Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

2007ൽ ആദ്യപടം എട്ടുനിലയിൽ പൊട്ടിയതോടെ പഠിച്ചത് ഒറ്റയ്ക്ക് പടമെടുക്കുന്നത് റിസ്‌ക് ആണെന്ന ഗുണപാഠം; പിന്നെയും ജയപരാജയങ്ങൾ മാറി മറിഞ്ഞപ്പോൾ ഒന്നു ബ്രേക്കിട്ട് പോക്കിരി രാജയുമായി ഗംഭീരൻ വരവ്; ഫ്‌ളാഷിൽ തുടങ്ങി പുലിമുരുകനിലൂടെ നൂറുകോടി ക്‌ളബ്ബിൽ കയറി റെക്കോഡിട്ട് രാമലീലയുമായി മുന്നോട്ട്; ഇനി രാജാ 2 എടുക്കാൻ ഒരുങ്ങുന്ന അബുദാബിയിലെ ബിസിനസ്സുകാരൻ ടോമിച്ചൻ മുളകുപാടത്തിന്റെ കഥ

2007ൽ ആദ്യപടം എട്ടുനിലയിൽ പൊട്ടിയതോടെ പഠിച്ചത് ഒറ്റയ്ക്ക് പടമെടുക്കുന്നത് റിസ്‌ക് ആണെന്ന ഗുണപാഠം; പിന്നെയും ജയപരാജയങ്ങൾ മാറി മറിഞ്ഞപ്പോൾ ഒന്നു ബ്രേക്കിട്ട് പോക്കിരി രാജയുമായി ഗംഭീരൻ വരവ്; ഫ്‌ളാഷിൽ തുടങ്ങി പുലിമുരുകനിലൂടെ നൂറുകോടി ക്‌ളബ്ബിൽ കയറി റെക്കോഡിട്ട് രാമലീലയുമായി മുന്നോട്ട്; ഇനി രാജാ 2 എടുക്കാൻ ഒരുങ്ങുന്ന അബുദാബിയിലെ ബിസിനസ്സുകാരൻ ടോമിച്ചൻ മുളകുപാടത്തിന്റെ കഥ

റിയാസ് അസീസ്

തിരുവനന്തപുരം:2015 മുതൽ ഓരോ മലയാളികളും കേൾക്കുന്ന പോരാണ് ടോമിച്ചൻ മുളകുപാടം. സിനിമ റിലീസ് ആവട്ടെ നിർമ്മാണമാവട്ടെ വിവാദമാവട്ടെ റെക്കോർഡുകളാവട്ടെ ഏതിലും അടുത്തകാലത്തായി സജീവമായി കാണുന്ന പോരുകളാണ് ടോമിച്ചൻ മുളക് പാടവും മുളക്പാടം റിലീസും.

അബൂദാബിയിൽ ബിസിനസ്സുകാരനായിരുന്ന ടോമിച്ചൻ മുളക്പാടം സിനിമയുടെ വെള്ളി വെളിച്ചത്തിന്റെ റിസ്‌ക് എടുക്കുന്നത് 2007 ൽ ആയിരുന്നു. മലയാള സിനിമ കണ്ട ഏറ്റവും വലിയ പരാജയ ചിത്രമായ ഫ്ളാഷ് ആയിരുന്നു മുളക്പാടത്തിന്റെ ആദ്യ ചിത്രം. സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ഫ്ളാഷ് എന്ന ചിത്രം തീയറ്ററിലും മിന്നി മറിഞ്ഞപ്പോൾ സിനിമ മേഖലയിലേക്കുള്ള തുടക്കം ഒരു മിന്നി മറയലായി മാറി.

ആദ്യ ചിത്രത്തിന്റെ വൻ പരാജയത്തിന്റെ ഷോക്കിൽ നിന്നും ടോമിച്ചൻ മുളക്പാടം എന്ന ബിസിനസ്സ് രാജാവ് പെട്ടന്ന് തന്നെ ഉയർത്തെഴുനേറ്റു.വൻ നഷ്ടം വരുമെന്ന് മുന്കൂട്ടി കണ്ട് പലരും ഏറ്റെടുക്കാതെ ഉപേക്ഷിച്ച ചത്രമായിരുന്നു ഫ്ളാഷ് എന്ന് ടോമിച്ചന് പിന്നീടാണ് മനസ്സിലായത്. പിന്നീട് വലിയ റിസ്‌ക് ഓറ്റയ്ക്ക് എടുക്കാതെ സിനിമ ഡിസ്ട്രിബ്യൂഷൻ രംഗത്താണ് ടോമിച്ചൻ പിന്നീട് ബിസിനസ് തന്ത്രങ്ങൾ പ്രയോഗിച്ചത്.

തുടർന്ന് വലിയ താരങ്ങളുടേതല്ലാത്ത യുവതാരങ്ങൾ അണി നിരന്ന മൂന്ന് ചത്രങ്ങൾ മുളക്പാടം ഫിലിംസ് വഴി ടോമിച്ചന് തീയറ്ററുകളിലെത്തിച്ചു. സ്വപ്നക്കൂടിന്റെ വലിയ വിജയം മുന്നിൽ കണ്ട് കമൽ സംവിധാനം ചെയ്ത മിന്നാമിന്നിക്കൂട്ടമായിരുന്നു ആദ്യ ചിത്രം. ജയസൂര്യ, നരേൻ, ഇന്ദ്രജിത്ത്, മീരാജാസ്മിൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായ ചിത്രം പ്രതീക്ഷിച്ച സാമ്പത്തിക വിജയം നേടിയില്ലെങ്കിലും നഷ്ടം വരുത്തിയിരുന്നില്ല.

പിന്നീട് മറ്റൊരു യുവതാര ചിത്രവുമായി ടോമിച്ചൻ വീണ്ടുമെത്തി പൃത്വിരാജ്, കുഞ്ചാക്കോ ബോബൻ,ജയസൂര്യ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ലോലിപോപ്പ് ആയിരുന്നു അടുത്ത ചിത്രം. ചിത്രവും തീയറ്ററിൽ പ്രതീക്ഷിച്ച ആളെ കൂട്ടിയില്ല. തുടർന്ന് മലയാളത്തിന്റെ ക്രാഫ്റ്റ്മാൻ ആയിരുന്ന ഐ.വി. ശശിയുടെ വെള്ളത്തൂവലും മുളക് പാടം റിലീസിലൂടെ തീയറ്ററുകളിലെത്തി. എന്നാൽ വെള്ളത്തൂവൽ തീയറ്റ്റു പോലും കാണാതെ പറന്ന് പോയപ്പോൾ ടോമിച്ചൻ പരിപാടിക്ക് ഒന്ന് ബ്രേക്ക് ഇട്ടു. ഇനി വലിയൊരു വിജയത്തിലേക്ക് മാത്രമേ തന്റെ ചിത്രം പോകാവൂ എന്ന് കരുതി ടോമിച്ചൻ മമ്മൂട്ടിയുമായി കൈകോർക്കുന്നത്.

ജോഷിയുടെ അസിസ്റ്റന്റ് ആയിരുന്ന വൈശാഖ് എന്ന യുവസംവിധായകനിൽ വിശ്വസിച്ച് മലയാളത്തിന്റെ മെഗാ സ്റ്റാറിനേയും സൂപ്പർസ്റ്റാർ പദവിയിലേക്ക് കുതിക്കുന്ന പൃത്വിരാജിനേയും നായകനാക്കി പോക്കിരി രാജ എന്ന ചിത്രം നിർമ്മിക്കുന്നത്. ആറു കോടി രൂപ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം 2010ലെ ഏറ്റവും വലിയ വിജയമായി മാറി. 25 കോടിയോളം രൂപയാണ് പോക്കിരി രാജ അന്ന് കളക്റ്റ് ചെയ്തത്. ചിത്രത്തിൽ വലിയ വിശ്വാസമുണ്ടായിരുന്ന ടോമിച്ചൻ ചിത്രത്തിന്റെ സാറ്റലൈറ്റ് പോലും ചിത്രത്തിന്റെ റിലീസിന് ശേഷമാണ് നൽകിയത്.

തുടർന്ന് സജി സുരേന്ദ്രന്റെ ചിത്രങ്ങളായ ഫോർ ഫ്രണ്ട്സ്, കുഞ്ഞളിയൻ എന്നീ ചിത്രങ്ങൾ നിർമ്മിക്കുന്നത്. ഫോർ ഫ്രണ്ട്സ് ശരാശരി വിജയമായപ്പോൾ കുഞ്ഞളിയൻ തീയറ്ററിൽ മൂക്കും കുത്തി വീണു. തുടർന്ന് തനിക്ക് ഏറ്റവും വലിയ വിജയം നൽകിയ വൈശാഖിനെ തന്നെ കൂട്ടു പിടിക്കാൻ ടോമിച്ചൻ തീരുമാനിച്ചു. മോഹൻലാലിനെ നായകനാക്കി ഒരു മാസ് മസാല എന്റർടൈനർ അതായിരുന്നു എല്ലാവരുടേയും ലക്ഷ്യം. നരസിംഹത്തിലും ആറാം തമ്പുരാനിലുമെല്ലാം മീശ പിരിച്ചപ്പോൾ തീയ്റ്റർ ഇളകി മറിഞ്ഞത് ആവർത്തിക്കാൻ ഇനിയും ആവുമെന്ന പ്രതീക്ഷയിലാണ് ഉദയകൃഷ്ണയുമായി ചേർന്ന് പുലിയൂരിലെ പുലിമുരുകന്റെ കഥ സിനിമയാക്കാൻ ഒരുങ്ങുന്നത്.

2012 ലെ കുഞ്ഞളിയന്റെ പരാജയത്തിന് ശേഷം 2015ൽ പുലിമുരുകൻ എന്ന പ്രോജക്ടുമായാണ് ടോമിച്ചൻ വീണ്ടും വരുന്നത്. ആറ് മാസത്തെ ഷൂട്ടിങ്ങിനൊടുവിൽ മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയിൽ 25 കോടി മുടക്കി പുലിമുരുകൻ ഒക്ടോബർ ഏഴിന് കേരളക്കരയാകെ റിലീസ് ചെയ്തത്. പിന്നീട് മലയാളം വലിയ സിനിമകളെപ്പറ്റി സംസാരിക്കാൻ തുടങ്ങി.150 കോടിയിലധികം കളക്റ്റ് ചെയ്ത പുലിമുരുകനു ശേഷം വീണ്ടും സ്വന്തം ചിത്രത്തിന്റേതല്ലാത്ത ഒരു ഡിസ്ട്രിബ്യൂഷനുമായി ടോമിച്ചൻ രംഗത്ത് വരുന്നത്. തല അജിത്ത് നായകനായ വിവേകം ആയിരുന്നു ടോമിച്ചന്റെ പുതിയ സംരംഭം. 300ൽ അധികം തീയറ്ററുകളിൽ ചിത്രം എത്തിച്ച് പരമാവധി തുക പെട്ടെന്ന് സ്വന്തമാക്കുക എന്ന ലക്ഷ്യംവച്ച് കളിച്ച ടോമിച്ചൻ പെട്ടന്ന് തന്നെ അത് സ്വന്തമാക്കി.

എന്നാൽ ഇതിന് മുമ്പ് ആണ് ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാകുന്ന രാമലീല ടോമിച്ചൻ മുളക്പാടം നിർമ്മിക്കാൻ ഒരുങ്ങുന്നത്. സാധാരണ രീതിയിൽ ഒരു ദിലീപ് ചിത്രം എന്ന പേരിൽ പുറത്തിറങ്ങുമായിരുന്ന രാമലീല ദിലീപിന്റെ അറസ്റ്റോടെ മാർക്കറ്റിന്റെ പുതു തന്ത്രങ്ങൾ മലയാള സിനിമക്ക് കാണിച്ച് കൊടുത്താണ് പുറത്തിറക്കിയത്. ഏതൊരു നിർമ്മാതാവും തകർന്ന് പോകുന്ന സാഹചര്യത്തിൽ പോലും ബിസിനസ്സുകാരന്റെ മറു തന്ത്രങ്ങൾ ഒളിപ്പിച്ച് ടോമിച്ചൻ പതുങ്ങി നിന്നു.

ദിലീപിന്റെ ജാമ്യത്തിന് ശേഷം ചിത്രം റിലീസ് ചെയ്യാമെന്നുള്ള സാഹചര്യത്തിൽ നിന്ന ടോമിച്ചൻ ദിലീപിന് എതിരെയുള്ള കേസ് ശക്തമാകുന്നതോടെ റൂട്ടു മാറ്റാൻ ആരംഭിച്ചു. പുട്ടിന് പീര പോലെ ട്രെയിലറും പോസ്റ്ററുകളുമിറക്കി ടോമിച്ചൻ രാമലീല എന്ന് സാധാരണക്കാരനെക്കൊണ്ട് പറയിപ്പിച്ചു. ഇതിനിടയിൽ സിനിമ ബഹിഷ്‌കരിക്കണമെന്ന പലരുടേയും പ്രസ്താവനകൾ ബിസിനസ്സ് തന്ത്രങ്ങളിലെ മാർക്കറ്റിങ്ങ് രീതിയാക്കി പൊളിച്ചെഴുതി.

സിനിമ നടന്റെ പേരിലല്ല സംവിധായകന്റെ പേരിലാണ് എന്ന് പറഞ്ഞ് ടോമിച്ചൻ എതിരാളികളുടെ വായടപ്പിച്ചു. ദിലീപിന്റെ ജാമ്യം വൈകുന്നതോടെ സെപ്റ്റംബർ 28 ന് ചിത്രം റിലീസ് ചെയ്യാൻ ടോമിച്ചൻ തീരുമാനിക്കുകയായിരുന്നു. എതിരാളികൾ കൂടുതൽ ശക്തമായി പ്രതികരിക്കുമ്പോളും ടോമിച്ചൻ പതറാതെ നിന്നു. സെപ്റ്റംബർ 28 ന് ചിത്രം റിലീസ് ചെയ്തപ്പോൾ എതിരാളികളെ അംബരപ്പിച്ചുള്ള ജന സാഗരമാണ് തീയറ്ററിൽ എത്തിയത്.

ദിലീപിന്റെ സിനിമയെ എതിർത്ത് മഞ്ജു വാര്യരുടെ ഉദാഹരണം സുജാതയെ അനുകൂലിച്ചവർ പോലും തീയറ്ററുകളിൽ ഒഴുകിയെത്തിയതോടെ ചിത്രം കോടികളാണ് വാരിയത്. അതേ സമയം ദുൽഖർ ചിത്രം സോളോയുടെ റിലീസിന്റെ പേരിൽ രാമലീല പല തീയറ്ററിൽ നിന്ന് നീക്കം ചെയ്യാൻ ശ്രമം നടത്തിയതോടെ ടോമിച്ചൻ രംഗത്ത് എത്തി. ഹോൾഡ് ഓവറാവാതെ ചിത്രം മാറ്റിയാൽ പണി തരുമെന്ന ടോമിച്ചന്റെ ഭീഷണിയിൽ തീയറ്ററുകാരും വീണു.

ഇനി ടോമിച്ചൻ മമ്മൂട്ടി ചിത്രമായ പോക്കിരി രാജയുടെ രണ്ടാം ഭാഗമായ രാജാ 2 ആണെന്നാണ് പ്രതീക്ഷിക്കുന്നത്. വൈശാഖ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രം പോക്കിരി രാജ പോലെ വലിയ വിജയമാകുമെന്ന വിശ്വാസത്തിലാണ് ടോമിച്ചനും കൂട്ടരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP