Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

2011ലെ ഇ-മെയിൽ മാനം കാത്തു; കമൽഹാസനും സുരേഷ് ബാലാജിക്കും നന്ദി; ദൃശ്യത്തിന്റെ യഥാർത്ഥ അവകാശി ജിത്തു ജോസഫ് തന്നെ; കോപ്പിയടിയെന്ന ആരോപണത്തെ സംവിധായകൻ മറികടന്നത് എങ്ങനെ?

2011ലെ ഇ-മെയിൽ മാനം കാത്തു; കമൽഹാസനും സുരേഷ് ബാലാജിക്കും നന്ദി; ദൃശ്യത്തിന്റെ യഥാർത്ഥ അവകാശി ജിത്തു ജോസഫ് തന്നെ; കോപ്പിയടിയെന്ന ആരോപണത്തെ സംവിധായകൻ മറികടന്നത് എങ്ങനെ?

സാധാരണ ദൃശ്യങ്ങൾ കൊണ്ട് അസാധാരണ അനുഭവങ്ങൾ സമ്മാനിക്കുന്ന ചെറുപ്പക്കാരനാണ് ജിത്തു ജോസഫ് എന്ന സംവിധായകൻ. ആക്‌സമികമായി സംഭവിച്ചത് പലതും ജിത്തുവിന് ഇന്ന് അനുഭവ പാഠങ്ങളുടെ കൈമുതലാണ്. അതു തന്നെയാണ് കരുത്തും. അന്വേഷണത്തിന്റെ പുത്തിൻ വഴി തെളിച്ച് ദൃശ്യമെന്ന സിനിമയെടുക്കുമ്പോഴും എല്ലാം നന്നാകണമെന്ന് മാത്രമേ ജിത്തു ആഗ്രിഹിച്ചുള്ളൂ. എന്നാൽ കുടുംബത്തിന് പറ്റിയ തെറ്റിന്റെ ഉത്തരവാദിത്തം സ്വന്തം ചുമലിലേറ്റി റിസ്‌ക് എടുത്ത ജോർജു കുട്ടി ഹിറ്റായി. സിനിമ അതിലും വലിയ ഹിറ്റ്. മോഹൻലാൽ എന്ന നടന്റെ സാന്നിധമുണ്ടെങ്കിലും കൊച്ചു ചിത്രത്തിന്റെ വലിയ വിജയമായി അത് ആഘോഷിച്ചു. തമിഴ് പതിപ്പിൽ അഭിനയിക്കാൻ സാക്ഷാൽ കമൽഹാസൻ തന്നെ എത്തി. ഇതിനിടെയിലാണ് വിവാദമെത്തുന്നത്.

ജിത്തു ജോസഫിന്റെ കഥ മോഷണമാണെന്ന് വാദമുയർത്തി. സംവിധായകനെ കോടതിയും കയറ്റി. 2013ൽ എഴുതിയ തന്റെ നോവലിന്റെ കോപ്പിയടിയാണ് ദൃശ്യമെന്ന ആരോപണമുയർന്നു. സതീഷ് പോളിന്റെ പരാതിയിൽ വാദം തുടങ്ങി. എങ്ങനെ തന്റെ നിരപരാധിത്വം ജിത്തു ജോസഫ് തെളിയിച്ചുവെന്നതാണ് ദൃശ്യം സിനിമയുടെ ക്ലൈമാക്‌സിന് കിട്ടിയ കൈയടി ഏറ്റുവാങ്ങാൻ കാരണം. സസ്‌പെൻസ് ത്രില്ലർ പോലെ ഭാഗ്യം ജിത്തുവിനെ തേടിയെത്തി. ദൈവം കരുതി വച്ചതു പോലൊരു തെളിവ് ജിത്തുവിനെ തേടിയെത്തി. അങ്ങനെ ദൃശ്യം ജിത്തുവിന്റേത് മാത്രമായി. എല്ലാ വിജയങ്ങളുടേയും ഏക അവകാശി. വെള്ളിനക്ഷത്രമാണ് ദൃശ്യത്തിന്റെ കോപ്പിയടിയിലെ കേസിനെ ജിത്തു മറികടന്ന രീതി റിപ്പോർട്ട് ചെയ്തത്.

2011 ലാണ് ജിത്തുജോസഫ് ദൃശ്യത്തിന്റെ തിരക്കഥ സ്വന്തം കൈപ്പടയിൽ പൂർത്തീകരിക്കുന്നത്. പൂർത്തിയായ കയ്യെഴുത്ത് പ്രതി നാട്ടിലെ ഒരു പരിചയക്കാരനെക്കൊണ്ട് ജീത്തു ജോസഫ് ഡിറ്റിപി ചെയ്യിച്ചു. പൂർത്തിയായ ഡിറ്റിപി ഇ-മെയിലിലൂടെയാണ് അയാൾ ജീത്തു ജോസഫിന് അയച്ചുകൊടുത്തത്. ദൈവ നിയോഗവും പേറിയാണ് അന്നയാളുടെ മെയിലിൽ നിന്ന് ആ തിരക്കഥയുടെ ഡിറ്റിപി കോപ്പി ജീത്തു ജോസഫിന്റെ ഇൻബോക്‌സിലേക്ക് വീണത്. 2011 ഏപ്രിൽ മാസത്തോടെയാണ് ദൃശ്യത്തിന്റെ തിരക്കഥയുടെ കയ്യെഴുത്ത് പ്രതി പൂർണ്ണമായും പൂർത്തിയാകുന്നത്. മെയിലിൽ അറ്റാച്ച് ചെയ്തിരുന്ന ഡിറ്റിപി കോപ്പി പ്രിന്റെടുത്ത് കണ്ടതോടെ ജിത്തുവിന്റെ നിരപരാധിത്വം കോടതി പൂർണ്ണമായും അംഗീകരിക്കുകയായിരുന്നു. ജിത്തു കോപ്പിയടിക്ക് ആധാരമാക്കിയെന്ന് ആരോപിക്കപ്പെട്ട നോവൽ പൂർത്തിയാക്കിയത് 2013 ൽ മാത്രമാണ്.

ജിത്തുവിന്റെ നിരപരാധിത്വം കോടതിവഴി തെളിഞ്ഞതിനു പിന്നിലും ദൈവം കൈപിടിച്ച് നടത്തിയതുപോലൊരു അത്ഭുതം പ്രവർത്തിച്ചു. ഒരു നിയോഗംപോലെ കമൽഹാസനായിരുന്നു ദൈവത്തിന്റെ കൈ ജിത്തുവിന് നേരെ നീട്ടിയത്. ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിന്റെ ചിത്രീകരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്ന ഘട്ടത്തിലായിരുന്നു തന്റെ നോവലായ 'ഒരു മഴക്കാലത്തിന്റെ' കോപ്പിയടിയാണ് ദൃശ്യമെന്ന ആരോപണവുമായി സംവിധായകൻ കൂടിയായ സതീഷ് പോൾ രംഗത്തു വരുന്നത്. അനിശ്ചിതത്വങ്ങളുടെ നടുക്കുഴിയിലേക്ക് ഏതൊരു സംവിധായകനും വീണു പോയേക്കാവുന്ന സാഹചര്യമായിരുന്നു അത്.

ദൃശ്യത്തിന്റെ അവകാശം മുഴുവൻ നിർമ്മാതാവ് സുരേഷ് ബാലാജി വാങ്ങിയിരുന്നു. കമൽഹാസൻ അഭിനയിക്കുന്ന ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിന്റെ ചിത്രീകരണത്തിന് തീയതി വരെ നിശ്ചയിക്കപ്പെട്ടിരുന്നു. ജീത്തു ജോസഫ് തന്നെയാണ് പാപനാശത്തിന്റെയും സംവിധാനം നിർവ്വഹിക്കുന്നത്. ഇതിനകം ചിത്രീകരണത്തിന്റെ ഒരുക്കങ്ങൾക്കായി നിർമ്മാതാവ് കുറെയേറെ പണം ചെലവഴിച്ചു കഴിഞ്ഞിരുന്നു. കോടതിയും കേസുമൊക്കെയായാൽ സിനിമയുടെ ചിത്രീകരണം മുടങ്ങാൻ സാധ്യതയുണ്ട്. തമിഴിൽ പല സംവിധായകർക്കും ഇത്തരം സന്ദർഭങ്ങളെ പലപ്പോഴും അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. ഇത്തരം പരാതികളെ തുടർന്ന് ചിത്രീകരണം മുടങ്ങുമെന്ന ഘട്ടം വരുമ്പോൾ അതിനകം തന്നെ വളരെയേറെ പണം മുടക്കിക്കഴിഞ്ഞ നിർമ്മാതാവ് പരാതിക്കാരന് ചോദിക്കുന്ന നഷ്ടപരിഹാരം നൽകി കേസ് അവസാനിപ്പിക്കുകയാണ് പതിവ്.

ഇതെല്ലാം അറിയാവുന്നതിനാലും ഇത്തരം വ്യാജ പരാതികൾക്കെതിരെ കേസ് നടത്തി പരിചയമുള്ളതിനാലും ഒരു തരത്തിലും ഒത്തുതീർപ്പ് ചെയ്യരുതെന്നും കേസുമായി മുന്നോട്ട് പോയി നിരപരാധിത്വം തെളിയിക്കണമെന്നും ജീത്തു ജോസഫിനോട് പറഞ്ഞത് കമൽഹാസൻ തന്നെയാണ്. ദൃശ്യത്തിന്റെ തിരക്കഥ 2011 ലെ പൂർത്തിയായിരുന്നു എന്ന് തെളിയിക്കാനുള്ള സാധ്യത തുറന്ന് കിട്ടിയത് സുരേഷ് ബാലാജിയുടെ ഒരു ഓർമ്മപ്പെടുത്തലിൽ നിന്നാണ്. 2013 ഫെബ്രുവരിയിൽ ജിത്തു ജോസഫ് സുരേഷ് ബാലാജിക്ക് ദൃശ്യത്തിന്റെ തിരക്കഥയുടെ ഇംഗ്ലീഷ് തർജ്ജിമയുടെ കോപ്പി മെയിൽ ചെയ്തിരുന്നു. കേസായ സമയത്ത് സുരേഷ് ബാലാജിയാണ് അദ്ദേഹത്തിന്റെ ഇൻബോക്‌സിലുള്ള ഇംഗ്ലീഷ് തർജ്ജിമയെക്കുറിച്ച് ഓർമ്മപ്പെടുത്തിയത്. ഈ സമയത്താണ് ജിത്തു ജോസഫ് 2011 ൽ തിരക്കഥയുടെ ഡിറ്റിപി തന്റെ മെയിലിലേക്ക് അയച്ച് കിട്ടിയ കാര്യം ഓർമ്മിച്ചത്.

എന്നാൽ ഇൻബോക്‌സിൽ തിരഞ്ഞപ്പോൾ അത് ഡിലീറ്റായതായി ജിത്തു മനസ്സിലാക്കി. അങ്ങനെയാണ് ജിത്തു ജോസഫ് ദൃശ്യത്തിന്റെ തിരക്കഥയുടെ ഡിറ്റിപി ചെയ്ത് മെയിൽ ചെയ്തയാളെ ബന്ധപ്പെട്ടത്. ഭാഗ്യത്തിന് അയാളുടെ സെൻഡ് മെയിലിൽ ജീത്തുവിനയച്ച തിരക്കഥയുടെ ഡിറ്റിപി അറ്റാച്ച്ഡായ മെയിൽ ഉണ്ടായിരുന്നു. 2011 ൽ തന്നെ ദൃശ്യത്തിന്റെ തിരക്കഥ പൂർത്തിയായിരുന്നു എന്ന് കോടതിക്ക് ബോധ്യെപ്പട്ടത് ഈ മെയിൽ പരിശോധിച്ചപ്പോഴാണ്. അതോടെ ദൃശ്യത്തിലെ കോടതി വിധി ജിത്തുവിന് അനുകൂലമായി. സിനിമ തിയേറ്ററിൽ നേടിയ കൈയടി കേട്ടപ്പോഴുണ്ടായ ശാന്തത വീണ്ടും ജിത്തുവിനെ തേടിയെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP