Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ന്യൂ ജനറേഷൻ നായികാ നായകന്മാർ ആകാശത്തുനിന്ന് പൊട്ടിവീഴുന്നവർ; അമ്മയും അച്ഛനും അവർക്കുവേണ്ട; ഒമ്പതുമാസമായി സിനിമയിലില്ലാത്ത വിഷമം പറഞ്ഞ് ബിന്ദു പണിക്കർ

ന്യൂ ജനറേഷൻ നായികാ നായകന്മാർ ആകാശത്തുനിന്ന് പൊട്ടിവീഴുന്നവർ; അമ്മയും അച്ഛനും അവർക്കുവേണ്ട; ഒമ്പതുമാസമായി സിനിമയിലില്ലാത്ത വിഷമം പറഞ്ഞ് ബിന്ദു പണിക്കർ

ആകാശത്തുനിന്ന് പൊട്ടിവീഴുന്ന നായികയും നായകനുമാണ് ന്യൂ ജനറേഷൻ സിനിമകളിലേതെന്ന് നടി ബിന്ദു പണിക്കർ. അമ്മയും അച്ഛനുമൊന്നും ആവശ്യമില്ലാത്ത ഇത്തരം കഥാപാത്രങ്ങളാണ് തന്നെപ്പോലുള്ള അഭിനേതാക്കളുടെ അവസരങ്ങൾ ഇല്ലാതാക്കിയതെന്നും അവർ പറഞ്ഞു. കന്യകയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബിന്ദു പണിക്കരുടെ തുറന്നുപറച്ചിൽ.

വാൽസല്യത്തിലെ നാടൻ പെൺകുട്ടിയും ശ്രീകൃഷ്ണപുരത്തെ പൊങ്ങച്ചക്കാരിയും സൂത്രധാരനിലെ ദേവുമ്മയും മലയാളികൾക്ക് മറക്കാനാകാത്ത കഥാപാത്രങ്ങളാണ്. ആ വേഷങ്ങളെ വെള്ളിത്തിരയിൽ വിസ്മയിപ്പിക്കുന്ന തന്മയത്വത്തോടെ അവതരിപ്പിച്ച ബിന്ദു പണിക്കരെയും മലയാളികൾക്ക് മറക്കാനാകില്ല. എന്നാൽ, കഴിഞ്ഞ ഒമ്പതുമാസമായി ബിന്ദു പണിക്കരെ സ്‌ക്രീനിൽ കാണാനില്ല. എവിടെപ്പോയി ബിന്ദു പണിക്കർ എന്ന ചോദ്യത്തിനാണ്, നല്ല കഥാപാത്രങ്ങളില്ലാതായതോടെ താനും തന്റെ സമകാലികരായ താരങ്ങളും സിനിമയിൽനിന്ന് പുറന്തള്ളപ്പെട്ടുവെന്ന വിഷമം ബിന്ദു പണിക്കർ വെളിപ്പെടുത്തിയത്.

ലോഹിതദാസിനെപ്പോലുള്ള തിരക്കഥാകൃത്തുക്കളില്ലാതായതും ഇപ്പോഴത്തെ എഴുത്തുകാർ അത്തരം മണ്ണിന്റെ മണമുള്ള കഥാപാത്രങ്ങളെ സൃഷ്ടിക്കാതായതും പ്രതിസന്ധിയുണ്ടാക്കി. ഏറെ നാളുകൾക്കുശേഷമാണ് ലാൽ ജോസിന്റെ പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന സിനിമയിൽ അഭിനയിച്ചത്. പിന്നീട് വീണ്ടും അവസരങ്ങളില്ലാതായെന്നും ബിന്ദു പണിക്കർ പറയുന്നു.

ആകസ്മികമായി സിനിമയിലെത്തിയ താരമാണ് ബിന്ദു പണിക്കർ. ചെറുപ്പത്തിൽ നൃത്തം പഠിച്ചെങ്കിലും പിന്നീടത് മുടങ്ങി. പ്രീഡിഗ്രിക്ക് ശേഷം ഡി.ഫാം കോഴ്‌സ് ചെയ്തു. ഇതിനുശേഷം വെറുതെയിരുന്നപ്പോഴാണ് വീണ്ടും നൃത്തം പഠിക്കാമെന്ന് കരുതിയത്. കൊച്ചിയിലെ കലാഭവനിൽ ചേർന്നു. കമലദളം എന്ന സിനിമയ്ക്ക് നായികയെ തേടുന്ന കാലമായിരുന്നു അത്. കൂട്ടുകാരിയായ ശർമിള ബിന്ദുവറിയാതെ ചിത്രം അയച്ചുകൊടുത്തു. ഓഡീഷനു ചെന്ന ബിന്ദുവിന് ചെറിയൊരു വേഷമാണ് ലഭിച്ചത്. പിന്നീട് വളയം എന്ന സിനിമയിൽ അഭിനയിച്ചതോടെ, അഭിനേത്രിയെന്ന നിലയ്ക്കുള്ള ജീവിതത്തിന് തുടക്കമായി.

കോഴിക്കോട് സ്വദേശികളായ ദാമോദരപ്പണിക്കരുടെയും നീനയുടെയും മകളാണ് ബിന്ദു. പട്ടാളക്കാരനായിരുന്നു അച്ഛൻ. വിരമിച്ച ശേഷം കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ജോലിക്ക് ചേർന്നതോടെ, ബിന്ദുവിന്റെ ജീവിതവും എറണാകുളത്തായി. അഞ്ചാം വയസ്സിൽ നൃത്തം പഠിക്കാൻ തുടങ്ങി. ചെറുപ്പത്തിലേ അഭിനയത്തോട് താത്പര്യമുണ്ടായിരുന്നു. സിനിമയിൽ സജീവമായശേഷമാണ് ഭർത്താവ് ബിജുവിനെ പരിചയപ്പെടുന്നത്. ഷാജി കൈലാസിന്റെ അസോസിയേറ്റായിരുന്നു ബിജു. പത്തുവർഷത്തോളം നീണ്ട ദാമ്പത്യത്തിനുശേഷം ബിജു മരിച്ചതോടെ, ബിന്ദു ജീവിതത്തിൽ തനിച്ചായി. ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന മകളുമൊത്ത് പിന്നീടുള്ള ജീവിതം സിനിമാ സെറ്റുകളിലായി. നസ്രാണിയെന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയായിരുന്നു ഭർത്താവിന്റെ മരണം.

ന്യൂജനറേഷൻ സിനിമകളുടെ വരവോടെ അവസരങ്ങളില്ലാതായെങ്കിലും, ബിന്ദു പ്രതീക്ഷ കൈവിടുന്നില്ല. ഏറെ താമസിയാതെ തന്റെ സിനിമാ ജീവിതത്തിലെ തിരിച്ചുവരവ് പ്രതീക്ഷിക്കാമെന്ന് അവർ പറയുന്നു. അപ്പോഴേക്കും അച്ഛനും അമ്മയുമില്ലാത്ത ന്യൂ ജനറേഷൻ നായികാ നായകന്മാരുടെ കാലം കഴിയുമെന്ന പ്രതീക്ഷയിലാണ് ബിന്ദു പണിക്കർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP