Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജോലിഭാരം കൂടി; വർഷത്തിൽ മൂന്നു സിനിമ വീതം ഇറക്കണം; ഈ മാസത്തോടെ സന്തോഷ് പണ്ഡിറ്റ് പണി മതിയാക്കും

ജോലിഭാരം കൂടി; വർഷത്തിൽ മൂന്നു സിനിമ വീതം ഇറക്കണം; ഈ മാസത്തോടെ സന്തോഷ് പണ്ഡിറ്റ് പണി മതിയാക്കും

കോഴിക്കോട്: സർക്കാർ ഉദ്യോഗസ്ഥനായതിനാൽ സിനിമയെടുക്കണമെങ്കിൽ സർക്കാരിന്റെ പ്രത്യേക അനുമതി തേടണം. അവധി കിട്ടാൻ പ്രയാസം. ഇങ്ങനെ പോയാൽ വർഷത്തിൽ ഒറ്റപ്പടമേ ചെയ്യാനൊക്കൂ. ലൈറ്റ് ബോയിയുടെ പണി മുതൽ വിതരണക്കാരന്റെ റോൾ വരെ സിനിമയിലെ എല്ലാ പണികളും ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തുന്ന സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റിന് ഇതില്പരം ഒരു പാരതന്ത്ര്യമുണ്ടോ? ഈ മാസം അവസാനത്തോടെ പൊതുമരാമത്തു വകുപ്പിലെ ജോലി അവസാനിപ്പിക്കുകയാണ്, ഈ സോഷ്യൽ മീഡിയ താരരാജാവ്.

ജീവിതം പൂർണ്ണമായി സിനിമയ്‌ക്കുവേണ്ടി അർപ്പിക്കാനാണ് സന്തോഷ് പണ്ഡിറ്റ് ഓവർസിയർ തസ്തികയിൽ നിന്നു പടിയിറങ്ങുന്നത്. സെപ്റ്റംബർ 19ന് സ്വയം വിരമിക്കൽ പദ്ധതിപ്രകാരം സർക്കാർ സേവനം അവസാനിപ്പിച്ച് സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് സിനിമയുടെ സ്വന്തമാകും. പത്തുവർഷം നീണ്ട ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് സിനിമയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പരിപാടി.

ഓരോ വർഷവും മൂന്നു സിനിമ വീതം എടുക്കാനാണു സന്തോഷ് പണ്ഡിറ്റ് ലക്ഷ്യമിടുന്നത്. കഥ, തിരക്കഥ, സംഭാഷണം, ഗാനരചന, ആലാപനം, സംവിധാനം എല്ലാം സന്തോഷ് തന്നെയാകും നിർവഹിക്കുക. ചിത്രീകരണം പൂർത്തിയായ കാളിദാസൻ കവിത എഴുതുകയാണ് എന്ന സിനിമ സെപ്റ്റംബറിൽ റിലീസ് ചെയ്യും. സർവീസ് ജീവിതം അവസാനിപ്പിച്ച ശേഷം നീലിമ നല്ല കുട്ടിയാണ് എന്ന നോവൽ ചിരിഞ്ജീവി ഐപിഎസ് എന്ന പേരിൽ സിനിമയാക്കും. ടിന്റുമോൻ എന്ന കോടീശ്വരൻ ആണ് പൈപ്പ്‌ലൈനിലുള്ള മറ്റൊരു പ്രോജക്റ്റ്. ചാനലുകളും പണ്ഡിറ്റിനെ കാത്തിരിക്കുകയാണ്. സൂര്യ ടിവി സംപ്രേഷണം ചെയ്ത മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയിൽ സന്തോഷ് പണ്ഡിറ്റ് ഇടയ്ക്ക് വച്ചു പുറത്തായെങ്കിലും റേറ്റിങ് കുറഞ്ഞതിനെ തുടർന്നു തിരിച്ചുവിളിച്ചിരുന്നു.

കൃഷ്ണനും രാധയും, സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ്, മിനിമോളുടെ അച്ഛൻ എന്നിവയാണു സന്തോഷ് സംവിധാനം ചെയ്ത ചിത്രങ്ങൾ. ചിത്രം റിലീസ് ചെയ്യാൻ ആരും തയ്യാറാകാതെ ഇരുന്നതിനാൽ സ്വന്തമായി തീയേറ്ററുകൾ വാടകയ്ക്കെടുത്താണ് സന്തോഷ് പണ്ഡിറ്റ് സിനിമകൾ പ്രദർശിപ്പിച്ചത്.

നിലവിൽ വടകര പിഡബ്ല്യുഡി സെക്ഷൻ ഓഫിസിൽ ഓവർസിയറാണ് പണ്ഡിറ്റ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൂവാട്ടുപറമ്പ് എൽപിഎസ് ബൂത്തിൽ പ്രിസൈഡിങ് ഓഫിസറായി സന്തോഷ് പണ്ഡിറ്റാണ് വരുന്നതെന്നറിഞ്ഞ സമ്മതിദായകർ കൂട്ടത്തോടെ എത്തിയതിനെ തുടർന്ന് ഈ ബൂത്തിൽ 94% പോളിങ് നടന്നിരുന്നു. മാദ്ധ്യമങ്ങളിലും സ്റ്റാർ പ്രിസൈഡിങ് ഓഫീസർ വലിയ വാർത്ത സൃഷ്ടിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP