Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

ടൈം മാഗസിന്റെ 100 പ്രമുഖരിൽ ഒരാൾ: അമേരിക്കയിലും യൂറോപ്പിലും മോഡലും ടോക് ഷോ ഹോസ്റ്റും; ഒബാമയുടെ വിരുന്നിലെ അതിഥി; ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ അന്താരാഷ്ട്ര താരമായി പ്രിയങ്ക ചോപ്ര ഉയർന്നത്‌ ഞൊടി ഇടയിൽ

ടൈം മാഗസിന്റെ 100 പ്രമുഖരിൽ ഒരാൾ: അമേരിക്കയിലും യൂറോപ്പിലും മോഡലും ടോക് ഷോ ഹോസ്റ്റും; ഒബാമയുടെ വിരുന്നിലെ അതിഥി; ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ അന്താരാഷ്ട്ര താരമായി പ്രിയങ്ക ചോപ്ര ഉയർന്നത്‌ ഞൊടി ഇടയിൽ

മറുനാടൻ മലയാളി ബ്യൂറോ

ബോളിവുഡിന്റെ സ്വപ്നസുന്ദരിയായിരുന്നു പ്രിയങ്ക ചോപ്ര. ഏറ്റവുമധികം ആരാധകരുള്ള, ഏറ്റവുമധികം പേർ സെക്‌സിയായി തെരഞ്ഞെടുത്ത, ഏറ്റവുമധികം പ്രതിഫലം പറ്റുന്ന ബോളിവുഡിന്റെ സൂപ്പർ താരം. രണ്ടായിരത്തിൽ മിസ് ഇന്ത്യ പട്ടം നേടിയ പ്രിയങ്ക ഇതേ വർഷം തന്നെ ലോകസുന്ദരി പട്ടവും നേടിവാർത്തകളിലെത്തി. ലോകസുന്ദരി പട്ടം നേടുന്ന അഞ്ചാമത്തെ ഇന്ത്യാക്കാരി തമിഴൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലുമെത്തി. പിന്നീട് അങ്ങോട്ട് കുതിപ്പായിരുന്നു. ഇപ്പോൾ കടലും കടന്ന് പ്രിയങ്ക താരമാവുകയാണ്. ടൈം മാഗസീനിലെ 100 പ്രമുഖരിൽ ഒരാളായി മാറിയ ഇന്ത്യാക്കാരി. അമേരിക്കയിലെ പ്രയിപ്പെട്ട ടെലിവിഷൻ ഷോയാണ് പ്രിയങ്കയെ ആഗോള താരമാക്കിയത്. അമേരിക്കൻ പ്രസിഡന്റുമായുള്ള ഡിന്നർ എല്ലാം മാറ്റി മറിച്ചു. അങ്ങനെ അതിവേഗം ഈ ഇന്ത്യൻ സുന്ദരി ആഗോളതാരമാവുകയാണ്.

ഈ സുന്ദരിയുടെ വിജയയാത്രയിൽ മലയാളികൾക്കും അഭിമാനിക്കും. മേരി ജോൺ എന്ന കോട്ടയത്തുകാരിയുടെ മകളുടെ മകളാണ് പ്രിയങ്ക. പ്രിയങ്ക ഝാർഖണ്ഡ് സ്വദേശിനിയാണെന്നാണ് ഏവരും പറയുന്നു. എന്നാൽ മുത്തശ്ശിയുടെ മരണത്തോടെ പ്രിയങ്കയുടെ മലയാളത്തിലെ വേരുകൾ ഏവരും അറിഞ്ഞു. മുത്തശ്ശിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ പ്രിയങ്ക തന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയായാണ് മുത്തശ്ശിയെ വിശേഷിപ്പിച്ചത്. കേരളത്തെ കുറിച്ച് പ്രിയങ്ക പറയുന്നത് ഇങ്ങനെയാണ്- 'എന്റെ അച്ഛനോ അമ്മയോ മലയാളികളല്ല. എന്നാൽ അമ്മയുടെ അമ്മ മലയാളിയാണ്. കോട്ടയമാണ് മുത്തശ്ശിയുടെ നാട്. മലയാളി ബന്ധമുള്ളതുകൊണ്ടാണ് ഞാൻ ഇത്രയും ബുദ്ധിമതിയായത്' പ്രിയങ്ക ചോപ്ര അഭിമാനത്തോടെ പറയുന്നു. അതുകൊണ്ട് തന്നെ ആഗോള പ്രശസ്തയായി പ്രിയങ്ക വളരുമ്പോൾ മലയാളിയക്കും അഭിമാനിക്കാം.

തമിഴൻ' എന്ന തമിഴ് ചിത്രത്തിലാണ് പ്രിയങ്ക ചോപ്രയുടെ സിനിമാ കരിയർ ആരംഭിക്കുന്നത്. പിന്നീട് അവർ ഹിന്ദി സിനിമാലോകത്തേക്ക് ചേക്കേറി. വമ്പൻ സിനിമകളുടെ ഭാഗമായി. ബോളിവുഡിന്റെ താരറാണിയായി. 'ഫാഷൻ' എന്ന ചിത്രത്തിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച നടിയുമായി. ഒരു ദശകമായി അവർ ബോളിവുഡ് സിനിമയുടെ ഭാഗമാണ്. 'ബർഫി'യാണ് പ്രിയങ്ക ചോപ്രയുടെ പുതിയ ചിത്രം. ഓട്ടിസം ബാധിച്ച പെൺകുട്ടിയായാണ് പ്രിയങ്ക ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഈ കഥാപാത്രത്തിന് വേണ്ടി താൻ ഏറെ തയ്യാറെടുപ്പുകൾ സ്വീകരിച്ചിരുന്നതായി പ്രിയങ്ക വെളിപ്പെടുത്തി. 'ഈ സിനിമ എന്റെ കാഴ്ചപ്പാടുകളിൽ മാറ്റം വരുത്തി. ചെറിയ നേട്ടങ്ങളിൽ സന്തോഷിക്കാൻ ബർഫി എന്നെ പഠിപ്പിച്ചു' പ്രിയങ്ക ചോപ്ര പറയുന്നു.

അമേരിക്കൻ ടി.വി പരമ്പരയായ 'ക്വാന്റികോ' യുടെ 2016ലെ ടീൻ സീരീസ് പുരസ്‌കാരത്തിന്റെ അന്തിമപട്ടികയിൽ പ്രിയങ്ക ചോപ്ര എത്തിയതോടെയാണ് താരത്തിന്റെ ഗ്രാഫ് ഉയരുന്നത്. ടി.വി ബ്രേക് ഔട്ട് സ്റ്റാർ കാറ്റഗറി വിഭാഗത്തിന്റെ അവസാന പട്ടികയിലേക്കാണ് 33കാരിയായ പ്രിയങ്കയെ നാമനിർദ്ദേശം ചെയ്തത്. ഇന്റർനാഷനൽ ടി.വി ഷോയിൽ തിളങ്ങിയ ചോപ്ര നേരത്തേ 'ഫേവറിറ്റ് ആക്ട്രസ്' പുരസ്‌കാരവും നേടിയിരുന്നു. 2016ലെ പീപ്ൾ ചോയ്‌സസ് അവാർഡിലൂടെയായിരുന്നു ഇവർ അതിനായി പരിഗണിക്കപ്പെട്ടത്. ജൂലൈ 13ന് ലോസ് ആഞ്ജലസിൽ നടക്കുന്ന ചടങ്ങിലാണ് ടീൻസ് ചോയ്‌സ് പുരസ്‌കാരം സമ്മാനിക്കുക. ഇതോടെ അമേരിക്കയിലെ പ്രിയ താരമായി പ്രിയങ്കമാറി. യൂറോപ്യൻ ചാനലുകളിലെ ടിവി ടോക് ഷോകളും സ്വപ്‌ന സുന്ദരിയുടെ റേറ്റിംഗിന് ക്ഷണിച്ചു.

ഇതിനിടെ വൈറ്റ് ഹൗസിൽ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേൽ ഒബാമയും ഡിന്നറിന് ക്ഷണിച്ചു. വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിലാണ് ഒബാമയ്ക്കും ഭാര്യയ്ക്കുമൊപ്പം പങ്കെടുത്തത്. ഡിന്നറിനു ശേഷം ഇരുവർക്കുമൊപ്പമെടുത്ത ഫോട്ടോ പ്രിയങ്ക
ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്യുകയും ചെയ്തു. അമേരിക്കയിൽ പ്രിയങ്കയുടെ ജനപ്രീതി ഉയരുന്നതിന് തെളിവായി ഇതിനെ വിലയിരുത്തുന്നു. 'ക്വാന്റികോ''യിലൂടെ ഹോളിവുഡിലും ഇടമുറപ്പിച്ച പ്രിയങ്ക ചോപ്രയ്ക്ക്ക്ക് പുതിയ ആഗ്രഹം. ഇന്ത്യൻ താരങ്ങൾ ഹാസ്യകഥാപാത്രങ്ങളെന്ന നിലയിലുള്ള ഹോളിവുഡിന്റെ പതിവ് ശൈലി മാറ്റിയെടുക്കുകയെന്നതാണ് നടിയുടെ ലക്ഷ്യം. 'ഐക്കൺ എന്ന വാക്കിന് വളരെ വലിയ അർത്ഥമാണുള്ളത്, ഇതുവരെ ഞാനതിലേക്ക് എത്തിപ്പെട്ടിട്ടില്ല. എനിക്ക് പിന്നാലെ വരുന്നവർക്കുവേണ്ടി എന്തെങ്കിലും എനിക്ക് ചെയ്യണം. എന്റെ കാൽവയ്‌പ്പുകൾ ലോകത്താകമാനം അറിയണം. ഹോളിവുഡിൽ ഹാസ്യകഥാപാത്രമായി മാറാൻ എനിക്കാഗ്രഹമില്ല' പ്രിയങ്ക മാദ്ധ്യമങ്ങളോട് പറഞ്ഞു.

'എനിക്ക് വേറെ ആരെയും പോലെയാകണ്ട. ഇന്ത്യൻ അഭിനേതാക്കൾ കഴിവുള്ളവരാണ്. അതുകൊണ്ടാണല്ലോ, 'ക്വാണ്ടിക്കോ' പോലെയൊരു ഷോയും 'ബേവാച്ച്' പോലെയൊരു സിനിമയും എനിക്കു ചെയ്യാൻ പറ്റിയത്. എനിക്ക് പ്രിയങ്ക ചോപ്രയായാൽ മതി'-പ്രിയങ്കയുടെ ഈ ആത്മവിശ്വാസം തന്നെയാണ് മുന്നോട്ടുള്ള പ്രയാണത്തിന് കരുത്താകുന്നത്. ഹോളിവുഡിലേക്കുള്ള തന്റെ കടന്നുവരവ് ഒരു തുടക്കം മാത്രമാണെന്നും ഇനിയും കഴിവുള്ള ഒരുപാട് പേരെ ലോകമറിയണമെന്നും പ്രിയങ്ക പറഞ്ഞു. ഐ.ഐ.എഫ്.എ അവാർഡ് നിശയിൽ 'ബാജിറാവു മസ്താനി'യിലെ ശ്രേയ ഘോഷാലിന്റെ ശബ്ദത്തിൽ ഉയർന്നുകേട്ട ഗാനത്തിനൊപ്പം ചുവടുവച്ചും ചരിത്രം കുറിച്ചു. നൃത്തച്ചുവടുകൾക്കായി ഏകദേശം രണ്ടുകോടി രൂപ പ്രിയങ്ക സംഘാടകരോടു ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതുകാരണമാണ് അടുത്ത സുഹൃത്തുക്കളായ പ്രിയങ്കയും ദീപിക പദുക്കോണും ഒന്നിച്ച് വേദിയിലെത്താതിരുന്നതെന്നും അണിയറയിൽ സംസാരമുണ്ട്. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, ഒന്നിച്ച് പെർഫോം ചെയ്യാനാണ് തീരുമാനിച്ചിരുന്നതെന്നും അതെങ്ങനെയാണ് മാറിയതെന്ന് അറിയില്ലെന്നുമാണ് പ്രിയങ്ക ഒരു അഭിമുഖത്തിൽ പറഞ്ഞത്.

പ്രണയത്തെ കുറിച്ചും വ്യത്യസ്ത കാഴ്ചപാടാണ് പ്രിയങ്കയ്ക്കുള്ളത്. ഏറ്റവുമധികം ആരാധകരുള്ള, ഏറ്റവുമധികം പേർ സെക്‌സിയായി തെരഞ്ഞെടുത്ത, ഏറ്റവുമധികം പ്രതിഫലം പറ്റുന്ന ബോളിവുഡിന്റെ സൂപ്പർ ബ്യൂട്ടി. പുറത്തുള്ള ആരാധകരെ പോലെ സിനിമയ്ക്കകത്തും താരത്തിന് ആരാധകർക്ക് പഞ്ഞമില്ലാതിരുന്നൊരു കാലമുണ്ടായിരുന്നു. പ്രിയങ്കയുടെ പ്രണയകഥയിൽ കിങ് ഖാനും, അസീം മർച്ചന്റും, അക്ഷയ് കുമാറും, ഷാഹിദ് കപൂറും, ഹർമൻ ബവേജയുമടക്കമുള്ള സുന്ദരന്മാർ വന്നുപോയി. എന്നാൽ താരസുന്ദരിക്ക് പറയാൻ ഒന്നേയുള്ളൂ. ഞാൻ ആരുമായി ഡേറ്റ് ചെയ്യില്ല. എനിക്ക് ഇനിയും പ്രണങ്ങളുണ്ടായേക്കാം, എന്നാൽ അതെല്ലാം ചുറ്റിക്കറങ്ങി നടക്കാനുള്ള ലൈസൻസായി കരുതുന്നില്ല. ഇന്ത്യയിൽ ആരെങ്കിലുമായി പ്രണയത്തിലാകുകയെന്നു പറയുന്നത് തീർത്തും വ്യത്യസ്തമായൊരു കാര്യമാണ്. നിങ്ങൾക്കൊരാളെ ഇഷ്ടമായാൽ, പരസ്പരം സ്‌നേഹിക്കുന്നുണ്ടെന്നു മനസിലായാൽ ആ ബന്ധം ആരംഭിക്കുകയാണ് വേണ്ടത്. പിന്നെ ഓരോ കാര്യങ്ങൾക്കും പരസ്പരം ഉത്തരം പറയേണ്ടി വരും. വെറുതേ ചുറ്റിക്കറങ്ങി നടക്കാനാണെങ്കിൽ ചോദ്യം ചെയ്യലിനെ ഭയപ്പെടേണ്ടതുമില്ല. ഇത്തരത്തിലൊക്കെ എനിക്ക് എന്നെങ്കിലും സാധിക്കുമോയെന്നു പോലും അറിയില്ലെന്നും പ്രിയങ്ക പറയുന്നു.

അശോക് ചോപ്രയുടെയും, മധു അഖൗരിയുടെയും മകളായി 1982ൽ ജാർഖണ്ടിലെ ജംഷഡ്പൂരിൽ ജനിച്ച പ്രിയങ്കയ്ക്ക് തന്നെക്കാൾ എട്ട് വയസ്സിന് താഴെയുള്ള ഒരു സഹോദരൻ കൂടിയുണ്ട് പേര് സിദ്ധാർത്ഥ്. ഉത്തർപ്രദേശിലെ ബരേലിയിലുള്ള സെന്റ് മരിയ ഗോരെട്ടിയിലും, യുണൈറ്റഡ് സ്റ്റേറ്റ്‌സിലുള്ള ന്യൂട്ടൺ നോർത്ത് ഹൈസ്‌കൂളിലും, നോർത്ത് ഡെൽറ്റയിലുള്ള നോർത്ത് ഡെൽറ്റ സീനിയർ സെകൻഡറി സ്‌കൂളിലുമായി വിദ്യാഭ്യാസം നേടിയ പ്രിയങ്ക ചോപ്രയുടെ വിളിപ്പേര് മിമി എന്നാണ്. പ്രിയങ്ക ചോപ്രയുടെ ആദ്യ ഹിന്ദി ചിത്രം അനിൽ ശർമ്മ സംവിധാനം ചെയത ദി ഹീറോ:ലവ് സ്റ്റോറി ഓഫ എ സ്‌പൈ (2003) ആണ്. ഇതേ വർഷത്തിൽ തന്നെ പുറത്തിറങ്ങിയ അന്താശ് എന്ന ചിത്രമാണ് പ്രിയങ്ക ചോപ്രയുടെ ആദ്യ വിജയ ചിത്രം.

ഈ സിനിമയിൽ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് പ്രിയങ്ക ചോപ്രയ്ക്ക് ലഭിക്കുകയുണ്ടായി. ഐത്രാശ് (2004), മുജ്‌സെ ശാദി കരോഗെ (2004), ക്രിഷ് (2006), ഡോൺദി ചേസ് ബിഗെൻസ് എഗൈൻ (2006) എന്നീ ചിത്രങ്ങൾ പ്രിയങ്ക ചോപ്രയുടെ വിജയചിത്രങ്ങളിൽ ചിലതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP