Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളക്കര കീഴടക്കാൻ കായംകുളം കൊച്ചുണ്ണി എത്തുന്നു; പ്രമോഷന്റെ ഭാഗമായി തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി ട്രെയിൻ ചിത്രത്തിന് വേണ്ടി ബ്രാൻഡ് ചെയ്യും; മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായ കൊച്ചുണ്ണിയിൽ മോഹൻലാൽ അടക്കമുള്ള വമ്പൻ താരനിര; റിലീസിന് മുൻപേ ചിത്രത്തിന്റെ പ്രമോഷനായി അണിയറയിൽ പൊടിക്കുന്നത് ലക്ഷങ്ങൾ

കേരളക്കര കീഴടക്കാൻ കായംകുളം കൊച്ചുണ്ണി എത്തുന്നു; പ്രമോഷന്റെ ഭാഗമായി തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി ട്രെയിൻ ചിത്രത്തിന് വേണ്ടി ബ്രാൻഡ് ചെയ്യും; മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായ കൊച്ചുണ്ണിയിൽ മോഹൻലാൽ അടക്കമുള്ള വമ്പൻ താരനിര; റിലീസിന് മുൻപേ ചിത്രത്തിന്റെ പ്രമോഷനായി അണിയറയിൽ പൊടിക്കുന്നത് ലക്ഷങ്ങൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ ചിത്രമാണ് നിവിൻ പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണി. ഇത്തിക്കര പക്കിയായി മോഹൻലാൽ എത്തുന്ന ബിഗ് ബഡ്ജറ്റ് മൂവി. പ്രതിസന്ധിയിലൂടെ നീങ്ങുന്ന മലയാള സിനിമയ്ക്ക് ഏറെ നിർണ്ണായകമാണ് ഈ സിനിമയുടെ വിജയം. അതുകൊണ്ട് തന്നെ കരുതലോടെ നീങ്ങുകയാണ് അണിയറ പ്രവർത്തകർ. പുതുമയേറിയ പ്രൊമോഷനാണ് ഒരുക്കുന്നത്.

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂപ്പർതാരം മോഹൻലാൽ അടക്കമുള്ള താരനിരയാണ് അണിനിരക്കുന്നത്. ഓഗസ്റ്റ് 17ന് ചിത്രം റിലീസ് ചെയ്യാനിരിക്കെ പ്രമോഷൻ ജോലികൾ തകൃതിയായി പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി ട്രെയിൻ കായംകുളം കൊച്ചുണ്ണിക്കു വേണ്ടി ബ്രാൻഡ് ചെയ്ത് അവതരിപ്പിക്കുകയാണ്. ഓഗസ്റ്റ് 9ന് ഉച്ചയ്ക്ക് 2.15 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ കായംകുളം കൊച്ചുണ്ണിയായി വേഷമിടുന്ന നിവിൻ പോളി ഫ്‌ളാഗ് ഓഫ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

ശ്രീ ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രമായ കായംകുളം കൊച്ചുണ്ണിയിൽ മോഹൻലാൽ ഇത്തിക്കര പക്കിയായി പ്രത്യക്ഷപ്പെടുന്നു. പ്രിയാ ആനന്ദ് നായികയാകുന്ന ഈ ചിത്രത്തിൽ ബാബു ആന്റണി, സണ്ണി വെയ്ൻ, സിദ്ധാർത്ഥ ശിവ, സുധീർ കരമന, ഷൈൻ ടോം ചാക്കോ, സുദേവ്, ജൂഡ് ആന്റണി, പ്രിയങ്ക, അശ്വിനി, തെസ്‌നി ഖാൻ തുടങ്ങിയ നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ബോബി - സഞ്ജയ് തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബിനോദ് പ്രദാൻ നിർവ്വഹിക്കുന്നു. റഫീക്ക് അഹമ്മദ്, ഷോബിൻ കണങ്ങാട്ട് എന്നിവരുടെ വരികൾക്ക് ഗോപി സുന്ദറാണ് സംഗീതം പകരുന്നത്. ഓഗസ്റ്റ് 17- ന് ഇറോസ് ഇന്റർനാഷണൽ റിലീസ് കായംകുളം കൊച്ചുണ്ണി തിയ്യേറ്ററിലെത്തിക്കുമെന്നാണ് റിപ്പോർട്ട്.

തന്റെ കരിയറിൽ ആദ്യമായാണ് ചരിത്ര പ്രാധാന്യമുള്ള സിനിമയിൽ നിവിൻ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കൊച്ചുണ്ണിയായി വന്ന നിവിൻ പോളിയുടെ ഗെറ്റപ്പ്് ഏവരേയും അത്ഭുതപ്പെടുത്തിയിരുന്നു. വൈകാതെ തന്നെ സമൂഹ മാധ്യമങ്ങളിലടക്കം പുറത്ത് വന്ന ലൊക്കേഷൻ ചിത്രങ്ങളിലും കൊച്ചുണ്ണിയായി കിടിലൻ മെയ്‌ക്കോവറിലാണ് നിവിൻ പ്രത്യക്ഷപ്പെട്ടത്. റോഷൻ ആൻഡ്രൂസിനൊപ്പം ആദ്യമായാണ് നിവിൻ പോളി പ്രോജക്ടറ്റ് ചെയ്യുന്നത്. ചരിത്ര സിനിമയായ കൊച്ചുണ്ണി വമ്പൻ സെറ്റിറ്റാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്നിരുന്നിട്ടും 161 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കാൻ സാധിച്ചു. സ്‌കൂൾ ബസ് എന്ന ചിത്രത്തിന് ശേഷം നീണ്ട ഇടവേള കഴിഞ്ഞാണ് റോഷൻ ആൻഡ്രൂസ് തന്റെ പുതിയ ചിത്രമായ കായംകുളം കൊച്ചുണ്ണിയുടെ ജോലികളിലേക്ക് കടന്നത്.

ചിത്രത്തിൽ ഇത്തിക്കര പക്കിയായി സൂപ്പർതാരം മോഹൻലാലാണ് വേഷമിടുന്നത്. കൊച്ചുണ്ണിയുടെ ഉറ്റ ചങ്ങാതിയായ ഇത്തിക്കര പക്കിയെ മോഹൻലാലാണ് അവതരിപ്പിക്കുന്നതെന്ന വാർത്ത സിനിമാ ആരാധകരിൽ ഏറെ സന്തോഷമുയർത്തിയിരിക്കുകയാണ്. ചിത്രത്തിൽ നിവിനൊപ്പം ഇത്തിക്കര പക്കിയായി മോഹൻലാൽ അഭിനയിക്കുന്നതിന്റെ ചിത്രങ്ങളാണ് ആദ്യം പുറത്ത് വന്നത്. ഇതിന് പിന്നാലെ ചിത്രത്തിന്റെ ട്രെയിലറിലും മോഹൻലാലിന്റെ പ്രകടനം ആരാധകരെ ത്രില്ലടിപ്പിച്ചിരുന്നു. പ്രമുഖ മാധ്യമവുമായുള്ള അഭിമുഖത്തിൽ ലാലേട്ടനൊപ്പം അഭിനയിച്ചതിന്റെ അനുഭവം നിവിൻ പങ്കുവെച്ചിരുന്നു. കൊച്ചുണ്ണിയിൽ ലാലേട്ടനൊടൊപ്പം അഭിനയിച്ച ആ പന്ത്രണ്ട് ദിവസങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് നിവിൻ പറയുന്നു. ലാലേട്ടനെ പോലെയുള്ള ഒരു ഇതിഹാസ താരത്തിൽ നിന്നും അഭിനയ പാഠങ്ങൾ പഠിക്കാൻ കഴിയുക എന്നത് തന്നെ വലിയ കാര്യമാണ്. 12 ദിവസങ്ങളായിരുന്നു കായംകുളം കൊച്ചുണ്ണിയുടെ ലൊക്കേഷനിൽ അദ്ദേഹമുണ്ടായിരുന്നത്.

ആ ദിവസങ്ങൾ കരിയറിലെ എറ്റവും മികച്ചവയായിരുന്നു. മറക്കാനാവാത്തൊരു അനുഭവമാണ് ലഭിച്ചതെന്നും നിവിൻ പറയുന്നു.വരുന്ന ഓണത്തിന് റിലീസാകുന്ന ചിത്രങ്ങളിൽ ഏവരും പ്രതീക്ഷ അർപ്പിച്ചിരിക്കുന്ന ചിത്രമാണ് കൊച്ചുണ്ണി. ചിത്രീകരണം പൂർത്തിയാക്കിയ കായംകുളം കൊച്ചുണ്ണി കേരളത്തിൽ മാത്രമായി ചിത്രം 300 സ്‌ക്രീനുകളിൽ പ്രദർശനത്തിനെത്തുമെന്നാണ് അറിയുന്നത്. മലയാളത്തിനൊപ്പം തമിഴ്,തെലുങ്ക് ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദർശനത്തിനെത്തുമെന്നാണ് സൂചന. വിഷ്വൽ എഫക്ട്സിനും പ്രാധാന്യം നൽകിയൊരുക്കിയ ചിത്രം പ്രേക്ഷകർക്ക് പുതിയൊരു ദൃശ്യാനുഭവമായിരിക്കും. വൻതാരനിരയാൽ സമ്പന്നമായ ചിത്രം വരച്ചുകാട്ടുന്നത് 1830 കാലഘട്ടത്തിലെ കേരളമാണ്. ചിത്രത്തിന്റെ ഓവർസീസ് അവകാശവും റെക്കോർഡ് തുകയ്ക്കാണ് വിറ്റ് പോയത്.

യുകെ ഒഴികെയുള്ള രാജ്യങ്ങളിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ഫാർസ് ഫിലിംസാണ്. ഏറ്റവും ഉയർന്ന മുതൽ മുടക്കിൽ നിർമ്മിക്കുന്ന മലയാള ചിത്രം എന്ന വിശേഷണം പുലിമുരുകനിൽ നിന്നും സ്വന്തമാക്കിയിരിക്കുകയാണ് നാൽപത്തി അഞ്ച് കോടി രൂപ മുതൽ മുടക്കിൽ ഒരുങ്ങുന്ന കായംകുളം കൊച്ചുണ്ണി. സിനിമയുടെ ചിത്രീകരണത്തിനിടെ നിവിൻ പോളിക്കും സംവിധായകൻ റോഷൻ ആൻഡ്രൂസിനും അപകടം സംഭവിച്ചിരുന്നതും വലിയ വാർത്തയായിരുന്നു. മാത്രമല്ല ചിത്രീകരണം പ്രതീക്ഷിച്ചതിലും നീണ്ടുപോകാൻ ഈ അപകടങ്ങളും പ്രതികൂലമായി കാലാവസ്ഥയും കാരണമായി. പതിനായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകളാണ് ചിത്രത്തിൽ അണിനിരന്നത്. റിലീസ് അടുത്തതോടെ വൻ പബ്ലിസിറ്റിയാണ് ചിത്രത്തിന് ഒരുക്കിയിരിക്കുന്നത്. പബ്ലിസ്റ്റിയിലും ഏറ്റവും അധികം പണം ചെലവഴിക്കുന്ന ചിത്രമായി കൊച്ചുണ്ണി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രെയിനിൽ മാത്രമല്ല ഷോപ്പിങ് മാളുകളിലും നഗര പ്രദേശങ്ങിലുമെല്ലാം ചിത്രത്തിന്റെ പോസ്റ്ററും സ്ഥാനം പിടിച്ചു കഴിഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP