Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജീവിത പരീക്ഷണങ്ങളിൽ തളരാതെ ചിയാൻ വിക്രം; സേതുവും പിതാമഹനും രാവണനും ഒക്കെ കടന്ന് 'ഐ'യിലെത്തിയ താരമിപ്പോൾ ''അതുക്കും മേലെ''

ജീവിത പരീക്ഷണങ്ങളിൽ തളരാതെ ചിയാൻ വിക്രം; സേതുവും പിതാമഹനും രാവണനും ഒക്കെ കടന്ന് 'ഐ'യിലെത്തിയ താരമിപ്പോൾ ''അതുക്കും മേലെ''

സൂയാർഹമാണ് വിക്രം എന്ന സൂപ്പർ താരത്തിന്റെ നേട്ടങ്ങൾ. രാജ്യത്തെ ഏതു നടനും കൊതിക്കുന്ന ദേശീയ പുരസ്‌കാരം വരെ തന്റെ അലമാരയിലെത്തിക്കാൻ ഈ അനുഗൃഹീത നടനു കഴിഞ്ഞു.

ജീവിതത്തിന്റെ ഓരോ ഘട്ടവും ഈ നടനു പരീക്ഷണകാലങ്ങൾ തന്നെയായിരുന്നു. തമിഴിലും മലയാളത്തിലുമെല്ലാം നിരവധി ചെറിയ ചെറിയ വേഷങ്ങൾ ചെയ്തശേഷമാണ് ഏവരും ആരാധിക്കുന്ന താരമൂല്യമുള്ള നടനായി വിക്രം മാറിയത്. ചിത്രങ്ങൾക്കുവേണ്ടി എടുക്കുന്ന അധ്വാനവും ആത്മസമർപ്പണവുമാണ് വിക്രം എന്ന നടനെ ഇന്നത്തെ നിലയിൽ കൊണ്ടെത്തിച്ചത്.

ഇപ്പോൾ തിയറ്ററുകൾ നിറഞ്ഞോടുന്ന ഐ എന്ന ചിത്രത്തിനുവേണ്ടിയും വിക്രം ചെയ്ത ഹോം വർക്കുകൾ ചിത്രത്തിന്റെ വിജയത്തിന് ഏറെ സഹായിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. മാനസികവും ശാരീരികവുമായ തയ്യാറെടുപ്പുകൾ നിരവധി നടത്തിയാണ് ഐയിലെ ലിംഗേശനെ വിക്രം വിജയിപ്പിച്ചത്. 'ഐ' അനുഭവത്തെക്കുറിച്ചും ജീവിതത്തിൽ നേരിടേണ്ടി വ്ന്ന പരീക്ഷണങ്ങളെക്കുറിച്ചും വിക്രം ഒരു മാസികയോടു മനസുതുറന്നപ്പോൾ.

കോളേജ് പഠന കാലം മുതൽ തന്നെ അഭിനയത്തിനുവേണ്ടി നിരവധി പരീക്ഷണങ്ങൾ നേരിടേണ്ടി വന്നുവെന്നു വിക്രം പറയുന്നു. ''രാത്രിയിൽ നാടകം കളിച്ചശേഷം വീട്ടിലേക്ക് മടങ്ങിയത് ഒരു സുഹൃത്തിന്റെ ബൈക്കിനു പിന്നിൽ ഇരുന്നാണ്. ബൈക്ക് ഒരു ട്രക്കിലിടിച്ച് ഞാൻ ആശുപത്രിയിലായി. ആദ്യം റോയിപ്പേട്ടയിൽ സർക്കാർ ആശുപത്രിയിൽ. രക്തം വാർന്ന് കാൽ മുറിച്ചുകളയാതെ തരമില്ലെന്നായി ഡോക്ടർ. ജീവനെങ്കിലും മതിയെന്നായി അച്ഛൻ. കാൽ മുറിക്കാൻ മനസ്സില്ലാമനസ്സോടെ അച്ഛൻ ഒപ്പിട്ടു. പക്ഷേ,അമ്മ എന്റെ സ്വപ്‌നത്തെക്കുറിച്ചാണ് ഓർത്തത്. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചത് അമ്മയാണ്. ആ സമയത്ത് അമ്മ എത്ര കഷ്ടപ്പെട്ടെന്നോ. മൂന്നു വർഷം കിടന്ന കിടപ്പിലായിരുന്നു ഞാൻ. ഇതിനിടയിൽ കാലിൽ നടത്തിയത് ഇരുപത്തിമൂന്ന് സർജറികൾ. ഒരു ഇഞ്ചക്ഷൻ എടുക്കുന്നത് പോലും പേടിയായിരുന്ന എനിക്കാണ് ഇത് നേരിട്ടത്. പിന്നീട് ഒരു വർഷം ക്രച്ചസ് ഉപയോഗിച്ചാണ് നടന്നത്.''- വിക്രം പറഞ്ഞു.

നടന്റെ ശരീരം അഭിനയിക്കാൻ ആവശ്യമാണെന്ന പക്ഷക്കാരനാണ് വിക്രം. 1999-ൽ 'സേതു'വിന് വേണ്ടിയാണ് ആദ്യമായി അദ്ദേഹം ഭാരം കുറച്ചത്. ഏഴ് തവണ ജനറൽ മോട്ടോർ ഡയറ്റ് ഉപയോഗിച്ചു. ദിവസവും ഒരു ചപ്പാത്തി, ഒരു മുട്ടയുടെ വെള്ള, ഒരു ഗഌസ് കാരറ്റ് ജ്യൂസ്. കൂടാതെ എട്ട് കിലോമിറ്റർ നടക്കും. 16 കിലോയാണ് ചിത്രത്തിനുവേണ്ടി കുറച്ചത്.

വണ്ണം കൂട്ടിയത് 'പിതാമഹനി'ലെ സിത്തന് വേണ്ടിയാണ്. ദിവസവും 30കോഴിമുട്ട, ഒരു കിലോ കോഴിയിറച്ചി ഒക്കെ കഴിച്ചുവെന്ന് വിക്രം പറയുന്നു. പക്ഷേ അധികദിവസം കഴിയും മുമ്പേ തളർന്നുപോയെന്നും വിക്രം പറഞ്ഞു. 'രാവണൻ' സിനിമയിലും ഇത്തരം പരീക്ഷണങ്ങൾ നടത്തി. 2003ൽ പുറത്തിറങ്ങിയ പിതാമഹനിലെ അഭിനയത്തിനാണ് വിക്രത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചത്.

എന്നാൽ, ഏറ്റവും വലിയ വെല്ലുവിളി നേരിടേണ്ടി വന്നത് ഐയിലാണെന്ന് വിക്രം പറഞ്ഞു. ''ഇതിലെ ഒരു കഥാപത്രത്തിന് വേണ്ടി കുറഞ്ഞത് 22 കിലോ ഭാരം വർധിപ്പിക്കണമെന്നേ ശങ്കർ സാർ പറഞ്ഞുള്ളൂ. അടുത്ത കഥാപത്രത്തിന് അത്രയും ഭാരം കുറയ്ക്കണമെന്നായി ഞാൻ. കഠിനമായി അധ്വാനിച്ചു. ചൈനയിൽ ഷൂട്ട് നടക്കുന്നതിനിടയിൽ മൂന്ന് മണിക്കൂർ സൈക്ലിങ്, മൂന്ന് മണിക്കൂർ വ്യായാമം, കൂടാതെ ആഹാര നിയന്ത്രണം. പകുതി മുട്ടയുടെ വെള്ള, പകുതി ആപ്പിൾ, അങ്ങനെ ഇടവിട്ട് എന്തെങ്കിലും. ദിവസവും കുറഞ്ഞത് 300ഗ്രാം ഭാരം വീതം കുറച്ചു. വെറും മൂന്നു മാസം കൊണ്ടാണ് ഭാരം കുറച്ചത്. ഇത് കണ്ടിട്ട് ശങ്കർ സാറിന് പേടിയായി''- വിക്രം പറഞ്ഞു.

വിക്രത്തിന്റെ ഭാര്യ ഷൈലജയെവിളിച്ച് ശങ്കർ പറഞ്ഞിരുന്നു ഇതൊന്നും താൻ പറഞ്ഞിട്ടല്ലെന്ന്. കഥാപാത്രത്തിന് വേണ്ടി എങ്ങനെ കഷ്ടപ്പെടാനും തയ്യാറാണ് വിക്രം. അതിന്റെ ഫലം കിട്ടണമെന്ന് മാത്രമാണ് ഈ നടന്റെ ആഗ്രഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP