Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് പെരുംനുണകൾ: മേക്കപ്പ്മാനെ താനല്ല, തന്നെ മേക്കപ്പ്മാനാണു മർദിച്ചത്; സെറ്റിൽവച്ചു ക്ഷമ പറഞ്ഞ മേക്കപ്പ്മാനും സുഹൃത്തുക്കളും ചേർന്ന് സോഷ്യൽ മീഡിയയിലൂടെ തന്നെ അപമാനിച്ചു; വ്യാജ പ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് പ്രായഗ മാർട്ടിന്റെ പ്രതികരണം

സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് പെരുംനുണകൾ: മേക്കപ്പ്മാനെ താനല്ല, തന്നെ മേക്കപ്പ്മാനാണു മർദിച്ചത്; സെറ്റിൽവച്ചു ക്ഷമ പറഞ്ഞ മേക്കപ്പ്മാനും സുഹൃത്തുക്കളും ചേർന്ന് സോഷ്യൽ മീഡിയയിലൂടെ തന്നെ അപമാനിച്ചു; വ്യാജ പ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് പ്രായഗ മാർട്ടിന്റെ പ്രതികരണം

കൊച്ചി: പി.ടി കുഞ്ഞു മുഹമ്മദിന്റെ ' വിശ്വാസപൂർവം മൻസൂർ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടി പ്രയാഗ മാർട്ടിൻ മേക്ക്അപ്മാനെ മർദിക്കാൻ ശ്രമിച്ചെന്നും അതു തടയാൻ ശ്രമിച്ച മേക്ക്അപ്മാനെക്കൊണ്ട് പരസ്യമായി മാപ്പു പറയിപ്പിക്കുകയും ചെയ്തു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. വിഷയത്തിൽ പ്രയാഗയെ കുറ്റപ്പെടുത്തി നിരവധിപേർ രംഗത്തെത്തുകയും ചെയ്തു. എന്നാൽ യഥാർഥത്തിൽ സംഭവിച്ചത് മറ്റൊന്നായിരുന്നുവെന്ന് പ്രയാഗ തുറന്നു പറയുന്നു.

'ചിത്രത്തിന്റെ ഷൂട്ടിങ് അതിരാവിലെ ആയിരുന്നു. രാവിലെ 4.30 നു തന്നെ ഷൂട്ടിനായി ഞാൻ സെറ്റിൽ എത്തി. ചിത്രത്തിൽ ഞാൻ ചെയ്യുന്ന മുംതാസ് എന്ന കഥാപാതത്തിന് മേക്ക്അപ്പേ ഇല്ല. അത്രയും റിയലിസ്റ്റിക് ആയിട്ടുള്ള ഒരു വേഷമാണ്. അഥവാ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ സ്വയമോ അല്ലെങ്കിൽ എന്റെ തന്നെ ടീമോ ആണു ചെയ്യാറുള്ളതും. രാവിലെ ഷൂട്ടിനായി വന്നപ്പോൾ പി.ടി സാർ പറഞ്ഞു മുഖം കുറച്ച് ഡൾ ആക്കണമെന്ന്. എന്റെ കൈവശം അതുപോലുള്ള ഷെയ്ഡ്സ് (മേക്ക്അപ് സാമഗ്രി) ഇല്ല എന്ന് ഞാൻ സാറിനോടു പറഞ്ഞു. അപ്പോൾ സാർ പറഞ്ഞു നമ്മുടെ മേക്ക്അപ്മാന്റെ സഹായം ചോദിക്കാം, അദ്ദേഹം ചെയ്തുതരുമെന്ന്. തുടർന്ന് സാറിന്റെ നിർദേശത്തോടെ മേക്ക്അപ്മാൻ എന്റെ മുഖത്ത് മേക്ക്അപ് ചെയ്തോളൂവെന്ന് ഞാൻ പറയുകയും ചെയ്തു. പി.ടി സാറിന്റെ നിർദ്ദേശം അനുസരിച്ച് മേക്ക്അപിനായി ഇരുന്ന എന്നോട് ഒരു കാര്യവുമില്ലാതെ, 'നീയൊക്കെ ആരാന്നാ വിചാരം' എന്നൊക്കെ പറഞ്ഞ് അയാൾ ഒരു കാരണവുമില്ലാതെ ദേഷ്യപ്പെടാൻ തുടങ്ങി. പി.ടി സാറും രാധാകൃഷ്ണൻ സാറും ഉൾപ്പടെയുള്ളവർ തൊട്ടടുത്ത് ഇരിപ്പുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ പെരുമാറ്റം കണ്ടപ്പോൾ എല്ലാവരും അതിശയിച്ചു, ഇയാളെന്താ ഇങ്ങനെയെന്നു അവരും വിചാരിച്ചു. റോഡ്സൈഡിലായിരുന്നു ഷൂട്ട് നടന്നിരുന്നത്. ഒരു പെൺകുട്ടിയോട് സംസാരിക്കാൻ പറ്റാത്ത അത്രയും മോശമായി അയാൾ എന്നോടു സംസാരിച്ചു.

ഷൂട്ട് മുടങ്ങേണ്ട എന്നു കരുതി ആ സമയത്ത് താൻ പ്രതികരിച്ചില്ല എന്നും പ്രയാഗ പറയുന്നു. ഷൂട്ട് കഴിഞ്ഞപ്പോൾ അമ്മയോടും അച്ഛനോടും ഇക്കാര്യങ്ങൾ പറഞ്ഞെന്നും പ്രയാഗ പറഞ്ഞു. അമ്മയെയും കൂട്ടി അയാളുടെ അടുത്തെത്തിയപ്പോൾ അയാൾ മോശം ഭാഷയിൽ സംസാരിച്ചെന്നും പ്രയാഗ വ്യക്തമാക്കുന്നു. ''അമ്മയോട് അപമര്യാദയായി സംസാരിക്കാൻ തുടങ്ങിയപ്പോൾ ഞാൻ കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു 'മിസ്റ്റർ നിങ്ങൾ മര്യാദ പാലിക്കണമെന്ന്'. നിങ്ങൾ അങ്ങനെ സംസാരിച്ചതിന്റെ കാരണം എനിക്കറിയണമെന്നു പറഞ്ഞ് കൈചൂണ്ടി സംസാരിച്ചു. 'നീ കൈ ഒന്നും ചൂണ്ടാൻ നിൽക്കല്ലേ... പ്രയാഗ നീ വെറും ഒരു പെണ്ണാണ്' എന്നു പറഞ്ഞിട്ട് അടിമുടി വൃത്തികെട്ട ഒരു നോട്ടം നോക്കി. 'ഞാൻ നിങ്ങൾക്കെതിരെ കൈ ചൂണ്ടി സംസാരിച്ചിട്ടുണ്ടെങ്കിൽ ഞാനിത് എടുത്ത് മാറ്റാൻ പോകുന്നില്ല. ഞാൻ ഒരു പെണ്ണാടോ എന്ന്' അയാളോടു തിരിച്ചു പറഞ്ഞു. അപ്പോഴേക്കും അയാൾ എന്റെ വലതുകൈ പിടിച്ചു തിരിച്ചു. പ്രതിരോധിക്കാൻ നോക്കിയിട്ട് എനിക്കു സാധിച്ചില്ല. ഇതുകണ്ട് അയാൾ എന്റെ ഇടതുകൈയിൽ ഒരു ഇടി തന്നു. അപ്പോഴേക്കും വേറേ രണ്ടു പേർ വന്ന് അയാളെ പിടിച്ചുകൊണ്ടു പോയി. ഇല്ലായിരുന്നേൽ എനിക്ക് ചവിട്ടും തല്ലും ഉറപ്പായിരുന്നു. അത്രയ്ക്കു ക്രോധത്തോടെ നിൽക്കുകയായിരുന്നു അയാൾ'-പ്രയാഗ പറയുന്നു.

ഇത്രയും ദിവസം പ്രതികരിക്കാതിരുന്നത് താരസംഘടനയായ അമ്മയിൽ നിന്നുള്ള നിർദ്ദേശത്തെത്തുടർന്നായിരുന്നെന്നും പ്രയാഗ വ്യക്തമാക്കുന്നു. അമ്മ അധികൃതർ തന്നെ പിന്തുണച്ചതുകൊണ്ടും സിനിമയുടെ സംവിധായകന്റെ നിർദ്ദേശം മാനിച്ചതുകൊണ്ടുമാണ് കേസിനു പോകാഞ്ഞതെന്നും പ്രയാഗ പറയുന്നു. ഷൂട്ടിങ് സ്ഥലത്തുവച്ചു തന്നെ മേക്കപ്പ്മാൻ പരസ്യമായി ക്ഷമ പറഞ്ഞതോടെ സംഭവം അവസാനിച്ചതായിരുന്നു. എന്നാൽ താൻ നിയമപരമായി കേസുമായി മുന്നോട്ടു പോകുമെന്ന് മനസിലാക്കിയ മേക്കപ്പ്മാനും സുഹൃത്തുക്കളും സോഷ്യൽ മീഡിയയിൽ തനിക്കെതിരേ പോസ്റ്റുകൾ ഇടുകയായിരുന്നെന്നും പ്രയാഗ പറഞ്ഞു.

സംഭവം നടക്കുമ്പോൾ സ്ഥലത്ത് ഇല്ലാതിരുന്ന ആർട്ട് ഡയറക്ടറാണ് താൻ മേക്കപ്പ്മാനെ മർദ്ദിച്ചു എന്നതരത്തിൽ പോസ്റ്റിട്ടത് എന്നും പ്രയാഗ പറയുന്നു. ആകെ തകർന്ന താൻ ഈ വിഷയത്തിൽ മേക്കപ്പ്മാനെതിരേയും തനിക്കെതിരേ വ്യാജവാർത്ത കൊടുത്ത ആൾക്കെതിരേയും കേസ് കൊടുക്കുമെന്ന് സംവിധായകനോടു പറഞ്ഞതായും പ്രയാഗ പറയുന്നു. ഇതിനുശേഷം അമ്മയിൽ നിന്നുള്ള നിർദേശത്തെത്തുടർന്ന് അവർ പോസ്റ്റ് നീക്കം ചെയ്തിരുന്നു.തന്റെ ഭാഗം ക്ലിയറാക്കേണ്ടത് തന്റെ ആവശ്യമാണെന്നും പ്രയാഗ വ്യക്തമാക്കി. തന്റെ അനുവാദമില്ലാതെ എന്റെ കൈയിൽ കയറിപ്പിടിച്ച് തന്നെ ഉപദ്രവിക്കുകയാണ് ചെയ്തത്. ഒരു പെൺകുട്ടിക്ക് നേരെയും ഇൻഡസ്ട്രിയിൽ ഇനി ഇങ്ങനെ ഒരു കാര്യം സംഭവിക്കരുത്. ഈ സംഭവം നടന്നതിനു ശേഷവും താൻ ചിത്രത്തിന്റെ ഷൂട്ടുമായി സഹകരിച്ചെന്നും പ്രയാഗ വ്യക്തമാക്കി.

സാഗർ എലിയാസ് ജാക്കി എന്ന ചിത്രത്തിൽ ബാലതാരമായാണ് പ്രയാഗ സിനിമയിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. മിഷ്‌കിൻ സംവിധാനം ചെയ്ത പിസാസ് എന്ന ചിത്രത്തിലൂടെയാണ് നായികാ പദവിയിലേക്കുയരുന്നത്. ഒരു മുറൈ വന്ത് പാത്തായ എന്ന സിനിമയിലൂടെയാണ് പ്രയാഗ മലയാളത്തിൽ നായികാവേഷം അണിയുന്നത്.സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ടും ചുരുങ്ങിയ കാലയളവിനുള്ളിൽ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റാനും പ്രയാഗയ്ക്കു കഴിഞ്ഞു. രാംലീല, സ്നേഹപൂർവം മൻസൂർ എന്നിവയാണ് പ്രയാഗയുടേതായി ഉടൻ പുറത്തിറങ്ങുന്ന ചിത്രങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP