Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

ന്യൂജൻ താരങ്ങളുടെ താൽപ്പര്യങ്ങളും രീതികളും രീതികളും വേറേ; അവരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർപോലും എഫക്ട്സൊക്കെ ചെയ്ത് ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കാനാണ് അവർക്കിഷ്ടം; നായകൻ നിവിൻ പോളിയെങ്കിൽ സെറ്റിൽ സിനിമാ മാധ്യമപ്രവർത്തകർക്കും വിലക്ക്; കൈമലർത്തി സംവിധായകനും നിർമ്മാതാവും

ന്യൂജൻ താരങ്ങളുടെ താൽപ്പര്യങ്ങളും രീതികളും രീതികളും വേറേ; അവരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർപോലും എഫക്ട്സൊക്കെ ചെയ്ത് ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കാനാണ് അവർക്കിഷ്ടം; നായകൻ നിവിൻ പോളിയെങ്കിൽ സെറ്റിൽ സിനിമാ മാധ്യമപ്രവർത്തകർക്കും വിലക്ക്; കൈമലർത്തി സംവിധായകനും നിർമ്മാതാവും

നിവിൻ പോളിയെ വിമർശിച്ച് നാന സിനിമാ വാരിക. നാനയുടെ ഫേസ്‌ബുക്ക് പേജിലാണ് ദീർഘമായ കുറിപ്പുള്ളത്. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഹേ ജൂഡിന്റെ ലൊക്കേഷനിൽ വാരികയുടെ പ്രതിനിധികളെ ക്ഷണിച്ചു വരുത്തി അപമാനിച്ചു എന്ന രീതിയിലാണ് പോസ്റ്റ്

പോസ്റ്റിന്റെ പൂർണ്ണരൂപം

'' രണ്ടാഴ്ച മുമ്പാണ് ടൈറ്റസ് വർഗ്ഗീസ് വിളിച്ചത്. ടൈറ്റസിനെ ഞങ്ങളറിയും. കൊല്ലത്തുകാരനാണ്. സിനിമാപ്രവർത്തകനും.
നിവിൻപോളിയെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഹേ ജൂഡിന്റെ ഷൂട്ടിങ് എറണാകുളത്തേയ്ക്ക് ഷിഫ്റ്റ് ചെയ്തുവെന്നും അത് കവർ ചെയ്യാൻ എത്തണമെന്നും ആവശ്യപ്പെട്ടാണ് ടൈറ്റസ് വിളിച്ചത്. ചിത്രത്തിൽ നിവിന്റെ നായികയായി അഭിനയിക്കുന്ന തൃഷയും രണ്ടുദിവസത്തെ വർക്കിനായി എത്തുന്നുണ്ടെന്നും അവർ കൂടിയുള്ള ദിവസം വന്നാൽ നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിർമ്മാതാവ് അനിൽ അമ്പലക്കര പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നും ടൈറ്റസ് കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ മീഡിയ കോ-ഓർഡിനേറ്ററാണ് ടൈറ്റസ്. സ്ഥിരീകരണത്തിനായി ഞങ്ങൾ അനിലിനെ തന്നെ നേരിട്ട് വിളിച്ചു. ഫോൺ റിങ് ചെയ്യുന്നുണ്ട്. എടുക്കുന്നില്ല. രണ്ട് ആവർത്തിയായപ്പോൾ ആ ശ്രമം തന്നെ ഉപേക്ഷിച്ചു. എന്നാൽ അടുത്തദിവസം രാവിലെ അനിൽ ഞങ്ങളെ തിരിച്ചുവിളിച്ചു. ഞങ്ങൾ വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. സിനിമയുടെ രണ്ട് ഷെഡ്യൂൾ കഴിഞ്ഞെന്നും ഇനി മീഡിയയെ കവർ ചെയ്യാൻ അനുവദിക്കുകയാണെന്നുമാണ് അനിൽ ആമുഖമായി പറഞ്ഞത്.
'ഓഗസ്റ്റ് എട്ടും ഒമ്പതും തീയതികളിലാണ് തൃഷയുള്ളത്. നിങ്ങൾ ആ ദിവസങ്ങളിൽ വന്നാൽ ഞാനും അവിടെയുണ്ടാകും. എല്ലാ സൗകര്യങ്ങളും ചെയ്തുതരാം.' അനിൽ വാഗ്ദാനം ചെയ്തു.
ഏഴാം തീയതിതന്നെ ഞങ്ങൾ എറണാകുളത്തെത്തി. ഷൂട്ടിങ് ലൊക്കേഷൻ ചെറായി ബീച്ചാണ്. എറണാകുളത്തുനിന്ന് മുപ്പത് കിലോമീറ്ററോളം യാത്ര തന്നെയുണ്ട് ചെറായിയിലേക്ക്.
അടുത്തദിവസം രാവിലെ തന്നെ ഞങ്ങൾ ചെറായിയിലേക്ക് പോയി. പത്തുമണിയായപ്പോൾ ലൊക്കേഷനിലെത്തി.
കാറ്റാടി മരങ്ങൾ നിറഞ്ഞ വിശാലമായ കടൽത്തീരം. അവിടെ മനോഹരമായൊരു സെറ്റ് തീർത്തിരിക്കുന്നു. വിവാഹവേദിയുടെ കെട്ടും മട്ടും അലങ്കാരങ്ങളും.
ഷൂട്ടിങ് ആരംഭിച്ചിട്ടില്ല. കടലിനഭിമുഖമായി ഒരു കസേരയിൽ ശ്യാമപ്രസാദ് ഇരിക്കുന്നു. ലൗഡ് സ്പീക്കറിലൂടെ ഒഴുകിയെത്തുന്ന ഒരു ബാന്റ് മ്യൂസിക് ആസ്വദിക്കുകയാണ് അദ്ദേഹം.
ഞങ്ങളെ കണ്ടപ്പോൾ ശ്യാം പാട്ടിന്റെ ലഹരിയിൽ നിന്നുണർന്നു. പിന്നെ ഹസ്തദാനത്തോടെ ഹാർദ്ദവമായ സ്വീകരണം.
സിനിമയുടെ വിശേഷങ്ങൾ പറഞ്ഞിരുന്നു. ഗോവയിൽ ഷൂട്ട് ചെയ്യേണ്ടിയിരുന്ന ഗാനരംഗമായിരുന്നു എന്നും അവിടെ മഴക്കാലമെത്തിയതോടെ ഇങ്ങോട്ടേയ്ക്ക് ഷിഫ്റ്റ് ചെയ്യേണ്ടി വന്നു എന്നുമാണ് ശ്യാം പറഞ്ഞത്.
ഇതിനിടെ അനിൽ അമ്പലക്കരയും എത്തി. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽനിന്നുള്ള ഉണ്ണിയപ്പവുമായിട്ടാണ് വരവ്. അത് ലൊക്കേഷനിലുള്ള എല്ലാവർക്കുമായി വിതരണം ചെയ്തു. അനിൽ നിറഞ്ഞ സന്തോഷത്തിലായിരുന്നു. തൃഷയുടെ പടമെടുക്കാനുള്ള സൗകര്യം അവരുടെ മാനേജരോട് പറഞ്ഞ് ഏർപ്പാട് ചെയ്തിട്ടുണ്ടെന്നും അനിൽ ഞങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു.
പന്ത്രണ്ട് മണിയായി ഷൂട്ടിങ് ആരംഭിക്കാൻ. ആദ്യമെത്തിയത് തൃഷയായിരുന്നു. ഒരു ചുവന്ന ഗൗണായിരുന്നു അവർ ധരിച്ചിരുന്നത്. പിന്നാലെ നിവിനുമെത്തി.
ഒരു ബ്രേക്കിനിടെ നാനയുടെ ഫോട്ടോഗ്രാഫർ, നിവിന്റെ പടമെടുക്കാൻ ഒരുങ്ങി. പെട്ടെന്ന് നിവിൻ വിലക്കി.
'ചേട്ടാ പടത്തിന്റെ ഒരു സ്റ്റിൽസുപോലും ഇതുവരെ കൊടുത്തിട്ടില്ല. അതുകൊണ്ട് പടമെടുക്കരുത്.'
അദ്ദേഹം ക്യാമറ താഴ്‌ത്തി. അൽപ്പം നിരാശയോടെ.
നിർമ്മാതാവ് അനിൽ തൊട്ടടുത്തുണ്ട്. നിവിന്റെ നിസ്സഹകരണം അറിഞ്ഞ് അദ്ദേഹത്തിന്റെ മുഖത്തും കരിനിഴൽ വീണു.
ഒരൽപ്പം കഴിഞ്ഞില്ല. ഞങ്ങളുടെ അടുത്തേയ്ക്ക് തൃഷയുടെ മാനേജർ എത്തി. തൊട്ടുമുമ്പുവരെയും അയാൾ തൃഷയ്ക്കും നിവിനുമൊപ്പമുണ്ടായിരുന്നു. വന്നപാടെ അയാൾ ശബ്ദം താഴ്‌ത്തി പറഞ്ഞു.
'നിവിനും തൃഷയും ഒരുമിച്ച് ഒരു തീരുമാനമെടുത്തിരിക്കുകയാണ്. ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതേവരെ പുറത്തിറങ്ങിയിട്ടില്ല. അതിറങ്ങിയ ശേഷം, അവർ ഒരുമിച്ചുള്ള പടം പുറത്തുവിട്ടാൽ മതിയെന്നാണ് പറയുന്നത്. എന്നുമാത്രമല്ല തൃഷ അണിഞ്ഞിരിക്കുന്ന ഗൗണും അത്ര നല്ലതല്ല. ചുണ്ടിൽ ആവശ്യത്തിലധികം ലിപ്സ്റ്റിക്കുമുണ്ട്. അതുകൊണ്ട് പടമെടുക്കരുത്.'
ഞങ്ങൾ ഒന്നും മിണ്ടിയില്ല. പകരം വിവരം സംവിധായകനെ ധരിപ്പിക്കാൻ തീരുമാനിച്ചു. ഞങ്ങൾക്കൊപ്പം നിർമ്മാതാവ് അനിലും വന്നു. ശ്യാമപ്രസാദിനെകണ്ട് കാര്യം പറഞ്ഞു.
'ഇന്നത്തെ തലമുറയല്ലേ. അവർക്ക് ചില താൽപ്പര്യങ്ങളും രീതികളുമുണ്ട്. അവരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർപോലും എഫക്ട്സൊക്കെ ചെയ്ത് ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കാനാണ് ഇഷ്ടം. എങ്കിലും നമുക്കൊന്ന് വെയിറ്റ് ചെയ്യാം. അവർ ഒന്ന് സെറ്റിലാകട്ടെ.' ശ്യാം പറഞ്ഞു.
ഞങ്ങൾ കാത്തിരുന്നു. സമയം പോകുന്നതല്ലാതെ തീരുമാനങ്ങളൊന്നുമുണ്ടാകുന്നില്ല. ഞങ്ങൾ വീണ്ടും ശ്യാമിനെ സമീപിച്ചിട്ടുപറഞ്ഞു.
'നിവിനോട് നേരിട്ട് കാര്യങ്ങൾ ചോദിക്കാൻ പോകുകയാണ്. എന്നിട്ടെന്ത് വേണമെന്ന് തീരുമാനിക്കാം.' ശരിയെന്ന് ശ്യാമും പറഞ്ഞു.
നിവിനെ കണ്ട് ഫോട്ടോയെടുക്കാൻ കഴിയുമോയെന്ന് തിരക്കി. അപ്പോൾ നിവിന്റെ മറുപടി ഇങ്ങനെ.
'ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയിട്ട് ഞങ്ങൾ ഒരുമിച്ചുള്ള ഫോട്ടോ വന്നാൽ മതിയെന്നുള്ളത് ഡയറക്ടറുടെ തീരുമാനമാണ്.'
ഞങ്ങൾ പിന്നെ തർക്കിക്കാനൊന്നും നിന്നില്ല. ശ്യാമിനെകണ്ട് കാര്യം പറയുകയായിരുന്നു.
'ഡയറക്ടർ സമ്മതിക്കുന്നില്ലെന്നാണല്ലോ നിവിൻ പറഞ്ഞത്.'
'ഞാനങ്ങനെപറഞ്ഞിട്ടില്ല. പക്ഷേ എന്തുചെയ്യാൻ പറ്റും. ഇന്നത്തെ കുട്ടികൾ അങ്ങനെയായിപ്പോയില്ലേ? അവർക്കൊപ്പം ഞാനും നിൽക്കുന്നുണ്ടെന്നൊരു തോന്നൽ ഉണ്ടാക്കണമല്ലോ.' നിസ്സഹായത നിറഞ്ഞതായിരുന്നു ശ്യാമപ്രസാദിന്റെ മറുപടി.
പിന്നൊരു കലഹത്തിന് ഞങ്ങളും നിന്നില്ല. സന്തോഷപൂർവ്വം അവിടെനിന്ന് യാത്ര പറഞ്ഞിറങ്ങി.
കഴിഞ്ഞയാഴ്ച ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഹേ ജൂഡിന്റെ സെറ്റ് കവറേജ് ചെയ്യാൻ പോയ ഞങ്ങൾക്ക് നേരിട്ട അനുഭവമാണ് ഒരൽപ്പംപോലും നിറം കലരാതെ പറഞ്ഞത്. മാധ്യമപ്രവർത്തകരുടെ തൊഴിലിടങ്ങളിൽപോലും അവരെ ജോലി ചെയ്യാൻ അനുവദിക്കാത്തവിധം നമ്മുടെ ന്യൂജനറേഷൻ താരങ്ങൾ വളർന്നിരിക്കുന്നു. അവരുടെ കപടമുഖത്തിന്റെ മറ്റൊരു നേർസാക്ഷ്യമാണ് ഇത്.
ആദ്യം ഫോട്ടോയെടുക്കരുതെന്ന് ഫോട്ടോഗ്രാഫറെ വിലക്കുന്ന നിവിൻ അതിന് കാരണമായി പറഞ്ഞത് ചിത്രത്തിന്റെ സ്റ്റിൽസുകളൊന്നും പുറത്തുപോയിട്ടില്ലെന്നാണ്. എന്നാൽ സത്യം അതല്ല. അതിന്റെ തലേദിവസം തന്നെ നാനയടക്കമുള്ള പത്രമാധ്യമങ്ങളിലേക്ക് ഹേ ജൂഡിന്റെ ചിത്രങ്ങളും മാറ്ററുകളും പി.ആർ.ഒ വഴി എത്തിയിരുന്നു. കഴിഞ്ഞയാഴ്ച അത് അച്ചടിച്ചുവരികയും ചെയ്തു.
ഇതും പോരാഞ്ഞിട്ടാണ് നിവിൻ, തൃഷയുടെ മാനേജരെ ദൂതനായി ഞങ്ങളുടെ അടുത്തേയ്ക്ക് അയച്ചത്. തൃഷയും നിവിനും കൂടി ചേർന്നെടുത്ത തീരുമാനമെന്ന നിലയ്ക്കാണ് അയാൾ ഞങ്ങളോട് കാര്യങ്ങൾ പറഞ്ഞതും. ഫസ്റ്റ് ലുക്ക് പോസ്റ്റർ വന്നശേഷം അവരുടെ പടമെടുത്താൽ മതിയത്രെ.
പിന്നീട് ഇത് ക്ലാരിഫൈ ചെയ്യാൻ ചെന്ന ഞങ്ങളോട് നിവിൻ പറഞ്ഞത് സംവിധായകൻ സമ്മതിക്കാത്തതുകൊണ്ട് ഫോട്ടോയ്ക്ക് പോസുചെയ്യുന്നില്ലെന്നാണ്.
അക്കാര്യം പിന്നീട് ശ്യാം തന്നെ നിഷേധിച്ചതോടെ പുറത്തുവന്നത് നിവിൻ എന്ന കലാകാരന്റെ ഇരട്ടമുഖമാണ്.
സത്യത്തിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യില്ലെന്ന് തൃഷ പറഞ്ഞില്ല. നിർമ്മാതാവ് പറഞ്ഞതനുസരിച്ച് അവർ ഫോട്ടോയെടുക്കാൻ തയ്യാറുമായിരുന്നു. പക്ഷേ തൃഷയുടെ മനസ്സ് മാറ്റിച്ചത് ആരായിരുന്നു?
അടുത്തിടെ ഈ താരം തന്നെ നിർമ്മിച്ച ഒരു ചിത്രമുണ്ട് 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള.' അതിൽ ഈ നടന്റെ അമ്മ വേഷം ചെയ്തത് ശാന്തികൃഷ്ണയാണ്. ആ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ നാളിൽ ഒരിക്കൽ ശാന്തികൃഷ്ണയെ കാണാൻ ഞങ്ങൾ പോയി. ഫോട്ടോഷൂട്ടിന്റെ കാര്യം ചർച്ചാവിഷയമായപ്പോൾ അവർ പറഞ്ഞത് 'ഈ സിനിമ റിലീസായതിന് ശേഷം മാത്രം ഫോട്ടോയ്ക്ക് പോസ് ചെയ്യാവൂ എന്ന് നിവിന്റെ കർശന നിർദ്ദേശമുണ്ടെന്നാണ്.'
ഉന്നതശീർഷരായ കലാകാരന്മാരും അവരുടെ ഉയർന്ന മനസ്സും അവരുടെ അക്ഷീണപ്രയത്നവും കൊണ്ട് കെട്ടിപ്പടുത്ത ഒരു മഹാസാമ്രാജ്യത്തിലെ അണുമാത്രമാണ് നടന്മാർ. അതിനുമേൽ ഒരു വിശേഷപ്പെട്ട സർവ്വാധികാരവും ആർക്കും തീറെഴുതി കൊടുത്തിട്ടില്ല.
സെറ്റ് കവർ ചെയ്യേണ്ട എന്ന തീരുമാനം ശ്യാമിനും ഉണ്ടായിരുന്നില്ല. കാരണം അങ്ങനെയൊരു ഉദ്ദേശം അദ്ദേഹത്തിനുണ്ടായിരുന്നെങ്കിൽ അത് മുൻകൂട്ടി ഞങ്ങളോട് പറയുമായിരുന്നു. ഞങ്ങൾക്ക് അതിന് അനുഭവവുമുണ്ട്. അദ്ദേഹത്തിന്റെ ഒട്ടുമിക്ക സിനിമകളും കവർ ചെയ്യാനനുവദിച്ച സംവിധായകനാണദ്ദേഹം. ആകെ ഒരു നിയന്ത്രണം പറഞ്ഞത് 'ഒരേ കടൽ', 'അകലേ' എന്നീ രണ്ട് സിനിമകളുടെ ലൊക്കേഷനിൽ എത്തിയപ്പോൾ മാത്രമായിരുന്നു.
ഈ കുലീനത്വം കാണിച്ച ശ്യാം പോലും നിവിന് മുന്നിൽ കീഴടങ്ങുന്നതുകണ്ടപ്പോൾ സഹതാപമാണ് തോന്നിയത്. ഒരു സിനിമയുടെ അന്തിമവാക്ക് എന്നും സംവിധായകൻ തന്നെയായിരിക്കണം. അയാളുടെ തീരുമാനങ്ങളും ഇഷ്ടങ്ങളും വേണം അവിടെ നടപ്പിലാക്കാൻ.
ഇനി ഇതിന് എല്ലാത്തിനും മുകളിൽ ഒരാളുണ്ട്. പണ്ട് മുതലാളിമാർ എന്ന ആദരവോടെ, വിശിഷ്ടമായ സ്ഥാനം നൽകി മലയാളസിനിമയെന്നല്ല ആ ഇൻഡസ്ട്രി മുഴുവനായും അംഗീകരിച്ച് ബഹുമാനിച്ചിരുന്ന ഒരു കൂട്ടരുണ്ട്- നിർമ്മാതാക്കൾ. അവരെപ്പോലും നിശബ്ദരാക്കാൻ പാകത്തിൽ ഒരു നടൻ വളർന്നുവെങ്കിൽ അതൊരു ആപൽസൂചനയാണ്. അത്തരക്കാർ മലയാളസിനിമയ്ക്ക് ഒരു ശാപവുമാണ്.''

ഗോവയിലും കേരളത്തിലുമായി ചിത്രീകരിക്കുന്ന ഹേയ് ജൂഡ് എന്ന സിനിമയിൽ നിവിൻ പോളിയും തൃഷയുമാണ് കേന്ദ്രകഥാപാത്രങ്ങൾ. ഫസ്റ്റ് ലുക്ക് പുറത്തുവരുന്നത് വരെ ബോളിവുഡിൽ ഉൾപ്പെടെ പ്രധാന കഥാപാത്രങ്ങളുടെ ലുക്കും ചിത്രങ്ങളും പുറത്തുവിടാറില്ല. ഫസ്റ്റ് ലുക്ക് പുറത്തുവരാത്തതിനാൽ തൃഷയ്ക്കൊപ്പമുള്ള ചിത്രം അതിനു ശേഷം പുറത്തുവിട്ടാൽ മതിയെന്നാണ് തീരുമാനമെന്ന് നിവിൻ പറഞ്ഞതായി വാരിക പറയുന്നു. എന്നാൽ ഹേയ് ജൂഡ് ലൊക്കേഷൻ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നുവെന്നും നാന തന്നെ പല ചിത്രങ്ങളും നൽകിയെന്നുമാണ് വാരികയുടെ വിശദീകരണം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP