Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മഞ്ജു വാര്യർ എന്ന വലിയ അഭിനേതാവിനെയും കരുത്തുറ്റ മനുഷ്യ സ്ത്രീയെയും അടുത്തറിയാൻ കഴിഞ്ഞു എന്നതാണ് സിനിമായാത്ര കൊണ്ട് ഉണ്ടായ വ്യക്തിപരമായ നേട്ടം; എല്ലാവരും സുരക്ഷിതരായി മണാലിയിൽ എത്തിയെന്ന കുറിപ്പുമായി സനൽകുമാർ ശശിധരൻ; സുരക്ഷിതയാണെന്ന കുറിപ്പുമായി മഞ്ജുവും

മഞ്ജു വാര്യർ എന്ന വലിയ അഭിനേതാവിനെയും കരുത്തുറ്റ മനുഷ്യ സ്ത്രീയെയും അടുത്തറിയാൻ കഴിഞ്ഞു എന്നതാണ് സിനിമായാത്ര കൊണ്ട് ഉണ്ടായ വ്യക്തിപരമായ നേട്ടം; എല്ലാവരും സുരക്ഷിതരായി മണാലിയിൽ എത്തിയെന്ന കുറിപ്പുമായി സനൽകുമാർ ശശിധരൻ; സുരക്ഷിതയാണെന്ന കുറിപ്പുമായി മഞ്ജുവും

സ്വന്തം ലേഖകൻ

ഹിമാചലിൽ കനത്ത മഴയിലും പ്രളയത്തിലും ഒറ്റപ്പെട്ട മഞ്ജു വാര്യർ നായികയായ സിനിമാസംഘം സുരക്ഷിതരെന്ന് സംവിധായകൻ സനൽ കുമാർ ശശിധരൻ. നിലവിലെ സ്ഥലത്തുള്ള ഏതാനും ചിത്രങ്ങൾ ഫേസ്‌ബുക് പോസ്റ്റായി സനൽ ഷെയർ ചെയ്യുകയായിരുന്നു. കയറ്റം എന്ന് പേരുള്ള ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് സംഘം ഉത്തരേന്ത്യയിലേക്ക് പോയത്.

പത്ത് ദിവസമായി മൊബൈൽ റെയിഞ്ചും ഇന്റർനെറ്റും ഇല്ലാത്ത ഹിമാലയൻ പർവതങ്ങളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ഷൂട്ടിങ് സംഘം.അപകടകരമായ ഹിമാലയൻ ട്രെക്കിങ് ലൊക്കേഷനുകളിൽ അപ്രതീക്ഷിതമായാണ് കനത്ത മഴയും മഞ്ഞുവീഴ്ചയുമുണ്ടായത്. സംഘത്തിലുള്ള ഓരോരുത്തരുടെയും മനഃസാന്നിധ്യം കൊണ്ടും ഷൂട്ടിനുള്ള സൗകര്യങ്ങൾ ചെയ്തു തന്നിരുന്ന സംഘത്തിന്റെ സമയോചിതമായ ഇടപെടൽ കൊണ്ടുമാണ് രക്ഷപ്പെട്ടത്.

കടുത്ത കാലാവസ്ഥയിലും അപകടകരമായ വഴികളിലൂടെയാണ് ആറു മണിക്കൂറോളം നടന്നാണ് സുരക്ഷിതമായ ചത്രൂ എന്ന സ്ഥലത്ത്എത്തിയതെന്നും സനൽകുമാർ ശശിധരൻ ഫേസ്‌ബുക്കിൽ കുറിച്ചു. എല്ലാവരും സുരക്ഷിതരാണ്..സിനിമയും. അന്വേഷണങ്ങൾക്കും പരിഗണനകൾക്കും നന്ദി.' സനൽ കുമാർ ഫേസ്‌ബുക്കിൽ കുറിച്ചു. മഞ്ജുവും തങ്ങൾ സുരക്ഷിതരായി മണാലിയിൽ എത്തിയെന്ന് സോഷ്യൽമീഡിയയിലൂടെ പങ്ക് വച്ചിട്ടുണ്ട്.

മഞ്ജുവും ഷൂട്ടിങ് സംഘവും വിനോദ സഞ്ചാരികളുമടക്കം 140 പേരാണ് ഹിമാചൽപ്രദേശിലെ ഛത്രയിൽ കുടുങ്ങിയിരുന്നത്. മഞ്ജുവും സനലും അടക്കം ഷൂട്ടിങ് സംഘത്തിൽ 30 പേരാണ് ഉണ്ടായിരുന്നത്. മൂന്നാഴ്ചയായി മഞ്ജുവും സംഘവും ഛത്രയിൽ എത്തിയിട്ട്. ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷം അടുത്തു തന്നെ സംഘം മടങ്ങും.

സനൽ കുമാർ ശശിധരന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കഴിഞ്ഞ പത്ത് ദിവസമായി മൊബൈൽ റെയിഞ്ചും ഇന്റർനെറ്റും ഇല്ലാത്ത ഹിമാലയൻ പർവതങ്ങളിലായിരുന്നു. കേരളത്തിലെ മഴയും പ്രളയ ദുരിതങ്ങളും ഒന്നും അറിയാൻ കഴിഞ്ഞില്ല. നാടിന്റെ സങ്കടത്തിൽ പങ്കു ചേരുന്നു. മഞ്ജു വാര്യർ ഉൾപ്പെടെ ഇരുപത്തഞ്ച് പേരുള്ള ഒരു സംഘം 'കയറ്റം' എന്ന ഞങ്ങളുടെ പുതിയ സിനിമയുടെ ഷൂട്ടിനാണ് ഹിമാചലിൽ ഹംപ്ത പാസിന് പരിസര പ്രദേശങ്ങളിലെത്തിയത്. ഒപ്പം സൗകര്യങ്ങൾ ഒരുക്കാൻ പരിചയസമ്പന്നരായ 10 സഹായികളും ഉണ്ടായിരുന്നു. അപകടകരമായ ഹിമാലയൻ ട്രെക്കിങ് ലൊക്കേഷനുകളിൽ ഷൂട്ട് ചെയ്യേണ്ട സിനിമയുടെ 80% വും ചിത്രീകരിച്ചു കഴിഞ്ഞപ്പോളാണ് 18ന് അപ്രതീക്ഷിതമായി കനത്ത മഴയും മഞ്ഞുവീഴ്ചയുമുണ്ടായത്.

സംഘത്തിലുള്ള ഓരോരുത്തരുടെയും മനഃസാന്നിദ്ധ്യം കൊണ്ടും ഷൂട്ടിനുള്ള സൗകര്യങ്ങൾ ചെയ്തു തന്നിരുന്ന മൗണ്ടൻ എക്‌സ്‌പെഡിഷൻ സംഘത്തിന്റെ സമയോചിതമായ ഇടപെടൽ കൊണ്ടും കടുത്ത കാലാവസ്ഥയിലും അപകടകരമായ വഴികളിലൂടെ ഞങ്ങൾ ആറു മണിക്കൂർ കൊണ്ട് സുരക്ഷിതമായ ചത്രൂ എന്ന സ്ഥലത്ത് നടന്നെത്തി. എല്ലാവഴികളും കനത്ത മഴയെത്തുടർന്ന് തകർന്നിരുന്നതിനാൽ രണ്ടുദിവസം പുറം ലോകവുമായി ബന്ധപ്പെടാനാകാതെവന്നു. ഞങ്ങളെ കൂടാതെ ഇരുനൂറോളം പേർ ആ സ്ഥലത്ത് കുടുങ്ങിയിരുന്നു. ഹിമാചൽ സർക്കാരിന്റെ ഇടപെടൽ എടുത്തു പറയേണ്ടതാണ്. മുഴുവൻ ആളുകളെയും സുരക്ഷിതരായി കുറഞ്ഞ സമയം കൊണ്ട് അവർ പുറത്തെത്തിച്ചു. ഞങ്ങളുടെ സംഘത്തിലെ മൂന്നുപേർക്ക് കാലിനു ചെറിയ പരിക്കുകൾ ഉണ്ടായിരുന്നതിനാൽ വാഹന ഗതാഗതം പുനഃസ്ഥാപിക്കുന്നത് വരെ ഞങ്ങൾക്ക് ചത്രുവിൽ തന്നെ നിൽക്കേണ്ടിവന്നു. പാദത്തിനുണ്ടായ പരിക്കും പേറി എട്ടു കിലോമീറ്റർ പാറവഴികളിലൂടെ നടന്ന ആസ്ത ഗുപ്ത അതിശയിപ്പിച്ചു. തടസങ്ങളിലൊന്നും തളരാത്ത ഒരു ഊർജ്ജം എല്ലാവരിലും ഉണ്ടായിരുന്നു.

സിനിമ എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ മുന്നിലുണ്ടായിരുന്നുള്ളു.. അത് തന്നെയായിരുന്നു വെളിച്ചവും. ഒരുതരം വലുപ്പച്ചെറുപ്പവും ഞങ്ങളിലില്ലായിരുന്നു. മഞ്ജു വാര്യർ എന്ന വലിയ അഭിനേതാവിനെയും കരുത്തുറ്റ മനുഷ്യസ്ത്രീയെയും അടുത്തറിയാൻ കഴിഞ്ഞു എന്നതായിരുന്നു എന്നെ സംബന്ധിച്ച് ഈ സിനിമായാത്രകൊണ്ട് വ്യക്തിപരമായ നേട്ടം. എല്ലാവരും സുരക്ഷിതരാണ്. കൂടുതൽ വിവരങ്ങൾ പിന്നാലെ. ഞങ്ങളുടെ സുരക്ഷക്കായി പ്രവർത്തിച്ച ഓരോരുത്തർക്കും നന്ദി. ഓരോ വാക്കുകൾക്കും നന്ദി..'

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP