Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെമ്മീൻ സിനിമ മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്നു; ആലപ്പുഴയിൽ അമ്പതാം വാർഷികം ആഘോഷിച്ചാൽ തടയും; ചടങ്ങ് ഉപേക്ഷിക്കണമമെന്ന് ആവശ്യപ്പെട്ട് ധീവരസഭ

ചെമ്മീൻ സിനിമ മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്നു; ആലപ്പുഴയിൽ അമ്പതാം വാർഷികം ആഘോഷിച്ചാൽ തടയും; ചടങ്ങ് ഉപേക്ഷിക്കണമമെന്ന് ആവശ്യപ്പെട്ട് ധീവരസഭ

ആലപ്പുഴ: മലയാള സിനിമയിലെ എവർഗ്രീൻ സിനിമയായ ചെമ്മീന്റെ അമ്പതാം വാർഷികത്തിനെതിരെ പ്രതിഷേധവുമായി ധീവര സഭ. ചെമ്മീൻ മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്നതാണെന്ന് ആരോപിച്ചാണ് ധീവര സഭ രംഗത്തെത്തിയത്. ചെമ്മീൻ സിനിമയുടെ അമ്പതാം വാർഷികം സർക്കാർ ആഘോഷിച്ചാൽ തടയുമെന്ന് സഭ നേതാക്കൾ വ്യക്തമാക്കി.

സാംസ്‌കാരിക വകുപ്പ് സിനിമയുടെ വാർഷികം ആഘോഷിക്കുന്ന ചടങ്ങ് ഉപേക്ഷിക്കണമെന്നും ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി.ദിനകരൻ വ്യക്തമാക്കി. ചെമ്മീൻ സിനിമ മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്നതാണെന്നും, അതിനാൽ തന്നെ ഇത്തരത്തിലൊരു ചടങ്ങ് നടത്തുന്നതിൽ തങ്ങൾ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ആലപ്പുഴയിൽ ചെമ്മീൻ സിനിമയുടെ അമ്പതാം വാർഷികം ആഘോഷിക്കുന്നതിനായുള്ള സ്വാഗത സംഘം രൂപീകരണ യോഗം നടന്നിരുന്നു.

മന്ത്രി എ.കെ ബാലൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ മന്ത്രി ജി. സുധാകരനും പങ്കെടുത്തിരുന്നു. ആലപ്പുഴയിലാണ് ചെമ്മീൻ സിനിമയുടെ അമ്പതാം വാർഷികം ആഘോഷിക്കുന്നതിനായി സർക്കാർ പരിപാടികൾ ആസൂത്രണം ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കാനുമാണ് യോഗത്തിൽ ധാരണയായിട്ടുള്ളത്. ചെമ്മീൻ എന്ന നോവലും സിനിമയുമായി ഭൂമിശാസ്ത്രപരമായി ബന്ധപ്പെട്ട് കിടക്കുന്ന പുറക്കാട്, നീർക്കുന്നം, ചള്ളി കടപ്പുറം എന്നീ സ്ഥലങ്ങളെ ബന്ധപ്പെടുത്തിയാണ് അമ്പതാം വാർഷികത്തിന്റെ പരിപാടികൾ സാസ്‌കാരിക വകുപ്പ് ആലോചിച്ചിക്കുന്നത്.

തകഴിയുടെ ചെമ്മീൻ എന്ന നോവലിനെ ആസ്പദമാക്കി എസ്എൽ പുരം സദാനന്ദന്റെ തിരക്കഥയിൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത സിനിമ പുറത്തിറങ്ങുന്നത് 1965ലാണ്. മധു, സത്യൻ, കൊട്ടാരക്കര ശ്രീധരൻ നായർ,ഷീല എന്നീ താരങ്ങൾ അഭിനയിച്ച ചിത്രം സൂപ്പർഹിറ്റുമായിരുന്നു. പരീക്കുട്ടിയുടെയും കറുത്തമ്മയുടെയും പ്രണയവും പളനിയുടെ ദുഃഖവും നാടകീയ അന്ത്യവുമൊരുക്കിയ ചിത്രത്തിന് 1965ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സുവർണ കമലം പുരസ്‌കാരം ലഭിച്ചിരുന്നു.

കൂടാതെ ഈസ്റ്റ്മാൻ കളറിൽ പുറത്തിറങ്ങിയ ആദ്യ മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു ചെമ്മീൻ. സിനിമ ഇറങ്ങിയ കാലം മുതൽ പല വിവാദങ്ങളും ഇതിനെ വിടാതെ പിൻകൂടിയിരുന്നു. ഇതിന്റെ തുടർച്ച കൂടിയാണ് അമ്പതാം വാർഷികം ആഘോഷിക്കാൻ പാടില്ലെന്ന ധീവരസഭയുടെ എതിർപ്പും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP