Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബോളിവുഡ് താരങ്ങളെ പോലെ എപ്പോഴും മസിൽ പെരുപ്പിച്ച് നടക്കേണ്ട ആവശ്യമില്ല; ഫിറ്റ്‌നസ് എന്നത് ചെറുപ്പക്കാർക്ക് മാത്രമുള്ളതുമല്ല; ഫിറ്റ്‌നസിന്റെ കാര്യത്തിൽ മമ്മൂട്ടിയാണ് എന്റെ റോൾ മോഡൽ; മമ്മൂട്ടിയുടെ വാക്കുകൾ ഫിറ്റ്‌നസിനെക്കുറിച്ചുള്ള കാഴ്‌ച്ചപാടുകൾ മാറ്റി; സിനിമയിലെത്തി പത്ത് വർഷം തികയ്ക്കുമ്പോൾ വിനയ് ഫോർട്ട് മനസുതുറക്കുന്നു

ബോളിവുഡ് താരങ്ങളെ പോലെ എപ്പോഴും മസിൽ പെരുപ്പിച്ച് നടക്കേണ്ട ആവശ്യമില്ല; ഫിറ്റ്‌നസ് എന്നത് ചെറുപ്പക്കാർക്ക് മാത്രമുള്ളതുമല്ല; ഫിറ്റ്‌നസിന്റെ കാര്യത്തിൽ മമ്മൂട്ടിയാണ് എന്റെ റോൾ മോഡൽ; മമ്മൂട്ടിയുടെ വാക്കുകൾ ഫിറ്റ്‌നസിനെക്കുറിച്ചുള്ള കാഴ്‌ച്ചപാടുകൾ മാറ്റി; സിനിമയിലെത്തി പത്ത് വർഷം തികയ്ക്കുമ്പോൾ വിനയ് ഫോർട്ട് മനസുതുറക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചെറിയ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ ചുവടുറപ്പിച്ച നടനാണ് വിനയ് ഫോർട്ട്. നാടകത്തിലൂടെയാണ് അഭിനയത്തിലേക്കുള്ള തുടക്കമെങ്കിലും സിനിമയിലേക്കുള്ള കടന്നുവരവ് ഒട്ടും മോശമായില്ല. ഇപ്പോഴിതാ സിനിമയിലെത്തി പത്ത് വർഷം തികയ്ക്കുകയാണ് താരം. അഭിനയത്തിൽ മാത്രമല്ല ഫിറ്റ്‌നസിന്റെ കാര്യത്തിലും പിന്നിലല്ല വിനയ്. സിനിമയിൽ തിരക്കേറിയിട്ടും ഫിറ്റ്‌നസിനായ് സമയം കണ്ടെത്തുന്നതിൽ മുന്നിലാണ് താരം. ഇപ്പോൾ ഒരു മാധ്യമത്തോട് തന്റെ ഫിറ്റ്‌നസ് വിശേഷങ്ങൾ വിനയ് ഫോർട്ട് പങ്കുവെച്ചത് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്.

സിനിമയിൽ എത്തുന്നതിന് മുമ്പ് തന്നെ നാടക കളരികളിൽ ചെറിയ രീതിയിലുള്ള വ്യായാമത്തിലൂടെ ശരീരം ആരോഗ്യത്തോടെ സൂക്ഷിക്കുമായിരുന്നു. എന്നാൽ സിനിമയിലേക്ക് എത്തിയപ്പോഴും വ്യായാമം നിർത്തിയില്ല. കൂടുതൽ ഗൗരവമായി തന്നെ വ്യായാമത്തെ കണ്ടു. ശരീരത്തെ വളരെ കൃത്യമായി പരിപാലിക്കുമ്പോഴും മസിൽ പെരുപ്പിച്ച് നടക്കേണ്ട ആവശ്യമില്ലെന്നും കഥാപാത്രത്തിന് ആവശ്യമായ രീതിയിൽ ശരീരത്തെ മാറ്റുക എന്നതാണ് തന്റെ ആവശ്യമെന്നുമാണ് വിനയ് ഫോർട്ട് പറയുന്നത്. ജയേഷ് ജോർജിനെ പോലെ നല്ലൊരു ഫിറ്റ്‌നസ് ട്രെയിനറെ കണ്ടെത്തിയതോടെയാണ് തനിക്ക് ഫിറ്റ്‌നസിനെക്കുറിച്ച് നല്ല ധാരണകൾ ലഭിച്ചതെന്നും. തന്റെ ശരീരത്തിനും കരിയറിനും ആവശ്യമായ വ്യായാമ രീതികളാണ് ജയേഷ് നിർദേശിക്കാറുള്ളതെന്നും താരം പറയുന്നു. നിരവധി താരങ്ങളുടെയും കോർപ്പറേറ്റ് ലീഡേഴ്‌സിന്റെയും ട്രെയിനർ കൂടെയാണ് ജയേഷ്. അദ്ദേഹം പറഞ്ഞ് തന്ന വ്യായാമ രീതികളിലൂടെ തന്റെ ജീവിതചര്യയ്ക്ക് തന്നെ മാറ്റം വന്നുവെന്നും. ഏതൊരു കാര്യവും ആത്മവിശ്വാസത്തോടെ ചെയ്യുവാൻ സാധിക്കുന്നുണ്ടെന്നും താരം പറയുന്നു.

പൊതുവേ ഫിറ്റ്‌നസ് എന്ന് കേൾക്കുമ്പോൾ അത് ചെറുപ്പക്കാർക്ക് വേണ്ടി മാത്രമുള്ളതാണെന്ന തെറ്റായ ധാരണ പലർക്കുമുണ്ടെന്നാണ് താരം പറയുന്ന മറ്റൊരു കാര്യം. കാരണം അത് തെറ്റാണെന്നും മുപ്പത് കഴിഞ്ഞവർക്കാണ് യാഥാർത്ഥത്തിൽ ഫിറ്റ്‌നസ് കൂടുതൽ ആവശ്യമെന്നും വിനയ് പറയുന്നു. മാത്രമല്ല പ്രായമേറും തോറും ചെറുപ്പമായിരിക്കാൻ ഫിറ്റ്‌നസ് നമ്മളെ സഹായിക്കും കൂടാതെ ഊർജസ്വലതയോടെയിരിക്കുന്നതിനും ശരീരം ആരോഗ്യത്തോടെ വെക്കുന്നതിനും ഫിറ്റ്‌നസ് വളരെയേറെ ഉപകാരപ്പെടും. ഇതൊക്കെ പറയുമ്പോഴും ഓരോരുത്തരുടെയും ശരീരത്തിന് അനുയോജ്യമായ ഫിറ്റ്‌നസ് ട്രെയിനിങ് രീതി സ്വീകരിക്കുന്നതാണ് നല്ലതെന്നും താരം പറയുന്നു.

ഫിറ്റ്‌നസ് വളരെയേറെ അത്യാവശ്യമായതാണെന്ന് പറയുമ്പോഴും ബോളിവുഡ് താരങ്ങളെ പോലെ എപ്പോഴും മസിൽ പെരുപ്പിച്ച് നടക്കേണ്ട ആവശ്യമില്ലെന്നാണ് താരത്തിന്റെ പക്ഷം. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾക്ക് അനുയോജ്യമായി ശരീരത്തെ മാറ്റുക എന്നതാണ് തന്റെ ഫിറ്റ്‌നസ് സ്വപ്നമെന്നും താരം പറയുന്നുണ്ട്. കാരണം മികച്ച നടനാകാനുള്ള തന്റെ സ്വപ്നത്തിലേക്കുള്ള യാത്രയിൽ തന്റെ ആയുധം ശരീരവും ശബ്ദവും മനസുമാണെന്നാണ് താരം പറയുന്നത്. അതിന് ഫിറ്റ്‌നസ് ആവശ്യമാണ്. ചുരുക്കി പറഞ്ഞാൽ നല്ലൊരു നടന് ഫിറ്റ്‌നസ് അത്യാവശ്യമാണെന്നാണ് താരം വ്യക്തമാക്കുന്നത്.

ഫിറ്റ്‌നസ് നോക്കുന്നവർ ആഹാര കാര്യത്തിന് വളരെയധികം പ്രാധാന്യം കെടുക്കുന്നവരാണ്. എന്നാൽ കടുത്ത ഡയറ്റിനോട് തനിക്ക് താൽപര്യമില്ലെന്നാണ് വിനയ് പറയുന്നത്. അത്യാവശ്യം നന്നായി ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്നും, എന്നാൽ ഒരുപാട് അളവിൽ കഴിക്കുമെന്ന് അതിന് അർത്ഥമില്ലെന്നും മേശയിൽ ലഭ്യമായ ഭക്ഷണങ്ങൾ എല്ലാം കുറച്ച് അളവിൽ ആസ്വദിച്ച് കഴിക്കുകയാണ് തന്റെ പതിവെന്നും പറയുന്ന താരം ഉപ്പ്,പഞ്ചസാര, എണ്ണ എന്നിവ ഒഴിവാക്കണമെന്ന് പറഞ്ഞാൽ പറ്റില്ലെന്നും പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ശരീരത്തിന്റെ ഘടനയും ആവശ്യവുമനുസരിച്ച് അനുയോജ്യമായ ട്രെയിനിങ്ങ് പാറ്റേൺ ജയേഷ് നിർദേശിക്കാറുണ്ട്.

ഷൂട്ടിങ്ങ് ലോക്കേഷനുകളിൽ ആയാലും ഫിറ്റ്‌നസ് ക്ലബിൽ ചെയ്യുന്നത് പോലെ അല്ലെങ്കിലും ശരീരത്തിന് വേണ്ട വ്യായാമങ്ങൾ ചെയ്യാറുണ്ട്. അത്തരത്തിലുള്ള മുറകൾ ജയേഷ് പ്ലാൻ ചെയ്ത് തന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ സമയക്കുറവോ സ്ഥല പരിമിതിയോ ഫിറ്റ്‌നസ് വർക്കൗട്ടിന് തടസമാകുന്നില്ലായെന്നാണ് താരം പറയുന്നത്.

ഫിറ്റ്‌നസിനെക്കുറിച്ച് ഇത്രയധികം വാചാലനാകുന്ന താരം ഫിറ്റ്‌നസിന്റെ കാര്യത്തിൽ മമ്മൂക്കയാണ് തന്റെ റോൾ മോഡൽ എന്ന് തുറന്ന് പറയുന്നുമുണ്ട്. ഈ കാര്യത്തിൽ ഇത്രയധികം അച്ചടക്കമുള്ളതും കഠിനാധ്വാനിയുമായ മറ്റൊരു നടൻ ഇന്ത്യൻ സിനിമയിലില്ലെന്നാണ് വിനയ് ഫോർട്ട് പറയുന്നത്. മംഗ്ലീഷ് എന്ന സിനിമയിൽ അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് രീതികളെ കുറിച്ച് മനസിലായെന്നും പറയുന്ന താരം. രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് എങ്ങനെ വർക്കൗട്ട് ചെയ്യുന്നു എന്ന് ചോദിച്ചപ്പോൾ വിനയ് പ്രാർത്ഥിക്കാറുണ്ടോയെന്നാണ് മമ്മൂട്ടി തിരിച്ച് ചോദിച്ചതെന്നും . പ്രാർത്ഥന പോലെ തന്നെയാണ് ഫിറ്റ്‌നസെന്നും ഒരിക്കലും മുടക്കരുതെന്നും അദ്ദേഹം പറഞ്ഞതായും വിനയ് പറയുന്നു. മാത്രമല്ല ഈ ഉപദേശം ഫിറ്റ്‌നസിനെക്കുറിച്ചുള്ള തന്റെ കാഴ്‌ച്ചപ്പാട് തന്നെ മാറ്റിയെന്നും മമ്മൂട്ടിയുടെ ഫിറ്റ്‌നസ് രീതികൾ എല്ലാവർക്കും മാതൃകയാണെന്നും വിനയ് ഫോർട്ട് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP