ചെയ്യുക മാത്രം; ദിവ്യയെ വേദനിപ്പിച്ചുവെന്ന് മനസിലാക്കിയപ്പോൾ തന്നെ മാപ്പു പറഞ്ഞിരുന്നു; പരസ്യമായപ്പോൾ പരസ്യമായി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു; ദിവ്യയോട് മാത്രമല്ല എന്റെ പെരുമാറ്റം വേദനിപ്പിച്ചിട്ടുള്ള എല്ലാ സഹപ്രവർത്തകരോടും ക്ഷമാപണം നടത്തുന്നു; മീ ടു വിൽ കുടുങ്ങിയ അലൻസിയർ തെറ്റ് സമ്മതിക്കുമ്പോൾ

താൻ വിശുദ്ധനല്ല; എല്ലാവരെയും പോലെ ഒരു മനുഷ്യൻ മാത്രം; വേദനിച്ചവരുടെ അവസ്ഥ മനസിലാക്കുന്നതിനുള്ള ഒരേ ഒരു വഴി ചെയ്ത തെറ്റുകൾ സമ്മതിക്കുകയും അതിൽ പശ്ചാത്തപിക്കുകയും ചെയ്യുക മാത്രം; ദിവ്യയെ വേദനിപ്പിച്ചുവെന്ന് മനസിലാക്കിയപ്പോൾ തന്നെ മാപ്പു പറഞ്ഞിരുന്നു; പരസ്യമായപ്പോൾ പരസ്യമായി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു; ദിവ്യയോട് മാത്രമല്ല എന്റെ പെരുമാറ്റം വേദനിപ്പിച്ചിട്ടുള്ള എല്ലാ സഹപ്രവർത്തകരോടും ക്ഷമാപണം നടത്തുന്നു; മീ ടു വിൽ കുടുങ്ങിയ അലൻസിയർ തെറ്റ് സമ്മതിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടി ദിവ്യ ഗോപിനാഥ് ഉന്നയിച്ച മീടൂ ആരോപണത്തിൽ പരസ്യമായി മാപ്പു പറഞ്ഞ് നടൻ അലൻസിയർ. പ്രശ്നങ്ങൾ പരിഹരിക്കാൻ പരസ്യമായി അലന്‌സിയർ മാപ്പു പറയണമെന്ന് അഭിമുഖത്തിൽ ദിവ്യ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് അലൻസിയർ മാപ്പു പറഞ്ഞത്. അതിനിടെ അലൻസിയർ പരസ്യമായി ക്ഷമ ചോദിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് ദിവ്യ ഗോപിനാഥും രംഗത്തു വന്നു. അലൻസിയർ തെറ്റ് അംഗീകരിച്ചതിൽ തനിക്ക് ഒരുപാട് സന്തോഷമുണ്ട്. അദ്ദേഹം തന്നോട് ക്ഷമ ചോദിച്ചിരുന്നു. എന്നാൽ തന്നോട് ക്ഷമ ചോദിച്ച് മറ്റ് സ്ത്രീകളോട് ഇത്തരം പെരുമാറ്റം അദ്ദേഹം തുടരരുത്. അതുകൊണ്ടാണ് പരസ്യമായി അലൻസിയർ ക്ഷമ ചോദിക്കണമെന്ന് താൻ ആവശ്യപ്പെട്ടത്. നമ്മളെല്ലാവരും ഒരേ മേഖലയിലാണ് ജോലി ചെയ്യുന്നത് ആരോഗ്യകരമായ ഒരു ചുറ്റപാട് അവിടെയുണ്ടാകണം. അദ്ദേഹം മൂലമുണ്ടായ ദ്രോഹങ്ങൾ മനസിലാക്കുകയും കൃത്രിമമില്ലാതെയാണ് അദ്ദേഹം ക്ഷമചോദിക്കുകയും ചെയ്തതെങ്കിൽ താനത് അംഗീകരിക്കുന്നതായും ദിവ്യ പറഞ്ഞു. ഇനി ഈ കേസുമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ലെന്നും ഇവിടെ എല്ലാം അവസാനിക്കുന്നതായും ദിവ്യ പറഞ്ഞു. ബുദ്ധിമുട്ടേറിയ സമയത്തും തന്റെ കൂടെ നിന്ന ഡബ്ല്യുസിസി അംഗങ്ങൾക്കും കുടുംബത്തിനും ജസ്റ്റിസ് ഹേമ കമ്മീഷനും മാധ്യമങ്ങൾക്കും പൊതു സമൂഹത്തിനും ദിവ്യ നന്ദി പറയുകയും ചെയ്തു.

ആഭാസം സിനിമയിലെ സെറ്റിനിടെയുള്ള പ്രശ്‌നങ്ങളാണ് ദിവ്യ വെളിപ്പെടുത്തിയത്. ഇത് അലൻസിയറെ വെട്ടിലാക്കി. ഈ വിഷയത്തിലാണ് ഇപ്പോൾ പരസ്യ മാപ്പു പറച്ചിൽ. ദിവ്യയുടെ അഭിമുഖം പ്രസിദ്ധീകരിച്ചതിന് പിന്നാലെ ദിവ്യയെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. പരസ്യമായി മാപ്പു പറയുന്നതിലൂടെ മാത്രമേ വിവാദങ്ങൾ അവസാനിപ്പിക്കാൻ കഴിയുവെന്ന് ദിവ്യ വ്യക്തമാക്കി. തനിക്കും ഇത് ചെയ്യേണ്ടതായിട്ടുണ്ടെന്ന് തോന്നുന്നുവെന്നും അതിനാലാണ് മാപ്പു പറയുന്നതെന്നും അലൻസിയർ പറഞ്ഞു. എന്റെ പെരുമാറ്റം ദിവ്യയെ വേദനിപ്പിച്ചുവെന്ന് മനസിലാക്കിയപ്പോൾ തന്നെ ഞാൻ ആത്മാർഥമായി മാപ്പു പറഞ്ഞിരുന്നു. പിന്നീട് വിഷയം പരസ്യമായപ്പോൾ പരസ്യമായി തന്നെ മാപ്പു പറയണമെന്ന് ദിവ്യ ആവശ്യപ്പെട്ടു. ഞാൻ വീണ്ടും എന്റെ തെറ്റിന് മാപ്പു പറയുകയാണ്. ദിവ്യയോട് മാത്രമല്ല എന്റെ പെരുമാറ്റം വേദനിപ്പിച്ചിട്ടുള്ള എല്ലാ സഹപ്രവർത്തകരോടും ഞാൻ ക്ഷമാപണം നടത്തുന്നു-അലൻസിയർ വിശദീകരിക്കുന്നു.

താൻ വിശുദ്ധനല്ല, എല്ലാവരെയും പോലെ ഒരു മനുഷ്യൻ മാത്രമാണ്. തെറ്റുകൾ ചെയ്തിട്ടുണ്ട്. വേദനിച്ചവരുടെ അവസ്ഥ മനസിലാക്കുന്നതിനുള്ള ഒരേ ഒരു വഴി ചെയ്ത തെറ്റുകൾ സമ്മതിക്കുകയും അതിൽ പശ്ചാത്തപിക്കുകയും ചെയ്യുക മാത്രമാണെന്നും അലൻസിയർ പറഞ്ഞു. മുൻപ് മാപ്പു പറഞ്ഞകാര്യവും ദിവ്യ സമ്മതിക്കുന്നു. മാപ്പു പറഞ്ഞുവെന്നത് ശരിയാണ്. പക്ഷേ എന്നോട് മാപ്പു പറഞ്ഞിട്ട് മറ്റൊരു സ്ത്രീയോട് വീണ്ടും മോശമായി പെരുമാറുന്ന സ്ഥിതി ഉണ്ടാവരുത്. മാപ്പു പറയുന്നത് ഉള്ളിൽ തട്ടിയായിരിക്കണം.അതുകൊണ്ടാണ് പ്രശ്നങ്ങൾ അവസാനിപ്പിക്കാനായിട്ടാണ് പരസ്യമായിട്ട് മാപ്പു പറയാൻ ആവശ്യപ്പെട്ടതെന്നും ദിവ്യ വിശദീകരിക്കുന്നു.

ആഭാസം എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കുന്നതിനിടെ അലൻസിയർ മോശമായി പെരുമാറിയെന്നായിരുന്നു ദിവ്യ വെളിപ്പെടുത്തിയത്. പേരു വെളിപ്പെടുത്താതെ ഒരു ബ്ലോഗിലൂടെയായിരുന്നു ആദ്യം ലൈംഗികാതിക്രമങ്ങളെക്കുറിച്ച് നടി വെളിപ്പെടുത്തിയത്. പിന്നീട് ഫേസ്‌ബുക്ക് ലൈവിലൂടെയും താൻ പറഞ്ഞകാര്യങ്ങൾ സത്യമാണെന്നും ആരുടേയും പ്രേരണ പ്രകാരമല്ല വെളിപ്പെടുത്തൽ നടത്തിയതെന്നും വ്യക്തമാക്കിയിരുന്നു. ആരോപണങ്ങൾ ശരിയാണെന്ന് ചിത്രത്തിന്റെ സംവിധായകനും സമ്മതിച്ചിരുന്നു. അലൻസിയർക്കൊപ്പം ഒരു ചിത്രത്തിൽ മാത്രമാണ് ദിവ്യ ഗോപിനാഥ് അഭിനയിച്ചത്. അത് ദിവ്യയുടെ നാലാമത്തെ ചിത്രമായിരുന്നു.

ദിവ്യ ഗോപിനാഥ് ഇന്ത്യ പ്രൊട്ടസ്റ്റസിൽ എഴുതിയ മീ ടു ആരോപണം ഇങ്ങനെ

താൻ തുടക്കക്കാരിയായ നടിയാണ്. അവിവാഹിതയാണ്. സ്വന്തം സ്വത്വവും കഴിവും തെളിയിക്കാൻ വേണ്ടി പ്രയത്‌നിക്കുന്ന സ്ത്രീയാണ്. ഇക്കാരണത്താലാണ് പേര് വെളിപ്പെടുത്താത്തതെന്ന് നടി ആമുഖമായി പറയുന്നു. 'എന്റെ നാലാമത്തെ ചിത്രമായിരുന്നു അത്. അലൻസിയർക്കൊപ്പം ആദ്യത്തേതും. അത് അവസാനത്തേതായിരിക്കുമെന്നും എനിക്കുറപ്പാണ്. അദ്ദേഹത്തെ നേരിൽ കാണും വരെ കലാകാരനെന്ന നിലയിൽ വളരെ ബഹുമാനമുള്ള വ്യക്തിയായിരുന്നു. എന്നാൽ, നമ്മുടെ ചുറ്റും നടക്കുന്നതിനോടുള്ള അദ്ദേഹത്തിന്റെ പുരോഗമനപരവും, സ്വതന്ത്രവുമായ നിലപാടുകൾ ആ വഷളത്തരം മറച്ചുവയ്ക്കാനുള്ള മുഖംമൂടി മാത്രമാണെന്ന് എനിക്ക് മനസ്സിലായി.

ആദ്യസംഭവം ഊൺമേശയിൽ വച്ചായിരുന്നു. ഞങ്ങൾ മൂന്നുപേരുണ്ടായിരുന്നു. ഞാനും അലൻസിയറും ഒരുസഹനടനും. തന്നേക്കാൾ വലിയ ഒരുതാരം സ്ത്രീകളോട് പെരുമാറുന്നത് എങ്ങനെ എന്ന് വിവരിക്കുകയായിരുന്നു അലൻസിയർ. അതിനിടെ അദ്ദേഹം എന്റെ മാറിടത്തിലേക്ക് ഒളിഞ്ഞുനോക്കിക്കൊണ്ടിരുന്നു. ഞാൻ ആകെ അസ്വസ്ഥയായി. എല്ലാവരോടും കൂടുതൽ അടുത്തിടപഴകാനും കാര്യങ്ങളെ ലാഘവത്തോടെ കാണാനുമൊക്കെ അദ്ദേഹം ഉപദേശിച്ചുകൊണ്ടിരുന്നു. ഞാൻ പ്രതികരിച്ചില്ല. എന്നാൽ, അയാൾക്കൊപ്പം ഞാൻ സുരക്ഷിതയല്ലെന്ന് എനിക്ക് തോന്നി. രണ്ടാമത്തെ സംഭവം എന്നെ ഞെട്ടിപ്പിച്ചുകളഞ്ഞു. വേറൊരു നടിക്കൊപ്പം അയാൾ എന്റെ മുറിയിലേക്ക് ഇടിച്ചുകയറി. നമ്മുടെ ശരീരത്തെ അറിയണം, കലാകാരന്മാർ സ്വതന്ത്രരായിരിക്കുണം എന്നിങ്ങനെ പോയി സാരോപദേശം. നാടകപശ്ചാത്തലമുണ്ടായിട്ടും, ഞാൻ ഇത്ര ദുർബലയായി പോയതിന്റെ പേരിൽ എന്നെ കളിയാക്കി. അയാളെ പിടിച്ച് മുറിക്ക് പുറത്താക്കണമെന്നാണ് എനിക്ക് തോന്നിയത്. മറ്റൊരു നടി കൂടി മുറിയിലുളേളതുകൊണ്ടും, അയാളുടെ സീനിയോരിറ്റിയെ മാനിച്ചും ഞാൻ ഒന്നും ചെയ്തില്ല.

എന്റെ ആർത്തവസമയത്താണ് മൂന്നാമത്തെ സംഭവം. ക്ഷീണം മൂലം സംവിധായകന്റെ അനുമതിയോടെ ഞാൻ മുറിയിൽ വിശ്രമിക്കുകയായിരുന്നു. അപ്പോൾ മുറിയുടെ പുറത്തുമുട്ടുകേട്ടു. ഡോർ ഹോളിലൂടെ നോക്കിയപ്പോൾ അലൻസിയറാണ്. ടെൻഷൻ അടിച്ചിട്ട് ഞാൻ അപ്പോൾ തന്നെ സംവിധായകനെ വിളിച്ച സഹായം തേടി. ആരെയെങ്കിലും അങ്ങോട്ട് അയയ്ക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഈ സമയം തുടർച്ചയായി വാതിലിൽ മുട്ടുകയും, തൊഴിക്കുകയുമായിരുന്നു അയാൾ. അവസാനം ഞാൻ കതക് തുറന്നു. ചാടിയിറങ്ങി ഓടിയാലോ എന്ന് വിചാരിച്ചു. ഈ സമയത്ത് ഡയറക്ടറുമായുള്ള ഫോൺകോൾ ഞാൻ ആക്ടീവായി തന്നെ വച്ചിരിക്കുകയായിരുന്നു. ഇവിടെ എന്തെങ്കിലും സംഭവിച്ചാൽ അദ്ദേഹം അത് കേൾക്കണമെന്ന ഉദ്ദേശത്തോടെ. ഞാൻ കതക് തുറന്നയുടൻ, അലൻസിയർ മുറിയിൽ തള്ളിക്കയറി ലോക്ക് ചെയ്തു. അയാൾ നന്നായി മദ്യപിച്ചിരുന്നു. ഞാൻ ആകെ പേടിച്ച് ടെൻഷനടിച്ച് അവിടെ നിന്നു. അയാൾ എന്റെ കട്ടിലിരുന്നുകൊണ്ട് പഴയ സാരോപദേശം തുടർന്നു. നാടക ആർട്ടിസ്റ്റുകൾ എത്ര ശക്തരായിരിക്കണം എന്നും മറ്റും. പിന്നീട് കട്ടിലിൽ നിന്നെഴുന്നേറ്റ് എന്റെയടുത്തേക്ക് നടന്നുവന്നു. കടക്കുപുറത്ത് എന്നുപറയാനാവാതെ എന്റെ ശബ്ദം തൊണ്ടയിൽ കുരുങ്ങി. അപ്പോഴാണ് ഡോർ ബെൽ അടിച്ചത്.

ഇത്തവണ അയാളാണ് ഞെട്ടിയത്. ഡോർ തുറന്നപ്പോൾ അസിസ്‌ററൻന്റ് ഡയറക്ടറെ കണ്ട് എനിക്ക് ആശ്വാസം തോന്നി. അടുത്ത ഷോട്ടിൽ അലൻസിയർ ഉണ്ടെന്നും എല്ലാവരും കാത്തിരിക്കുകയാണെന്നും പറഞ്ഞു. ആദ്യം തന്നെ അറിയിച്ചില്ലെന്നൊക്കെ പറഞ്ഞ് ഒഴിയാൻ നോക്കിയെങ്കിലും അലൻസിയറിന് പോകേണ്ടി വന്നു. നാലാമത്തെ സംഭവം ഒരുപൊതുസുഹൃത്ത് ഊണിന് വിളിച്ചപ്പോഴായിരുന്നു. ടേബിളിൽ ഉണ്ടായിരുന്ന അലൻസിയർ മീൻ കറിയാണ് ഓർഡർ ചെയ്തത്. മീൻ കറിയിൽ നിന്ന് ഓരോ കഷണവും എടുത്ത് കഴിച്ച് വിരൽ നക്കിക്കൊണ്ട് അയാൾ മീനിനെയും സ്ത്രീയുടെ ശരീരത്തെയും തമ്മിൽ താരതമ്യപ്പെടുത്തുകയായിരുന്നു. ഈ സമയത്തെല്ലാം അയാൾ എന്നെ ഒളികണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. ഞാനും സുഹൃത്തും വളരെ വേഗം ടേബിളിൽ നിന്ന് എഴുന്നേറ്റുപോയി. അതേദിവസം തന്നെ, ഷൂട്ട് നടക്കുന്നതിനിടെ, അയാൾ എന്നെയും സെറ്റിലുണ്ടായിരുന്ന മറ്റുപെൺകുട്ടികളെയും തുറിച്ചുനോക്കുകയും, മുഖം കൊണ്ട് വൃത്തികെട്ട ഗോഷ്ടികൾ കാണിക്കുകയും ചെയ്തു. അന്ന വൈകിട്ട് ഒരുപാർട്ടിയുണ്ടായിരുന്നു. സ്ത്രീകളുടെ അടുത്തുപോയി അവരുടെ ശരീരത്തെ കുറിച്ചും സെക്‌സുമൊക്കെ സംസാരിക്കുന്നത് കണ്ടു. എന്റെ അടുത്തുവരാൻ ശ്രമിച്ചപ്പോഴൊക്കെ അയാളെ ഞാൻ ഒഴിവാക്കി. തന്നെ ചെറുക്കുന്ന സ്ത്രീകളെയൊക്കെ അയാൾ അപമാനിക്കുന്നതും കാണാമായിരുന്നു.

മറ്റൊരു ദിവസം രാത്രി വൈകി ഷൂട്ടിങ് കഴിഞ്ഞ് റൂമിൽ ഞാൻ ഉറങ്ങുകയായിരുന്നു. എന്റെ കൂട്ടുകാരിയും അന്ന് റൂമിലുണ്ടായിരുന്നു. അപ്പോഴാണ് ബെല്ലടിച്ചത്. അവൾ പോയി വാതിൽ തുറന്നപ്പോൾ അലൻസിയറാണ്. രാവിലെ 6 മണിയായി കാണും. അൽപസമയം അവർ തമ്മിൽ സംസാരിച്ച ശേഷം അയാൾ പോയി. ഉറക്കം പോയതുകൊണ്ട് എന്റെ കൂട്ടുകാരി ഉടൻ കുളിക്കാൻ വേണ്ടി ബാത്ത്‌റൂമിൽ പോയി. എന്നാൽ റൂം ലോക്ക് ചെയ്യാൻ മറന്നുപോയി. പെട്ടെന്ന് അലൻസിയർ മുറിയിലേക്ക് കയറി വന്ന് ബെഡ്ഷീറ്റിൽ എന്റെ പിന്നിലായി വന്നുകിടന്നു. എന്നിട്ട് നീ ഉറക്കമാണോയെന്ന് ചോദിച്ചു. ഞാൻ ചാടിയെണീറ്റപ്പോൾ, എന്റെ കൈയിൽ പിടിച്ച് കുറച്ചുനേരം കൂടി കിടക്കാൻ പറഞ്ഞു. ഞാൻ ഉറക്കെ അലറിവളിച്ചു. ബാത്ത്‌റൂമിലായിരുന്ന കൂട്ടുകാരിയും ഇത് കേട്ട് എന്താണവിടെ സംഭവിക്കുന്നതെന്ന് വിളിച്ചുചോദിച്ചു. താൻ തമാശ പറഞ്ഞതാണെന്ന് പറഞ്ഞ ്അലൻസിയർ ഉടൻ സ്ഥലം കാലിയാക്കി. സംഭവം അറിഞ്ഞപ്പോൾ, അവളും ഞെട്ടിപ്പോയി. അവൾ അലൻസിയറെ വിളിച്ചുചോദിച്ചെങ്കിലും അയാൾ വെറുതെ ഒഴിഞ്ഞുമാറിക്കളിച്ചു.

ഈ ദുരനുഭവത്തിൽ ഞങ്ങൾ പരാതി പറഞ്ഞപ്പോൾ സംവിധായകൻ അലൻസിയറിനെ ചോദ്യം ചെയ്തു. ആദ്യചിത്രമെടുക്കുന്ന സംവിധായകന്റെ ചോദ്യം ചെയ്യൽ അലൻസിയറിന് ഇഷ്ടപ്പെട്ടില്ല. തുടർന്ന് സെററിൽ മോശമായി പെരുമാറിക്കൊണ്ടായിരുന്നു അയാളുടെ പ്രതികാരം. ഷോട്ടുകൾ തെറ്റിക്കുക കണ്ടിന്യൂറ്റി തെറ്റിക്കുക, മദ്യപിച്ചുകൊണ്ട് സെറ്റിൽ വരിക, സഹനടന്മാരെ പരിഹസിക്കുക ഇങ്ങനെ പോയി വിക്രിയകൾ. ഈ ചിത്രത്തിലും, മറ്റു ചിത്രങ്ങളിലും അലൻസിയറിനൊപ്പം അഭിനയിച്ച മറ്റുപല സ്ത്രീകൾക്കും ഇത്തരം ധാരാളം സംഭവങ്ങൾ പറയാനുണ്ട്. വളരെയധികം മാനസികസംഘർഷത്തിന് ശേഷമാണ് ഞാൻ ഇതുകുറിക്കുന്നത്. എന്നെ പോലെ ദുരനുഭവമുണ്ടായ മറ്റുസ്ത്രീകൾക്കും ഇതുപോലെ കുറിക്കാൻ സമയം വേണ്ടി വരും.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP