Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വൈശാലിയായത് ഒരു നിയോഗം പോലെ; പതിനാറാം പിറന്നാൾ ദിനം സുപർണയ്ക്കു സമ്മാനിച്ചത് മലയാളത്തിന്റെ സ്‌നേഹം: സിനിമയിലേക്കുള്ള തിരിച്ചുവരവ് ആഗ്രഹിച്ച് ഭരതന്റെ സ്വപ്‌ന നായിക

വൈശാലിയായത് ഒരു നിയോഗം പോലെ; പതിനാറാം പിറന്നാൾ ദിനം സുപർണയ്ക്കു സമ്മാനിച്ചത് മലയാളത്തിന്റെ സ്‌നേഹം: സിനിമയിലേക്കുള്ള തിരിച്ചുവരവ് ആഗ്രഹിച്ച് ഭരതന്റെ സ്വപ്‌ന നായിക

ലയാളികൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് വൈശാലി. ഭരതൻ എന്ന സംവിധായകന്റെ വശ്യസുന്ദര സിനിമ. മഹാഭാരതത്തിൽ നിന്ന് അടർത്തിയെടുത്ത ഒരു കഥാതന്തുവിനെ അഭ്രപാളികളിലെത്തിക്കാൻ ഭരതൻ ഏറെ പണിപ്പെട്ടു. ചിത്രത്തിലെ നായികയ്ക്കായി ഏറെ അലഞ്ഞ സംവിധായകൻ ഒടുവിൽ എത്തിച്ചേർന്നത് മുംബൈയിലാണ്.

മുംബൈയിൽ നിന്നാണ് തന്റെ കഥാപാത്രത്തിന് ആവശ്യമായ രൂപഭംഗിയുള്ള നടിയെ ഭരതൻ കണ്ടെത്തിയത്. പിന്നീട് വൈശാലിയിലൂടെയും ഞാൻ ഗന്ധർവനിലൂടെയുമൊക്കെ മലയാളികളുടെ പ്രിയതാരമായി മാറിയ സുപർണ ഒരു സിനിമാ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ മലയാള സിനിമയിലേക്കെത്തിപ്പെട്ട കഥ പറയുന്നു.

തന്റെ പതിനാറാം ജന്മദിനത്തിലാണ് മലയാളത്തിലെ സിനിമാ സംവിധായകൻ മുംബൈയിലെ ഫ്‌ളാറ്റിൽ എത്തിയതെന്ന് സുപർണ പറയുന്നു. ''തലേദിവസം അച്ഛൻ മുംബെയിൽ പാർട്ടി സംഘടിപ്പിച്ചിരുന്നു. അതിന്റെ ക്ഷീണത്തിൽ ഉണരാൻ ഏറെ വൈകി. രാവിലെ എട്ടരേയാടെയാണ് അപരിചിതനായ ഒരാൾ ഫ്‌ളാറ്റിൽ വന്നത്. കേരളത്തിൽ നിന്നു വന്ന ഫിലിം ഡറയക്ടറാണെന്നും എന്നെ തേടിയാണ് വന്നതെന്നും അദ്ദേഹം പരിചയപ്പെടുത്തി''.

അന്നു വന്ന ആ സംവിധായകൻ ഭരതനായിരുന്നു. അങ്ങനെയൊരു സംവിധായകൻ പോയിട്ടു മലയാളത്തെക്കുറിച്ചുപോലും സുപർണയ്ക്ക് അറിവുണ്ടായിരുന്നില്ല. തനിക്കിപ്പോൾ ആരെയും കാണേണ്ടെന്ന് അന്ന് അമ്മയോട് പറഞ്ഞു. തലേ ദിവസത്തെ പാർട്ടി കഴിഞ്ഞ് എഴുന്നേറ്റിട്ടില്ലെന്നും വിശദ വിവരങ്ങൾ ഫോണിൽ സംസാരിച്ചിട്ട് പിന്നെക്കാണാമെന്ന് അമ്മ പറഞ്ഞെങ്കിലും ഭരതൻ വീണ്ടും നിർബന്ധിച്ചു. ഒടുവിൽ കേരളത്തിൽ നിന്ന് ഇത്ര ദൂരം തന്നെ കാണാനായി മാത്രം വന്ന സംവിധായകനെ നിരാശനാക്കേണ്ടതില്ലെന്ന് അമ്മ പറഞ്ഞപ്പോൾ സുപർണ സമ്മതിക്കുകയായിരുന്നു.

''എനിക്ക് മലയാളം തീരെ അറിയില്ല. അതുകൊണ്ട് അഭിനയിക്കാൻ പറ്റില്ല''- എന്ന് ഭരതനെ കണ്ടപാടെ സുപർണ പറഞ്ഞു. ഒരു പിറന്നാൾ ദിവസം നഷ്ടപ്പെട്ടുപോയതിന്റെ പരിഭവവും ആ മറുപടിയിലുണ്ടായിരുന്നു. ഭരതൻ പറഞ്ഞതിനൊന്നും ശ്രദ്ധകൊടുക്കാതെ സുപർണ ഇരിക്കുന്നതുകണ്ടപ്പോൾ അദ്ദേഹം അച്ഛന്റെ നേരെ തിരിഞ്ഞു. ''നോക്കൂ ആനന്ദ്, എന്റെ കയ്യിൽ ഒരു മികച്ച കഥയുണ്ട്. ആദ്യം നിങ്ങൾ ഈ കഥയൊന്ന് കേൾക്കൂ'' എന്ന്.

ഒടുവിൽ അച്ഛൻ സുപർണയോടു പറഞ്ഞതിങ്ങനെയാണ്- ''നിനക്ക് സിനിമ ചെയ്യേണ്ടങ്കിൽ വേണ്ട. നിന്റെ തീരുമാനത്തിൽ ഇടപെടാൻ ഞാനില്ല. പക്ഷേ അത്രയധികം താൽപര്യത്തോടുകൂടിയാണ് അദ്ദേഹം വന്നിട്ടുള്ളത് അതുകൊണ്ട് കഥയൊന്നു കേൾക്കൂ.''

മഹാഭാരത്തിലെ ആ കഥ മുൻപെങ്ങോ കേട്ടിട്ടുണ്ടായിരുന്നുവെന്ന് സുപർണ പറഞ്ഞു. ഒടുവിൽ സിനിമയോടും കഥയോടുമുള്ള ഭരതന്റെ പാഷൻ മനസ്സിലായപ്പോൾ സുപർണ പറഞ്ഞത് ഇങ്ങനെയാണ് ''എനിക്ക് നല്ല കാശ് കിട്ടിയാൽ അഭിനയിക്കാം'' എന്ന്. ഭാഷ പ്രശ്‌നമാകുമോ എന്നതായിരുന്നു അടുത്ത പേടി. അതൊരു പ്രശ്‌നമേയല്ലെന്ന് ഭരതൻ ഉറപ്പിച്ചു പറഞ്ഞു. വൈശാലി തന്റെ ജീവിതത്തിലെ ഒരു നിയോഗമായിരുന്നു എന്നാണ് സുപർണ ഇപ്പോൾ പറയുന്നത്.

സെറ്റിൽ വച്ചാണ് വൈശാലിക്കുവേണ്ടി ഭരതൻ ഏറെ കഷ്ടപ്പെട്ട കാര്യം സുപർണയ്ക്കു മനസിലാകുന്നത്. ''വർഷങ്ങൾക്കു മുമ്പ് ഈ സിനിമയെപ്പറ്റി ആലോചിച്ചപ്പോൾ തന്നെ കഥാപാത്രങ്ങളുടെ രേഖാചിത്രങ്ങൾ അദ്ദേഹം വരച്ചുവച്ചിരുന്നു. ആ രേഖാചിത്രങ്ങൾക്കുപോലും എന്റെ മുഖവുമായി ഏറെ സാമ്യമുണ്ടായിരുന്നു. ഭാവനയിൽ കണ്ട കഥാപാത്രങ്ങളുടെ മുഖവുമായി സാമ്യമുള്ളവരെ കണ്ടെത്തുന്നതുവരെ സിനിമ ചെയ്യാതിരിക്കാനുള്ള ഔചിത്യബോധം അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്വപ്‌നങ്ങളിലെവിടെയോ ഞാനുണ്ടായിരുന്നു. ആ സിനിമ അത്രയേറെ മനോഹരമാകാനുള്ള ഒരു കാരണവും അതു തന്നെ''- സുപർണ പറഞ്ഞു.

ഷൂട്ടിംഗിനിടെ വലിയ തോണി വെള്ളത്തിൽ മുങ്ങിയത് അൽപം പരിഭ്രാന്തി പരത്തിയിരുന്നു. തോണിയുടെ ഒരു ഭാഗത്ത് നിന്ന് ചിത്രീകരിക്കേണ്ട രംഗമായിരുന്നു അത്. തോണിയിലുണ്ടായിരുന്നവരെല്ലാം ഒരറ്റത്തേക്ക് നീങ്ങിയതോടെ കനം തൂങ്ങി മറിഞ്ഞു. അധികം ആഴമില്ലാത്ത ഭാഗമായിരുന്നു അത്. വല്ലവിധേനയും കരയിലെത്തിയപ്പോൾ സുപർണ തിരക്കിയത് സിനിമയിൽ തന്റെ അമ്മ വേഷം അഭിനയിക്കുന്ന ഗീതയെയായിരുന്നു. ഷൂട്ടിങ് ഇല്ലാത്തതിനാൽ തോണിയിൽ ഒരു ഭാഗത്ത് സ്വസ്ഥമായി ഉറങ്ങുകയായിരുന്നു ഗീതയപ്പോൾ. അപകടം നടന്നപ്പോൾ സ്വന്തം അമ്മ എവിടെ എന്ന് ചോദിക്കാതെ നീ അന്വേഷിച്ചത് എന്നെയായിരുന്നല്ലോയെന്ന് ഗീത ഇപ്പോഴും പറയുമെന്ന് സുപർണ ഓർക്കുന്നു.

''കുടുംബത്തിന്റെ ഉത്തരവാദിത്വം ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ് തിരിച്ചു വരാൻ നോക്കാതിരുന്നത്. കുട്ടികൾ ജനിച്ചപ്പോൾ അവർക്ക് ചില ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. അപ്പോൾ അവരെ വിട്ടുപോരാൻ പറ്റുമായിരുന്നില്ല. സിനിമയിലേക്കും സീരിയലിലേക്കുമൊക്കെ പിന്നീടും ക്ഷണം വന്നു. അപ്പോഴൊന്നും അത് ഏറ്റെടുക്കാൻ തയ്യാറെടുത്തിരുന്നില്ല''- സുപർണ പറഞ്ഞു.

സിനിമയിലേക്കുള്ള തിരിച്ചുവരവിനെപ്പറ്റി സജീവമായി ആലോചിച്ച് തുടങ്ങിയിട്ടുണ്ട് സുപർണ. വീണ്ടും സിനിമയിലേക്ക് വരികയാണെങ്കിൽ അത് വ്യത്യസ്തമാകണമെന്ന് ആഗ്രഹമുണ്ടെന്നും താരം പറയുന്നു. ''പ്രായത്തിനും രൂപത്തിനും യോജിച്ചതാകണം കഥാപാത്രം. എന്തെങ്കിലും പ്രത്യേകത വേണം. ഒരു കാലത്ത് സിനിമയ്ക്കുവേണ്ടി അത്രയും കഠിനാധ്വാനം ചെയ്തതല്ലേ. ഇൻഡസ്ട്രിയിലേക്ക് തിരിച്ചു വരിക എന്നത് തീർച്ചയായും സന്തോഷമുള്ള കാര്യമാണ്''- സുപർണ മനസുതുറന്നു.

ആദ്യ മലയാള ചിത്രമായ വൈശാലിയിലെ നായകനായിരുന്ന സഞ്ജയ് മിത്രയാണ് സുപർണയുടെ ആദ്യ ഭർത്താവ്. 2008-ൽ ഇരുവരും പിരിഞ്ഞു. പിന്നീട് ഡൽഹിയിൽ ബിസിനസ് നടത്തുന്ന രാജേഷ് സവ്‌ലാനിയെ വിവാഹം കഴിക്കുകയായിരുന്നു. മൂത്ത മകൻ മാനവിന് പതിനാറു വയസായി. രണ്ടാമത്തെയാൾക്ക് 13. ഡൽഹിയിലെ സ്‌കൂളിലാണ് ഇരുവരും പഠിക്കുന്നത്. അഭിനയത്തേക്കാൾ പാട്ടിനോടാണ് മക്കൾക്കു താൽപര്യമെന്ന് സുപർണ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP