Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മിയയ്ക്ക് പകരം സുരേഷ് ഗോപിയുടെ നായികയാവാൻ ഹണി; മൈ ഗോഡിന്റെ ചിത്രീകരണം ഉടൻ

മിയയ്ക്ക് പകരം സുരേഷ് ഗോപിയുടെ നായികയാവാൻ ഹണി; മൈ ഗോഡിന്റെ ചിത്രീകരണം ഉടൻ

മൈ ഗോഡിൽ നിന്ന് മിയ മാറിയതും അതിന് തുടർന്നുണ്ടായ വിവാദങ്ങൾക്കും ശേഷം സംവിധായകൻ പുതിയ നായികയെ കണ്ടെത്തിയിരിക്കുന്നു. മിയയ്ക്ക് പകരം ഹണി റോസ് സുരേഷ് ഗോപിയുടെ നായികയായി ചിത്രത്തിൽ അഭിനയിക്കും. ചെറിയൊരു ഇടവേളയ്ക്ക് ശേഷം  ഹണി റോസ് വീണ്ടും നായികയാവാനുള്ള തയ്യാറെടുപ്പിലാണ്.  

ആദ്യം മിയയെ ആയിരുന്നു ഈ സ്ഥാനത്തേക്ക് കണ്ടെത്തിയിരുന്നത്. എന്നാൽ നടിക്ക് തമിഴിലെ തിരക്കുകൾ കാരണം  ചിത്രത്തിൽ അഭിനയിക്കാൻ സാധിക്കാതെ വരികയായിരുന്നു.മൈ ഗോഡിന്റെ ചിത്രീകരണം കഴിഞ്ഞ ആഴ്ച ആരംഭിക്കാൻ തീരുമാനിച്ചിരുന്നതാണ്. എന്നാൽ സംവിധായകൻ പുതിയ നായികയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത ആഴ്ച ആരംഭിക്കും. ഒരു പീഡിയാട്രിക് സൈക്കോളജിസ്റ്റിന്റെ വേഷമാണ് ഹണി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ആദിരാജ ഭട്ടതിരി എന്ന ഐ.ടി കന്പനിയിലെ സിഇഒയാകും സുരേഷ് ഗോപി എത്തുക. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ ഇടപെടുന്ന വളരെ ബോൾഡായൊരു പ്രവർത്തക കൂടിയാണ് ഹണി അവതരിപ്പിക്കുന്ന കഥാപാത്രം.

പതിനഞ്ച് വയസുകാരനായ സാം എന്ന കുട്ടിയെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. തൊടുപുഴയിലെ ധനികനായൊരു തോട്ടമുടമയുടെ മകനാണ് സാം. അവന്റെ സംഘർഷഭരിതമായ ജീവിതത്തിലേക്കാണ് ചിത്രം വിരൽ ചൂണ്ടുന്നത്. മറ്റ് കുട്ടികളെ പോലെ അവന്റെ ജീവിതവും മാതാപിതാക്കളുടെയും സമൂഹത്തിന്റെയും പ്രതീക്ഷകളാൽ അടിച്ചേൽപ്പിക്കപ്പെടുന്നു. സാമിന്റെ സഹോദരനായ ടെക്കിയായി വിനീത് ശ്രീനിവാസനും ശ്രദ്ധേയമായൊരു വേഷം അവതരിപ്പിക്കുന്നുണ്ട്.  ജോയ് മാത്യവും ചിത്രത്തിലുണ്ട്.

ഈ വർഷം ആദ്യം ഹണി ഊട്ടിയിൽ  ഫാഷൻ ഡിസൈനിങ് പഠിക്കാനായി ചേർന്നെങ്കിലും അവിടുത്തെ കർശനമായ നിയമങ്ങളും നിർദ്ദേശങ്ങളും അനുസരിക്കാൻ ബുദ്ധിമുട്ടായതിനാൽ കോഴ്‌സ് ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠിക്കാൻ ഒരു കോളേജിൽ ചേർന്നിരിക്കുകയാണ് ഹണി.

ഹണി ഇത് രണ്ടാം തവണയാണ് സുരേഷ് ഗോപിയുടെ നായികയാകുന്നത്. നേരത്തെ ഷാജി കൈലാസിന്റെ സൗണ്ട് ഓഫ് ബൂട്ട് എന്ന ചിത്രത്തിൽ സുരേഷ് ഗോപിയും ഹണി റോസും ഒരുമിച്ചിരുന്നു. റിങ് മാസ്റ്ററും വൺ ബൈ ടുവുമാണ് ഹണിയുടെ ഈയിടെ പുറത്തിറങ്ങിയ ചിത്രങ്ങൾ. വൺ ബൈ ടുവിൽ ഡോ. പ്രേമ എന്ന കഥാപാത്രത്തെയാണ് ഹണി അവതരിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP