Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്മ ലക്ഷ്മി: രുചിഭേദങ്ങളെകുറിച്ച് എഴുതുന്ന അഭിനേത്രി; ഹോളിവുഡിനൊപ്പം വിദേശ ടെലിവിഷൻ പരമ്പരകളിലെയും ഇന്ത്യൻ സാന്നിധ്യം

പത്മ ലക്ഷ്മി: രുചിഭേദങ്ങളെകുറിച്ച് എഴുതുന്ന അഭിനേത്രി; ഹോളിവുഡിനൊപ്പം വിദേശ ടെലിവിഷൻ പരമ്പരകളിലെയും ഇന്ത്യൻ സാന്നിധ്യം

രുചിഭേദങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങളും ഷോകളും അവതരിപ്പിച്ച് പ്രേക്ഷകരുടെ കാഴ്ചാ അഭിരുചികളെ തൃപ്തിപ്പെടുത്തി വിദേശ വെള്ളിത്തിരയിൽ തിളങ്ങുന്ന അഭിനേത്രിയാണ് പത്മലക്ഷ്മി. സിനിമകൾക്കുപരി വിദേശ ടെലിവിഷൻ പരമ്പരകളിലും കുക്കറി ഷോകളിലും ഡോക്യുമെന്ററികളിലുമാണ് പത്മയുടെ സാന്നിധ്യം കൂടുതലായുള്ളത്.

2003ൽ പുറത്തിറങ്ങിയ അമിതാഭ് ബച്ചൻ ചിത്രമായ ബൂമിലെ അഭിനയത്തിലൂടെ പത്മ ഇന്ത്യക്കാർക്ക് സുപരിചിതയാണ.് ഇതിന് പുറമെ മിസ്ട്രസ് ഓഫ് സ്‌പൈസസ്, ഗ്ലിറ്റർ എന്ന അമേരിക്കൻ സിനിമയിലും ഇവർ അഭിനയിച്ചിട്ടുണ്ട്. പാചകത്തെക്കുറിച്ച് ഇവർ ആദ്യമെഴുതിയ ഈസി എക്‌സോട്ടിക് എന്ന പുസ്തത്തിന് ഗൗർമാൻഡ് വേൾഡ് കുക്ക് ബുക്ക് അവാർഡിലെ ബെസ്റ്റ് ഫസ്റ്റ് ബുക്ക് അവാർഡ് ലഭിച്ചിട്ടുണ്ട്. യുഎസ് റിയാലിറ്റി ടെലിവിഷൻ പ്രോഗ്രാമായ ടോപ്പ് ഷെഫിന്റെ 2006ൽ തുടങ്ങിയ സീസൺ ടുവിൽ പത്മ അവതാരികയായിരുന്നു. ഇതിന്റെ ഫലമായി പ്രൈംടൈം എമ്മി അവാർഡ ഫോർ ഔട്ട്സ്റ്റാൻഡിങ് ഹോസ്റ്റ് ഫോർ എ റിയാലിറ്റി ഓർ റിയാലിറ്റി കോംപറ്റീഷൻ പ്രോഗ്രാമിന് നോമിനേഷൻ ലഭിച്ചു. 2010ൽ പ്രസ്തുത പ്രോഗ്രാമിന് ഔട്ട്സ്റ്റാൻഡിങ് റിയാലിറ്റി കോംപറ്റീഷൻ പ്രോഗ്രാമിനുള്ള എമ്മി അവാർഡ് ലഭിച്ചു.  

1970 സെപ്റ്റംബർ ഒന്നിന് ചെന്നൈയിലെ ഒരു അയ്യങ്കാർ കുടുംബത്തിലാണ് പത്മലക്ഷ്മി ജനിച്ചത്. അവർക്ക് ഒരു വയസ്സുള്ളപ്പോൾ മാതാപിതാക്കന്മാർ വേർപിരിയുകയായിരുന്നു. ന്യൂയോർക്കിലുള്ള അമ്മയ്‌ക്കൊപ്പവും ചെന്നൈയിലുള്ള ഗ്രാന്റ് പാരന്റ്‌സിനൊപ്പവും മാറിമാറി നിന്നായിരുന്നു പത്മ വളർന്നത്. കാലിഫോർണിയയിലെ സിറ്റി ഓഫ് ഇന്റസ്ട്രിയിലുള്ള വർക്ക്മാൻ ഹൈസ്‌കൂൾ, മസ്സാച്ചുസെറ്റ്‌സിലെ വർസെസ്റ്ററിലുള്ള ക്ലാർക്ക് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായിരുന്നു പത്മലക്ഷ്മിയുടെ വിദ്യാഭ്യാസം. 14 വയസ്സുള്ളപ്പോൾ ഇവർക്ക് സ്റ്റീവൻസ് ജോൺസൺ സിൻഡ്രോം എന്ന അസുഖം ബാധിച്ച് ആശുപത്രിയിലായി. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് രണ്ട് ദിവസത്തിനകം കാലിഫോർണിയയിൽ വച്ച് പത്മലക്ഷ്മി ഒരു കാറപടകത്തിൽപ്പെടുകയും വലത്തെ കൈ പൊട്ടി ഒരു സർജറി വേണ്ടി വരികയും ചെയ്തു. കൈമുട്ടിനും ഷോൾഡറിനുമിടയിൽ ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് ഏഴിഞ്ച് നീളമുള്ള മുറിവിൻരെ അടയാളം ഇന്നും ഇവരുടെ കൈയിൽ കാണാം.

18ാം വയസ്സു മുതലാണ് പത്മലക്ഷ്മി തന്റെ പ്രൊഫഷണൽ കരിയർ ആരംഭിക്കുന്നത്.കോളജിൽ പഠിക്കുന്ന കാലത്ത് നടത്തിയ ഒരു ട്രിപ്പിനിടെ സ്‌പെയിനിലെ മാഡ്രിഡിൽ വച്ച് ഒരു മോഡലിങ് ഏജന്റിനെ കണ്ടത് അവരുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായി. തുടർന്ന് മോഡലിങ് ചെയ്യാനാരംഭിച്ചു. പാരീസ്, മിലൻ, ന്യൂയോർക്ക് എന്നിവിടങ്ങളിലെ ആദ്യ ഇന്ത്യൻ മോഡൽ താനാണെന്ന് പത്മ അവകാശപ്പെടുന്നു. കോളജ് പഠനത്തിനാവശ്യമുള്ള ലോണുകൾ അടച്ച് തീർത്തത് മോദിലിംഗിൽ നിന്നും അഭിനയത്തിൽ നിന്നുമുള്ള പണമുപയോഗിച്ചാണന്നും അവർ അഭിമാനത്തോടെ വെളിപ്പെടുത്താറുണ്ട്. ലോകത്തിലെ മികച്ച കമ്പനികളുടെ മോഡലായാണ് പത്മലക്ഷ്മി തിളങ്ങിയത്. ഇതിന് പുറമെ പ്രമുഖ മാഗസിനുകളുടെ കവർഫോട്ടോകളിലും പത്മ സ്ഥാനം പിടിച്ചിരുന്നു. അല്ലുർ മാഗസിന്റെ 2009 മെയ് മാസത്തിലിറങ്ങിയ ലക്കത്തിൽ നഗ്‌നയായിട്ടായിരുന്നു പത്മ പ്രത്യക്ഷപ്പെട്ടത്.

ഒരു എഴുത്തുകാരിയെന്ന നിലയിലും തിളങ്ങാൻ സാധിച്ച അപൂർവം നടിമാരിലൊരാളാണ് പത്മ. അവരുടെ ആദ്യം കുക്ക് ബുക്കായ ഈസ് എക്‌സോട്ടിക്കിന് അന്താരാഷ്ട്രതലത്തിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഇതിനെത്തുടർന്ന് ഫുഡ് നെറ്റ് വർക്ക് സീരീസായ പത്മാസ് പാസ്‌പോർട്ടിന്റെ അവതാരികയായി. 2001ലെ മെൽറ്റിങ് പ്ലോട്ട് എന്ന വലിയ സീരീസിന്റെ ഭാഗമായിരുന്നു അത്. ഈ പരിപാടിയിൽ പത്മ പ്രധാനമായും വെജിറ്റേറിയൻ വിഭവങ്ങളായിരുന്നു പാചകം ചെയ്ത് കാണിച്ചിരുന്നത്. ഇതിന് പുറമെ യുഎസിലെ ഫുഡ് നെറ്റ് വർക്കിൽ പ്രക്ഷേപണം ചെയ്ത പ്ലാനറ്റ് ഫുഡ് എന്ന കുലിനറി ടൂറിസം ഷോയുടെ അവതാരികയായും പത്മ തിളങ്ങിയിരുന്നു. ഡിസ്‌കവറി ചാനലിലൂടെ അന്താരാഷ്ട്രതലത്തിലും ഇത് പ്രക്ഷേപണം ചെയ്യപ്പെട്ടു. ഇവരുടെ രണ്ടാമത്തെ കുക്ക് ബുക്കായ ടാൻഗി, ടാർട്ട്, ഹോട്ട് ആൻഡ് സ്വീറ്റ് 2007ലാണ ്പുറത്തിറങ്ങിയത്.

പത്മലക്ഷ്മിയുടെ ആദ്യറോൾ ഇറ്റാലിയൻ ടിവിപരമ്പരയായ ഇൽ ഫിഗ്ലിയോ ഡി സൻഡോകാനിലായിരുന്നു. എന്നാൽ 1999ലെ കറൈബി; ബ്ലഡ് ബ്രദേർസ് ടെലിവിഷൻ പരമ്പരയിലെ വേഷത്തിലൂടെയാണ് അവർ ശ്രദ്ധേയയാകുന്നത്. ഡൊമിനിക്ക ഇൻ(ഇറ്റാലിയൻ ടിവി പരമ്പര), ലിൻഡ ഇ ഇൽ ബ്രിഗേഡിയർ, സ്റ്റാർടെക്ക് എന്റർപ്രൈസ്, ദി ടെൻ കമന്റ്‌മെന്റ്‌സ്, ഷാർപ്, ടോപ്പ് ഷെഫ്, 30 റോക്ക്‌സ് എന്നീ ടിവി സീരീസുകളിൽ പത്മലക്ഷ്മി ഭാഗഭാക്കായിട്ടുണ്ട്.അൺസിപ്പ്ഡ്(1995), പ്ലാനറ്റ് ഫുഡ്, എന്നീ ഡോക്യുമെന്ററികളിലും ഇവർ സാന്നിധ്യമറിയിച്ചിട്ടുണ്ട.് 2009ൽ എൽസ് വീഡിയോയിൽ ദാറ്റ് ലുക്ക് യു ഗിവ് ദാറ്റ് ഗ്വേ എന്ന ഗാനത്തിൽ പത്മ അഭിനയിച്ചിരുന്നു.

2004 ഏപ്രിൽ 17ന് പത്മ പ്രശസ്ത നോവലിസ്റ്റ് സൽമാൻ റഷ്ദിയെ വിവാഹം ചെയ്തു. എന്നാൽ വെറും മൂന്നു വർഷം മാത്രമെ ഈ ബന്ധം നിലനിന്നുള്ളൂ. 2007ൽ അവർ വേർപിരിയുകയായിരുന്നു. റഷ്ദിയുടെ പ്രശസ്ത നോവലായി ഫുറിയിലെ കേന്ദ്രകഥാപാത്രം പത്മയെ അടിസ്ഥാനമാക്കിയാണ് രൂപപ്പെടുത്തിയിരിക്കുന്നത്.

ഫാഷനിലുള്ള തന്റെ താൽപര്യം മുൻനിർത്തി പത്മലക്ഷ്മി വോഗ് മാഗസിന്റെ അമേരിക്കൻ എഡിഷനിൽ ആർട്ടിക്കിളുകൾ എഴുതിയിട്ടുണ്ട്. ഇതിന് പുറമെ ഹാർപർ ബസാറിലും കോളമെഴുതിയിട്ടുണ്ട്. എൻഡോമെട്രിയോസിസ് രോഗത്തിന് അടിമപ്പെട്ട പത്മ ഇത്തരം രോഗികളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന ദി എൻഡോമെട്രിയോസിസ് ഫൗണ്ടേഷൻ ഓഫ് അമേരിക്കയുടെ കോഫൗണ്ടറാണ്. ഇതൊരു നോൺപ്രോഫിറ്റ് ഓർഗനൈസേഷനാണ്.

2010ൽ ഇവർക്ക് കൃഷ്ണ എന്നൊരു മകൾ പിറന്നു. കുഞ്ഞിൻരെ പിതൃത്വം ആദ്യമൊന്നും വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് ഇത് വെൻച്വൽ ക്യാപിറ്റലിസ്റ്റായ ആദം ഡെല്ലിന്റെ കുഞ്ഞാണെന്ന് പത്മ വെളിപ്പെടുത്തി. ഇവർ തമ്മിൽ പിന്നീട് കുഞ്ഞിന്റെ പേരിൽ തർക്കങ്ങളുണ്ടാകുകയും കോടതി ഇടപെട്ട് ഒത്തുതീർപ്പ് വ്യവസ്ഥകളിലെത്തുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP