Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

ആവശ്യത്തിലേറെ വിമർശനങ്ങൾ നേരിടേണ്ടി വന്ന നടനാണ് ജയറാം; തൂവൽ കൊട്ടാരത്തിലെ പ്രകടനത്തിന് സംസ്ഥാന അവാർഡ് നഷ്ടമായത് സാങ്കേതിക കാരണം പറഞ്ഞുകൊണ്ട്; രാജസേനനുമായുള്ള കൂട്ടുകെട്ട് പിരിഞ്ഞത് ഇരുകൂട്ടരെയും ബാധിച്ചു; ജയറാമിന്റെ കരിയറിനെ വിലയിരുത്തി ആരാധകനെഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുമ്പോൾ

ആവശ്യത്തിലേറെ വിമർശനങ്ങൾ നേരിടേണ്ടി വന്ന നടനാണ് ജയറാം; തൂവൽ കൊട്ടാരത്തിലെ പ്രകടനത്തിന് സംസ്ഥാന അവാർഡ് നഷ്ടമായത് സാങ്കേതിക കാരണം പറഞ്ഞുകൊണ്ട്; രാജസേനനുമായുള്ള കൂട്ടുകെട്ട് പിരിഞ്ഞത് ഇരുകൂട്ടരെയും ബാധിച്ചു; ജയറാമിന്റെ കരിയറിനെ വിലയിരുത്തി ആരാധകനെഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുമ്പോൾ

കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ജയറാം. ഒരുകാലത്ത് കുടുംബ ചിത്രങ്ങളിലൂടെ മലയാള സിനിമയ്ക്ക് സൂപ്പർഹിറ്റുകൾ സമ്മാനിച്ച താരത്തിന്റെ കഴിഞ്ഞ കുറച്ച് വർഷത്തെ ചിത്രങ്ങളെല്ലാം പരാജയത്തിന്റെ വക്കിലായിരുന്നു. എന്നാൽ അടുത്തിടെ രമേഷ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവർണതത്ത എന്ന ചിത്രത്തിലെ നടന്റെ പ്രകടനവും മേക്ക് ഓവറും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോളിതാ ജയറാമിന്റെ കരിയറിലെ വിജയപരാജയങ്ങളെ വിലയിരുത്തി ഒരു ആരാധകൻ എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റാണ് ചർച്ചയാകുന്നത്.മഹേഷ് ഗോപാൽ എന്ന ആരാധകൻ എഴുതിയ ഫേസ്‌ബുക്ക് കുറിപ്പ് ജയറാമും പങ്കുവച്ചു.


മഹേഷ് ഗോപാലിന്റെ കുറിപ്പ് വായിക്കാം

Stories you may Like

ആവശ്യത്തിനും അനാവശ്യത്തിനും പരിഹാസങ്ങളെയ്യുന്ന ഒരു സമൂഹത്തിൽ, ആവശ്യത്തി ലേറെ വിമർശനങ്ങൾ നേരിടേണ്ടി വന്ന നടനാണ് ജയറാം.സമീപകാലത്തെ കുറേയേറെ ചിത്രങ്ങൾ അതിന് കാരണമായിട്ടുണ്ടെങ്കിലും ജയറാം എന്ന നടനെ അത്ര വേഗമൊന്നും എഴുതിത്ത്ത്തള്ളാൻ കഴിയില്ല.ജയറാം എന്ന നടൻ എങ്ങനെ ഉയർന്നു വന്നുവെന്നും എന്തായിരുന്നു അദ്ദേഹത്തിന്റെ തിരിച്ചടികൾക്ക് കാരണമെന്നും വസ്തുനിഷ്ഠമായി വിലയിരുത്തുകയാണ് ഇവിടെ.

നായകനായി വന്ന്, മുപ്പതു വർഷങ്ങളായി നായകനായി തന്നെ നിലനിൽക്കുന്ന ഈ നടന്റെ കരിയറിലെ ഉയർച്ച താഴ്ചകൾക്ക് കാരണങ്ങൾ അനവധിയാണ്.അഭിനയിച്ച ആദ്യ ചിത്രത്തിൽ തന്നെ ഒരു നടനെന്ന നിലയിൽ പ്രേക്ഷക മനസ്സിൽ വ്യക്തമായൊരു സ്ഥാനമുണ്ടാക്കാൻ ജയറാമിനു കഴിഞ്ഞു.

അപരനെന്ന ചിത്രത്തിന്റെ വിജയത്തിൽ വലിയൊരു പങ്ക് ക്ലൈമാക്സിലെ നിഗൂഡമായ ആ ഒരു ചിരിയിലാണെന്നിരിക്കേ, ആ രംഗം അതീവ സൂക്ഷ്മതയോടെ പ്രേക്ഷകരിലെത്തിക്കാൻ അദ്ദേഹത്തിനായി.തഴക്കം വന്ന കഥാപാത്രങ്ങളിലൂടെ ജയറാമിനോളം വേഗത്തിൽ establish ആയ മറ്റൊരു നടൻ മലയാള സിനിമാ ചരിത്രത്തിലുണ്ടായിട്ടുണ്ടാവില്ല.

അപരൻ, മൂന്നാംപക്കം, പൊന്മുട്ടയിടുന്ന താറാവ്, ജാതകം, വർണ്ണം, ചാണക്യൻ, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, മഴവിൽക്കാവടി, പ്രാദേശിക വാർത്തകൾ, കാലാൾപട, ഇന്നലെ, ചക്കിക്കൊത്ത ചങ്കരൻ തുടങ്ങിയ ചിത്രങ്ങൾ ജയറാം പ്രേക്ഷകർക്കു മുന്നിലെത്തിച്ചത് തന്റെ കരിയറിലെ ആദ്യ മൂന്നു വർഷങ്ങൾക്കുള്ളിലാണ്.

ഇതിൽ തന്നെ അപരനും, മൂന്നാംപക്കവും, വർണ്ണവും, ചാണക്യനും, പെരുവണ്ണാപുരത്തെ വിശേഷങ്ങളും, മഴവിൽ കാവടിയും, ഇന്നലെയുമൊക്കെ സൂപ്പർ ഹിറ്റുകളായിരുന്നു.ഇത്ര ചുരുങ്ങിയ വർഷങ്ങൾക്കിടയിൽ തന്നെ നേടിയെടുത്ത പ്രേക്ഷക പ്രീതി കാത്തു സൂക്ഷിക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ തുടർന്നുള്ള ജൈത്രയാത്ര.

തൂവൽസ്പർശം, തലയണമന്ത്രം, വചനം,ശുഭയാത്ര, പാവക്കൂത്ത്, നന്മ നിറഞ്ഞവൻ ശ്രീനിവാസൻ, നഗരങ്ങളിൽ ചെന്നു രാപ്പാർക്കാം, മാലയോഗം, കുറുപ്പിന്റെ കണക്കു പുസ്തകം, സന്ദേശം, പൂക്കാലം വരവായി, മുഖചിത്രം. കൂടിക്കാഴ്ച, കിലുക്കാംപെട്ടി, കേളി, കൺകെട്ട്, കടിഞ്ഞൂൽ കല്യാണം, ജോർജ്ജ് കുട്ടി C/O ജോർജ്ജുകുട്ടി, എഴുന്നള്ളത്ത്, എന്നും നന്മകൾ, ഫസ്റ്റ് ബെൽ, തുടങ്ങിയ ചിത്രങ്ങളിലൊക്കെയും തീർത്തും വ്യത്യസ്തവും ശക്തവുമായ കഥാപാത്രങ്ങളായിരുന്നു. കഥാപാത്രങ്ങളുടെ വലിപ്പച്ചെറുപ്പം നോക്കാതെ തന്നെ അത്തരം കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കാൻ ജയറാമിന് കഴിഞ്ഞിരുന്നു.

തലയണമന്ത്രത്തിലെ മോഹനനിലും, ശുഭയാത്രയിലെ വിഷ്ണുവിലും, പൂക്കാലം വരവായിയിലെ ബസ് ഡ്രൈവർ നന്ദനിലും ഒക്കെ നമുക്ക് കാണാൻ കഴിയുന്നത് നമുക്കൊക്കെ പരിചിതമായ സാധാരണക്കാരന്റെ ജീവിതം തന്നെയാണ്. ജയറാമിനെ ഇത്രയധികം ജനകീയനാക്കിയത് അദ്ദേഹത്തിന്റെ ഈ സാധാരണക്കാരൻ ഇമേജായിരുന്നു.

ഈ ചിത്രങ്ങൾക്കിടയിൽ തന്നെ രണ്ടാം വരവ് എന്ന ഒരു ചിത്രത്തിലൂടെ ആക്ഷൻ ഹീറോ എന്ന നിലയിലേക്ക് ഒന്ന് ചുവട് മാറാൻ ശ്രമിച്ചുവെങ്കിലും അത് വിജയിച്ചില്ല.ഇക്കാലയളവിലൊക്കെ ചില സംവിധായകരുടെയും എഴുത്തുകാരുടെയും ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നത് അദ്ദേഹത്തിന്റെ വിജയ യാത്രയിൽ നിർണായകമായി.

ഇതിനിടയിൽ ധ്രുവം, അദ്വൈതം തുടങ്ങിയ സൂപ്പർതാര ചിത്രങ്ങളിൽ സഹകരിക്കാനും തന്റെ കഥാപാത്രങ്ങൾ ശ്രദ്ധേയമാക്കുവാനും അദ്ദേഹത്തിന് സാധിച്ചു.ആയുഷ്‌കാലം, പൈതൃകം, ഒരു കടങ്കഥ പോലെ, ബന്ധുക്കൾ ശത്രുക്കൾ, കാവടിയാട്ടം, സുദിനം, വധു ഡോക്ടറാണ്, കുസൃതികാറ്റ്, മിന്നാമിനുങ്ങിനും മിന്നുകെട്ട് തുടങ്ങിയ ചെറു ബഡ്ജറ്റ് ചിത്രങ്ങളിലൂടെയൊക്കെ മിനിമം ഗ്യാരണ്ടി നടനായി നിലയുറപ്പിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

ഈ കാലയളവിൽ,സത്യൻ അന്തിക്കാട്, കമൽ, വിജി തമ്പി തുടങ്ങിയ സംവിധായകരുടെ യൊക്കെ പ്രൈമറി ചോയിസ് ആയി ജയറാം മാറിയിരുന്നു. ഇക്കൂട്ടത്തിലേക്ക് രാജസേനൻ എന്ന സംവിധായകൻ കൂടി കടന്നു വന്നതോടെ ജയറാം എന്ന നടന്റെ കരിയർ മറ്റൊരു ലെവലിലേക്ക് ഉയർത്തപ്പെട്ടു.

കുടുംബപ്രേക്ഷകർക്ക് പ്രിയങ്കരനായ നടനായതുകൊണ്ട് തന്നെ, വലിയ ഒരു ഇനിഷ്യൽ പുൾ ഒന്നും ആദ്യകാലങ്ങളിൽ ജയറാം ചിത്രങ്ങൾക്ക് ലഭിച്ചിരുന്നില്ല. എന്നിരുന്നാലും ഒട്ടുമിക്ക ചിത്രങ്ങളും സ്റ്റെഡി കളക്ഷനിൽ തന്നെ ആഴ്ചകളോളം പ്രദർശിപ്പിച്ചിരുന്നു.

എന്നാൽ ജയറാം രാജസേനൻ കൂട്ടുകെട്ട് ഉണ്ടായതോടെ ഈ ഒരു നിലയിൽ മാറ്റം സംഭവിച്ചു.ഇവരുടെ ആദ്യ ചിത്രമായ കടിഞ്ഞൂൽ കല്യാണത്തിനും, തുടർന്നു വന്ന വിജയ ചിത്രമായ അയലത്തെ അദ്ദേഹത്തിനും ശേഷം, മേലെ പറമ്പിൽ ആൺവീട് മുതൽ ജയറാം ചിത്രങ്ങൾക്ക് മികച്ച ഇനിഷ്യൽ കളക്ഷനും ലഭിക്കുവാൻ തുടങ്ങി.

സിഐഡി ഉണ്ണിക്കൃഷ്ണൻ, അനിയൻ ബാവ ചേട്ടൻ ബാവ, ആദ്യത്തെ കണ്മണി, ഡൽഹിവാല രാജകുമാരൻ, കഥാനായകൻ, ദി കാർ തുടങ്ങിയ ചിത്രങ്ങളൊക്കെ തന്നെയും തീയറ്ററുകൾ പൂരപ്പറമ്പാക്കിയ ചിത്രങ്ങളായിരുന്നു... (ദി കാർ എന്ന ചിത്രത്തിന് പക്ഷേ കളക്ഷൻ നിലനിർത്താനായില്ല..)

ഇതിനോടൊപ്പവും, തുടർന്നും റിലീസായ പുതുക്കോട്ടയിലെ പുതുമണവാളൻ, തൂവൽ കൊട്ടാരം, അരമന വീടും അഞ്ഞൂറേക്കറും, സൂപ്പർമാൻ, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, കാരുണ്യം, കിലുകിൽപമ്പരം, ഇരട്ടക്കുട്ടികളുടെ അച്ഛൻ, കളിവീട് തുടങ്ങിയ ചിത്രങ്ങളൊക്കെയും വിജയം നേടിയവയായിരുന്നു.

ഈ കാലയളവിൽ വന്ന ചിത്രങ്ങളിലൊക്കെ കൂടുതൽ കരുത്തുറ്റ കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ പ്രാപ്തിയുള്ള ഒരു ജയറാമിനെ പ്രേക്ഷകന് കാണാൻ സാധിച്ചു.കാരുണ്യത്തിലെ സതീശനൊക്കെ അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്.

സമ്മർ ഇൻ ബത്ലഹേം എന്ന മൾട്ടിസ്റ്റാർ ചിത്രത്തിൽ ഏറ്റവുമധികം കയ്യടി വാങ്ങാൻ ജയറാം എന്ന നടന് സാധിച്ചത് തന്റെ തനതായ ശൈലിയിലൂടെ തന്നെയാണ്.

വിജയങ്ങൾ വീണ്ടും തുടർന്നുകൊണ്ടേയിരുന്നു. കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ, കൈക്കുടന്ന നിലാവ്, ഫ്രണ്ട്സ്,വീണ്ടും ചില വീട്ടു കാര്യങ്ങൾ ഞങ്ങൾ സന്തുഷ്ടരാണ്, പട്ടാഭിഷേകം തുടങ്ങിയ ചിത്രങ്ങളൊക്കെയും സൂപ്പർഹിറ്റുകളായിരുന്നു. ഇതിനിടയിൽ സ്നേഹം, ചിത്രശലഭം, തുടങ്ങിയ ചിത്രങ്ങളിലെ അഭിനയവും ശ്രദ്ധേയമായി.

ഈയൊരു പോയിന്റിനു ശേഷമാണ് തുടർച്ചയായ വിജയങ്ങൾ എന്ന പതിവ് മെല്ലെ കുറഞ്ഞു തുടങ്ങിയത്. തുടർന്നങ്ങോട്ടുള്ള അദ്ദേഹത്തിന്റെ കരിയർ വിജയ പരാജയങ്ങളാൽ സമ്മിശ്രമായിരുന്നു.

ഏറെ പ്രതീക്ഷയോടെ റിലീസായ സ്വയംവര പന്തൽ എന്ന ചിത്രം വലിയൊരു വിജയമൊന്നുമായില്ല. എന്നിരുന്നാലും ആ ചിത്രത്തിലെ പ്രകടനത്തിന് അദ്ദേഹത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാർഡ് ലഭിക്കുകയുണ്ടായി.

അതിലും അർഹിച്ചിരുന്ന സമയത്തൊന്നും ലഭിക്കാതിരുന്ന അവാർഡ് ഇത്തരത്തിൽ ലഭിച്ചു എന്ന കരുതുന്നതാവും ഉചിതം.തൂവൽ കൊട്ടാരം എന്ന ചിത്രത്തിലെ പ്രകടനത്തിന് സംസ്ഥാന അവാർഡ് നഷ്ടമായത് എന്തോ സാങ്കേതിക കാരണം പറഞ്ഞു കൊണ്ടായിരുന്നു.

സ്വയംവര പന്തലിന് പിന്നാലെ പുറത്തിറങ്ങിയ നാടൻപെണ്ണും നാട്ടുപ്രമാണിയും, മില്ലേനിയം സ്റ്റാർസ്,വക്കാലത്ത് നാരായണൻകുട്ടി, ഷാർജ ടു ഷാർജ, ഉത്തമൻ, തീർത്ഥാടനം തുടങ്ങിയ ചിത്രങ്ങൾ ഒന്നും തന്നെ പ്രതീക്ഷിച്ച വലിയ വിജയങ്ങൾ ആയില്ല.

നാടൻ പെണ്ണും നാട്ടുപ്രമാണിയും എന്ന ചിത്രത്തിലെ കഥാപാത്രം അന്നോളം കാണാത്ത ഒരു ശൈലിയിൽ ജയറാം മികവുറ്റതാക്കി എങ്കിലും തിരക്കഥയിലെ കരുത്തില്ലായ്മ വിജയത്തെ ബാധിച്ചു. ഇതു തന്നെയാണ് വക്കാലത്ത് നാരായണൻകുട്ടി എന്ന ചിത്രത്തിനും സംഭവിച്ചത്. റിലീസിങ്ങിലെ കാലതാമസമാണ് ഉത്തമൻ എന്ന ചിത്രത്തിന്റെ വിജയത്തിന് തടസ്സമായത്.

തീർത്ഥാടനം എന്ന ചിത്രത്തിൽ എംടിയുടെ കഥാപാത്രത്തെ ജയറാം മികച്ച രീതിയിൽ അവതരിപ്പിച്ചുവെങ്കിലും സംവിധാനത്തിലും, മേക്കപ്പിലും മറ്റും സംഭവിച്ച ചില പാളിച്ചകൾ തിരിച്ചടിയായി.

തുടർന്നുവന്ന വൺ മാൻ ഷോ എന്ന ചിത്രം വീണ്ടും വലിയൊരു വിജയം നൽകി എങ്കിലും ശേഷമെന്ന ഓഫ് ബീറ്റ് ചിത്രവും മലയാളിമാമന് വണക്കം എന്ന ചിത്രവും ബോക്സ് ഓഫീസിൽ വലിയ ചലനം ഒന്നും സൃഷ്ടിച്ചില്ല.

ശേഷം എന്ന ചിത്രത്തിലെ ലോനപ്പൻ എന്ന കഥാപാത്രം ജയറാമിന്റെ കരിയറിലെ തന്നെ എറ്റവും മികച്ച കഥാപാത്രമായി കണക്കാക്കാം.തുടർച്ചയായി ചിത്രങ്ങൾ ചെയ്തു വന്ന പല കൂട്ടുകെട്ടുകളും പലവിധ കാരണങ്ങളാൽ ക്ഷയിച്ചു തുടങ്ങിയതും മിനിമം ഗ്യാരണ്ടി നടൻ എന്ന വിശേഷണം നഷ്ടപ്പെടാൻ കാരണമായി.

തന്റെ കരിയറിൽ പതിവില്ലാത്ത ഗ്യാപ്പിട്ട് പുറത്തു വന്ന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, എന്റെ വീട് അപ്പുവിനെയും, മനസ്സിനക്കരെ, മയിലാട്ടം തുടങ്ങിയ ചിത്രങ്ങളൊക്കെയും വിജയങ്ങളായി.അതിനുശേഷം, 2004 ഡിസംബറിൽ പുറത്തിറങ്ങിയ അമൃതം എന്ന ചിത്രത്തോടെയാണ് ജയറാമിനെ കരിയർ മറ്റൊരു ദിശയിലേക്ക് വഴുതി മാറുന്നത്.

സാമാന്യം നല്ല രീതിയിൽ അവതരിപ്പിക്കപ്പെട്ട ചിത്രമായിട്ടും ബോക്സോഫീസിൽ ചിത്രം പരാജയമായി.ചിത്രം റിലീസ് ചെയ്ത രണ്ടാം നാൾ വീശിയടിച്ച സുനാമിയിൽ കേരളം വിറങ്ങലിച്ചു പോയത് അന്ന് തീയറ്ററിൽ പ്രദർശിപ്പിച്ചിരുന്ന ചിത്രങ്ങളുടെ കളക്ഷനെ നല്ല രീതിയിൽ ബാധിച്ചിരുന്നു. അമൃതത്തിന്റെ പരാജയത്തിന്റെ ഒരു പ്രധാന കാരണം ഇതായിരുന്നു.തുടർന്നുവന്ന ഫിംഗർ പ്രിന്റ്് എന്ന ചിത്രത്തിനും വളരെ നല്ല ഇനിഷ്യൽ ലഭിച്ചുവെങ്കിലും പ്രതികൂല അഭിപ്രായം നേടിയ ചിത്രം പരാജയമായി.

അടുത്തതായി പുറത്തുവന്ന ആലിസ് ഇൻ വണ്ടർലാൻഡ് എന്ന ചിത്രവും വിജയം ആകാതെ പോയതോടെ തന്റെ കരിയറിൽ പതിവില്ലാത്ത ഒരു പ്രതിസന്ധി അദ്ദേഹം നേരിട്ടു.

റിലീസിംഗിൽ കാലതാമസം നേരിട്ട പൗരൻ, സർക്കാർ ദാദ തുടങ്ങിയ ചിത്രങ്ങൾ കൂടി പരാജയമായതോടെ പ്രതിസന്ധി രൂക്ഷമായി. വലിയൊരു ഇടവേളയ്ക്കു ശേഷം കടന്നു വന്ന ജയറാം രാജസേനൻ ചിത്രമായ മധുചന്ദ്രലേഖ, ഈ കൂട്ടുകെട്ടിന്റെ തിരിച്ചുവരവ് ചിത്രം എന്ന നിലയിൽ സാമാന്യം നല്ല കളക്ഷൻ നേടിയെങ്കിലും അഭിപ്രായത്തിന്റെ കാര്യത്തിൽ പിന്നിൽ പോയി.

തുടർന്നു വന്ന ആനച്ചന്തവും, കനകസിംഹാസനവും, അഞ്ചിലൊരാൾ അർജ്ജുനനും, സൂര്യനും, മാജിക് ലാമ്പും, നോവലും ഒക്കെ കണ്ടത് നിലവാരത്തിലെ വമ്പൻ തകർച്ചയായിരുന്നു.അതു കൊണ്ട് തന്നെ ഈ ചിത്രങ്ങളൊക്കെയും വലിയ പരാജയങ്ങളായി മാറുകയും ചെയ്തു.

ഇത്രയും ചിത്രങ്ങളുടെ പരാജയങ്ങളാണ് ജയറാം എന്ന നടനെ പ്രേക്ഷകർക്കിടയിൽ നിന്ന് അകറ്റിയത്.മലയാളത്തിലെ ഡിജിറ്റൽ യുഗത്തിന് തുടക്കം കുറിച്ചത് ജയറാം നായകനായ മൂന്നാമതൊരാൾ എന്ന ചിത്രത്തിലൂടെയായിരുന്നു.ഡിജിറ്റൽ സാങ്കേതികവിദ്യ വന്നാൽ, വൈഡ് റിലീസ് സാധ്യമാകും എന്ന കാരണത്താൽ തീയറ്ററുകാരുടെ ഒരു അപ്രഖ്യാപിത വിലക്ക് ഈ ചിത്രത്തിനെതിരേ ഉണ്ടായിരുന്നു.

അതു കൊണ്ടു തന്നെ, കളക്ഷൻ പിടിച്ചു കയറാനുള്ള സമയം പോലും ലഭിക്കും മുൻപേ ഈ ചിത്രം തീയറ്ററുകളിൽ നിന്നും നീക്കം ചെയ്യപ്പെട്ടു.അദ്ദേഹത്തിന്റെ പ്രതിസന്ധി കാലത്തെ ചിത്രങ്ങളൊന്ന് പരിശോധിച്ചാൽ അവയിലൊന്നും സത്യൻ അന്തിക്കാടിന്റെയോ, കമലിന്റെയോ, രഞ്ജിത്തിന്റെയോ, വിജി തമ്പിയുടേയോ,ശ്രീനിവാസന്റെയോ, ലോഹിതദാസിന്റെയോ ഒന്നും ഒരു ചിത്രം പോലും കാണാനാവില്ല.ഇതു തന്നെയായിരുന്നു യഥാർത്ഥ പ്രതിസന്ധി.

ഈ പ്രതിസന്ധികൾക്കെല്ലാം ഒടുവിൽ, 2008 ഓഗസ്റ്റ് മാസം എട്ടാം തീയതി വെറുതേ ഒരു ഭാര്യ റിലീസായി...ജയറാമിന്റെ ഒരു നല്ല കുടുംബചിത്രത്തിനു വേണ്ടി കാത്തിരുന്ന പ്രേക്ഷകർ ഈ ചിത്രത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു.

ജയിച്ചു നിന്ന കാലത്ത് നിരന്തരം സിനിമകൾ ചെയ്ത കൂട്ടുകെട്ടുകൾ, ഒരു വീഴ്ച വന്നപ്പോൾ മാറി നിന്നിട്ടും ജയറാം തിരിച്ചു വന്നു; അവരുടെയൊന്നും സഹായമില്ലാതെ. കേരളത്തിലെ തീയറ്ററുകളിൽ നൂറ്റി അൻപതു ദിവസം പ്രദർശിപ്പിച്ചു വെറുതേ ഒരു ഭാര്യ. വിജയങ്ങൾ വീണ്ടും ജയറാമിന്റെ വഴിക്കു വരാൻ തുടങ്ങി.കാലങ്ങൾക്കു ശേഷം വന്ന സത്യൻ ജയറാം ചിത്രമായ ഭാഗ്യദേവത മികച്ച വിജയം നേടി.എങ്കിലും, വൈകി വന്ന ചില ചിത്രങ്ങളുടെയൊക്കെ പരാജയം ചെറിയ തിരിച്ചടിയായി.

വിന്ററൊക്കെ നല്ല പടമായിരുന്നെങ്കിലും, റിലീസിങ്ങിലെ കാലതാമസവും, പബ്ലിസിറ്റിയുടെ അഭാവവും മൂലം പരാജയമായി. തുടർന്നു വന്ന രഹസ്യ പൊലീസും, സീതാ കല്യാണവും, My Big Father ഉം എല്ലാം, വീണ്ടും നിലവാരത്തകർച്ചയുടെ ഉദാഹരണങ്ങളായി. ഇടയ്ക്കു വന്ന കാണാകൺമണിയും സമ്മിശ്ര പ്രതികരണമാണ് ഉണർത്തിയത്.എന്നാൽ, ഹാപ്പി ഹസ്‌ബൻഡ്സ്, കഥ തുടരുന്നു, മേക്കപ്പ്മാൻ, സീനിയേർസ്, സ്വപ്ന സഞ്ചാരി തുടങ്ങിയ ചിത്രങ്ങളിലൂടെ വിജയങ്ങൾ തുടരാൻ ജയറാമിനു സാധിച്ചു.

എന്നാൽ പിന്നീട് ഇന്നോളം വന്ന ചിത്രങ്ങളിൽ notable എന്നു പറയാവുന്നത് നടനും ബാഗ്മതിയും പഞ്ചവർണ്ണതത്തയും മാത്രമാണ്. കണ്ണൻ താമരക്കുളം എന്ന സംവിധായകനോടൊത്ത് പുറത്തിറക്കിയ ആടുപുലിയാട്ടം, അച്ചായൻസ് തുടങ്ങിയ ചിത്രങ്ങളിലൂടെ വാണിജ്യ വിജയം നേടിയെടുക്കാനും ജയറാമിനായി.

ജയറാം എന്ന നടന്റെ കരിയറിൽ ഏറ്റവും നിർണ്ണായകമായി മാറിയ ഘടകങ്ങൾ താഴെ പറയുന്നവയാണ്

1.ഭരതൻ, പത്മരാജൻ,ലോഹിതദാസ്, തുടങ്ങിയ കലാകാരന്മാരുടെ വിയോഗമാണ്

2. സത്യൻ അന്തിക്കാട്, ശ്രീനിവാസൻ, വിജി തമ്പി, രഞ്ജിത്ത് തുടങ്ങിയവർ തങ്ങളുടെ ശൈലി മാറ്റിയതും ചിത്രങ്ങളുടെ എണ്ണം കുറച്ചതും.(അതിന്റെ വ്യത്യാസം അവരുടെയൊക്കെ കരിയർ ഗ്രാഫിലും കാണാം )

3. രണ്ടാം വരവ്, ഇവർ, തീർത്ഥാടനം, രഹസ്യ പൊലീസ്, സ്വപാനം തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ തട്ടകം ഒന്നു മാറാൻ ശ്രമിച്ചത്: അത്തരം ശ്രമങ്ങളിൽ തെറ്റൊന്നുമില്ല.. പക്ഷേ അങ്ങനെയൊരു തീരുമാനം എടുക്കുമ്പോൾ ശക്തമായ കഥയും തിരക്കഥയും ബാനറും ഒക്കെ തീർച്ചയായും ഉറപ്പുവരുത്തണം.

4. രാജസേനനുമായുള്ള കൂട്ടുകെട്ട് പിരിഞ്ഞത്: ഈ കൂട്ടുകെട്ട് പിരിഞ്ഞത് രണ്ടു കൂട്ടരേയും ഒരു പോലെ ബാധിച്ചിരുന്നു.രാജസേനന്റെ തുടർന്നുള്ള ചിത്രങ്ങളുടെയൊക്കെ നിലവാരം കുത്തനെ ഇടിഞ്ഞു പോയതായും കാണാം.

5.ജയറാം ചെയ്തു വന്നിരുന്ന കഥാപാത്രങ്ങൾ ദിലീപ്, ബിജു മേനോൻ, ജയസൂര്യ തുടങ്ങിയ നടന്മാർ കൈയാളാൻ തുടങ്ങിതും മറ്റൊരു കാരണമായി.

6. പുതിയ തലമുറയിലെ സംവിധായകരുമായി കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ കഴിയാതെ വന്നതും കരിയർ വിജയകരമായി മുന്നോട്ടു കൊണ്ടു പോകുവാൻ തടസ്സമായി.പത്മരാജന്റെ ശിഷ്യനായ ബ്ലെസിയും, രഞ്ജിത്തിന്റെ ശിഷ്യനായ അൻവർ റഷീദും,കമലിന്റെ ശിഷ്യനായ ആഷിക് അബുവും, റോഷൻ ആൻഡ്രൂസുമൊത്തുള്ള ചിത്രങ്ങൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. ഇവരുടെ ചിത്രങ്ങളിലൊക്കെ ചേർത്തു വയ്ക്കാൻ പറ്റുന്ന അഭിനയശൈലി തന്നെയാണ് ജയറാം എന്ന നടനുള്ളത്.

5.കുടുംബ ജീവിതങ്ങളിലെ പ്രതിസന്ധികളൊക്കെ ഇന്നും ജനങ്ങൾക്കിടയിലുണ്ട്... അത്തരം വിഷയങ്ങളൊക്കെ ഇന്നും സിനിമകളാവുന്നുമുണ്ട്... (അനുരാഗ കരിക്കിൻ വെള്ളമൊക്കെ മികച്ച ഉദാഹരണമാണ്). അതുപേലെ ഉള്ള വിഷയങ്ങൾ ജയറാം തിരഞ്ഞെടുക്കേണ്ടിയിരിക്കുന്നു.

6. കുടുംബ നായകൻ എന്ന ലേബലിലാണ് ജയറാം അധികവും അറിയപ്പെട്ടിരുന്നതെങ്കിലും നെഗറ്റീവ് ' ഷെയ്ഡുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഒരു പ്രത്യേക കഴിവു തന്നെ ജയറാമിനുണ്ട്. ആദ്യ ചിത്രമായ അപരനിൽ തുടങ്ങി തെനാലി, നാടൻ പെണ്ണും നാട്ടുപ്രമാണിയും, സരോജ എന്നീ ചിത്രങ്ങളിലെല്ലാം ജയറാം ഗംഭീര പ്രകടനമായിരുന്നു.

വെറുതേ ഒരു ഭാര്യ, നടൻ തുടങ്ങിയ ചിത്രങ്ങളിലെ കുറേ ഭാഗങ്ങളിലൊക്കെ ഈ നെഗറ്റീവ് ഷെയ്ഡ് കാണാം.. അപ്പൊഴൊക്കെയും ഈ അനായാസതയും കൃത്യമായി കാണുവാൻ കഴിയും...

സത്യത്തിൽ ജയറാം എന്ന നടന്റെ ജനപ്രിയതയ്ക്ക് യാതൊരിടിവും സംഭവിച്ചിട്ടില്ല... വീട്ടിലെ സ്വീകരണമുറിയിൽ മഴവിൽ കാവടിയും,സന്ദേശവും, കാരുണ്യവും, അപ്പൂട്ടനും, മുഖചിത്രവും, നന്മനിറഞ്ഞവൻ ശ്രീനിവാസനും, പെരുവണ്ണാപുരവുമൊക്കെ തെളിഞ്ഞു നിൽക്കും കാലത്തോളം ജയറാമിന്റെ ജനപ്രീതി കുറയില്ല..

അതേ നിലവാരത്തിലുള്ള ഒരു ചിത്രം വരുന്നതു വരെയുള്ളൂ ഈ പ്രതിസന്ധി.സത്യൻ അന്തിക്കാടും, ശ്രീനിവാസനും, രഞ്ജിത്തുമൊക്കെ ഇവിടെ തന്നെയുണ്ടല്ലോ...

ജയറാം എന്ന നടനുള്ള ജനപ്രീതിയുടെ ഏറ്റവും പുതിയ ഉദാഹരണം തന്നെയായിരുന്നല്ലോ പഞ്ചവർണ്ണ തത്ത എന്ന ചിത്രം നേടിയ വലിയ വിജയം.

മമ്മൂട്ടിക്കും, മോഹൻലാലിനും ശേഷം മലയാളത്തിൽ ഏറ്റവുമധികം കാലം ഏറ്റവുമധികം വിജയങ്ങൾ നേടിയ ഈ ജനകീയ നടൻ ഇന്ന് വലിയൊരു മാറ്റത്തിന്റെ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്...തന്റെ പ്രൗഡിക്കൊത്ത കഥാപാത്രങ്ങളുമായി തുടർന്നും അദ്ദേഹം വരുന്നതിനായി പ്രേക്ഷകരായ നമുക്ക് കാത്തിരിക്കാം...

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP